Saturday, March 6, 2010

ഓര്‍മകളിലെ പൂക്കാലം‘വാവേ, വാവക്ക് ഉവ്വാവല്ലേ, ഇങ്ങനെ കിടന്ന് ഓടാതെ ...’
‘മമ്മീ, ഈ ഏട്ടനെന്നെ വഴക്കു കെട്ട്വാ ...’

ഒരു കൊച്ച് പെണ്‍കുട്ടിയുടെ ചിണുങ്ങല്‍ കേട്ടാണ് കണ്ണ് തുറന്ന് നോക്കിയത്.

‘അത് മോളൂന് വയ്യാത്തത്‌ കൊണ്ടല്ലേ ഏട്ടന്‍ അങ്ങനെ പറയുന്നത്’

ക്ലിനിക്കില്‍ ഡോക്ടറെ കാണാനായി ടോക്കണുമെടുത്ത് സന്ദര്‍ശക മുറിയില്‍ കാത്തിരിക്കുകയായിരുന്നു.  തൊട്ടടുത്ത് ഒരമ്മയും രണ്ട് മക്കളും അടങ്ങിയ ഒരു കുടുംബം.  നാലോ അഞ്ചോ വയസ്സുള്ള ഒരു പെണ്‍കുട്ടിയും, എട്ടോ ഒന്‍‌പതോ വയസ്സ് തോന്നിക്കുന്ന ഒരാണ്‍കുട്ടിയും.  പാവക്കുട്ടിയേ പോലെ സുന്ദരിയായ പെണ്‍കുട്ടി,  ഓമനത്തമുള്ള ആണ്‍കുട്ടി.

പിന്നെ, ഇടയ്ക്കിടെ ഒളിഞ്ഞു നോക്കുന്ന പെണ്‍കുട്ടിയെ കൈകാട്ടി അടുത്തേക്ക് വിളിച്ചു. ഇരുകണ്ണുകളും ഇറുകെയടച്ച്, കൊച്ച് നാണത്തോടെ പുഞ്ചിരിച്ച് , അമ്മയുടെ മടിയിലേക്ക് അവള്‍ മുഖം പൂഴ്‌ത്തി.
മറ്റൊരു മുഖം മെല്ലെ മനസ്സിലെത്തി; കണ്ണിറുക്കി ചിരിച്ച് കാണിക്കാറുള്ള പ്രിയപ്പെട്ട എന്റെ കുഞ്ഞാറ്റയുടെ മുഖം. ഓര്‍മ്മകള്‍ ഒരുപാട് കാലത്തിനപ്പുറത്തേക്ക് പാഞ്ഞു. തന്നേക്കാള്‍ മൂന്ന് വയസ്സ് മാത്രം ഇളപ്പമുള്ള വാ‍വ, കുഞ്ഞേട്ടന്റെ കുഞ്ഞാറ്റ. എപ്പോഴും കുഞ്ഞേട്ടനൊപ്പം ഒരു വാലു പോലെ നടക്കാറുള്ള കുഞ്ഞാറ്റ! അവധി ദിവസങ്ങളില്‍ തൊടിയിലെ മാവിന്‍‌ചുവട്ടില്‍ കളിവീടുണ്ടാ‍ക്കി, മണ്ണപ്പം ചുട്ട്, വട്ടയിലയില്‍ വീളമ്പുമ്പോള്‍ കുഞ്ഞാ‍റ്റക്ക് നൂറ് കൂട്ടം സംശയങ്ങളാണ്. അവസാനം ഉത്തരം കിട്ടാതെ വരുമ്പോള്‍ കുഞ്ഞാറ്റ കളിയാക്കി ചിരിച്ച്കൊണ്ട് പറയും,

‘ഈ ഏട്ടന് ഒന്നും അറിഞ്ഞൂടാ ...’

മൂക്കിന്റെ തുമ്പത്താണ് കുഞ്ഞാറ്റക്ക് ദേഷ്യം! ഇടയ്ക്കു ചോദിക്കുന്നതിന് മറുപടി പറഞ്ഞില്ലെങ്കില്‍, ചോദിക്കുന്നത് കൊടുത്തില്ലെങ്കില്‍ ഒക്കെ അവള്‍ ദേഷ്യപ്പെട്ട്, മണ്ണപ്പം ചവിട്ടിപ്പൊട്ടിച്ച് മുഖം വീര്‍പ്പിച്ച് വീടിനുള്ളിലേക്ക് ഓടും, ‘കുഞ്ഞാറ്റ പിണക്കമാ ഏട്ടനോട്, നോക്കിക്കൊ ഇനി ഞാന്‍ മിണ്ടൂല്ലാ‘അവള്‍ ഓടിച്ചെന്ന് കട്ടിലില്‍ വീണുകിടന്ന് ഏങ്ങലടിക്കാന്‍ തുടങ്ങുമ്പോള്‍ അമ്മ അകത്ത് നിന്ന് വിളിച്ച് ചോദിക്കും,

‘എന്താ കുട്ടാ, രണ്ടാളും പിണങ്ങിയോ പിന്നേം? ഈ കുട്ട്യോളുടെ ഒരു കാര്യം!’

കുറച്ച് കഴിയുമ്പോള്‍ മെല്ലെ അടുത്ത് ചെല്ലും,

‘വാവേ
, കുഞ്ഞാറ്റക്ക് ഏട്ടന്‍ ഒരൂട്ടം കാണിച്ച് തരട്ടേ?’

കേള്‍ക്കാത്ത താമസം, വിടര്‍ന്ന കണ്ണുകളുമായി അവള്‍ ,ചാടിയെഴുന്നേല്‍ക്കും
‘എന്താ കുഞ്ഞേട്ടാ?’

അവളേയും കൂട്ടി മുറ്റത്തിന്റെ അതിരിലുള്ള ചെമ്പരത്തിച്ചെടിയുടെ അടുത്തെത്തി. അതിലുള്ള കിളിക്കൂട്ടില്‍ ചുണ്ട് പുളര്‍ത്തി മെല്ലെ ചിലക്കുന്ന രണ്ട് കിളിക്കുഞ്ഞൂങ്ങള്‍. അതു കണ്ടതും അവള്‍ കൈകൊട്ടി ചിരിക്കാന്‍ തുടങ്ങി,

‘ഏട്ടാ, എനിക്കൊരു കിളിക്കുഞ്ഞിനെ എടുത്തു തരുമോ?’

‘വേണ്ട വാവേ
, ആ കിളിക്കുഞ്ഞിന്റെ അമ്മ വരുമ്പോള്‍ അതിനു വിഷമമാകില്ലേ?’

‘ഉം... എന്നാല്‍ വേണ്ടാ ഏട്ടാ‘

ആര്‍ത്തലച്ച് മഴ പെയ്യുന്ന ദിവസങ്ങളില്‍, പുരപ്പുറത്ത് വീണ് മുറ്റത്തേക്ക് ഒഴുകിവീഴുന്ന മഴത്തുള്ളികളും നോക്കിയിരിക്കുമ്പോള്‍ കുഞ്ഞാറ്റ അടുത്ത് വരും. അപ്പോഴാവും ദൂരെ ശക്തമായ ഒരിടി വെട്ടുന്നതും, ഒരു മിന്നല്‍ വീണ് തകരുന്നതും. പേടിച്ച് വിറക്കുന്ന കുഞ്ഞാറ്റ ഓടി വന്ന് എന്നേ കെട്ടിപ്പിടിക്കും.

‘എന്ത് പറ്റി വാവേ, പേടിച്ച് പോയൊ?’
‘ഉം..’
കുഞ്ഞാറ്റയെ ചേര്‍ത്തു പിടിച്ച് പറയും,
‘പേടിക്കണ്ട ട്ടോ, വാവയുടെ കുഞ്ഞേട്ടനില്ലേ ഇവിടെ?

പിന്നെ മഴ തോര്‍ന്ന് മരം പെയ്യാന്‍ തുടങ്ങുമ്പോള്‍ അവള്‍ ഒരു കടലാസ്സുമായി അടുത്തെത്തും.

‘കുഞ്ഞേട്ടാ, എനിക്കൊരു വള്ളം ഉണ്ടാക്കിത്തര്വോ?’

മുറ്റത്തേക്കിറങ്ങുന്ന പടിയിലിരുന്ന്, കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലേക്ക് കുഞ്ഞാറ്റ കളിവഞ്ചിയിറക്കി. ഇളംകാറ്റില്‍ അത് മെല്ലെ മെല്ലെ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കൈകൊട്ടി ചിരിക്കാന്‍ തുടങ്ങി. എവിടെ നിന്നോ വന്ന ഒരു കാറ്റില്‍ ആ കടലാസ്സ് വഞ്ചി ചരിഞ്ഞ് വെള്ളത്തില്‍ മെല്ലെത്താണു.

‘ഏട്ടാ, എന്റെ വള്ളം ...’ ആ കണ്ണുകള്‍ തുളുമ്പാന്‍ തുടങ്ങി.

‘അയ്യേ, എന്റെ വാവക്ക് കുഞ്ഞേട്ടന്‍ ഇനിയും ഉണ്ടാക്കിത്തരാമല്ലോ’

അപ്പോഴാണ് കാറ്റില്‍ ഒരു അപ്പൂപ്പന്‍‌താടി അവിടേക്ക് പറന്ന് വന്നത്.

‘ഹായ് ... കുഞ്ഞേട്ടാ, അത് നോക്കിയേ...’പലതവണ പൊങ്ങിച്ചാടിയിട്ടേ അതിനെ കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിഞ്ഞൊള്ളു. അപ്പൂപ്പന്‍‌താടിയെ കയ്യില്‍ കിട്ടിയതോടെ കുഞ്ഞാറ്റയുടെ കണ്ണുകള്‍ നക്ഷത്രങ്ങള്‍ പോലെ തിളങ്ങി. സ്‌കൂളില്‍ ചേരാന്‍ കുഞ്ഞാറ്റക്കായിരുന്നു ഏറെ ഉത്സാഹം. കുഞ്ഞേട്ടന്റെ കൈപിടിച്ച് ഗമയില്‍ സ്‌കൂളില്‍ പോകാനുള്ള താല്പര്യം! ആദ്യദിവസം പടിക്കലോളം വന്ന് യാത്രയാക്കുമ്പോള്‍ അമ്മ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു,

‘കുട്ടാ, വാവേ നോക്കിക്കോണം കേട്ടോ’

പടിയിറങ്ങി പുഞ്ചപ്പാടത്തിനിടയിലൂടെയുള്ള ചെമ്മണ്‍പാതയിലൂടെ നടക്കുമ്പോള്‍ കുഞ്ഞാറ്റയുടെ വിരലുകളില്‍ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു. വയല്‍‌വരമ്പിനടുത്തു കൂടി ഒഴുകുന്ന തോട്ടിലെ തെളിവെള്ളത്തില്‍ തുള്ളിക്കളിക്കുന്ന പരല്‍മീനുകളെ നോക്കി കുഞ്ഞാറ്റ നിന്നു.

‘കുഞ്ഞാറ്റേ ഇങ്ങനെ നിന്നാല്‍ നമുക്ക് വേഗം സ്‌കൂളിലെത്തണ്ടേ?’ 


ഒരു കാരണവരുടെ ഗൌരവത്തോടെയാണ് ചോദിച്ചത്.

സ്‌കൂളിലെത്തുമ്പോള്‍ ഒന്നാം ക്ലാസ്സില്‍ പുത്തന്‍ കുരുന്നുകളുടെ കരച്ചിലും ബഹളവും. കുഞ്ഞാറ്റയെ മുന്‍‌ബെഞ്ചില്‍ തന്നെയിരുത്തി തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോള്‍, എന്റെ കുപ്പായത്തിന്റെ പിന്നില്‍ പുറകോട്ട് ഒരു പിടുത്തം! തിരിഞ്ഞ് നോക്കുമ്പോള്‍ വിതുമ്പാന്‍ ഒരുങ്ങുന്ന കുഞ്ഞാറ്റ!

‘അയ്യേ, ഏട്ടന്റെ കുഞ്ഞാറ്റക്ക് പഠിച്ച് വല്യ കുട്ടിയാവണ്ടേ?
'


ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ ഒരു മുത്തം കൊടുത്ത് തിരിഞ്ഞ് നടക്കുമ്പോള്‍ എന്റേയും കണ്ണുകള്‍ എന്തിനോ നിറഞ്ഞിരുന്നു.


എന്നും സ്‌കൂളിലേക്കുള്ള യാത്രയിലാണ് കഥപറച്ചിലുകള്‍. വഴിയിറമ്പിലുള്ള കാട്ടുപൂക്കളോടും, വണ്ണാത്തിപ്പുള്ളുകളോടും ഒക്കെ കഥ പറഞ്ഞാണ് യാത്ര. മരക്കൊമ്പില്‍ ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണനെ കാണുമ്പോള്‍ കുഞ്ഞാറ്റയുടെ കണ്ണുകള്‍ വിടരും.
ഉച്ചക്ക് കുഞ്ഞാറ്റയെ കൂടെയിരുത്തിയാണ് അമ്മ പാത്രത്തിലാക്കി തന്നുവിടുന്ന ഉച്ചയൂണ് കഴിക്കുക.കൊച്ചുരുളകളായി കുഞ്ഞാറ്റക്ക് ചോറ് വാരി കൊടുക്കുമ്പോള്‍ അവള്‍ ക്ലാസ്സിലെ വിശേഷങ്ങളും, അന്ന് ടീച്ചര്‍ പഠിപ്പിച്ചതും ഒക്കെ പറയുന്നുണ്ടാവും.


വൈകുന്നേരം അമ്പലക്കുളത്തിനടുത്തുകൂടിയാണ് യാത്ര. നിറയെ പൂത്ത് നില്‍ക്കുന്ന ആമ്പല്‍ പൂവുകള്‍ കാണുമ്പോള്‍ കുഞ്ഞാ‍റ്റ ചിണുങ്ങാന്‍ തുടങ്ങും.

‘കുഞ്ഞേട്ടാ വാവക്ക് പൂ വേണം’

പിന്നെ, എന്റേയും കുഞ്ഞാറ്റയുടേയും പുസ്തകസഞ്ചികള്‍ കല്‍പ്പടവില്‍ വെച്ച് വെള്ളത്തിലേക്കിറങ്ങി കയ്യെത്തി പൂവ് പറിക്കാന്‍ ശ്രമിക്കുമ്പോള്‍ അവള്‍ പറയും,

‘വേണ്ട ഏട്ടാ, നിക്ക് പേടിയാവുന്നു’
 

ഏറെ ആയാസപ്പെട്ട് പൂവ് പറിച്ച് കൊടുക്കുമ്പോള്‍ കുഞ്ഞാറ്റയുടെ മുഖത്തും ആമ്പല്‍പ്പൂവ് വിടരും! 

ദൂരെ നിന്നേ കേള്‍ക്കാം, അമ്പലക്കാവിലെ വയസ്സന്‍ മാവിന്‍ച്ചുവട്ടിലെ കുട്ടികളുടെ ബഹളം. ചക്കരമാമ്പഴം സമ്മാനമായ് നലകാന്‍ കാറ്റിനെ കൂട്ട് വിളിക്കുന്ന കുട്ടികള്‍. കുഞ്ഞാറ്റയെ കാവിനു പുറത്ത് നിര്‍ത്തി മാഞ്ചുവട്ടിലേക്കോടും. കൊഴിഞ്ഞു വീഴുന്ന മാമ്പഴങ്ങള്‍ കൈ നിറയെ പെറുക്കി അവള്‍ക്ക് നല്‍കും.


നാട്ടുവഴിയുടെ അങ്ങേയറ്റത്ത്‌ വീട്ടിലേക്കുള്ള പടിക്കെട്ടുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കുഞ്ഞാറ്റ എന്റെ കൈ വിട്ട് മുന്നോട്ട് ഓടും. പൂമുഖത്ത് തന്നെ അമ്മയുടെ ചിരിക്കുന്ന മുഖം ഞങ്ങളെ കാത്ത് നില്‍ക്കുന്നുണ്ടാവും.

‘കൂപ്പണ്‍ നമ്പര്‍ ഫിഫ്റ്റി ത്രീ ...’ തുടര്‍ച്ചയായി മുഴങ്ങിയ അനൌണ്‍സ്‌മെന്റാണ് ഓര്‍മ്മകളില്‍ നിന്ന് ഉണര്‍ത്തിയത്.

അപ്പോള്‍
എന്തിനെന്നറിയാതെ കണ്ണുകള്‍ നിറഞ്ഞിരുന്നു.


Related Posts Plugin for WordPress, Blogger...