Tuesday, June 14, 2011

ഇവര്‍ നല്ല സമരിയാക്കാര്‍ ...!




(12/ജൂണ്‍ /2011 ലെ 'വര്‍ത്തമാനം'വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)

വര്‍ത്തമാനം പത്രത്തിലെ ‘പെണ്ണിടം’ എന്ന പംക്തിയിലേക്ക് ഒരു സ്ത്രീ എന്ന നിലയിൽ പൊതുസമൂഹത്തിൽ നിന്നുണ്ടായ നല്ലതോ  ചീത്തയോ ആയ ഒരനുഭവം എഴുതാൻ ആവശ്യപ്പെട്ടപ്പോള്‍ എന്തെഴുതണം എന്ന് ഒരുപാട് ആലോചിക്കേണ്ടി വന്നു. സത്യത്തിൽ , ‘പെണ്ണനുഭവം’ ‘പെണ്ണെഴുത്ത്’ തുടങ്ങിയ പ്രയോഗങ്ങളോട് തന്നെ വിയോജിപ്പുള്ള ഒരാളാണ്  ഞാൻ! ഒരു പെണ്ണായി എന്നതുകൊണ്ടുമാത്രം ഉണ്ടായ ചീത്ത അനുഭവങ്ങളൊന്നും എന്റെ ഓർമ്മയിലില്ല, എന്നാൽ നല്ല അനുഭവങ്ങൾ ധാരാളമുണ്ടുതാനും. എങ്കിൽ പിന്നെ ഓർമ്മയിൽ എന്നും നന്ദിയോടെ സ്മരിക്കുന്ന അത്തരം ഒരനുഭവം തന്നെയാകാം എന്നു കരുതി. പ്രത്യേകിച്ചും സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ സാധാരണ വാർത്ത മാത്രമാകുന്ന ഇക്കാലത്ത്... 

നമ്മുടെ വർത്തമാനകാല സമൂഹത്തിൽ ഏറെ പഴി കേള്‍ക്കേണ്ടി വരികയും,  തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗമാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ. അടുത്ത കാലത്ത് നടന്ന ഒന്നു രണ്ട് സംഭവങ്ങൾ അത്തരം ധാരണകളെ  ബലവത്താക്കുകയും ചെയ്തു.  ഓട്ടോറിക്ഷാ ഡ്രൈവർമാർക്കിടയിലെ ഒരു ന്യൂനപക്ഷം എങ്കിലും ആ സമൂഹത്തിനു തന്നെ അപകീർത്തികരമായ കാര്യങ്ങളിൽ ഏർപ്പെട്ട് എല്ലാവർക്കും ചീത്തപ്പേരുണ്ടാക്കുന്നു എന്ന കാര്യവും ഞാൻ വിസ്മരിക്കുന്നില്ല! പക്ഷേ ഏതു സമൂഹത്തിലും നല്ലതും ചീത്തയും ഉണ്ടാകും എന്നതുപോലെ ഇവർക്കിടയിലും വളരെച്ചെറിയ ഒരു കൂട്ടം ആൾക്കാരേ അത്തരക്കാരായുള്ളു എന്നാണെന്റെ വിശ്വാസം.

മോളുടെ ജന്മദിനം അടുത്തു... അവള്‍ക്കു ഉടുപ്പ് വാങ്ങണം.മീനമാസത്തില്‍ സൂര്യന്‍ ഉരുകിത്തിള ക്കുകയാണ്, വെയിൽ‍ അല്‍പ്പം താഴ്ന്നിട്ടു വേണം ഷോപ്പിങ്ങിനായി ഇറങ്ങാന്‍. കൂടെ മാമന്റെ വീട്ടിലും ഒന്നു കയറണം. കുറെ ദിവസമായി  മാമനെ കണ്ടിട്ട്. സുഖമുണ്ടായിരുന്നെങ്കില്‍ ഇതിനകം മാമന്‍ വീട്ടിലേക്ക്‌ വന്നേനെ... ആദ്യം മാമന്റെ വീട്ടിലേക്ക്‌ തന്നെ. അവിടെയിരുന്നു വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു, ചായ കുടിയും കഴിഞ്ഞിറങ്ങിയപ്പോള്‍ കുറെ വൈകി. ഇനി എറണാകുളത്തേക്ക് പോയാല്‍ ട്രാഫിക്കില്‍ പെട്ട് പോകുകയേയുള്ളു, ഷോപ്പിംഗ്‌ നടക്കില്ല എന്നറിയാമായിരുന്നതിനാല്‍ വൈറ്റില ബൈപാസ്സില്‍ ഉള്ള 'പ്രൈസ് ലെസ്സ്' എന്ന കടയില്‍ കയറാം എന്ന്‌ തീരുമാനിച്ചു. ഓടിപ്പിടിച്ചൊരു ഷോപ്പിംഗ്‌ നടത്തി, അത്യാവശ്യം ഉടുപ്പുകള്‍ എടുത്തു പുറത്തു വരുമ്പോഴേക്കും മണിക്കൂര്‍ ഒന്നു കഴിഞ്ഞിരുന്നു. സമയം രാത്രി ഒന്‍പതു മണിയോടടുത്തു .... റോഡിനപ്പുറം പാര്‍ക്ക്‌ ചെയ്തിരിക്കുന്ന കാറിലേക്ക് പോകാന്‍ ബൈപ്പാസ് മുറിച്ചു കടക്കണം. ആവശ്യത്തിനു വെളിച്ചമോ റോഡ്‌ കുറുകെ കടക്കാന്‍ സിഗ്നലോ ഇല്ലാത്തയിടങ്ങളിൽ, ജീവനും കയ്യില്‍ പിടിച്ചാണ് റോഡ്‌ മുറിച്ചു കടക്കേണ്ടി വരുന്നത്... കാല്‍നട യാത്രക്കാരെ പുച്ഛത്തോടെ നോക്കി കടന്നു പോകുന്ന വാഹനയാത്രക്കാർ...!

ഇടയില്‍ കിട്ടിയ ഒരു ചെറിയ ഗ്യാപ്പിലൂടെ മോളുടെ കയ്യും പിടിച്ചു റോഡിനപ്പുറത്തേക്കു ഓടി. പെട്ടന്നാണ് ഒരു ബൈക്ക് ചീറിപ്പാഞ്ഞു വന്നത്. അത് ഞങ്ങളെ ഇടിച്ചു തെറിപ്പിക്കും എന്ന തോന്നലുണ്ടായപ്പോൾ, ഒരു നിമിഷം, മോളെ വലിച്ചു പുറകിലേക്കിട്ടു. ഒഴിഞ്ഞു മാറാന്‍ സമയം കിട്ടുന്നതിനു മുന്‍പ് അതെന്നെ ഇടിച്ചിടുകയും ഒപ്പം ബാലന്‍സ് തെറ്റി ബൈക്ക് മറിഞ്ഞു വീഴുകയും ചെയ്തു . അമിത വേഗത കാരണം ബ്രേക്ക് കിട്ടാതെ പോയ ബൈക്കിനടിയില്‍പ്പെട്ട യാത്രക്കാരനെയും വലിച്ചു ഏതാനും വാര അകലെയാണ് അത് നിന്നത്. എല്ലാം ഒരു നൊടിയിടയില്‍ സംഭവിച്ചു കഴിഞ്ഞിരുന്നു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പിടികിട്ടാന്‍ കുറച്ചു സമയമെടുത്തു. നെറ്റിയില്‍ നിന്നും രക്തം ഒഴുകുന്നുണ്ട്... പെട്ടെന്നാണ് മോളെ ഓര്‍ത്തത്‌. പകച്ചു പോയിരുന്നു അവൾ, എങ്കിലും ഒന്നും പറ്റിയില്ല എന്നറിഞ്ഞ ആശ്വാസത്തില്‍ ഞാന്‍ വീണിടത്ത് നിന്നും എണീക്കാന്‍ ശ്രമിച്ചു ... കഴിയുന്നില്ല...കാലുകള്‍ ഇല്ലാത്തതു പോലെ... !!

ഒരു നിമിഷത്തിനുള്ളിൽ തൊട്ടടുത്ത ഓട്ടോ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ആളുകള്‍ ഓടിയെത്തി. അവര്‍ എന്നെ പിടിച്ചെഴുന്നേൽ‌പ്പിച്ചൂ. അപ്പോഴേക്കും വേറൊരാള്‍ ഓട്ടോയുമായി എത്തി. എന്നെയും മോളെയും ഓട്ടോയില്‍ കയറ്റി. ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയവരോട്,"അതാ, ബൈക്കുകാരന്‍ അവിടെ കിടക്കുന്നു, അയാളെ നോക്കു..." എന്ന്‌ മോള്‍ പറയുന്നുണ്ടായിരുന്നു. ചിലര്‍ അയാളുടെ അടുത്തേക്കും ഓടിച്ചെന്നു. മറ്റൊരു ഓട്ടോയില്‍ അയാളെയും കയറ്റി, തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി അവർ. രാത്രി ആണെന്നതും പതിനാല് വയസ്സുള്ള മോള്‍ കൂടെയുണ്ടെന്നതും ബോധമണ്ഡലത്തില്‍ ഉണ്ടായിരുന്നതിനാലാവാം, ആശുപത്രിയില്‍ എത്തുന്നത്‌ വരെ, അത്യാഹിത വിഭാഗത്തില്‍   കയറ്റുന്നത് വരെ ബോധം ഉണ്ടായിരുന്നു എനിക്ക്.

ആ രാത്രിയില്‍ നല്ല സമരിയക്കാരെ പോലെ എത്തിയ ഒരു കൂട്ടം ഓട്ടോ സഹോദരന്മാർ... വീട്ടില്‍ നിന്നും വേണ്ടപ്പെട്ടവര്‍ എത്തുന്നത്‌ വരെ എനിക്കും മോള്‍ക്കും കൂട്ടിരുന്നവർ, മോളെ ആശ്വസിപ്പിച്ചവർ, ആശുപത്രിയില്‍  പണം അടച്ചവർ... അവരോടുള്ള നന്ദി ഞാന്‍ എങ്ങിനെയാണ്‌ പറയുക ...? അല്ലെങ്കില്‍ ഒരു നന്ദിയില്‍ ഒതുക്കാവുന്നതാണോ ആ സുമനസ്സുകളുടെ മനുഷ്യത്വം?


ഇതിനിടയിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, പ്രായപൂർത്തിയായ എന്റെ മകളോട് ആ സഹോദരന്മാർ കാണിച്ച മാന്യമായ പെരുമാറ്റം. ആ രാത്രിയിൽ വല്ലാതെ അമ്പരന്നു പോയ മോളെ സമാധാനിപ്പിക്കുകയും ബന്ധുക്കൾ എത്തിയപ്പോൾ സുരക്ഷിതയായി അവരെ ഏൽ‌പ്പിക്കുകയും ചെയ്തു ആ നല്ല മനുഷ്യർ. ഒപ്പം ആ അമ്പരപ്പിനിടയിലും മനസ്സാന്നിധ്യം കൈവിടാതെ എല്ലാം നേരിട്ടൂ എന്റെ മോളും. എനിക്കു നമ്മുടെ അമ്മമാരോട് പറയാനുള്ളതിതാണ് ... ഏത് ആപത്ഘട്ടത്തിലും മനസ്സാന്നിധ്യം നഷ്ടപ്പെടാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് വളർന്നു വരുന്ന പെൺകുട്ടികൾക്ക് ഉണ്ടാക്കി  കൊടുക്കേണ്ടത് അവരുടെ രക്ഷിതാക്കളാണ്. അതിനുള്ള പരിശീലനം അവരവരുടെ വീടുകളിൽ നിന്നു തന്നെ തുടങ്ങണം. അത്തരം ആത്മധൈര്യം കൈമുതലായുള്ള പെൺകുട്ടികൾ അത്ര പെട്ടെന്നൊന്നും അതിക്രമങ്ങൾക്ക് ഇരയാകുകയില്ല.

നെറ്റിയില്‍ എട്ടു തുന്നലും കാലില്‍ പ്ലാസ്റ്ററുമായി ആശുപത്രിയില്‍  കഴിഞ്ഞ ദിവസങ്ങളിലാണ്  എനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് കൂടുതൽ ആലോചിച്ചു   നോക്കിയത്. ആ ആലോചനകൾ എന്നെ കൊണ്ടെത്തിച്ചത്  ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളിലും ... 


പനി കൂടുതലായ കുഞ്ഞിനു മരുന്ന് വാങ്ങാന്‍ കഴിയുന്നത്ര വേഗത്തില്‍ വണ്ടിയോടിച്ച യാത്രക്കാരനെയോ, അതോ രാത്രിയില്‍ റോഡ്‌ മുറിച്ചു കടക്കാന്‍ ശ്രമിച്ച എന്നെ തന്നെയോ കുറ്റപ്പെടുത്തേണ്ടത് ...?  വഴിവിളക്കുകള്‍ ഇല്ലാത്ത, ഉണ്ടെങ്കില്‍ തന്നെ തെളിയാത്ത, തെളിയിക്കാത്ത വൈദ്യുതി ബോര്‍ഡിനെയോ, അതോ ട്രാഫിക് ലൈറ്റുകൾ, സ്പീഡ് ലിമിറ്റുകള്‍ എന്നിവ ഏര്‍പ്പെടുത്താത്ത ഗതാഗത വകുപ്പിനെയോ ....? അതോ ഗതാഗത നിയമ പരിപാലനത്തിലെ അനാസ്ഥയെയോ....?ആരെയാണ് കുറ്റപ്പെടുത്തേണ്ടത്...? നമ്മുടെ നാട്ടിലെ അനേകം അപകടങ്ങള്‍ക്കു കാരണം ഇതില്‍ ഏതെങ്കിലും ഒക്കെ തന്നെയോ, അല്ലെങ്കിൽ എല്ലാം തന്നെയോ അല്ലേ?


ചുരുക്കത്തിൽ, ഒരു പെണ്ണായി പിറന്നു എന്നതു കൊണ്ടു മാത്രം എപ്പോഴും ചീത്ത അനുഭവങ്ങൾ ഉണ്ടാവണമെന്നില്ല. പക്ഷേ, സമൂഹത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയാനും, പുഴുക്കുത്തേറ്റ ആ മനസ്സുകളോട് ശക്തമായി പ്രതികരിക്കാനുമുള്ള കഴിവ് സ്ത്രീകൾ ആർജ്ജിക്കണം. പിന്നെ ഈയവസരത്തില്‍ ‘മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ ദൈവം മനസ്സിൽ ജനിക്കുന്നു, മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ ദൈവം മനസ്സിൽ മരിക്കുന്നു’ എന്നത് ഒരുവട്ടം കൂടി ഓർമ്മിപ്പിക്കുവാനും  ഞാൻ ആഗ്രഹിക്കുന്നു.
   

Related Posts Plugin for WordPress, Blogger...