Tuesday, February 7, 2012

ദുരന്ത നിവാരണത്തിന്റെ പാശ്ചാത്യമുഖം...!


അര്‍ദ്ധരാത്രിയിലെപ്പോഴോ ഫയര്‍ അലാറം അടിക്കുന്നതു കേട്ടാണ് ഉറക്കമുണര്‍ന്നത്. എന്നിട്ടും കംഫര്‍ട്ടറിന്റെ ഇളം ചൂടിനുള്ളില്‍ നിന്നും പുറത്ത് വരാന്‍ മടിച്ചു കിടന്നു . പക്ഷേ,  തുടര്‍ച്ചയായി മുഴങ്ങിക്കൊണ്ടിരുന്ന അലാറം അതിനനുവദിച്ചില്ല. മനസ്സില്ലാമനസ്സോടെ എണീറ്റ്‌ വന്നപ്പോഴേക്കും ഭര്‍ത്താവ്, വിന്റര്‍  ജാക്കറ്റും ബൂട്ട്സും മഫ്ളറും  എല്ലാമായി  റെഡിയായിക്കഴിഞ്ഞിരുന്നു.... പെട്ടന്ന് തന്നെ അങ്കപ്പുറപ്പാടിനെന്നോണം തയ്യാറായി,വീടിന്റെയും കാറിന്റെയും താക്കോലുമെടുത്ത് ഞങ്ങള്‍ പുറത്തിറങ്ങി... 


കോറിഡോറിലെങ്ങും ആരെയും കാണുന്നില്ല, ഏതു ഫ്ളോറില്‍  ആണ് അപകടം നടന്നതെന്നും അറിയില്ല.... എന്തായാലും താഴേക്ക്‌ പോകാം എന്നുറച്ച് ലിഫ്റ്റിനടുത്തേക്ക് നടന്നു. അപ്പോഴതാ മൈക്കിലൂടെ വരുന്നു ഒരറിയിപ്പ് , ദയവായി ലിഫ്റ്റ്‌ ഉപയോഗിക്കാതിരിക്കുക പകരം പടിക്കെട്ടുകള്‍ ഉപയോഗിക്കുക...! ഇരുപത്തിനാലാമത് നിലയില്‍ നിന്നും പടിക്കെട്ടുകള്‍ ഇറങ്ങി താഴെയെത്തുമ്പോള്‍ സ്ഥിതി എന്താവുമെന്ന്‌ ഒരേകദേശരൂപം ഉണ്ടായിരുന്നെങ്കിലും നിവര്‍ത്തിയില്ലാത്തതിനാല്‍ , പടിക്കെട്ടിലേക്കുള്ള വാതില്‍ തുറന്നപ്പോഴാണ് വൈകി പുറപ്പെട്ടവര്‍ ഞങ്ങള്‍ മാത്രമല്ല എന്ന്‌ സമാധാനമായത്... ആള്‍ക്കൂട്ടത്തില്‍ ലയിച്ച് ഒരരുവി പോലെ  താഴേക്ക്‌ ഒഴുകിയിറങ്ങുമ്പോള്‍ അടുത്ത അറിയിപ്പ്, ഏഴാം  നിലയിലാണ്  തീപ്പിടുത്തം, അതിനു മുകളിലുള്ളവര്‍   പടിക്കെട്ടിറങ്ങി വരുമ്പോള്‍ ജാഗ്രത പാലിക്കുക. അറിയിപ്പ് കേട്ടതും പടിക്കെട്ടില്‍ ആരവമായി.ഈ ബഹളത്തിലും ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം പറയാതെ വയ്യ. തിക്കിത്തിരക്കിയും മറ്റുള്ളവരെ തള്ളിമാറ്റിയും  ബഹളമുണ്ടാക്കി പോകുന്നവര്‍ ഏഷ്യന്‍ വംശജര്‍ ആണെന്നത്... അതേസമയം സായിപ്പുമാര്‍ എന്ന്‌ നാം വിളിക്കുന്നവര്‍ ,വളരെ അച്ചടക്കത്തോടും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും വരിവരിയായി ഇറങ്ങിപ്പോകുന്ന  കാഴ്ച അല്‍പ്പം ചമ്മലോടെയേ  വിവരിക്കാനാവൂ... താഴെ ലോബിയിലും എത്ര അച്ചടക്കവും സംയമനവും അവര്‍  പാലിക്കുന്നു എന്നതും ഒട്ടൊരു അതിശയത്തോടെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. പ്രത്യേകിച്ചും നമ്മളൊക്കെ കാണിക്കുന്ന അക്ഷമ, സ്വന്തം കാര്യം നോക്കല്‍ എല്ലാം കാണുമ്പോള്‍ .... !


ഞങ്ങള്‍ താഴെ എത്തുമ്പോഴേക്കും ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് , പോലീസ്, പാരാമെഡിക്കല്‍ സര്‍വീസ്, ആംബുലന്‍സ് ഒക്കെ എത്തിക്കഴിഞ്ഞിരുന്നു.ഫയര്‍ സര്‍വീസുകാര്‍ അവരുടെ പ്രവര്‍ത്തങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. ഒപ്പം പോലീസും ... ഇതിനിടയില്‍ ഏഴാം നിലയിലെ കോറിഡോറില്‍ പുക വ്യാപിച്ചു കഴിഞ്ഞിരുന്നതിനാല്‍ ആ നിലയിലുള്ള ചിലര്‍ അവരുടെ ഫ്ളാറ്റുകളില്‍ കുടുങ്ങിപ്പോയിരുന്നു. അവര്‍ നല്‍കിയ അലാറം അനുസരിച്ച് അവരെ രക്ഷിക്കാനായി ഫോഴ്സ് സജ്ജമായി. മഞ്ഞുപെയ്യുന്ന ആ രാവില്‍ മൈനസ് ഡിഗ്രി തണുപ്പും വകവെക്കാതെ, ബാല്‍ക്കണിയില്ലാത്ത ബില്‍ഡിങ്ങിലേക്ക് മുകളില്‍ നിന്നും കയര്‍ ഏണിയിലൂടെ ഇറങ്ങി വന്ന്, ജനല്‍ ചില്ലുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഉടച്ചു അകത്തു കയറുകയും  ഓരോരുത്തരെയായി ഏണിയിലൂടെ താഴേക്കിറക്കി രക്ഷപ്പെടുത്തുകയും ചെയ്യുന്ന കാഴ്ച , ശ്വാസം അടക്കിപ്പിടിച്ചു നിന്നാണ് കണ്ടത്.     


ഇതിനകം മറ്റൊരു സംഘം തീ പടരുന്നത്‌ തടഞ്ഞു, നിയന്ത്രണാധീനമാക്കിയിരുന്നു... ആര്‍ക്കും കാര്യമായ അപകടം ഒന്നുമുണ്ടായില്ല എന്ന്‌ പറയുമ്പോഴും  തീ പിടിച്ച ഫ്ളാറ്റിലെ വീട്ടമ്മക്ക്  മക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കൈക്ക് സാരമല്ലാത്ത പൊള്ളലേറ്റിരുന്നു. താഴെ കാത്തു നിന്നിരുന്ന പാരാമെഡിക്കല്‍ ടീം നല്‍കിയ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അവരെ ആംബുലസില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവരുടെ ഭര്‍ത്താവും  കുട്ടികളും  മാനസികമായി തളര്‍ന്നു പോയതിനാല്‍ അവരെയും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസം തന്നെ അവരെല്ലാം ആശുപത്രി വിട്ടു വരികയും ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് വക ഒരു ക്ളാസ് , ഞങ്ങളുടെ ബില്‍ഡിങ്ങിലെ അന്തേവാസികള്‍ക്കായി നടത്തപ്പെടുകയുണ്ടായി.ആ ക്ളാസ്സില്‍ ആദ്യം അവര്‍ വിശകലനം ചെയ്തത്, ആ തീപ്പിടുത്തം എങ്ങിനെയുണ്ടായി എന്നതായിരുന്നു. നാലുവയസുള്ള കുഞ്ഞ് തീപ്പെട്ടി കൊണ്ട് കളിച്ചത്,  ആ കുട്ടിക്ക് കയ്യെത്തും ദൂരത്ത്  തീപ്പെട്ടി സൂക്ഷിച്ചത് ഒക്കെ മുതിര്‍ന്നവരുടെ അശ്രദ്ധ ഒന്നു മാത്രമായിട്ടാണ് അവര്‍ വ്യാഖ്യാനിച്ചത്. തീപ്പെട്ടിക്കൊള്ളികള്‍ ഉരച്ചു കത്തിച്ചും അണച്ചും രസിച്ച കുഞ്ഞ്, ആ കൊള്ളികള്‍ അവിടെ സോഫയിലിട്ടിട്ട്  ഉറങ്ങാനായി  പോയി. അണയാതിരുന്ന ഏതോ  ഒരു കൊള്ളി,അവിടെയിരുന്നു പുകഞ്ഞു പുകഞ്ഞു കത്തിപ്പിടിച്ചതായിരുന്നു ആ അപകടം. രാത്രിയില്‍ എല്ലാവരും ഉറക്കമായതിനാലായിരുന്നു അതറിയാന്‍ വൈകിയതും... പുകപടലം മുറിയില്‍ നിറഞ്ഞു ആദ്യം സ്മോക്ക്‌ അലാറം അടിക്കുകയായിരുന്നു. അത് കേട്ടുണര്‍ന്ന ഗൃഹനാഥനാണ് പുകയും തീയും കണ്ടതും  ഫയര്‍ അലാറം വലിച്ചതും...  

തുടര്‍ന്ന് അവര്‍ നല്‍കിയ വിശദമായ ക്ളാസ് വളരെ ഉപകാരപ്രദമായിരുന്നു. സ്മോക്ക്‌ അലാറം അടിക്കുമ്പോള്‍ നാം എന്താണ് ചെയ്യേണ്ടതെന്നും മറ്റും അവര്‍ വിശദമായി പറഞ്ഞു തന്നു. ഓരോ വീട്ടുകാര്‍ക്കും ഒരു പ്ളാന്‍ ഉണ്ടായിരിക്കണം എന്നും അതനുസരിച്ച് സമചിത്തതയോടെ പെരുമാറണമെന്നും അവര്‍ പറഞ്ഞപ്പോള്‍ ചിലരില്‍ പടര്‍ന്ന ചിരിയില്‍ പരിഹാസമായിരുന്നോ എന്നും സന്ദേഹം ...!എന്നാല്‍ , വിശദമായ പ്ളാനിംഗ് ഒരു മുന്‍കരുതല്‍ ആണെന്നതും അത് മൂലം അപകടത്തില്‍ നിന്നും രക്ഷപെടാന്‍  കഴിയും എന്നതും  വീഡിയോ സഹിതം കാണിച്ചപ്പോള്‍  ഹാളില്‍ പെട്ടന്നുണ്ടായ നിശബ്ദത, ആളുകള്‍ അതിന്റെ ഗൗരവം മനസിലാക്കി എന്നതിന്റെ സൂചന തന്നെയായിരുന്നു. 

സ്മോക്ക്‌ അലാറം അടിക്കുമ്പോള്‍ ഉണരുന്നവര്‍ , കഴിയുന്നതും മറ്റു അംഗങ്ങളെ കൂടി ഉണര്‍ത്താന്‍ ശ്രമിക്കുക, കഴിയുന്നത്ര വേഗം വീടിനു പുറത്ത് കടക്കാന്‍ ശ്രമിക്കുക, പുറം വാതില്‍ വലിച്ചടച്ചു വെക്കുക തുടങ്ങിയ കാര്യങ്ങള്‍ നിസ്സാരമായി തോന്നിയില്ല. വീടിനകത്ത് നിന്നും പുക പുറത്തേക്കു വ്യപിക്കാതിരിക്കാനാണ് വാതില്‍ അടക്കാന്‍ പറയുന്നത്. കഴിയുന്നത്ര വേഗത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് എത്തിപ്പെടാന്‍ ശ്രമിക്കേണ്ടതും ആണ്. കുടുംബാംഗങ്ങള്‍ക്ക് ഒരു മീറ്റിംഗ് പോയിന്റ്‌ പ്ളാനില്‍ ഉണ്ടായിരിക്കണം. എല്ലാവരും സുരക്ഷിതരാണോ എന്ന ടെന്‍ഷന്‍ ഇല്ലാതാക്കാന്‍ , മറ്റുള്ളവരെ തേടി നടന്നു കൂടുതല്‍ അപകടങ്ങള്‍ ഇല്ലാതാക്കാനുമൊക്കെ   ഈ പ്ളാനിംഗ് സഹായിക്കും. 

 ഇനി ഫയര്‍ അലാറം കേട്ടാണ് ഉണരുന്നതെങ്കില്‍ ,കഴിയുന്നത്ര വേഗം വീടിനു പുറത്ത് കടക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് പോകാന്‍ ശ്രമിക്കുകയും ചെയ്യണം. ഇവിടെയും മീറ്റിംഗ് പോയിന്റില്‍ സന്ധിക്കാം . ഇനി  അഥവാ കോറിഡോറില്‍ പുക വ്യാപിച്ചിട്ടുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വീട് ഭദ്രമായി അടച്ചു വെക്കുകയും പുക അകത്തേക്ക് കടക്കാതിരിക്കാന്‍ വാതില്‍ സീല്‍ ചെയ്യുകയും വേണം. എത്രയും വേഗം 911 - ഇല്‍ വിളിക്കുകയും ചെയ്യണം. അപ്പോഴേ, ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന് സഹായം എത്തിക്കാന്‍ കഴിയൂ. അങ്ങിനെയാണ് മുകളില്‍ ഏഴാംനിലയില്‍ കുടുങ്ങിപ്പോയവരെ അവര്‍ രക്ഷപ്പെടുത്തിയതും...എല്ലാത്തിനുമുപരി , സംയമനം പാലിക്കണം എന്നതും തിരക്കും ബഹളവും ഉണ്ടാക്കുന്നത് പ്രശ്നങ്ങള്‍ വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നതും അവര്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു . അതുപോലെ ,സ്മോക്ക്‌ അലാറം പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ വന്‍തുക പിഴയടക്കേണ്ടി വരും എന്നതും....!! 

ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവന്‍ പണയം വെച്ചും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ലോകത്തിലെ എല്ലാ  ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെയും സഹോദരങ്ങള്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ 
Related Posts Plugin for WordPress, Blogger...