Saturday, September 17, 2011

ഇരുളില്‍ തെളിയും കൈത്തിരി നാളം ...!

 
മേരിയെ അന്വേഷിച്ചാണ് ആന്‍ തോമസ്‌ ആ കോളനിയില്‍ എത്തിയത്. ഇടുങ്ങിയതും വൃത്തിഹീനവുമായ വഴികള്‍ ,കലപില കൂട്ടുന്ന സ്ത്രീ പുരുഷന്മാര്‍ , അടിപിടി കൂടുകയും, ബഹളം വച്ച് കളിക്കുകയും ചെയ്യുന്ന കുട്ടികള്‍  ... വഴിനീളെയുള്ള കാഴ്ചകള്‍ മനസിനെ അലോസരപ്പെടുത്തിയെങ്കിലും  മേരിയെക്കുറിച്ചോര്‍ത്തപ്പോള്‍ മുന്നോട്ടു തന്നെ നടന്നു.

അടുത്തു കണ്ട ഒരു സ്ത്രീയോട് മേരിയുടെ വീടെവിടെയാണ് എന്ന്‌ ചോദിച്ചതിനു, താന്‍ ആരാണ്, എവിടെ നിന്നും വരുന്നു, മേരിയെ എന്തിനു കാണണം എന്നൊക്കെ വിശദീകരിക്കേണ്ടി  വന്നെങ്കിലും അവര്‍ മേരിയുടെ വീട് കാണിച്ചു തന്നു.

"മേരിയേ...ടീ മേരിയേ, ദാണ്ടേ നിന്നെ കാണാന്‍ ഒരു കൊച്ചമ്മ വന്നിരിക്കുന്നു" ആ സ്ത്രീ വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ ആകെ അസ്വസ്ഥത തോന്നി.

അകത്തു നിന്നും "ആരാത്?" എന്ന ക്ഷീണിച്ച ശബ്ദം മേരിയുടേത് തന്നെ എന്ന്‌ തിരിച്ചറിയുമ്പോള്‍ ഉള്ളില്‍ ഒരാശ്വാസം!


 "മേരീ, ഇത് ഞാനാ, ആന്‍ .‍.." പറയുകയും തല കുനിച്ചു ആ വീടിനുള്ളിലേക്ക് കയറുകയും  ചെയ്തു.


"മേരിയെ ജോലിക്ക് കാണുന്നില്ലല്ലോ, എന്തു പറ്റിയെന്നറിയാനാണ് ഞാന്‍ വന്നത്"


"ഒരു പനി വന്നതാ കുഞ്ഞേ... കഷ്ടപ്പെടുത്തി കളഞ്ഞു ഈ പനി. അതാ വരാന്‍ പറ്റാതിരുന്നത്‌.എന്നാലും എന്നെ അന്വേഷിച്ചു ഇവിടെ വന്നല്ലോ..." ഗദ്ഗദം കൊണ്ട് ശബ്ദം പുറത്തു വരാനാവാതെ വിഷമിക്കുന്ന മേരിയെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു.


ചുറ്റുപാടും കണ്ണോടിച്ചപ്പോള്‍  മേരിയുടെ സമ്പന്നത, മക്കളില്‍ മാത്രമാണെന്ന് മനസിലായി. അവരില്‍ മുതിര്‍ന്ന കുട്ടി എന്ന്‌ തോന്നിച്ച പത്തോ പന്ത്രണ്ടോ വയസുള്ള ഒരാണ്‍കുട്ടി ഒരു സ്റ്റൂള്‍ കൊണ്ട് വന്നിട്ട് ഇരിക്കാന്‍ പറഞ്ഞത് അതിശയമായി. അല്‍പ നേരത്തിനുള്ളില്‍  അതിലും ചെറിയ ഒരു പെണ്‍കുട്ടി ഒരു ഗ്ലാസ്‌ ചായ ഒരു പ്ലേറ്റില്‍ വച്ചു കൊണ്ടുവന്നതും വളരെ കൌതുകമായ കാഴ്ചയായി.


മേരി, മക്കളെയൊക്കെ നന്നായി വളര്‍ത്തുന്നല്ലോ എന്ന്‌ ഉള്ളില്‍ തോന്നിയത്, വാക്കുകളായി പുറത്തു വന്നു. ഒപ്പം അവര്‍ക്കായി ഒന്നും കരുതിയില്ലല്ലോ എന്ന കുറ്റബോധവും!


"മേരിയുടെ മക്കള്‍ നല്ല മിടുക്കരാണല്ലോ"


ഒരു പുഞ്ചിരി മാത്രമായിരുന്നു മേരിയുടെ മുഖത്ത്.

"ഈ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയാ മോളെ ഞാന്‍ പണിക്കു വരുന്നത്.ഒരു ദിവസം ഞാന്‍ പണിക്കു പോകാതിരുന്നാല്‍ ഇവര്‍ക്ക് പട്ടിണിയാ..."


"മേരിയുടെ  കെട്ടിയോന്‍ പണിക്കു പോകാറില്ലേ?"

"കെട്ടിയോനോ ... ?“ മേരി ഒരു നിമിഷം നിശ്ശബ്ദയായി പുറത്തേക്ക് നോക്കി നിന്നു...

എന്റെ നോട്ടം കുഞ്ഞുങ്ങളിലേക്ക്‌ നീണ്ടതിന്റെ അര്‍ഥം മനസിലായിട്ടാവും മേരിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞത്.


"പ്രസവിച്ചാല്‍ മാത്രമേ അമ്മയാകൂ എന്നില്ല കുഞ്ഞേ... ഇവരൊക്കെ ഞാന്‍ പ്രസവിക്കാത്ത എന്റെ മക്കള്‍ ആണ്"


അന്ധാളിപ്പോടെ നോക്കിയ എന്നോട് മേരി പറഞ്ഞു,


"ഒരാളെ പ്രേമിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്നും പുറത്താക്കാപ്പെട്ടവളാണ് ഞാന്‍. ഒരുപാട് സ്നേഹവും ഒരു കുഞ്ഞിനേയും തന്നിട്ട് അദ്ദേഹം പോയി കുഞ്ഞേ... ആദ്യം ഞാനും മരിച്ചാലോ എന്നോര്‍ത്തതാ, പക്ഷേ, എന്റെ കുഞ്ഞിനെ കൊല്ലാനും അവനെ ഉപേക്ഷിച്ചു പോകാനും എനിക്കാവില്ലായിരുന്നു. അതുകൊണ്ട് മാത്രമാ  ജീവിക്കാന്‍ തീരുമാനിച്ചത്. ഒരിക്കല്‍ , ജോലി കഴിഞ്ഞു വരുമ്പോ നഗരത്തിലെ കുപ്പത്തൊട്ടിയില്‍  നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു‍. മറ്റൊന്നും ആലോചിച്ചില്ല, അതിനെ എടുത്തോണ്ട് പോന്നു. പിന്നെ, പലപ്പോഴായി കിട്ടിയവരാണ് ഇവരൊക്കെ... ആര്‍ക്കും വേണ്ടാതെ കുപ്പത്തൊട്ടിയിലും വഴിയരികിലുമൊക്കെ കിടന്നു കിട്ടിയവര്‍ ! എന്നെക്കൊണ്ട് കഴിയുന്ന പോലെയൊക്കെ ഞാന്‍ അവരെ വളര്‍ത്തുന്നു.""കുഞ്ഞിനെ വീട് കാണിച്ചു തന്ന ചേച്ചിയില്ലേ, അവരാണ് ഞാനില്ലാത്തപ്പോള്‍ എന്റെ മക്കളെ നോക്കുന്നത്."


മേരിയോടു വളരെയേറെ ആദരവ് തോന്നി. സ്വന്തം കഷ്ടപ്പാടിലും അനാഥക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നല്ലോ.എല്ലാ സുഖസൗകര്യത്തിലും  ജീവിക്കുന്ന താന്‍ , മേരിയുടെ മനസ്സിന്റെ നന്മയുടെ മുന്നില്‍ തീര്‍ത്തും ദരിദ്ര തന്നെ!


ശബ്ദമുഖരിതവും വൃത്തിഹീനവുമായ  ആ കോളനി, നന്മ നിറഞ്ഞ മനസുകളുടെയും ഒരു കോളനിയാണെന്നത്, സംസ്കാരസമ്പന്നരെന്നു സ്വയം പറയുന്ന പുറം ലോകത്തിനു അജ്ഞാതം തന്നെ...


അവിടെ നിന്നും തിരികെ പോരുമ്പോള്‍ ഒരു കുഞ്ഞിനെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കണമെന്ന്‌ മനസ്സില്‍ പ്രതിജ്ഞയെടുത്തിരുന്നു. അപ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത് "പ്രസവിച്ചാല്‍ മാത്രമേ അമ്മയാകൂ എന്നില്ല കുഞ്ഞേ "  എന്ന   മേരിയുടെ വാക്കുകളായിരുന്നു...!

Thursday, September 1, 2011

അത്തച്ചമയം - ഓണസ്മരണ

  

     ഏകാന്തമായ ഈ  ആശുപത്രി മുറിയില്‍, കിടയ്ക്കക്ക് എതിരെയുള്ള  ജനല്‍ ചതുരത്തിലൂടെയുള്ള    കാഴ്ചകളാണ് എനിക്ക് കൂട്ടായിട്ടുള്ളത്. അടുത്തുള്ള ഷോപ്പിംഗ്‌ മാളിലേക്ക് കുട്ടികളെയും കൊണ്ട് ഷോപ്പിങ്ങിനു വരുന്നവരാണ് കൂടുതലും. എന്റെ വിരസതയില്‍ ഏറെ ആശ്വാസവും ആ കാഴ്ചകള്‍ തന്നെ. സ്കൂള്‍ തുറക്കാറായിരിക്കുന്നു . എത്ര സന്തോഷത്തോടെയാണ് പുത്തന്‍ ബാഗും ഉടുപ്പുമൊക്കെ വാങ്ങി , തുള്ളിച്ചാടി അവര്‍ തിരിച്ചു വരുന്നത്. പൂമ്പാറ്റകളെ പോലെ പാറി നടക്കുന്ന കുഞ്ഞുങ്ങളെ കാണാന്‍ എന്തൊരു ചേലാണ്...അവരെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ സമയം പോകുന്നതേ അറിയില്ല.  

  "ഇന്ന് ആരെയൊക്കെ കണ്ടു, എത്ര കുട്ടികള്‍ വഴക്കുണ്ടാക്കി....??"
സന്ദര്‍ശക സമയമായപ്പോള്‍   കടന്നു വന്ന മോളുടെ ചോദ്യമാണ് നാഴികമണിക്ക് വിശ്രമമില്ലായിരുന്നു എന്നറിയിച്ചത്.

 ഉത്സാഹത്തോടെ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. അതിനിടയില്‍,  മോള്‍ ബാഗില്‍ നിന്നും മലയാളം പേപ്പര്‍ എടുത്തു നീട്ടി.

         "ഓണം വരവറിയിച്ചു കൊണ്ട് ഇത്തവണയും 'അത്തച്ചമയം' ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെട്ടു." 

വാര്‍ത്തയും ചിത്രങ്ങളും കണ്ടപ്പോഴാണ് ഓണം പടിവാതിലില്‍ എത്തിയ വിവരം അറിയുന്നത്. അല്ലെങ്കിലും അവധി ദിവസം നോക്കി ഓണം ആഘോഷിക്കുന്ന പ്രവാസികള്‍ക്കെന്തു അത്തവും പത്തോണവും...

ഓണക്കാലമായാല്‍ പണ്ടൊക്കെ എന്തൊരുല്‍സാഹമായിരുന്നു. ഓണപ്പരീക്ഷയുടെ സമയത്തും പരീക്ഷാവേവലാതികള്‍ ഇല്ലായിരുന്നു. പൂക്കളമിടാനുള്ള പൂക്കള്‍ ശേഖരിക്കുന്നതിനെപ്പറ്റിയാവും ചിന്തകളും കൂട്ടുകാരുമായുള്ള ചര്‍ച്ചകളും... പൂക്കളൊക്കെ നേരത്തേ കണ്ടു വച്ചിരിക്കും. അത്തത്തിന്റെ തലേന്ന് മുതല്‍ എന്നും വൈകുന്നേരം കൂട്ടുകാരുമൊത്തു തൊടികളെല്ലാം കേറിയിറങ്ങി പൂ പറിക്കുന്നതും, പരസ്പരം പങ്കു വെക്കുന്നതുമെല്ലാം... അത്തം മുതല്‍ പൂക്കളം ഇട്ടു തുടങ്ങും. അന്ന് ഒരു നിറത്തിലെ പൂ മാത്രം.അത്തത്തിനു തുമ്പപ്പൂ ആണ് ഇടുക. തുമ്പപ്പൂ കുഞ്ഞുപൂവായതിനാല്‍ അന്നത്തെ പൂക്കളവും ചെറുതായിരിക്കും. രണ്ടാം ദിവസം രണ്ടു നിറം, മൂന്നാം ദിവസം മൂന്നു നിറം, അങ്ങിനെ തിരുവോണ ദിവസമായ  പത്താംനാള്‍ പത്തു തരം പൂക്കളുമായി വലിയൊരു പൂക്കളവും നടുക്ക് ചെമ്മണ്ണ് നനച്ചു,തൃകോണാകൃതിയില്‍ ഉണ്ടാക്കിയ തൃക്കാക്കരയപ്പനെയും  വെക്കും.   

അത്തം നാള്‍ പൂക്കളമിടല്‍ മാത്രമല്ല, രാവിലെ തന്നെ അത്തച്ചമയം കാണാന്‍ പോകാനുള്ള ഒരുക്കങ്ങളും തുടങ്ങും. കൂട്ടുകാരും അയല്‍വക്കത്തുള്ളവരും എല്ലാം ചേര്‍ന്ന് സംഘമായാണ് പോവുക. അന്നേ ദിവസം ബസ്‌ സര്‍വീസ് ഉണ്ടാവാത്തതിനാല്‍ നടന്നു വേണം പോകാന്‍. നേരത്തേ എത്തിയില്ലെങ്കില്‍ വഴിയോരത്തെ ഉയര്‍ന്ന സ്ഥലങ്ങളെല്ലാം കാണികള്‍ കയ്യടക്കിയിരിക്കും. മുന്നില്‍ തന്നെയോ അല്ലെങ്കില്‍ ഉയര്‍ന്ന സ്ഥലത്തോ നിന്ന് കണ്ടില്ലെങ്കില്‍ പോയത് വൃഥാ എന്ന് സങ്കടപ്പെടേണ്ടി വരും. അതിനാല്‍ രാവിലെത്തന്നെ വീട്ടില്‍ നിന്നും പുറപ്പെടും. വഴി നീളെ കാണാന്‍ പോകുന്ന കാഴ്ചകളെപ്പറ്റിയും മറ്റും സംസാരിച്ചു കൊണ്ട് നടക്കുമ്പോള്‍ ദൂരം അറിയുമായിരുന്നില്ല.  അമ്പലങ്ങളുടെ നാടെന്നറിയപ്പെടുന്ന, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ആണ് ഓണത്തിന് മുന്നോടിയായ ഈ ആഘോഷം  'അത്തച്ചമയം' എന്ന പേരില്‍ അറിയപ്പെടുന്നത്. വര്‍ണങ്ങള്‍ നിറഞ്ഞ ഘോഷയാത്ര നയനാനന്ദകരമാണ്. സ്കൂള്‍ കുട്ടികളുടെ ബാന്‍ഡ്, മാര്‍ച്ച്‌ പാസ്റ്റ്, ചെണ്ടമേളം, പഞ്ചവാദ്യം, ആട്ടക്കാവടി, തെയ്യം, കുമ്മി, പൊയ്ക്കാല്‍കളി തുടങ്ങിയ    നൃത്ത രൂപങ്ങള്‍, കേരളത്തനിമയുള്ള വസ്ത്രങ്ങള്‍ ധരിച്ച യുവതീയുവാക്കള്‍ , വിവിധ കലാരൂപങ്ങള്‍, അലങ്കരിച്ച ആനകള്‍, ആനുകാലിക സംഭവങ്ങളില്‍ നിന്നും ചരിത്രങ്ങളില്‍ നിന്നും   രൂപം കൊള്ളുന്ന ഫ്ലോട്ടുകള്‍ .... അങ്ങിനെ കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്ന പലതരം കാഴ്ചകളുടെ ഘോഷയാത്രയാണ് അത്തച്ചമയം. 


 കൊച്ചി മഹാരാജാവ് തൃക്കാക്കരയപ്പനെ ദര്‍ശിക്കാന്‍ പരിവാരങ്ങളോടൊപ്പം  പോകുന്നതിന്റെ ഓര്‍മക്കായാണ് പണ്ട് ഈ അത്തച്ചമയം ആരംഭിച്ചതെന്ന് ചരിത്രം പറയുന്നു. മഹാരാജാവിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര തൃക്കാക്കര വാമനമൂര്‍ത്തി അമ്പലനടയില്‍ ആണ് അവസാനിച്ചിരുന്നത്. അന്നേ ദിവസം എല്ലാ പ്രജകളും  മഹാരാജാവിനെ അടുത്ത് കാണാനായി വീഥിയുടെ ഇരുവശത്തും കാത്തുനില്‍ക്കുമായിരുന്നത്രേ. രാജഭരണം അവസാനിച്ചിട്ടും തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ അത്തച്ചമയത്തെ കൈവിട്ടില്ല. ഓണാഘോഷത്തിനു മുന്നോടിയായി നടക്കുന്ന ഈ ഘോഷയാത്ര, തൃപ്പൂണിത്തുറ നഗരിയെ  വലം വെച്ച് ഗവണ്‍മെന്റ് ബോയ്സ് സ്കൂള്‍ മൈതാനത്ത്‌ എത്തിച്ചേരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ഏറ്റെടുത്തു നടത്തുന്നതിനാല്‍ 'അത്തച്ചമയം' 'അത്താഘോഷം' ആയി മാറിയെങ്കിലും തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ഇന്നും അത്തച്ചമയം തന്നെ ഓണാഘോഷത്തിന്റെ തുടക്കം. 


ഇന്ന് , മറ്റെല്ലാം പോലെ അത്താഘോഷവും കച്ചവടവല്ക്കരിക്കപ്പെട്ടിരിക്കുന്നു. നാടെങ്ങും മത്സരങ്ങള്‍ മാത്രം...! നന്മയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആ നല്ല നാളുകള്‍ ഇങ്ങിനി വരാത്തവണ്ണം മഹാബലിയോടൊപ്പം പാതാളത്തില്‍ താഴ്ന്നുവോ...? അഴിമതിയും അനീതിയും കൊണ്ട് നിറഞ്ഞ നമ്മുടെ നാടിനു എന്നാണൊരു മുക്തിയുണ്ടാവുക...?


അഴിമതിയില്ലാത്ത നല്ലൊരു നാള്‍ വരുമെന്ന, മഹാബലിയെപ്പോലൊരു നീതിമാനായ ഭരണാധികാരിയെ നമുക്ക് കിട്ടുമെന്ന പ്രതീക്ഷയോടെ... എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകള്‍ ...!
   Tuesday, June 14, 2011

ഇവര്‍ നല്ല സമരിയാക്കാര്‍ ...!
(12/ജൂണ്‍ /2011 ലെ 'വര്‍ത്തമാനം'വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)

വര്‍ത്തമാനം പത്രത്തിലെ ‘പെണ്ണിടം’ എന്ന പംക്തിയിലേക്ക് ഒരു സ്ത്രീ എന്ന നിലയിൽ പൊതുസമൂഹത്തിൽ നിന്നുണ്ടായ നല്ലതോ  ചീത്തയോ ആയ ഒരനുഭവം എഴുതാൻ ആവശ്യപ്പെട്ടപ്പോള്‍ എന്തെഴുതണം എന്ന് ഒരുപാട് ആലോചിക്കേണ്ടി വന്നു. സത്യത്തിൽ , ‘പെണ്ണനുഭവം’ ‘പെണ്ണെഴുത്ത്’ തുടങ്ങിയ പ്രയോഗങ്ങളോട് തന്നെ വിയോജിപ്പുള്ള ഒരാളാണ്  ഞാൻ! ഒരു പെണ്ണായി എന്നതുകൊണ്ടുമാത്രം ഉണ്ടായ ചീത്ത അനുഭവങ്ങളൊന്നും എന്റെ ഓർമ്മയിലില്ല, എന്നാൽ നല്ല അനുഭവങ്ങൾ ധാരാളമുണ്ടുതാനും. എങ്കിൽ പിന്നെ ഓർമ്മയിൽ എന്നും നന്ദിയോടെ സ്മരിക്കുന്ന അത്തരം ഒരനുഭവം തന്നെയാകാം എന്നു കരുതി. പ്രത്യേകിച്ചും സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ സാധാരണ വാർത്ത മാത്രമാകുന്ന ഇക്കാലത്ത്... 

നമ്മുടെ വർത്തമാനകാല സമൂഹത്തിൽ ഏറെ പഴി കേള്‍ക്കേണ്ടി വരികയും,  തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗമാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ. അടുത്ത കാലത്ത് നടന്ന ഒന്നു രണ്ട് സംഭവങ്ങൾ അത്തരം ധാരണകളെ  ബലവത്താക്കുകയും ചെയ്തു.  ഓട്ടോറിക്ഷാ ഡ്രൈവർമാർക്കിടയിലെ ഒരു ന്യൂനപക്ഷം എങ്കിലും ആ സമൂഹത്തിനു തന്നെ അപകീർത്തികരമായ കാര്യങ്ങളിൽ ഏർപ്പെട്ട് എല്ലാവർക്കും ചീത്തപ്പേരുണ്ടാക്കുന്നു എന്ന കാര്യവും ഞാൻ വിസ്മരിക്കുന്നില്ല! പക്ഷേ ഏതു സമൂഹത്തിലും നല്ലതും ചീത്തയും ഉണ്ടാകും എന്നതുപോലെ ഇവർക്കിടയിലും വളരെച്ചെറിയ ഒരു കൂട്ടം ആൾക്കാരേ അത്തരക്കാരായുള്ളു എന്നാണെന്റെ വിശ്വാസം.

മോളുടെ ജന്മദിനം അടുത്തു... അവള്‍ക്കു ഉടുപ്പ് വാങ്ങണം.മീനമാസത്തില്‍ സൂര്യന്‍ ഉരുകിത്തിള ക്കുകയാണ്, വെയിൽ‍ അല്‍പ്പം താഴ്ന്നിട്ടു വേണം ഷോപ്പിങ്ങിനായി ഇറങ്ങാന്‍. കൂടെ മാമന്റെ വീട്ടിലും ഒന്നു കയറണം. കുറെ ദിവസമായി  മാമനെ കണ്ടിട്ട്. സുഖമുണ്ടായിരുന്നെങ്കില്‍ ഇതിനകം മാമന്‍ വീട്ടിലേക്ക്‌ വന്നേനെ... ആദ്യം മാമന്റെ വീട്ടിലേക്ക്‌ തന്നെ. അവിടെയിരുന്നു വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു, ചായ കുടിയും കഴിഞ്ഞിറങ്ങിയപ്പോള്‍ കുറെ വൈകി. ഇനി എറണാകുളത്തേക്ക് പോയാല്‍ ട്രാഫിക്കില്‍ പെട്ട് പോകുകയേയുള്ളു, ഷോപ്പിംഗ്‌ നടക്കില്ല എന്നറിയാമായിരുന്നതിനാല്‍ വൈറ്റില ബൈപാസ്സില്‍ ഉള്ള 'പ്രൈസ് ലെസ്സ്' എന്ന കടയില്‍ കയറാം എന്ന്‌ തീരുമാനിച്ചു. ഓടിപ്പിടിച്ചൊരു ഷോപ്പിംഗ്‌ നടത്തി, അത്യാവശ്യം ഉടുപ്പുകള്‍ എടുത്തു പുറത്തു വരുമ്പോഴേക്കും മണിക്കൂര്‍ ഒന്നു കഴിഞ്ഞിരുന്നു. സമയം രാത്രി ഒന്‍പതു മണിയോടടുത്തു .... റോഡിനപ്പുറം പാര്‍ക്ക്‌ ചെയ്തിരിക്കുന്ന കാറിലേക്ക് പോകാന്‍ ബൈപ്പാസ് മുറിച്ചു കടക്കണം. ആവശ്യത്തിനു വെളിച്ചമോ റോഡ്‌ കുറുകെ കടക്കാന്‍ സിഗ്നലോ ഇല്ലാത്തയിടങ്ങളിൽ, ജീവനും കയ്യില്‍ പിടിച്ചാണ് റോഡ്‌ മുറിച്ചു കടക്കേണ്ടി വരുന്നത്... കാല്‍നട യാത്രക്കാരെ പുച്ഛത്തോടെ നോക്കി കടന്നു പോകുന്ന വാഹനയാത്രക്കാർ...!

ഇടയില്‍ കിട്ടിയ ഒരു ചെറിയ ഗ്യാപ്പിലൂടെ മോളുടെ കയ്യും പിടിച്ചു റോഡിനപ്പുറത്തേക്കു ഓടി. പെട്ടന്നാണ് ഒരു ബൈക്ക് ചീറിപ്പാഞ്ഞു വന്നത്. അത് ഞങ്ങളെ ഇടിച്ചു തെറിപ്പിക്കും എന്ന തോന്നലുണ്ടായപ്പോൾ, ഒരു നിമിഷം, മോളെ വലിച്ചു പുറകിലേക്കിട്ടു. ഒഴിഞ്ഞു മാറാന്‍ സമയം കിട്ടുന്നതിനു മുന്‍പ് അതെന്നെ ഇടിച്ചിടുകയും ഒപ്പം ബാലന്‍സ് തെറ്റി ബൈക്ക് മറിഞ്ഞു വീഴുകയും ചെയ്തു . അമിത വേഗത കാരണം ബ്രേക്ക് കിട്ടാതെ പോയ ബൈക്കിനടിയില്‍പ്പെട്ട യാത്രക്കാരനെയും വലിച്ചു ഏതാനും വാര അകലെയാണ് അത് നിന്നത്. എല്ലാം ഒരു നൊടിയിടയില്‍ സംഭവിച്ചു കഴിഞ്ഞിരുന്നു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പിടികിട്ടാന്‍ കുറച്ചു സമയമെടുത്തു. നെറ്റിയില്‍ നിന്നും രക്തം ഒഴുകുന്നുണ്ട്... പെട്ടെന്നാണ് മോളെ ഓര്‍ത്തത്‌. പകച്ചു പോയിരുന്നു അവൾ, എങ്കിലും ഒന്നും പറ്റിയില്ല എന്നറിഞ്ഞ ആശ്വാസത്തില്‍ ഞാന്‍ വീണിടത്ത് നിന്നും എണീക്കാന്‍ ശ്രമിച്ചു ... കഴിയുന്നില്ല...കാലുകള്‍ ഇല്ലാത്തതു പോലെ... !!

ഒരു നിമിഷത്തിനുള്ളിൽ തൊട്ടടുത്ത ഓട്ടോ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ആളുകള്‍ ഓടിയെത്തി. അവര്‍ എന്നെ പിടിച്ചെഴുന്നേൽ‌പ്പിച്ചൂ. അപ്പോഴേക്കും വേറൊരാള്‍ ഓട്ടോയുമായി എത്തി. എന്നെയും മോളെയും ഓട്ടോയില്‍ കയറ്റി. ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയവരോട്,"അതാ, ബൈക്കുകാരന്‍ അവിടെ കിടക്കുന്നു, അയാളെ നോക്കു..." എന്ന്‌ മോള്‍ പറയുന്നുണ്ടായിരുന്നു. ചിലര്‍ അയാളുടെ അടുത്തേക്കും ഓടിച്ചെന്നു. മറ്റൊരു ഓട്ടോയില്‍ അയാളെയും കയറ്റി, തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി അവർ. രാത്രി ആണെന്നതും പതിനാല് വയസ്സുള്ള മോള്‍ കൂടെയുണ്ടെന്നതും ബോധമണ്ഡലത്തില്‍ ഉണ്ടായിരുന്നതിനാലാവാം, ആശുപത്രിയില്‍ എത്തുന്നത്‌ വരെ, അത്യാഹിത വിഭാഗത്തില്‍   കയറ്റുന്നത് വരെ ബോധം ഉണ്ടായിരുന്നു എനിക്ക്.

ആ രാത്രിയില്‍ നല്ല സമരിയക്കാരെ പോലെ എത്തിയ ഒരു കൂട്ടം ഓട്ടോ സഹോദരന്മാർ... വീട്ടില്‍ നിന്നും വേണ്ടപ്പെട്ടവര്‍ എത്തുന്നത്‌ വരെ എനിക്കും മോള്‍ക്കും കൂട്ടിരുന്നവർ, മോളെ ആശ്വസിപ്പിച്ചവർ, ആശുപത്രിയില്‍  പണം അടച്ചവർ... അവരോടുള്ള നന്ദി ഞാന്‍ എങ്ങിനെയാണ്‌ പറയുക ...? അല്ലെങ്കില്‍ ഒരു നന്ദിയില്‍ ഒതുക്കാവുന്നതാണോ ആ സുമനസ്സുകളുടെ മനുഷ്യത്വം?


ഇതിനിടയിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, പ്രായപൂർത്തിയായ എന്റെ മകളോട് ആ സഹോദരന്മാർ കാണിച്ച മാന്യമായ പെരുമാറ്റം. ആ രാത്രിയിൽ വല്ലാതെ അമ്പരന്നു പോയ മോളെ സമാധാനിപ്പിക്കുകയും ബന്ധുക്കൾ എത്തിയപ്പോൾ സുരക്ഷിതയായി അവരെ ഏൽ‌പ്പിക്കുകയും ചെയ്തു ആ നല്ല മനുഷ്യർ. ഒപ്പം ആ അമ്പരപ്പിനിടയിലും മനസ്സാന്നിധ്യം കൈവിടാതെ എല്ലാം നേരിട്ടൂ എന്റെ മോളും. എനിക്കു നമ്മുടെ അമ്മമാരോട് പറയാനുള്ളതിതാണ് ... ഏത് ആപത്ഘട്ടത്തിലും മനസ്സാന്നിധ്യം നഷ്ടപ്പെടാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് വളർന്നു വരുന്ന പെൺകുട്ടികൾക്ക് ഉണ്ടാക്കി  കൊടുക്കേണ്ടത് അവരുടെ രക്ഷിതാക്കളാണ്. അതിനുള്ള പരിശീലനം അവരവരുടെ വീടുകളിൽ നിന്നു തന്നെ തുടങ്ങണം. അത്തരം ആത്മധൈര്യം കൈമുതലായുള്ള പെൺകുട്ടികൾ അത്ര പെട്ടെന്നൊന്നും അതിക്രമങ്ങൾക്ക് ഇരയാകുകയില്ല.

നെറ്റിയില്‍ എട്ടു തുന്നലും കാലില്‍ പ്ലാസ്റ്ററുമായി ആശുപത്രിയില്‍  കഴിഞ്ഞ ദിവസങ്ങളിലാണ്  എനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് കൂടുതൽ ആലോചിച്ചു   നോക്കിയത്. ആ ആലോചനകൾ എന്നെ കൊണ്ടെത്തിച്ചത്  ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളിലും ... 


പനി കൂടുതലായ കുഞ്ഞിനു മരുന്ന് വാങ്ങാന്‍ കഴിയുന്നത്ര വേഗത്തില്‍ വണ്ടിയോടിച്ച യാത്രക്കാരനെയോ, അതോ രാത്രിയില്‍ റോഡ്‌ മുറിച്ചു കടക്കാന്‍ ശ്രമിച്ച എന്നെ തന്നെയോ കുറ്റപ്പെടുത്തേണ്ടത് ...?  വഴിവിളക്കുകള്‍ ഇല്ലാത്ത, ഉണ്ടെങ്കില്‍ തന്നെ തെളിയാത്ത, തെളിയിക്കാത്ത വൈദ്യുതി ബോര്‍ഡിനെയോ, അതോ ട്രാഫിക് ലൈറ്റുകൾ, സ്പീഡ് ലിമിറ്റുകള്‍ എന്നിവ ഏര്‍പ്പെടുത്താത്ത ഗതാഗത വകുപ്പിനെയോ ....? അതോ ഗതാഗത നിയമ പരിപാലനത്തിലെ അനാസ്ഥയെയോ....?ആരെയാണ് കുറ്റപ്പെടുത്തേണ്ടത്...? നമ്മുടെ നാട്ടിലെ അനേകം അപകടങ്ങള്‍ക്കു കാരണം ഇതില്‍ ഏതെങ്കിലും ഒക്കെ തന്നെയോ, അല്ലെങ്കിൽ എല്ലാം തന്നെയോ അല്ലേ?


ചുരുക്കത്തിൽ, ഒരു പെണ്ണായി പിറന്നു എന്നതു കൊണ്ടു മാത്രം എപ്പോഴും ചീത്ത അനുഭവങ്ങൾ ഉണ്ടാവണമെന്നില്ല. പക്ഷേ, സമൂഹത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയാനും, പുഴുക്കുത്തേറ്റ ആ മനസ്സുകളോട് ശക്തമായി പ്രതികരിക്കാനുമുള്ള കഴിവ് സ്ത്രീകൾ ആർജ്ജിക്കണം. പിന്നെ ഈയവസരത്തില്‍ ‘മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ ദൈവം മനസ്സിൽ ജനിക്കുന്നു, മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ ദൈവം മനസ്സിൽ മരിക്കുന്നു’ എന്നത് ഒരുവട്ടം കൂടി ഓർമ്മിപ്പിക്കുവാനും  ഞാൻ ആഗ്രഹിക്കുന്നു.
   

Saturday, May 21, 2011

ആത്മാവിന്‍ നേരായൊരു കത്ത്‌...!

കുഞ്ഞേട്ടന്റെയും വാവയുടെയും കഥ ശുഭപര്യവസായി  ആയിരുന്നെങ്കില്‍... കുഞ്ഞേട്ടനോട്  ഇത്ര ക്രൂരത വേണ്ടിയിരുന്നോ... എന്നൊക്കെ പല സുഹൃത്തുക്കളും  ചോദിച്ചതനുസരിച്ചു, കഥാന്ത്യം  ഒന്ന് മാറ്റി എഴുതി നോക്കിയതാണ്. 


ജോലിത്തിരക്കിനിടയിലാണ് അന്നത്തെ മെയിലുകളുമായി ഓഫീസ് ബോയ്‌ വന്നത്. എല്ലാം ഒന്നോടിച്ചു നോക്കി  മേശപ്പുറത്തു തന്നെ വച്ചു. പിന്നെ തിരക്കുകള്‍ ഒന്നൊതുങ്ങിയപ്പോഴാണ് കത്തുകള്‍ വീണ്ടും കയ്യിലെടുത്തത്. മിക്കതും ഔദ്യോഗിക കത്തുകള്‍ തന്നെ. അതിനിടയില്‍ പേര്‍സണല്‍ എന്നെഴുതിയ ഒരു കവര്‍! തിരിച്ചും മറിച്ചും നോക്കിയിട്ടും പരിചയമില്ലാത്ത കൈപ്പടയും അഡ്രസ്സും... ആരാവും എന്ന ആകാംക്ഷയില്‍  അത് തന്നെ ആദ്യം തുറന്നു. ഉള്ളില്‍ വീണ്ടും ഒരു കവറും കൂടെ ഒരു കുറിപ്പും! കുറിപ്പ് തുറന്നു.


പ്രിയപ്പെട്ട മാമന്,
ഞാന്‍ അമ്മു എന്ന് എന്റെ അമ്മ വിളിക്കുന്ന ജോസഫീന! എന്റെ അമ്മയെ മാമന്‍ അറിയും, വാവയെന്നു മാമന്‍ വിളിക്കുന്ന മാമന്റെ കുഞ്ഞാറ്റയെ മറന്നു കാണില്ലല്ലോ, മറക്കാന്‍ മാമനോ കുഞ്ഞാറ്റക്കോ കഴിയുകയുമില്ലല്ലോ. ആ ബന്ധത്തിന്റെ ആഴം ഞാന്‍ അറിയുന്നത് ഈയടുത്താണ്.


അമ്മു, തന്റെ വാവയുടെ മകള്‍. പെട്ടന്ന് ഉള്ളില്‍ ഒരു സമുദ്രം തിരയടിക്കുന്നത് പോലെ, വിവിധ വികാരങ്ങള്‍....  കത്ത്‌ കയ്യിലിരുന്നു വിറ കൊള്ളുന്നു. അറിയാതെ കണ്ണ് തുളുമ്പിപ്പോയി. സമനില വീണ്ടെടുക്കാന്‍ നിമിഷങ്ങള്‍ ഏറെയെടുത്തു. വീണ്ടും കത്തിലെ വരികളിലൂടെ.....


ഈയിടെ  എന്റെ കല്യാണം നിശ്ചയിക്കുന്നത് വരെ എന്റെ അമ്മ ഒരു അനാഥയാണ് എന്നു തന്നെയാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ്, തന്റെ കുഞ്ഞേട്ടനോട് അമ്മുവിന്‍റെ കല്യാണം പറയേണ്ടേ എന്നു  പപ്പാ അമ്മയോടു ചോദിക്കുന്നത് കേട്ടത്. പെട്ടന്ന് അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് എന്നിലും ആകാക്ഷയുണര്‍ത്തി. ആരാ ഈ കുഞ്ഞേട്ടന്‍ എന്ന എന്റെ ചോദ്യത്തിന് അമ്മയോ പപ്പയോ മറുപടി പറഞ്ഞില്ല.പകരം പപ്പാ ഒരു ചെറിയ ബ്രീഫ്കേസ് എടുത്തു കൊണ്ട് വന്നു എന്റെ മുന്നില്‍ വച്ചു. പൊട്ടിക്കരയാതിരിക്കാന്‍ സാരിത്തുമ്പു വായില്‍ തിരുകി അമ്മ മുറി വിട്ടു പോവുകയും ചെയ്തു. പപ്പയാണ്‌ ആ പെട്ടി തുറന്നത്. അതിനുള്ളില്‍ മുഴുവന്‍ കത്തുകളായിരുന്നു. ഒരായിരം കത്തുകള്‍ ! ഒരിക്കലും മേല്‍വിലാസക്കാരനെ തേടി പോകാത്ത കത്തുകള്‍ !  വളരെ അടുക്കോടെയും ചിട്ടയോടും കൂടെ തീയതിയനുസരിച്ചു  ശ്രദ്ധയോടെ സൂക്ഷിച്ചിരിക്കുന്ന  കത്തുകള്‍. അവയൊക്കെ വായിക്കാനായി എന്നെ തനിയെ വിട്ടു പപ്പയും മുറി വിട്ടു പോയി.

ആ കത്തുകള്‍ എന്റെ അമ്മയുടെ ജീവിതമായിരുന്നു. പപ്പയോടും എന്നോടുമുള്ള അമ്മയുടെ സ്നേഹത്തിലും കുഞ്ഞേട്ടനോടുള്ള സ്നേഹമാണ് പ്രതിഫലിച്ചിരുന്നത് എന്നും ഞാന്‍ ആ കത്തുകളിലൂടെ അറിഞ്ഞു. എന്റെ ജനനം മുതലുള്ള ഓരോ കുഞ്ഞു കാര്യങ്ങളും കുഞ്ഞേട്ടനുമായി പങ്കു വച്ചു കൊണ്ടുള്ള കത്തുകള്‍, എന്റെയും കണ്ണുകളെ നനയിച്ചു.  ഇത്രയും സ്നേഹവാനായ ഈ കുഞ്ഞേട്ടന്‍ എന്തു കൊണ്ടാണ് കുഞ്ഞാറ്റയെ തേടി ഒരിക്കലും വരാതിരുന്നത് എന്നതും എന്നെ ആകെ കുഴക്കുന്നു.

വിവാഹം കഴിഞ്ഞു അമേരിക്കയിലേക്ക് പോകുന്നതിനു മുന്‍പ് എന്റെ സ്നേഹമയിയായ അമ്മക്ക് ഞാന്‍ എന്തു സമ്മാനമാണ് കൊടുക്കേണ്ടതെന്നു പലവട്ടം ആലോചിച്ചിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ എനിക്കതിനു വ്യക്തമായ ഒരു ഉത്തരം ഉണ്ട്, എന്റെ അമ്മയുടെ പ്രിയപ്പെട്ട ഈ കുഞ്ഞേട്ടനെക്കാള്‍ വലിയൊരു സ്നേഹസമ്മാനം വേറെ എന്തുണ്ട് ഈ  ലോകത്തില്‍? പ്രിയപ്പെട്ട മാമാ,എന്റെ ഈ അപേക്ഷ സ്വീകരിക്കില്ലേ? എന്റെ വിവാഹത്തിന് മാമന്‍ വരില്ലേ..വാവയുടെ അമ്മുവിനെ അനുഗ്രഹിക്കില്ലേ? (അമ്മു, മാമന്‍ എന്നെ വിളിക്കാന്‍ പണ്ടേ കരുതി വച്ചിരുന്ന പേരാണ് എന്നു ഇന്ന് എനിക്കും അറിയാം.)


ഏറെ പ്രതീക്ഷകളോടെയും സ്നേഹത്തോടെയും 
മാമന്റെ അമ്മു


കൂടെയുള്ള കല്യാണക്കുറിയിലെ അക്ഷരങ്ങള്‍  കണ്ണീര്‍ പാടയിലൂടെ അവ്യക്തമാവുമ്പോള്‍, അമ്മുവിന്‍റെ കല്യാണത്തിന് പോകണം എന്നു ഉള്ളില്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

* * * **********************

കാറിന്റെ പിന്‍സീറ്റില്‍ പുറത്തേക്ക്  നോക്കിയിരുന്നു. നീണ്ട് പരന്ന് കിടക്കുന്ന തെങ്ങിന്‍‌തോപ്പുകള്‍ക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന ടാര്‍ നിരത്ത്. ഡ്രൈവര്‍ കാര്‍ നിര്‍ത്തി ആരോടോ വഴി ചോദിച്ചു. വയലിനു നടുവിലൂടെ പോകുന്ന ചെമ്മണ്‍പാതയിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ നിരത്തിന്റെ അങ്ങെ അറ്റത്ത് വിവാഹപന്തലും ആളുകളെയും കാണാന്‍   തുടങ്ങി. ദൂരെ നിന്ന് തന്നെ വലിയൊരു നാലുകെട്ടിന്റെ ഗോപുരം കാണാമായിരുന്നു. അടുത്തെത്തിയതോടെ വിശാലമായ മുറ്റത്ത് കെട്ടിയുര്‍ത്തിയ അലങ്കരിച്ച പന്തല്‍ , നിറയെ വിരുന്നുകാര്‍. ചുറ്റും അപരിചിതരായ ആള്‍ക്കാര്‍...

പൊടുന്നനെയാണ് വെളുത്തു അല്പം  തടിച്ച ഒരു സ്ത്രീ അടുത്തേക്ക്  ഓടിയെത്തിയത്. അടുത്തെത്തിക്കഴിഞ്ഞേ മനസ്സിലായുള്ളു, എന്റെ വാവ, എന്റെ കുഞ്ഞാറ്റ!


നേരേ മുന്നില്‍ വന്ന് ഒരു നിമിഷം അവള്‍ നിന്നു, കണ്ണുകളില്‍ അവിശ്വസനീയതയും, ആഹ്ലാദവും ഒക്ക മാറി മാറി പ്രതിഫലിക്കുന്നുണ്ടായിരുന്നു. പൊടുന്നനെ പൊട്ടിക്കരഞ്ഞുകൊണ്ട് അവളെന്റെ കാലുകളിലേക്ക് വീണു,

‘എന്റെ കുഞ്ഞേട്ടന്‍ വന്നല്ലോ, ഈ വാവയോട് പൊറുത്തല്ലോ ...’

വാവയെ പിടിച്ചെഴുന്നേല്‍പ്പിച്ച്,  ചേര്‍ത്ത് പിടിച്ച് മെല്ലെ കവിളില്‍ തലോടി . പെട്ടെന്ന് അവള്‍ കണ്ണുകള്‍ തുടച്ച്, എന്റെ കൈ പിടിച്ച് വലിച്ച് ആള്‍ക്കാരുടെയിടയിലൂടെ ഒരു കൊച്ചുകുട്ടിയേപ്പോലെ മുന്നോട്ട് നടന്നു. ഇതെല്ലാം കണ്ട്കൊണ്ട് നിന്നിരുന്ന അവളുടെ ഭര്‍ത്താവിന്റെ അടുത്തെത്തി വാവ പറഞ്ഞു,

‘നോക്കു ജോസച്ചായാ, എന്റെ കുഞ്ഞേട്ടന്‍ വന്നു’

പുഞ്ചിരിച്ചു കൊണ്ട് ജോസിന്റെ നേര്‍ക്ക് കൈനീട്ടാന്‍ ഒരുങ്ങുമ്പോഴേക്കും വാവ എന്റെ കൈപിടിച്ച് വലിച്ച് അകത്തേക്ക് നടന്ന് കഴിഞ്ഞിരുന്നു. പൊടുന്നനെ അവള്‍ കുഞ്ഞേട്ടന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി നടന്നിരുന്ന പഴയ  വാവയായത് പോലെ!


അകത്തേ മുറിയില്‍ സര്‍വ്വാഭരണവിഭൂഷിതയായി, മണവാട്ടിയായി ഒരുങ്ങിയിരിയ്ക്കുന്ന അമ്മുവിന്റെ അടുത്തേക്കാണ് വാവ എന്നെ കൂട്ടിക്കൊണ്ടുപോയത്.

‘മാമന്‍...’ അവള്‍ അടുത്തേക്ക് വന്നു. ‘എനിക്കറിയാമായിരുന്നു മാമന്‍ വരുമെന്ന്’...’

‘മോളേ മാമന് ദക്ഷിണ കൊടുക്കൂ’

കാലില്‍ തൊട്ടു നമസ്കരിച്ച അമ്മുവിന്റെ തലയില്‍ തൊട്ടനുഗ്രഹിച്ച്, ചേര്‍ത്ത് പിടിച്ച് മുര്‍ദ്ധാവില്‍ ചുംബിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
 "പള്ളിയിലേക്കിറങ്ങാന്‍ നേരമായി"  ആരോ വിളിച്ച് പറഞ്ഞു,


അമ്മുവിന്റെ കൈ പിടിച്ച്  പുറത്തേക്കു നടക്കുമ്പോള്‍ മനസ്സില്‍ മറ്റൊരു ചിത്രമായിരുന്നു, വിവാഹ വസ്ത്രങ്ങളണിഞ്ഞ്  മണവാട്ടിയായൊരുങ്ങിയ വാവയെ വിവാഹപ്പന്തലിലേക്കാനയിക്കുന്ന കുഞ്ഞേട്ടന്റെ ചിത്രം!


തലക്കെട്ടിനു കടപ്പാട്: ശ്രീ.അനില്‍കുമാര്‍.സി.പി.യുടെ വരുവാനില്ലെനിക്കായൊരു കത്ത്, എങ്കിലും ... എന്ന പോസ്റ്റ്‌ 

Sunday, April 17, 2011

പാട്ടു മറന്നൊരു പൂങ്കുയില്‍...തിങ്കളാഴ്ചയുടെ തിരക്കിനിടയില്‍  ഇന്റര്‍കോം ശബ്ദിച്ചപ്പോള്‍ ദേഷ്യമാണ് വന്നത്. ആ റിസപ്ഷനിലെ കുട്ടിയോട് പലതവണ പറഞ്ഞിട്ടുള്ളതാണ് തിരക്ക് സമയങ്ങളില്‍ ആരെയും അകത്തേക്കു വിടരുതെന്ന് ... എന്നാലും ഇടയ്ക്കിടെ  ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. രണ്ടു മൂന്നു തവണയായപ്പോള്‍ ദേഷ്യത്തോടെ റിസീവര്‍ എടുത്തു,

'സാര്‍,രണ്ടുപേര്‍ കാണാന്‍ വന്നിരിക്കുന്നു,അത്യാവശ്യം എന്ന് പറഞ്ഞത് കൊണ്ടാണ് വിളിച്ചത്..." ആവശ്യത്തിലേറെ ഭവ്യതയോടെയുള്ള  റിസപ്ഷനിസ്റ്റിന്റെ സംസാരം.

"ആരാണ്, കസ്റ്റമേഴ്സാണോ?"

അല്ല സാര്‍, പേര്‍സണല്‍ ആണെന്ന് പറയുന്നു"

ശരി, ഒരു പത്തു മിനിറ്റ് വെയിറ്റ് ചെയ്യാന്‍ പറയു..."

"ഓക്കേ സാര്‍.."  

ഫയലുകളുടെ തിരക്കിലേക്ക് ഊളിയിട്ടപ്പോള്‍ സമയം കടന്നു പോയത് അറിഞ്ഞതേയില്ല.....  വീണ്ടും ഇന്റര്‍കോം ശബ്ദിച്ചു,

 "സാര്‍, അവര്‍ വെയിറ്റ് ചെയ്യുന്നു "

അപ്പോഴാണ് വാച്ചില്‍ നോക്കിയത്, പത്തു മിനിറ്റ് എന്നത് മണിക്കൂറുകള്‍ ആയിരിക്കുന്നു!

"ഓ, അവരോടു വരാന്‍ പറയു"

നിമിഷങ്ങള്‍ക്കുള്ളില്‍ കതകു തുറന്നു ഒരു പെണ്‍കുട്ടിയും പിന്നാലെ അവളുടെ അച്ഛന്‍ എന്ന് തോന്നിക്കുന്ന പ്രായമായ ഒരാളും അകത്തേക്കു വന്നു.ആദ്യം അല്പം സംഭ്രമിച്ചു നിന്നിട്ട്, പെണ്‍കുട്ടി പെട്ടന്ന് തന്റെ കാലു തൊട്ടു തൊഴുതപ്പോള്‍ ‍, അറിയാതെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു, കൈ അവളുടെ തലയില്‍ വെക്കുകയും ചെയ്തു.കണ്ടുനിന്ന അവളുടെ അച്ഛന്റെ മിഴികളിലെ നീര്‍ത്തിളക്കം, തന്റെ കണ്‍കോണിലും...

"ഞാന്‍ ജോസ്, കുഞ്ഞേട്ടന് എന്നെ അറിയാമോ എന്നറിയില്ല,പക്ഷേ ഗൌരിക്ക് എന്നെ അറിയാം"

ഉള്ളില്‍ ഒരു കൊടുംകാറ്റു  വീശി, ജോസ്, അപ്പോള്‍ കൂടെയുള്ള പെണ്‍കുട്ടി? 

"ഇതു എന്റെ മകള്‍ ജോസഫീന, അമ്മു എന്നാണ് വിളിക്കുന്നത്‌"

തന്റെ കണ്ണുകള്‍ ആരെയോ തേടുന്നത് കണ്ടറിഞ്ഞ പോലെ ജോസ് പറഞ്ഞു,

"ഇല്ല, വന്നിട്ടില്ല...."

വികാരവിക്ഷോഭം കൊണ്ടു വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ നിന്ന തന്റെ കൈ പിടിച്ചു ജോസ് വീണ്ടും തുടര്‍ന്നു...

"കുഞ്ഞാറ്റക്കു ഒരുപാടു ആഗ്രഹമുണ്ടായിരുന്നു,ഈ കുഞ്ഞേട്ടനെ ഒരിക്കലെങ്കിലും ഒന്നു കാണാന്‍,മാപ്പു ചോദിയ്ക്കാന്‍, പക്ഷേ... കുഞ്ഞേട്ടന്‍ അവളോട്‌ ക്ഷമിക്കുമോ എന്നായിരുന്നു അവളുടെ ഭയം, അതവള്‍ക്ക്‌ താങ്ങാനാവില്ല,അതിനാലാണ് ഒരിക്കലും കുഞ്ഞാറ്റ കാണാന്‍ ശ്രമിക്കാതിരുന്നത് . പക്ഷേ, ഇപ്പോള്‍ അവള്‍ക്കു വേണ്ടിയാണ് ഞാനും മോളും വന്നിരിക്കുന്നത്"

ചോദ്യഭാവത്തില്‍ ജോസിനെ നോക്കാന്‍ മാത്രമേ അപ്പോള്‍ കഴിഞ്ഞുള്ളു. ഉള്ളില്‍ അലറുന്ന ഓര്‍മകളുടെ തിരമാലകള്‍...വാക്കുകള്‍ തൊണ്ടയില്‍ തടയുന്നു...
............

അവരോടൊപ്പം കാറില്‍ ഇരിക്കുമ്പോള്‍, പുറത്തെ കാഴ്ചകള്‍ക്കൊപ്പം കാലങ്ങളും പിന്നോട്ട് ഓടിക്കൊണ്ടിരുന്നു.

അകലെയെവിടെയോ നിന്നെന്ന പോലെ 'കുഞ്ഞേട്ടാ'എന്ന തേനൂറുന്ന വിളി, തന്റെ വാവയുടെ മാത്രമായ ആ വിളിയുടെ മാസ്മരികതയില്‍ കണ്ണുകള്‍ പൂട്ടി.ആഹ്ലാദത്തിന്റെ, കുസൃതികളുടെ  ആ  പൂക്കാലം കണ്മുന്നില്‍ തെളിഞ്ഞു....

വാവയുടെയും തന്റെയും  പൊട്ടിച്ചിരികള്‍ നിറഞ്ഞുനിന്ന വീട്ടിലേക്ക് കണ്ണീരും മൌനവും കുടിയേറിയത് എന്നാണ്? കാലത്തിന്റെ കല്പടവുകളിലൂടെ   വാവ പിന്നെയും കയറി വരുന്നു, മനസ്സിലേക്കും ജീവിതത്തിലേക്കും... ജീവിതത്തിരക്കില്‍ അല്പം മങ്ങലേറ്റിട്ടുണ്ടെങ്കിലും വാവയുടെ മുഖം  ഒരിക്കലും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ലല്ലോ...

കൈത്തണ്ടയിലെ നനുത്ത, മൃദുവായ സ്പര്‍ശനത്തിലൂടെ അമ്മു , ഓര്‍മകളുടെ ലോകത്ത് നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണുകള്‍ തുറപ്പിച്ചു.  'മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്പിറ്റല്‍' എന്നെഴുതിയ ബോര്‍ഡ് ഉള്ളം വിറപ്പിച്ചു. ഒരു ബലത്തിനെന്നോണം  അമ്മുവിന്‍റെ കൈയില്‍ മുറുകെ പിടിച്ചുകൊണ്ടു അവളോടൊപ്പം പതിയെ നടന്നു.


അങ്ങിങ്ങായി നരവീണ മുടിയും ക്ഷീണിച്ച മുഖവുമായി ആശുപത്രിക്കിടക്കയിലെ  രൂപം, ഓര്‍മകളിലെ വാവ ചില്ലുകഷണങ്ങളായി ചിതറി...  

കൊളസ്ട്രോള്‍ കുറക്കാന്‍ വേണ്ടിയുള്ള സ്റ്റാറ്റിന്‍ മരുന്നിന്റെ നിരന്തരമായ ഉപയോഗം, വാവയുടെ മസ്തിഷ്ക്കത്തെ ബാധിച്ചിരിക്കുന്നു.ഓര്‍മകളില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നു.ആരെയും തിരിച്ചറിയാനാവാത്ത രീതിയില്‍,കുഞ്ഞാറ്റ മാറിയിരിക്കുന്നു...!!  

"വാവേ" ഹൃദയത്തില്‍ തിക്കുമുട്ടിയ വിളി കരച്ചിലായാണ് പുറത്തു വന്നത്. 

പ്രതീക്ഷയുടെ നനവും പേറി ജോസും അമ്മുവും...

ഒന്നു മുഖമുയര്‍ത്തി തന്നെ നോക്കുക പോലും ചെയ്യാത്ത വാവയെ കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല.വാരിയെടുത്ത് മാറോടു ചേര്‍ക്കുമ്പോഴും ആ കണ്ണുകള്‍ നിര്‍വികാരമായിരുന്നു...!

അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട ജോസ്, തളര്‍ന്നു കട്ടിലിന്റെ കാല്‍ക്കല്‍ തലചായ്ചു വിതുമ്പുമ്പോള്‍ അമ്മുവിന്‍റെ കരച്ചില്‍ പൊട്ടിക്കരച്ചിലായി മുറിയില്‍ നിറഞ്ഞു...  
 
  

Sunday, March 13, 2011

അറിയപ്പെടാത്ത ഗാന്ധാരിരണ്ടു കയ്യിലും ചായ ഗ്ലാസ്സുമായി ഭര്‍ത്താവിനടുത്തെത്തി ലക്ഷ്മിയേടത്തി.അതാണ്‌ എന്നും വൈകുന്നേരം അവരുടെ പതിവ്. മാവിന്‍ചുവട്ടില്‍ ഇട്ടിരിക്കുന്ന ചാരുകസേരയില്‍ വായനയില്‍ ആയിരിക്കും മാഷ്‌ എന്ന് നാട്ടുകാരും വീട്ടുകാരും വിളിക്കുന്ന ശങ്കരേട്ടന്‍ . അടുത്തുള്ള ടിപ്പോയ്  മേല്‍ പത്രങ്ങളും മാസികകളും പുസ്തകങ്ങളും. മാവിന്റെ കൊമ്പില്‍ തൂങ്ങിയാടുന്ന ഊഞ്ഞാലാണ് ലക്ഷ്മിയേടത്തിയുടെ  ഇരിപ്പിടം. 

 ആരോ പടി തുറക്കുന്ന ശബ്ദം കേട്ട്, ചായ ഗ്ലാസ്സുകള്‍ ടീപ്പോയ്മേല്‍ വച്ച്, അതാരെന്നു നോക്കാന്‍ ലക്ഷ്മിയേടത്തി പോയി. ശങ്കരേട്ടന്‍ തന്റെ ചായഗ്ലാസ്സ് കയ്യിലെടുത്തു. പിന്നെയൊരു വിചാരത്തില്‍ അത് തിരിച്ചു വച്ച് , ലക്ഷ്മിയേടത്തിയുടെ ഗ്ലാസ്സെടുത്ത് ഒന്ന് മൊത്തി. ശങ്കരേട്ടന് പ്രമേഹമുള്ളതിനാല്‍ ചായയില്‍ മധുരം ചേര്‍ക്കാറില്ല. ഒരു കുസൃതിയിലാണ് ലക്ഷ്മിയേടത്തിയുടെ ചായയെടുത്തു കുടിച്ചത്. പക്ഷേ, അതിനും മധുരമുണ്ടായിരുന്നില്ല...!

ലക്ഷ്മിയേടത്തി തിരിച്ചു വന്നപ്പോള്‍ ശങ്കരേട്ടന്‍ ചോദിച്ചു,"എന്താ തന്റെ ചായയില്‍ മധുരം ചേര്‍ക്കാന്‍ മറന്നോ?"
ഒരു മന്ദഹാസം ലക്ഷ്മിയേടത്തിയുടെ മുഖത്ത് വിരിഞ്ഞു," മാഷ്ക്ക് ,മധുരം കഴിക്കാന്‍ പറ്റാണ്ടായപ്പോ മുതല്‍ക്കു ഞാനും അതങ്ങട് വേണ്ടാന്നു വച്ചു"

സമര്‍പ്പണം: മധുരം ഇഷ്ടപ്പെടുന്ന, മധുരം കഴിക്കാത്ത എന്റെ അമ്മക്ക് എട്ടാം ക്ലാസ്സുകാരി നല്‍കിയത് ...!


Wednesday, January 5, 2011

ലെഡ് - നാം അറിയേണ്ട മറ്റൊരു കൊലയാളിനമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത  ഭാഗമായി തീര്‍ന്നിരിക്കുന്ന പല സാധനങ്ങളിലും അടങ്ങിയിരിക്കുന്ന ഒരവിഭാജ്യ ഘടകമാണ് ലെഡ്. നാം പോലും അറിയാതെ ഈ ലെഡ് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. രക്തത്തിലെ ലെഡ് നില കണക്കാക്കുന്നത് മൈക്രോഗ്രാമിലാണ്.അതായതു,ഒരു  ഡെസിലിറ്റര്‍ രക്തത്തില്‍ ഉണ്ടായിരിക്കേണ്ട ലെഡിന്റെ അളവ് വെറും പത്തു മൈക്രോഗ്രാമിലും താഴെയാണ്.  ( 9.9m/dl)


ഈ ലെവല്‍ കൂടുന്നത് നമ്മുടെ പല അവയവങ്ങളെയും ബാധിക്കും.നാഡീ വ്യൂഹം, ഹൃദയ ധമനികള്‍ ,പ്രത്യുല്‍പ്പാദനാവയവങ്ങള്‍ ,ദഹനേന്ദ്രിയങ്ങള്‍ , രക്ത ധമനികള്‍ തുടങ്ങി എല്ലാ അവയങ്ങള്‍ക്കും തകരാറുണ്ടാക്കും. ലെഡ് എന്ന വിഷം മസ്തിഷ്ക്കത്തെയും നാഡീവ്യൂഹത്തെയും  ബാധിക്കുന്നതിന്റെ ഫലമായി  ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രത്യുല്‍പ്പാദനശേഷിയില്ലായ്മയും ഉണ്ടാവാറുണ്ട്. ലെഡിന്റെ അംശം വന്‍തോതില്‍ നമ്മുടെ ശരീരത്തിനുള്ളില്‍ എത്തിയാല്‍ അബോധാവസ്ഥയില്‍ ആവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാമെന്ന് വിദഗ്ദര്‍ പറയുന്നു.മണ്ണില്‍ കലരുന്ന ലെഡ് കുടിവെള്ളത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന സൌന്ദര്യവര്‍ധക  വസ്തുക്കള്‍ , പ്ലാസ്റ്റിക് സാധനങ്ങള്‍ എന്തിനധികം, ആവശ്യത്തിലേറെ ചൂടാക്കി, അല്ലെങ്കില്‍ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ആഹാര സാധനങ്ങള്‍ ,    പ്രത്യേകിച്ചും ലോഹപാത്രങ്ങളില്‍ .... എല്ലാം ലെഡ് ശരീരത്തിലെത്താന്‍  സഹായിക്കുന്ന  ചില ഘടകങ്ങള്‍ മാത്രം!കുട്ടികള്‍ക്ക് നമ്മള്‍ സ്നേഹപൂര്‍വ്വം വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങള്‍ , അവയില്‍ അടങ്ങിയിരിക്കുന്ന ലെഡിനെപ്പറ്റി നമ്മള്‍ ഒട്ടും ഉല്‍ക്കണ്ഠപ്പെടാറില്ല. എന്നാല്‍, ആ സ്നേഹത്തിലൂടെ നമ്മള്‍ അവരെ മരണത്തിലേക്കാണ് അയക്കുന്നതെന്ന വസ്തുത ഇനിയെങ്കിലും ഒന്നോര്‍ത്തെങ്കില്‍ !

അതുപോലെ ഇ - വേസ്റ്റ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മാലിന്യത്തിലെ രാസവസ്‌തുക്കളില്‍ മുഖ്യസ്ഥാനം ലെഡിനാണ്. ഉപയോഗശൂന്യമായ ബാറ്ററികള്‍ മുതല്‍ എല്ലാത്തരം സാധനങ്ങളും കൂടിക്കിടന്നു അവയില്‍ നിന്നും  ഉണ്ടാകുന്ന പുക അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്ന മാലിന്യത്തെക്കുറിച്ച്, അവ ശ്വസിക്കുന്ന നമ്മളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ആവശ്യം കഴിഞ്ഞു വലിച്ചെറിയുമ്പോള്‍ അത് തനിക്ക് തന്നെ വിനയാകുമെന്നു നമ്മില്‍ ആരും ഓര്‍ക്കാറില്ല.

ബാറ്ററിയിലും  പിക്‌ചര്‍ട്യൂബിലും ഇത്‌ കനത്ത തോതില്‍ അടങ്ങിയിരിക്കുന്നു. പിക്‌ചര്‍ട്യൂബില്‍ 2 കി.ഗ്രാം ലെഡ് അടങ്ങിയിരിക്കുന്നു.  സര്‍ക്യൂട്ട്‌ ബോര്‍ഡുകളിലെ  സോള്‍ഡറിംഗിലും ഇതിന്റെ സാന്നിദ്ധ്യം ഉണ്ട്‌. നാഡിവ്യൂഹത്തിനും രക്തചംക്രമണത്തിനും കിഡ്‌നിക്കും സാരമായ തകരാറുകള്‍ സൃഷ്‌ടിക്കാന്‍ ഈ മൂലകത്തിനാകുമെന്നത്‌ ശാസ്ത്ര സമൂഹത്തെയെന്നപോലെ സാധാരണക്കാരെയും ആശങ്കാകുലരാക്കുന്നു.കുട്ടികളിലെ ബുദ്ധിവികാസത്തെയും ഇത്‌ പ്രതികൂലമായി  ബാധിക്കും. 1997 നും 2004 നും മധ്യേ കംപ്യൂട്ടര്‍ മാലിന്യങ്ങളില്‍ നിന്നു മാത്രം 600 ദശലക്ഷം കി.ഗ്രാം ലെഡ്‌ ഭൂമുഖത്ത്‌ അടിഞ്ഞുകൂടപ്പെട്ടിട്ടുണ്ട്‌.

ലെഡിന്റെ അംശം മണ്ണിലൂടെ ആഴ്ന്നിറങ്ങി ഭൂഗര്‍ഭ ജലാശയത്തില്‍ ലയിച്ചുണ്ടാവുന്ന ഭവിഷ്യത്ത്, വന്‍ അപായസൂചനയാണ്‌ നല്‍കുന്നത്.

ഈ വിഷയത്തെപ്പറ്റി എന്റെ കൂട്ടുകാരായ നിങ്ങളോട് ചര്‍ച്ച ചെയ്യണം എന്നു തോന്നാന്‍ കാരണം,ഇവിടെ നമ്മുടെ കൂട്ടത്തില്‍ ശലഭം പോല്‍ പാറി നടക്കാനാഗ്രഹിച്ച  ജിത്തു എന്ന സുജിത് കുമാറിനെ വീല്‍ ചെയറില്‍ തളച്ചിട്ടത് ഈ ലെഡ് എന്ന മാരക വസ്തു ആണെന്ന തിരിച്ചറിവാണ്.... അതിനു കാരണമായതോ,ഇഷ്ടജോലിയായ ഇലക്ട്രോണിക് റിപ്പയറിങ്ങും!! ജിത്തുവിന്റെ രക്തത്തിലെ ലെഡിന്റെ അളവ് 32m/dl ആണ് എന്ന് പറയുമ്പോള്‍ അതിന്റെ രൂക്ഷത ഊഹിക്കാവുന്നതാണല്ലോ. അതിനാല്‍ ,വിഷമത്തോടെയാണെങ്കിലും ആ ജോലി ഉപേക്ഷിച്ചു,പുതിയൊരു മേഖല തേടുകയാണ് ജിത്തു. തന്റെ അനുഭവം മറ്റുള്ളവര്‍ക്ക് ഒരു സന്ദേശമായെങ്കില്‍ എന്നും ജിത്തു ആഗ്രഹിക്കുന്നു...


ചിത്രങ്ങള്‍ക്ക് കടപ്പാട്:ഗൂഗിള്‍  


Related Posts Plugin for WordPress, Blogger...