Thursday, December 30, 2010

അഭിമുഖം: ബൂലോകം ഓണ്‍ലൈന്‍ 2010 അവാര്‍ഡ്‌ ജേതാക്കള്‍


ബൂലോകം ഓണ്‍ലൈന്‍ 2010 ലെ സൂപ്പര്‍ ബ്ലോഗ് അവാര്‍ഡ് ജേതാക്കളായ ശ്രീ.ബഷീര്‍ വള്ളിക്കുന്നും ശ്രീ.അനില്‍കുമാര്‍ .സി.പി.യുമായുള്ള അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ...

പ്രതീക്ഷിക്കാതെ കൈവന്ന അവാര്‍ഡിന്റെ സന്തോഷത്തില്‍:ബഷീര്‍ വള്ളിക്കുന്ന്


ശ്രീ.ബഷീര്‍ വള്ളിക്കുന്നിനോടു ആദ്യം അഭിമുഖത്തിനു അനുവാദം   ചോദിച്ചപ്പോള്‍ , അതൊക്കെ വേണോ കുഞ്ഞൂസേ എന്നു ചോദിച്ചു വിമുഖത പ്രകടിപ്പിച്ചെങ്കിലും പിന്നീടു അദ്ധേഹം അനുമതി നല്‍കി.അഭിമുഖത്തില്‍ സത്യസന്ധമായ മറുപടികള്‍ വളരെ സരസമായി പറഞ്ഞുകൊണ്ടു ശ്രീ.ബഷീര്‍ അവാര്‍ഡിന്റെ സന്തോഷം ബൂലോകവാസികളുമായി പങ്കുവെക്കുകയാണിവിടെ…

എന്തായിരുന്നു ഈ അവാര്‍ഡ് ഫലപ്രഖ്യാപനം വന്നപ്പോള്‍ താങ്കള്‍ക്കുണ്ടായ വികാരം?
ഒരു വികാരവും തോന്നിയില്ല എന്ന് കള്ളം പറയാന്‍ ഞാനില്ല. സന്തോഷം തോന്നി. എന്റെ ബ്ലോഗ്‌ ഇഷ്ടപ്പെടുന്ന ചിലരുണ്ട് എന്നത് തീര്‍ത്തും സന്തോഷകരമായ ഒന്ന് തന്നെ.

ഈ അവാര്‍ഡ്‌ താങ്കള്‍ പ്രതീക്ഷിച്ചതായിരുന്നോ?
ഇല്ല, ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.ബെര്‍ളിയെപ്പോലൊരു മെഗാ ബ്ലോഗര്‍ ലിസ്റ്റില്‍ ഉള്ളപ്പോള്‍ ആരെങ്കിലും എനിക്ക് വോട്ടു ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. ബൂലോകം ഓണ്‍ലൈനില്‍ ബെര്‍ളി സജീവമല്ലാത്തത് കൊണ്ടാവാം പലരും എനിക്ക് വോട്ടു ചെയ്തത്. മലയാള ബ്ലോഗ്‌ രംഗത്ത് ബെര്‍ളി കഴിഞ്ഞേ മറ്റൊരു പേര്‍ ഉള്ളൂ.. ബെര്‍ളിയുടെ റേഞ്ചിന്റെ നാലയലത്ത് എത്താന്‍ എനിക്ക് പറ്റില്ല.
ആദ്യപാദ ലീഡില്‍ താങ്കളുടെ തൊട്ടടുത്ത്‌ തന്നെ അതിപ്രശസ്തനായ ബെര്‍ളി തോമസ്‌ ഉണ്ടായിരുന്നല്ലോ… അത് താങ്കളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നോ?
ഒരു കൌതുകം എന്നതിലപ്പുറമുള്ള ആവേശമൊന്നും ഉണ്ടായിരുന്നില്ല. ബെര്‍ളിയെക്കുറിച്ച് ഞാന്‍ മുകളില്‍ പറഞ്ഞുവല്ലോ.

എങ്ങിനെയാണ്‌ ബ്ലോഗില്‍ എത്തിപ്പെട്ടത് ? വള്ളിക്കുന്ന്.കോമിന്റെ പിറവി എങ്ങിനെയായിരുന്നു?

കോളേജ് പഠനം തുടങ്ങുന്ന കാലത്താണ് എന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു വന്നത്. അതിന്റെ തലക്കെട്ട് ഞാന്‍ പറഞ്ഞാല്‍ കുഞ്ഞൂസ് ഞെട്ടും (നമ്മുടെ വിദ്യാഭ്യാസ രംഗം ഒരഴിച്ചു പണിയുടെ ആവശ്യകത.. !!!) പത്താം ക്ലാസുകാരന്റെ അഴിച്ചു പണി!!. പിന്നീട് പലപ്പോഴായി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. വക്കം മൌലവി, കെ. എം. മൗലവി തുടങ്ങിയ കേരളത്തിലെ മുസ്‌ലിം നവോത്ഥാന നായകന്മാര്‍ രൂപം നല്‍കിയ സംഘടനയുടെ യുവ വിഭാഗമായ ഐ.എസ്.എം മുഖപത്രമായ ശബാബില്‍ ആണ് കൂടുതലായും എഴുതിയിരുന്നത്. പൊടി പിടിച്ചു തുടങ്ങിയ പഴയ ലേഖനങ്ങള്‍ എല്ലാം ഒതുക്കി വെക്കാനുള്ള ഒരിടം എന്ന നിലക്കാണ് ബ്ലോഗ്‌ തുടങ്ങിയത്. സുകുമാര്‍ അഴീക്കോടിന്‍റെ മുഖ്യ പത്രാധിപത്യത്തില്‍ തുടങ്ങിയ ‘വര്‍ത്തമാനം‘ പത്രത്തില്‍ രണ്ടു വര്‍ഷത്തോളം ‘ദേശാന്തരം‘ എന്ന പ്രതിവാര പംക്തി ഞാന്‍ എഴുതിയിരുന്നു. അത് ബ്ലോഗില്‍ ഇടാം എന്ന ഉദ്ദേശവും ഉണ്ടായിരുന്നു. പക്ഷെ അത് പോലെ സീരിയസ്സായ അന്താരാഷ്‌ട്ര വിഷയങ്ങള്‍ വായിക്കുവാന്‍ ബ്ലോഗില്‍ ഒരാളും വരുന്നില്ല എന്ന് കണ്ടപ്പോഴാണ് ഞാന്‍ റൂട്ട് മാറ്റി സമകാലിക വിഷയങ്ങള്‍ എഴുതിത്തുടങ്ങിയത്.

സാഹിത്യ ജീവിതത്തിലെ പിന്നിട്ട നാള്‍വഴികള്‍ ?
അങ്ങനെ കാര്യമായി ഒന്നുമില്ല. കോഴിക്കോട്ട് യുവത ബുക്ക്‌ ഹൌസ് പ്രസിദ്ധീകരിച്ച ‘പലസ്തീന്‍ പോരാട്ടത്തിന്‍റെ നാള്‍വഴി‘ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ലേഖന സമാഹാരം പുസ്തകമാക്കി ഇറക്കാന്‍ പല സുഹൃത്തുക്കളും പറയാറുണ്ട്‌. സാഹചര്യം ഒത്തു വന്നിട്ടില്ല. പ്രസംഗം എനിക്ക് ഇഷ്ടമുള്ള ഒരു മേഖലയാണ്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഇന്റര്‍ സോണ്‍ മല്‍സരങ്ങളില്‍ പലപ്പോഴും പ്രസംഗ മത്സരത്തിന് പങ്കെടുക്കുമായിരുന്നു. (പ്രസംഗം നന്നായാലും ഇല്ലെങ്കിലും കയ്യടിക്കാന്‍ കോളേജില്‍ നിന്ന് കൂട്ടുകാര്‍ കൂടെ വരും. പ്രസംഗം കഴിഞ്ഞ ഉടനെ നിര്‍ത്താതെ കയ്യടി കിട്ടുമ്പോള്‍ വിധി കര്‍ത്താക്കള്‍ അന്തം വിടും!!!) എന്നാലും ഗാന്ധി പീസ്‌ ഫൌണ്ടേഷന്‍ നടത്തിയ ഇന്റര്‍ കോളേജിയേറ്റ് പ്രസംഗ മത്സരത്തില്‍ രണ്ടാം സ്ഥാനം കിട്ടിയിട്ടുണ്ട് കേട്ടോ.. സംസ്കൃതി ജിദ്ദയുടെ ലേഖന പുരസ്കാരം ലഭിച്ചിട്ടുണ്ട്. (ഇനി, ഓ.എന്‍ . വി യെപ്പോലെ ഒരു ജ്ഞാനപീഠം.. അത് കൂടി കിട്ടിയാല്‍ എന്റെ ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തിയായി)

താങ്കളുടെ കുടുംബം ബ്ലോഗുകള്‍ വായിക്കാറുണ്ടോ, എന്താണ് അവരുടെ പ്രതികരണങ്ങള്‍ ?
എന്റെ ഭാര്യയും മകളും നല്ല വായനക്കാരാണ്. വീട്ടില്‍ ജേഷ്ഠന്‍മാരും അനിയനുമെല്ലാം സ്ഥിര വായനക്കാര്‍ ആണ്. ഞങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി ഒരു ഫാമിലി ബ്ലോഗും എന്റേതായി ഉണ്ട്. ഭാര്യ വിമര്‍ശിക്കാറില്ല. ഇതൊക്കെ എത്ര കണ്ടതാ എന്ന ഒരു ലൈനാണ് അവളുടേത്‌… മകള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ തുറന്നു പറയും.

ബ്ലോഗില്‍ നിന്നും കിട്ടിയ നന്മകള്‍ ‍, തിന്മകള്‍ ‍?
തിന്മകള്‍ ഒന്നുമില്ല. നന്മകള്‍ മാത്രമേയുള്ളൂ. നിരവധി സുഹൃത്തുക്കള്‍ …അതിലേറെ ശത്രുക്കള്‍ , നല്ല സംവാദങ്ങള്‍ … മുസ്‌ലിം തീവ്രവാദ ശൈലികളെ ശക്തമായി വിമര്‍ശിക്കുക വഴിയാണ് ഏറെപ്പേര്‍ പിണങ്ങിപ്പോയത്. അത് കാര്യമാക്കുന്നില്ല. നാം നമ്മുടെ മനസ്സാക്ഷിയോട്‌ നീതി പുലര്‍ത്തുക എന്നതാണ് മുഖ്യം.

പുതു ബ്ലോഗ്ഗേര്‍സിനായുള്ള താങ്കളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ?
അയ്യോ, ഉപദേശങ്ങള്‍ നല്‍കാന്‍ മാത്രം പരിചയമൊന്നും എനിക്കില്ല. ഇതൊരു നല്ല മാധ്യമമാണ്. പ്രിന്റ്‌ മീഡിയ നശിച്ചാലും ഇ മീഡിയ നിലനില്‍ക്കും എന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. ബ്ലോഗില്‍ പ്രിന്ററും എഡിറ്ററും പബ്ലിഷറുമെല്ലാം നാമാണ്. അതിരുകളില്ലാത്ത ഒരു വിശാല ലോകമാണിത്. ഇവിടെ കഴിയുന്നത്ര പറന്നു നടക്കുക… (ചന്തയില്‍ നെയ്യപ്പം വില്‍ക്കുന്ന ആളെപ്പോലെയാണ് ബ്ലോഗര്‍ . നെയ്യപ്പം ഉണ്ടാക്കിയാല്‍ മാത്രം പോരാ.. അത് വിളിച്ചു കൂവി നാലാളെക്കൊണ്ട്‌ വാങ്ങിപ്പിക്കുകയും വേണം. പത്രങ്ങളെയോ വാരികകളെയോ പോലെ മാര്‍ക്കെറ്റിങ്ങിനും വിതരണത്തിനും ആളില്ല. എല്ലാം സ്വയം ചെയ്യണം. പല നല്ല ബ്ലോഗുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് സ്വയം മാര്‍ക്കറ്റ് ചെയ്യുന്നതില്‍ മടിച്ചു നില്‍ക്കുന്നത് കൊണ്ടാണ് )

ലാളിത്യത്തിന്റെ നറുമലരുകള്‍ കൊണ്ട് സ്നേഹത്തിന്റെ കഥകള്‍ മെനയുന്ന അനില്‍കുമാര്‍ .സി.പി


ലാളിത്യത്തിന്റെ നറുമലരുകള്‍ കൊണ്ട്,സ്നേഹത്തിന്റെ കഥകള്‍ മെനയുന്ന ശ്രീ.അനില്‍കുമാര്‍ .സി.പി അവാര്‍ഡ് പുരസ്ക്കാരം, കൂട്ടത്തിനും കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.അഭിമുഖത്തിലൂടെ…..

ബൂലോകം ഓണ്‍ലൈന്‍ 2010 സൂപ്പര്‍ ബ്ലോഗ്ഗര്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞപ്പോള്‍ എന്തായിരുന്നു താങ്കളുടെ വികാരം?ഈ വിജയം പ്രതീക്ഷിച്ചിരുന്നതായിരുന്നോ?

സത്യത്തില്‍ ഒരു അമ്പരപ്പായിരുന്നു .പ്രശസ്തരും പ്രഗല്‍ഭരുമായ പ്രമുഖ ബ്ലോഗ്ഗര്‍മാര്‍ക്കിടയില്‍ നിന്നും ഇങ്ങിനെ ഒരു വിജയം സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

എത്ര കാലമായി ബ്ലോഗില്‍ വന്നിട്ട്? ‘വൈഖരി’എന്ന ബ്ലോഗ് രൂപം കൊണ്ടതെങ്ങിനെ എന്ന്‌ പറയാമോ? എന്താണ് ഈ ‘വൈഖരി’യുടെ അര്‍ഥം?
ബുലോകത്ത് താരതമ്യേന പുതുമുഖമാണ് ഞാന്‍. ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ ഞാന്‍ ബ്ലോഗ്‌ ലോകത്തില്‍ എത്തിയിട്ട്.വര്‍ഷങ്ങള്‍ നീണ്ട പ്രവാസജീവിതത്തിലെ അനുഭവങ്ങളും മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ചു കിടക്കുന്ന ഓര്‍മകളുമൊക്കെ മറ്റുള്ളവരുമായി പങ്കുവെക്കണം എന്ന തോന്നലില്‍ നിന്നാണ് സ്വന്തമായി ഒരു ബ്ലോഗ്‌ എന്ന ചിന്ത മനസ്സിലുണ്ടായത്.അപ്പോള്‍ ‘ഹൃദയത്തില്‍ നിന്നു വരുന്ന ശബ്ദം ‘ എന്ന അര്‍ത്ഥത്തില്‍ ആദ്യം തന്നെ മനസ്സില്‍ വന്ന പേര് ‘വൈഖരി’ എന്നായിരുന്നു.

ഒപ്പം വാശിപിടിച്ചും വഴക്കിട്ടും എന്റെ പിന്നാലെ നടന്നു നിര്‍ബന്ധിച്ചു എന്നെക്കൊണ്ട് എഴുതിക്കുകയും എന്റെ ആദ്യവായനക്കാരിയും വിമര്‍ശകയും ആയ എന്റെ വാവ, എന്റെ അനിയത്തി, അവളാണ് എന്റെയീ ബ്ലോഗിന് പ്രധാന കാരണക്കാരി.

അവാര്‍ഡ്‌ തിരഞ്ഞെടുപ്പില്‍ , ആദ്യപാദ ലീഡ് പുറത്തുവന്നപ്പോള്‍ അതിപ്രശസ്തരായ ബെര്ളിയുടെയും ബഷീറിന്റെയും ഒപ്പം താങ്കളും ഉള്‍പ്പെട്ടിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ എന്തു തോന്നി?
നേരത്തെ പറഞ്ഞതുപോലെ അമ്പരപ്പും അവിശ്വസനീയതയും ഒക്കെയാണ് തോന്നിയത്. പിന്നെ  സ്വാഭാവികമായും ഏറെ സന്തോഷവും…

താങ്കളുടെ കഥകളില്‍ അനുഭവത്തിന്റെ ചൂടും ചൂരും വായനക്കാര്‍ക്കു അനുഭവപ്പെടുന്നു. സത്യത്തില്‍ അനുഭവകഥകള്‍ ആണോ എഴുതുന്നത്‌?
അനുഭവങ്ങളോടൊപ്പം  ഭാവനയും എന്ന്‌ പറയാം. ഈ ലോകവും അവിടുത്തെ പലതരത്തിലുള്ള ജീവിതവും അടുത്തു നിന്നു നോക്കിക്കാണാനും അവയെക്കുറിച്ച് എഴുതാനും എന്നും എനിക്ക് താല്പര്യമുണ്ടായിരുന്നു. ദീര്‍ഘനാളത്തെ പ്രവാസ ജീവിതത്തിനിടയില്‍ ജീവിതത്തിന്റെ പല മുഖങ്ങള്‍ കണ്ടു, ജീവിതത്തിന്റെ നോവും സന്തോഷവും അറിഞ്ഞു,വിവിധതരക്കാരായ ധാരാളം ആളുകളെ അടുത്തറിയാനും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും കഴിഞ്ഞു. സ്വാഭാവികമായും ആ അനുഭവങ്ങളൊക്കെ എന്റെ എഴുത്തില്‍ കടന്നു വരുന്നു. കൂടാതെ എന്നും ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരുപാടു ഗൃഹാതുരതകളുടെ നനുത്ത ഓര്‍മകളും.

‘കൂട്ടം’എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ചെയര്‍മാന്‍ കൂടിയാണല്ലോ താങ്കള്‍ . താങ്കളുടെ സാഹിത്യരചനകള്‍ക്ക് ‘കൂട്ടം‘ സഹായകമായിട്ടുണ്ടോ?
തിര്‍ച്ചയായും…എന്നെ ഞാനാക്കിയത് കൂട്ടം ആണെന്ന് പറയാം.ഈ പ്രവാസ ജീവിതത്തിനിടയില്‍ എവിടെയോ കൈമോശം വന്ന എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് വീണ്ടും ഞാന്‍ തിരിച്ചെത്തിയത്‌ ഏതാണ്ട് 2 വര്‍ഷം മുമ്പ് കൂട്ടത്തില്‍ ചേര്‍ന്നതോടെയാണ്. അവിടെ എനിക്കറിയാവുന്ന ഭാഷയില്‍, ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ എഴുതിയതൊക്കെ വായിക്കാനും,സ്നേഹത്തോടെ വിമര്‍ശിക്കാനും, നിര്‍ദ്ദേശങ്ങള്‍ നല്കാനുമൊക്കെ ധാരാളം നല്ല കൂട്ടുകാര്‍ ഉണ്ടായി.അവരാണെന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചത്.എനിക്ക് കിട്ടിയ ഈ പുരസ്‌കാരം എന്റെ പ്രിയപ്പെട്ട കൂട്ടത്തിനും കൂട്ടം സുഹൃത്തുക്കള്‍ക്കും ഞാന്‍ സമര്‍പ്പിക്കുന്നു.

താങ്കളുടെ കുടുംബം,താങ്കളുടെ പോസ്റ്റുകള്‍ വായിക്കുകയും വിലയിരുത്തുകയും ചെയ്യാറുണ്ടോ?
അച്ഛനും സഹോദരങ്ങളും സാഹിത്യാഭിരുചിയുള്ളവരാണ്. അവര്‍ വായിക്കുകയും വിമര്‍ശിക്കുകയും ഒക്കെ ചെയ്യാറുണ്ട്.പിന്നെ, എപ്പോഴും പ്രോത്സാഹനങ്ങളുമായി എന്റെ നല്ലപാതി അമ്പിളി കൂട്ടുണ്ട്.പക്ഷെ,അവള്‍ക്കു ഞാന്‍ എഴുതുന്നതെല്ലാം നല്ലത് മാത്രമാണ് കേട്ടോ!

ഈ ബൂലോകത്തില്‍ നിന്നും താങ്കള്‍ക്ക് കിട്ടിയ ഗുണങ്ങളും ദോഷങ്ങളും?
എന്നേക്കാള്‍ വളരെ നന്നായി എഴുതുന്ന പ്രശസ്തരായ ധാരാളം ആള്‍ക്കാരെ പരിചയപ്പെടാനും അവരുടെ രചനാരീതികള്‍ അടുത്തുനിന്ന് നോക്കിക്കാണാനും ഒക്കെ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. ലോകത്തിന്റെ പല കോണുകളില്‍ നിന്നായി ഒരുപാടു നല്ല സുഹൃത്തുക്കള്‍ ,അവരുടെ സ്നേഹം, നിര്‍ദേശങ്ങള്‍ , അഭിപ്രായങ്ങള്‍ , വിമര്‍ശനങ്ങള്‍ ഒക്കെ… പിന്നെ താരതമ്യേന പുതുമുഖമായിട്ടു കൂടി ഇപ്പോള്‍ ബൂലോകം ഓണ്‍ലൈനില്‍ നിന്നും കിട്ടിയ ഈ അംഗീകാരം! എനിക്ക് കിട്ടിയ അംഗീകാരം തീര്‍ച്ചയായും ബ്ലോഗിന്റെ ലോകത്തേക്ക് പുതിയതായി എത്തുന്ന എഴുത്തുകാര്‍ക്ക് ഒരു പ്രോത്സാഹനവും പ്രചോദനവും ആകുമെന്ന കാര്യത്തില്‍ സംശയമില്ല.ഗ്രൂപ്പുകളും ക്ലിക്കുകളുമൊക്കെ കൊടികുത്തി വാഴുന്ന ബൂലോകത്ത് പ്രശസ്തരോടൊപ്പം പുതുമുഖങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം കൊടുക്കുന്ന ബൂലോകം ഓണ്‍ലൈന്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
പിന്നെ,ഈ ബൂലോകത്തില്‍ നിന്നും ഇതുവരെ എനിക്ക് ദോഷങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല കേട്ടോ…

രണ്ടു അവാര്‍ഡ്‌ ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ !! അവരുടെ യശസ്സ് ബൂലോഗത്തിന്റെ അതിരുകള്‍ താണ്ടി ഭൂലോകത്തും പടരട്ടെ എന്നും ആശംസിക്കുന്നു.

Friday, October 22, 2010

പിറന്നാള്‍ സമ്മാനം!


രോഗികളുടെ തിരക്കൊഴിഞ്ഞപ്പോഴാണ്  മീര, രാഹുലിന്റെ റൂമിലേക്ക്‌ ചെന്നത്. അവിടെ ഇനിയും ഒന്നു രണ്ടു രോഗികള്‍ കൂടെയുണ്ട്.കാന്റീനില്‍ കാണുമെന്നു  പറഞ്ഞിട്ട്  നേരെ  അങ്ങോട്ട്‌ നടന്നു. ചൂടുള്ള കോഫിയുമായി ഒഴിഞ്ഞ കോണില്‍ ഇടം പിടിക്കുമ്പോഴേക്കും രാഹുലും എത്തി.

"തനിക്കു കഴിക്കാന്‍ ഒന്നും വേണ്ടേ?"

"രാഹുല്‍ വന്നിട്ടാകാം എന്നു വച്ചു"

ശരി, എങ്കില്‍ ഞാന്‍ വാങ്ങിയിട്ട് വരാം"


ഒരു തലയാട്ടലില്‍ മറുപടി ഒതുക്കി,കാപ്പിക്കപ്പ്‌ ചുണ്ടോടു ചേര്‍ത്തു.


ട്രേയില്‍ കഴിക്കാനുള്ളതുമായി രാഹുല്‍ വന്നപ്പോഴേക്കും മീരയുടെ കോഫി തീര്‍ന്നിരുന്നു.


പതിവ് പോലെ,രാഹുലിന് ചപ്പാത്തിയും കുറുമയും, അവള്‍ക്കു വെജിറ്റബിള്‍ ഉപ്പുമാവും!


ഉപ്പുമാവിന്റെ പ്ലേറ്റ് മുന്നിലേക്ക്‌ എടുത്തു വെക്കുന്നതിനിടയില്‍ മീര ചോദിച്ചു,

"രാഹുല്‍, നാളെ നമുക്ക് അമ്മയുടെ അടുത്തൊന്നു പോയാലോ,അമ്മയുടെ പിറന്നാളാണ് നാളെ..."


 ഓ, എത്ര പെട്ടന്നാണ് ഒരു വര്‍ഷം കഴിഞ്ഞത് അല്ലെ..?ഇത്തവണ എന്തു സര്‍പ്രൈസ് ആണ് അമ്മക്ക് കൊടുക്കുക?"

"അതെനിക്കറിയില്ല" മീരയുടെ  മറുപടി രാഹുലില്‍ ഒരു പുഞ്ചിരി പടര്‍ത്തി.


"ഒരു സദ്യ ഓര്‍ഡര്‍ ചെയ്താലോ?അമ്മയുടെ ഇഷ്ട വിഭവങ്ങള്‍ ഒക്കെയായി..."


അമ്മയുടെ ഇഷ്ടവിഭവങ്ങള്‍! എന്തൊക്കെയാണവ?ഒരിക്കല്‍ പോലും അങ്ങിനെയൊന്നു തനിക്കറിയില്ലല്ലോ എന്നത് മീര കുറ്റബോധത്തോടെ ഓര്‍ത്തു.തന്റെയും അച്ഛന്റെയും ഇഷ്ടങ്ങള്‍ മാത്രമായിരുന്നല്ലോ എന്നും തങ്ങളുടെ വീട്ടില്‍....


"എന്തായാലും ഞാന്‍ അമ്മയെ ഒന്നു ഫോണ്‍ ചെയ്യട്ടെ,എന്നിട്ട് ചോദിച്ചു മനസിലാക്കാം" രാഹുലില്‍ നിറയുന്ന ഉത്സാഹം മീരയെ അത്ഭുതപ്പെടുത്തിയില്ല.രാഹുലിന് തന്റെ അമ്മ, എന്നും സ്വന്തം അമ്മയെപ്പോലെയായിരുന്നു.ഒരുപക്ഷെ തന്നേക്കാളേറെ അമ്മയെ മനസ്സിലാക്കിയതും രാഹുല്‍ ആവണം...

ഒരു കുട്ടിയുടെ ഭാവഹാവാദികളോടെ രാഹുല്‍ ഫോണില്‍ അമ്മയോട് സംസാരിക്കുന്നതും നോക്കിയിരുന്നു മീര മെല്ലെ മുന്നിലിരുന്ന ഉപ്പുമാവിലേക്ക് സ്പൂണ്‍ താഴ്ത്തി."എടോ, നാളെ രാവിലെ തന്നെ അങ്ങെത്തണമെന്നാണ് അമ്മ പറയുന്നത്" രാഹുല്‍ പറയുന്നത് കേട്ടു ചോദ്യഭാവത്തില്‍ ആ മുഖത്തേക്ക് നോക്കിയപ്പോള്‍, ഒരു കഷണം ചപ്പാത്തി പൊട്ടിച്ചു വായില്‍ ഇട്ടു കൊണ്ട് രാഹുല്‍ പുഞ്ചിരിച്ചു.

"നമുക്ക് നാളെ അതിരാവിലെ പോകാം അല്ലേ... നാളെ രാഹുലിന്  ഓഫ്‌ അല്ലേ,ഞാന്‍ ലീവ് എടുക്കാം", രാഹുലിന്റെ ഉത്സാഹം തന്നിലേക്കും പടരുന്നത്‌ മീര അറിഞ്ഞു.


........
കാറിലിരിക്കുമ്പോള്‍ മീര ഓര്‍ത്തു, 


അച്ഛന്റെ ഇഷ്ടങ്ങള്‍ നിറവേറ്റാനുള്ള ഒരു യന്ത്രം മാത്രമായിരുന്നു അമ്മ എന്നു മുതിര്‍ന്നപ്പോഴാണ്‌  മനസ്സിലാക്കിയത്. എം.ടി യെയും വള്ളത്തോളിനെയും ആശാനെയും പോലെ തന്നെ പോള്‍ കൊയ് ലൊയെയും ഗ്യാംസൊയെയും അമ്മ വായിച്ചിരുന്നത്, അച്ഛനെ കാണാതെയായിരുന്നു. അച്ഛന്റെ ഭാഷയില്‍ അമ്മയുടെ വായന പ്രയോജനമില്ലാത്ത കാര്യങ്ങളായിരുന്നു.


വീട്ടില്‍ വരുന്ന ഭിക്ഷക്കാര്‍ക്ക് കഴിക്കാനോ മറ്റോ കൊടുത്തുവെന്നറിഞ്ഞാല്‍ അച്ഛന്‍ കലിതുള്ളിപ്പറയും, "വല്ലവനും കഷ്ട്ടപ്പെട്ടു  കൊണ്ടു വരുന്നത് എടുത്തു കൊടുത്താല്‍ മതിയല്ലോ നിനക്കൊക്കെ"

അന്നേ ദിവസം അമ്മ പട്ടിണി ഇരുന്നിട്ടാണ്, വിശക്കുന്നവനു ആഹാരം കൊടുത്തതെന്ന് അച്ഛന്‍ ഒരിക്കലും അറിഞ്ഞില്ല!

ഒരിക്കല്‍പ്പോലും അമ്മ മറുത്തെന്തെങ്കിലും പറയുന്നതും കേട്ടിട്ടില്ല.

സഹായം ചോദിച്ചു വരുന്ന ആരെയും വെറും കയ്യോടെ അയക്കുമായിരുന്നില്ല.തന്റെ കയ്യിലുള്ളത് കൊടുക്കാന്‍ ഒരിക്കലും അമ്മ മടിച്ചിരുന്നില്ല...


ഒരിക്കല്‍ മാത്രം തന്നോട് പറഞ്ഞു,


"മോളുടെ കല്യാണം കഴിഞ്ഞാല്‍ ഏതെങ്കിലും ഒരാശ്രമത്തില്‍ പോയി ജീവിക്കണം എന്നാണ് ആഗ്രഹം"


അന്ന്, അത് കേട്ടുകൊണ്ടു വന്ന അച്ഛന്‍, അമ്മയെ പരിഹസിച്ചത്‌ ഇപ്പോഴും കാതോരത്ത് കേള്‍ക്കുന്നു.


"ആശ്രമത്തിലോ നീയോ, അവിടെ പോയി നീ എന്തു ചെയ്യാനാ?"

"വേദനിക്കുന്നവര്‍ക്ക് അല്പം ആശ്വാസം പകരാനായാല്‍....."


അര്‍ധോക്തിയില്‍  അമ്മ നിര്‍ത്തിയപ്പോള്‍, അച്ഛന്‍ പൊട്ടിച്ചിരിച്ചു.


അച്ഛന്റെ മരണ ശേഷം ഒരിക്കല്‍ രാഹുല്‍ ആണത് പറഞ്ഞത്,ഇനിയെങ്കിലും അമ്മക്കിഷ്ടമുള്ള ഒരു ജീവിതം നമുക്ക് കൊടുത്തു കൂടെ എന്ന്‌...


പതിവ് പോലെ ആ വാരാന്ത്യത്തിലും വീട്ടിലെത്തി ,  കാലില്‍ തൊട്ടു തൊഴാന്‍ കുനിഞ്ഞ മീരയെ പിടിച്ചുയര്‍ത്തി, അമ്മ മൂര്‍ദ്ധാവില്‍ മുത്തം കൊടുത്തു.

തങ്ങള്‍ക്കു പ്രിയപ്പെട്ട വിഭവങ്ങളുമായി ഊണ് കഴിഞ്ഞു.


" നമുക്ക് ഒരു യാത്ര പോകാനുണ്ട്,അമ്മ ഒരുങ്ങിക്കോളൂ" എന്നു പറഞ്ഞപ്പോള്‍, അതിനു കാത്തിരുന്നത് എന്ന പോലെ അമ്മ തയ്യാറായി വന്നത്, എവിടെക്കെന്നു ചോദിക്കാതിരുന്നത്, എല്ലാം മീരയെ അത്ഭുതപ്പെടുത്തി!


യാത്രയിലുടനീളം അമ്മയും നിശബ്ധയായിരുന്നു. എന്നാല്‍ 'സ്നേഹാശ്രമ' ത്തിന്റെ ഗേറ്റ് കടന്നപ്പോള്‍ ആ മിഴികള്‍ തിളങ്ങാന്‍ തുടങ്ങി. പതിയെ അടുത്തിരുന്ന തന്റെ കൈകളില്‍  പിടിച്ചു....  ആ മനസിന്റെ താളം കൈകളില്‍ അനുഭവിച്ചറിഞ്ഞ മീര, പെട്ടന്ന് അമ്മയുടെ കൈകള്‍ കൂട്ടിപ്പിടിച്ചു പറഞ്ഞു,


"ഇനിയുള്ള ജീവിതം അമ്മയുടെ ഇഷ്ടത്തിന് ജീവിക്കാനുള്ളതാണ്,  അമ്മക്കേറെ ഇഷ്ടമുള്ള ഇവിടെ അമ്മക്കിനി കഴിയാം"

സന്തോഷം കൊണ്ടു നിറഞ്ഞൊഴുകുന്ന ആ കണ്ണുകളില്‍ ചുംബിക്കുമ്പോള്‍ മീരയുടെ കണ്ണുകളും നിറഞ്ഞ് ഒഴുകുകയായിരുന്നു!Sunday, August 22, 2010

ആദ്യത്തെ ഉരുള - ഒരോണസ്മൃതി!


റ്റി. വി. യില്‍ തിരുവോണപ്പരിപാടികള്‍ അനൗണ്‍സ്    ചെയ്യുന്നു... ഇന്നു രാവിലെ എട്ടു മണിക്ക് ...

‘ഇന്നു രാവിലെയോ?’ ... ഓഹ് ... നാട്ടില്‍ നേരം പുലര്‍ന്നിരിക്കുന്നു!

നാട്ടിലിപ്പോള്‍ കുട്ടികള്‍ തിരുവോണ  ദിവസത്തെ പൂക്കളമൊരുക്കുന്ന തിരക്കിലാവും. അമ്മയും ആന്റിയുമൊക്കെ രാവിലെതന്നെ അടുക്കളയില്‍ കയറിയിട്ടുണ്ടാവും.

ഇപ്പോള്‍  വാവ എന്തെടുക്കുകയാവും? വാവയും ഓര്‍ക്കുന്നുണ്ടാകുമോ കളിച്ചും, ചിരിച്ചും, കലഹിച്ചും, പിന്നെയും ഇണങ്ങിയും ഒക്കെക്കഴിഞ്ഞ ആ പഴയ ഓണക്കാലങ്ങള്‍?

ഓര്‍മ്മകള്‍ ഒരുപാടു പിന്നോട്ടു പോയി...

നേരം വെളുത്തുവരുന്നതേയുള്ളു. പ്ലാവിന്റെ ഇലകള്‍ക്കിടയിലൂടെ ഊര്‍ന്നു വീഴുന്ന സൂര്യരശ്മികള്‍ മുറ്റത്തെ പഞ്ചാരമണലില്‍ കൊച്ചുകൊച്ചു വട്ടങ്ങള്‍ തീര്‍ത്തു. മുറ്റത്തെ ചെമ്പരത്തിപ്പൂവുകളില്‍ പുലര്‍മഞ്ഞ് തിളങ്ങി. ദൂരെയെവിടെയോ ഒരു കുയില്‍ ഈണത്തില്‍ പാടി. കാക്കകള്‍ ഓണക്കുരവയിടാന്‍ തുടങ്ങി.

രാത്രിയില്‍ വിരുന്നവന്ന കുട്ടികളൊക്കെ തന്റെ മുറിയില്‍ത്തന്നെയായിരുന്നു കിടന്നത്. ചിങ്ങക്കുളിരിന്റെ സുഖത്തില്‍  പുതച്ചു മൂടി ഉറങ്ങുമ്പോഴാണ് അമ്മ വന്നു വിളിച്ചത്,

‘ കുട്ടാ, പൂ പറിക്കുകയും, പൂക്കളമിടുകയും ഒന്നും ചെയ്യുന്നില്ലേ ഇന്ന്?’

ദിവാകരമാമന്റെ മകന്‍ ഗോപനും ഓമനയാന്റിയുടെ മകന്‍ നന്ദനും മകള്‍ ദീപയും അപ്പോഴേക്കും ചാടിയെഴുന്നേറ്റു കഴിഞ്ഞു. എല്ലാവരും കൂടി പറമ്പിലെ കുളക്കരയിലേക്കു നടക്കുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു,

‘കുട്ടികളേ, ആ പടിയൊക്കെ വഴുക്കിക്കിടക്കുകയാ, സൂക്ഷിക്കണേ...’

വെള്ളത്തിനു നല്ല തണുപ്പ്, വേഗം കുളികഴിഞ്ഞുവന്ന് പുത്തനുടുപ്പുകളുമൊക്കെയിട്ട് എല്ലാവരും പൂ പറിക്കാനിറങ്ങി. തൊടിയിലൊക്കെ നിറയെ തുമ്പപ്പൂക്കളും, കാട്ടുറോസയും, കമ്മല്‍പ്പൂവും ചിരിച്ചു നിന്നു...  വേലിയില്‍ നിറയെ പൂത്തുനില്‍ക്കുന്ന ചെമ്പരുത്തി, മുറ്റത്തെ ചെടികളില്‍ ചെത്തിയും, പിച്ചിയും, ജമന്തിയും....

എല്ലാവരും കൂടി പൂക്കളമിട്ടു കഴിഞ്ഞപ്പോഴാണ് വാവ കണ്ണുംത്തിരുമ്മി എഴുന്നേറ്റു വന്നത്. പൂക്കളം കണ്ടതോടെ വാവയുടെ മട്ടു മാറി.

"പൂക്കളം കൊള്ളാമോ കുഞ്ഞാറ്റേ ...?" 

നന്ദന്റെ ചോദ്യംകേട്ടു തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത്, നിറഞ്ഞുവന്ന കണ്ണുകള്‍  കൈപ്പുറം കൊണ്ടു തുടയ്ക്കുന്ന വാവയെയാണ്.

‘ഞാന്‍ കുഞ്ഞേട്ടനോട് മിണ്ടൂല്ലാ... എന്നേ കൂട്ടാതെ പൂക്കളമിട്ടില്ലേ?’

‘അത് പിന്നെ... വാവേ, രാവിലെ ഒത്തിരി തണുപ്പായത് കൊണ്ടല്ലേ?’

‘ഉം... വേണ്ട, കുഞ്ഞേട്ടന്‍ വാവയേ കളിപ്പിക്കുകയാ...’

മുറ്റത്ത് പുലരിവെയില്‍ പരന്നു തുടങ്ങിയിരുന്നു. സ്വര്‍ണനിറമുള്ള ഓണത്തുമ്പികള്‍ പാറിപ്പറക്കാന്‍ തുടങ്ങി.

‘വാവക്ക് ഏട്ടന്‍ ആ ഓണത്തുമ്പിയെ പിടിച്ചു  തരാല്ലോ ’

‘എനിക്കു വേണ്ടാ’

വാവ ചിണുങ്ങിക്കൊണ്ട് അകത്തേക്കു പോയി, അടുക്കളയുടെ മൂലക്ക് മുഖവും വീര്‍പ്പിച്ചിരുന്നു.

‘എന്തിനാ കുട്ടാ ഈ കൊച്ച് മുഖവും വീര്‍പ്പിച്ചിരിക്കുന്നേ?’ അമ്മ വിളിച്ചു  ചോദിച്ചു.

ഓടി അടുക്കളയിലേക്കു ചെന്നു, വാവ അപ്പോഴും വാശിയില്‍ തന്നെ...

‘നോക്ക്, വാവയെ ഏട്ടന്‍ ഊഞ്ഞാലാ‍ട്ടി തരട്ടേ?’

വാവ പൊടുന്നനെ തലയുയര്‍ത്തി, ആ കണ്ണുകള്‍ തിളങ്ങി.

‘കുഞ്ഞേട്ടന്‍ വാവയെ മടിയിലിരുത്തി ആട്ടാമോ?

‘പിന്നെ വേറേ ആരേയാ കുഞ്ഞേട്ടന്‍ മടിയിലിരുത്തുക?’

മുറ്റത്തു കുട്ടികളെല്ലാം ചേര്‍ന്ന് ഓരോ കളികള്‍ തുടങ്ങിയപ്പോഴേക്കും വാവ അങ്ങോട്ടു വന്നു. തിളങ്ങുന്ന പട്ടുപാവാടയും ബ്ലൗസും ഇട്ട്, മുടിയൊക്കെ രണ്ടായി പിന്നി, വാലിട്ടു കണ്ണെഴുതി സുന്ദരിക്കുട്ടിയായി....

ദീപക്ക് ഓലപ്പമ്പരം ഉണ്ടാക്കി കൊടുക്കുന്നതു  കണ്ടുകൊണ്ടാണ് വാവ വന്നത്. ഒരു നിമിഷം ആ മുഖം ഒന്നിരുണ്ടു! പിന്നെ അവള്‍ കൈയിൽ പിടിച്ചുവലിച്ചു,

‘കുഞ്ഞേട്ടാ എന്നെ ഊഞ്ഞാലാട്ടി താ...’

വാവയേയും മടിയില്‍വച്ച് ഊഞ്ഞാലില്‍ ഇരിക്കുമ്പോള്‍ അവള്‍ പറഞ്ഞു,

‘കുഞ്ഞേട്ടാ, പതുക്കേ ആടാവൂ... വാവക്ക് പേടിയാ ട്ടോ.’

കളിയും ചിരിയുമായി നേരംപോയത് അറിഞ്ഞതേയില്ല. ആന്റി വന്നു  വിളിച്ചു,

‘ഇനി കുട്ടികളൊക്കെ കൈയും കാലും മുഖവും ഒക്കെ കഴുകി ഊണു കഴിക്കാന്‍ വന്നേ...’

തളത്തില്‍ വിരിച്ചിട്ട പായയുടെ അടുത്ത് നിരനിരയായി ഇട്ട തൂശനിലകള്‍. ഓരോരുത്തരായി ഇലകള്‍ക്കടുത്ത് ഇരിപ്പിടം പിടിച്ചപ്പോള്‍ ഒരു അവകാശം പോലെ വാവ തന്റെ അടുത്തുതന്നെ ഇരുന്നു. അമ്മയും അച്ഛനും  ആന്റിയും ചേര്‍ന്ന് എല്ലാം വിളമ്പി. പരിപ്പും പപ്പടവും നെയ്യും ചേര്‍ത്ത് ആദ്യത്തെ ഉരുള ഉരുട്ടി, കണ്ണിമക്കാതെ നോക്കിയിരിക്കുന്ന വാവ, അവളുടെ അവകാശം... മെല്ലെ ചേര്‍ത്തുപിടിച്ച് ആദ്യത്തെ ഉരുള വാവയുടെ വായിലേക്കു വച്ചു കൊടുത്തു.

‘ഉം, കുഞ്ഞേട്ടന്റെ ഉരുള കിട്ടാനാ അടുത്തിരുന്നത്   അല്ലേ?’ ആന്റിയുടെ ചിരിയോടെയുള്ള ചോദ്യം.

വാവയുടെ മുഖത്ത് നാണം കലര്‍ന്ന ചിരി...

ഫോണിന്റെ ബീപ് ബീപ്‌ ശബ്ദമാണ് ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്. ആരുടെയോ ഓണാശംസകളാണ്.

വെറുതെ ഓര്‍ത്തു, ഇപ്പോഴും വാവ കാത്തിരിക്കുന്നുണ്ടാവുമോ, ഏട്ടന്റെ ഉരുളക്കായി...? തന്റെ വാവ അറിയുന്നുണ്ടാവുമോ ഓരോ ഓണക്കാലത്തും ഈ കുഞ്ഞേട്ടന്‍ അവള്‍ക്കായി ആദ്യത്തെ ഉരുള മാറ്റി വെക്കാറുണ്ടെന്ന്...!!
Tuesday, August 17, 2010

മേപ്പിള്‍ മരങ്ങളില്‍ ഗ്രീഷ്മം തപിക്കുമ്പോള്‍....


 അവധി ദിനത്തിന്റെ ആലസ്യം  നിറഞ്ഞ പകലുറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയ ഫോൺ കോൾ, ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ഈര്‍ഷ്യയോടെയാണ് ബാല്‍ക്കണിയുടെ അടുത്തുള്ള ആട്ടുകട്ടിലില്‍ കോഫിയുമായി വന്നിരുന്നത്. ആവി പറക്കുന്ന  കോഫിയുടെ സുഖമുള്ള മണം അല്‍പ്പം ഉണര്‍വ്വ് പകര്‍ന്നു. ജനല്‍ ഗ്ലാസ്സുകള്‍ക്ക് അപ്പുറം അപ്പോഴും തപിക്കുന്ന പകല്‍. ഈ വര്‍ഷം പതിവിലധികമാണ് ചൂട്. ഇന്നും ടി.വി.യില്‍ പറയുന്നത് കേട്ടിരുന്നു, മുപ്പത്തിയഞ്ചു  ഡിഗ്രിയാണത്രേ ചൂട്!


ഇന്നലെ ദുബായില്‍ നിന്നും കുട്ടേട്ടന്‍ ഫോണ്‍ ചെയ്തപ്പോള്‍, അവിടുത്തെ  ചൂടിനേക്കുറിച്ച്  പറഞ്ഞത് മനസ്സിലുണ്ട്, അമ്പത്തിയഞ്ച് ഡിഗ്രിയും അതിനു മേലെയും ഒക്കെയാണ്  അവിടെ അനുഭവപ്പെടുന്നത്.  ഏ. സി. യുടെ സുഖശീതളിമയിലല്ലാതെ പണി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന ആയിരങ്ങളെക്കുറിച്ചുള്ള ദുഃഖം കുട്ടേട്ടന്റെ  വാക്കുകളില്‍  നിറഞ്ഞു നിന്നിരുന്നത്  തനിക്കറിയാന്‍  കഴിഞ്ഞു.

ജനലിലൂടെ അധികം അകലെയല്ലാതെ കാണുന്ന റിവര്‍വുഡ് എന്ന പച്ചപ്പിന്റെ തുരുത്ത്‌.തിങ്ങി നിറഞ്ഞ മേപ്പിള്‍ മരങ്ങള്‍, കാറ്റിന്റെ ഊയലാട്ടത്തില്‍ ഇളകിക്കളിക്കുന്ന ഇലകളില്‍ ഗ്രീഷ്മരശ്മികള്‍ വെട്ടിത്തിളങ്ങുന്നു. ഏതു തപിക്കുന്ന ഗ്രീഷ്മത്തിലും മനസിനും ശരീരത്തിനും കുളിര്‍മയാണീ 'റിവര്‍ വുഡ്'. എന്നാല്‍ ഇന്നു ആ കാഴ്ചകളിലും കണ്ണും മനസ്സും ഉടക്കുന്നതേയില്ല! 

മടുപ്പ് തോന്നിയപ്പോള്‍ കൈ ടി. വി. റിമോട്ടിലേക്ക് നീണ്ടു. ചാനലുകള്‍ ഒന്നൊന്നായി മാറിക്കൊണ്ടിരുന്നു. എല്ലാം വല്ലാതെ ബോറടിപ്പിക്കുന്ന പരിപാടികള്‍. അതിനിടയിലെപ്പോഴോ ടി. വി .ഐ എന്ന  ചാനലില്‍ വര്‍ണശബളമായ വെടിക്കെട്ടിന്റെ ദൃശ്യം. ആകാശത്ത് നിറത്തിന്റെയും, വെളിച്ചത്തിന്റേയും, ശബ്ദത്തിന്റേയും ഒരു പൂരക്കാഴ്ച! കാനഡ ദിനാഘോഷത്തിന്റെ പുനസംപ്രേക്ഷ്ണ ദൃശ്യമാണ് ടി . വി. യില്‍...

മനസ്സില്‍ മറ്റൊരു വെടിക്കെട്ടിന്റെ   ഓര്‍മ്മകള്‍   തിരയിളക്കിയെത്തി. നാട്ടിലെ  ഭഗവതി ക്ഷേത്രത്തിലെ ഉത്സവം, മീനമാസത്തിലെ  താലപ്പൊലി! ആ ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം  രണ്ടു ഭാഗക്കാര്‍ വാശിയോടെ നടത്താറുള്ള മത്സരവെടിക്കെട്ടാണ്. അമ്പലത്തിനു തൊട്ടടുത്തുള്ള സ്കൂള്‍ മൈതാനത്തിലാണ് കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കുക. കാതടപ്പിക്കുന്ന ശബ്ദത്തോടെ  പൊട്ടുന്ന ഡൈനാമിറ്റുകള്‍,  പല നിലകളായി പൊട്ടി വിടര്‍ന്ന് വര്‍ണവിസ്മയം തീര്‍ക്കുന്ന നാനാതരം അമിട്ടുകള്‍, അമ്പലം ചുറ്റി കത്തിക്കുന്ന മാലപ്പടക്കത്തിന്റെ ശോഭ, അങ്ങിനെ വെടിക്കെട്ടിന്റെ മാറ്റുരക്കുന്ന നിരവധി ഐറ്റങ്ങളുമായി  രണ്ടു ദിവസങ്ങള്‍! 

വെടിക്കെട്ട്‌ സാമഗ്രികള്‍  നിര്‍മ്മിക്കുന്നതില്‍ വിദഗ്ദരായിരുന്നു രാഘവേട്ടനും കുടുംബവും. തന്റെ  വീട് നില്‍ക്കുന്ന വിശാലമായ തെങ്ങിന്‍‌പറമ്പിന്റെ അതിരിലായിരുന്നു അവരുടെ വീട്. വീടെന്നാല്‍ ചാണകം മെഴുകിയ തറയുമായി ഒരു  ചെറിയ ഓലപ്പുര. ഉത്സവകാലങ്ങളില്‍ വെടിക്കോപ്പ് നിര്‍മ്മാണവും മറ്റ് സമയങ്ങളില്‍ കൂലിപ്പണിയുമായിരുന്നു അവരുടെ ജീവിതമാര്‍ഗ്ഗം. രാഘവേട്ടന്റെ ഭാര്യ ശാന്തച്ചേച്ചി അമ്മയെ അടുക്കളപ്പണിയിലും മറ്റും സഹായിക്കാറുണ്ടായിരുന്നു. മിക്കപ്പോഴും അവരുടെ രണ്ട് കുട്ടികളും കൂടെയുണ്ടാവും.

വിഷുവിനും മറ്റും എനിക്കും ചേട്ടന്മാര്‍ക്കും അപകടമുണ്ടാക്കാത്ത ചെറിയ പടക്കങ്ങള്‍ അവര്‍ സമ്മാനിക്കുമായിരുന്നു.ചേട്ടന്മാര്‍ക്ക് എറിഞ്ഞാല്‍ മാത്രം പൊട്ടുന്ന ഏറുപടക്കവും, ചെറിയ ശബ്ദം ഉണ്ടാക്കുന്ന ഓലപ്പടക്കവും ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ എനിക്ക് തന്നിരുന്നത്,കമ്പിയില്‍ വെടിമരുന്ന് പുരട്ടി ഉണ്ടാക്കുന്ന ഒരുതരം പൂത്തിരികള്‍ ആയിരുന്നു.


 'എന്തിനാ ശാന്തേ ഇതൊക്കെ'  എന്നു അമ്മ സ്നേഹപൂര്‍വ്വം ശാസിക്കുമ്പോള്‍ ഉമ്മറത്ത് നിന്ന് പൂത്തിരി കത്തിച്ച് കളിക്കുന്ന തന്നെ നോക്കി ശാന്തച്ചേച്ചി പറയും, 


‘ നോക്ക് അമ്മച്ചീ, കുഞ്ഞിന്റെ ഈ സന്തോഷം കാണാനല്ലേ.... ശാന്തയുടെ കയ്യില്‍ ഇതല്ലേയുള്ളൂ കൊടുക്കാന്‍.’

പിന്നെയും ഏറെ  ഉത്സവങ്ങള്‍ വന്നുപോയി.


അക്കൊല്ലവും ഉത്സവസമയമായി. നാടെങ്ങും ഉത്സവലഹരി. രാഘവേട്ടന്റെ വീട്ടിലും എല്ലാവരും തിരക്കില്‍. രാവും പകലും വീടിനോട് ചേര്‍ന്ന് ഓല കൊണ്ടുണ്ടാക്കിയ വെടിമരുന്ന് പുരയില്‍ രാഘവേട്ടനും, ശാന്തച്ചേച്ചിയും മക്കളും  വെടിക്കോപ്പുകളുണ്ടാക്കുന്ന തിരക്കില്‍.


ഉത്സവ ദിവസം രാവിലെ കോളേജിലേക്ക്  പോകുമ്പോള്‍ ശാന്തച്ചേച്ചി വേലിയരികിലേക്ക് വന്നു. കരി പുരണ്ട കൈകള്‍ ഉടുത്തിരുന്ന കൈലിയില്‍ തുടച്ച് അവര്‍ ചോദിച്ചു,

‘കുഞ്ഞുമോള്‍ ഇന്ന് വെടിക്കെട്ട്‌ കാണാന്‍ വരില്ലേ? ഇത്തവണ ഞങ്ങള്‍ കുറെ സ്പെഷ്യല്‍ ഐറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്,  വരണം കേട്ടോ’

  
'പിന്നെ വരാതെ, ഇന്നു നമ്മുടെ തെക്കുംഭാഗത്തിന്റെ വെടിക്കെട്ടല്ലേ... പോരാത്തതിനു ശാന്തേച്ചിയുടെയൊക്കെ  സ്പെഷ്യല്‍ ഐറ്റങ്ങളും.'


പിന്നെയും ഓരോന്ന് പറഞ്ഞു നിന്ന ശാന്തേച്ചിയോട്,

 ' യ്യോ, വര്‍ത്തമാനം പറഞ്ഞു നിന്നാല്‍ 'കല്പന' പോകും, വന്നിട്ട് ബാക്കി പറയാം ട്ടോ...'  എന്നും പറഞ്ഞു ധൃതിയില്‍ ബസ്‌സ്റ്റോപ്പിലേക്ക്  നടന്നു.


വൈകുന്നേരം ബസ്‌സ്റ്റോപ്പില്‍ വന്നിറങ്ങുമ്പോള്‍ തന്നെ എന്തോ ഒരു അസ്വാഭാവികത തോന്നി. അവിടവിടെ ആള്‍ക്കാര്‍ കൂടിനിന്ന് സംസാരിക്കുന്നു. വീടിനടുത്തെത്തുമ്പോഴേക്കും റോഡിലൊക്കെയുള്ള ആള്‍ക്കാരുടെ എണ്ണം കൂടി. രാഘവേട്ടന്റെ വീടിനു മുന്നില്‍ പോലീസ് വാഹനങ്ങളും മറ്റും. അടുത്തെത്തിയപ്പോള്‍ അന്തരീക്ഷത്തില്‍ വെടിമരുന്നിന്റെ ഗന്ധം,  രാഘവേട്ടന്റെ പറമ്പ് നിറയെ ആള്‍ക്കാര്‍...

രാഘവേട്ടന്റെ വെടിക്കെട്ട് പുരയും വീടും നിന്നിടത്തു നിന്നും അപ്പോഴും കനത്ത പുകച്ചുരുളുകള്‍ ഉയരുന്നു. മുറ്റത്ത് ഇട്ടിരുന്ന പായിലേക്ക് ഒന്നേ നോക്കിയുള്ളു, ചിതറിത്തെറിച്ച കുറെ ശരീരാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ് കരിക്കട്ടയാ‍യി തിരിച്ചറിയാനാ‍വാത്ത ശരീരങ്ങളും!!

ആരോ പറയുന്നത് കേട്ടു, ‘എങ്ങനെയാണുണ്ടായതെന്നറിയില്ല, ഉത്സവ സ്ഥലത്തേക്ക് വെടിക്കോപ്പുകള്‍ കൊണ്ടു പോകാനായി  തയ്യാറെടുക്കുമ്പോഴാണ് പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായത്. ആരേയും തിരിച്ചറിയാന്‍ പോലും പറ്റുന്നില്ല...’

അന്തരീക്ഷത്തില്‍ പച്ചമാസം കരിഞ്ഞ ഗന്ധം...!

ആ കാഴ്ചകള്‍ നല്‍കിയ ഞെട്ടലും ശവഗന്ധവും വയറ്റില്‍ നിന്ന് ശര്‍ദ്ദിലായി ഉരുണ്ടു കയറിയപ്പോള്‍ വീട്ടിലേക്ക് ഓടി...!


പിന്നെ ഉറങ്ങാനാവാത്ത , ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന  എത്രയോ നാളുകള്‍...!

‘അല്ലാ, അമ്മ ടിവിയും തുറന്നു വച്ചിരുന്നു ഉറങ്ങുകയാണോ?'

പുറത്തു നിന്നും വന്ന മോളുടെ ചോദ്യമാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്. അപ്പോഴും പുറത്തു മേപ്പിള്‍  മരങ്ങള്‍ ഗ്രീഷ്മതാപത്താല്‍ തിളങ്ങിക്കൊണ്ടിരുന്നു...!!


Sunday, May 2, 2010

അമ്മ!

മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍ !

രാവിലെ പത്രം തുറന്നപ്പോള്‍ കണ്ട വാര്‍ത്ത‍, മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തി.എന്തായിരിക്കും ആ അമ്മയെകൊണ്ട് അങ്ങിനെയൊരു  ക്രൂരകൃത്യം ചെയ്യിച്ചത് എന്നറിയാനായി വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് കണ്ണോടിച്ചു.അവിടെ കൊലചെയ്ത രീതിയും മറ്റും വിശദമായി വര്‍ണ്ണിച്ചിരിക്കുന്നതല്ലാതെ,  മറ്റൊന്നും കണ്ടെത്താനായില്ല. ദിവസങ്ങളോളം ആ വാര്‍ത്ത‍ മനസിനെ മദിച്ചുകൊണ്ടിരുന്നു. അങ്ങിനെയാണ് അവരെ ഒന്നു പോയി കണ്ടാലോ എന്ന ചിന്ത വന്നത്.

ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നതിലുപരി ഒരു അമ്മയുടെ വീര്‍പ്പുമുട്ടലുകള്‍ തന്നെയാണ് അവരെ തേടി പോകാന്‍ പ്രേരിപ്പിച്ചത് . സുഹൃത്ത്‌ കൂടിയായ പോലീസ് സൂപ്രണ്ടിന്റെ അനുമതിയോടെ അവരെ കാണാന്‍ ചെന്ന ആദ്യദിവസം, അവര്‍ ഒന്നും മിണ്ടാന്‍ കൂട്ടാക്കിയില്ല.എനിക്കും ഒന്നും ചോദിയ്ക്കാന്‍ തോന്നിയില്ല. വെറുതെ കുറച്ചു സമയം,അവരുടെ അടുത്തിരുന്നു.പതിയെ അവരുടെ കൈയില്‍  പിടിച്ചു. ഒരു നിമിഷം,എന്റെ കൈക്കുള്ളില്‍ ആ കൈകള്‍ വിറകൊള്ളുന്നതും അവരുടെ കണ്ണുകള്‍ ദൃതഗതം ചലിക്കുന്നതും ചുണ്ടുകള്‍ വിതുമ്പാന്‍ ഒരുങ്ങുന്നതും ഞാന്‍ അറിഞ്ഞു.എല്ലാം ഒരു നിമിഷത്തേക്ക് മാത്രം! ഉടനെ അവ ദൃഡമായി. കൂടുതല്‍ നേരം അവിടെ ഇരിക്കാന്‍ എനിക്കും ആവുമായിരുന്നില്ല.

എന്നാല്‍,രണ്ടു ദിവസം കഴിഞ്ഞു വീണ്ടും അവരെ കാണാന്‍ ചെന്നപ്പോള്‍, എന്നെ പ്രതീക്ഷിച്ചിരുന്ന പോലെ ഒരു തെളിച്ചം അവരുടെ കണ്ണുകളില്‍ മിന്നിമറഞ്ഞത്‌ എന്നിലും പ്രതീക്ഷ ഉണര്‍ത്തി. ഇത്തവണ ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പേ അവര്‍, സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്, എന്നെയും സുഹൃത്തിനെയും അത്ഭുതപ്പെടുത്തി. ഞങ്ങളെ തനിച്ചു വിട്ടു, സുഹൃത്ത്‌ ഓഫീസ് മുറിയിലേക്ക് പോയി.

അവര്‍ മെല്ലെ സംസാരിച്ചു തുടങ്ങി, വളരെ അടുക്കും ചിട്ടയോടും കൂടെ ഓരോന്നായി കണ്മുന്നില്‍ കാണുന്ന പോലെ, വളരെ പതിഞ്ഞ ശബ്ദത്തില്‍ അവര്‍ പറഞ്ഞു തുടങ്ങി....

മധ്യ തിരുവിതാംകൂറിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിവാഹം ചെയ്തു എത്തിപ്പെട്ട ഒരു പെണ്‍കുട്ടി.വിവാഹശേഷം ടി ടി സി ക്കു പഠിക്കുകയും അടുത്തുള്ള പ്രൈമറി സ്കൂളില്‍ ടീച്ചര്‍ ആയി ജോലി കിട്ടുകയും ചെയ്തപ്പോള്‍,ജീവിതം സ്വര്‍ഗ്ഗതുല്യമായി എന്നു വിശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്തു. സ്നേഹധനനായ ഭര്‍ത്താവും മകളെപ്പോലെ സ്നേഹിക്കുന്ന അദ്ധേഹത്തിന്റെ അമ്മയും! ഒരു സ്ത്രീക്ക്, ജീവിതം സ്വര്‍ഗതുല്യമാവാന്‍ വേറെ എന്താണ് വേണ്ടത്?

ആ സ്വര്‍ഗത്തിലേക്ക് ഒരു മാലാഖക്കുഞ്ഞ് വിരുന്നു വന്നപ്പോള്‍, ഒരുപാട് സന്തോഷിച്ചു.  ജീവിതം സാര്‍ത്ഥകമായി എന്നു കരുതി. എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല.   മാസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞു കമിഴ്ന്നു വീഴുകയോ മുട്ടില്‍ ഇഴയുകയോ ഒന്നുമുണ്ടായില്ല. സ്വാഭാവികം എന്നു എല്ലാവരും പറയുമ്പോഴും മനസ്സില്‍ നിറയെ ആശങ്കകള്‍ ആയിരുന്നു. അവസാനം,ഡോക്ടറില്‍ നിന്നും അറിഞ്ഞ ആ സത്യം ഒരു അശനിപാതം പോലെയായിരുന്നു, ഞങ്ങളുടെ ഓമന മകള്‍, അവള്‍ ഡൌണ്‍സ്സിന്‍ഡ്രോം ബാധിച്ച കുട്ടിയാണത്രെ !
കാഴ്ച്ചയില്‍ ഓമനത്വം നിറഞ്ഞ മുഖം.അതിനാല്‍ അങ്ങിനെയൊരു സംശയമേ തോന്നിയിരുന്നില്ല. ആകെ തകര്‍ന്നു പോയ ആ നാളുകളില്‍ ഭര്‍ത്താവിന്റെ സാന്ത്വനം വളരെ വലുത് തന്നെയായിരുന്നു. നമ്മുടെ ജീവിതം ഈ മോള്‍ക്ക്‌ വേണ്ടിയാണ് എന്നായിരുന്നു ശ്രീയേട്ടന്‍ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഇനിയൊരു കുഞ്ഞു വേണ്ടയെന്നും തീരുമാനിച്ചു.അമ്മയുടെ മരണത്തോടെ മോളെ ആരെ ഏല്‍പ്പിക്കും എന്നോര്‍ത്താണ്  ജോലി രാജി വെക്കാന്‍  തുനിഞ്ഞത്. അന്ന് ശ്രീയേട്ടനാണ്‌ അതു വിലക്കിയത്. അങ്ങിനെയാണ് രണ്ടു പേരും മാറി മാറി അവധിയെടുത്ത് മോളെ നോക്കാം എന്നു തീരുമാനിച്ചത്. അദ്ദേഹം  എല്ലാം മുന്‍കൂട്ടി അറിഞ്ഞിരുന്നുവോ, അല്ലെങ്കില്‍ എന്തിനാണ് അങ്ങിനെയൊക്കെ ചെയ്യിപ്പിച്ചത്?

മോളുടെ ശാരീരിക വളര്‍ച്ച എന്നിലെ അമ്മയെ വേവലാതിപ്പെടുത്തിക്കൊണ്ടിരുന്നു. പത്തു വയസുള്ളപ്പോള്‍, പതിനഞ്ചുകാരിയുടെ ശരീരവും അഞ്ചു വയസുകാരിയുടെ മനസുമായി തന്റെ മോള്‍. ഏറെ ശ്രദ്ധയായിരുന്നു മോളുടെ കാര്യത്തില്‍, തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും.

തന്റെ വേദനകള്‍ കാണുമ്പോള്‍, ചേര്‍ത്ത് നിര്‍ത്തി എപ്പോഴും ആശ്വസിപ്പിക്കുന്ന ഭര്‍ത്താവായിരുന്നു  ശ്രീയേട്ടന്‍.  എന്നാല്‍, ആ സാന്ത്വനവും പെട്ടന്നണഞ്ഞു പോയി. ഒരു  നാള്‍ ഓഫീസില്‍ കുഴഞ്ഞു വീണായിരുന്നു അദ്ധേഹത്തിന്റെ മരണം. ഈ ലോകത്ത് , താനും മോളും ഒറ്റപ്പെട്ടു.എന്തു ചെയ്യണം എന്നറിയാതെ പകച്ചു പോയ നാളുകളില്‍, അദ്ധേഹത്തിന്റെ വാക്കുകള്‍ തന്നെയായിരുന്നു ജീവിക്കാന്‍, മോള്‍ക്ക്‌ വേണ്ടി ജീവിക്കാന്‍ പ്രചോദനമായത്.

നാട്ടിലേക്കു സ്ഥലംമാറ്റം വാങ്ങിപ്പോയത് സഹോദരന്റെ നിര്‍ബന്ധം കൊണ്ടാണ്. ആലോചിച്ചപ്പോള്‍,ശരിയാണെന്ന് തോന്നിയതിനാലാണ് അങ്ങിനെ ചെയ്തത്. അവിടെ സഹോദരനും കുടുംബവും ഉണ്ടല്ലോ. തനിക്കൊരു താങ്ങായി....

സ്കൂളില്‍ പോകുമ്പോള്‍ മോളെ തൊട്ടടുത്തു തന്നെയുള്ള സഹോദരന്റെ വീട്ടിലാക്കി, തിരിച്ചു വരുമ്പോള്‍ അവളെയും കൂട്ടി വീട്ടിലേക്ക്..... അങ്ങിനെ ജീവിതം മോള്‍ക്ക്‌ വേണ്ടി മാത്രമായി....

ദിവസങ്ങള്‍ നീങ്ങവേ, ഒരുനാള്‍ മാറിടം തൊട്ടുകാണിച്ചു മോള്‍ വേദനിക്കുന്നു എന്നു പറഞ്ഞപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. അസ്വഭാവികമായി ഒന്നും കാണാനും കഴിഞ്ഞില്ല. എന്നാല്‍ രണ്ടു നാള്‍ കഴിഞ്ഞു,വീണ്ടും മോള്‍ വേദന പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നു. മോളെ പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി,മാറിടത്തില്‍ നഖക്ഷതങ്ങളും ദന്തക്ഷതങ്ങളും !

സ്വന്തം വീട്ടില്‍ പോലും എന്റെ മോള്‍ സുരക്ഷിതയല്ല എന്നുള്ള അറിവ് നെഞ്ചില്‍ ഒരു നെരിപ്പോടായി. എന്റെ കണ്ണ് തെറ്റിയാല്‍ മോള്‍ പിച്ചിച്ചീന്തപ്പെടും എന്നത് എന്നെ നിസ്സഹായയാക്കി. അതു കൊണ്ടാണ് ഞാന്‍ തന്നെ അവളെ ഈ ലോകത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. വേറെ ഒരു മാര്‍ഗവും എന്റെ മോളെ രക്ഷിക്കാന്‍ ഞാന്‍ കണ്ടില്ല. ഞാന്‍ ചെയ്തത് തെറ്റാണോ? പറയൂ, ഞാന്‍ ചെയ്തത് തെറ്റാണോ?? ബുദ്ധിവളര്‍ച്ചയില്ലാത്ത, ഈ ലോകത്തിന്റെ കപടതകള്‍ തിരിച്ചറിയാനാവാത്ത  എന്റെ മോളെ ഈ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് തെറ്റാണോ?
സുഹൃത്തുക്കളേ..... ഇവിടെ ഈ അമ്മക്ക് ഞാന്‍ എന്തു മറുപടിയാണ്‌ കൊടുക്കേണ്ടത്? ഈ അമ്മ തെറ്റുകാരിയോ അല്ലയോ എന്നു പോലും പറയാനാവുന്നില്ലല്ലോ എന്ന നിസ്സഹായവസ്ഥയിലാണ് ഞാനും !

Thursday, April 8, 2010

കാലത്തിന്റെ കല്‍പ്പടവുകളിലൂടെ....ദീപാരാധനയും തൊഴുതു പ്രസാദവും വാങ്ങി പടിക്കെട്ടുകള്‍ ഇറങ്ങുമ്പോഴാണ്, പൊട്ടിച്ചിരിയോടെ ഒരു പെണ്‍കുട്ടി പടിക്കെട്ടുകള്‍ ഓടിക്കയറി വരുന്നത് കണ്ടത്. പതിനാലോ പതിനഞ്ചോ വയസു തോന്നിക്കുന്ന, ശ്രീത്വവും കുസൃതിത്തരവും കളിയാടുന്ന മുഖം. ഒരു നിമിഷം അവളെ തന്നെ നോക്കി പടിക്കെട്ടില്‍ നിന്നു പോയി. പൊടുന്നനെ ഉള്ളിലൊരു പിടച്ചില്‍! മെല്ലെ പടിക്കെട്ടിനു സമീപമുള്ള അരഭിത്തിയില്‍ ഇരുന്നു.

പെണ്‍കുട്ടിയുടെ പിന്നാലെ, ഒരു ആണ്‍കുട്ടിയും മുന്നിലൂടെ ഓടിപ്പോകുന്നതു പോലെ.....

പട്ടുപാവാടയുടുത്തു, മുടി രണ്ടായി മെനഞ്ഞിട്ട ഒരു പെണ്‍കുട്ടിയും അവളുടെ ഒപ്പം എത്താന്‍ ഓടുന്ന ഒരു ആണ്‍കുട്ടിയും.താനും തന്റെ കുഞ്ഞാറ്റയും ! ആദ്യം ഓടി മുകളില്‍ എത്തുമ്പോള്‍ അവളുടെ സന്തോഷം കാണാന്‍ മനപ്പൂര്‍വം തോറ്റുകൊടുക്കുന്നു എന്നു എന്റെ കുഞ്ഞാറ്റ ഒരിക്കലും അറിഞ്ഞിരുന്നില്ല.

എന്നും അവളുടെ സന്തോഷമായിരുന്നല്ലോ തനിക്കു വലുത്.തനിക്കു മാത്രമല്ല,അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും എല്ലാം....


എന്നിട്ടും എന്റെ കുഞ്ഞാറ്റ...  എന്തിനാണവള്‍ ഞങ്ങളോട് ഇങ്ങിനെ ചെയ്തത്? ഒരു വാക്ക്, ഈ കുഞ്ഞേട്ടനോടെങ്കിലും പറഞ്ഞു കൂടായിരുന്നോ അവള്‍ക്ക്?

കുഞ്ഞാറ്റയുടെ ഒരിഷ്ടത്തിനും ഏട്ടന്‍ എതിരല്ലായിരുന്നല്ലോ....


പുസ്തകങ്ങളോടുള്ള വാവയുടെ ഇഷ്ടം അറിഞ്ഞു എന്നും പുസ്തകങ്ങള്‍ കൊണ്ട് തരുമായിരുന്നല്ലോ ഈ ഏട്ടന്‍. അതിനു സ്നേഹത്തോടെയാണെങ്കിലും അമ്മ ശാസിക്കുമ്പോള്‍ മുത്തശ്ശി പറയും, 
"വാവക്ക്,കുട്ടനല്ലാതെ വേറെ ആരാ അമ്മിണി പുസ്തകങ്ങള്‍ വാങ്ങി കൊടുക്കുന്നത്....."

"ഉം...എല്ലാവരും കൂടെ കൊഞ്ചിച്ചോളൂ വാവയെ,ഞാന്‍ ഒന്നും പറഞ്ഞില്ല" 
പുഞ്ചിരിയോടെ അമ്മ തിരിഞ്ഞു നടക്കുമ്പോള്‍, കുഞ്ഞാറ്റ കണ്ണിറുക്കി ചിരിക്കും.അമ്മയുടെ പുറകെ പോകും. ല്‍പ്പസമയത്തിനുള്ളില്‍ രണ്ടാളുടെയും ചിരി കേള്‍ക്കാം.

ആ കുഞ്ഞാറ്റയാണ്, ഒരുനാള്‍ ആരോടും പറയാതെ വീട് വിട്ടു പോയത്. കോളേജില്‍ നിന്നും വരുന്ന പതിവ് സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോഴാണ്,അമ്മ ബാങ്കിലേക്ക് ഫോണ്‍ ചെയ്തത്.

"അവള്‍ ഉടനെ എത്തും, അമ്മ വിഷമിക്കാതിരിക്കൂ. ഞാന്‍ പോയി നോക്കി വരാം" 


അമ്മയെ ആശ്വസിപ്പിച്ചെങ്കിലും തന്റെ ഉള്ളിലും വേവലാതിയായിരുന്നു. ഉടനെ ബാങ്കില്‍ നിന്നും ഇറങ്ങി. ബൈക്കുമെടുത്ത്‌ കോളേജില്‍ ചെന്നപ്പോള്‍, അവിടം ശൂന്യം. ഒരു കുഞ്ഞിനെപ്പോലും കാണാനില്ല. വാച്ചുമാനോട് അന്വേഷിച്ചപ്പോള്‍, കോളേജിനു യൂണിവേഴ്സ്സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ ട്രോഫി ലഭിച്ചതിനാല്‍ അന്നു ഉച്ച കഴിഞ്ഞു അവധിയായിരുന്നു എന്നു പറഞ്ഞു. വാവക്കു എന്തു പറ്റിക്കാണും, ഈശ്വരന്മാരെ എന്റെ കുഞ്ഞാറ്റയെ കാത്തുകൊള്ളണേ.... ഉള്ളില്‍ നിറയെ ആ ഒരു പ്രാര്‍ത്ഥന മാത്രം.

ഇനി ഒരുപക്ഷെ,ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ പോയിട്ടുണ്ടാകുമോ?  പറയാതെ എവിടെയും പോകുന്ന കുട്ടിയല്ല.  എന്നാലും, ഒന്നന്വേഷിക്കുക തന്നെ. അറിയാവുന്ന കൂട്ടുകാരികളുടെ വീട്ടിലേക്കൊക്കെ ഒന്നു പോയാലോ? എന്തായാലും ഗൗരിയുടെ വീട്ടില്‍ പോയി നോക്കാം ആദ്യം.  കുഞ്ഞാറ്റയുടെ അടുത്ത കൂട്ടുകാരിയല്ലേ,  ഗൗരി അറിയാതെ,  ഗൗരിയുടെ കൂടെയല്ലാതെ കുഞ്ഞാറ്റ എവിടേക്കും പോകാറില്ലല്ലോ.

ഗൗരിയുടെ അമ്മ വീട്ടു മുറ്റത്തു ചെടികള്‍ നനച്ചു നില്‍ക്കുന്നു. തന്നെ കണ്ടതും, അമ്മ സാരിത്തുമ്പില്‍ കൈ തുടച്ചു കൊണ്ട് അടുത്തേക്ക് വന്നു.

"വാ കുട്ടാ, എന്തൊക്കെയുണ്ട് വിശേഷം, ഈ വഴി വന്നിട്ട് കുറച്ചായല്ലോ, ബാങ്കീന്ന് വരുന്ന വഴിയാണോ, ഞാന്‍ ചായ എടുക്കാം,കുട്ടന്‍ ഇരിക്ക് ട്ടോ." 
അമ്മ അകത്തേക്കു നടക്കുകയും ക്ഷണിക്കുകയും എല്ലാം കൂടെയായിരുന്നു.

"ഗൗരി എവിടെ അമ്മെ?കാണുന്നില്ലല്ലോ"  


തന്റെ ഉള്ളിലെ വിഷമം മറച്ചു വച്ചു അമ്മയോടു കുശലം ചോദിച്ചു. 

"ഗൗരീ, ഇതാ കുട്ടന്‍ വിളിക്കുന്നു നിന്നെ" 

അമ്മ പറയുന്നത് കേട്ടപ്പോള്‍ ഉള്ളൊന്നാളി. അപ്പോള്‍ കുഞ്ഞാറ്റ ഇവിടെയും ഇല്ല. മുറിയിലേക്ക് വന്ന ഗൗരിയുടെ മുഖത്ത് കരച്ചിലിന്റെ ഭാവം.

"മോളെ ഗൗരീ, കുഞ്ഞാറ്റ എവിടെ? എന്തു പറ്റി എന്റെ കുഞ്ഞാറ്റക്ക് ?" 
അവളെ കണ്ടതും വെപ്രാളത്തോടെ ചോദിച്ചു.

"അത് കുഞ്ഞേട്ടാ,അവള്‍ ഇന്ന് ....." ബാക്കി പറയാനാവാതെ ഗൗരി നിന്നു വിക്കി.
 
"പറയ്‌ മോളെ,കുഞ്ഞാറ്റ എവിടെ?"

"അവള്‍ ഇന്ന് ജോസിന്റെ കൂടെ പോയി " ഗൗരി പെട്ടന്ന് പറഞ്ഞു. 


"ജോസോ,ആരാ അത്, അതെന്തിനാ അയാളുടെ കൂടെ പോയത്, അങ്ങിനെ ഒരു പേര് വാവ പറഞ്ഞു കേട്ടിട്ടില്ലല്ലോ, ഒരിക്കല്‍ പോലും.....അവളുടെ എല്ലാ കൂട്ടുകാരെയും ഈ ഏട്ടനു അറിയാം, പിന്നെ ഇതാരാണീ ജോസ്?"


ചായയുമായി വന്ന അമ്മ കണ്ടത്, പൊട്ടിത്തകര്‍ന്ന പോലെ നില്‍ക്കുന്ന എന്നെയും അടക്കിപ്പിടിച്ചു കരയുന്ന ഗൗരിയേയും, കാരണമറിയാതെ പകച്ചു പോയ അമ്മയുടെ തോളില്‍  മുഖമര്‍ത്തി ഗൗരി വാവിട്ടു കരഞ്ഞു.

"വാവ ജോസിനോടൊപ്പം പോയീ അമ്മെ "എന്നു പറഞ്ഞു.

അതോടെ സര്‍വ നിയന്ത്രണങ്ങളും വിട്ടു പോയി തനിക്ക്, കസേരയിലേക്ക് വീണു പൊട്ടിക്കരഞ്ഞു. ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് സമനില വീണ്ടെടുത്തത്.

"അത് അമ്മയാവും ഗൗരീ, നീ ഫോണ്‍ എടുക്ക്"

"ഉം..ഉം ഇല്ല...ഉം" മുക്കിയും മൂളിയും അവള്‍ എന്തൊക്കെയോ പറഞ്ഞു.എന്നിട്ട് ഉടനെ വീട്ടിലേക്കു ചെല്ലാന്‍ തന്നോട് പറഞ്ഞു.

അച്ഛനോടും അമ്മയോടും എന്തു പറയും എന്ന വേവലാതിയോടെ, വീട്ടിലേക്കു തിരിച്ചു. അവിടെയെത്തിയപ്പോള്‍ ആരും ഒന്നും അറിഞ്ഞിട്ടില്ല എന്നു തോന്നി. ഉമ്മറത്ത്‌ തന്നെ ഉണ്ടായിരുന്നു മൂന്നാളും. എന്റെ കൂടെ കുഞ്ഞാറ്റയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച പോലെയായിരുന്നു അമ്മയുടെ ദേഷ്യം. എന്നാല്‍ വാവയെ കാണാതെ വന്നപ്പോള്‍, അവരെല്ലാം ആകെ പരിഭ്രമിച്ചു. അവള്‍, ഗൗരിയുടെ വീട്ടില്‍ ഉണ്ടെന്നു വെറുതെ ഒരു കള്ളം പറഞ്ഞു, വീട്ടിനകത്തേക്ക്‌ കയറി.

പിന്നാലെ വന്ന അമ്മ പറഞ്ഞു, "ഒരു ജോസ് നിന്നെ വിളിച്ചു,വന്നാല്‍ ഉടനെ തിരിച്ചു വിളിക്കാന്‍ പറഞ്ഞു നമ്പര്‍ തന്നിട്ടുണ്ട്.എന്തോ അത്യാവശ്യമാണത്രേ"

ഉടനെ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു."ഹലോ" അങ്ങേ തലയ്ക്കല്‍ ഒരു അപരിചിത ശബ്ദം.

"ജോസിനെ കിട്ടുമോ"എന്ന എന്റെ അന്വേഷണത്തിന്, "കുഞ്ഞേട്ടനല്ലേ, ഞാന്‍ ജോസ് ആണ്" എന്ന മറുപടി അമ്പരപ്പുണ്ടാക്കിയില്ല.

"എന്റെ കുഞ്ഞാറ്റ".....കൂടുതല്‍ പറയാനായില്ല, വിതുമ്പിപ്പോയി അപ്പോഴേക്കും.

"ഇവിടെയുണ്ട്,കൊടുക്കാം, കുഞ്ഞേട്ടന്‍ ഞങ്ങളെ അനുഗ്രഹിക്കണം, ക്ഷമിക്കണം." ജോസിന്റെ വിനയത്തോടെയുള്ള സംസാരം.

"വേണ്ട, എനിക്കൊന്നും ചോദിക്കാനും പറയാനുമില്ല, എന്നാലും ഒരു വാക്ക്, അവള്‍ക്കു എന്നോടെങ്കിലും പറയാമായിരുന്നു"

കൂടുതല്‍ പറയാനാവാതെ താന്‍ ഫോണ്‍ വച്ചുകളഞ്ഞു.

"വാവക്ക് എന്താ പറ്റിയേ കുട്ടാ?" കേട്ടു നിന്ന അമ്മയും മുത്തശ്ശിയും വാവിട്ടു കരയാന്‍ തുടങ്ങി.
"ഒന്നും പറ്റിയില്ല അമ്മെ, അവള്‍ ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ജീവിക്കാന്‍ പോയി,നമ്മളെയെല്ലാം വേണ്ടെന്ന്‌ വച്ച്.... അവള്‍ പോയി. നമ്മുടെ വാവ പോയി"

ഒരു നിമിഷം പകച്ചു നിന്ന അമ്മ,പെട്ടന്ന് താഴെ വീണു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും അമ്മയെ തിരിച്ചു കിട്ടിയില്ല. അന്നു മുതല്‍ അച്ഛന്‍ ആരോടും മിണ്ടാതായി. മുറിക്കുള്ളില്‍ നിന്നും പുറത്തിറങ്ങാതെ. സ്വയം ശിക്ഷ ഏറ്റു വാങ്ങുന്ന പോലെ...താമസിയാതെ മുത്തശ്ശിയും അമ്മയുടെ പിന്നാലെ യാത്രയായി....

ജീവിതം യാന്ത്രികമായി ചലിച്ചുകൊണ്ടിരുന്ന നാളുകളില്‍,ഗൗരിയും കുടുംബവും ഒരു താങ്ങായി. ഇന്നും ഗൗരി കൂടെയുള്ളത് കൊണ്ടാണ് ജീവിക്കുന്നത്.

18 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു, തന്റെ കുഞ്ഞാറ്റയെ കണ്ടിട്ട്.!

എവിടെയായാലും അവള്‍ സുഖമായി ഇരിക്കണേ ഈശ്വരാ എന്നു തന്നെ ഇന്നും പ്രാര്‍ത്ഥന.എത്രയായാലും തന്റെ വാവയല്ലേ അവള്‍, തന്റെ മാത്രം കുഞ്ഞാറ്റ.!

വീണ്ടും ആ പെണ്‍കുട്ടിയുടെ പൊട്ടിച്ചിരി വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. ഇത്ര വേഗം തൊഴുതു വന്നോ ഈ കുട്ടി..... ഓരോന്ന് ഓര്‍ത്തിരുന്നു സമയം പോയത് അറിഞ്ഞില്ല. അടുത്ത് വന്നിരുന്ന അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പിന്നെ പതുക്കെ എണീറ്റ്‌ പടിക്കെട്ടുകള്‍ ഇറങ്ങി.

Saturday, March 6, 2010

ഓര്‍മകളിലെ പൂക്കാലം‘വാവേ, വാവക്ക് ഉവ്വാവല്ലേ, ഇങ്ങനെ കിടന്ന് ഓടാതെ ...’
‘മമ്മീ, ഈ ഏട്ടനെന്നെ വഴക്കു കെട്ട്വാ ...’

ഒരു കൊച്ച് പെണ്‍കുട്ടിയുടെ ചിണുങ്ങല്‍ കേട്ടാണ് കണ്ണ് തുറന്ന് നോക്കിയത്.

‘അത് മോളൂന് വയ്യാത്തത്‌ കൊണ്ടല്ലേ ഏട്ടന്‍ അങ്ങനെ പറയുന്നത്’

ക്ലിനിക്കില്‍ ഡോക്ടറെ കാണാനായി ടോക്കണുമെടുത്ത് സന്ദര്‍ശക മുറിയില്‍ കാത്തിരിക്കുകയായിരുന്നു.  തൊട്ടടുത്ത് ഒരമ്മയും രണ്ട് മക്കളും അടങ്ങിയ ഒരു കുടുംബം.  നാലോ അഞ്ചോ വയസ്സുള്ള ഒരു പെണ്‍കുട്ടിയും, എട്ടോ ഒന്‍‌പതോ വയസ്സ് തോന്നിക്കുന്ന ഒരാണ്‍കുട്ടിയും.  പാവക്കുട്ടിയേ പോലെ സുന്ദരിയായ പെണ്‍കുട്ടി,  ഓമനത്തമുള്ള ആണ്‍കുട്ടി.

പിന്നെ, ഇടയ്ക്കിടെ ഒളിഞ്ഞു നോക്കുന്ന പെണ്‍കുട്ടിയെ കൈകാട്ടി അടുത്തേക്ക് വിളിച്ചു. ഇരുകണ്ണുകളും ഇറുകെയടച്ച്, കൊച്ച് നാണത്തോടെ പുഞ്ചിരിച്ച് , അമ്മയുടെ മടിയിലേക്ക് അവള്‍ മുഖം പൂഴ്‌ത്തി.
മറ്റൊരു മുഖം മെല്ലെ മനസ്സിലെത്തി; കണ്ണിറുക്കി ചിരിച്ച് കാണിക്കാറുള്ള പ്രിയപ്പെട്ട എന്റെ കുഞ്ഞാറ്റയുടെ മുഖം. ഓര്‍മ്മകള്‍ ഒരുപാട് കാലത്തിനപ്പുറത്തേക്ക് പാഞ്ഞു. തന്നേക്കാള്‍ മൂന്ന് വയസ്സ് മാത്രം ഇളപ്പമുള്ള വാ‍വ, കുഞ്ഞേട്ടന്റെ കുഞ്ഞാറ്റ. എപ്പോഴും കുഞ്ഞേട്ടനൊപ്പം ഒരു വാലു പോലെ നടക്കാറുള്ള കുഞ്ഞാറ്റ! അവധി ദിവസങ്ങളില്‍ തൊടിയിലെ മാവിന്‍‌ചുവട്ടില്‍ കളിവീടുണ്ടാ‍ക്കി, മണ്ണപ്പം ചുട്ട്, വട്ടയിലയില്‍ വീളമ്പുമ്പോള്‍ കുഞ്ഞാ‍റ്റക്ക് നൂറ് കൂട്ടം സംശയങ്ങളാണ്. അവസാനം ഉത്തരം കിട്ടാതെ വരുമ്പോള്‍ കുഞ്ഞാറ്റ കളിയാക്കി ചിരിച്ച്കൊണ്ട് പറയും,

‘ഈ ഏട്ടന് ഒന്നും അറിഞ്ഞൂടാ ...’

മൂക്കിന്റെ തുമ്പത്താണ് കുഞ്ഞാറ്റക്ക് ദേഷ്യം! ഇടയ്ക്കു ചോദിക്കുന്നതിന് മറുപടി പറഞ്ഞില്ലെങ്കില്‍, ചോദിക്കുന്നത് കൊടുത്തില്ലെങ്കില്‍ ഒക്കെ അവള്‍ ദേഷ്യപ്പെട്ട്, മണ്ണപ്പം ചവിട്ടിപ്പൊട്ടിച്ച് മുഖം വീര്‍പ്പിച്ച് വീടിനുള്ളിലേക്ക് ഓടും, ‘കുഞ്ഞാറ്റ പിണക്കമാ ഏട്ടനോട്, നോക്കിക്കൊ ഇനി ഞാന്‍ മിണ്ടൂല്ലാ‘അവള്‍ ഓടിച്ചെന്ന് കട്ടിലില്‍ വീണുകിടന്ന് ഏങ്ങലടിക്കാന്‍ തുടങ്ങുമ്പോള്‍ അമ്മ അകത്ത് നിന്ന് വിളിച്ച് ചോദിക്കും,

‘എന്താ കുട്ടാ, രണ്ടാളും പിണങ്ങിയോ പിന്നേം? ഈ കുട്ട്യോളുടെ ഒരു കാര്യം!’

കുറച്ച് കഴിയുമ്പോള്‍ മെല്ലെ അടുത്ത് ചെല്ലും,

‘വാവേ
, കുഞ്ഞാറ്റക്ക് ഏട്ടന്‍ ഒരൂട്ടം കാണിച്ച് തരട്ടേ?’

കേള്‍ക്കാത്ത താമസം, വിടര്‍ന്ന കണ്ണുകളുമായി അവള്‍ ,ചാടിയെഴുന്നേല്‍ക്കും
‘എന്താ കുഞ്ഞേട്ടാ?’

അവളേയും കൂട്ടി മുറ്റത്തിന്റെ അതിരിലുള്ള ചെമ്പരത്തിച്ചെടിയുടെ അടുത്തെത്തി. അതിലുള്ള കിളിക്കൂട്ടില്‍ ചുണ്ട് പുളര്‍ത്തി മെല്ലെ ചിലക്കുന്ന രണ്ട് കിളിക്കുഞ്ഞൂങ്ങള്‍. അതു കണ്ടതും അവള്‍ കൈകൊട്ടി ചിരിക്കാന്‍ തുടങ്ങി,

‘ഏട്ടാ, എനിക്കൊരു കിളിക്കുഞ്ഞിനെ എടുത്തു തരുമോ?’

‘വേണ്ട വാവേ
, ആ കിളിക്കുഞ്ഞിന്റെ അമ്മ വരുമ്പോള്‍ അതിനു വിഷമമാകില്ലേ?’

‘ഉം... എന്നാല്‍ വേണ്ടാ ഏട്ടാ‘

ആര്‍ത്തലച്ച് മഴ പെയ്യുന്ന ദിവസങ്ങളില്‍, പുരപ്പുറത്ത് വീണ് മുറ്റത്തേക്ക് ഒഴുകിവീഴുന്ന മഴത്തുള്ളികളും നോക്കിയിരിക്കുമ്പോള്‍ കുഞ്ഞാറ്റ അടുത്ത് വരും. അപ്പോഴാവും ദൂരെ ശക്തമായ ഒരിടി വെട്ടുന്നതും, ഒരു മിന്നല്‍ വീണ് തകരുന്നതും. പേടിച്ച് വിറക്കുന്ന കുഞ്ഞാറ്റ ഓടി വന്ന് എന്നേ കെട്ടിപ്പിടിക്കും.

‘എന്ത് പറ്റി വാവേ, പേടിച്ച് പോയൊ?’
‘ഉം..’
കുഞ്ഞാറ്റയെ ചേര്‍ത്തു പിടിച്ച് പറയും,
‘പേടിക്കണ്ട ട്ടോ, വാവയുടെ കുഞ്ഞേട്ടനില്ലേ ഇവിടെ?

പിന്നെ മഴ തോര്‍ന്ന് മരം പെയ്യാന്‍ തുടങ്ങുമ്പോള്‍ അവള്‍ ഒരു കടലാസ്സുമായി അടുത്തെത്തും.

‘കുഞ്ഞേട്ടാ, എനിക്കൊരു വള്ളം ഉണ്ടാക്കിത്തര്വോ?’

മുറ്റത്തേക്കിറങ്ങുന്ന പടിയിലിരുന്ന്, കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലേക്ക് കുഞ്ഞാറ്റ കളിവഞ്ചിയിറക്കി. ഇളംകാറ്റില്‍ അത് മെല്ലെ മെല്ലെ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കൈകൊട്ടി ചിരിക്കാന്‍ തുടങ്ങി. എവിടെ നിന്നോ വന്ന ഒരു കാറ്റില്‍ ആ കടലാസ്സ് വഞ്ചി ചരിഞ്ഞ് വെള്ളത്തില്‍ മെല്ലെത്താണു.

‘ഏട്ടാ, എന്റെ വള്ളം ...’ ആ കണ്ണുകള്‍ തുളുമ്പാന്‍ തുടങ്ങി.

‘അയ്യേ, എന്റെ വാവക്ക് കുഞ്ഞേട്ടന്‍ ഇനിയും ഉണ്ടാക്കിത്തരാമല്ലോ’

അപ്പോഴാണ് കാറ്റില്‍ ഒരു അപ്പൂപ്പന്‍‌താടി അവിടേക്ക് പറന്ന് വന്നത്.

‘ഹായ് ... കുഞ്ഞേട്ടാ, അത് നോക്കിയേ...’പലതവണ പൊങ്ങിച്ചാടിയിട്ടേ അതിനെ കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിഞ്ഞൊള്ളു. അപ്പൂപ്പന്‍‌താടിയെ കയ്യില്‍ കിട്ടിയതോടെ കുഞ്ഞാറ്റയുടെ കണ്ണുകള്‍ നക്ഷത്രങ്ങള്‍ പോലെ തിളങ്ങി. സ്‌കൂളില്‍ ചേരാന്‍ കുഞ്ഞാറ്റക്കായിരുന്നു ഏറെ ഉത്സാഹം. കുഞ്ഞേട്ടന്റെ കൈപിടിച്ച് ഗമയില്‍ സ്‌കൂളില്‍ പോകാനുള്ള താല്പര്യം! ആദ്യദിവസം പടിക്കലോളം വന്ന് യാത്രയാക്കുമ്പോള്‍ അമ്മ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു,

‘കുട്ടാ, വാവേ നോക്കിക്കോണം കേട്ടോ’

പടിയിറങ്ങി പുഞ്ചപ്പാടത്തിനിടയിലൂടെയുള്ള ചെമ്മണ്‍പാതയിലൂടെ നടക്കുമ്പോള്‍ കുഞ്ഞാറ്റയുടെ വിരലുകളില്‍ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു. വയല്‍‌വരമ്പിനടുത്തു കൂടി ഒഴുകുന്ന തോട്ടിലെ തെളിവെള്ളത്തില്‍ തുള്ളിക്കളിക്കുന്ന പരല്‍മീനുകളെ നോക്കി കുഞ്ഞാറ്റ നിന്നു.

‘കുഞ്ഞാറ്റേ ഇങ്ങനെ നിന്നാല്‍ നമുക്ക് വേഗം സ്‌കൂളിലെത്തണ്ടേ?’ 


ഒരു കാരണവരുടെ ഗൌരവത്തോടെയാണ് ചോദിച്ചത്.

സ്‌കൂളിലെത്തുമ്പോള്‍ ഒന്നാം ക്ലാസ്സില്‍ പുത്തന്‍ കുരുന്നുകളുടെ കരച്ചിലും ബഹളവും. കുഞ്ഞാറ്റയെ മുന്‍‌ബെഞ്ചില്‍ തന്നെയിരുത്തി തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോള്‍, എന്റെ കുപ്പായത്തിന്റെ പിന്നില്‍ പുറകോട്ട് ഒരു പിടുത്തം! തിരിഞ്ഞ് നോക്കുമ്പോള്‍ വിതുമ്പാന്‍ ഒരുങ്ങുന്ന കുഞ്ഞാറ്റ!

‘അയ്യേ, ഏട്ടന്റെ കുഞ്ഞാറ്റക്ക് പഠിച്ച് വല്യ കുട്ടിയാവണ്ടേ?
'


ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ ഒരു മുത്തം കൊടുത്ത് തിരിഞ്ഞ് നടക്കുമ്പോള്‍ എന്റേയും കണ്ണുകള്‍ എന്തിനോ നിറഞ്ഞിരുന്നു.


എന്നും സ്‌കൂളിലേക്കുള്ള യാത്രയിലാണ് കഥപറച്ചിലുകള്‍. വഴിയിറമ്പിലുള്ള കാട്ടുപൂക്കളോടും, വണ്ണാത്തിപ്പുള്ളുകളോടും ഒക്കെ കഥ പറഞ്ഞാണ് യാത്ര. മരക്കൊമ്പില്‍ ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണനെ കാണുമ്പോള്‍ കുഞ്ഞാറ്റയുടെ കണ്ണുകള്‍ വിടരും.
ഉച്ചക്ക് കുഞ്ഞാറ്റയെ കൂടെയിരുത്തിയാണ് അമ്മ പാത്രത്തിലാക്കി തന്നുവിടുന്ന ഉച്ചയൂണ് കഴിക്കുക.കൊച്ചുരുളകളായി കുഞ്ഞാറ്റക്ക് ചോറ് വാരി കൊടുക്കുമ്പോള്‍ അവള്‍ ക്ലാസ്സിലെ വിശേഷങ്ങളും, അന്ന് ടീച്ചര്‍ പഠിപ്പിച്ചതും ഒക്കെ പറയുന്നുണ്ടാവും.


വൈകുന്നേരം അമ്പലക്കുളത്തിനടുത്തുകൂടിയാണ് യാത്ര. നിറയെ പൂത്ത് നില്‍ക്കുന്ന ആമ്പല്‍ പൂവുകള്‍ കാണുമ്പോള്‍ കുഞ്ഞാ‍റ്റ ചിണുങ്ങാന്‍ തുടങ്ങും.

‘കുഞ്ഞേട്ടാ വാവക്ക് പൂ വേണം’

പിന്നെ, എന്റേയും കുഞ്ഞാറ്റയുടേയും പുസ്തകസഞ്ചികള്‍ കല്‍പ്പടവില്‍ വെച്ച് വെള്ളത്തിലേക്കിറങ്ങി കയ്യെത്തി പൂവ് പറിക്കാന്‍ ശ്രമിക്കുമ്പോള്‍ അവള്‍ പറയും,

‘വേണ്ട ഏട്ടാ, നിക്ക് പേടിയാവുന്നു’
 

ഏറെ ആയാസപ്പെട്ട് പൂവ് പറിച്ച് കൊടുക്കുമ്പോള്‍ കുഞ്ഞാറ്റയുടെ മുഖത്തും ആമ്പല്‍പ്പൂവ് വിടരും! 

ദൂരെ നിന്നേ കേള്‍ക്കാം, അമ്പലക്കാവിലെ വയസ്സന്‍ മാവിന്‍ച്ചുവട്ടിലെ കുട്ടികളുടെ ബഹളം. ചക്കരമാമ്പഴം സമ്മാനമായ് നലകാന്‍ കാറ്റിനെ കൂട്ട് വിളിക്കുന്ന കുട്ടികള്‍. കുഞ്ഞാറ്റയെ കാവിനു പുറത്ത് നിര്‍ത്തി മാഞ്ചുവട്ടിലേക്കോടും. കൊഴിഞ്ഞു വീഴുന്ന മാമ്പഴങ്ങള്‍ കൈ നിറയെ പെറുക്കി അവള്‍ക്ക് നല്‍കും.


നാട്ടുവഴിയുടെ അങ്ങേയറ്റത്ത്‌ വീട്ടിലേക്കുള്ള പടിക്കെട്ടുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കുഞ്ഞാറ്റ എന്റെ കൈ വിട്ട് മുന്നോട്ട് ഓടും. പൂമുഖത്ത് തന്നെ അമ്മയുടെ ചിരിക്കുന്ന മുഖം ഞങ്ങളെ കാത്ത് നില്‍ക്കുന്നുണ്ടാവും.

‘കൂപ്പണ്‍ നമ്പര്‍ ഫിഫ്റ്റി ത്രീ ...’ തുടര്‍ച്ചയായി മുഴങ്ങിയ അനൌണ്‍സ്‌മെന്റാണ് ഓര്‍മ്മകളില്‍ നിന്ന് ഉണര്‍ത്തിയത്.

അപ്പോള്‍
എന്തിനെന്നറിയാതെ കണ്ണുകള്‍ നിറഞ്ഞിരുന്നു.


Saturday, February 27, 2010

കുഞ്ഞേട്ടനായി ഒരര്‍ച്ചന..!!!

തറയില്‍ അമരുന്ന ഷൂസിന്റെ ശബ്ദം കേട്ടാണ് കണ്ണുകള്‍ പതുക്കെ തുറന്നത്. ഹോ....തല പൊട്ടിപ്പൊളിയുന്ന വേദന, കണ്ണില്‍ നിന്നും തീ പാറുന്നപോലെ.... അതിനിടയിലും കണ്ടു, രാജേട്ടന്റെ കനപ്പിച്ച മുഖം...!! മനപ്പൂര്‍വം പനി വരുത്തി വച്ചതുപോലെ, ദേഷ്യത്തില്‍ എന്തൊക്കെയോ പറയുന്നു. എന്താണെന്നു വ്യക്തമാകുന്നില്ല.


"എനിക്കു ഇന്ന് മീറ്റിംഗ് ഉള്ളതാ എന്നറിഞ്ഞു കൂടെ, ഒരു ചായ ഇട്ടിട്ടു പോയി കിടന്നു കൂടെ, അല്ലേലും ഒരാവശ്യത്തിനും ഉപകരിക്കില്ല"

പരാതികളുടെ എണ്ണം നീളുന്നു. പതുക്കെ എണീക്കാന്‍ ശ്രമിച്ചു, പക്ഷെ വയ്യ..പറ്റുന്നില്ല...

ഇനി
എന്തെങ്കിലുമാകട്ടെ , പറയാനുള്ളതൊക്കെ പറഞ്ഞോട്ടെ, ഇന്ന് തീരെ വയ്യ..

അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യപ്പെട്ടു നടക്കുന്നുണ്ട്... ഇന്നലെ ഞാന്‍ തേച്ചു വച്ച  വസ്ത്രങ്ങള്‍ ആണിട്ടിരിക്കുന്നത്. കാലില്‍ കിടന്നു തിളങ്ങുന്ന ഷൂസും ഇന്നലെ ഞാന്‍‍ പോളിഷ് ചെയ്തു വച്ചിരുന്നവ തന്നെയല്ലേ.????


അദ്ദേഹത്തിന്റെ ബ്രീഫ്കേസും ഇന്നലെ തന്നെ റെഡിയാക്കി വച്ചിരുന്നല്ലോ. ഒരു കാര്യത്തിനും ഒരിക്കലും മുടക്കം വരുത്തിയിട്ടില്ല. ഇന്നു തനിക്കു വയ്യാഞ്ഞിട്ടാണെന്നു പോലും ഓര്‍ക്കുന്നില്ലല്ലോ.... പനിയും ഉള്ളിലെ വേദനയും..... തുളുമ്പുന്ന കണ്ണുനീര്‍ കാണാതിരിക്കാന്‍ തിരിഞ്ഞു കിടന്നു കണ്ണടച്ചു.

ഒരിറ്റു കണ്ണുനീര്‍ തലയിണയിലേക്കടര്‍ന്നു വീണു.

പലപ്പോഴും സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ട്, തനിക്കൊരസുഖം വരുന്നതും രാജേട്ടന്‍ കൂടെയിരുന്നു ശുശ്രുഷിക്കുന്നതും ഒക്കെ. അതൊരു സുഖമുള്ള സ്വപ്നമായിരുന്നു തനിക്കെന്നും. എന്നാല്‍ ഇന്നോ, എന്തിനെന്നറിയാതെ ചുണ്ടുകള്‍ വിതുമ്പിപ്പോയി.... വാതില്‍ വലിച്ചടക്കുന്ന ശബ്ദം കേട്ടു, രാജേട്ടന്‍ പോയിക്കാണും, തന്നോട് പറയാതെ....!

"നിക്കു വേണ്ട കുഞ്ഞേട്ടാ..."

"അങ്ങിനെ പറഞ്ഞലെങ്ങിനെയാ, എന്റെ കുഞ്ഞാറ്റയുടെ ഉവ്വാവ് മാറേണ്ടേ, എന്നിട്ട് വേണ്ടേ മിടുക്കിയായിട്ടു സ്കൂളില്‍ പോകാന്‍...."

ഒരു ആറുവയസുകാരിയെ നെഞ്ചോടു ചേര്‍ത്ത് വച്ചു, പൊടിയരിക്കഞ്ഞി കോരിക്കൊടുക്കുന്ന പത്തുവയസുകാരന്‍, ഓരോന്നുപറഞ്ഞു കഞ്ഞിയും മരുന്നും കഴിപ്പിക്കുന്ന കുഞ്ഞേട്ടന്‍..... അമ്മാവന്റെ സംരക്ഷണയില്‍ കഴിയുന്ന അനാഥരായ അവര്‍, പരസ്പരം തുണയായി ഒരു ജീവനായി....
"കുഞ്ഞേട്ടാ....കുഞ്ഞേട്ടാ...."

തന്റെ നെഞ്ചിലേക്ക് ചാഞ്ഞുറങ്ങുന്ന കുഞ്ഞാറ്റയെ ചേര്‍ത്തുപിടിച്ചു ആ ഏട്ടന്‍.


"മേം സാബ്" ആരോ കുലുക്കി വിളിച്ചു. "ഡോക്ടറെ വിളിക്കണോ, ഈശ്വരാ, നല്ല പനിയുണ്ടല്ലോ..."


ഓ, ഷംല, ഇവള്‍ എപ്പോള്‍ എത്തി?ഒന്നും അറിഞ്ഞില്ലല്ലോ.... രാജേട്ടന്‍ വാതില്‍ അടക്കാതെ ചെയിന്‍ ഇട്ടിട്ടാവും പോയത്. പനിയുടെ ചൂടില്‍ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടാവണം, അതാവും അവള്‍ ഭയന്നത്.

"ഒന്നും വേണ്ട ഷംലാ.... ഞാന്‍ കിടക്കട്ടെ" "എന്നാ ഞാന്‍ പനിക്കഷായം ഉണ്ടാക്കി കൊണ്ട് വരാം" അവള്‍ തിരിഞ്ഞു അടുക്കള ഭാഗത്തേക്കു നടന്നു.

ഇവള്‍ക്ക് തോന്നുന്ന അനുകമ്പ പോലും,രാജേട്ടനില്ലാതെ പോയല്ലോ....

തന്റെ കുഞ്ഞേട്ടന്‍ അടുത്തുണ്ടായിരുന്നെങ്കില്‍.... 

ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു....ഉള്ളം വിങ്ങുന്നു.

Thursday, January 21, 2010

മിന്നാമിന്നി

ഒരു മിന്നാമിന്നിയെ പോലെ, സ്നേഹത്തിന്റെ പൊന്‍ വെളിച്ചമായി അവള്‍  എന്റെ ജീവിതത്തിലേക്കു കടന്നുവന്നത് വളരെ യാദൃശ്ചികമായിട്ടായിരുന്നു....ഓര്‍ക്കൂട്ടിലെ ഒരു സ്ക്രാപ്പായിട്ടാണു അവളുടെ ആദ്യ മെസ്സേജ് എനിക്കു കിട്ടുന്നത്."അമ്മേ, എന്നോട് മിണ്ടുമോ?" എന്ന ആ മെസ്സേജ്, ഇന്നും മനസില്‍ മിഴിവാര്‍ന്നു നില്‍ക്കുന്നു. ഒരു കുഞ്ഞിന്റെ ഫോട്ടോയും...ഉള്ളില്‍ ഉറങ്ങിക്കിടന്ന മാതൃഭാവം പൊടുന്നനെ ഉണര്‍ന്ന പോലെ..!!!

എന്തായിരുന്നു എനിക്കങ്ങിനെയൊരു സ്ക്രാപ്പ് അയക്കാന്‍ അവളെ പ്രേരിപ്പിച്ചതെന്ന ചോദ്യത്തിനു, ദൈവം കാണിച്ചു തന്നതാ എന്ന മറുപടി,അവളെ കൂടുതല്‍ അറിയാന്‍ എന്നെയും പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

അനാഥാലയത്തിലെ ബാല്യത്തെയും വിവരിലെണ്ണാവുന്ന കൂട്ടുകാരെയും കുറിച്ചുള്ള വര്‍ണന....നിറം മങ്ങിയ സ്ക്കൂള്‍,കോളേജ് കാലങ്ങള്‍... എല്ലാം അവളോട്‌ എന്നെ കൂടുതല്‍ അടുപ്പിച്ചു കൊണ്ടിരുന്നു. ഓര്‍ക്കൂട്ടിലെ സ്ക്രാപ്പ് ബുക്കില്‍ നിന്നും ജീടോകിന്റെ സ്വകാര്യതയിലേക്ക് നീണ്ടു ആ ബന്ധം.

അവളുടെ നിഷ്കളങ്കമായ സംസാരം, കൊഞ്ചല്‍, ചിരി, വഴക്ക് എല്ലാം എന്നെയും ആകെ മാറ്റി. ആ നാളുകളില്‍ ഞാന്‍ ജീവിക്കുക തന്നെയായിരുന്നു,അവളുടെ അമ്മയായി, ചേച്ചിയായി, കൂട്ടുകാരിയായി ഒക്കെ...

ഒരിക്കല്‍, അവള്‍ എന്നെ ഒന്നു കാണണം എന്നാവശ്യപ്പെട്ടപ്പോള്‍  സന്തോഷത്തോടെയാണ് ഞാനത് സമ്മതിച്ചത് , ഞാനും ആ കൂടിക്കാഴ്ച അത്രമാത്രം ആഗ്രഹിച്ചിരുന്നതാണല്ലോ.

എന്നാല്‍ അവളെ കാണാന്‍ ഞാന്‍ എത്തിപ്പെട്ടതോ ശ്രീ ചിത്രായിലെ കാന്‍സര്‍ വാര്‍ഡിലും...!!!!

മരണത്തിലേക്കു  പറന്നടുക്കുന്ന ഒരു മിന്നാമിന്നിയായിരുന്നു അവള്‍ എന്നു അപ്പോഴാണ് ഞാന്‍ അറിയുന്നത് തന്നെ.കുറഞ്ഞ കാലം കൊണ്ട് ഒരുപാട് സ്നേഹവും സന്തോഷവും എനിക്കു നല്‍കിയിട്ട്, മാലാഖമാരുടെ ലോകത്തേക്ക് പോകാന്‍ അവള്‍ തയ്യാറായിരിക്കുന്ന കാഴ്ച...!!! ഒന്നും ചെയ്യാനാവാതെ അവളെ നോക്കിനില്‍ക്കേണ്ടി വന്ന നിസ്സഹായത....

ഇതിനായിരുന്നോ മോളെ നീ എന്നെ തേടി വന്നത്?

എന്റെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ഒരു ദൈവവും ഇല്ലാതായോ?

അടുത്ത ജന്മത്തില്‍ എന്റെ കുഞ്ഞായി ജനിക്കണേ എന്ന നിന്റെ പ്രാര്‍ത്ഥനയെങ്കിലും ദൈവം കേള്‍ക്കാതിരിക്കില്ല...!!!

അങ്ങിനെ ആശ്വസിക്കാനാവുമോ എനിക്ക്?

Friday, January 15, 2010

കര്‍ത്താവും ഭര്‍ത്താവും

സാമ്പത്തീക പരാധീനതകള്‍ കാരണം വിവാഹം നീണ്ടുപോയ മോളിക്ക് ഒരു ദിവസം ജ്ഞാനോദയം ഉണ്ടായി....

ഒരുനാള്‍ അതിരാവിലെ മോളിയുടെ വീട്ടില്‍നിന്നു ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കേട്ടാണ് അയല്‍വാസികള്‍ ഉണര്‍ന്നത്. എന്തോ അത്യാപത്ത് സംഭവിച്ചു എന്നോര്‍ത്താണ് അവരെല്ലാം മോളിയുടെ വീട്ടിലേക്കു ഓടിയത്. 

ഓടുന്നതിനിടയില്‍ പരസ്പരം വിളിച്ചു ചോദിക്കാനും അറിയാത്തവരെ അറിയിക്കാനും അവര്‍ മറന്നില്ല. അങ്ങനെ മോളിയുടെ വീട്ടില്‍ ചെന്നപ്പോള്‍, കണ്ട കാഴ്ചയോ...? മുട്ടിന്മേല്‍നിന്നു ഉറക്കെയുറക്കെ പ്രാര്‍ത്ഥിക്കുന്ന മോളിയെ...!!! പ്രാര്‍ത്ഥനയല്ലേ എന്തിനെന്നറിയാതെ അവരും കൂടി... പെട്ടന്നാണു മോളിയുടെ പ്രഖ്യാപനമുണ്ടായത്,

"ഇന്നലെ സ്വപ്നത്തില്‍ കര്‍ത്താവു പ്രത്യക്ഷപെട്ടു പറഞ്ഞു, മോളീ നിന്നെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന്....
അതെ ഇന്നുമുതല്‍ കര്‍ത്താവിനു വേണ്ടിയാണ് എന്റെ ജീവിതം. എനിക്കിനി കര്‍ത്താവു മതി....ഹാലേലൂയാ ഹാലേലൂയാ..."

ഒന്നും മനസിലാകാതെ അവരും ഏറ്റു പറഞ്ഞു, " ഹാലേലൂയാ  ഹാലേലൂയാ"

വാര്‍ത്ത‍ നാടെങ്ങും പടര്‍ന്നു...ദിവസങ്ങളും ആഴ്ചകളും കടന്നു പോയി. മോളി അങ്ങനെ മോളി മാതാവായി മാറി.

പ്രാര്‍ത്ഥനക്കായി ഓലമേഞ്ഞ ഒരു ചെറിയ ഷെഡ്‌  ഭക്തരുടെ  ശ്രമഫലമായി ആ മുറ്റത്തുയര്‍ന്നു. ഇരുപത്തിനാലുമണിക്കൂറും അവിടെ നിന്നു പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു കേട്ടു. അയല്‍ക്കാരുടെ പരാതിയും കൂടി വന്നു.

മോളിമാതാവിന്റെ പ്രശസ്തി ഗ്രാമത്തിന്റെ അതിരുകള്‍ കടന്നു.

ഭക്തരുടെ ഒഴുക്കായി, ഓലമേഞ്ഞ ഷെഡിന്റെ സ്ഥാനത്ത് കോണ്‍ക്രീറ്റില്‍ വാര്‍ത്ത‍ വലിയ ഹാള്‍. മോളിയുടെ വീടിരുന്ന സ്ഥലത്ത് മോളിമാതാവിന്റെ വിശ്രമത്തിനായി ഇരുനില ബംഗ്ലാവ് ഉയര്‍ന്നു. അയല്‍നാട്ടില്‍ നിന്നും വന്ന ഒരു ഭക്തന്‍, മോളിയുടെ അരുമശിഷ്യനായി മാറി. ഊണും ഉറക്കവുമെല്ലാം അവിടെ തന്നെ.

ഒരുനാള്‍ രാവിലെ പ്രാര്‍ത്ഥനയ്ക്കു വന്ന ജനം മാതാവിനെയും ശിഷ്യനെയും  കാണാതെ അമ്പരന്നു. എന്തു സംഭവിച്ചു എന്നറിയാതെ ഊഹാപോഹങ്ങളുമായി നിന്ന അവര്‍ക്കടുത്തേക്കു കൈയിൽ വരണ്യമാലയുമായി മോളിമാതാവും ശിഷ്യനും കാറില്‍ വന്നിറങ്ങി,മിഴിച്ചു നിന്ന ഭക്തജനത്തിനോടായി മോളിമാതാവ് പറഞ്ഞു,

 "എനിക്കിനി കര്‍ത്താവു വേണ്ടാ, ഭര്‍ത്താവു മതി"

ശിഷ്യന്റെ കൈയും പിടിച്ചു വീടിനകത്തേക്ക് കയറിപ്പോയ മോളിയെ നോക്കി ജനം വാ പൊളിച്ചു നിന്നു.


"and here after they lived happily ever" എന്നു പറയാറായിട്ടില്ല...!!!


Monday, January 4, 2010

ആത്മാവിന്റെ സാഫല്യം ...!

 

"റീത്താ, ദാ നോക്കൂ, നമ്മുടെ അന്നമോള്‍ "വില്യംസിന്റെ ശബ്ദം അങ്ങു ദൂരെയേതോ ഗുഹാമുഖത്തുനിന്നു കേള്‍ക്കുന്നപോലെ ...

കണ്ണുകള്‍ ആയാസപ്പെട്ടു തുറക്കാന്‍ ശ്രമിച്ചു.


"മമ്മീ... നമ്മുടെ അന്നമോള്‍ , സാറ ആന്റിയെപ്പോലെയാ ല്ലേ ?" അജിമോന്റെ സന്തോഷം തുളുമ്പുന്ന സ്വരം പൂര്‍ണ്ണമായും തന്നെ ബോധമണ്ഡലത്തിലേക്കു കൊണ്ടു വന്നു.

കണ്ടു അന്നമോളെ.... ഫ്ലാനലില്‍ പൊതിഞ്ഞ ഒരു കുഞ്ഞുവാവ വില്യംസിന്റെ കൈയില്‍ ….!!


"മാലാഖയെപ്പോലെ സുന്ദരിയാ ല്ലേ പപ്പാ?" അജിമോന്‍ അവളെ തൊട്ടു തലോടിക്കൊണ്ടു വില്യംസിന്റെ അടുത്തു തന്നെയുണ്ട്‌ .

വില്യംസ് അവളെ തന്റെയടുത്തു കിടത്തി.... ആ മാലാഖക്കുഞ്ഞിനെ ചേര്‍ത്തുപിടിച്ചപ്പോള്‍ , ഒരു മഞ്ഞുമല ഉരുകിയൊലിച്ചതുപോലെ, കണ്ണീര്‍ ചാലിട്ടൊഴുകി..... അവളെ സ്വന്തമാക്കാന്‍ അനുഭവിച്ച വേദനകളെല്ലാം ഒരു നിമിഷം കൊണ്ടു ഒഴുകിപ്പോയതുപോലെ...

അന്നമോള്‍ തങ്ങളുടെ ജീവിതത്തിലേക്കു വന്നത് വിധിയുടെ വിളയാട്ടം മാത്രമായിരുന്നോ ?

അനിയത്തി സാറായ്ക്ക്  വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിക്കാല്‍ കാണാനുള്ള ഭാഗ്യമുണ്ടാകാത്തതില്‍ എല്ലാവര്‍ക്കും വിഷമമുണ്ടായിരുന്നു...പരിശോധനകളില്‍ രണ്ടുപേര്‍ക്കും തകരാറൊന്നും കണ്ടുപിടിക്കാന്‍ വൈദ്യശാസ്ത്രത്തിനും കഴിഞ്ഞില്ല. അങ്ങനെയാണ് ഡോക്ടര്‍ ഇന്‍വിട്രോഫെര്‍ട്ടിലൈസേഷന് അവരെ പ്രേരിപ്പിച്ചത്.

തുടര്‍ന്നുള്ള നാളുകള്‍ അതിനായുള്ള ഒരുക്കങ്ങളിലായിരുന്നു സാറയും ഭര്‍ത്താവു വിവേകും. മരുന്നുകള്‍ , കുത്തിവെപ്പുകള്‍ ......എല്ലാം സഹിക്കാന്‍ സാറ തയ്യാറായിരുന്നു .ഒരു കുഞ്ഞിനെയെങ്കിലും താലോലിക്കാന്‍  തന്‍റെതെന്നു പറയാന്‍ അവള്‍ ഏറെ കൊതിച്ചു . മൂന്നാമത്തെ തവണയാണ് , ഇന്‍വിട്രോഫെര്‍ട്ടിലൈസേഷന്‍ വിജയിച്ചത്. അങ്ങിനെ ടെസ്റ്റ്‌റ്റൂബില്‍ യോജിപ്പിച്ചെടുത്ത ഭ്രൂണത്തെ സാറായുടെ ഗര്‍ഭപാത്രത്തിലേക്കു പറിച്ചു നടുമ്പോള്‍ പ്രാര്‍ത്ഥനയോടെ കുടുംബാംഗങ്ങള്‍ എല്ലാവരും ആശുപത്രിയില്‍ ഉണ്ടായിരുന്നു. നൂറു ശതമാനവും ആരോഗ്യപൂര്‍ണമായ മൂന്നു ഭ്രൂണങ്ങളില്‍ രണ്ടെണ്ണം അവളുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. മറ്റേതിനെ ശീതീകരിച്ചു വെക്കാനും തീരുമാനമായി.

ശീതീകരണത്തിന്റെ സാക്ഷിപത്രത്തില്‍ ഒപ്പിടുമ്പോള്‍ മറ്റൊന്നും തോന്നിയില്ല . ആശുപത്രിയിലെ ഒരു സാധാരണ ഫോര്‍മാലിറ്റിയായി മാത്രമേ കരുതിയുള്ളു. ഭാര്യാഭര്‍ത്താക്കന്മാര്‍ വേര്‍പിരിഞ്ഞാല്‍ , ആരായിരിക്കണം ആ ഭ്രൂണത്തിന് അവകാശി എന്നും അവര്‍ രണ്ടുപേരും മരിച്ചു പോയാല്‍ ആരാവണം ഭ്രൂണത്തിന് അവകാശിയെന്നുമൊക്കെയുള്ള സമ്മതപത്രം …. !!!


സാറ ഗര്‍ഭിണിയായപ്പോള്‍ എല്ലാവര്‍ക്കും എന്തൊരു സന്തോഷമായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം, തന്റെ അജിമോനു ശേഷം കുടുംബത്തില്‍ ഒരു കുഞ്ഞു പിറക്കാന്‍ പോകുന്നു. തങ്ങള്‍ക്കു താലോലിക്കാന്‍ ഒരു കുഞ്ഞുവാവ…!!! വീട്ടില്‍ ഒരു ഉത്സവപ്രതീതി. എല്ലാവരും അതിന്റെ ആഹ്ലാദത്തിലായിരുന്നു . ഏറ്റവും നല്ല ശുശ്രുഷകള്‍ തന്നെ സാറായ്ക്ക് കിട്ടണമെന്നു എല്ലാവര്‍ക്കും നിര്‍ബന്ധമായിരുന്നു. എല്ലാരീതിയിലും സന്തോഷവതിയായിരുന്നു എന്റെ കുഞ്ഞനുജത്തി സാറ.

ആ സന്തോഷത്തിനും അനുഗ്രഹത്തിനും നന്ദി പറയാന്‍ വേണ്ടിയായിരുന്നു , സാറയും വിവേകും കൂടെ ഒരു തീര്‍ത്ഥയാത്രക്കൊരുങ്ങിയത്..

ഒരു വാഹനാപകടം ….!

സാറയും വിവേകും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു...തന്റെ പ്രിയപ്പെട്ട അനിയത്തി , അവളുടെ സ്വപ്‌നങ്ങള്‍  ‍..... എല്ലാം അവിടെ അവസാനിച്ചു...!!!

സങ്കടപ്പെട്ടും വിധിയെപ്പഴിച്ചും കഴിഞ്ഞ നാളുകള്‍ . അന്നൊരു ദിവസം ആശുപത്രിയില്‍ നിന്നും ഡോക്ടറുടെ ഫോണ്‍ എന്നെത്തേടിയെത്തി. അനുശോചനങ്ങള്‍ അറിയിച്ചതിനു ശേഷം അദ്ദേഹം പെട്ടന്നു ചോദിച്ചു, ശീതീകരിച്ചു വച്ചിരിക്കുന്ന ഭ്രൂണം എന്തു ചെയ്യണമെന്ന്. അദ്ദേഹത്തിന്റെ നിര്‍ദേശം, കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ ഒട്ടും സാധ്യതയില്ലാത്ത ഏതെങ്കിലും ദമ്പതികള്‍ക്ക് നല്‍കിയാല്‍ അതൊരു പുണ്യപ്രവൃത്തി കൂടിയാവും എന്നൊക്കെ .ആലോചിച്ചിട്ടു പറയാം എന്നു  പറഞ്ഞു ഫോണ്‍ വച്ചു.

എന്തു ചെയ്യണമെന്നു വില്യംസുമായി കൂടിയാലോചിച്ചു. ആര്‍ക്കെങ്കിലും കൊടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെയും അഭിപ്രായം.... രണ്ടാമതൊന്നാലോചിക്കേണ്ട ആവശ്യം പോലും അദ്ദേഹത്തിനില്ലായിരുന്നു, ആ അഭിപ്രായത്തിന്. എന്നാല്‍ എന്റെ ഉള്ളില്‍ സാറയും അവളുടെ സ്വപ്നങ്ങളും ഒക്കെയായിരുന്നു. ഒരു തീരുമാനം എടുക്കാനാവാതെ ഉഴറി നടന്ന ദിവസങ്ങള്‍ ….!!!

സാറയുടെ ആത്മാവുള്ള ആ ഭ്രൂണം,അവളുടെ ആ സ്വപ്നം അതെങ്ങിനെ കൈവിട്ടു കളയും? ഒരുതരത്തില്‍ അവള്‍ തന്നെയല്ലേ അതും?അവസാനം ഒരു രാത്രിയില്‍ ,വില്യംസിനെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി പറഞ്ഞു, "ആ കുഞ്ഞിനെ എനിക്കു വേണം.ഞാന്‍ അതിനെ എന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തും .അങ്ങിനെ എന്റെ സാറ പുനര്‍ജ്ജനിക്കും"

അമ്പരന്നു പോയ വില്യംസ്, എന്റെ തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്തു. ദിവസങ്ങളോളം നീണ്ട വാദപ്രതിവാദങ്ങള്‍ …!

ക്രമേണ വില്യംസിന്റെ എതിര്‍പ്പുകള്‍ കെട്ടടങ്ങി.

"ഡോക്ടറോടു സംസാരിച്ചിട്ടു തീരുമാനിക്കാം" എന്നെ സമാധാനിപ്പിക്കാനെന്നോണം വില്യംസ് പറഞ്ഞു.

അല്പം ആശ്വാസമായെങ്കിലും, ഉള്ളില്‍ തികഞ്ഞ ആശങ്കയായിരുന്നു. എങ്കിലും പെട്ടന്നു തന്നെ ഡോക്ടറെ കാണാന്‍ തീരുമാനിച്ചു.

ആദ്യം ഡോക്ടര്‍ക്കു പോലും അമ്പരപ്പായിരുന്നു . 54 വയസു കഴിഞ്ഞ തനിക്കു ഒരു ഗര്‍ഭത്തെ താങ്ങാനുള്ള ആരോഗ്യമുണ്ടാവില്ല എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. എങ്കിലും, എന്റെ നിര്‍ബന്ധത്തിനു വഴങ്ങി, അദ്ദേഹം പരിശോധനകള്‍ നടത്തി. എല്ലാം പോസിറ്റീവ് ആയിരുന്നത് ദൈവേഷ്ടം തന്നെ ആയിരുന്നില്ലേ?

ആ ഭ്രൂണത്തെ സ്വീകരിക്കാന്‍ മാനസികമായും ശാരീരികമായും ഡോക്ടര്‍ എന്നെ ഒരുക്കി. പിന്നെ അതു തന്റെ ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിച്ച  അന്നു മുതല്‍ താനും വില്യംസും ആ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പായി.

ജോലിയായി ദൂരെ നഗരത്തില്‍ കഴിയുന്ന അജിമോനോടു വിവരങ്ങള്‍ പറഞ്ഞപ്പോള്‍ , അവന്‍ നിശബ്ദനായി ഒന്നും മിണ്ടാതെ ഫോണ്‍ വച്ചത് തനിക്കു വേദനയായി .എന്തേ  എന്റെ മോനും ?

രണ്ടു ദിവസം കഴിഞ്ഞു അജിമോന്‍ വീട്ടിലെത്തി. അടുത്തു വന്നു, കെട്ടിപ്പിടിച്ചു കവിളില്‍ മുത്തം തന്നു കൊണ്ടു പറഞ്ഞു, "സാറ ആന്റിയുടെ കുഞ്ഞു എനിക്കു കൂടപ്പിറപ്പ് തന്നെയല്ലേ... ഇതിപ്പോള്‍ , ഒരേ അമ്മയുടെ വയറ്റില്‍ തന്നെ ….."

ഈറനണിഞ്ഞ കണ്ണുകളോടെ അജിമോന്റെ നെറ്റിയില്‍ ഒരു മുത്തം നല്‍കാനേ എനിക്കപ്പോള്‍ കഴിഞ്ഞുള്ളൂ.

അങ്ങിനെ തങ്ങള്‍ മൂവരും ദിവസങ്ങളെണ്ണി കാത്തിരിക്കാന്‍ തുടങ്ങി. ഗര്‍ഭത്തിന്റെ ആലസ്യങ്ങളും, കഷ്ടപ്പാടുകളും ഒരിക്കല്‍ക്കൂടി, ഇത്തവണ ശുശ്രുഷക്കു വില്യംസും അജിമോനും മാത്രം …!!! കുടുംബാംഗങ്ങള്‍ പോലും അകന്നു നിന്നു. "ഭ്രാന്ത് "എന്നു പറഞ്ഞു സുഹൃത്തുക്കളും കൈയ്യൊഴിഞ്ഞു.

സിസേറിയനിലൂടെ അന്നമോള്‍ , ഈ ഭൂമിയിലേക്ക്‌ വന്നപ്പോള്‍ പുറത്തു മഴ തകര്‍ത്തു പെയ്യുകയായിരുന്നു. ഇപ്പോള്‍ കാര്‍ മേഘങ്ങളകന്ന ആകാശം പോലെ തന്റെ മനസും തെളിഞ്ഞിരിക്കുന്നു.....

ഒരുപക്ഷെ സ്വര്‍ഗത്തില്‍ നിന്നും സാറയും വിവേകും അവളെ കാണുന്നുണ്ടാകുമോ?


Related Posts Plugin for WordPress, Blogger...