Sunday, August 22, 2010

ആദ്യത്തെ ഉരുള - ഒരോണസ്മൃതി!


റ്റി. വി. യില്‍ തിരുവോണപ്പരിപാടികള്‍ അനൗണ്‍സ്    ചെയ്യുന്നു... ഇന്നു രാവിലെ എട്ടു മണിക്ക് ...

‘ഇന്നു രാവിലെയോ?’ ... ഓഹ് ... നാട്ടില്‍ നേരം പുലര്‍ന്നിരിക്കുന്നു!

നാട്ടിലിപ്പോള്‍ കുട്ടികള്‍ തിരുവോണ  ദിവസത്തെ പൂക്കളമൊരുക്കുന്ന തിരക്കിലാവും. അമ്മയും ആന്റിയുമൊക്കെ രാവിലെതന്നെ അടുക്കളയില്‍ കയറിയിട്ടുണ്ടാവും.

ഇപ്പോള്‍  വാവ എന്തെടുക്കുകയാവും? വാവയും ഓര്‍ക്കുന്നുണ്ടാകുമോ കളിച്ചും, ചിരിച്ചും, കലഹിച്ചും, പിന്നെയും ഇണങ്ങിയും ഒക്കെക്കഴിഞ്ഞ ആ പഴയ ഓണക്കാലങ്ങള്‍?

ഓര്‍മ്മകള്‍ ഒരുപാടു പിന്നോട്ടു പോയി...

നേരം വെളുത്തുവരുന്നതേയുള്ളു. പ്ലാവിന്റെ ഇലകള്‍ക്കിടയിലൂടെ ഊര്‍ന്നു വീഴുന്ന സൂര്യരശ്മികള്‍ മുറ്റത്തെ പഞ്ചാരമണലില്‍ കൊച്ചുകൊച്ചു വട്ടങ്ങള്‍ തീര്‍ത്തു. മുറ്റത്തെ ചെമ്പരത്തിപ്പൂവുകളില്‍ പുലര്‍മഞ്ഞ് തിളങ്ങി. ദൂരെയെവിടെയോ ഒരു കുയില്‍ ഈണത്തില്‍ പാടി. കാക്കകള്‍ ഓണക്കുരവയിടാന്‍ തുടങ്ങി.

രാത്രിയില്‍ വിരുന്നവന്ന കുട്ടികളൊക്കെ തന്റെ മുറിയില്‍ത്തന്നെയായിരുന്നു കിടന്നത്. ചിങ്ങക്കുളിരിന്റെ സുഖത്തില്‍  പുതച്ചു മൂടി ഉറങ്ങുമ്പോഴാണ് അമ്മ വന്നു വിളിച്ചത്,

‘ കുട്ടാ, പൂ പറിക്കുകയും, പൂക്കളമിടുകയും ഒന്നും ചെയ്യുന്നില്ലേ ഇന്ന്?’

ദിവാകരമാമന്റെ മകന്‍ ഗോപനും ഓമനയാന്റിയുടെ മകന്‍ നന്ദനും മകള്‍ ദീപയും അപ്പോഴേക്കും ചാടിയെഴുന്നേറ്റു കഴിഞ്ഞു. എല്ലാവരും കൂടി പറമ്പിലെ കുളക്കരയിലേക്കു നടക്കുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു,

‘കുട്ടികളേ, ആ പടിയൊക്കെ വഴുക്കിക്കിടക്കുകയാ, സൂക്ഷിക്കണേ...’

വെള്ളത്തിനു നല്ല തണുപ്പ്, വേഗം കുളികഴിഞ്ഞുവന്ന് പുത്തനുടുപ്പുകളുമൊക്കെയിട്ട് എല്ലാവരും പൂ പറിക്കാനിറങ്ങി. തൊടിയിലൊക്കെ നിറയെ തുമ്പപ്പൂക്കളും, കാട്ടുറോസയും, കമ്മല്‍പ്പൂവും ചിരിച്ചു നിന്നു...  വേലിയില്‍ നിറയെ പൂത്തുനില്‍ക്കുന്ന ചെമ്പരുത്തി, മുറ്റത്തെ ചെടികളില്‍ ചെത്തിയും, പിച്ചിയും, ജമന്തിയും....

എല്ലാവരും കൂടി പൂക്കളമിട്ടു കഴിഞ്ഞപ്പോഴാണ് വാവ കണ്ണുംത്തിരുമ്മി എഴുന്നേറ്റു വന്നത്. പൂക്കളം കണ്ടതോടെ വാവയുടെ മട്ടു മാറി.

"പൂക്കളം കൊള്ളാമോ കുഞ്ഞാറ്റേ ...?" 

നന്ദന്റെ ചോദ്യംകേട്ടു തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത്, നിറഞ്ഞുവന്ന കണ്ണുകള്‍  കൈപ്പുറം കൊണ്ടു തുടയ്ക്കുന്ന വാവയെയാണ്.

‘ഞാന്‍ കുഞ്ഞേട്ടനോട് മിണ്ടൂല്ലാ... എന്നേ കൂട്ടാതെ പൂക്കളമിട്ടില്ലേ?’

‘അത് പിന്നെ... വാവേ, രാവിലെ ഒത്തിരി തണുപ്പായത് കൊണ്ടല്ലേ?’

‘ഉം... വേണ്ട, കുഞ്ഞേട്ടന്‍ വാവയേ കളിപ്പിക്കുകയാ...’

മുറ്റത്ത് പുലരിവെയില്‍ പരന്നു തുടങ്ങിയിരുന്നു. സ്വര്‍ണനിറമുള്ള ഓണത്തുമ്പികള്‍ പാറിപ്പറക്കാന്‍ തുടങ്ങി.

‘വാവക്ക് ഏട്ടന്‍ ആ ഓണത്തുമ്പിയെ പിടിച്ചു  തരാല്ലോ ’

‘എനിക്കു വേണ്ടാ’

വാവ ചിണുങ്ങിക്കൊണ്ട് അകത്തേക്കു പോയി, അടുക്കളയുടെ മൂലക്ക് മുഖവും വീര്‍പ്പിച്ചിരുന്നു.

‘എന്തിനാ കുട്ടാ ഈ കൊച്ച് മുഖവും വീര്‍പ്പിച്ചിരിക്കുന്നേ?’ അമ്മ വിളിച്ചു  ചോദിച്ചു.

ഓടി അടുക്കളയിലേക്കു ചെന്നു, വാവ അപ്പോഴും വാശിയില്‍ തന്നെ...

‘നോക്ക്, വാവയെ ഏട്ടന്‍ ഊഞ്ഞാലാ‍ട്ടി തരട്ടേ?’

വാവ പൊടുന്നനെ തലയുയര്‍ത്തി, ആ കണ്ണുകള്‍ തിളങ്ങി.

‘കുഞ്ഞേട്ടന്‍ വാവയെ മടിയിലിരുത്തി ആട്ടാമോ?

‘പിന്നെ വേറേ ആരേയാ കുഞ്ഞേട്ടന്‍ മടിയിലിരുത്തുക?’

മുറ്റത്തു കുട്ടികളെല്ലാം ചേര്‍ന്ന് ഓരോ കളികള്‍ തുടങ്ങിയപ്പോഴേക്കും വാവ അങ്ങോട്ടു വന്നു. തിളങ്ങുന്ന പട്ടുപാവാടയും ബ്ലൗസും ഇട്ട്, മുടിയൊക്കെ രണ്ടായി പിന്നി, വാലിട്ടു കണ്ണെഴുതി സുന്ദരിക്കുട്ടിയായി....

ദീപക്ക് ഓലപ്പമ്പരം ഉണ്ടാക്കി കൊടുക്കുന്നതു  കണ്ടുകൊണ്ടാണ് വാവ വന്നത്. ഒരു നിമിഷം ആ മുഖം ഒന്നിരുണ്ടു! പിന്നെ അവള്‍ കൈയിൽ പിടിച്ചുവലിച്ചു,

‘കുഞ്ഞേട്ടാ എന്നെ ഊഞ്ഞാലാട്ടി താ...’

വാവയേയും മടിയില്‍വച്ച് ഊഞ്ഞാലില്‍ ഇരിക്കുമ്പോള്‍ അവള്‍ പറഞ്ഞു,

‘കുഞ്ഞേട്ടാ, പതുക്കേ ആടാവൂ... വാവക്ക് പേടിയാ ട്ടോ.’

കളിയും ചിരിയുമായി നേരംപോയത് അറിഞ്ഞതേയില്ല. ആന്റി വന്നു  വിളിച്ചു,

‘ഇനി കുട്ടികളൊക്കെ കൈയും കാലും മുഖവും ഒക്കെ കഴുകി ഊണു കഴിക്കാന്‍ വന്നേ...’

തളത്തില്‍ വിരിച്ചിട്ട പായയുടെ അടുത്ത് നിരനിരയായി ഇട്ട തൂശനിലകള്‍. ഓരോരുത്തരായി ഇലകള്‍ക്കടുത്ത് ഇരിപ്പിടം പിടിച്ചപ്പോള്‍ ഒരു അവകാശം പോലെ വാവ തന്റെ അടുത്തുതന്നെ ഇരുന്നു. അമ്മയും അച്ഛനും  ആന്റിയും ചേര്‍ന്ന് എല്ലാം വിളമ്പി. പരിപ്പും പപ്പടവും നെയ്യും ചേര്‍ത്ത് ആദ്യത്തെ ഉരുള ഉരുട്ടി, കണ്ണിമക്കാതെ നോക്കിയിരിക്കുന്ന വാവ, അവളുടെ അവകാശം... മെല്ലെ ചേര്‍ത്തുപിടിച്ച് ആദ്യത്തെ ഉരുള വാവയുടെ വായിലേക്കു വച്ചു കൊടുത്തു.

‘ഉം, കുഞ്ഞേട്ടന്റെ ഉരുള കിട്ടാനാ അടുത്തിരുന്നത്   അല്ലേ?’ ആന്റിയുടെ ചിരിയോടെയുള്ള ചോദ്യം.

വാവയുടെ മുഖത്ത് നാണം കലര്‍ന്ന ചിരി...

ഫോണിന്റെ ബീപ് ബീപ്‌ ശബ്ദമാണ് ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്. ആരുടെയോ ഓണാശംസകളാണ്.

വെറുതെ ഓര്‍ത്തു, ഇപ്പോഴും വാവ കാത്തിരിക്കുന്നുണ്ടാവുമോ, ഏട്ടന്റെ ഉരുളക്കായി...? തന്റെ വാവ അറിയുന്നുണ്ടാവുമോ ഓരോ ഓണക്കാലത്തും ഈ കുഞ്ഞേട്ടന്‍ അവള്‍ക്കായി ആദ്യത്തെ ഉരുള മാറ്റി വെക്കാറുണ്ടെന്ന്...!!
Tuesday, August 17, 2010

മേപ്പിള്‍ മരങ്ങളില്‍ ഗ്രീഷ്മം തപിക്കുമ്പോള്‍....


 അവധി ദിനത്തിന്റെ ആലസ്യം  നിറഞ്ഞ പകലുറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയ ഫോൺ കോൾ, ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ഈര്‍ഷ്യയോടെയാണ് ബാല്‍ക്കണിയുടെ അടുത്തുള്ള ആട്ടുകട്ടിലില്‍ കോഫിയുമായി വന്നിരുന്നത്. ആവി പറക്കുന്ന  കോഫിയുടെ സുഖമുള്ള മണം അല്‍പ്പം ഉണര്‍വ്വ് പകര്‍ന്നു. ജനല്‍ ഗ്ലാസ്സുകള്‍ക്ക് അപ്പുറം അപ്പോഴും തപിക്കുന്ന പകല്‍. ഈ വര്‍ഷം പതിവിലധികമാണ് ചൂട്. ഇന്നും ടി.വി.യില്‍ പറയുന്നത് കേട്ടിരുന്നു, മുപ്പത്തിയഞ്ചു  ഡിഗ്രിയാണത്രേ ചൂട്!


ഇന്നലെ ദുബായില്‍ നിന്നും കുട്ടേട്ടന്‍ ഫോണ്‍ ചെയ്തപ്പോള്‍, അവിടുത്തെ  ചൂടിനേക്കുറിച്ച്  പറഞ്ഞത് മനസ്സിലുണ്ട്, അമ്പത്തിയഞ്ച് ഡിഗ്രിയും അതിനു മേലെയും ഒക്കെയാണ്  അവിടെ അനുഭവപ്പെടുന്നത്.  ഏ. സി. യുടെ സുഖശീതളിമയിലല്ലാതെ പണി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന ആയിരങ്ങളെക്കുറിച്ചുള്ള ദുഃഖം കുട്ടേട്ടന്റെ  വാക്കുകളില്‍  നിറഞ്ഞു നിന്നിരുന്നത്  തനിക്കറിയാന്‍  കഴിഞ്ഞു.

ജനലിലൂടെ അധികം അകലെയല്ലാതെ കാണുന്ന റിവര്‍വുഡ് എന്ന പച്ചപ്പിന്റെ തുരുത്ത്‌.തിങ്ങി നിറഞ്ഞ മേപ്പിള്‍ മരങ്ങള്‍, കാറ്റിന്റെ ഊയലാട്ടത്തില്‍ ഇളകിക്കളിക്കുന്ന ഇലകളില്‍ ഗ്രീഷ്മരശ്മികള്‍ വെട്ടിത്തിളങ്ങുന്നു. ഏതു തപിക്കുന്ന ഗ്രീഷ്മത്തിലും മനസിനും ശരീരത്തിനും കുളിര്‍മയാണീ 'റിവര്‍ വുഡ്'. എന്നാല്‍ ഇന്നു ആ കാഴ്ചകളിലും കണ്ണും മനസ്സും ഉടക്കുന്നതേയില്ല! 

മടുപ്പ് തോന്നിയപ്പോള്‍ കൈ ടി. വി. റിമോട്ടിലേക്ക് നീണ്ടു. ചാനലുകള്‍ ഒന്നൊന്നായി മാറിക്കൊണ്ടിരുന്നു. എല്ലാം വല്ലാതെ ബോറടിപ്പിക്കുന്ന പരിപാടികള്‍. അതിനിടയിലെപ്പോഴോ ടി. വി .ഐ എന്ന  ചാനലില്‍ വര്‍ണശബളമായ വെടിക്കെട്ടിന്റെ ദൃശ്യം. ആകാശത്ത് നിറത്തിന്റെയും, വെളിച്ചത്തിന്റേയും, ശബ്ദത്തിന്റേയും ഒരു പൂരക്കാഴ്ച! കാനഡ ദിനാഘോഷത്തിന്റെ പുനസംപ്രേക്ഷ്ണ ദൃശ്യമാണ് ടി . വി. യില്‍...

മനസ്സില്‍ മറ്റൊരു വെടിക്കെട്ടിന്റെ   ഓര്‍മ്മകള്‍   തിരയിളക്കിയെത്തി. നാട്ടിലെ  ഭഗവതി ക്ഷേത്രത്തിലെ ഉത്സവം, മീനമാസത്തിലെ  താലപ്പൊലി! ആ ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം  രണ്ടു ഭാഗക്കാര്‍ വാശിയോടെ നടത്താറുള്ള മത്സരവെടിക്കെട്ടാണ്. അമ്പലത്തിനു തൊട്ടടുത്തുള്ള സ്കൂള്‍ മൈതാനത്തിലാണ് കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കുക. കാതടപ്പിക്കുന്ന ശബ്ദത്തോടെ  പൊട്ടുന്ന ഡൈനാമിറ്റുകള്‍,  പല നിലകളായി പൊട്ടി വിടര്‍ന്ന് വര്‍ണവിസ്മയം തീര്‍ക്കുന്ന നാനാതരം അമിട്ടുകള്‍, അമ്പലം ചുറ്റി കത്തിക്കുന്ന മാലപ്പടക്കത്തിന്റെ ശോഭ, അങ്ങിനെ വെടിക്കെട്ടിന്റെ മാറ്റുരക്കുന്ന നിരവധി ഐറ്റങ്ങളുമായി  രണ്ടു ദിവസങ്ങള്‍! 

വെടിക്കെട്ട്‌ സാമഗ്രികള്‍  നിര്‍മ്മിക്കുന്നതില്‍ വിദഗ്ദരായിരുന്നു രാഘവേട്ടനും കുടുംബവും. തന്റെ  വീട് നില്‍ക്കുന്ന വിശാലമായ തെങ്ങിന്‍‌പറമ്പിന്റെ അതിരിലായിരുന്നു അവരുടെ വീട്. വീടെന്നാല്‍ ചാണകം മെഴുകിയ തറയുമായി ഒരു  ചെറിയ ഓലപ്പുര. ഉത്സവകാലങ്ങളില്‍ വെടിക്കോപ്പ് നിര്‍മ്മാണവും മറ്റ് സമയങ്ങളില്‍ കൂലിപ്പണിയുമായിരുന്നു അവരുടെ ജീവിതമാര്‍ഗ്ഗം. രാഘവേട്ടന്റെ ഭാര്യ ശാന്തച്ചേച്ചി അമ്മയെ അടുക്കളപ്പണിയിലും മറ്റും സഹായിക്കാറുണ്ടായിരുന്നു. മിക്കപ്പോഴും അവരുടെ രണ്ട് കുട്ടികളും കൂടെയുണ്ടാവും.

വിഷുവിനും മറ്റും എനിക്കും ചേട്ടന്മാര്‍ക്കും അപകടമുണ്ടാക്കാത്ത ചെറിയ പടക്കങ്ങള്‍ അവര്‍ സമ്മാനിക്കുമായിരുന്നു.ചേട്ടന്മാര്‍ക്ക് എറിഞ്ഞാല്‍ മാത്രം പൊട്ടുന്ന ഏറുപടക്കവും, ചെറിയ ശബ്ദം ഉണ്ടാക്കുന്ന ഓലപ്പടക്കവും ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ എനിക്ക് തന്നിരുന്നത്,കമ്പിയില്‍ വെടിമരുന്ന് പുരട്ടി ഉണ്ടാക്കുന്ന ഒരുതരം പൂത്തിരികള്‍ ആയിരുന്നു.


 'എന്തിനാ ശാന്തേ ഇതൊക്കെ'  എന്നു അമ്മ സ്നേഹപൂര്‍വ്വം ശാസിക്കുമ്പോള്‍ ഉമ്മറത്ത് നിന്ന് പൂത്തിരി കത്തിച്ച് കളിക്കുന്ന തന്നെ നോക്കി ശാന്തച്ചേച്ചി പറയും, 


‘ നോക്ക് അമ്മച്ചീ, കുഞ്ഞിന്റെ ഈ സന്തോഷം കാണാനല്ലേ.... ശാന്തയുടെ കയ്യില്‍ ഇതല്ലേയുള്ളൂ കൊടുക്കാന്‍.’

പിന്നെയും ഏറെ  ഉത്സവങ്ങള്‍ വന്നുപോയി.


അക്കൊല്ലവും ഉത്സവസമയമായി. നാടെങ്ങും ഉത്സവലഹരി. രാഘവേട്ടന്റെ വീട്ടിലും എല്ലാവരും തിരക്കില്‍. രാവും പകലും വീടിനോട് ചേര്‍ന്ന് ഓല കൊണ്ടുണ്ടാക്കിയ വെടിമരുന്ന് പുരയില്‍ രാഘവേട്ടനും, ശാന്തച്ചേച്ചിയും മക്കളും  വെടിക്കോപ്പുകളുണ്ടാക്കുന്ന തിരക്കില്‍.


ഉത്സവ ദിവസം രാവിലെ കോളേജിലേക്ക്  പോകുമ്പോള്‍ ശാന്തച്ചേച്ചി വേലിയരികിലേക്ക് വന്നു. കരി പുരണ്ട കൈകള്‍ ഉടുത്തിരുന്ന കൈലിയില്‍ തുടച്ച് അവര്‍ ചോദിച്ചു,

‘കുഞ്ഞുമോള്‍ ഇന്ന് വെടിക്കെട്ട്‌ കാണാന്‍ വരില്ലേ? ഇത്തവണ ഞങ്ങള്‍ കുറെ സ്പെഷ്യല്‍ ഐറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്,  വരണം കേട്ടോ’

  
'പിന്നെ വരാതെ, ഇന്നു നമ്മുടെ തെക്കുംഭാഗത്തിന്റെ വെടിക്കെട്ടല്ലേ... പോരാത്തതിനു ശാന്തേച്ചിയുടെയൊക്കെ  സ്പെഷ്യല്‍ ഐറ്റങ്ങളും.'


പിന്നെയും ഓരോന്ന് പറഞ്ഞു നിന്ന ശാന്തേച്ചിയോട്,

 ' യ്യോ, വര്‍ത്തമാനം പറഞ്ഞു നിന്നാല്‍ 'കല്പന' പോകും, വന്നിട്ട് ബാക്കി പറയാം ട്ടോ...'  എന്നും പറഞ്ഞു ധൃതിയില്‍ ബസ്‌സ്റ്റോപ്പിലേക്ക്  നടന്നു.


വൈകുന്നേരം ബസ്‌സ്റ്റോപ്പില്‍ വന്നിറങ്ങുമ്പോള്‍ തന്നെ എന്തോ ഒരു അസ്വാഭാവികത തോന്നി. അവിടവിടെ ആള്‍ക്കാര്‍ കൂടിനിന്ന് സംസാരിക്കുന്നു. വീടിനടുത്തെത്തുമ്പോഴേക്കും റോഡിലൊക്കെയുള്ള ആള്‍ക്കാരുടെ എണ്ണം കൂടി. രാഘവേട്ടന്റെ വീടിനു മുന്നില്‍ പോലീസ് വാഹനങ്ങളും മറ്റും. അടുത്തെത്തിയപ്പോള്‍ അന്തരീക്ഷത്തില്‍ വെടിമരുന്നിന്റെ ഗന്ധം,  രാഘവേട്ടന്റെ പറമ്പ് നിറയെ ആള്‍ക്കാര്‍...

രാഘവേട്ടന്റെ വെടിക്കെട്ട് പുരയും വീടും നിന്നിടത്തു നിന്നും അപ്പോഴും കനത്ത പുകച്ചുരുളുകള്‍ ഉയരുന്നു. മുറ്റത്ത് ഇട്ടിരുന്ന പായിലേക്ക് ഒന്നേ നോക്കിയുള്ളു, ചിതറിത്തെറിച്ച കുറെ ശരീരാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ് കരിക്കട്ടയാ‍യി തിരിച്ചറിയാനാ‍വാത്ത ശരീരങ്ങളും!!

ആരോ പറയുന്നത് കേട്ടു, ‘എങ്ങനെയാണുണ്ടായതെന്നറിയില്ല, ഉത്സവ സ്ഥലത്തേക്ക് വെടിക്കോപ്പുകള്‍ കൊണ്ടു പോകാനായി  തയ്യാറെടുക്കുമ്പോഴാണ് പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായത്. ആരേയും തിരിച്ചറിയാന്‍ പോലും പറ്റുന്നില്ല...’

അന്തരീക്ഷത്തില്‍ പച്ചമാസം കരിഞ്ഞ ഗന്ധം...!

ആ കാഴ്ചകള്‍ നല്‍കിയ ഞെട്ടലും ശവഗന്ധവും വയറ്റില്‍ നിന്ന് ശര്‍ദ്ദിലായി ഉരുണ്ടു കയറിയപ്പോള്‍ വീട്ടിലേക്ക് ഓടി...!


പിന്നെ ഉറങ്ങാനാവാത്ത , ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന  എത്രയോ നാളുകള്‍...!

‘അല്ലാ, അമ്മ ടിവിയും തുറന്നു വച്ചിരുന്നു ഉറങ്ങുകയാണോ?'

പുറത്തു നിന്നും വന്ന മോളുടെ ചോദ്യമാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്. അപ്പോഴും പുറത്തു മേപ്പിള്‍  മരങ്ങള്‍ ഗ്രീഷ്മതാപത്താല്‍ തിളങ്ങിക്കൊണ്ടിരുന്നു...!!


Related Posts Plugin for WordPress, Blogger...