Thursday, January 21, 2010

മിന്നാമിന്നി

ഒരു മിന്നാമിന്നിയെ പോലെ, സ്നേഹത്തിന്റെ പൊന്‍ വെളിച്ചമായി അവള്‍  എന്റെ ജീവിതത്തിലേക്കു കടന്നുവന്നത് വളരെ യാദൃശ്ചികമായിട്ടായിരുന്നു....ഓര്‍ക്കൂട്ടിലെ ഒരു സ്ക്രാപ്പായിട്ടാണു അവളുടെ ആദ്യ മെസ്സേജ് എനിക്കു കിട്ടുന്നത്."അമ്മേ, എന്നോട് മിണ്ടുമോ?" എന്ന ആ മെസ്സേജ്, ഇന്നും മനസില്‍ മിഴിവാര്‍ന്നു നില്‍ക്കുന്നു. ഒരു കുഞ്ഞിന്റെ ഫോട്ടോയും...ഉള്ളില്‍ ഉറങ്ങിക്കിടന്ന മാതൃഭാവം പൊടുന്നനെ ഉണര്‍ന്ന പോലെ..!!!

എന്തായിരുന്നു എനിക്കങ്ങിനെയൊരു സ്ക്രാപ്പ് അയക്കാന്‍ അവളെ പ്രേരിപ്പിച്ചതെന്ന ചോദ്യത്തിനു, ദൈവം കാണിച്ചു തന്നതാ എന്ന മറുപടി,അവളെ കൂടുതല്‍ അറിയാന്‍ എന്നെയും പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

അനാഥാലയത്തിലെ ബാല്യത്തെയും വിവരിലെണ്ണാവുന്ന കൂട്ടുകാരെയും കുറിച്ചുള്ള വര്‍ണന....നിറം മങ്ങിയ സ്ക്കൂള്‍,കോളേജ് കാലങ്ങള്‍... എല്ലാം അവളോട്‌ എന്നെ കൂടുതല്‍ അടുപ്പിച്ചു കൊണ്ടിരുന്നു. ഓര്‍ക്കൂട്ടിലെ സ്ക്രാപ്പ് ബുക്കില്‍ നിന്നും ജീടോകിന്റെ സ്വകാര്യതയിലേക്ക് നീണ്ടു ആ ബന്ധം.

അവളുടെ നിഷ്കളങ്കമായ സംസാരം, കൊഞ്ചല്‍, ചിരി, വഴക്ക് എല്ലാം എന്നെയും ആകെ മാറ്റി. ആ നാളുകളില്‍ ഞാന്‍ ജീവിക്കുക തന്നെയായിരുന്നു,അവളുടെ അമ്മയായി, ചേച്ചിയായി, കൂട്ടുകാരിയായി ഒക്കെ...

ഒരിക്കല്‍, അവള്‍ എന്നെ ഒന്നു കാണണം എന്നാവശ്യപ്പെട്ടപ്പോള്‍  സന്തോഷത്തോടെയാണ് ഞാനത് സമ്മതിച്ചത് , ഞാനും ആ കൂടിക്കാഴ്ച അത്രമാത്രം ആഗ്രഹിച്ചിരുന്നതാണല്ലോ.

എന്നാല്‍ അവളെ കാണാന്‍ ഞാന്‍ എത്തിപ്പെട്ടതോ ശ്രീ ചിത്രായിലെ കാന്‍സര്‍ വാര്‍ഡിലും...!!!!

മരണത്തിലേക്കു  പറന്നടുക്കുന്ന ഒരു മിന്നാമിന്നിയായിരുന്നു അവള്‍ എന്നു അപ്പോഴാണ് ഞാന്‍ അറിയുന്നത് തന്നെ.കുറഞ്ഞ കാലം കൊണ്ട് ഒരുപാട് സ്നേഹവും സന്തോഷവും എനിക്കു നല്‍കിയിട്ട്, മാലാഖമാരുടെ ലോകത്തേക്ക് പോകാന്‍ അവള്‍ തയ്യാറായിരിക്കുന്ന കാഴ്ച...!!! ഒന്നും ചെയ്യാനാവാതെ അവളെ നോക്കിനില്‍ക്കേണ്ടി വന്ന നിസ്സഹായത....

ഇതിനായിരുന്നോ മോളെ നീ എന്നെ തേടി വന്നത്?

എന്റെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ഒരു ദൈവവും ഇല്ലാതായോ?

അടുത്ത ജന്മത്തില്‍ എന്റെ കുഞ്ഞായി ജനിക്കണേ എന്ന നിന്റെ പ്രാര്‍ത്ഥനയെങ്കിലും ദൈവം കേള്‍ക്കാതിരിക്കില്ല...!!!

അങ്ങിനെ ആശ്വസിക്കാനാവുമോ എനിക്ക്?

22 comments:

 1. തീര്‍ച്ചയായും ഞങ്ങളും കൂടെ പ്രാര്‍ത്ഥിയ്ക്കാം ചേച്ചീ, ആ കുഞ്ഞുമാലാഖയ്ക്ക് വേണ്ടി. അവളുടെ അവസാന കാലത്ത് അത്രയും സന്തോഷം നല്കാനെങ്കിലും ചേച്ചിയ്ക്ക് സാധിച്ചല്ലോ എന്ന് സമാധാനിയ്ക്കാം.

  "മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
  എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം?
  "

  ReplyDelete
 2. ചില പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടിട്ടും കേള്‍ക്കാത്ത ഭാവം നടിക്കും..

  ReplyDelete
 3. ഉള്ളിൽ തട്ടുന്ന കുറിപ്പ്.

  (രമ്യയെക്കുറിച്ചുള്ള എന്റെ കുറിപ്പ് വായിച്ചോ?

  http://jayanevoor1.blogspot.com/)

  ReplyDelete
 4. മനസ്സില്‍ ഏറെ നൊമ്പരമുണര്‍ത്തുന്ന ഒരു ചിത്രം.

  ReplyDelete
 5. Jayan Evoor പറഞ്ഞ പോലെ രമ്യയെയാണ് പെട്ടെന്ന് മനസ്സില്‍ ഓര്‍മ്മ വന്നത്!

  ReplyDelete
 6. നല്ല പോസ്റ്റ്‌.
  വായിച്ചപ്പോള്‍ ശെരിക്കും വേദന തോന്നി....

  ReplyDelete
 7. എനിക്കും ഇത് പോലത്തെ വേദനിപ്പിക്കുന്ന ഒരു അനുഭവം ഉണ്ടായിരുന്നു. ഒരു ജർമ്മൻ ദമ്പതികളുമായി അവിചാരിതമായ സൌഹൃദം ഉണ്ടായി,(ഔദ്യോഗിക കാര്യത്തിനിടയിൽ) പിന്നീട് അത് വളരെ ദൃഢമായി, പക്ഷേ ഒരിക്കൽ പോലും കാണാൻ സാധിച്ചില്ല. തിരുവനന്തപുരത്ത് അവർ ഒരു സന്ദർശനം പോലും അറേഞ്ച് ചെയ്തതാണ്. പക്ഷേ, ആ യുവതിക്ക് ബ്രൈയിൻ ട്യൂമർ ആണെന്ന് പെട്ടെന്ന്, അവസാന സ്റ്റേജിൽ കണ്ടെത്തുകയായിരുന്നു. പിന്നെ താമസിയാതെ മരണവും...അതിൽ പിന്നെ അദ്ദേഹത്തിന്റെയും ഒരു വിവരവുമില്ല. ഒരുപാട് അന്വേഷിച്ചു... ഒരു സ്വപ്നം പോലെ....ഒരു വിങ്ങലായി... തീർച്ചയായും ഒരിക്കൽ ഞാൻ ഇത് എഴുതും...

  വളരെ നന്നായി അവതരിപ്പിച്ചു കുഞ്ഞൂസ്, വളരെ നന്ദി...ആ‍ദ്യമായാണ് ഇവിടെ, ഇനി സ്ഥിരമായി വരാം...ആ‍ശംസകൾ...

  ReplyDelete
 8. രമ്യയെ ഓര്ക്കുന്നു..വേദനിക്കുന്നു..

  ReplyDelete
 9. നൊംബരമുണർത്തി... നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  ReplyDelete
 10. വളരെ ഹ്രിദയ സ്പര്‍ഷിയായി അവതരിപ്പിച്ചു അഭിനന്തനങ്ങള്‍

  ReplyDelete
 11. കാണാമറയത്ത് നിന്ന് എത്തിയ കൂട്ടുകാരി.....
  ചില മാലാഖമാര്‍ ഭൂമിയില്‍ എത്തും അധികകാലം ഇവിടെ നില്‍ക്കാതെ വേഗം തിരികെ പോകും മറ്റുള്ളവരുടെ മനസ്സില്‍ ഒരു കൊച്ചു സ്വര്‍ഗവും കുറെ നല്ലൊര്‍‌മ്മകളും ബാക്കി ആക്കി മനസ്സില്‍ വിരലടയാളം പതിച്ചു വച്ചിട്ട് കടന്നു പോകും ....
  അതെ വീണ്ടും കണ്ടുമുട്ടാം

  കുഞ്ഞൂസേ നല്ല പോസ്റ്റ് !

  ReplyDelete
 12. വറ്റാത്ത ആര്‍ദ്രതയില്‍ ഞാനും ചേരുന്നു

  ReplyDelete
 13. നല്ല പോസ്റ്റ്. really touching. പ്രാര്‍ത്ഥന ദൈവം കേള്‍ക്കട്ടെ .

  ReplyDelete
 14. നല്ല പോസ്റ്റ്, വായിച്ചപ്പോ ഒരു കുഞ്ഞ് മുഖം മനസില്‍ ഓടിയെത്തി, കൂടെ ഒരു വേദനയും

  ReplyDelete
 15. നന്നായി.
  പക്ഷെ, താങ്കളുടെ പതിവ് ‘സെന്റിമെന്റലിസത്തിന്റെയും’ ‘നൊമ്പരങ്ങളുടെയും’ ട്രാക്കില്‍ നിന്ന് മാറി ഇടക്കൊക്കെ എങ്കിലും എഴുതിയിരുന്നെകില്‍ എന്നാഗ്രഹിക്കുന്നു.
  ഭാവുകങ്ങള്‍.

  ReplyDelete
 16. എന്റെ ഹിമക്കുട്ടിയെ ഓര്മ്മ വന്നു....

  ReplyDelete
 17. നല്ലതെ ല്ലാം ..

  ReplyDelete
 18. വായിച്ചപ്പോള്‍ ശെരിക്കും വേദന തോന്നി....

  ReplyDelete
 19. മനസില്‍ വിങ്ങലായി ആ കുഞ്ഞു മാലാഖ അവശേഷിക്കുന്നു.

  പക്ഷെ ആര്, എവിടെ, എപ്പോള്‍? ചോദ്യങ്ങള്‍ ഒരുപാട്.

  ഈ ചോദ്യങ്ങളും ആ മാലഖയോടൊപ്പം മേഖങ്ങള്‍ക്കിടയില്‍ മറഞ്ഞു പോയ്കോട്ടേ അല്ലെ.

  ReplyDelete

Related Posts Plugin for WordPress, Blogger...