Saturday, May 21, 2011

ആത്മാവിന്‍ നേരായൊരു കത്ത്‌...!

കുഞ്ഞേട്ടന്റെയും വാവയുടെയും കഥ ശുഭപര്യവസായി  ആയിരുന്നെങ്കില്‍... കുഞ്ഞേട്ടനോട്  ഇത്ര ക്രൂരത വേണ്ടിയിരുന്നോ... എന്നൊക്കെ പല സുഹൃത്തുക്കളും  ചോദിച്ചതനുസരിച്ചു, കഥാന്ത്യം  ഒന്ന് മാറ്റി എഴുതി നോക്കിയതാണ്. 


ജോലിത്തിരക്കിനിടയിലാണ് അന്നത്തെ മെയിലുകളുമായി ഓഫീസ് ബോയ്‌ വന്നത്. എല്ലാം ഒന്നോടിച്ചു നോക്കി  മേശപ്പുറത്തു തന്നെ വച്ചു. പിന്നെ തിരക്കുകള്‍ ഒന്നൊതുങ്ങിയപ്പോഴാണ് കത്തുകള്‍ വീണ്ടും കയ്യിലെടുത്തത്. മിക്കതും ഔദ്യോഗിക കത്തുകള്‍ തന്നെ. അതിനിടയില്‍ പേര്‍സണല്‍ എന്നെഴുതിയ ഒരു കവര്‍! തിരിച്ചും മറിച്ചും നോക്കിയിട്ടും പരിചയമില്ലാത്ത കൈപ്പടയും അഡ്രസ്സും... ആരാവും എന്ന ആകാംക്ഷയില്‍  അത് തന്നെ ആദ്യം തുറന്നു. ഉള്ളില്‍ വീണ്ടും ഒരു കവറും കൂടെ ഒരു കുറിപ്പും! കുറിപ്പ് തുറന്നു.


പ്രിയപ്പെട്ട മാമന്,
ഞാന്‍ അമ്മു എന്ന് എന്റെ അമ്മ വിളിക്കുന്ന ജോസഫീന! എന്റെ അമ്മയെ മാമന്‍ അറിയും, വാവയെന്നു മാമന്‍ വിളിക്കുന്ന മാമന്റെ കുഞ്ഞാറ്റയെ മറന്നു കാണില്ലല്ലോ, മറക്കാന്‍ മാമനോ കുഞ്ഞാറ്റക്കോ കഴിയുകയുമില്ലല്ലോ. ആ ബന്ധത്തിന്റെ ആഴം ഞാന്‍ അറിയുന്നത് ഈയടുത്താണ്.


അമ്മു, തന്റെ വാവയുടെ മകള്‍. പെട്ടന്ന് ഉള്ളില്‍ ഒരു സമുദ്രം തിരയടിക്കുന്നത് പോലെ, വിവിധ വികാരങ്ങള്‍....  കത്ത്‌ കയ്യിലിരുന്നു വിറ കൊള്ളുന്നു. അറിയാതെ കണ്ണ് തുളുമ്പിപ്പോയി. സമനില വീണ്ടെടുക്കാന്‍ നിമിഷങ്ങള്‍ ഏറെയെടുത്തു. വീണ്ടും കത്തിലെ വരികളിലൂടെ.....


ഈയിടെ  എന്റെ കല്യാണം നിശ്ചയിക്കുന്നത് വരെ എന്റെ അമ്മ ഒരു അനാഥയാണ് എന്നു തന്നെയാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ്, തന്റെ കുഞ്ഞേട്ടനോട് അമ്മുവിന്‍റെ കല്യാണം പറയേണ്ടേ എന്നു  പപ്പാ അമ്മയോടു ചോദിക്കുന്നത് കേട്ടത്. പെട്ടന്ന് അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് എന്നിലും ആകാക്ഷയുണര്‍ത്തി. ആരാ ഈ കുഞ്ഞേട്ടന്‍ എന്ന എന്റെ ചോദ്യത്തിന് അമ്മയോ പപ്പയോ മറുപടി പറഞ്ഞില്ല.പകരം പപ്പാ ഒരു ചെറിയ ബ്രീഫ്കേസ് എടുത്തു കൊണ്ട് വന്നു എന്റെ മുന്നില്‍ വച്ചു. പൊട്ടിക്കരയാതിരിക്കാന്‍ സാരിത്തുമ്പു വായില്‍ തിരുകി അമ്മ മുറി വിട്ടു പോവുകയും ചെയ്തു. പപ്പയാണ്‌ ആ പെട്ടി തുറന്നത്. അതിനുള്ളില്‍ മുഴുവന്‍ കത്തുകളായിരുന്നു. ഒരായിരം കത്തുകള്‍ ! ഒരിക്കലും മേല്‍വിലാസക്കാരനെ തേടി പോകാത്ത കത്തുകള്‍ !  വളരെ അടുക്കോടെയും ചിട്ടയോടും കൂടെ തീയതിയനുസരിച്ചു  ശ്രദ്ധയോടെ സൂക്ഷിച്ചിരിക്കുന്ന  കത്തുകള്‍. അവയൊക്കെ വായിക്കാനായി എന്നെ തനിയെ വിട്ടു പപ്പയും മുറി വിട്ടു പോയി.

ആ കത്തുകള്‍ എന്റെ അമ്മയുടെ ജീവിതമായിരുന്നു. പപ്പയോടും എന്നോടുമുള്ള അമ്മയുടെ സ്നേഹത്തിലും കുഞ്ഞേട്ടനോടുള്ള സ്നേഹമാണ് പ്രതിഫലിച്ചിരുന്നത് എന്നും ഞാന്‍ ആ കത്തുകളിലൂടെ അറിഞ്ഞു. എന്റെ ജനനം മുതലുള്ള ഓരോ കുഞ്ഞു കാര്യങ്ങളും കുഞ്ഞേട്ടനുമായി പങ്കു വച്ചു കൊണ്ടുള്ള കത്തുകള്‍, എന്റെയും കണ്ണുകളെ നനയിച്ചു.  ഇത്രയും സ്നേഹവാനായ ഈ കുഞ്ഞേട്ടന്‍ എന്തു കൊണ്ടാണ് കുഞ്ഞാറ്റയെ തേടി ഒരിക്കലും വരാതിരുന്നത് എന്നതും എന്നെ ആകെ കുഴക്കുന്നു.

വിവാഹം കഴിഞ്ഞു അമേരിക്കയിലേക്ക് പോകുന്നതിനു മുന്‍പ് എന്റെ സ്നേഹമയിയായ അമ്മക്ക് ഞാന്‍ എന്തു സമ്മാനമാണ് കൊടുക്കേണ്ടതെന്നു പലവട്ടം ആലോചിച്ചിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ എനിക്കതിനു വ്യക്തമായ ഒരു ഉത്തരം ഉണ്ട്, എന്റെ അമ്മയുടെ പ്രിയപ്പെട്ട ഈ കുഞ്ഞേട്ടനെക്കാള്‍ വലിയൊരു സ്നേഹസമ്മാനം വേറെ എന്തുണ്ട് ഈ  ലോകത്തില്‍? പ്രിയപ്പെട്ട മാമാ,എന്റെ ഈ അപേക്ഷ സ്വീകരിക്കില്ലേ? എന്റെ വിവാഹത്തിന് മാമന്‍ വരില്ലേ..വാവയുടെ അമ്മുവിനെ അനുഗ്രഹിക്കില്ലേ? (അമ്മു, മാമന്‍ എന്നെ വിളിക്കാന്‍ പണ്ടേ കരുതി വച്ചിരുന്ന പേരാണ് എന്നു ഇന്ന് എനിക്കും അറിയാം.)


ഏറെ പ്രതീക്ഷകളോടെയും സ്നേഹത്തോടെയും 
മാമന്റെ അമ്മു


കൂടെയുള്ള കല്യാണക്കുറിയിലെ അക്ഷരങ്ങള്‍  കണ്ണീര്‍ പാടയിലൂടെ അവ്യക്തമാവുമ്പോള്‍, അമ്മുവിന്‍റെ കല്യാണത്തിന് പോകണം എന്നു ഉള്ളില്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

* * * **********************

കാറിന്റെ പിന്‍സീറ്റില്‍ പുറത്തേക്ക്  നോക്കിയിരുന്നു. നീണ്ട് പരന്ന് കിടക്കുന്ന തെങ്ങിന്‍‌തോപ്പുകള്‍ക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന ടാര്‍ നിരത്ത്. ഡ്രൈവര്‍ കാര്‍ നിര്‍ത്തി ആരോടോ വഴി ചോദിച്ചു. വയലിനു നടുവിലൂടെ പോകുന്ന ചെമ്മണ്‍പാതയിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ നിരത്തിന്റെ അങ്ങെ അറ്റത്ത് വിവാഹപന്തലും ആളുകളെയും കാണാന്‍   തുടങ്ങി. ദൂരെ നിന്ന് തന്നെ വലിയൊരു നാലുകെട്ടിന്റെ ഗോപുരം കാണാമായിരുന്നു. അടുത്തെത്തിയതോടെ വിശാലമായ മുറ്റത്ത് കെട്ടിയുര്‍ത്തിയ അലങ്കരിച്ച പന്തല്‍ , നിറയെ വിരുന്നുകാര്‍. ചുറ്റും അപരിചിതരായ ആള്‍ക്കാര്‍...

പൊടുന്നനെയാണ് വെളുത്തു അല്പം  തടിച്ച ഒരു സ്ത്രീ അടുത്തേക്ക്  ഓടിയെത്തിയത്. അടുത്തെത്തിക്കഴിഞ്ഞേ മനസ്സിലായുള്ളു, എന്റെ വാവ, എന്റെ കുഞ്ഞാറ്റ!


നേരേ മുന്നില്‍ വന്ന് ഒരു നിമിഷം അവള്‍ നിന്നു, കണ്ണുകളില്‍ അവിശ്വസനീയതയും, ആഹ്ലാദവും ഒക്ക മാറി മാറി പ്രതിഫലിക്കുന്നുണ്ടായിരുന്നു. പൊടുന്നനെ പൊട്ടിക്കരഞ്ഞുകൊണ്ട് അവളെന്റെ കാലുകളിലേക്ക് വീണു,

‘എന്റെ കുഞ്ഞേട്ടന്‍ വന്നല്ലോ, ഈ വാവയോട് പൊറുത്തല്ലോ ...’

വാവയെ പിടിച്ചെഴുന്നേല്‍പ്പിച്ച്,  ചേര്‍ത്ത് പിടിച്ച് മെല്ലെ കവിളില്‍ തലോടി . പെട്ടെന്ന് അവള്‍ കണ്ണുകള്‍ തുടച്ച്, എന്റെ കൈ പിടിച്ച് വലിച്ച് ആള്‍ക്കാരുടെയിടയിലൂടെ ഒരു കൊച്ചുകുട്ടിയേപ്പോലെ മുന്നോട്ട് നടന്നു. ഇതെല്ലാം കണ്ട്കൊണ്ട് നിന്നിരുന്ന അവളുടെ ഭര്‍ത്താവിന്റെ അടുത്തെത്തി വാവ പറഞ്ഞു,

‘നോക്കു ജോസച്ചായാ, എന്റെ കുഞ്ഞേട്ടന്‍ വന്നു’

പുഞ്ചിരിച്ചു കൊണ്ട് ജോസിന്റെ നേര്‍ക്ക് കൈനീട്ടാന്‍ ഒരുങ്ങുമ്പോഴേക്കും വാവ എന്റെ കൈപിടിച്ച് വലിച്ച് അകത്തേക്ക് നടന്ന് കഴിഞ്ഞിരുന്നു. പൊടുന്നനെ അവള്‍ കുഞ്ഞേട്ടന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി നടന്നിരുന്ന പഴയ  വാവയായത് പോലെ!


അകത്തേ മുറിയില്‍ സര്‍വ്വാഭരണവിഭൂഷിതയായി, മണവാട്ടിയായി ഒരുങ്ങിയിരിയ്ക്കുന്ന അമ്മുവിന്റെ അടുത്തേക്കാണ് വാവ എന്നെ കൂട്ടിക്കൊണ്ടുപോയത്.

‘മാമന്‍...’ അവള്‍ അടുത്തേക്ക് വന്നു. ‘എനിക്കറിയാമായിരുന്നു മാമന്‍ വരുമെന്ന്’...’

‘മോളേ മാമന് ദക്ഷിണ കൊടുക്കൂ’

കാലില്‍ തൊട്ടു നമസ്കരിച്ച അമ്മുവിന്റെ തലയില്‍ തൊട്ടനുഗ്രഹിച്ച്, ചേര്‍ത്ത് പിടിച്ച് മുര്‍ദ്ധാവില്‍ ചുംബിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
 "പള്ളിയിലേക്കിറങ്ങാന്‍ നേരമായി"  ആരോ വിളിച്ച് പറഞ്ഞു,


അമ്മുവിന്റെ കൈ പിടിച്ച്  പുറത്തേക്കു നടക്കുമ്പോള്‍ മനസ്സില്‍ മറ്റൊരു ചിത്രമായിരുന്നു, വിവാഹ വസ്ത്രങ്ങളണിഞ്ഞ്  മണവാട്ടിയായൊരുങ്ങിയ വാവയെ വിവാഹപ്പന്തലിലേക്കാനയിക്കുന്ന കുഞ്ഞേട്ടന്റെ ചിത്രം!


തലക്കെട്ടിനു കടപ്പാട്: ശ്രീ.അനില്‍കുമാര്‍.സി.പി.യുടെ വരുവാനില്ലെനിക്കായൊരു കത്ത്, എങ്കിലും ... എന്ന പോസ്റ്റ്‌ 

Related Posts Plugin for WordPress, Blogger...