Sunday, May 2, 2010

അമ്മ!

മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍ !

രാവിലെ പത്രം തുറന്നപ്പോള്‍ കണ്ട വാര്‍ത്ത‍, മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തി.എന്തായിരിക്കും ആ അമ്മയെകൊണ്ട് അങ്ങിനെയൊരു  ക്രൂരകൃത്യം ചെയ്യിച്ചത് എന്നറിയാനായി വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് കണ്ണോടിച്ചു.അവിടെ കൊലചെയ്ത രീതിയും മറ്റും വിശദമായി വര്‍ണ്ണിച്ചിരിക്കുന്നതല്ലാതെ,  മറ്റൊന്നും കണ്ടെത്താനായില്ല. ദിവസങ്ങളോളം ആ വാര്‍ത്ത‍ മനസിനെ മദിച്ചുകൊണ്ടിരുന്നു. അങ്ങിനെയാണ് അവരെ ഒന്നു പോയി കണ്ടാലോ എന്ന ചിന്ത വന്നത്.

ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നതിലുപരി ഒരു അമ്മയുടെ വീര്‍പ്പുമുട്ടലുകള്‍ തന്നെയാണ് അവരെ തേടി പോകാന്‍ പ്രേരിപ്പിച്ചത് . സുഹൃത്ത്‌ കൂടിയായ പോലീസ് സൂപ്രണ്ടിന്റെ അനുമതിയോടെ അവരെ കാണാന്‍ ചെന്ന ആദ്യദിവസം, അവര്‍ ഒന്നും മിണ്ടാന്‍ കൂട്ടാക്കിയില്ല.എനിക്കും ഒന്നും ചോദിയ്ക്കാന്‍ തോന്നിയില്ല. വെറുതെ കുറച്ചു സമയം,അവരുടെ അടുത്തിരുന്നു.പതിയെ അവരുടെ കൈയില്‍  പിടിച്ചു. ഒരു നിമിഷം,എന്റെ കൈക്കുള്ളില്‍ ആ കൈകള്‍ വിറകൊള്ളുന്നതും അവരുടെ കണ്ണുകള്‍ ദൃതഗതം ചലിക്കുന്നതും ചുണ്ടുകള്‍ വിതുമ്പാന്‍ ഒരുങ്ങുന്നതും ഞാന്‍ അറിഞ്ഞു.എല്ലാം ഒരു നിമിഷത്തേക്ക് മാത്രം! ഉടനെ അവ ദൃഡമായി. കൂടുതല്‍ നേരം അവിടെ ഇരിക്കാന്‍ എനിക്കും ആവുമായിരുന്നില്ല.

എന്നാല്‍,രണ്ടു ദിവസം കഴിഞ്ഞു വീണ്ടും അവരെ കാണാന്‍ ചെന്നപ്പോള്‍, എന്നെ പ്രതീക്ഷിച്ചിരുന്ന പോലെ ഒരു തെളിച്ചം അവരുടെ കണ്ണുകളില്‍ മിന്നിമറഞ്ഞത്‌ എന്നിലും പ്രതീക്ഷ ഉണര്‍ത്തി. ഇത്തവണ ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പേ അവര്‍, സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്, എന്നെയും സുഹൃത്തിനെയും അത്ഭുതപ്പെടുത്തി. ഞങ്ങളെ തനിച്ചു വിട്ടു, സുഹൃത്ത്‌ ഓഫീസ് മുറിയിലേക്ക് പോയി.

അവര്‍ മെല്ലെ സംസാരിച്ചു തുടങ്ങി, വളരെ അടുക്കും ചിട്ടയോടും കൂടെ ഓരോന്നായി കണ്മുന്നില്‍ കാണുന്ന പോലെ, വളരെ പതിഞ്ഞ ശബ്ദത്തില്‍ അവര്‍ പറഞ്ഞു തുടങ്ങി....

മധ്യ തിരുവിതാംകൂറിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിവാഹം ചെയ്തു എത്തിപ്പെട്ട ഒരു പെണ്‍കുട്ടി.വിവാഹശേഷം ടി ടി സി ക്കു പഠിക്കുകയും അടുത്തുള്ള പ്രൈമറി സ്കൂളില്‍ ടീച്ചര്‍ ആയി ജോലി കിട്ടുകയും ചെയ്തപ്പോള്‍,ജീവിതം സ്വര്‍ഗ്ഗതുല്യമായി എന്നു വിശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്തു. സ്നേഹധനനായ ഭര്‍ത്താവും മകളെപ്പോലെ സ്നേഹിക്കുന്ന അദ്ധേഹത്തിന്റെ അമ്മയും! ഒരു സ്ത്രീക്ക്, ജീവിതം സ്വര്‍ഗതുല്യമാവാന്‍ വേറെ എന്താണ് വേണ്ടത്?

ആ സ്വര്‍ഗത്തിലേക്ക് ഒരു മാലാഖക്കുഞ്ഞ് വിരുന്നു വന്നപ്പോള്‍, ഒരുപാട് സന്തോഷിച്ചു.  ജീവിതം സാര്‍ത്ഥകമായി എന്നു കരുതി. എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല.   മാസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞു കമിഴ്ന്നു വീഴുകയോ മുട്ടില്‍ ഇഴയുകയോ ഒന്നുമുണ്ടായില്ല. സ്വാഭാവികം എന്നു എല്ലാവരും പറയുമ്പോഴും മനസ്സില്‍ നിറയെ ആശങ്കകള്‍ ആയിരുന്നു. അവസാനം,ഡോക്ടറില്‍ നിന്നും അറിഞ്ഞ ആ സത്യം ഒരു അശനിപാതം പോലെയായിരുന്നു, ഞങ്ങളുടെ ഓമന മകള്‍, അവള്‍ ഡൌണ്‍സ്സിന്‍ഡ്രോം ബാധിച്ച കുട്ടിയാണത്രെ !
കാഴ്ച്ചയില്‍ ഓമനത്വം നിറഞ്ഞ മുഖം.അതിനാല്‍ അങ്ങിനെയൊരു സംശയമേ തോന്നിയിരുന്നില്ല. ആകെ തകര്‍ന്നു പോയ ആ നാളുകളില്‍ ഭര്‍ത്താവിന്റെ സാന്ത്വനം വളരെ വലുത് തന്നെയായിരുന്നു. നമ്മുടെ ജീവിതം ഈ മോള്‍ക്ക്‌ വേണ്ടിയാണ് എന്നായിരുന്നു ശ്രീയേട്ടന്‍ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഇനിയൊരു കുഞ്ഞു വേണ്ടയെന്നും തീരുമാനിച്ചു.അമ്മയുടെ മരണത്തോടെ മോളെ ആരെ ഏല്‍പ്പിക്കും എന്നോര്‍ത്താണ്  ജോലി രാജി വെക്കാന്‍  തുനിഞ്ഞത്. അന്ന് ശ്രീയേട്ടനാണ്‌ അതു വിലക്കിയത്. അങ്ങിനെയാണ് രണ്ടു പേരും മാറി മാറി അവധിയെടുത്ത് മോളെ നോക്കാം എന്നു തീരുമാനിച്ചത്. അദ്ദേഹം  എല്ലാം മുന്‍കൂട്ടി അറിഞ്ഞിരുന്നുവോ, അല്ലെങ്കില്‍ എന്തിനാണ് അങ്ങിനെയൊക്കെ ചെയ്യിപ്പിച്ചത്?

മോളുടെ ശാരീരിക വളര്‍ച്ച എന്നിലെ അമ്മയെ വേവലാതിപ്പെടുത്തിക്കൊണ്ടിരുന്നു. പത്തു വയസുള്ളപ്പോള്‍, പതിനഞ്ചുകാരിയുടെ ശരീരവും അഞ്ചു വയസുകാരിയുടെ മനസുമായി തന്റെ മോള്‍. ഏറെ ശ്രദ്ധയായിരുന്നു മോളുടെ കാര്യത്തില്‍, തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും.

തന്റെ വേദനകള്‍ കാണുമ്പോള്‍, ചേര്‍ത്ത് നിര്‍ത്തി എപ്പോഴും ആശ്വസിപ്പിക്കുന്ന ഭര്‍ത്താവായിരുന്നു  ശ്രീയേട്ടന്‍.  എന്നാല്‍, ആ സാന്ത്വനവും പെട്ടന്നണഞ്ഞു പോയി. ഒരു  നാള്‍ ഓഫീസില്‍ കുഴഞ്ഞു വീണായിരുന്നു അദ്ധേഹത്തിന്റെ മരണം. ഈ ലോകത്ത് , താനും മോളും ഒറ്റപ്പെട്ടു.എന്തു ചെയ്യണം എന്നറിയാതെ പകച്ചു പോയ നാളുകളില്‍, അദ്ധേഹത്തിന്റെ വാക്കുകള്‍ തന്നെയായിരുന്നു ജീവിക്കാന്‍, മോള്‍ക്ക്‌ വേണ്ടി ജീവിക്കാന്‍ പ്രചോദനമായത്.

നാട്ടിലേക്കു സ്ഥലംമാറ്റം വാങ്ങിപ്പോയത് സഹോദരന്റെ നിര്‍ബന്ധം കൊണ്ടാണ്. ആലോചിച്ചപ്പോള്‍,ശരിയാണെന്ന് തോന്നിയതിനാലാണ് അങ്ങിനെ ചെയ്തത്. അവിടെ സഹോദരനും കുടുംബവും ഉണ്ടല്ലോ. തനിക്കൊരു താങ്ങായി....

സ്കൂളില്‍ പോകുമ്പോള്‍ മോളെ തൊട്ടടുത്തു തന്നെയുള്ള സഹോദരന്റെ വീട്ടിലാക്കി, തിരിച്ചു വരുമ്പോള്‍ അവളെയും കൂട്ടി വീട്ടിലേക്ക്..... അങ്ങിനെ ജീവിതം മോള്‍ക്ക്‌ വേണ്ടി മാത്രമായി....

ദിവസങ്ങള്‍ നീങ്ങവേ, ഒരുനാള്‍ മാറിടം തൊട്ടുകാണിച്ചു മോള്‍ വേദനിക്കുന്നു എന്നു പറഞ്ഞപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. അസ്വഭാവികമായി ഒന്നും കാണാനും കഴിഞ്ഞില്ല. എന്നാല്‍ രണ്ടു നാള്‍ കഴിഞ്ഞു,വീണ്ടും മോള്‍ വേദന പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നു. മോളെ പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി,മാറിടത്തില്‍ നഖക്ഷതങ്ങളും ദന്തക്ഷതങ്ങളും !

സ്വന്തം വീട്ടില്‍ പോലും എന്റെ മോള്‍ സുരക്ഷിതയല്ല എന്നുള്ള അറിവ് നെഞ്ചില്‍ ഒരു നെരിപ്പോടായി. എന്റെ കണ്ണ് തെറ്റിയാല്‍ മോള്‍ പിച്ചിച്ചീന്തപ്പെടും എന്നത് എന്നെ നിസ്സഹായയാക്കി. അതു കൊണ്ടാണ് ഞാന്‍ തന്നെ അവളെ ഈ ലോകത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. വേറെ ഒരു മാര്‍ഗവും എന്റെ മോളെ രക്ഷിക്കാന്‍ ഞാന്‍ കണ്ടില്ല. ഞാന്‍ ചെയ്തത് തെറ്റാണോ? പറയൂ, ഞാന്‍ ചെയ്തത് തെറ്റാണോ?? ബുദ്ധിവളര്‍ച്ചയില്ലാത്ത, ഈ ലോകത്തിന്റെ കപടതകള്‍ തിരിച്ചറിയാനാവാത്ത  എന്റെ മോളെ ഈ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് തെറ്റാണോ?
സുഹൃത്തുക്കളേ..... ഇവിടെ ഈ അമ്മക്ക് ഞാന്‍ എന്തു മറുപടിയാണ്‌ കൊടുക്കേണ്ടത്? ഈ അമ്മ തെറ്റുകാരിയോ അല്ലയോ എന്നു പോലും പറയാനാവുന്നില്ലല്ലോ എന്ന നിസ്സഹായവസ്ഥയിലാണ് ഞാനും !

Related Posts Plugin for WordPress, Blogger...