Thursday, December 3, 2009

നിഴൽഛായങ്ങള്‍...!!!

  

ഷൂട്ടിങ്ങ് തീരുമ്പോഴേക്കും  അനസൂയക്ക്‌ ആകെ വെപ്രാളമായിരുന്നു .ബാബു ഒന്നും കഴിച്ചിട്ടുണ്ടാവില്ല, താന്‍ എത്തുന്നതും നോക്കി ഇരിക്കുന്നുണ്ടാവും. താന്‍ വാരി ഊട്ടിയാലെ എന്തെങ്കിലും കഴിക്കൂ . ആകാശുമായി വഴക്കുണ്ടാക്കി കാണുമോ എന്തോ.... 

"ചേച്ചി വരുന്നോ, ഞാൻ ആ വഴിക്കാ... " സഹനടൻ ബിജു ചോദിച്ചു. തന്റെ കഷ്ടപ്പാടുകൾ അറിയുന്ന അപൂർവ്വം ചില സുഹൃത്തുക്കളിൽ ഒരാളാണ് ബിജു.

"ഞാനും വരുന്നു ബിജൂ, ഇപ്പൊത്തന്നെ വൈകി ... ഈ ഡ്രസ്സ്‌ ഒന്ന് മാറ്റിക്കോട്ടെ..."

ഡ്രെസ്സിങ് റൂമിൽ ആകെ കലപില ബഹളം. എല്ലാവർക്കും പോകാനുള്ള തിരക്കു തന്നെ... ഒരു മൂലയിൽ കണ്ട  കർട്ടനു പിന്നിൽ നിന്ന് , ഡാൻസിന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി,  ചുരിദാർ വലിച്ചു കേറ്റി ,ധൃതിയിൽ ഇറങ്ങി.

"ബാബു, വഴക്ക് തുടങ്ങിക്കാണുമോ എന്തോ...." കാറിലേക്ക് കേറുന്നതിനിടയിൽ അനസൂയ ആത്മഗതം ചെയ്തു. 

 "ഞാനൊന്ന് കണ്ണടച്ചോട്ടെ ബിജൂ, നല്ല തലവേദന ....?" 

"അതിനെന്താ, വീടെത്തുമ്പോ ഞാൻ വിളിച്ചോളാം ..."

സീറ്റിലേക്ക് ചാരി കണ്ണടച്ചു ... ഉള്ളിലെ സങ്കടക്കലിലേക്ക് വീണ്ടും വീണ്ടും സങ്കടത്തുള്ളികൾ പെയ്തു നിറയുന്നു...   

ഇന്നു ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ഒരുപാടു വൈകി. നായകന് നാളെമുതല്‍ പുതിയ പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതു കൊണ്ട്, അദ്ധേഹത്തിന്റെ കൂടെയുള്ള സീനുകള്‍ ഇന്നു തന്നെ തീര്‍ക്കണമെന്നു സംവിധായകനു നിര്‍ബന്ധം. അതിനാല്‍ ഷൂട്ടിംഗ് രാത്രിയിലേക്കും നീണ്ടു. തന്നെ പോലുള്ള ചെറിയ നടീനടന്മാര്‍ അതനുസരിച്ചല്ലേ പറ്റു ….. പെട്ടെന്നു തീര്‍ന്നു കിട്ടാനുള്ള വ്യഗ്രതയില്‍ , ഇടക്കൊക്കെ ചുവടുകള്‍ തെറ്റിക്കുന്നുണ്ടായിരുന്നു. സംവിധായകന്റെ ചീത്ത വേറെയും. 

അറിയാഞ്ഞിട്ടല്ല, മനസ് മുഴുവന്‍ ബാബുവിന്റെ അടുത്തു തന്നെയായിരുന്നു, കുഴപ്പങ്ങളെന്തെങ്കിലും  ഉണ്ടാക്കുമോ എന്ന ഭയം....


നടികൾക്ക് പ്രായം കൂടുംതോറും വേഷത്തിന്റെ എണ്ണം കുറയുമല്ലോ. സഹതാപം കൊണ്ടാണ് പലരും റോളുകൾ തരുന്നതെന്നും അറിയാം. ചില പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് അതിന്റെ കമ്മീഷനും ചോദിച്ചു മേടിക്കാറുണ്ട് . ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സംഘടനയൊക്കെയുണ്ട്. ഇത്തരം ചൂഷണങ്ങൾ അവിടെ പറയണമെന്നും നിർദ്ദേശമുണ്ട് . പക്ഷേ, താനുൾപ്പെടെ പലരും അത് പറയാറില്ല. പിന്നെ , ഒരിക്കലും തങ്ങളെ വിളിച്ചില്ലെങ്കിലോ എന്ന് പേടിച്ചിട്ടാണ് . പ്രായം പോലും നോക്കാതെയാണ്‌ ചിലവൻമാർ രാത്രി കൂട്ടു കിടന്നാൽ മതിയെന്നൊക്കെ ആവശ്യപ്പെടുന്നത്. പലരും എല്ലാം സഹിക്കുന്നത് തങ്ങളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തെ ഓർത്താണ്. പിടിച്ചു നില്ക്കുന്നത് എങ്ങിനെയെന്ന് തനിക്കു മാത്രമേ അറിയൂ...      


പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. അനസൂയ എന്ന ഐറ്റം നമ്പര്‍ നര്‍ത്തകിക്ക് നിന്നു തിരിയാന്‍ നേരമില്ലാത്തത്ര തിരക്കായിരുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ അനസൂയ നിറഞ്ഞു നിന്നു.  അനസൂയയുടെ നൃത്തമില്ലാതെ  ഒരു തെന്നിന്ത്യന്‍ സിനിമയും ഇറങ്ങിയിരുന്നില്ല എന്നു തന്നെ പറയാം. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ്, ബാബുവുമായുള്ള വിവാഹം. വളരെ സന്തോഷപൂര്‍ണമായ ജീവിതം.അഭിനയം നിര്‍ത്തി, തികഞ്ഞ ഒരു വീട്ടമ്മയായി മാറി. ദാമ്പത്യവല്ലരിയിലെ പനിനീര്‍പുഷ്പങ്ങളായി ആകാശും അപര്‍ണയും.

ആ ജീവിതത്തിനു അധികം ആയുസുണ്ടായില്ല.... ദൈവങ്ങൾക്ക് പോലും അസൂയയായിരുന്നോ ...?

അർദ്ധരാത്രിയിൽ വന്ന ഫോണ്‍ കോള്‍ , തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു ….!ബാബുവിന്റെ കാര്‍ അപകടത്തില്‍ പെട്ടുവെന്ന വാര്‍ത്ത ഐസിയുവിനു മുന്നില്‍ നില്‍ക്കുമ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.

 അപര്‍ണമോളുടെ ജന്മദിനമായിരുന്നു അതിനടുത്ത ദിവസം. അതിനാല്‍ ആ രാത്രി തന്നെ ബാബു വീട്ടില്‍ എത്തുമെന്നു പറഞ്ഞിരുന്നു. താനും മക്കളും കാത്തിരിക്കുകയായിരുന്നു. ദൈവങ്ങള്‍ക്ക് പോലും അസൂയ തോന്നിയതാണോ ആ അപകടത്തിനു കാരണം?അല്ലാതെ അതിനു പിന്നില്‍ വേറെ കാരണങ്ങള്‍ ഒന്നും ഇല്ലായിരുന്നു.എന്നിട്ടും അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാര്‍ത്ഥിച്ചു.അവസാനം ദൈവങ്ങള്‍ കനിയുക തന്നെ ചെയ്തു. ബാബുവിനെ തങ്ങള്‍ക്കു തിരിച്ചു കിട്ടി. 

ബാബു, നടക്കാന്‍ തുടങ്ങിയപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നാലും ഒന്നും മിണ്ടാത്തതെന്തേ എന്നായി അടുത്ത ടെന്‍ഷന്‍ . നീണ്ട ടെസ്റ്റുകള്‍ , ചികിത്സകൾ ....   ബാബു സംസാരിച്ചു തുടങ്ങി. അക്ഷരങ്ങള്‍ പെറുക്കിപ്പെറുക്കി കുട്ടികളെപ്പോലെ ... 

 ഡോക്ടര്‍ ആ സത്യം തുറന്നു പറഞ്ഞ നിമിഷം, ഒരു അഗ്നിപര്‍വതം തലയില്‍ പതിച്ചതുപോലെയായിരുന്നു ….!

 ബാബുവിന്റെ മസ്തിഷ്കത്തിനാണ് തകരാര്‍ എന്നും ഒരു കൊച്ചുകുട്ടിയുടെ എന്നപോലെ തീര്‍ത്തും ശൂന്യമാണാ മസ്തിഷ്കം എന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ , പകച്ച കണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കാനേ കഴിഞ്ഞുള്ളൂ.എല്ലാം ഒരു കുഞ്ഞു പഠിക്കുന്നപോലെ ആദ്യം മുതല്‍ പഠിക്കണം. എന്നാലും നാലു വയസുള്ള ഒരു കുട്ടിയുടെ വളര്‍ച്ച വരെയേ കാണൂ .എന്തു ചെയ്യണം എന്നറിയാതെ തകര്‍ന്നു പോയ നാളുകള്‍ …

 ആകാശിനോടും അപര്‍ണയോടുമൊപ്പം മറ്റൊരു കുഞ്ഞായി ബാബുവും ….!

ചികിത്സയും ആശുപത്രിവാസവുമെല്ലാമായി ബാങ്ക് ബാലന്‍സ് കുറഞ്ഞു തുടങ്ങി.ജീവിതം വഴിമുട്ടി തുടങ്ങിയപ്പോള്‍ വീണ്ടും മുഖത്ത് ചായം തേക്കാന്‍ നിര്‍ബന്ധിതയായി.

"ചേച്ചീ, വീടെത്തി...." ബിജുവിന്റെ വിളിയൊച്ച ചിന്തകളിൽ നിന്നും  ഉണർത്തി.

"ഗുഡ്  നൈറ്റ് ബിജൂ , നാളെ കാണാം ..."

വീടിന്റെ  കതകു തുറന്നതും “മമ്മീ ”എന്ന കരച്ചിലോടെ ബാബു വന്നു കെട്ടിപിടിച്ചു.

“ഈ ആകാശ് എനിക്കു പടം വരയ്ക്കാന്‍ ബുക്ക്‌ തരുന്നില്ല മമ്മി ”, ബാബുവിന്റെ പരാതി.

തന്റെ നോട്ടുബുക്കില്‍ മുഴുവന്‍ പപ്പ കുത്തിവരച്ചിട്ടിരിക്കുന്നത് കാണിച്ചു സങ്കടത്തോടെ ആകാശ് .

“സാരമില്ല, പപ്പക്ക് വയ്യാഞ്ഞിട്ടല്ലേ മമ്മി ”എന്നു സ്വയം സമാധാനം കണ്ടെത്തുന്ന മക്കള്‍ .

“മമ്മീ എനിക്കു വിശക്കുന്നു ” ബാബുവിന്റെ വിളി വീണ്ടും.

നിറഞ്ഞുവന്ന മിഴികള്‍ അമര്‍ത്തിത്തുടച്ചു, ക്ഷീണം വകവെക്കാതെ അടുക്കളയിലേക്കു കയറി. അപ്പോഴും ഉമ്മറത്തെ മുറിയില്‍ നിന്നും ബാബുവിന്റെ ചിരിയും കളിപ്പാട്ടങ്ങളുടെ കലമ്പലും കേള്‍ക്കാമായിരുന്നു ….!!!
19 comments:

 1. ഉള്‍ലില്‍ തട്ടുന്ന കഥ.അസ്സലായി.കുഞ്ഞൂസ്.ഇനിയും എഴുതണം.

  ReplyDelete
 2. Please avoid this word verification.പിന്നെ ഒരു തിരുത്ത്: ഉള്ളില്‍ തട്ടുന്ന എന്നാണുദ്ദേശിച്ചത്,ടൈപ്പിയപ്പോള്‍ തെറ്റിപ്പോയി !

  ReplyDelete
 3. നന്നായിട്ടുണ്ട് ,
  ഇനിയും എഴുതുക

  ReplyDelete
 4. ബൂലോകത്തേയ്ക്ക് സ്വാഗതം

  ReplyDelete
 5. നല്ല ഒരു കഥ ....
  ചേച്ചി

  ReplyDelete
 6. ഇത്ര മനോഹരമായി ആണല്ലേ എഴുതി തുടങ്ങിയത് ?
  നേരത്തെ രണ്ടു കഥകള്‍ വായിച്ചിരുന്നു? എന്നെ പോലെ ഒരു "വികാര ജീവി" ആണോ?
  ആശംസകള്‍. നല്ല വരികള്‍ക്ക്.

  ReplyDelete
 7. വഴിയോരക്കാഴ്ച്ചകള്‍ കണട് പ്രത്യേകലക്ഷൃമൊന്നുമില്ലാതെ നടക്കുന്ന സായാന സവാരിക്കാരനെപ്പോലെയോ, ഒഴുക്കില്‍ അങ്ങു മിങ്ങും തട്ടിയും തടഞ്ഞും പോകുന്ന പൊങ്ങ് തടിയെപ്പോലെയോ ഒക്കെയാണ് ജീവിതം വ൪ഷങ്ങളിലൂടെ കടന്നുപോകുന്നത്. കുറെയേറെ കാണുകയും കേള്‍ക്കുകയും ചെയ്തു. എന്തു പഠിച്ചു അല്ലെങ്കില്‍ എന്തെങ്കിലും പഠിച്ചോ എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരമില്ല.
  കുറച്ചെന്തൊക്കെയോ അറിഞ്ഞു എന്ന തോന്നല്‍ മാത്രം.

  പ്രാര്ത്ഥന.!! മറ്റൊരാളെക്കുറിച്ച് അയാളുടെ അനുഭവങ്ങലിലൂടെ രണ്ട് തവണയെങ്കിലും കടന്നുപോകുന്നത്തിനു മുന്പ് അയാളെക്കുറിച്ച് വിധിയെഴുതാതിരിക്കുന്നതിനുളള ധൈര്യം എനിയ്ക്കുണ്ടാകേണ‌മേ.
  അന്നും നല്ലത് മാത്രം വരട്ടെ മാഷിന്....വിനു അഫ്ഗാന്‍....

  ReplyDelete
 8. തുടക്കമെങ്ങിനെയെന്ന് നോക്കാന്‍ വന്നതാണ് ട്ടോ, പെറുക്കിയെടുത്ത ഈ മുത്ത് കൊള്ളാം

  ReplyDelete
 9. നല്ല ഒരു കഥയാണു കെട്ടോ...

  ReplyDelete
 10. അതിശയോക്തി ഒന്നും ഇല്ലാത്ത കഥ..

  ReplyDelete
 11. വായിച്ചു - സാധാരണം

  ReplyDelete
 12. നാലു വർഷം മുൻപ്പ് എഴുതിയ കഥ അല്ലേ...സിനിമാക്കാരുടെ ജീവിതങ്ങളിൽ പലതും ഇതു പോലെയാണ്.പക്ഷേ താരത്ത്ല്ക്കത്തിൽ പലരും ആ ക്ഥകൾ തിർക്കുന്നില്ല അറിയുന്നില്ലാ...കുഞ്ഞൂസ് ആശംസകൾ...............

  ReplyDelete
 13. നല്ല കഥ ....
  ചേച്ചി

  ReplyDelete
 14. സങ്കടപ്പെടുത്തുന്ന കഥ. നന്നായിട്ടുണ്ട്. ആശംസകള്‍

  ReplyDelete
 15. പഴയ പോസ്റ്റുകളൊക്കെ എടുത്തിടാതെ പുതിയത് പോരട്ടെ.
  പഴയതെങ്കിലും പ്രഭ കുറയുന്നില്ല കേട്ടോ.
  ആശംസകള്‍.

  ReplyDelete
 16. ടെസ്റ്റിങ്ങ് In ആദ്യം എങ്ങനെ :)

  ReplyDelete
 17. ടെസ്റ്റിങ്ങ് In ആദ്യം എങ്ങനെ :)

  ReplyDelete

Related Posts Plugin for WordPress, Blogger...