Sunday, August 5, 2012

മരണാനന്തരം


അവയവദാനത്തെക്കുറിച്ച്   ജോയ് .കെ. മാത്യുവിന്റെ ഹൃസ്വ ചിത്രം അമരത്വം നേടാനുള്ള ത്വര ആദിമ മനുഷ്യന്‍ മുതല്‍ പ്രകടമായിരുന്നു. അതിനായുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയും പരീക്ഷണങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ ആശാവഹമായ ഒരു വഴി, 'അവയവദാനം' എന്ന   മഹത്തായ ഒരു വഴി നമുക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ജോയ് .കെ.മാത്യുവിന്റെ ശ്രമമാണ് 'മരണാനന്തരം' എന്ന ഹൃസ്വചിത്രം.

രോഗം പ്രകൃതിയുടെ നിയമമാണ് . പക്ഷേ , സ്നേഹം കൊണ്ട് ഈ പ്രകൃതി നിയമത്തെ മറികടക്കാനാവുമെന്നതാണ് മനുഷ്യന്റെ മഹത്വം. മാറ്റിവെക്കാന്‍  അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് നിസ്സഹായരായി ഈ ഭൂമിയില്‍ നിന്നും പ്രിയപ്പെട്ടവരെ പിരിഞ്ഞു പോകുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ സേവനത്തിന്റെ, വിവേകത്തിന്റെ നല്ലൊരു മാര്‍ഗമാണ് അവയവദാനം. മനുഷ്യസേവ തന്നെയാണ് മാധവസേവ എന്നത് അവയവദാനത്തിലൂടെ സാര്‍ത്ഥകമാക്കാന്‍ കഴിയണം. പലപ്പോഴും നാം സ്വാര്‍ത്ഥരാണ് എന്നതില്‍ തര്‍ക്കമില്ല. എങ്കില്‍പ്പോലും തനിക്കും തന്റെ പ്രിയപ്പെട്ടവര്‍ക്കും രോഗങ്ങള്‍ വരാം എന്ന സാദ്ധ്യതയെക്കുറിച്ച്  ഒന്നു ചിന്തിച്ചു നോക്കിയാല്‍ , നമ്മുടെ മനസ്സുകള്‍ അവയവദാനത്തിന് തീര്‍ച്ചയായും സന്നദ്ധമാകും. ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അവയങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമെന്നത് , മറ്റൊരാള്‍ക്ക് ജീവനും ജീവിതവും കൊടുക്കുന്നതിനു തുല്യം തന്നെ.... രക്തം, വൃക്ക എന്നിവ ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യാമെങ്കില്‍ മരണശേഷം കണ്ണ് , കരള്‍ , ഹൃദയം ,ത്വക്ക് , മജ്ജ തുടങ്ങിയവ ദാനം ചെയ്തു മരണത്തിന്റെ കരാളവക്ത്രത്തില്‍  നിന്നും ആയിരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നമുക്ക് കഴിയും. അങ്ങിനെ ജന്മങ്ങളില്‍ നിന്നു ജന്മങ്ങളിലേക്കു അവനവനെ പകരാനും...

തന്റെ വൃക്കകളില്‍ ഒന്ന്, ഷംസുദ്ദീന്‍ എന്ന ചെറുപ്പക്കാരന് നല്‍കിക്കൊണ്ട് ശ്രീ. കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പ്രദര്‍ശിപ്പിച്ച മാനവസ്നേഹം ഇന്നൊരു തരംഗമായി പടരുകയാണ്. മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യാനും മസ്തിഷ്ക്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാനും ബന്ധുക്കള്‍ തയ്യാറാവുന്നതും എല്ലാം സേവനത്തിന്റെ , സ്നേഹത്തിന്റെ പുതിയ പാതയില്‍ തെളിയുന്ന പൊന്‍ കിരണങ്ങളായി മാറുന്നു. രോഗികള്‍ക്ക്  പ്രതീക്ഷയുടെ പുത്തനുണര്‍വുകള്‍ നല്‍കുന്നു. 

അവയവദാനം എന്ന മഹത്തായ ദൌത്യം ഏറ്റെടുക്കാന്‍ നമ്മുടെ മനസുകള്‍ സന്നദ്ധമാക്കാനും അവയവദാനത്തെക്കുറിച്ചുള്ള അവബോധം വ്യാപകമാക്കാനും മദര്‍വിഷന്റെ ബാനറില്‍ ജീസന്‍ ജോസ്  നിര്‍മിച്ച്, ജോയ് . കെ. മാത്യു സംവിധാനം ചെയ്യുന്ന ഹൃസ്വസന്ദേശചിത്രമാണ്  'മരണാനന്തരം'. മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മ, കൊച്ചൌസേപ്പ്  ചിറ്റിലപ്പിള്ളി, ലോക ടേബിള്‍ ടെന്നീസ്  താരം മരിയ റോണി, അഡ്വ. എ.എം. ആരിഫ്, കാവാലം നാരായണപ്പണിക്കര്‍ , വയലാര്‍ ഗോപാലകൃഷ്ണന്‍ , അഗസ്റ്റിന്‍ കടമക്കുടി, ജോസ്  തെറ്റയില്‍ തുടങ്ങിയവര്‍ ഈ  ചിത്രത്തിലൂടെ അവയവദാനം എന്ന   മഹത്തായ ആശയം പ്രേക്ഷകഹൃദയങ്ങളിലേക്ക് എത്തിക്കുന്നു. ചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം എറണാകുളം ഗസ്റ്റ് ഹൌസ് ഹാളില്‍ വെച്ച്  ബഹു. കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. പ്രശസ്ത സംവിധായകന്‍ ശ്രീ. സിബി മലയില്‍ പ്രകാശന കര്‍മം ചെയ്തു.  

സമൂഹത്തിന്റെ പങ്കാളിത്തം ഏറെ  ആവശ്യമുള്ള അവയവദാനം എന്ന സേവനത്തിലേക്ക് ജനശ്രദ്ധ ക്ഷണിക്കുന്ന ഈ ചിത്രം സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ച് തീയേറ്ററുകളിലൂടെയും ടെലിവിഷനിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും ഉടന്‍ പ്രദര്‍ശനത്തിനെത്തും. 

അവയവദാനത്തെക്കുറിച്ചും അതിന്റെ നടപടിക്രമങ്ങളെക്കുറിച്ചും വിശദമായി ബൂലോകത്തില്‍ വായിക്കാം.


41 comments:

 1. മനുഷ്യരായ മനുഷ്യരിലേക്ക് മുഴുവന്‍ എത്തേണ്ട മഹത്തായ ആശയമാണ് അവയവദാനവും രക്തദാനവും മറ്റും.തീര്‍ച്ചയായും ഈ ഹ്രസ്വചിത്രം അതിന്‍റെ ദൌത്യം നിറവേറ്റട്ടെ.
  ആശംസകളും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് അനുമോദനങ്ങളും.

  ReplyDelete
 2. മനുഷ്യത്വം മരവിച്ചവര്‍ ഏറുന്നെന്ന പരാതികള്‍ ഉയരുമ്പോള്‍ തന്നെ, കാരുണ്യത്തിന്റെ ഉറവുകള്‍ വറ്റിയിട്ടില്ലെന്നു തെളിയിക്കുന്നു ഈ ലേഖനം. നന്ദി, ഈ ഓര്‍മ്മപ്പെടുത്തലിന്. ജീവന്റെ സംരക്ഷകരാകാന്‍ കഴിയട്ടെ നമുക്കൊക്കെ...

  ReplyDelete
 3. പുഴുവരിച്ചും ചാരമായും പോകുന്ന നമ്മുടേ ശരീരഭാഗം കൊണ്ട് കുറച്ച് മനുഷ്യർ ജീവിക്കുമെങ്കിൽ അതുവഴി ഈ ലോകത്തെ കാണുമെങ്കിൽ അതില്പരം നന്മചെയ്യാനില്ല ........ പ്രാപഞ്ചികമായൊരു ധർമ്മം അവനവനിൽ പുലർന്നാൽ മാത്രമേ ഇങ്ങിനെ ഒരു മനസ്സ് ഉണ്ടാവുകയുമുള്ളു......അവബോധനം ചെയ്യാൻ കഴിയുന്നതുകൊണ്ടാണ് മനുഷ്യൻ എന്ന് നമ്മെ പറയുന്നത്, മനുഷ്യനാകാൻ ശ്രമിച്ചാൽ നന്മയായും സ്നേഹമായും ദയവായും ധർമ്മമായും ഒക്കെ ഈ ജീവിതത്തിൽ കുറച്ചുപേർക്കെങ്കിലും വെളിച്ചമാകാൻ കഴിയും.....ജീവിച്ചിരിക്കുമ്പോൾ കൊടുക്കണം എന്നു പറയുന്നില്ല മരിച്ചുകിടക്കുന്ന എന്റെ ശരീരത്തിന്റെ അടുത്തിരിക്കാൻ അതുവരെ എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞവർ കൂടി ഭയപ്പെടും എങ്കിൽ ജീർണ്ണിച്ചുപോകേണ്ടുന്ന എന്റെ ശരീരം അത് മറ്റൊരു ജീവന് സന്തോഷം കൊടുക്കുമെങ്കിൽ എത്രയോ ഔന്നിത്യമാണ് എന്ന് ഞാൻ തിരിച്ചറിയുന്നു............അവയവ ദാനം മഹാ ദാനം...............:))))

  ReplyDelete
 4. അങ്ങനൊരു സത് കർമ്മത്തിനു ഭാഗ്യം ലഭിക്കുമെങ്കിൽ അതു നഷ്ട്ടപ്പെടുത്തുന്നത് കഷ്ട്ടമാണ്...നമുക്കും അതിൽ സഹകരിക്കാം.
  മഹത്തായ ഈ ആശയം മറ്റുള്ളവരിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഹ്രസ്വ ചിത്രത്തിനും അണിയറപ്രവർത്തകർക്കും അനുമോദനങ്ങൾ

  ReplyDelete
 5. തീര്‍ച്ചയായും. ഒരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ടതും അതനുസരിച്ച് സ്വയം സന്നദ്ധനാകുകയും ചെയ്യുക എന്നത് ഇന്ന് കൂടിവരുന്നു എന്നത് ആശയ്ക്ക് വക നല്‍കുന്നു. പലപ്പോഴും വേണ്ടത്ര അറിവ്‌ ഇല്ലാത്തതിനാലാകാം അല്പം വിമുഖത സംഭവിച്ചിരുന്നത്. ഇത്തരം ചിത്രങ്ങള്‍ വഴി അതിന് നേരത്തെ സ്വീകരിക്കേണ്ട മാര്ഗ്ഗങ്ങളെക്കുറിച്ച് അറിവ്‌ ലഭിക്കുകയും സ്വയം തയ്യാറാകുകയും ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

  ReplyDelete
 6. അതേ... മരണാനന്തരം നമ്മുടെ അവയവങ്ങൾ മറ്റുള്ളവർക്ക് ജീവൻ പകരുമെങ്കിൽ അതിൽപ്പരം നന്മ വേറെന്താണുള്ളത്... സാമൂഹ്യ അവബോധം സൃഷ്ടിക്കുവാൻ കഴിയുന്ന ഈ ചിത്രത്തിന് ആശംസകൾ...

  ReplyDelete
 7. ഇന്ന് വായിച്ച ബ്ലോഗുകളില്‍ ഏറ്റവും പ്രാധാന്യമേറിയത് ഈ പോസ്റ്റ്.

  സര്‍വനന്മകളും....

  ReplyDelete
 8. ചിത്രം നൽകുന്ന മഹത്തായ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്താൻ ഈ പോസ്റ്റ് തീർച്ചയായും ഉപകാരപ്പെടും.

  ReplyDelete
 9. വളരെ നല്ലൊരു സന്ദേശം ഈ പോസ്റ്റില്‍ അടങ്ങിയിരിക്കുന്നു. ഈ വിഷയയവുമായി ബന്ധമുള്ള എന്റെ ഒരു പഴയ പോസ്റ്റിലേക്ക് വായനക്കാരുടെ ശ്രദ്ധ തിരിക്കട്ടെ. അത് ഇവിടെവായിക്കാം.

  ReplyDelete
 10. നല്ല സന്ദേശം കുഞ്ഞൂസെ. വാര്‍ത്ത കണ്ടിരുന്നു. സ്പിരിറ്റുപോലെ ഇങ്ങനെയുള്ള ചിത്രങ്ങളും വന്നാല്‍
  കുറച്ചൊക്കെ നല്ല കാര്യം ചെയ്യാന്‍ മനുഷ്യന് പ്രചോദനമുണ്ടാകും.

  ReplyDelete
 11. അവയവദാനത്തിന്റെ പ്രസക്തി മാധ്യമങ്ങളില്‍ കൂടി ഇപ്പോള്‍ തന്നെ എല്ലാവര്ക്കും ബോധ്യം വന്നു തുടങ്ങി.ഇത്തരം ചിത്രങ്ങളും സഹായിക്കട്ടെ. നന്മയുള്ള എഴുത്ത് . (കരള്‍ദാനം ജീവനോടിരിക്കുന്നവര്‍ക്കും ചെയ്യാമല്ലോ )

  ReplyDelete
 12. കണ്ണ് ദാനത്തിനു പത്തു പതിനഞ്ചു കൊല്ലം മുമ്പേ കരാറാക്കീട്ടുണ്ട്.....ബാക്കി എന്തൊക്കെ പറ്റുമെന്നറിയില്ല. രക്തം എന്നും അളവില്‍ കുറവായി കാണപ്പെട്ടിട്ടുള്ളതുകൊണ്ട് രക്ത ദാനം സാധിച്ചിട്ടില്ല. കാരണം അനീമിയ( വിളര്‍ച്ച ) ബാധിച്ച ഒരു സാധാരണ ഇന്ത്യാക്കാരി മാത്രമാകുന്നുവല്ലോ ഞാന്‍. എങ്കിലും പറ്റുന്നതെല്ലാം ദാനം ചെയ്യണമെന്നു തന്നെയാണ് ആഗ്രഹം.

  സിനിമാ പ്രവര്‍ത്തകര്‍ക്ക് എല്ലാ ഭാവുകങ്ങളും..സിനിമക്ക് ആശംസകളും..

  കുഞ്ഞൂസ്സിനു നന്ദി

  ReplyDelete
 13. നല്ല പോസ്റ്റ്.അവയവ ദാനം മഹാ ദാനം

  ReplyDelete
 14. നീലിക്ക് വളരെ ഇഷ്ടമായി.പറയാനുള്ളത് ഇവിടെ പറഞ്ഞു തീര്‍ക്കാതെ നീലി ഒരു പോസ്റ്റ്‌ ഇട്ടു.

  ReplyDelete
 15. ലൌഡ് സ്പീക്കര്‍ എന്നെ ചിത്രവും പറഞ്ഞത് ഇത് പോലെയുള്ള ഒരു വിഷയമാണ് ......എല്ലാ ഭാവുകങ്ങളും

  ReplyDelete
 16. ഒത്തിരി നന്ദി !

  ReplyDelete
 17. നന്മയുടെ പ്രതീകമാണ് ഈ പോസ്റ്റ്‌.. എല്ലാവരിലേക്കും ഈ പോസ്റ്റ്‌ reach ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു

  ReplyDelete
 18. നന്മയുടെ ഈ വെളിച്ചം എല്ലാവരിലും തെളിയട്ടെ കുഞ്ഞേച്ചി....

  ReplyDelete
 19. കുഞ്ഞ്യേച്ചീ, നന്നായി.

  അവയവദാനത്തേക്കുറിച്ച് ഇപ്പോഴും പലർക്കും വേണ്ടത്ര അവബോധമില്ല. നല്ല ഉദ്ദേശത്തോടെ നിർമ്മിക്കുന്ന ഇത്തരം ചിത്രങ്ങൾ പരമാവധി ജനങ്ങളിലേക്കെത്തട്ടെ.

  ReplyDelete
 20. കുഞ്ഞൂസേ ഇതൊരു പുതിയ ആശയമല്ല ഇതിനെ കുറിച്ച് നിരവധി കലാസൃഷ്ടികളുണ്ടായിട്ടുണ്ട് .ഇതിൽ പറയുന്ന ആശയങ്ങളിലേക്ക് സമൂഹം ഇറങ്ങിവരാൻ ഇനിയും സമയം എടുക്കും ,ആദ്യം ബോധവൽകരണമാണു വേണ്ടത്.

  ReplyDelete
  Replies
  1. ബോധവല്‍ക്കരണത്തിനായി തന്നെ ഈ ചിത്രവും ... ജനങ്ങളിലേക്ക് ഈ ആശയം എത്തിക്കാനുള്ള എളിയ ശ്രമം, ഒരാളെങ്കിലും അതിനു സന്നദ്ധമായെങ്കില്‍ ഈ ചിത്രവും പോസ്റ്റും വിജയിച്ചുവെന്നു പറയാം.

   Delete
  2. അവയവം നല്‍കാനുള്ള സമ്മതപത്രം എവിടുന്നു കിട്ടും എന്നറിഞ്ഞാല്‍ കൊള്ളാം

   Delete
 21. വലിയൊരു മനസ്സും ആ മനസ്സില്‍ സഹജീവി സ്നേഹവും;കാരുണ്യവും ഉള്ളവനെ ഈ സല്‍കര്‍മ്മത്തിനു മനസ്സുണ്ടാവൂ ..വളരെ മഹത്തരമായ ഈ ആശയത്തിനു പ്രചാരം നല്‍കുന്ന ഈ ഹൃസ്വചിത്രവും ഈ പോസ്റ്റും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.,നമ്മുടെ ഒരവയവം ഒരു ജീവന് സ്വാന്തനവും സന്തോഷവും കൊടുക്കുന്നെങ്കില്‍ അതിലും വലിയൊരു പുണ്യകര്‍മ്മമുണ്ടോ!

  ReplyDelete
 22. സന്ദേശങ്ങൾ,അറിവുകൾ, ആവർത്തിച്ചുള്ള ആഹ്വാനങ്ങൾ ഒക്കെ മനുഷ്യനെ നല്ലത് ചെയ്യിക്കാൻ പ്രേരിപ്പിക്കുന്നൂ..അത്തരം ചിന്തയിൽ നിന്നും ഉടലെടുത്ത ആശയമാണ് ഈ സിനിമ.അതിനെക്കുറീച്ചു കുഞ്ഞൂസ്സ് എഴുതുമ്പോൾ നമുക്കും അവയവദാനത്തിനെക്കുറിച്ച് ചിന്തിക്കേണ്ടിവരുന്നൂ...ഈ ലേഖനം വായിച്ച് ഒരാളെങ്കിലും അതിൻ മുതിർന്നാൽ...ധന്യം ഈ പ്രവൃത്തി....കുഞ്ഞൂസ് ആശംസകൾ

  ReplyDelete
 23. ജീവനുകള്‍ ഓരോന്നും വിലപ്പെട്ടത്‌ തന്നെയാണ്
  സഹ ജീവികള്‍ക്ക് വേണ്ടി ത്യാഗം സഹിക്കാനുള്ള നന്മ വറ്റാത്ത മനസ്സുള്ളവര്‍ ഇനിയും ഒടുങ്ങി പോയിട്ടില്ല എന്ന് മനസ്സിലാക്കി തരുന്ന ലേഖനം ......

  ReplyDelete
 24. കുഞ്ഞൂസിനു്‌,
  വളരെ പ്രസക്തമായ ഒരു വിഷയം  നല്ല പോസ്റ്റ്..
  അവയവദാനം വെറും പുണ്യമല്ല ഒരു തരത്തില്‍ അതു്‌ പുനര്‍ജ്ജന്മമാണു്‌.മരണത്തിന്റെ പിടിയില്‍ നിന്നും മടക്കിക്കൊണ്ടുവന്നു്‌ പലര്‍ക്കും പുതു ജീവിതം കൊടുക്കാവുന്ന മഹത്തായ സേവനം... അടുത്തിടെ തമിഴ് നാട്ടില്‍ വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സഭവിച്ച മകന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ രക്ഷിതാക്കള്‍ തയ്യാറായി മാതൃക കാണിച്ച സംഭവം ഏറെശ്രദ്ധിക്കപ്പെട്ടിരുന്നു.മാത്രമല്ല കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയില്‍ അവയവം ആവശ്യമുള്ള വ്യക്തികള്‍ക്കു്‌ ‌ മിന്നല്‍ വേഗത്തില്‍ അവ എത്തിച്ചു്‌ കൊടുക്കാന്‍ അവരുടെ ഗതഗതവകുപ്പും ട്രാഫിക്ക് പോലീസും ഉള്‍പ്പെട്ട ആംബുലന്‍സ് സംഘം നടത്തിയ ഉദ്വേഗാജനകമായ യാത്രയും ഇന്നും ജനം മറന്നിട്ടില്ല.
  പക്ഷേ എന്തുകൊണ്ടോ നമ്മളില്‍ പലരും ആ തരത്തില്‍ ഇനിയും ചിന്തിച്ചു്‌ തുടങ്ങിയിട്ടില്ല.പുഴു അരിച്ചു്‌ മണ്ണില്‍ ചേര്‍ന്നാലും എരിച്ചു്‌ ചാമ്പലാക്കി കടലില്‍ ഒഴുക്കിയാലും തന്റെബന്ധുവിന്റെ ജഡം കീറിമുറിക്കാന്‍ ഒരുകാരണവശാലും അനുവദിക്കില്ല എന്നനിലപാടാണു്‌ പലരും വച്ചുപുലര്‍ത്തുന്നതു്‌ ആ സ്ഥിതി മാറണം.. "അന്യജീവനുതകി സ്വജീവിതം ധന്യമാക്കുക..." എന്ന കവി വാക്യത്തിന്റെ മഹത്വം അത്തരക്കാരെ ഓര്‍മ്മിപ്പിച്ചുകൊണ്ടു്‌ ആശംസകള്‍ നേരുന്നു!

  ReplyDelete
 25. വായിക്കാന്‍ വൈകിയതില്‍ ഖേദമുണ്ട്. നല്ല സന്ദേശം..കൂടുതല്‍ പേര്‍ ഇനിയും വായിക്കട്ടെ..
  ഭാവുകങ്ങള്‍..

  സ്നേഹം..
  മനു..

  ReplyDelete
 26. നന്‍മ വറ്റാത്ത മനസ്സുകള്‍., പറയുകയല്ല, അവര്‍ പ്രവര്‍ത്തിക്കുകയാണ്. ആദരിക്കുന്നു ഈ സുമനസ്സുകളെ. ഓര്‍മ്മപ്പെടുത്തലിന് നന്ദി കുഞ്ഞൂസ്.

  ReplyDelete
 27. നന്നായി കുഞ്ഞേച്ചി ഈ പോസ്റ്റ്‌. ആ ചിത്രത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. അതിന്റെ പ്രവര്‍ത്തകര്‍ക്ക് എല്ലാ ആശംസകളും..
  (രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ നേത്ര ദാന സമ്മതപത്രത്തില്‍ ഒപ്പുവചിരുന്നുട്ടോ.. പക്ഷെ മരണശേഷം കരള്‍ , ഹൃദയം ,ത്വക്ക് , മജ്ജ തുടങ്ങിയവ ദാനം ചെയ്യുന്നതിനെ കുറിച്ച് അറിഞ്ഞിരുന്നില്ല. അതെങ്ങനെ എന്നതിനെ കുറിച്ച് കൂടുതല്‍ അറിയാമോ? )

  ReplyDelete
  Replies
  1. പ്രിയ ലിപീ,

   ഓരോ രാജ്യത്തും നിയമങ്ങളും സാങ്കേതികവശങ്ങളും വ്യത്യസ്തമാണ്. ദയവായി താങ്കള്‍ എവിടെയാണോ സമ്മതപത്രം നല്‍കാന്‍ ആഗ്രഹിക്കുന്നത് ആ നാട്ടിലെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ടാല്‍ ശരിയായതും പൂര്‍ണവുമായ വിവരം ലഭിക്കും. അവയവദാനത്തിനുള്ള സമ്മതപത്രം എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ടു നല്‍കാവുന്നതാണ്.

   Delete
 28. “അമരത്വം നേടാനുള്ള ത്വര ആദിമ മനുഷ്യന്‍ മുതല്‍ പ്രകടമായിരുന്നു. അതിനായുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയും പരീക്ഷണങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ ആശാവഹമായ ഒരു വഴി, 'അവയവദാനം' എന്ന മഹത്തായ ഒരു വഴി നമുക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ജോയ് .കെ.മാത്യുവിന്റെ ശ്രമമാണ് 'മരണാനന്തരം' എന്ന ഹൃസ്വചിത്രം“

  അതേപോലെ ഈ ആശയം ബൂലോഗത്ത്
  എത്തിച്ച് നല്ലൊരു ബോധവൽക്കരണം നടത്തിയതിൽ
  കുഞ്ഞൂസ് മേമും അഭിനന്ദനം അർഹിക്കുന്നൂ..!

  ReplyDelete
 29. മനുഷ്യനില്‍ നിന്നും അപ്രതിഷ്യമാകുന്ന
  സ്നേഹമെന്ന വികാരം ചില വ്യക്തികളിലൂടെ
  നമ്മളിലേക്ക് പകര്‍ന്ന് തരുന്നുണ്ട് ..
  മരണാന്തരവും , അതിനു മുന്നേയും
  ഈ കൊച്ചു ജീവിതത്തില്‍ സ്നേഹത്തിന്റെ
  അടയാളങ്ങള്‍ നല്‍കി പൊകുവാന്‍
  നമ്മേ പ്രാപ്തരാക്കുന്നുണ്ട് , എല്ലാ മനസ്സുകളിലും
  ഈയൊരു ചിന്ത കടന്നു വന്നാല്‍ ഒരുപാട്
  തൊര കണ്ണിരുകള്‍ക്ക് ശമനമുണ്ടാകാം ..
  ഈ ചിത്രം ഒരുപാട് സിരകളില്‍ തുടിപ്പേകുവാന്‍
  കാരണമാകട്ടേ .. അഭിനന്ദനങ്ങള്‍ , ആശംസ്കള്‍ ..

  ReplyDelete
 30. അവയവ ദാനം മഹാ ദാനം തന്നെ ആണെന്ന് ഞാനും വിശ്വസിക്കുന്നു
  ഈ അടുത്ത കാലത്തായി മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യാന്‍ മനസ്സിലൊരു ആഗ്രഹവും തോന്നി അതിനു വേണ്ടി ഈ മേഘലയില്‍ പ്രവത്തിക്കുന്ന ഒരു സുഹ്ര്‍ത്തുമായി ബന്ധപെട്ട സമയത്ത് അറിയാന്‍ കഴിഞ്ഞത് മരണാനന്തരം അവയവങ്ങള്‍ എടുക്കാന്‍ ഉള്ള ചെലവും ഞാന്‍ തന്നെ എടുക്കണം എന്നാണു അറിയാന്‍ കഴി ഞ്ഞത് അങ്ങനെ ഭീമമായ ഒരു സഖ്യ ഉണ്ടാക്കാന്‍ തക്ക പ്രാപ്തി എനിക്കോ എന്റെ ആശ്രിത വല്സര്‍ക്കോ ഇല്ലാത്തത് കാരണം ഒരു നിരാശയോടെ പിന്മാറേണ്ടി വന്നു

  ആയതിനാല്‍ സിനിമ പിടിക്കുന്ന കാശും അത് പ്രദര്‍ശിപ്പിക്കാന്‍ ചിലവാക്കുന്ന കാശും ഇങ്ങനെ കൊടുക്കാന്‍ തയ്യാറുള്ള ആളുകളുടെത് എടുക്കാനുള്ള ചിലവിലേക്ക് വക മാറ്റുക ആണെങ്കില്‍ നന്നായേനെ എന്ന് ആശിക്കുന്നു അങ്ങനെ സംഭവിക്കുന്നു എങ്കില്‍ എന്നെ പ്പോലുള്ള സാധാരണ കാര്‍ക്കും അവയവ ദാനം പോലുള്ള സല്‍ പ്രവര്‍ത്തികളില്‍ പങ്കാളിത്തം ഉണ്ടാക്കാന്‍ സാധിച്ചേനെ

  ReplyDelete
  Replies
  1. പ്രിയ മൂസാ, എവിടെയാണ് മൂസ ഇതെപ്പറ്റി അന്വേഷിച്ചതെന്ന് അറിയില്ല, ഇന്ത്യയില്‍ അതിന്റെ സാങ്കേതിക വശങ്ങള്‍ എങ്ങിനെയെന്ന് അറിയില്ല. അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ ദയവായി ഇവിടെ മറുപടി പറയുമല്ലോ....

   ഇവിടെ, കാനഡയില്‍ സര്‍ക്കാര്‍ ആണ് എല്ലാ ചിലവും വഹിക്കുക, ജീവിച്ചിരിക്കുമ്പോള്‍ നല്‍കിയാലും മരണശേഷം നല്‍കിയാലും... ആരെയും ഒന്നിനും നിര്‍ബന്ധിക്കില്ല, ഇഷ്ടമുള്ളവര്‍ക്കൊക്കെ സമ്മതപത്രത്തില്‍ ഒപ്പുവെക്കാവുന്നതാണ്. ഹെല്‍ത്ത്‌ കാര്‍ഡ്‌ എടുക്കുമ്പോഴും പുതുക്കുമ്പോഴും അവയവദാനത്തെപ്പറ്റി ചോദിക്കുകയും ഹെല്‍ത്ത്‌ കാര്‍ഡില്‍ അത് രേഖപ്പെടുത്തുകയും ചെയ്യും.

   സിനിമയും പരസ്യവുമെല്ലാം ജനങ്ങളെ, സാധാരണക്കാരായ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള മാധ്യമങ്ങളായി ഉപയോഗപ്പെടുത്തുന്നുവെന്ന് മാത്രം. എനിക്ക് വന്നു കൊണ്ടിരിക്കുന്ന മെയിലുകളില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത്, പലര്‍ക്കും ജീവിച്ചിരിക്കുമ്പോള്‍ രക്തവും മരണശേഷം കണ്ണുകളും ദാനം ചെയ്യുന്ന കാര്യം മാത്രമേ അറിയൂ എന്നാണ്. മറ്റുള്ള അവയവങ്ങള്‍ ദാനം ചെയ്യുന്നത് എങ്ങിനെയാണ്, നടപടികള്‍ എങ്ങിനെയാണ് എന്നൊക്കെ പലര്‍ക്കും അറിവില്ല. ഈ ചിത്രവും പോസ്റ്റും മൂലം ഒരാളെങ്കിലും ആ അറിവ് നേടുകയും അവയവദാനത്തിന് സന്നദ്ധമാവുകയും ചെയ്‌താല്‍ അതൊരു പുണ്യമായി ഞാന്‍ കരുതുന്നു.

   Delete
  2. മനസ്സില്‍ ഈ മോഹം മുളപൊട്ടിയ സമയത്ത് തന്നെ എനിക്കറിയാവുന്ന ഇതിന്റെ ബോധ വല്‍ക്കരണ പരിപാടിയുമായി നടക്കുന്ന ഒരു സുഹ്രര്‍ത്തുമായി ഞാന്‍ ബന്ധപെട്ടു അതിനു ഞാന്‍ എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന് ആരാഞ്ഞപ്പോള്‍ കിട്ടിയ വിവരം ആണ് ഇത് എന്നെ സംബണ്ടിചിടത്തോളം കണ്ണ് മാത്രം അല്ല എടുക്കാവുന്ന എല്ലാ അവയവങ്ങളും നല്‍കാന്‍ ഞാന്‍ സന്നദ്ധമാണ് പക്ഷെ മരണം കഴിഞ്ഞു നിമിഷങ്ങള്‍ക്കുള്ളില്‍ അവയവങ്ങള്‍ എടുക്കാനും അതിന്റെ പ്രവര്‍ത്തനം നിലക്കാതെ സൂക്ഷിക്കാനും ഭീമമായ ഒരു സംഖ്യാ ചെലവ് ഉണ്ടെന്നു ആണ് പറഞ്ഞു കേട്ടത് ആ ഒരു സുഹ്ര്ര്‍ത്തിനു അപ്പുറത്തേക്ക് ഇതിന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ആരെയും എനിക്ക് പരിജയവും ഇല്ല ഇനി ഇ ക്കാര്യത്തില്‍ കൂടുതല്‍ വിവരം ഉള്ളവര്‍ ഉണ്ടെങ്കില്‍ താഴെ കൊടുക്കുന്ന ഇ മെയിലിലോ ടെലി ഫോണ്‍ നമ്പറിലോ ഞാനുമായി ബന്ധ പെടുക ആണെങ്കില്‍ എനിക്ക് ഇതിനെ കുറിച്ച് കൂടുതല്‍ അറിയാമായിരുന്നു
   iylaseri@gmail.com
   00966540406133

   Delete
 31. kunjechi, thamasichanenkilum njan ethi.
  avayava daanathiloode naam mammude marana sheshavum veendum jeevikkunnu. mattullavariloode. avayava daanam mahathaya oru kaaryamanu.
  itharam nalla prameyamulkkollunna chitrangal veedum varatte ennu namukku prarthikkam.

  ReplyDelete
 32. കുഞ്ഞേച്ചി വളരെ നല്ല മെസ്സേജ്. കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പോലെ അറിയപ്പെടുന്നവര്‍ മുന്നിട്ട് ഇറങ്ങുമ്പോള്‍ മാത്രമേ ഇതിനൊരു മോമെന്ടം ഉണ്ടാവൂ. ആളുകളുടെ കണ്ണ് തുറക്കണം, തുറക്കും പലപ്പോഴും അത് അവനവന് സംഭവിക്കുമ്പോള്‍ മാത്രമാവും. തുറക്കെട്ടെ എന്ന് ആശിക്കാം, അതിനായി പ്രാര്‍ത്ഥിക്കാം.

  ReplyDelete
 33. പോസ്റ്റ്‌ നേരത്തെ വായിച്ചിരുന്നു..നാട്ടില്‍ നിന്നു

  വന്നിട്ട് കമന്റ്‌ ഇടാം എന്ന് കരുതി...

  കൊച്ചു ഔസേപ്പ് ചിറ്റിലപ്പിള്ളി ദുബൈയില്‍

  അവയവ ദാനതെപ്പറ്റി വിശദീകരിക്കാന്‍ ഒരു പരിപാടിയില്‍

  പങ്ക് എടുത്തിരുന്നു...

  പിന്നീട് മനോരമ news maker of the year ആയപ്പോള്‍ കൂടുതല്‍

  വിവരങ്ങള്‍ അറിയാന്‍ ഇട ആയി..ഈ നല്ല പോസ്റ്റിനു അഭിനനങ്ങള്‍ കുഞ്ഞുസ്....

  ReplyDelete
 34. ഇങ്ങിനെയുള്ള വിവരങ്ങള്‍ അപൂര്‍വമായേ കിട്ടാറുള്ളൂ . നന്ദി കുഞ്ഞൂസ്... തുടര്‍ന്നുള്ള പലരുടെയും അഭിപ്രായങ്ങളും പ്രയോജന പ്രദം തന്നെ

  ReplyDelete
 35. vinjaanpradamaaya lekhanam...thinimayaarnna vakkukal....aashamsakal..

  ReplyDelete

Related Posts Plugin for WordPress, Blogger...