Tuesday, December 15, 2020

മരണാനന്തര ചടങ്ങുകൾ വ്യക്തിയുടെ അവകാശം (ചിന്ത)

 

നവംബർ എന്നും നഷ്ടങ്ങളുടെ മാസമായിരുന്നു. വർഷങ്ങൾക്കു മുൻപൊരു നവംബറിലാണ് പ്രിയപ്പെട്ട അച്ഛനെ ഞങ്ങൾക്കു നഷ്ടമായത്. അമ്മയുടെ സഹോദരൻ, അച്ഛന്റെ രണ്ടു സഹോദരർ എന്നിവരെയാണ്  2020 നവംബർ ആ പട്ടികയിലേക്കു എഴുതിച്ചേർത്തത്.  കോവിഡ് കാലത്തെ ഈ മരണങ്ങൾ വിശ്വാസങ്ങളെ കാറ്റിൽപ്പറത്തുകയും ചിന്തകളെ തിരുത്തിയെഴുതുകയും ചെയ്യുകയുണ്ടായി. 


അമ്മാവൻ കുറെ വർഷങ്ങൾക്കു മുമ്പേ യഹോവാസാക്ഷി എന്ന ക്രിസ്ത്യൻ കൂട്ടായ്മയിൽ ചേർന്നിരുന്നു. അതിനാൽ, മരണാനന്തര ചടങ്ങുകൾ ഞങ്ങളുടെ പതിവുരീതിയിൽ നിന്നു വ്യത്യസ്തമായി അവരുടെ രീതിയിലായിരുന്നു. അതങ്ങനെത്തന്നെ ആയിരിക്കണമെന്നായിരുന്നു അമ്മാവന്റെ ആഗ്രഹവും... ആ ആഗ്രഹത്തെ കുടുംബക്കാർ മാനിക്കുകയുമുണ്ടായി. 


അച്ഛന്റെ സഹോദരരിൽ ഒരാൾ കോവിഡ് ബാധിച്ചാണ് മരിച്ചത്. ആ ചിറ്റപ്പന്റെ മൃതദേഹം ആശുപത്രിയിൽ നിന്നും ആരോഗ്യവകുപ്പുകാർ കൊണ്ടുപോയി വൈദ്യുതശ്‌മശാനത്തിൽ ദഹിപ്പിക്കുകയാണുണ്ടായത്. അവിടെ നിന്നും നല്കിയ ചാരം കൊണ്ടുവന്നു ശവപ്പെട്ടിയിലാക്കി പള്ളിസെമിത്തേരിയിൽ അടക്കം ചെയ്തു. ഇവിടെ, കുടുംബക്കാരെല്ലാം നല്ല പൗരന്മാർ എന്ന നിലയിൽ സർക്കാരിന്റെ തീരുമാനങ്ങളെ അംഗീകരിച്ചു. 


മറ്റേ സഹോദരന്റെ ആഗ്രഹം മൃതദേഹം മെഡിക്കൽ കോളേജിലേക്കു നല്കണമെന്നായിരുന്നു. ഏതെങ്കിലും കാരണവശാൽ അതു നടക്കാതെ വന്നാൽ വീട്ടിൽ പ്രാർത്ഥന നടത്തി പൊതുശ്‌മശാനത്തിൽ  അടക്കണമെന്നുമായിരുന്നു. അതനുസരിച്ചു മരണശേഷം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടെങ്കിലും കോവിഡ് കാലമായതിനാൽ അവരതു നിരസിച്ചു. തുടർന്ന്, പൊതുശ്‌മശാനത്തിൽ മൃതദേഹം ദഹിപ്പിച്ചു. ഈ ചടങ്ങുകൾ നടത്തിയ രീതി സംബന്ധിച്ചു ബന്ധുമിത്രാധികളിൽ ചിലർക്കെങ്കിലും ചെറിയ മാനസ്സികവിഷമതകൾ ഉണ്ടായിട്ടുണ്ട്.  ഒരു ക്രൈസ്തവ വിശ്വാസിയുടെ മൃതദേഹം സ്വന്തം ഇഷ്ടപ്രകാരം ഇത്തരത്തിൽ സംസ്കരിച്ചത് ഒരുപക്ഷേ ഞങ്ങളുടെ നാട്ടിൽ ആദ്യമായിരുന്നു. 


മരണാനന്തരചടങ്ങുകൾ വ്യക്ത്യാധിഷ്ഠിതമാണോ  ?

അതിൽ കുടുംബക്കാർക്കും സമൂഹത്തിനും പങ്കുണ്ടോ?


അടിസ്ഥാന വിശ്വാസത്തിനു കോട്ടംതട്ടാത്തവിധം ആചാരങ്ങളിൽ വ്യതിയാനങ്ങളാകാമെന്നു  ചിറ്റപ്പൻ ചിന്തിച്ചിരുന്നു. മതത്തിനകത്തും പരിഷ്കരണം നടപ്പിലാക്കണം എന്ന ശക്തമായ നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു. ഇതു സഭാവിശ്വാസങ്ങളിൽ അനുവദനീയവുമാണ്.    സഭയുടെ നിയമസംഹിതയായ കാനോൻ നിയമം 1176 / 3 പറയുന്നതു പോലെ  'മൃതശരീരം സംസ്ക്കരിക്കുന്ന'പരിപാവനമായ പാരമ്പര്യം നിലനിർത്തണമെന്നു സഭ ശക്തമായി നിർദ്ദേശിക്കുന്നു. എന്നാൽ, ക്രിസ്തീയ പഠനത്തിനു വിരുദ്ധമായ കാരണങ്ങൾ അല്ലാത്തപക്ഷം ദഹിപ്പിക്കൽ നിരോധിച്ചിട്ടുമില്ല.

  

ജീവിതത്തിൽ മതവിശ്വാസം, വിവാഹം, മരണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ ഒരു വ്യക്തിക്കുള്ള പരമാധികാരം അംഗീകരിക്കുന്ന സാഹോദര്യകൂട്ടായ്മയാകണം ഒരു യഥാർത്ഥ ജനാധിപത്യ സമൂഹം. ഇത്തരം കാര്യങ്ങളിൽ വ്യക്തിയുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ സമൂഹത്തിനു  ആരോഗ്യകരമായി ഇടപെടാം. എങ്കിലും, ഒരാൾ തീരുമാനമെടുത്താൽ സമൂഹം അതിനെ ആദരിക്കുകയെന്നതാണ് കരണീയം. തന്റെ തീരുമാനം നടപ്പിലാക്കാൻ തനിക്കുതന്നെ ത്രാണിയില്ലാത്ത അവസ്ഥയാണു മരണം. അതുകൊണ്ട്, മരണാനന്തര ചടങ്ങുകളിൽ വളരെ പ്രധാനമായ ഒരു കാര്യമാണു മരിച്ച വ്യക്തിയുടെ താല്പര്യം പൂർണ്ണമായി സംരക്ഷിക്കുകയെന്നത്. ചിറ്റപ്പൻ  ബന്ധുക്കളോടും സുഹൃത്തുക്കളോടും നല്ല ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു . അതിനാൽ, അവർ പാരമ്പര്യത്തിൽ നിന്നു വ്യതിചലിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുകയും അതു നടപ്പിലാക്കുവാൻ സഹകരിക്കുകയും ചെയ്തു. ഇത് അവർ അദ്ദേഹത്തിനു  നല്കിയിരുന്ന ആദരവിന്റെയും അവരുടെ ഉന്നത ജനാധിപത്യ ബോധത്തിന്റെയും തെളിവായി.


ചിറ്റപ്പന്റെ മൃതദേഹ സംസ്ക്കാരവുമായി ബന്ധപ്പെട്ടു പ്രത്യേകം എടുത്തു പറയേണ്ട  ഒന്നാണ് മൂത്തേടം പള്ളിയിലെ വികാരിയുടെ നിലപാടുകൾ.  പതിവു  ആചാരങ്ങളിൽ നിന്നു വ്യത്യസ്തമായി നടത്തപ്പെട്ട ശവസംസ്കാരം ഭംഗിയാകാൻ അദ്ദേഹത്തിന്റെ നിലപാടുകൾ വളരെ സഹായകരമായി. തന്നിലർപ്പിതമായ ആത്മീയ ചുമതലയുടെ പരിധിയിൽ ഒതുങ്ങിനിന്ന് എന്തുകൊണ്ട് ഇത്തരം ഒരു തീരുമാനമെടുത്തു എന്ന ചോദ്യം മാത്രം ഉന്നയിച്ച് ചിറ്റപ്പന്റെ  ആഗ്രഹപ്രകാരം ശവസംസ്കാരം നടത്താൻ വേണ്ട ക്രമീകരണങ്ങൾ അദ്ദേഹം ചെയ്തു.  


തന്റെ ശവസംസ്കാരചടങ്ങുകളിലൂടെ ചിറ്റപ്പൻ  പ്രഖ്യാപിക്കാൻ ശ്രമിച്ചത് അമിത മതബോധങ്ങളില്ലാത്ത, വ്യക്തിസ്വാതന്ത്ര്യങ്ങൾ  വിലമതിക്കുന്ന, അഭിപ്രായവ്യത്യാസങ്ങൾ നിലനില്ക്കുമ്പോൾത്തന്നെ സംവാദസാധ്യതകൾ നിലനിറുത്തി വൈവിധ്യങ്ങൾ ആസ്വദിക്കാനാകുന്ന, സാമൂഹിക ജനാധിപത്യവും മതേതരത്വവും പുലരുന്ന യഥാർത്ഥ മാനവികസമൂഹമാണ് നമുക്കു വേണ്ടത് എന്നാണ്. ഇന്ത്യ ഇന്നു നേരിടുന്ന വെല്ലുവിളികൾ മറികടക്കാനുള്ള മാർഗ്ഗങ്ങളിൽ പ്രധാനവും അതുതന്നെ. ക്രൈസ്തവസഭയിൽ ഭാരതവല്ക്കരണത്തിന്റെ മറവിൽ നടക്കുന്ന ഹൈന്ദവവത്ക്കരണവുമായി ഇതിനുബന്ധമുണ്ടോ എന്നും ചിന്തിക്കാം. എന്റെ ചെറുപ്പം മുതലേ ചിറ്റപ്പനെ അറിയുന്നതിനാൽ അത്തരമൊരു ചിന്ത അദ്ദേഹത്തിനൊരിക്കലുമുണ്ടായിരുന്നില്ല എന്നുറപ്പിച്ചു പറയാൻ സാധിക്കും. മാത്രമല്ല, സംഘപരിവാർ ആശയങ്ങളുമായി അദ്ദേഹത്തിനു കടുത്ത വിയോജിപ്പുമായിരുന്നു.  


മരണാനന്തര ചടങ്ങുകളെക്കുറിച്ചു മാത്രമല്ല തങ്ങളുടെ മരണം സംബന്ധിച്ചും തീരുമാനമെടുക്കാൻ വ്യക്തികളെ അനുവദിക്കണം. വികസിത ജനാധിപത്യസമൂഹങ്ങൾ ഇതംഗീകരിക്കുന്നു. തങ്ങളുടെ ഉത്തരവാദിത്വങ്ങളൊക്കെ പൂർത്തിയാക്കി വാർദ്ധക്യത്തിലെത്തി കഠിന രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും മറ്റും സ്വയം മരണം വരിക്കാനാകുംവിധം ദയാവധം സംബന്ധിച്ച നിയമങ്ങൾ ഇന്ത്യയിലും  കൂടുതൽ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്.


ഭൗതികമായി വിലയിരുത്തുന്ന സ്വതന്ത്ര ചിന്തകർക്കും ആത്മീയമായി ചിന്തിക്കുന്ന വിശ്വാസികൾക്കും തങ്ങൾ ജീവിതകാലം മുഴുവൻ പിന്തുടരുന്ന അഭിപ്രായങ്ങൾ അനുസരിച്ചു മരണം സന്തോഷകരമായ ഒരു കാര്യമാകേണ്ടതാണ്. ഭൗതികവാദിക്കു മരണമൊരു സ്വാഭാവിക ഭൗതിക പ്രതിഭാസമാണെങ്കിൽ വിശ്വാസിക്കതു മോക്ഷമാർഗ്ഗമാണ്. എന്നാലും, മരണത്തിന്റെ മുന്നിൽ എല്ലാവരുടെയും ബോധ്യങ്ങൾ 'പരാജയപ്പെടുകയാണ്' പതിവ്. ശക്തമായ ആത്മബലമുള്ളവർക്കുപോലും ദുഃഖമുണ്ടാകുന്ന അവസരമാണത്. 


 


Sunday, December 13, 2020

ഒരു പ്രേതക്കപ്പലിന്റെ കദനകഥ


Pic courtesy: Sneha


എന്റെ ഇപ്പോഴത്തെ പേര് ലാ ഗ്രാൻഡെ ഹെർമിൻ എന്നാണ്. ഈ പേരിലാണ് ഞാനിപ്പോൾ അറിയപ്പെടുന്നത്. എന്റെ ശരിക്കും പേര് വേറെയായിരുന്നു. അതേപ്പറ്റി ഞാൻ വഴിയെ പറയാം ട്ടോ. ഇപ്പോൾ ഞാനുള്ളത് ഒന്റാരിയോ തടാകത്തിന്റെ പടിഞ്ഞാറൻ തീരത്തുള്ള ജോർഡൻ തുറമുഖത്താണ്.   അവിടെ ഉപേക്ഷിക്കപ്പെട്ട, നശിക്കപ്പെട്ട നിലയിലുള്ള എന്നെ നിങ്ങൾക്കു  കാണാം. 'കടൽക്കൊള്ളക്കാരുടെ കപ്പൽ', 'പ്രേതക്കപ്പൽ' എന്നൊക്കെയാണ് ഇന്നെല്ലാവരും എന്നെ വിളിക്കുന്നത്. അതു കേൾക്കുമ്പോൾ എനിക്കു വല്ലാതെ സങ്കടം വരും ന്നേ ! അപ്പോഴെല്ലാം എന്റെ ഭൂതകാലവും  ഓർമ്മ വരുമെനിക്ക്. സന്തോഷം നിറഞ്ഞ, പ്രതാപം നിറഞ്ഞ നാളുകളായിരുന്നത്! 

ഞാൻ എങ്ങനെ ഇവിടെയെത്തിയെന്ന് എങ്ങനെയാണ് ഉപേക്ഷിക്കപ്പെട്ടതെന്ന്  എന്റെ കഥ കേട്ടാൽ നിങ്ങൾക്കും മനസ്സിലാകും കൂട്ടുകാരേ...   

                                                                      Pic courtesy: Sneha


1914 ൽ ക്യൂബെക്കിലെ ലാസോണിലായിരുന്നു ഞാൻ പിറവി കൊണ്ടത്. അന്ന് എന്റെ പേര് 'LE PROGRES' എന്നായിരുന്നു. സെൻറ് ലോറൻസ് നദിയിലെ കടത്തുവള്ളമായിട്ടാണ് എന്റെ ജീവിതയാത്ര തുടങ്ങിയത്. 1930 ൽ അവർ എന്റെ പേരു മാറ്റി 'LA VERENDRYE' എന്നാക്കി. എങ്കിലും 1956 വരെ ഞാൻ കടത്തുവള്ളമായുള്ള എന്റെ ദൗത്യം തുടർന്നു. അക്കാലത്താണ് വുഡ് പൾപ്പ് ചുമക്കുന്ന ചരക്കു കപ്പലായി ഞാൻ പരിവർത്തനം ചെയ്യപ്പെടുന്നത്. അപ്പോഴേക്കും എന്റെ പേര് ' LA MARJOLAINE' എന്നായി മാറിയിരുന്നു. മാറിമാറി അവർ പല പേരുകൾ എന്നെ വിളിക്കുമ്പോഴും ഞാൻ, ഞാനായിത്തന്നെ എന്റെ സ്വത്വത്തിൽ ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു. അതിനിടെ ഇടയ്ക്കു ഞാൻ വീണ്ടുമെന്റെ പഴയ ജീവിതത്തിലേക്കു പോയിരുന്നു ട്ടോ... അതെനിക്ക് വളരെ ഇഷ്ടവുമായിരുന്നു. ആളുകളുടെ കലപിലയും ചിരിയും സങ്കടവും വേവലാതിയുമെല്ലാം എന്റേതും കൂടിയായിരുന്നു അന്നൊക്കെ. യൗവനത്തിൽ നിന്നും വാർദ്ധക്യത്തിലേക്കു കാലൂന്നിയ ഘട്ടത്തിൽ ഇടയ്ക്കു കുറച്ചുനാൾ ഞാൻ ജോലിയിൽ നിന്നു മാറിനിന്നു.   അതിനുശേഷം വെള്ളത്തിൽ അമ്മാനമാടുന്ന ഭോജനശാലയായി മാറി ഭക്ഷണപ്രിയരെ സന്തോഷിപ്പിച്ചു. എന്നാൽ, എന്റെ പ്രായാധിക്യമോ എന്തോ ആ ജോലി പെട്ടെന്നു നഷ്ടമായി. പിന്നീടാണ്, മറ്റൊരാളായി, അയാളുടെ തനിപ്പകർപ്പായി എനിക്കു വേഷം മാറേണ്ടി വന്നത്. 1991 ലാണത്. 

ആ കഥ ഇങ്ങനെയാണ്...

പണ്ടുപണ്ട് ജാക്വസ് കാർട്ടിയർ എന്നൊരു ഫ്രഞ്ച് സമുദ്രയാത്രികൻ ഉണ്ടായിരുന്നു. കാണായ സമുദ്രങ്ങളിലൂടെ കപ്പലിൽ ചുറ്റി നടന്ന്, പര്യവേക്ഷണം നടത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. പുതിയ പുതിയ ലോകങ്ങളെ, പുതിയ പുതിയ  ഭൂമികകളെ  കണ്ടെത്തുന്നതിലേക്ക് കപ്പലുകളെ നയിക്കാൻ കാർട്ടിയർക്ക് പ്രത്യേക  കഴിവുണ്ടായിരുന്നു. ഇതു കേട്ടറിഞ്ഞ ഫ്രാൻസിലെ  രാജാവ്  ഏഷ്യയിലെ സമ്പന്ന വിപണികളിലേക്ക് ഒരു പടിഞ്ഞാറൻ പാത കണ്ടെത്താമെന്ന പ്രതീക്ഷയിൽ  കാർട്ടിയറെ തന്റെ കമ്മീഷന്റെ കീഴിൽ സമുദ്രസഞ്ചാരത്തിനു നിയമിച്ചു. അങ്ങനെ 1534 ഏപ്രിൽ 20 ന് അദ്ദേഹം ഫ്രാൻസിനു വേണ്ടി തന്റെ ആദ്യ യാത്രയാരംഭിച്ചു. 


Pic from Google

അദ്ദേഹത്തിന്റെ രണ്ടാമത്തെ പര്യടനം 1535 മെയ് 19 നായിരുന്നു. മൂന്നു കപ്പലുകളും നൂറ്റിപ്പത്തു പുരുഷന്മാരും രണ്ടു ഇറോക്വോയൻ  ബന്ദികളുമുൾപ്പെട്ടതായിരുന്നു ആ 'carrack' (പണ്ട് പണ്ട്, അതായത് പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിലൊക്കെ സമുദ്രസഞ്ചാരം നടത്തുന്ന കപ്പലുകളുടെ കൂട്ടത്തിനെ അങ്ങനെയാണത്രേ പറയുക!). 1535 ജൂൺ 15 ന് ജാക്ക്(ജാക്വസ് തന്നെയാണു ട്ടോ ഈ ജാക്കും) കാർട്ടിയറെ സെന്റ് പിയറിയിലേക്ക് കൊണ്ടുവന്ന ആ   carrackന്റെ പേരാണ് ഗ്രാൻഡെ ഹെർമിൻ.   

സെന്റ് ലോറൻസ് നദി പര്യവേക്ഷണം ചെയ്യുമ്പോൾ ജാക്ക് കാർട്ടിയർ ഉപയോഗിച്ച രണ്ടാമത്തെ കപ്പലായിരുന്നു ലാ ഗ്രാൻഡെ ഹെർമിൻ. സെന്റ് ലോറൻസ് നദിയുടെ തീരത്തുള്ള പ്രദേശത്തെ  വിശേഷിപ്പിക്കാൻ കാനഡ എന്ന പേര് ആദ്യമായി രേഖപ്പെടുത്തിയത് ഈ ജാക്വസ് കാർട്ടിയർ ആണത്രേ! അതിനുശേഷം ഈ തീരങ്ങളിലെ ചെറിയ ചെറിയ ഫ്രഞ്ച് കോളനികളെ പരാമർശിക്കാനും കാനഡ എന്ന പേര് ഉപയോഗിച്ചുവത്രേ! പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യം വരെ ഈ ഫ്രഞ്ച് കോളനിക്കാരെ കനേഡിയൻ എന്നു വിളിച്ചിരുന്നു. കാനഡ കണ്ടുപിടിക്കുന്നതിൽ ഈ ജാക്ക് കാർട്ടിയറുടെ സംഭാവന എന്നു പറയാവുന്നത് ഈ ഭൂഖണ്ഡത്തിലേക്ക് നുഴഞ്ഞു കയറിയ ആദ്യത്തെ യൂറോപ്യൻ എന്ന നിലയിലാണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ  സെന്റ് ലോറൻസ് നദിക്ക് സമീപമുള്ള കിഴക്കൻ പ്രദേശമാണ് അദ്ദേഹം കൈയടക്കിയത്. അത് പിന്നീട് ന്യൂഫ്രാൻസായി കോളനിവൽക്കരിക്കപ്പെട്ടു.


Pic courtesy: Sneha

വയസ്സായി വിശ്രമത്തിലായിരുന്ന എന്നെ 1991 ലാണ് ഈ ലാ ഗ്രാൻഡെ ഹെർമിന്റെ തനിപ്പകർപ്പാക്കി മാറ്റിയത്.  നൂറ്റിനാല്പത്  അടി നീളമുള്ള ഏറ്റവും വലിയ കപ്പൽ! അപ്പോഴേക്കും എന്റെ നല്ലകാലം  തീർന്നിരുന്നുവെന്നു തോന്നുന്നു  കൂട്ടുകാരേ...  അല്ലെങ്കിൽ തൊട്ടതും പിടിച്ചതുമെല്ലാം ഇങ്ങനെ ദോഷമായി വരുമോ? 

വീണ്ടും ഒരിക്കൽക്കൂടി എന്നെ ഭോജനശാലയാക്കാൻ ശ്രമം നടത്തി നോക്കി, പരാജയപ്പെട്ടു.  പിന്നെ, ഒന്റാരിയോ തടാകത്തിൽ എന്തോ പദ്ധതിയുണ്ടെന്നും പറഞ്ഞു 1997 ൽ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നു. ഈ ജോർഡൻ തുറമുഖത്തു ശാപമോക്ഷത്തിനായി ഞാനും ആ പദ്ധതിയുടെ അനുമതിക്കായി  എന്റെ മുതലാളിയും കാത്തിരിക്കുന്നതിനിടയിൽ അദ്ദേഹം മരിച്ചു പോയി. അങ്ങനെ ഞാൻ അനാഥയായി. 

                                                                    Pic from Google


എന്തു ചെയ്യണമെന്നറിയാതെ ഈ തുറമുഖത്തു ദിവസങ്ങൾ തള്ളി നീക്കുന്നതിനിടയിൽ 2003 ജനുവരിയിൽ എങ്ങനെയോ ഒരു  തീ പിടുത്തമുണ്ടായി. കടൽക്കൊള്ളക്കാർ ചെയ്തതാവും എന്നൊക്കെ നാട്ടുവർത്തമാനം ഉണ്ട്. എന്തായാലും തടി കൊണ്ടുണ്ടാക്കിയ പല ഭാഗങ്ങളും കത്തി നശിച്ചു. അവശേഷിക്കുന്ന ഭാഗങ്ങൾ തുരുമ്പെടുത്തു തുടങ്ങി. . ഒരുപാട്  കേടുപാടുകൾ സംഭവിച്ച ഞാൻ ഒരു വികൃതരൂപമായി മാറി. ഇപ്പോൾ ഒരു വശത്തേക്കു ചരിഞ്ഞു കിടക്കുകയാണ് ഞാൻ. ഇനിയൊരു ഉയിർപ്പ് എനിക്കുണ്ടാകുമെന്നു തോന്നുന്നില്ല കൂട്ടുകാരേ...  പഴയ പ്രതാപകാലത്തിന്റെ അവശേഷിപ്പായി ഉയരമുള്ള കൊടിമരങ്ങൾ  മാത്രം ബാക്കിയായി. അങ്ങനെ ഞാൻ ഉപേക്ഷിക്കപ്പെട്ടവളായി. 

ഇനി, നിങ്ങൾ പറയൂ... ഞാൻ പ്രേതക്കപ്പലാണോ? 

 

Pic courtesy: Sneha

ഇനിയും സംശയമാണെങ്കിൽ എന്റെ കാലം കഴിയുന്നതിനു മുമ്പ് ഒരിക്കലെങ്കിലും എന്നെ വന്നു കാണൂ, ഞാൻ ഒന്റാരിയോയിലെ  ഹാമിൽട്ടണും സെൻറ് കാതറിനും ഇടയ്ക്കുള്ള ജോർഡൻ തുറമുഖത്തിന്റെ തീരത്തുണ്ട്.  
 


Tuesday, December 8, 2020

എഫ്.ബി കവിതകൾ - പ്രണയത്തിലേക്കൊരു കുറുക്കുവഴി




പ്രണയം - എത്ര അപകടം പിടിച്ച വാക്കാണത്. പ്രണയം ഒരാളെ എങ്ങനെയെല്ലാമാണ് മാറ്റുന്നത്! പ്രണയത്തിനു  വേണ്ടി എന്തെല്ലാമാണ് നാം ചെയ്യുന്നത്! പ്രണയം എത്ര പെട്ടെന്നാണ് നമ്മളെ ആരെല്ലാമോ ആക്കിത്തീർക്കുന്നത്... പ്രണയമില്ലാതാവുമ്പോൾ എത്ര വേഗത്തിലാണ് നമ്മൾ ആരുമല്ലാതായി മാറുന്നത്... ! 

'തന്റെ കവിതകൾ കൊള്ളാം ട്ടോ, ഒരു മനുഷ്യസ്നേഹിയുടെ വിക്ഷോഭങ്ങളുടെ  തീക്ഷണതയുള്ള വരികൾ... " 

എഫ്.ബിയിൽ കവിത പോസ്റ്റ് ചെയ്തു മിനിട്ടുകൾക്കകം മെസഞ്ചറിൽ വന്ന അനുപമയുടെ മെസേജ്. കൂട്ടുകാരിൽ ആരോ പറ്റിക്കാൻ വേണ്ടി വ്യാജ ഐഡിയിൽ നിന്നും അയച്ചതാണെന്നേ കരുതിയുള്ളൂ. അതിനാൽ, ഒരു കൂപ്പുകൈ സ്മൈലി അയച്ചു നന്ദി മാത്രം പറഞ്ഞൊഴിഞ്ഞു. 

ഏതാനും ആഴ്ചകൾ കഴിഞ്ഞാണ് അടുത്ത കവിത പോസ്‌റ്റു ചെയ്യുന്നത്. കവിതയെ അഭിനന്ദിച്ചു കൊണ്ട് അന്നും അനുപമയുടെ  മെസേജ് വന്നു.  നന്ദി പറഞ്ഞപ്പോൾ, എന്തേ തുടർച്ചയായി എഴുതാത്തതെന്നായി. 

"ഞാനൊരു കവിയല്ല കുട്ടീ... വല്ലപ്പോഴും മനസ്സിൽ നിന്നു വരുന്ന വരികൾ ചേർത്തെഴുതി വെയ്ക്കുന്നുവെന്നു മാത്രം. "

യ്യോ, ഞാൻ കുട്ടിയൊന്നുമല്ല ട്ടോ... കുട്ടികളെ പഠിപ്പിക്കാൻ പഠിക്കുന്നയാളാണ്. "

അനുപമയുടെ  സംസാരരീതിയിൽ കൗതുകം തോന്നി. കവിതകളിൽ നിന്നു യാത്രകളിലേക്കും സിനിമകളിലേക്കും നീണ്ടു പോയ ദിനരാത്രങ്ങളിൽ  ആൾ വ്യാജനല്ലെന്നു ഉറപ്പായി. പിന്നെപ്പിന്നെ, ദിവസങ്ങൾ അനുപമയുടെ സന്ദേശങ്ങൾക്കായുള്ള കാത്തിരിപ്പുദിനങ്ങളായി മാറിയത് എത്ര പെട്ടെന്നാണ്. അനുപമയുടെ മെസേജ് കിട്ടുമ്പോൾ ഒരു പൂ വിരിയുന്ന സന്തോഷം ഉള്ളിൽ നിറയുന്നതും അതിന്റെ അനുരണനം പുഞ്ചിരിയായി ദിവസം മുഴുവൻ തെളിയുന്നതും അറിഞ്ഞു തുടങ്ങി. പിന്നെയങ്ങോട്ട് സ്നേഹത്തിന്റെ, പ്രണയത്തിന്റെ നാളുകളായി... ചുറ്റിനും ചെരാതുകൾ തെളിഞ്ഞു നിന്ന പോലെ പ്രണയത്തിന്റെ വെളിച്ചങ്ങൾ മാത്രം... 

ജീവിതം പ്രണയത്താൽ നിറഞ്ഞ നാളുകളിൽ അവൾക്കായി എന്നുമെന്നും പ്രണയകവിതകൾ എഴുതി, എഫ്.ബിയിൽ പോസ്റ്റ് ചെയ്തു. 

"വിഷ്ണൂ, എനിക്കു നിന്നെ എന്തിഷ്ടമാണെന്നോ..."

"വിഷ്ണൂ, നീയില്ലാതെ ഒരു നിമിഷം പോലും എനിക്കു ജീവിക്കാനാവില്ല..."

"വിഷ്ണൂ , ഐ ലവ് യു സോ മച്ച്..."

പ്രണയത്തിന്റെ വർണ്ണപ്പൂക്കൾ വാരിവിതറിയ അനുപമയുടെ മെസേജുകൾ.

 അനുപമ, എനിക്കു അനുവായി മാറിയ നാളുകളിലാണ് ആ സ്നേഹത്തെപ്പറ്റി, പ്രണയത്തെപ്പറ്റി വിനുവിനോടു പറഞ്ഞത്. അല്ല, വിനു കണ്ടുപിടിച്ചതാണത്. വിനു, കസിനും അയൽക്കാരനും എന്നതിലുപരി അടുത്ത കൂട്ടുകാരനും കൂടിയാണ്. എന്നിട്ടും ഈ ഇഷ്ടത്തെപ്പറ്റി അവനോടു പറഞ്ഞില്ല. അല്ല, ആദ്യമൊന്നും എനിക്കു പോലും നിശ്ചയമില്ലാതിരുന്നല്ലോ ഈ ഇഷ്ടത്തെ, സ്നേഹത്തെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന്... ! 

ഏതാണ്ട് മുഴുവൻ സമയവും ഫോണിൽ ചെലവഴിക്കാൻ തുടങ്ങിയപ്പോഴാണ് വിനു ചോദ്യം ചെയ്തത്. വിനുവിന്റെ പല ചോദ്യങ്ങളും കേട്ടില്ലെന്നു നടിച്ചു. ചിലതിനെല്ലാം മാത്രം മറുപടി പറഞ്ഞു. പലതും അറിയില്ലെന്ന സത്യം വിനുവിൽ നിന്നും അന്നു മറച്ചു വെച്ചതെന്തിനായിരുന്നുവെന്ന് ഇന്നുമറിയില്ല... ആകെയറിയാവുന്നത് അനുവിന്റെ പ്രണയം മാത്രമാണ്. അതെന്റെ ആത്മാവിനാഴത്തോളം നിറഞ്ഞിരിക്കുന്നു എന്നതാണ്. 

ഇനി പരസ്പരം പിരിയാനാവില്ലെന്നും   ഒന്നിച്ചു ജീവിച്ചാലോ എന്നും ആദ്യം  പറഞ്ഞത്  അനുവായിരുന്നു. അന്നാണ് ആദ്യമായി ഞങ്ങൾക്കിടയിലേക്കു ജാതി കേറി വന്നത്. നായർ കുടുംബത്തിലെ അനുപമ, ഈഴവനായ വിഷ്ണുവിനെ വിവാഹം ചെയ്യാൻ വീട്ടുകാർ സമ്മതിക്കില്ല, കല്യണം കഴിയുമ്പോൾ എല്ലാം ശരിയായിക്കോളുമെന്ന അനുപമയുടെ വാക്കുകൾ ധൈര്യം തന്നു. വിനുവിനോടു മാത്രം കാര്യം പറഞ്ഞു. കുറെ എതിർത്തെങ്കിലും വിനു കൂടെ വന്നു, വിവാഹത്തിനു സാക്ഷിയായി.  അന്നുവരെ ഫോട്ടോയിലും വീഡിയോ കോളിലും മാത്രം കണ്ട അനുവിനെ സബ് രജിസ്ട്രാർ ഓഫിസിൽ വെച്ചാണ് ആദ്യമായി നേരിൽ കാണുന്നത്. അനു വരാതിരിക്കുമോ എന്ന വിനുവിന്റെ ചോദ്യം ഉണ്ടാക്കിയ അസ്വസ്ഥതയിൽ നിന്നും സന്തോഷം കൊണ്ടും സ്നേഹം കൊണ്ടും ഹൃദയം പൊട്ടുന്ന പോലെ...  ലോകം മുഴുവൻ ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി ഒരുങ്ങിയതു പോലെ വെയിൽനാളങ്ങൾ തിളങ്ങി.

എനിക്കു വേണ്ടി അമ്മയുടെയും അച്ഛന്റെയും ശകാരങ്ങൾ മുഴുവൻ കേട്ടത് വിനുവാണ്. അവൻ തന്നെയാണ് അവരെ സാന്ത്വനിപ്പിച്ചതും... ഒരേയൊരു മകൻ, സ്വപ്‌നങ്ങൾ തകർത്തു കളഞ്ഞെങ്കിലും അമ്മ വിളക്കേറ്റി അനുപമയെ മരുമകളായി സ്വീകരിച്ചു. 

പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഫോൺ കോളാണ് പിറ്റേന്നു രാവിലെ വിളിച്ചുണർത്തിയത്. അമ്മയുടെ വേവലാതികൾ കരച്ചിലായി. അച്ഛനും വിനുവും കൂടെയുണ്ടായതു മാത്രമായിരുന്നു എന്റെ ധൈര്യം. പോലീസ് സ്റ്റേഷനിൽ വെച്ച്, എന്റെ കൂടെ വരണമെന്ന് അനു പറഞ്ഞ നിമിഷം, അവിടുന്നു തന്നെ അവളെ കെട്ടിപ്പിടിക്കാൻ തോന്നിയത് അടക്കി, കൈയിൽ മുറുക്കിപ്പിടിച്ചു. ഇനിയുള്ള ജീവിതത്തിൽ ഒരിക്കലും അഴിഞ്ഞു പോകാത്തവണ്ണം മുറുക്കി... മുറുക്കി... 

മെല്ലെമെല്ലെ പ്രണയത്തിന്റെ ചെരാതുകൾ മങ്ങിത്തുടങ്ങി. ആ നാളം കരിന്തിരി കത്താതെ, അണയാതെ സൂക്ഷിക്കാൻ അമ്മയാണ് ബദ്ധപ്പെട്ടതെന്നു തോന്നുന്നു.  നാളുകൾ പോകെ അനുവിന്റെ പരാതികൾക്കു നീളം വെച്ചു വന്നു. സ്നേഹത്തിൽ മാത്രം അതിസമ്പന്നരായ അച്ഛനെയും അമ്മയെയും അനുവിനു പിടിക്കാതായി. വീട്ടിലെ ചില്ലറ അസൗകര്യങ്ങൾ എടുത്തു കാട്ടാൻ അവൾ വല്ലാതെ ഉത്സാഹിച്ചു. ആരുമില്ലാത്ത കുട്ടിയാണ്, മോൻ ക്ഷമിച്ചേര്... ഓരോ വഴക്കിനൊടുവിലും അമ്മ അനുവിന്റെ പക്ഷം ചേർന്നു. 

അനു പഠിത്തം തുടരണമെന്നു അമ്മയാണ് ആദ്യം നിർബന്ധിച്ചത്. ഒരു തരത്തിലും അവൾക്കൊരു വിഷമവും ഉണ്ടാക്കരുതെന്ന്  'അമ്മ എപ്പോഴും ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. അങ്ങനെയാണ് ഒരു ഓട്ടോ സെയിൽസ് ഷോപ്പിലെ അക്കൗണ്ടന്റ് ആയ എന്റെ വരുമാനവും കുറച്ചു ബാങ്ക് ലോണും എടുത്തു, അനുവിന്റെ  പഠിത്തം തുടരാൻ തീരുമാനിച്ചത്. പഠനത്തിന്റെ എളുപ്പത്തിനായി അവൾ നഗരത്തിലെ ഹോസ്റ്റലിൽ താമസമാക്കി. വീട്ടിലേക്കുള്ള വരവുകൾ വെള്ളിയാഴ്ചകൾ മാത്രമായി. ഞാനും അച്ഛനുമമ്മയും വെള്ളിയാഴ്ചകൾക്കായി കാത്തിരുന്നു. 

എത്ര പെട്ടെന്നാണ് അനു തിരക്കുകളിലേക്കു ഓട്ടപ്പന്തയം നടത്തിയത്. അനുവില്ലാതെ വേനൽച്ചൂടായി ഉരുകിയ ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായി. വരുമ്പോഴൊക്ക തിരിച്ചു പോകാൻ ധൃതി കൂട്ടിയ അനുവിനെ എനിക്കു മനസിലായതേയില്ല. അമ്മ എന്നും അനുവിനെ സപ്പോർട്ട് ചെയ്തു.   പരീക്ഷ കഴിഞ്ഞപ്പോൾ ആരോടും പറയാതെ സ്വന്തം വീട്ടിലേക്കു പോയ അനുവിനെ അന്വേഷിച്ചു പരക്കം പാഞ്ഞത് ഞാൻ മാത്രമല്ലല്ലോ... അന്നാണ് അവളെ  വിവാഹം കഴിച്ചതിനെച്ചൊല്ലി അച്ഛൻ ആദ്യമായി വഴക്കു പറയുന്നതും. 

അന്വേഷണത്തിനായി അനുവിന്റെ വീട്ടിൽ എത്തിയപ്പോഴാണ് ആദ്യമായി ആ വീടും പരിസരവും കാണുന്നത്. ഇത്രയും മോശം പരിതസ്ഥിതിയിൽ നിന്നു വന്നവളാണോ കുറ്റം പറഞ്ഞിരുന്നത് എന്നോർത്താണ് അച്ഛൻ എന്നെ വഴക്കു പറഞ്ഞത്. 

അച്ഛൻ വഴക്കു പറഞ്ഞതു കേട്ടിട്ടാവാം അനു മറുത്തൊന്നും പറയാതെ ഞങ്ങളോടൊപ്പം പോന്നത്. എന്നാൽ, തിരിച്ചു വീട്ടിലെത്തിയ ഉടനെ അവളാവശ്യപ്പെട്ടത് വിവാഹമോചനമായിരുന്നു. ഞെട്ടിപ്പോയ എന്നിലേക്കു അവൾ വീണ്ടും വീണ്ടും ക്രൂരതയോടെ കത്തിയാഴ്ത്തി. അവൾക്കു കൂടെപ്പഠിക്കുന്ന അരുണിനെയാണിഷ്ടം എന്ന്!

വിവാഹമോചനക്കേസ് ഫയൽ ചെയ്യാൻ അനുവിനെ സഹായിച്ചത് അരുണായിരുന്നു. 

ആളുകൾ വന്നുംപോയുമിരിക്കുന്ന കുടുംബക്കോടതിയുടെ മുറ്റത്തരികിലെ വാകമരച്ചോട്ടിൽ നിന്ന് വിഷ്ണു കോടതി വരാന്തയിലേക്കു നോക്കി. ഉവ്വ്, അവിടെയുണ്ട് അനു! അച്ഛനോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. വിവാഹമോചനം കിട്ടിയ സന്തോഷത്തിലാണവർ. പെട്ടന്നു തുളുമ്പിയ കണ്ണുകൾ മറച്ചു പിടിക്കാൻ നടത്തിയ ശ്രമം വിഫലമാകുന്നത് അറിഞ്ഞിട്ടും ദൂരേക്കു നോക്കി കണ്ണുകൾ ചിമ്മി.

കേറൂ, പോകാം " ബൈക്ക് സ്റ്റാർട്ട് ചെയ്ത് വിനു പറഞ്ഞു.

എന്തിനായിരുന്നു എന്നിലേക്കു വന്നതെന്ന ചോദ്യം അവിടെ ഉപേക്ഷിച്ചെങ്കിലും കോടതി വരാന്തയിൽ നില്ക്കുന്ന അനുവിനെ ഒരിക്കൽ ക്കൂടി തിരിഞ്ഞു നോക്കാതിരിക്കാനായില്ല.  





Related Posts Plugin for WordPress, Blogger...