Sunday, March 13, 2011

അറിയപ്പെടാത്ത ഗാന്ധാരി



രണ്ടു കയ്യിലും ചായ ഗ്ലാസ്സുമായി ഭര്‍ത്താവിനടുത്തെത്തി ലക്ഷ്മിയേടത്തി.അതാണ്‌ എന്നും വൈകുന്നേരം അവരുടെ പതിവ്. മാവിന്‍ചുവട്ടില്‍ ഇട്ടിരിക്കുന്ന ചാരുകസേരയില്‍ വായനയില്‍ ആയിരിക്കും മാഷ്‌ എന്ന് നാട്ടുകാരും വീട്ടുകാരും വിളിക്കുന്ന ശങ്കരേട്ടന്‍ . അടുത്തുള്ള ടിപ്പോയ്  മേല്‍ പത്രങ്ങളും മാസികകളും പുസ്തകങ്ങളും. മാവിന്റെ കൊമ്പില്‍ തൂങ്ങിയാടുന്ന ഊഞ്ഞാലാണ് ലക്ഷ്മിയേടത്തിയുടെ  ഇരിപ്പിടം. 

 ആരോ പടി തുറക്കുന്ന ശബ്ദം കേട്ട്, ചായ ഗ്ലാസ്സുകള്‍ ടീപ്പോയ്മേല്‍ വച്ച്, അതാരെന്നു നോക്കാന്‍ ലക്ഷ്മിയേടത്തി പോയി. ശങ്കരേട്ടന്‍ തന്റെ ചായഗ്ലാസ്സ് കയ്യിലെടുത്തു. പിന്നെയൊരു വിചാരത്തില്‍ അത് തിരിച്ചു വച്ച് , ലക്ഷ്മിയേടത്തിയുടെ ഗ്ലാസ്സെടുത്ത് ഒന്ന് മൊത്തി. ശങ്കരേട്ടന് പ്രമേഹമുള്ളതിനാല്‍ ചായയില്‍ മധുരം ചേര്‍ക്കാറില്ല. ഒരു കുസൃതിയിലാണ് ലക്ഷ്മിയേടത്തിയുടെ ചായയെടുത്തു കുടിച്ചത്. പക്ഷേ, അതിനും മധുരമുണ്ടായിരുന്നില്ല...!

ലക്ഷ്മിയേടത്തി തിരിച്ചു വന്നപ്പോള്‍ ശങ്കരേട്ടന്‍ ചോദിച്ചു,"എന്താ തന്റെ ചായയില്‍ മധുരം ചേര്‍ക്കാന്‍ മറന്നോ?"
ഒരു മന്ദഹാസം ലക്ഷ്മിയേടത്തിയുടെ മുഖത്ത് വിരിഞ്ഞു," മാഷ്ക്ക് ,മധുരം കഴിക്കാന്‍ പറ്റാണ്ടായപ്പോ മുതല്‍ക്കു ഞാനും അതങ്ങട് വേണ്ടാന്നു വച്ചു"

സമര്‍പ്പണം: മധുരം ഇഷ്ടപ്പെടുന്ന, മധുരം കഴിക്കാത്ത എന്റെ അമ്മക്ക് എട്ടാം ക്ലാസ്സുകാരി നല്‍കിയത് ...!


Related Posts Plugin for WordPress, Blogger...