Saturday, November 29, 2014

ആതിരയുടെ ലൈസൻസ്



സ്ഥലം, അമേരിക്കയിലെ ഒരു മലയാളിയുടെ വീട് .
സമയം, വ്യാഴാഴ്ച രാവിലെ ഏഴുമണി
സ്കൂള്‍ യൂണിഫോം അണിഞ്ഞു ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാനായി കിച്ചനിലേക്ക് വന്ന കുട്ടികളുടെ മുന്നിലേക്ക്‌ ഓരോ ഗ്ലാസ്‌ പാല്‍ നീക്കിവച്ച്, ആതിര പറഞ്ഞു,"അമ്മയ്ക്കു നാളത്തെ ടെസ്റ്റിനു പഠിക്കാനുള്ളതുകൊണ്ട്  ഇന്നൊന്നും ഉണ്ടാക്കിയില്ല."
മുഖം വീർപ്പിച്ചിട്ടാണെങ്കിലും, അമ്മയ്ക്കു ടെസ്റ്റ്‌ അല്ലേയെന്നോര്‍ത്തു കുട്ടികള്‍ പാല്‍ ഒരുവിധം കുടിച്ചുതീര്‍ത്തു.

 സമയം ഏഴര
 കുട്ടികള്‍ സ്കൂളിലേക്ക് യാത്രയായി.
ടെസ്റ്റിനു പഠിക്കാനുള്ള പുസ്തകവുമായി ആതിര ലിവിംഗ്റൂമിലേക്ക്‌ വന്നു.ഒരു നിമിഷം,കണ്ണുകള്‍ കമ്പ്യൂട്ടറിലേക്ക്...!ഉടനെ നോട്ടം പിന്‍വലിച്ചു,
"ഇല്ലാ,എനിക്ക് പഠിക്കാനുണ്ട്,നാളെ ടെസ്റ്റ്‌ ആണല്ലോ...അതുകഴിയട്ടെ"
സ്വയം പിറുപിറുത്തു. പുസ്തകത്തിൽ മുറുകെപ്പിടിച്ചുകൊണ്ടു സോഫയിലേക്കിരുന്നു. പക്ഷേ, കണ്ണുകളും മനസ്സും കമ്പ്യൂട്ടറില്‍ത്തന്നെ.
"ഒരഞ്ചു മിനിട്ട്, ഒന്നു മെയില്‍മാത്രം നോക്കിയിട്ട് പഠിക്കാനിരിക്കാം...അതില്‍ കുഴപ്പമൊന്നുമില്ല "
മനസ്സില്‍ അങ്ങനെ പറഞ്ഞുകൊണ്ട് ആതിര എണീറ്റ്‌ കമ്പ്യൂട്ടറിന്റെ മുന്നിലേക്ക്‌ വന്നു, അത് ഓണ്‍ ചെയ്തു.
ജീമെയില്‍ തുറന്നു.ധാരാളം പുതിയ ബ്ലോഗ്‌ പോസ്റ്റുകളുടെ ലിങ്കുകള്‍...!

വായാടിയുടെ പോസ്റ്റ്‌, നാട്ടില്‍ പോകുന്നു, ഇനി കുറച്ചുനാളത്തേക്ക് ബ്ലോഗില്‍ ഉണ്ടാവില്ലാന്ന്...

"യ്യോ,വായാടി, നാട്ടില്‍ പോകുന്നോ,ഒരു യാത്രാമംഗളം പറഞ്ഞേക്കാം,അതിനു അധികനേരം വേണ്ടല്ലോ" ലിങ്കില്‍ ക്ലിക്കി അവിടെപ്പോയി ഒരു കമന്റ് ഇട്ടപ്പോഴാണ് സമാധാനമായത്.

അടുത്ത ലിങ്ക് കണ്ണുകളുടെ മത്സരഫലം അറിയേണ്ടേ? എന്നു സിദ്ധിക്ക് തൊഴിയൂര്‍. ആര്‍ക്കായിരിക്കും കിട്ടിയിരിക്കുക, ആകാംക്ഷകൊണ്ട്   അതിലും ഒന്നു ക്ലിക്കി. ഹോ,ഒന്നാം സമ്മാനം ആ തെച്ചിക്കോടനാണല്ലോ കിട്ടിയത്, അങ്ങേരിതെങ്ങനെയാ എല്ലാ കണ്ണുകളും കൃത്യമായി കണ്ടുപിടിച്ചത്..? ആ, വേറെ പണിയൊന്നും കാണില്ലായിരിക്കും, കുത്തിയിരുന്നു  കണ്ടുപിടിച്ചു കാണും.(ആതിരയുടെ മനസ്സിന്റെ കോണില്‍ എവിടെനിന്നോ അസൂയ നുരകുത്തി)

ആളവന്താന്റെ സീക്രട്ട് ഫേസ്പായ്ക്ക് - എന്താണെന്നു ഒന്നു നോക്കിയേക്കാം, കൊള്ളാമെങ്കില്‍ ഒന്നു പരീക്ഷിക്കുകയും ചെയ്യാമല്ലോ.  അയ്യേ... എന്തൊരു മണ്ടിയാണാ ലീലാമ്മ. ഇതിനൊരു കമന്റ് ഇടാതെ പോകുന്നതെങ്ങിനെ...വേഗം ഒരു കമന്റ് ടൈപ്പ് ചെയ്തു അവിടെ പോസ്റ്റ്‌ ചെയ്തു.

അങ്ങിനെ ലിങ്കുകളില്‍ ക്ലിക്കുകയും കമന്റ് ഇടുകയും തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോഴാണ്, ഫോണ്‍ ബെല്ലടിച്ചത്. ഓടിച്ചെന്നെടുത്തു.അങ്ങേത്തലക്കല്‍ മനുവായിരുന്നു.

"എന്തു ചെയ്യുവാ നീ,നാളത്തെ ടെസ്റ്റിനു പ്രിപ്പയര്‍ ചെയ്തോ?"

"ഞാന്‍ പഠിക്കാനിരുന്നതാ മനൂ"

എന്നാല്‍ പഠിച്ചോളൂ, വൈകിട്ട് വരുമ്പോള്‍ 'ടേക്ക് ഔട്ട്‌ ' എന്തെങ്കിലും വാങ്ങി വരാം "

ഫോണ്‍ വച്ചിട്ട് സമയം നോക്കി,മണി പതിനൊന്ന്. സമയമുണ്ട്, ഒരഞ്ചു പത്തു മിനിട്ട് കൂടെ മതി...

പകുതിയാക്കി വച്ച സിജിജോര്‍ജിന്റെ ചാരിറ്റി ഷോപ്പ് എന്ന പോസ്റ്റിലേക്ക് തിരികെയെത്തി ആതിര.ചിരിയടക്കാന്‍ വയ്യല്ലോ ന്റെ ദൈവമേ...എങ്ങനെയാ  ഇവര്‍ക്കൊക്കെ ഇങ്ങിനെ തമാശയൊക്കെ എഴുതാന്‍ പറ്റണെ വോ?  അവിടെയും ഒരു കമന്റ് ഇട്ടു.

വീണ്ടും പോസ്റ്റുകളിലൂടെയും മറ്റും ഒന്നു ചുറ്റിതിരിഞ്ഞും ചിലവയ്ക്ക്  കമന്റ് ഇട്ടും ചിലവയെ മൈന്‍ഡ് ചെയ്യാതെയും ചിലത്, പരമ ബോര്‍ എന്നു സ്വയം പറഞ്ഞും ആതിര കമ്പ്യൂട്ടറിനു  മുന്നില്‍ ഇരുന്നു.
ഇടയ്ക്കെപ്പോഴോ ടെസ്റ്റിന്റെ കാര്യം ഓര്‍മ്മ വന്നപ്പോഴാണ് വീണ്ടും  ക്ലോക്കില്‍  നോക്കിയത്. സമയം മൂന്ന് ഇരുപതായല്ലോ , കുട്ടികള്‍  മൂന്നരക്കെത്തും. ധൃതിയില്‍ സിസ്റ്റം ഓഫാക്കി, പുസ്തകവുമെടുത്ത്‌ സോഫയിലേക്കു  ചാഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ഡോര്‍ ബെല്‍ ശബ്ദിച്ചു.

ബാഗ് സോഫയിലെക്കെറിഞ്ഞു,  ടി.വി. റിമോട്ട് കൈക്കലാക്കി കാര്‍ട്ടൂണ്‍  ചാനല്‍ തുറന്ന്  അതിനു മുന്നില്‍ ഇരുപ്പായി രണ്ടുപേരും. ജാം പുരട്ടിയ ബ്രെഡ്‌ അവര്‍ക്ക് കൊടുത്തുകൊണ്ട്   ആതിര പറഞ്ഞു,

"അമ്മക്ക് നാളെ ടെസ്റ്റ്‌ ആയതുകൊണ്ട് ഇതേയുള്ളൂ ട്ടോ...വൈകിട്ട് അച്ഛന്‍ വരുമ്പോള്‍ 'ടേക്ക് ഔട്ട്‌'കൊണ്ടുവരും."

"ടിവി വോളിയം കുറച്ചു വെക്ക്‌, ഞാന്‍ ഇതൊന്നു പഠിച്ചോട്ടെ"

വീണ്ടും പുസ്തകവുമായി സോഫയിലേക്ക് ചായുന്നതിനിടയിൽ ആതിര കുട്ടികളോട് പറഞ്ഞു. ആ കിടപ്പിൽനിന്നുണരുന്നത്  "അച്ഛന്‍ വന്നു, അച്ഛന്‍ "എന്ന കുട്ടികളുടെ ബഹളം കേട്ടാണ് .

"ഇപ്പോ കഴിക്കാന്‍ പിസ്സ, രാത്രിയിലേക്ക്‌ ചപ്പാത്തിയും ചിക്കനും വാങ്ങിയിട്ടുണ്ട്" ക്യാരിബാഗ്‌ നീട്ടിക്കൊണ്ടു മനു പറഞ്ഞു.

പിസ്സ എടുത്തു മൈക്രോവേവില്‍ വച്ചു ചൂടാക്കി കുട്ടികള്‍ക്ക് കൊടുത്തു, ഒപ്പം ആതിരയും കഴിച്ചു.

അപ്പോഴാണ് ആതിരക്കു ഒരു കാര്യം ഓര്‍മ്മ വന്നത്, നാളത്തെ ടെസ്റ്റിനു ജയിച്ചാല്‍ ലൈസന്‍സ് കാര്‍ഡിനുവേണ്ടി അവര്‍ ഫോട്ടോ എടുക്കുമല്ലോ, ഒന്നു ഫേഷ്യല്‍ ചെയ്യേണ്ടതായിരുന്നു. യ്യോ, പുരികം പോലും ഷേപ്പ് ചെയ്തിട്ടില്ല.,,,!

"മനൂ, പ്ലീസ്... എന്നെയൊന്നു  ബ്യൂട്ടിഷ്യന്റെ അടുത്ത് കൊണ്ടുപോകുമോ? പുരികം ത്രെഡ് ചെയ്യണം, അല്ലെങ്കില്‍ നാളെ ടെസ്റ്റിനു പോകാന്‍ പറ്റില്ല."

പാവം മനു, ഉടനെ ആതിരയേയും കൂട്ടി പാര്‍ലറിലേക്ക് .... പുരികം ഒക്കെ ഷേപ്പ് ചെയ്തു സുന്ദരിയായി വന്ന ആതിരക്കു വീണ്ടും ടെന്‍ഷന്‍ , നാളത്തെ ടെസ്റ്റിന് എന്താണ് എഴുതുക , താന്‍ ഒന്നും പഠിച്ചില്ലല്ലോ എന്നതും ടെന്‍ഷന്‍ കൂട്ടി....

പിറ്റേന്ന് വെള്ളിയാഴ്ച.

രാവിലെ ആറു മണി. ആതിര തലവേദനകൊണ്ട് പുളയുന്നു....

വെപ്രാളപ്പെട്ട് മനു മരുന്നെടുക്കുന്നു. ആതിരയെ ആശ്വസിപ്പിക്കുന്നു. ടെസ്റ്റിനു പോകേണ്ടന്നു പറയുന്നു. ആതിര, സുഖമായി തിരിഞ്ഞു കിടന്നുറങ്ങുന്നു.അന്നത്തെ എല്ലാ കാര്യങ്ങളും  മനു ചെയ്യുന്നു...

ആതിരയുടെ ടെസ്റ്റ്‌ ഇവിടെ അവസാനിക്കുന്നില്ല....!

( പഴയ ചില ബ്ലോഗ്ഗർ സുഹൃത്തുക്കളെയും അന്നത്തെ കൂട്ടായ്മയേയും ഇവിടെ സ്മരിക്കുന്നു )



   

 




Saturday, November 8, 2014

അപൂർണതയുടെ ഒരു പുസ്തകം



അപ്രതീക്ഷിതമായ വഴിത്തിരിവുകളും അത്ഭുതകരമായ യാദൃശ്ചികതകളും ചേർന്ന ജീവിതത്തിന്റെ പ്രതിബിംബമാണ് സൈബർ സ്പേസ്.  എന്നാൽ അവിടെ നിങ്ങളുടെ വിധിയെ നിയന്ത്രിക്കുന്നത്‌ നിങ്ങളുടെ ഉറ്റ മിത്രമാകാം, ശത്രുവാകാം, ലോകത്തിന്റെ ഏതോ കോണിലിരിക്കുന്ന ഒരജ്ഞാത വ്യക്തിയാകാം. അല്ലെങ്കിൽ സമർത്ഥനായ ഒരു ഹാക്കറുമാകാം... പ്രവീണ്‍ ചന്ദ്രന്റെ 'അപൂർണതയുടെ ഒരു പുസ്തകം എന്ന നോവൽ സൈബർ ലോകത്തെ ഹാക്കറുടെ വിസ്മയിപ്പിക്കുന്ന കഥയുമായി മലയാള നോവലിലെ ഒരു പുതിയ ചുവടുവെപ്പായി മാറുന്നു ... 

നരേന്ദ്രൻ എന്ന ടെലികോം സ്വിച്ച് എഞ്ചിനീയറുടെ ജീവിതത്തിലൂടെ സൈബർ ലോകത്തിന്റെ സ്വപ്നജാഗരങ്ങളിലേക്ക് കഥാകാരൻ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു . ഒരു ഹാക്കർ മൂലം ജീവിതം നഷ്ടമാകുന്ന പലരുടെയും കഥ... ഒപ്പം പ്രണയം ഒരാളെ ഏതൊക്കെ വഴികളിലൂടെ നടത്തുന്നുവെന്ന പ്രഹേളികയും... 

വമ്പൻ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നോക്കുന്ന നരേന്ദ്രന് സുരക്ഷാത്തകരാറിന്റെ പേരിൽ ജോലി നഷ്ടപ്പെടുന്നു. അത്, ശമ്പള പരിധി കഴിയുമ്പോഴുള്ള കമ്പനികളുടെ പൊതു അടവായി കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഉണ്ടാകുന്നത്. നരേന്ദ്രന്റെ കൂടെ ജീവിക്കുന്ന സൂസന്നയുടെ ബന്ധു വഴി അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഭുവനേശ് വെളിപ്പെടുത്തുന്ന സത്യങ്ങൾ .... യഥാർത്ഥ ജീവിതത്തെക്കാൾ അയഥാർത്ഥ ലോകത്തിൽ ജീവിക്കുന്ന സൈബർ ജീവികൾ.... യഥാർത്ഥ ജീവിതത്തെ നേരിടാനാവാതെ ജീവിതത്തിൽ നിന്നു തന്നെ ഒളിച്ചോടുന്നവർ ... പരാജയപ്പെടാൻ മക്കളെ പഠിപ്പിക്കാതിരുന്ന മാതാപിതാക്കൾ , വിജയമല്ലാതെ മറ്റൊന്നും അംഗീകരിക്കാൻ കഴിയാത്തവർ ... നഷ്ടപ്പെടുമ്പോൾ മാത്രം തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞിട്ടു എന്തു കാര്യം....?

സ്വന്തം രൂപത്തിലും വ്യക്തിത്വത്തിലും ആത്മവിശ്വാസമില്ലാതെ മുഖംമൂടിയണിഞ്ഞു സൈബർ ലോകത്തെ വ്യക്തിത്വത്തിൽ ആശ്വാസം കണ്ടെത്തുന്നവരുടെ പ്രതിനിധിയാണ് ഭുവനേശും.....   അപകർഷബോധത്തിൽ നിന്നും ഉരുത്തിരിയുന്ന വ്യക്തിത്വങ്ങൾ ...!

അതിനിടയിൽ ലോകത്ത് ഒരു ഹാക്കർക്കും തകർക്കാനാവാത്ത പ്രോഗ്രാം ഡിസൈൻ ചെയ്ത് അതു തകർക്കുന്നവർക്ക് ആ സോഫ്റ്റ്‌വെയർ സൗജന്യമെന്ന് വെല്ലുവിളിച്ച ഭുവനേശ് ആഗ്രഹിച്ചത്‌ സ്വന്തം വിധിയെത്തന്നെ കൈപ്പിടിയിലാക്കാനായിരിക്കാം.  എന്നാൽ ജീവിതം അതിന്റെ ചിപ്പിൽ ഒളിപ്പിച്ചു വെച്ച വിസ്മയങ്ങൾ ഏതു ഹാക്കറെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു....

"പ്രണയം ഡിജിറ്റൽ സ്വപ്നമായി അതിന്റെ അനശ്വര ചക്രവാളങ്ങൾ വിട്ടു ഒന്നിലേക്കും പൂജ്യത്തിലേക്കും ഒതുങ്ങാതെ സ്പർശനങ്ങൾ കൊണ്ട് വർണാഭമാക്കാം ..." എന്നു പറയുന്ന കാമുകിയോട് ... "പ്രണയം ശാശ്വതമായ കാവ്യസങ്കൽപ്പമല്ല, തൊട്ടറിയാനാവാത്ത വികാരമാണെന്ന ഓർമിപ്പിക്കലാണ് ഡിജിറ്റൽ ലോകം ചെയ്യുന്നത്.... നമ്മുടെ സങ്കല്പത്തിലാണ് അവ പ്രതിഫലിപ്പിക്കുന്നത്, യഥാർത്ഥത്തിൽ ഒന്നും എഴുതപ്പെടുന്നില്ല, ഒന്നും പൂജ്യവും ചേർന്ന ബൈനറി ശൃംഖലയിൽ നാം അവ കണ്ടെത്തുകയാണെന്ന് ....." ഓർമിപ്പിക്കുന്നു ഭുവനേശിലെ തത്വചിന്തകൻ  ....

നോവലിൽ ഉടനീളം ഇത്തരം നിരവധി കാവ്യാത്മക മുഹൂർത്തങ്ങൾ നിറഞ്ഞു നിൽക്കുന്നു...

മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച് 2014 ഓഗസ്റ്റിൽ പുറത്തിറങ്ങിയ  പ്രവീണ്‍ ചന്ദ്രന്റെ 'അപൂർണതയുടെ ഒരു പുസ്തകം' വായനയിൽ ഒരു പുതുവിസ്മയമായി.....




Related Posts Plugin for WordPress, Blogger...