Sunday, April 29, 2012

അംഗലാവണ്യം - ഒരു ചരമക്കുറിപ്പ്


 കണ്ണീര്‍ മൂടി പടിക്കെട്ടുകള്‍ അവ്യക്തമായപ്പോള്‍ പെട്ടന്ന് കാലിടറി. വീണുപോകാതിരിക്കാന്‍ താങ്ങായത് ഉഷയെന്ന പരിചാരിക. കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു ആശ്രമത്തിലെ ഡ്രൈവര്‍ കൂടിയായ ശേഖരേട്ടന്‍ .

'സൂക്ഷിച്ച്...' ദിവസങ്ങളുടെ പരിചയം മാത്രമുള്ള ഉഷയുടെ കരുതല്‍ . ഉള്ളില്‍ കടന്നിരിക്കുമ്പോള്‍ വെറുതെ അവളെ നോക്കി പുഞ്ചിരിച്ചു.

 സീറ്റിലേക്ക് ചാരി കണ്ണടച്ചപ്പോഴും   ചിന്നുമോളുടെ കരയുന്ന മുഖം മാത്രമായിരുന്നു മനസ്സില്‍ .  മാറില്‍ നിന്നും പാല്‍ ചുരന്നുവോ ...? മാറിലേക്ക്‌ നീണ്ട  കൈ പെട്ടന്ന്  പിന്‍വലിച്ചു. മനസ്സിന്റെ വേദനയകറ്റാന്‍ ഏത് സംഹാരിക്കാണ് കഴിയുക....?

പ്രസവശേഷം ഒരിക്കല്‍പ്പോലും ചിന്നുമോളെ മുലയൂട്ടിയിരുന്നില്ല, മനു അതിനു സമ്മതിച്ചിരുന്നില്ല എന്നതാണു നേര്. മുലയൂട്ടിയാല്‍ സ്തനങ്ങളുടെ സൌന്ദര്യം പോകുമെന്നും സെക്സ് അപ്പീല്‍ ഉണ്ടാവില്ല എന്നൊക്കെ കാരണങ്ങള്‍ നിരത്തി പാല്‍പ്പൊടിയാണ് ചിന്നുമോള്‍ക്ക് നല്‍കിയിരുന്നത്. മുലപ്പാല്‍ വറ്റിക്കാനുള്ള ബ്രോമോക്രിപ്റ്റിന്‍  കുത്തിവെക്കുമ്പോള്‍ നേഴ്സിന്റെ മുഖത്ത് കണ്ട പുച്ഛം കണ്ടില്ലെന്നു  നടിക്കാനേ തന്നിലെ ഭാര്യക്ക്‌ കഴിഞ്ഞുള്ളു...കുത്തിവെപ്പിന്റെ അസഹ്യമായ വേദനയില്‍ നീണ്ടു നിന്ന  ദിനരാത്രങ്ങളില്‍  ചിന്നുമോളുടെ അമ്മയില്‍ നിന്നും മനുവിന്റെ ഭാര്യയായി സ്പുടം ചെയ്യപ്പെടുകയായിരുന്നു...!

മനുവിന് ഏറെ സന്തോഷമായി, ഉടയാത്ത വയറും സ്തനങ്ങളും മനുവിന് എന്നും ലഹരിയായി...!!

മാസങ്ങള്‍ക്ക് മുന്‍പൊരിക്കല്‍ കുളിക്കിടയിലാണ് ഇടത്തേ സ്തനത്തില്‍ മുഴ പോലെയൊന്ന്   കയ്യില്‍ തടഞ്ഞത്. പൊടുന്നനെ കാന്‍സര്‍ ആവുമോയെന്ന  സംശയമാണ്   ആദ്യം മനസ്സിലേക്ക് വന്നത്. മനുവിനോട്  പറഞ്ഞപ്പോള്‍ ,

"ഒക്കെ നിന്റെ തോന്നലാണ്" എന്ന മറുപടി.  താനും അതില്‍ ആശ്വാസം തിരഞ്ഞുവോ....?

പിന്നൊരിക്കല്‍ പനി വന്ന് ഡോക്ടറെ കണ്ടപ്പോള്‍ ,മനുവിന്റെ മുഖത്ത് നോക്കാതെ പെട്ടന്ന്  ഈ കാര്യവും പറഞ്ഞു.


പരിശോധനാമുറിയില്‍ ഡോക്ടര്‍ രണ്ടു സ്തനങ്ങളും മാറിമാറി പരിശോധിച്ചിട്ട് മാമോഗ്രാം എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു ഭയം മനസ്സിനെ കീഴടക്കിയിരുന്നു. മാമോഗ്രാം റിപ്പോര്‍ട്ട്‌ സംശയത്തെ ബലപ്പെടുത്തുന്നത് തന്നെയായിരുന്നു.   സ്തനാര്‍ബുദത്തിന്റെ രണ്ടാം ഘട്ടം എന്നു ഡോക്ടര്‍ പറഞ്ഞത്, നിര്‍വികാരതയോടെ കേട്ടിരുന്നു. അപ്പോഴൊക്കെയും  ഒരു പിഞ്ചുകുഞ്ഞ് ഉള്ളിലിരുന്നു  മുലപ്പാലിനായി  ചുണ്ട് പിളര്‍ത്തിക്കരയുന്നുണ്ടായിരുന്നു!

അര്‍ബുദത്തിന്റെ വേരുകള്‍ സ്തനങ്ങളില്‍ പടരുന്നതിനേക്കാള്‍ വേഗത്തില്‍ മനുവിന്റെ വെറുപ്പ്‌..., പുഴുക്കുത്തേറ്റ ഇലയെ നുള്ളുന്ന ലാഘവത്തോടെ ജീവിതത്തില്‍ നിന്നും  പറിച്ചെറിയാനുള്ള      മനുവിന്റെ  തിടുക്കം ... സ്തനങ്ങളെ കാര്‍ന്നു തിന്നുന്ന വേദനയേക്കാളധികമായിരുന്നു  അത്...  ക്രമേണ മനു  തന്നില്‍  നിന്നും അകലുന്നത് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു.

ഓപ്പറേഷന്‍ മൂലം സ്തനങ്ങള്‍ നീക്കം ചെയ്‌താല്‍ ജീവിതം കുറച്ചു കാലം കൂടെ നീട്ടികൊണ്ട് പോകാം എന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആശയോടെയാണ് താന്‍ മനുവിനെ നോക്കിയത്.പക്ഷെ ആ മുഖത്തെ ഭാവം, ജീവിക്കാനുള്ള കൊതിയെ തല്ലിക്കെടുത്തുന്ന തരത്തിലായിരുന്നു. ആലോചിട്ടു പറയാം എന്നു അപ്പോള്‍ ഡോക്ടറോട് പറഞ്ഞുവെങ്കിലും ആലോചിക്കാന്‍ ഒന്നുമില്ലയെന്നു മനുവിന്റെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു . എങ്കിലും വീണ്ടും ഡോക്ടറെ കാണാന്‍   പോയി. കൌണ്സിലിങ്ങിലൂടെ ഡോക്ടര്‍ മനുവിനെക്കൊണ്ട് ഓപ്പറേഷന് സമ്മതിപ്പിച്ചു.

 മനുവിന്റെ അകല്‍ച്ചയുണ്ടാക്കിയ നിര്‍വികാരത, ശസ്ത്രക്രീയക്ക്‌ ശേഷം പാലിയേറ്റിവ് കെയര്‍ സെന്ററിലേക്ക് തന്നെ മാറ്റിയപ്പോള്‍ ഒരാശ്വസമായി മാറിയോ ...?

നാളുകള്‍ക്കു ശേഷം സന്ദര്‍ശകനായി മനു എത്തിയപ്പോള്‍ , ഒരു നിമിഷം കൊണ്ട്  അലിഞ്ഞുപോയ  സങ്കടം കണ്ണീരായി തുളുമ്പി വീഴാന്‍ ഒരുങ്ങിയത് , മനു നീട്ടിയ പേപ്പര്‍ കണ്ടു പീലികള്‍ക്കിടയില്‍ ഉറഞ്ഞു പോയി ... അപേക്ഷയില്‍ ഒപ്പിടുമ്പോള്‍ മനുവിനോട് ഒരു വെറുപ്പും തോന്നിയില്ല. മ്യൂച്ചല്‍ ഡിവോഴ്സിന് അപേക്ഷിക്കുമ്പോഴും മനസ്സില്‍ പടര്‍ന്നിരുന്ന നിര്‍വികാരത, അത് അനുവദിച്ചു കിട്ടിയപ്പോള്‍ തുടരാനായില്ല.പൊട്ടിവന്ന കരച്ചില്‍ സാരിത്തുമ്പില്‍ അമര്‍ത്തി വച്ചു.

വിവാഹമോചനം കിട്ടിയ ആശ്വാസത്തോടെ ചിന്നുമോളെയും കൈപിടിച്ച് കോടതിയില്‍ നിന്നും ഇറങ്ങിപ്പോകുന്ന  മനുവിനെ നോക്കിനില്‍ക്കുമ്പോള്‍ കണ്മുന്നില്‍ തെളിഞ്ഞത് , തുണിക്കടയിലെ അംഗലാവണ്യമുള്ള പാവകളെ കൊതിയോടെ തിരിഞ്ഞു നോക്കി  നടന്ന്  തട്ടി വീഴാനായുന്ന മനുവിന്റെ ചിത്രമായിരുന്നു ...!!


Related Posts Plugin for WordPress, Blogger...