Tuesday, August 15, 2017

കനേഡിയൻ റോക്കീസിലെ ഹിമാനിസാഹസം (രണ്ടാം ഭാഗം)ഗൾഫ് ഫോക്കസ് മാസികയുടെ യാത്രാപംക്തിയിൽ...


അധികം വൈകാതെ ജാസ്പറിന്റെ ഇളം വെയിലിലേക്ക് ഞങ്ങളിറങ്ങി നടന്നു. ടൊറന്റോയിലെപ്പോലെ ഇവിടെ കാറ്റില്ലാത്തതിനാൽ സുഖമുള്ള ചെറിയ കുളിര്. പാതയ്ക്കപ്പുറത്ത് കാനഡയുടെ 'വിയ റെയിലിന്റെ' പച്ച ബോഗികൾ പ്രകൃതിയുടെ താളത്തിനൊത്ത് ശബ്ദമില്ലാതെ മെല്ലെ കടന്നു പോകുന്നുണ്ട്. അതിനപ്പുറവും മലനിരകളാണ്. നീല മലകൾ അരഞ്ഞാണം പോലെ ജാസ്പർ താഴ്വരയെ ചുറ്റിക്കിടക്കുന്നു. വേനൽക്കാലത്ത് വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്നുണ്ടെങ്കിലും തെരുവോരങ്ങൾ ബഹളമില്ലാതെ ശാന്തമായിരിക്കുന്നു. അധികം കടകളോ ഒന്നുമില്ല. ജിമ്മിന്റെ കടയിൽ നിന്നും ഒരു പിസ്സയും വാങ്ങി മുറിയിൽ തിരിച്ചെത്തിയപ്പോഴേക്കും ഇരുട്ടു വീണ് മാമലകൾ കാഴ്ചക്കപ്പുറത്തായി...

രാവിലെ കൊളംബിയ ഐസ് ഫീൽഡിലേക്ക് പോകാനുള്ളതിനാൽ രാത്രിയിൽ പതിവുള്ള പുസ്തകവായനയെ അധികം നീട്ടിക്കൊണ്ടു പോയില്ല. ഐസ്ഫീൽഡ് എങ്ങനെയായിരിക്കുമെന്ന് വായിച്ചും ഇൻറർനെറ്റിൽ പരതിയും കിട്ടിയ വിവരങ്ങൾ സുനീതും മോളും ചർച്ച ചെയ്യുമ്പോൾ , ഞാൻ സാന്തയുടെ ഹിമശകടത്തിൽ കേറി കൊളംബിയ ഐസ്ഫീൽഡിലൂടെ  തെന്നിനീങ്ങി ഉറക്കത്തിലെത്തിയിരുന്നു... !!

ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും രാവിലെ ആറര മണിക്ക് ജാസ്പറിലെ  കൊളംബിയ ഐസ് ഫീൽഡിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ടൂർ ഓപ്പറേറ്ററുടെ വക ഒരു ചെറിയ ജീപ്പാണ് എത്തിയത്. ജാക്കായിരുന്നു, ഞങ്ങളുടെ  ഡ്രൈവർ കം ഗൈഡ്.  സ്വയം പരിചയപ്പെടുത്തി ഞങ്ങളെയും പരിചയപ്പെടുന്നതിനിടയിൽ ഞങ്ങളെ കൂടാതെ അടുത്തൊരു ഹോട്ടലിൽ നിന്നും ദമ്പതികളായ ഡാനിയേലും ജെന്നിയും കൂടിയുണ്ടാകുമെന്ന് ഞങ്ങളെ അറിയിച്ചു. ബുദ്ധിമുട്ടിന്‌ ക്ഷമാപണവുമായി തൊട്ടടുത്തു തന്നെയുള്ള ഹോട്ടലിൽ പോയി അവരെയും കൂട്ടി, ആ കുഞ്ഞുവണ്ടി മഞ്ഞുപാടങ്ങൾ  ലക്ഷ്യമാക്കി ഓടാൻ തുടങ്ങി...

വേനൽക്കാലമായിരുന്നെങ്കിലും മഞ്ഞണിഞ്ഞ മാമലകൾക്ക് നടുവിലൂടെയായിരുന്നു യാത്ര. മഞ്ഞുരുകി ഒഴുകിവരുന്ന ചാലുകൾ മലകളിലെമ്പാടും കാണാമായിരുന്നു. വേനൽ കഠിനമാകുമ്പോൾ നദികൾ നിറഞ്ഞൊഴുകുമത്രേ.... കഠിനമായ വേനൽ എന്നാൽ 20 - 25 ഡിഗ്രി ഒക്കെയാണ് ... ചിലയിടങ്ങളിൽ ചാലുകൾ , അരുവികളായി ഒഴുകുന്നുണ്ട്.

ഇപ്പോൾ ഹഡ്സൺ ബേ കമ്പനി എന്ന പേരിൽ അറിയപ്പെടുന്ന നോർത്ത് വെസ്റ്റ് കമ്പനിയിലെ 'Jasper Hawes' ന്റെ പേരാണ് ഈ സ്ഥലത്തിന് നല്കപ്പെട്ടിരിക്കുന്നത്. 1907-ൽ ജാസ്പർ ഫോറസ്ററ് പാർക്ക് സ്ഥാപിതമായെങ്കിലും 1930 - ലാണ് ജാസ്പർ ഫോറസ്ററ് പാർക്കിന് 'നാഷണൽ പാർക്ക്' പദവി ലഭിക്കുന്നത്.  2013-ലെ കണക്കു പ്രകാരം ഏകദേശം ഇരുപതുലക്ഷം പേരാണ് ആ വർഷം ജാസ്പർ സന്ദർശിച്ചത്. Edith Cavell, Pyramid Mountain, Maligne Lake, Medicine lake , Tonquin valley തുടങ്ങിയവയും ജാസ്പറിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നുണ്ട്.

പടിഞ്ഞാറൻ മലനിരകളിലെ മഞ്ഞിന്റെ കട്ടികൂടിയ ആവരണമാണ് കൊളംബിയ മഞ്ഞുപാടങ്ങൾ. കനേഡിയൻ റോക്കീസിലെ ഏറ്റവും വലിയ ഹിമഭൂമിയാണിത്. കാനഡയിലെ മറ്റൊരു പ്രോവിൻസായ ബ്രിട്ടീഷ് കൊളംബിയയുടെ അകത്തളങ്ങളിൽ നിന്നും പസഫിക് കാറ്റ് കടത്തിക്കൊണ്ടു വരുന്ന നീർമുത്തുകളെ  കൊളംബിയ മഞ്ഞുപാടങ്ങൾക്കു ചുറ്റുമുള്ള പർവ്വതശിഖരങ്ങൾ തട്ടിയെടുത്ത് മഞ്ഞായി പൊഴിക്കുന്നു. വർഷംതോറും ഏഴു മീറ്ററോളം മഞ്ഞാണ് ഇങ്ങിനെ വീഴുന്നത്. ചെറിയ വേനല്ക്കാലത്തിൽ   ഉരുകിത്തീരാൻ കഴിയാതെ ഈ മഞ്ഞെല്ലാം അവിടെ കിടക്കും.  അങ്ങനെ ശേഖരിക്കപ്പെടുന്ന മഞ്ഞിന് മീതെ അടുത്തത് വീഴും. ചില വേനൽക്കാലത്ത് മഞ്ഞുപാളികൾ അടർന്ന് മലനിരകൾക്കിടയിലൂടെ വെളിയിലേക്കൊഴുകുന്നു. ഇവ ഹിമാനികൾ അഥവാ ഗ്ലേഷ്യർ എന്നറിയപ്പെടുന്നു.

ഉത്തരയമേരിക്കയിൽ സന്ദർശകബാഹുല്യത്തിൽ മുന്നിലാണ് അതബാസ്‌ക്ക ഗ്ലേഷ്യർ. കൊളംബിയ മഞ്ഞുപാടങ്ങളിൽ നിന്നും തുള്ളിത്തുളുമ്പി അടിത്തട്ടിലെത്തുന്ന ഗ്ലേഷ്യർ, തൂവെള്ള ചേലയുടുത്ത  ഒരു നവോഢയെപ്പോലെ കുണുങ്ങിക്കുണുങ്ങിയാണ് ഒഴുകുന്നത്. എന്നാൽ, ആഗോളതാപനത്തിന്റെ ഫലമായി അവളുടെ ചേലയുടെ വക്കും അരികുമൊക്കെ പിഞ്ഞിത്തുടങ്ങിയിരിക്കുന്നു. ഏതാണ്ട് ഒന്നര കിലോമീറ്ററോളം കീറിപ്പറിഞ്ഞ പോലെ ഉരുകിത്തീർന്നിരിക്കുന്നു... !

അടുത്തെവിടെയോനിന്ന് വെള്ളച്ചാട്ടത്തിന്റെ ആരവം കേൾക്കുന്നുണ്ടെന്ന് മോൾ കാതുകൂർപ്പിച്ചു. പിന്നെ, അതിലേക്ക് ജാക്കിന്റെ ശ്രദ്ധ ക്ഷണിച്ചു. ഉവ്വ്, സംഗതി സത്യമാണ്. അതബാസ്‌ക്ക വെള്ളച്ചാട്ടമായിരുന്നത്. ജാക്ക് , വണ്ടി അതിനടുത്തേക്കു വിട്ടു.  വെള്ളച്ചാട്ടത്തിനടുത്തേക്ക് കാട്ടിലൂടെ ഒരു കാൽപ്പാതയുണ്ട്. അടുത്തുനിന്ന് വെള്ളച്ചാട്ടം കണ്ടാസ്വദിക്കാൻ സുരക്ഷിതമായ ഇടങ്ങളും കെട്ടിത്തിരിച്ചിട്ടുണ്ട്.  പാൽനുര പോലെ പതഞ്ഞു പതഞ്ഞു വീഴുന്ന ഹൃദയം കവരുന്ന മനോഹരകാഴ്ചയിൽ മറന്നുനിന്നപ്പോൾ ജാക്ക് സമയം ഓർമ്മിപ്പിച്ചു. പാർക്കിംഗ് ലോട്ടിലെ മൂത്രപ്പുരയിലും പോയി വന്നപ്പോൾ , മനസ്സിലെ ഉന്മേഷം ശരീരത്തിലും പടർന്നു... അധികം വൈകാതെ ജാക്ക്, ഞങ്ങളെയും കൊണ്ട് യാത്ര തുടർന്നു.


   
Saturday, July 15, 2017

കനേഡിയൻ റോക്കീസിലെ ഹിമാനിസാഹസം (ഒന്നാം ഭാഗം)


'ഗൾഫ് ഫോക്കസ്' മാസികയുടെ യാത്ര എന്ന പംക്തിയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുന്നു. 


ലോകത്തിന്റെ പല ഭാഗങ്ങളിലായി പലതരം കാഴ്ചകൾ  നമ്മെ വിസ്മയഭരിതരാക്കുന്നു. അത്തരം ഒരു കാഴ്ചയിലേക്കായിരുന്നു ഇത്തവണത്തെ ഞങ്ങളുടെ യാത്ര. കനേഡിയൻ റോക്കീസിലൂടെ ഒരു സാഹസിക യാത്ര - ഗ്ലേഷർ അഡ്വെഞ്ചർ ...!


കനേഡിയൻ റോക്കീസിൽ സ്ഥിതി ചെയ്യുന്ന കൊളംബിയ ഐസ് ഫീൽഡ്,  വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തെ വിഭജിക്കുന്നു. ഈ ഐസ്ഫീൽഡിന്റെ ഒരു ഭാഗം വടക്കു കിഴക്കൻ മുനമ്പായ ബൻഫ് നാഷണൽ പാർക്കിലും തെക്കേ ഭാഗം ജാസ്പർ നാഷണൽ പാർക്കിലുമാണ്. 325 കിലോമീറ്റർ പരന്നു കിടക്കുന്ന ഇതിന്റെ ആഴം 1197 അടിയോളമാണ് . കൂടാതെ വർഷം തോറും 7 മീറ്റർ മഞ്ഞു ലഭിക്കുകയും ചെയ്യുന്നു. ഈ ഹിമപരപ്പിൽ  8 ഗ്ലേഷറുകൾ അഥവാ ഹിമാനികൾ അടങ്ങിയിരിക്കുന്നു. കനേഡിയൻ റോക്കീസിലെ ഏറ്റവും വലിയ ഹിമഭൂമിയാണ് കൊളംബിയ ഐസ് ഫീൽഡ്.


ജാസ്പർ നാഷണൽ പാർക്കിലെ അതഭാസ്ക്ക ഗ്ലേഷറിലേക്കായിരുന്നു ഞങ്ങൾ പോയത്.  ടൂർ ഓപ്പറേറ്റർ നിർദ്ദേശിച്ച പ്രകാരം, വെസ്റ്റ് എഡ്മൺഡൻ മാളിന് അടുത്തുള്ള ഫാന്റസിലാൻഡ് ഹോട്ടലിൽ എത്തുമ്പോൾ ബസ് പുറപ്പെടാൻ ഏകദേശം ഇരുപത് മിനിറ്റ് കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഞങ്ങളൊഴികെ മറ്റാരെയും അവിടെ കാണാഞ്ഞത് കൊണ്ട് സ്ഥലം തെറ്റിയോ എന്നൊക്കെ ആകെ സംശയവുമായി. ടെൻഷൻ പിടിക്കാൻ സുനീത് ഉള്ളതു കൊണ്ട്, ഞാനും മോളും ഫാന്റസി ലാൻഡ് ഹോട്ടലിന്റെ പ്രത്യേകതയും അന്വേഷിച്ചു പോയി. ഹോട്ടലിന്റെ ലോബിയുടെ ഒരു വശത്തൂടെ  വെസ്റ്റ് എഡ്മണ്ഡാൻ മാളിലേക്ക് നൂണ്ടു കേറാനുള്ള വഴിയുണ്ടെന്ന് കണ്ടുപിടിച്ചു വന്നപ്പോഴേക്കും ടെൻഷനടിച്ചു ഒരു പരുവമായ സുനീതിന്റെ വിളി വന്നു. .."ബസ് പുറപ്പെടാൻ പോണൂ, വേം വാ..." ന്ന് .... 

ഓടിപ്പിടിച്ചു വന്നപ്പോൾ കണ്ടതോ, ഒരു മിനി ബസിൽ കേറാൻ പത്തു പതിനഞ്ചു പേർ ക്യൂ നില്ക്കുന്നു. സുനീത് ഞങ്ങളുടെ ബാഗുകൾ ഡിക്കിയിൽ വെക്കാനുള്ള ക്യൂവിൽ നിന്ന് ബാഗുകളെ ഭദ്രമാക്കി വെച്ച് തിരിച്ചു വന്നു. ആകെ പതിനഞ്ചോളം യാത്രക്കാർ. എല്ലാവരും കേറിക്കഴിഞ്ഞപ്പോൾ, ഞങ്ങളുടെ ഡ്രൈവറും കേറി. 

"എന്റെ പേര്  മോണിക്ക, നിങ്ങളെ സുരക്ഷിതമായി ജാസ്പറിൽ എത്തിക്കാനുള്ള ചുമതല എനിക്കാണ്. അതിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ഇപ്പോൾ സമയം ഉച്ചയ്ക്ക് പന്ത്രണ്ടര മണി . വൈകുന്നേരം അഞ്ചര മണിയോടെ നമ്മൾ ജാസ്പറിൽ എത്തിച്ചേരുന്നതാണ്. ..." പുഞ്ചിരിയോടെ മോണിക്ക സ്വയം പരിചയപ്പെടുത്തി. പിന്നെ, തന്റെ കൈയിലുള്ള ലിസ്റ്റ് നോക്കി ഓരോരുത്തരുടെയും പേരു വിളിച്ച് എല്ലാവരും ഉണ്ടെന്ന് ഉറപ്പു വരുത്തി.  

 ആൽബർട്ടയിലെ എഡ്മൻഡണിൽ നിന്നും ജാസ്പറിന്റെ താഴ്വരയിലേക്ക് അഞ്ചു മണിക്കൂർ നീണ്ട ബസ് യാത്ര... ആകെ പതിനഞ്ചു യാത്രക്കാരും... എല്ലാവരും ജാസ്പറിന്റെ മാസ്മരിക സൗന്ദര്യത്തിലേക്ക് ആകർഷിക്കപ്പെട്ട് യാത്ര തിരിച്ചവർ ... പല ഋതുക്കളിലായി അനേകം തവണ ജാസ്പർ സന്ദർശിട്ടുള്ള മിഷെലും കൂട്ടുകാരൻ പീറ്ററും ഒഴികെ ബാക്കിയെല്ലാവരും ആദ്യമായി പോകുന്നവർ.... മിഷേലിന്റെ വർണനകളിലേക്ക് കാത് കൂർപ്പിക്കുമ്പോൾ 'കാണാൻ പോകുന്ന പൂരം പറഞ്ഞു കേൾക്കണോ ...? " എന്ന ഭാവമായിരുന്നു എന്റെ അടുത്ത സീറ്റിൽ ഇരുന്ന ഗുജറാത്തിയായ ശ്വേതയ്ക്ക്... അതിനാലാവണം കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും ആലൂ ബുജിയ എടുത്ത് കൊറിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് എനിക്ക് നേരെയും നീട്ടിയത് ആദ്യം നിരസിച്ചെങ്കിലും പിന്നീട് സൗഹൃദത്തിന്റെ ഇടനാഴിയിൽ വെച്ച് ആലൂ ബുജിയ എന്റെ കൈയിലും എത്തി. അപ്പോഴേക്കും വെജിറ്റബിൾ കട്ലറ്റിലൂടെ മുൻ സീറ്റിലിരുന്ന ചൈനക്കാരിയും എന്റെ മോൾ സ്നേഹയും സൗഹൃദത്തിലായി കഴിഞ്ഞിരുന്നു. 

 ഇടയ്ക്കൊരു  ഇടത്താവളത്തിൽ ഞങ്ങളുടെ ബസ് നിർത്തുമ്പോഴേക്കും ബസ്സിലുണ്ടായിരുന്ന  യാത്രക്കാരിൽ അപരിചിതത്വത്തിന്റെ മഞ്ഞുരുകി സൗഹൃദത്തിന്റെ ഊഷ്മളത പൂത്തുലഞ്ഞു. വഴിയോരത്തെ ടിംസിൽ കേറുമ്പോൾ എല്ലാവർക്കും ആദ്യം പോകേണ്ടിയിരുന്നത് മൂത്രപ്പുരയിലേക്കായിരുന്നു. വരിയുടെ അറ്റത്തു പോയി നിന്ന് മൂത്രമൊഴിച്ചു പുറത്തു വന്നപ്പോൾ, ഓർഡർ ചെയ്ത കോഫിയും ബേഗലുമായി സുനീത് കാത്തു നിന്നിരുന്നു. പതിനഞ്ചു നിമിഷത്തിനുള്ളിൽ ഇടവേള കഴിഞ്ഞ് ഞങ്ങളുടെ ബസ് വീണ്ടും പ്രയാണം തുടങ്ങി. 

മൈലുകൾ നീണ്ടു പോകുന്ന ഹൈവേയിലൂടെ കുതിച്ചു പായുകയാണ് ഞങ്ങളുടെ ബസ്. കയറ്റവും ഇറക്കവുമായി വളഞ്ഞു പുളഞ്ഞു പോകുന്ന പാത... ഇരുവശത്തും വിവിധയിനം മരങ്ങൾ തിങ്ങി നിറഞ്ഞു നില്ക്കുന്നു.... വഴിയോരക്കാഴ്ചകളിലേക്ക് കണ്ണും മനസ്സും നട്ടിരിക്കുമ്പോൾ എന്തിനെന്നറിയാതെ ഹൃദയം വിങ്ങിക്കൊണ്ടിരുന്നു... കണ്ണുകൾ നിറഞ്ഞിരുന്നു... 


ഓർമ്മകൾ നാട്ടിലെ യാത്രകളിലെ ദുരിതങ്ങളിലേക്ക്പറന്നു. അവസാനം നടത്തിയ കൊടൈക്കനാൽ യാത്ര അമ്മയും സഹോദരങ്ങളും എല്ലാം ചേർന്നായിരുന്നു. ഇടയ്ക്ക് ഒന്നു മൂത്രമൊഴിക്കാൻ പല ഹോട്ടലുകൾ കയറിയിറങ്ങേണ്ടി വന്നു. വൃത്തികേടാക്കിയിട്ടിരിക്കുന്ന ബാത്ത്റൂമുകളിൽ ഒന്നിൽ കേറിയ പാടെ മോൾ ഇറങ്ങിപ്പോന്നു, പുറത്തു വന്ന് ഛർദ്ദിക്കാൻ തുടങ്ങി. അങ്ങിനെ മൂന്നാമത്തെയോ നാലാമത്തെയോ ഹോട്ടലിൽ ആണ് സ്ത്രീകളും പ്രായമായ അമ്മയും കുഞ്ഞുങ്ങളും ഉണ്ടായിരുന്ന യാത്രാസംഘത്തിന് മൂക്കു പൊത്തിയെങ്കിലും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ കഴിഞ്ഞത്. 

എന്നെങ്കിലും, നമ്മുടെ നാടും സ്ത്രീകളോടും കുട്ടികളോടും കരുണ കാണിക്കുമെന്നും മൂക്കു പൊത്താതെ , പിടിച്ചു വെക്കാതെ യാത്രയിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള 'കംഫർട്ട് സ്റ്റേഷനുകൾ ' ഉണ്ടാക്കുമെന്നും പ്രതീക്ഷിക്കാം അല്ലേ...?

അര മണിക്കൂറിനുള്ളിൽ നമ്മൾ ജാസ്പറിന്റെ താഴ്വാരത്തിലെത്തുമെന്ന് മോണിക്കയുടെ അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയപ്പോൾ യാത്രക്കാരെല്ലാം ഒന്നുഷാറായി. പല പല റിസോട്ടുകളിലും ഹോട്ടലുകളിലുമായി കൂടെയുണ്ടായിരുന്നവരൊക്കെ യാത്ര പറഞ്ഞു പിരിഞ്ഞു. അവസാനമായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്ത 'സോ റിഡ്ജ് ഇൻ' . മുറിയിൽ കയറിയ ഉടനെ ക്യാമറയുമായി മോൾ ബാൽക്കണിയിലേക്കു പോയി.  ജനൽക്കർട്ടനപ്പുറം ദൂരെ മഞ്ഞണിഞ്ഞ മാമലകൾ.... ആകാശം താഴ്ന്നിറങ്ങി വന്ന് അവയോട് കിന്നാരം പറയുന്നു.... വെൺമേഘങ്ങൾ പുഞ്ചിരി തൂവി മെല്ലെയൊഴുകുന്നു... ഒരു പ്രണയ കവിതയിലെ നായികയായി അവയ്ക്കൊപ്പം എന്റെ മനസ്സും ഒഴുകി നടന്നു...


Related Posts Plugin for WordPress, Blogger...