Wednesday, December 16, 2009

കറുപ്പും വെളുപ്പുംഅവധിക്കാലം എന്നും ആഹ്ലാദകരമാണ്.മനസിനും ശരീരത്തിനും ഉത്സാഹം തോന്നുന്ന, ഉണര്‍വു തരുന്ന നാളുകള്‍ ...!
പതിവുപോലെ നാട്ടിലെത്തിയതിന്റെ അടുത്ത ദിവസം പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ അഖില,അനിയത്തിയുടെ മകള്‍ ചോദിച്ചു,
"വലിയമ്മ എങ്ങോട്ടാ, ഞാനും വരട്ടെ ?"

"വലിയമ്മയുടെ കൂടെ പോയാല്‍ നീ കുഴഞ്ഞു പോകത്തെയുള്ളൂ. അമ്മ,വഴിയില്‍ കാണുന്ന കാക്കയോടും പൂച്ചയോടും വരെ കുശലം പറഞ്ഞിട്ടേ വരൂ …യു ഫീല്‍ ബോര്‍ "

എന്നെക്കാള്‍ മുന്പേ മോള്‍ പറഞ്ഞ മറുപടി കേട്ടു വെറുതെ പുഞ്ചിരിച്ചു.

ചേച്ചി എങ്ങോട്ടാ, ഡ്രോപ്പ് ചെയ്യണോ എന്നു അനിയന്‍ ചോദിച്ചപ്പോഴും വേണ്ടാന്നു പറഞ്ഞു. നാട്ടിലെ വഴികളിലൂടെ, ഇളംകാറ്റുമേറ്റു പരിചയക്കാരോട് കുശലവും ചോദിച്ചു നടക്കുന്നതിന്റെ സുഖം വണ്ടിയില്‍ പോയാല്‍ കിട്ടില്ലല്ലോ.

ഡോക്ടര്‍ അങ്കിളിനെ കാണണം. അങ്കിളിനു വേണ്ടി വാങ്ങിയ സ്റ്റെത്തും  മറ്റും കിറ്റില്‍ എടുത്തു വയ്ക്കുന്നത് കണ്ടപ്പോള്‍ കൂടെ വരണമെന്ന് അഖിലമോള്‍ക്ക് നിര്‍ബന്ധം. അതു കൊണ്ട് അവളെയും കൂട്ടി, അമ്മയോട് യാത്രയും പറഞ്ഞിറങ്ങി.

അവിടവിടെ കുണ്ടും കുഴിയുമായ ടാറിട്ട റോഡിലൂടെ നടക്കുമ്പോള്‍ പഴയ മണല്‍വഴിയായിരുന്നു മനസ്സില്‍ . ഒരുവശത്തു പാടവും മറുവശത്തു വിശാലമായ പറമ്പുകളും അതിരിടുന്ന വീതിയുള്ള നടപ്പാത. വളവില്‍ നിന്നിരുന്ന നിറയെ കായ്ചിരുന്ന വാളന്‍പുളിമരവും അതിനപ്പുറത്തായി ഉണ്ടായിരുന്ന വലിയ കുളവും ഇന്നോര്‍മ്മ മാത്രം. ആ പുളിമരത്തിന്റെ ചുവട്ടില്‍ എപ്പോഴും കുട്ടികളുടെ ബഹളമായിരിക്കും.ആണ്‍കുട്ടികള്‍ കല്ലെറിഞ്ഞു പുളി വീഴ്ത്തുകയും പെണ്‍കുട്ടികള്‍ അതു പെറുക്കിയെടുത്ത് പങ്കു വയ്ക്കുന്നതും... എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ... ആ കുളത്തില്‍ ഉത്സവകാലത്ത് ആനകളെ കുളിപ്പിക്കുന്നതും, അതു കാണാന്‍ ചുറ്റും കൂടിയ കുട്ടികളുടെ ആര്‍പ്പുവിളിയും ഇപ്പോഴും കാതോരത്ത് കേള്‍ക്കുന്നതു പോലെ… ഓരോ വരവിലും മാറുന്ന ഗ്രാമത്തിന്റെ മുഖച്ഛായ  വ്യക്തമാകുന്നു. പരിഷ്ക്കാരത്തോടൊപ്പം മാറിയ ജീവിതശൈലി എന്റെ ഗ്രാമത്തെയും മാറ്റിക്കൊണ്ടിരിക്കുന്നു.

 വഴിയില്‍ പല പരിചയക്കാരെയും കണ്ടു. അവരുടെയൊക്കെ സ്നേഹത്തിനു മുന്നില്‍ കുറച്ചു നിമിഷങ്ങള്‍  . ഗ്രാമീണതയുടെ നിഷ്കളങ്കത ഇനിയും അന്യം നിന്നിട്ടില്ല എന്നറിയുന്നതിന്റെ ഒരാഹ്ലാദം മനസ്സില്‍ ..! അഖിലമോള്‍ , ഇടയ്ക്കിടെ കൈയില്‍ പിടിച്ചുവലിച്ചു കൊണ്ടിരുന്നതു കൊണ്ട്, പലരോടും ചെറിയ കുശലാന്വേഷണങ്ങള്‍ മാത്രം.

മൈതാനത്തിനടുത്തുള്ള വായനശാലയുടെ മുന്നില്‍ എത്തിയപ്പോള്‍ ,വെറുതെയൊന്നു അകത്തു കേറണമെന്ന് തോന്നി. അതിന്റെ ശോച്യാവസ്ഥ കണ്ടപ്പോള്‍ വളരെ വിഷമമായി. ഇപ്പോഴത്തെ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും വായനശാല വേണ്ടാതായിരിക്കുന്നു. എല്ലാത്തിനും ഇന്റര്‍നെറ്റ്‌ മതി എന്ന അവസ്ഥയാണല്ലോ. വായനശാലയുടെ പ്രധാന ഹാളില്‍ പത്രം മറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന ഒന്നുരണ്ടു വൃദ്ധരെയല്ലാതെ, ആരെയും കാണാനില്ല ….!! പുസ്തകങ്ങള്‍ പൊടിപിടിച്ചും, ചിതല്‍ കേറിയും ആകെ നാശമായി കിടക്കുന്നു. ബുക്ക്‌ഷെല്‍ഫുകളുടെ നീണ്ട ഇടനാഴികളിലൂടെ നടന്നപ്പോള്‍ , മനസ് കൌമാരത്തിലേക്ക് ഓടിപ്പോയി. ഈ ഇടനാഴികള്‍ക്ക് എന്തെല്ലാം കഥകളാണ് പറയാനുണ്ടാവുക? പഴയ വൃത്തിയും വെടിപ്പുമുള്ള, മനോഹരമായ വായനശാല ഒരു നിമിഷം മനസ്സില്‍ തെളിഞ്ഞു വന്നു. രാജകീയ പ്രൌഡിയോടെ നിന്നിരുന്ന ഈ വായനശാലയും വിദൂരമായ ഓര്‍മ മാത്രമായി തീരുമോ ???

പൊടികൊണ്ടുള്ള തുമ്മല്‍ അസഹ്യമായപ്പോള്‍ പുറത്തേക്കിറങ്ങി.അഖിലമോള്‍ കലപിലാന്നു എന്നെ വഴക്കു പറഞ്ഞുകൊണ്ടിരുന്നു. അവള്‍ക്കറിയില്ലല്ലോ, ഒരുകാലത്തു വലിയമ്മയുടെയൊക്കെ പ്രിയപ്പെട്ട സ്ഥലമായിരുന്നു ആ വായനശാലയെന്ന്.

വായനശാലയിലേക്കു കയറുമ്പോള്‍ ,മൈതാനത്തില്‍ അവിടവിടെയായി കൊച്ചുകൊച്ചു കൂട്ടങ്ങള്‍ ഉണ്ടായിരുന്നു. വെടിപറഞ്ഞും മറ്റും സായാഹ്നം ചിലവഴിക്കുന്ന ചെറു സംഘങ്ങള്‍ , അതും പഴയതുപോലെയില്ല. മലയാളിയുടെ സായാഹ്നങ്ങളും ടിവിയുടെ മുന്നിലേക്ക്‌ മാറിയെങ്കിലും ചിലരെല്ലാം ഇപ്പോഴും ആ മൈതാനത്തില്‍ വരുന്നു. കാറ്റുകൊള്ളാനും, കൂട്ടുകാരോടൊത്തുകൂടാനും. ഒരുപക്ഷെ അടുത്ത അവധിക്കാല ത്ത് ഈ കാഴ്ചയും അന്യമാകുമോ എന്തോ....

പെട്ടെന്ന് മൈതാനത്തില്‍ നിന്നും ആളൊഴിഞ്ഞു പോയതുപോലെ. എന്തുപറ്റിയെന്നതിശയത്തോടെ നോക്കുമ്പോള്‍ , മൈതാനത്തിനു എതിര്‍വശത്ത് ഒരു ബൈക്ക് മാത്രം നില്‍ക്കുന്നത് കണ്ടു.ഒന്നും മനസിലായില്ലെങ്കിലും മൈതാനം മുറിച്ചുകടന്ന് ഡോക്ടര്‍ അങ്കിളിന്റെ ഡിസ്പെന്‍സറിയിലേക്ക് നടന്നു. കൂട്ടത്തില്‍ ഒരു രഹസ്യം പറഞ്ഞോട്ടെ. ഈ ഡോക്ടര്‍ അങ്കിളിന്റെ ഡിസ്പെന്‍സറി, പണ്ടുമുതലേ വളരെ പ്രിയപ്പെട്ട ഒരിടമാണ്. കാരണമെന്തെന്നോ, ഹോമിയോഡോക്ടറായ അങ്കിളിന്റെ ഡിസ്പെന്‍സറിയിലെ പഞ്ചാര ഗുളികകള്‍ ...!!! ഇന്നും അതൊരു വീക്നെസ് ആണേ ….. അതിനുവേണ്ടി തന്നെയാ അഖിലമോളും എന്നോടൊപ്പം കൂടിയിരിക്കുന്നത്.

ബൈക്കിനടുത്തെത്തിയപ്പോള്‍ ഒരു നിമിഷം അതിശയിച്ചുപോയി, തമ്പി …!!! എന്റെ കൂടെ സ്കൂളില്‍ പഠിച്ചിരുന്ന,എന്റെ പഴയ ചങ്ങാതി.ഏഴാം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ ടീച്ചറായ, അവന്റെ അമ്മയുടെ സ്ഥലംമാറ്റം കാരണം ഞങ്ങളുടെ സ്കൂളില്‍ നിന്നും പോയ തമ്പി.ഇപ്പോഴിവിടെ...??യാദൃശ്ചികമായി കണ്ടതിന്റെ ഒരു അമ്പരപ്പോടെ ഞാന്‍ ചോദിച്ചു .

"എന്നെ മനസ്സിലായോ തമ്പിക്ക്?"

"രാജി ദൂരേന്നു വരുന്നതു കണ്ടപ്പോഴേ മനസിലായി.എന്നാല്‍ രാജി എന്നെ തിരിച്ചറിയില്ലന്നാണ് കരുതിയത്‌"

"തമ്പി ഇപ്പോഴെവിടെയാ,എന്തു ചെയ്യുന്നു, ടീച്ചര്‍ക്ക്‌ സുഖാണോ, ടീച്ചര്‍ ഇപ്പോഴെവിടെയാ?"

പ്രതീക്ഷിക്കാതെ കണ്ടതിന്റെ സന്തോഷംകൊണ്ട് തുരുതുരാന്നു ഞാന്‍ ചോദിച്ചുകൊണ്ടിരുന്നു.

തമ്പി, സാവധാനം ഓരോന്നിനും മറുപടി പറഞ്ഞു.അമ്മ ഇപ്പോള്‍ അനിയന്റെ കൂടെ മലപ്പുറത്താണ്‌ എന്നും തമ്പിക്ക് ഇവിടെ ബിസിനസ്‌ ആണെന്നുമൊക്കെ....കുടുംബത്തെപ്പറ്റി ചോദിച്ചപ്പോള്‍ ,ബിസിനസ് ‌ തിരക്കുകാരണം സമയം കിട്ടിയില്ലന്നു പറഞ്ഞു.

"ഇത്രയ്ക്കു ബിസിയാണോ, എന്തു ബിസിനസാണത്‌?"

"നല്ല ലാഭമുള്ള ബിസിനസാണ് രാജി...രാജി ഇപ്പോഴെവിടെയാ, ഇതു മോളാണോ?"

"അല്ല, ഇതെന്റെ വലിയമ്മയാ" അഖിലമോളുടെ ഉത്തരം ഞങ്ങളില്‍ ചിരിയുണര്‍ത്തി.

"എന്റെ വിശേഷങ്ങള്‍ ഒക്കെ പറയാം. തമ്പി വീട്ടിലേക്കു വാ... അമ്മക്കൊക്കെ നിന്നെ കാണുമ്പോള്‍ വലിയ സന്തോഷമാകും"ഞാന്‍ നിര്‍ബന്ധിച്ചു.

"പിന്നെ ഒരിക്കല്‍ വരാം രാജി.എന്നെ ഈ കോലത്തില്‍ കണ്ടാല്‍ രാജിയുടെ അമ്മ വഴക്കു പറയും."

"ശരിയാ, ശരിയാ....ഒരു ഗുണ്ടാസ്റ്റൈല്‍ ഉണ്ടിപ്പോള്‍ നിന്നെകണ്ടാല്‍ "

അവന്റെ നീട്ടിവളര്‍ത്തിയ മുടിയിലേക്കും പിണച്ചു കെട്ടിവച്ചിരിക്കുന്ന ഷര്‍ട്ടിലേക്കും  നോക്കികൊണ്ടു ഞാന്‍ പറഞ്ഞു.അവന്‍ വെറുതെ പുഞ്ചിരിച്ചു.

"ആ ചിരിക്കു മാത്രം ഒരു വ്യത്യാസവുമില്ല കേട്ടോ"

ഞാന്‍ അവനെ ആശ്വസിപ്പിച്ചു. വീട്ടിലേക്കു വരാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ സമ്മതിച്ചു.

 "എന്നാല്‍  ‍, ഞാന്‍ ഈ കിറ്റൊന്നു അങ്കിളിനു കൊടുത്തിട്ടു വരാം.എന്നിട്ട് നമുക്കൊന്നിച്ചു പോകാം.ഒരു മിനിറ്റ്, പെട്ടെന്ന് വരാം"

"അപ്പോഴേക്കും ഞാന്‍ ഈ മുടിയൊന്നു വെട്ടിയിട്ടു വരാം. അമ്മയുടെ വഴക്കു കേള്‍ക്കേണ്ടല്ലോ"

പഴയ കാര്യങ്ങള്‍ ഓര്‍ത്തുകൊണ്ട്‌ അവന്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചു.

"മുടി വെട്ടിയിട്ടു നീ അങ്കിളിന്റെ ഡിസ്പെന്‍സറിയിലേക്ക് വാ.ഞങ്ങള്‍ അവിടെ കാണും"

ശരി എന്നും പറഞ്ഞു ബാര്‍ബര്‍ഷോപ്പിലേക്ക് നടന്ന തമ്പി, അടുത്തുള്ള ബേക്കറിയില്‍ കയറി ഐസ്ക്രീമും വാങ്ങി ഡിസ്പെന്‍സറിയിലേക്ക് നടക്കുന്ന ഞങ്ങള്‍ക്ക് കൊണ്ടുവന്നു തന്നു.

"ഹോ, ഈ തമ്പിയുടെ ഒരു കാര്യം"ഞാന്‍ പറഞ്ഞു.

"താങ്ക്‌യു അങ്കിള്‍ "അഖിലമോളുടെ വക.

“വേഗം വരണേ ….”ഞാന്‍ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു …..
  ഡിസ്പെന്‍സറിയില്‍ ചെന്നപ്പോള്‍ അങ്കിളിനു തിരക്ക്. പതുക്കെ അകത്തെ മുറിയില്‍ കേറി. ഐസ്ക്രീം തിന്നു തീര്‍ത്തു ആദ്യം.പിന്നെ ഞാനും മോളും കൂടെ പഞ്ചാരഗുളിക തപ്പി. അതും തിന്നുകൊണ്ടിരുന്നപ്പോള്‍  അങ്കിള്‍ വന്നു. കിറ്റ്‌ അങ്കിളിനെ ഏല്‍പ്പിച്ചു. വിശേഷങ്ങള്‍ പറയുകയും പഞ്ചാരഗുളിക നുണയുകയും എല്ലാം കൂടെയായിരുന്നു.

പെട്ടെന്ന് പുറത്തു നിന്നും വിസില്‍ശബ്ദവും ബഹളവും മറ്റും കേട്ടു.എന്താണെന്നറിയാന്‍ വേഗമോടി വരാന്തയിലിറങ്ങി. അപ്പോള്‍ കണ്ടതു വിലങ്ങു വച്ചു പോലീസ് ജീപ്പില്‍ ഇരിക്കുന്ന തമ്പി...!!! എന്റെ മുന്നിലൂടെ ആ ജീപ്പ് ഇരമ്പിപ്പാഞ്ഞു പോകുമ്പോഴും നടന്നതെന്താണെന്ന് മനസിലായില്ല.പിന്നെ ഡോക്ടര്‍ അങ്കിള്‍ വിശദീകരിച്ചു, ഇവിടുത്തെ പതിനെട്ടര കമ്പനി എന്ന ഗുണ്ടാസംഘത്തിന്റെ തലവന്‍ ആണെന്നും പോലീസ് അവനെത്തേടി നടക്കുകയാണെന്നും….മറ്റും മറ്റും….

എനിക്കെന്റെ കാതുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല….!!! ഏറ്റവും മിടുക്കനായ കുട്ടി എന്ന് സ്കൂളിലെ അധ്യാപകര്‍ വിശേഷിപ്പിച്ചിരുന്ന, ക്ലാസിലെ ഏറ്റവും സൌമ്യനും ശാന്തനുമായിരുന്ന, എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന തമ്പി തന്നെയോ ഈ ഗുണ്ടയായ തമ്പി?

എല്ലാ സന്തോഷവും പെട്ടെന്ന് അണഞ്ഞതുപോലെ...വിഷാദം മൂടിയ മനസുമായി വീട്ടിലേക്കു മടങ്ങുമ്പോള്‍  , ഈ കൂടിക്കാഴ്ച വേണ്ടായിരുന്നു എന്നു പോലും തോന്നി. അഖിലമോളുടെ സംശയങ്ങള്‍ക്കു മറുപടി പറയാന്‍ വിഷമിച്ചു. ദൂരെ മൈതാനത്തിന്റെ കോണില്‍ തമ്പിയുടെ ബൈക്ക് കണ്ണീര്‍പ്പാടയിലൂടെ അവ്യക്തമായപ്പോഴും, മനസ്സില്‍ പഴയ മിടുക്കനായ തമ്പിയായിരുന്നു....

Wednesday, December 9, 2009

കിംഗ്‌ ആര്‍തര്‍ ആന്‍ഡ്‌ ഹിസ്‌ നൈറ്റ്സ്‌

എന്റെ അമ്മയും വലിയമ്മയും ഒക്കെ സ്കൂളില്‍ പഠിക്കുന്ന കാലം. റീത്താമ്മ എന്നു വിളിക്കുന്ന ഹെഡ് മിസ്ട്രെസ്സ് സിസ്റ്റര്‍ ബ്രിജീതക്കു, കുട്ടികളില്‍ വായനാശീലം വളരണം എന്നു നിര്‍ബന്ധമായിരുന്നു. അതിനായി എല്ലാ കുട്ടികളും ഇംഗ്ലീഷും മലയാളവും പുസ്തകങ്ങള്‍, മാറിമാറി,ആഴ്ച്ചതോറും ലൈബ്രറിയില്‍ നിന്നും എടുക്കണം എന്നായിരുന്നു നിയമം.അതുപോലെ കൃത്യമായി തിരിച്ചു ഏല്പ്പിക്കണമെന്നും.

ലേറ്റ് ആയാല്‍, ഫൈന്‍ മാത്രമല്ല, ഒപ്പം ആ ബുക്കിലെ കഥ പറയുകയും വേണമായിരുന്നു. പ്രത്യേകിച്ചും ഇംഗ്ലീഷ് കഥകള്‍. ഇംഗ്ലീഷ് എന്നും കീറാമുട്ടിയായ വലിയമ്മ, കൃത്യമായി ഇംഗ്ലീഷ് പുസ്തകങ്ങള്‍ തിരിച്ചേല്‍പ്പിച്ചു, കഥ പറയുക എന്ന ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടുകൊണ്ടിരുന്നു.

എന്നാല്‍ ഒരിക്കല്‍, വലിയമ്മക്കും ആ ദിവസം അഭിമുഖീകരിക്കേണ്ടി വന്നു !!!!റീത്താമ്മ കാത്തിരിക്കുന്നു കഥ കേള്‍ക്കാന്‍,കൂടെ ക്ലാസ്സിലെ മറ്റു കുട്ടികളും.... വലിയമ്മക്കാകട്ടെ, കഥാപുസ്തകത്തിന്റെ തലക്കെട്ടല്ലാതെ, മറ്റൊന്നും അറിയില്ല …"കിംഗ്‌ ആര്‍തര്‍ ആന്‍ഡ്‌ ഹിസ്‌ നൈറ്റ്സ്‌ ” എന്നതായിരുന്നു ആ കഥ.

പേരുവിളിച്ചപ്പോള്‍,വലിയമ്മ ആകെ പേടിച്ചുവിറച്ചു.കണ്ണുകള്‍ റീത്താമ്മയുടെ കൈയിലെ ചൂരലില്‍ തന്നെ. ഒരു നിമിഷം, കണ്ണടച്ചു പിടിച്ചു, ഒറ്റശ്വാസത്തില്‍ കഥപറഞ്ഞു, “കിംഗ്‌ ആര്‍തര്‍ ആന്‍ഡ്‌ ഹിസ്‌ നൈറ്റ്സ്‌ വെന്റ് ഫോര്‍ ദി വാര്‍ ആന്‍ഡ്‌ ദേ ഓള്‍ ടയിട്‌. അതുകൊണ്ട് കഥ തീര്‍ന്നുപോയി".......
പൊട്ടിച്ചിരിച്ചുപോയ റീത്താമ്മയുടെ ചൂരല്‍കഷായം കുടിക്കേണ്ടി വന്നില്ല എന്നൊരു നേട്ടം കൂടി,അന്നു വലിയമ്മക്കു കിട്ടി!!!

(ചിത്രം കടപ്പാട്:എന്റെ സുഹ്രുത്തിനോട്)

Thursday, December 3, 2009

നിഴൽഛായങ്ങള്‍...!!!

  

ഷൂട്ടിങ്ങ് തീരുമ്പോഴേക്കും  അനസൂയക്ക്‌ ആകെ വെപ്രാളമായിരുന്നു .ബാബു ഒന്നും കഴിച്ചിട്ടുണ്ടാവില്ല, താന്‍ എത്തുന്നതും നോക്കി ഇരിക്കുന്നുണ്ടാവും. താന്‍ വാരി ഊട്ടിയാലെ എന്തെങ്കിലും കഴിക്കൂ . ആകാശുമായി വഴക്കുണ്ടാക്കി കാണുമോ എന്തോ.... 

"ചേച്ചി വരുന്നോ, ഞാൻ ആ വഴിക്കാ... " സഹനടൻ ബിജു ചോദിച്ചു. തന്റെ കഷ്ടപ്പാടുകൾ അറിയുന്ന അപൂർവ്വം ചില സുഹൃത്തുക്കളിൽ ഒരാളാണ് ബിജു.

"ഞാനും വരുന്നു ബിജൂ, ഇപ്പൊത്തന്നെ വൈകി ... ഈ ഡ്രസ്സ്‌ ഒന്ന് മാറ്റിക്കോട്ടെ..."

ഡ്രെസ്സിങ് റൂമിൽ ആകെ കലപില ബഹളം. എല്ലാവർക്കും പോകാനുള്ള തിരക്കു തന്നെ... ഒരു മൂലയിൽ കണ്ട  കർട്ടനു പിന്നിൽ നിന്ന് , ഡാൻസിന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി,  ചുരിദാർ വലിച്ചു കേറ്റി ,ധൃതിയിൽ ഇറങ്ങി.

"ബാബു, വഴക്ക് തുടങ്ങിക്കാണുമോ എന്തോ...." കാറിലേക്ക് കേറുന്നതിനിടയിൽ അനസൂയ ആത്മഗതം ചെയ്തു. 

 "ഞാനൊന്ന് കണ്ണടച്ചോട്ടെ ബിജൂ, നല്ല തലവേദന ....?" 

"അതിനെന്താ, വീടെത്തുമ്പോ ഞാൻ വിളിച്ചോളാം ..."

സീറ്റിലേക്ക് ചാരി കണ്ണടച്ചു ... ഉള്ളിലെ സങ്കടക്കലിലേക്ക് വീണ്ടും വീണ്ടും സങ്കടത്തുള്ളികൾ പെയ്തു നിറയുന്നു...   

ഇന്നു ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ഒരുപാടു വൈകി. നായകന് നാളെമുതല്‍ പുതിയ പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതു കൊണ്ട്, അദ്ധേഹത്തിന്റെ കൂടെയുള്ള സീനുകള്‍ ഇന്നു തന്നെ തീര്‍ക്കണമെന്നു സംവിധായകനു നിര്‍ബന്ധം. അതിനാല്‍ ഷൂട്ടിംഗ് രാത്രിയിലേക്കും നീണ്ടു. തന്നെ പോലുള്ള ചെറിയ നടീനടന്മാര്‍ അതനുസരിച്ചല്ലേ പറ്റു ….. പെട്ടെന്നു തീര്‍ന്നു കിട്ടാനുള്ള വ്യഗ്രതയില്‍ , ഇടക്കൊക്കെ ചുവടുകള്‍ തെറ്റിക്കുന്നുണ്ടായിരുന്നു. സംവിധായകന്റെ ചീത്ത വേറെയും. 

അറിയാഞ്ഞിട്ടല്ല, മനസ് മുഴുവന്‍ ബാബുവിന്റെ അടുത്തു തന്നെയായിരുന്നു, കുഴപ്പങ്ങളെന്തെങ്കിലും  ഉണ്ടാക്കുമോ എന്ന ഭയം....


നടികൾക്ക് പ്രായം കൂടുംതോറും വേഷത്തിന്റെ എണ്ണം കുറയുമല്ലോ. സഹതാപം കൊണ്ടാണ് പലരും റോളുകൾ തരുന്നതെന്നും അറിയാം. ചില പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് അതിന്റെ കമ്മീഷനും ചോദിച്ചു മേടിക്കാറുണ്ട് . ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സംഘടനയൊക്കെയുണ്ട്. ഇത്തരം ചൂഷണങ്ങൾ അവിടെ പറയണമെന്നും നിർദ്ദേശമുണ്ട് . പക്ഷേ, താനുൾപ്പെടെ പലരും അത് പറയാറില്ല. പിന്നെ , ഒരിക്കലും തങ്ങളെ വിളിച്ചില്ലെങ്കിലോ എന്ന് പേടിച്ചിട്ടാണ് . പ്രായം പോലും നോക്കാതെയാണ്‌ ചിലവൻമാർ രാത്രി കൂട്ടു കിടന്നാൽ മതിയെന്നൊക്കെ ആവശ്യപ്പെടുന്നത്. പലരും എല്ലാം സഹിക്കുന്നത് തങ്ങളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തെ ഓർത്താണ്. പിടിച്ചു നില്ക്കുന്നത് എങ്ങിനെയെന്ന് തനിക്കു മാത്രമേ അറിയൂ...      


പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. അനസൂയ എന്ന ഐറ്റം നമ്പര്‍ നര്‍ത്തകിക്ക് നിന്നു തിരിയാന്‍ നേരമില്ലാത്തത്ര തിരക്കായിരുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ അനസൂയ നിറഞ്ഞു നിന്നു.  അനസൂയയുടെ നൃത്തമില്ലാതെ  ഒരു തെന്നിന്ത്യന്‍ സിനിമയും ഇറങ്ങിയിരുന്നില്ല എന്നു തന്നെ പറയാം. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ്, ബാബുവുമായുള്ള വിവാഹം. വളരെ സന്തോഷപൂര്‍ണമായ ജീവിതം.അഭിനയം നിര്‍ത്തി, തികഞ്ഞ ഒരു വീട്ടമ്മയായി മാറി. ദാമ്പത്യവല്ലരിയിലെ പനിനീര്‍പുഷ്പങ്ങളായി ആകാശും അപര്‍ണയും.

ആ ജീവിതത്തിനു അധികം ആയുസുണ്ടായില്ല.... ദൈവങ്ങൾക്ക് പോലും അസൂയയായിരുന്നോ ...?

അർദ്ധരാത്രിയിൽ വന്ന ഫോണ്‍ കോള്‍ , തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു ….!ബാബുവിന്റെ കാര്‍ അപകടത്തില്‍ പെട്ടുവെന്ന വാര്‍ത്ത ഐസിയുവിനു മുന്നില്‍ നില്‍ക്കുമ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.

 അപര്‍ണമോളുടെ ജന്മദിനമായിരുന്നു അതിനടുത്ത ദിവസം. അതിനാല്‍ ആ രാത്രി തന്നെ ബാബു വീട്ടില്‍ എത്തുമെന്നു പറഞ്ഞിരുന്നു. താനും മക്കളും കാത്തിരിക്കുകയായിരുന്നു. ദൈവങ്ങള്‍ക്ക് പോലും അസൂയ തോന്നിയതാണോ ആ അപകടത്തിനു കാരണം?അല്ലാതെ അതിനു പിന്നില്‍ വേറെ കാരണങ്ങള്‍ ഒന്നും ഇല്ലായിരുന്നു.എന്നിട്ടും അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാര്‍ത്ഥിച്ചു.അവസാനം ദൈവങ്ങള്‍ കനിയുക തന്നെ ചെയ്തു. ബാബുവിനെ തങ്ങള്‍ക്കു തിരിച്ചു കിട്ടി. 

ബാബു, നടക്കാന്‍ തുടങ്ങിയപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നാലും ഒന്നും മിണ്ടാത്തതെന്തേ എന്നായി അടുത്ത ടെന്‍ഷന്‍ . നീണ്ട ടെസ്റ്റുകള്‍ , ചികിത്സകൾ ....   ബാബു സംസാരിച്ചു തുടങ്ങി. അക്ഷരങ്ങള്‍ പെറുക്കിപ്പെറുക്കി കുട്ടികളെപ്പോലെ ... 

 ഡോക്ടര്‍ ആ സത്യം തുറന്നു പറഞ്ഞ നിമിഷം, ഒരു അഗ്നിപര്‍വതം തലയില്‍ പതിച്ചതുപോലെയായിരുന്നു ….!

 ബാബുവിന്റെ മസ്തിഷ്കത്തിനാണ് തകരാര്‍ എന്നും ഒരു കൊച്ചുകുട്ടിയുടെ എന്നപോലെ തീര്‍ത്തും ശൂന്യമാണാ മസ്തിഷ്കം എന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ , പകച്ച കണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കാനേ കഴിഞ്ഞുള്ളൂ.എല്ലാം ഒരു കുഞ്ഞു പഠിക്കുന്നപോലെ ആദ്യം മുതല്‍ പഠിക്കണം. എന്നാലും നാലു വയസുള്ള ഒരു കുട്ടിയുടെ വളര്‍ച്ച വരെയേ കാണൂ .എന്തു ചെയ്യണം എന്നറിയാതെ തകര്‍ന്നു പോയ നാളുകള്‍ …

 ആകാശിനോടും അപര്‍ണയോടുമൊപ്പം മറ്റൊരു കുഞ്ഞായി ബാബുവും ….!

ചികിത്സയും ആശുപത്രിവാസവുമെല്ലാമായി ബാങ്ക് ബാലന്‍സ് കുറഞ്ഞു തുടങ്ങി.ജീവിതം വഴിമുട്ടി തുടങ്ങിയപ്പോള്‍ വീണ്ടും മുഖത്ത് ചായം തേക്കാന്‍ നിര്‍ബന്ധിതയായി.

"ചേച്ചീ, വീടെത്തി...." ബിജുവിന്റെ വിളിയൊച്ച ചിന്തകളിൽ നിന്നും  ഉണർത്തി.

"ഗുഡ്  നൈറ്റ് ബിജൂ , നാളെ കാണാം ..."

വീടിന്റെ  കതകു തുറന്നതും “മമ്മീ ”എന്ന കരച്ചിലോടെ ബാബു വന്നു കെട്ടിപിടിച്ചു.

“ഈ ആകാശ് എനിക്കു പടം വരയ്ക്കാന്‍ ബുക്ക്‌ തരുന്നില്ല മമ്മി ”, ബാബുവിന്റെ പരാതി.

തന്റെ നോട്ടുബുക്കില്‍ മുഴുവന്‍ പപ്പ കുത്തിവരച്ചിട്ടിരിക്കുന്നത് കാണിച്ചു സങ്കടത്തോടെ ആകാശ് .

“സാരമില്ല, പപ്പക്ക് വയ്യാഞ്ഞിട്ടല്ലേ മമ്മി ”എന്നു സ്വയം സമാധാനം കണ്ടെത്തുന്ന മക്കള്‍ .

“മമ്മീ എനിക്കു വിശക്കുന്നു ” ബാബുവിന്റെ വിളി വീണ്ടും.

നിറഞ്ഞുവന്ന മിഴികള്‍ അമര്‍ത്തിത്തുടച്ചു, ക്ഷീണം വകവെക്കാതെ അടുക്കളയിലേക്കു കയറി. അപ്പോഴും ഉമ്മറത്തെ മുറിയില്‍ നിന്നും ബാബുവിന്റെ ചിരിയും കളിപ്പാട്ടങ്ങളുടെ കലമ്പലും കേള്‍ക്കാമായിരുന്നു ….!!!
Related Posts Plugin for WordPress, Blogger...