Saturday, August 20, 2016

ഹൃദയത്തിലേക്ക് തുറന്ന സൗഹൃദവാതിൽ
'ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. സ്ത്രീ പ്രവാസത്തെ ആസ്പദമാക്കി ശ്രീമതി. അനുരാധമേനോൻ എഴുതിയ ' ചിറകില്ലാത്ത പറവകൾ' നോവൽ വിഭാഗത്തിലും, ശ്രീ.രഘുറാമിന്റെ "അക്കരപ്പച്ചകൾ' ലേഖന വിഭാഗത്തിലും ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായി'. ടിവിയിൽ വാർത്ത വായന തുടർന്നുകൊണ്ടിരുന്നു.....

അനുരാധ മേനോൻ ആഹ്ലാദത്തോടെ ഫോണിൽ മാത്യൂസിനെ വിളിച്ചു. 

"താങ്ക്സ്താങ്ക്സ് ഫോർ എവരിതിങ്ങ് .... എന്നെ ഞാനാക്കിയതിന് .... എന്നിലെ എന്നെ തിരിച്ചറിയാൻ സഹായിച്ചതിന്.... എല്ലാത്തിനും നന്ദി മാത്യൂസ്.... "

"ഏയ്എന്തായിത്... തന്റെ കഴിവ് സാഹിത്യ ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതിൽ എനിക്കെന്തിനു നന്ദി....?"

"അതല്ലമാത്യുസ്നീയില്ലായിരുന്നെങ്കിൽ.... ഞാനിന്നും സ്വർണക്കൂട്ടിലെ പക്ഷിയായിനാല് ചുവരുകൾക്കുള്ളിൽ .... "

ഡോണ്ട് ബി സില്ലി അനൂ , കാലം തനിക്കായി കരുതി വെച്ച ചിലതുണ്ട് ,. അതിന് ഞാനൊരു നിമിത്തമായെങ്കിൽ ഐ ആം പ്രൌഡ് ഓഫ് ഇറ്റ്‌ ...."

അപ്പുറത്തു നിറയുന്ന നിശബ്ദത അനുരാധയുടെ അടക്കിപ്പിടിച്ച തേങ്ങലാവുമെന്നു മനസിലാക്കിമാത്യൂസ് ഫോൺ കട്ട് ചെയ്തു. 

മനസ്സിൽ നിറയുന്ന ഓർമകളുടെ വേലിയേറ്റത്തിൽ അനുരാധ സോഫയിലേക്ക് ചാരി കണ്ണടച്ചു....

'ഹായ്ഹൌ ആർ യു ....?
ഐ തിങ്ക്‌  യു ആർ ബിസിസൊ സീ യു ലേറ്റർ ....'

ഫേസ്ബുക്കിലെ ചാറ്റിൽ വന്ന മെസേജ് സാധാരണയെന്നപോലെ അവൾ അവഗണിച്ചു.

ഏതാനും ദിവസങ്ങൾക്കു ശേഷം വീണ്ടും ഒരു ഹായ് വിളി.... മൈൻഡ് ചെയ്യാതിരുന്നാൽ തനിയെ ഒഴിഞ്ഞു പോകുമെന്ന് അനുഭവം.... മൗനം പാലിച്ചു.

ആഴ്ചകൾക്കു ശേഷം ഓണ്‍ലൈനിൽ വന്നപ്പോൾ വീണ്ടും അയാളുടെ ഹായ് മെസേജ് .... 
മറുപടിയായി ഹായ്, ഹൌ ആർ യു?’ എന്നു ടൈപ്പ് ചെയ്ത് അയച്ചപ്പോൾ ആളുടെ ലക്ഷ്യം എന്തെന്ന് മനസിലാക്കലായിരുന്നു ഉദ്ദേശ്യം. 

"മലയാളിയാണല്ലോമലയാളത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടോ എന്ന ചോദ്യം മലയാള ലിപികളിൽ ....

"സന്തോഷമേയുള്ളൂ" എന്ന് മംഗ്ലീഷിൽ ടൈപ്പ് ചെയ്തതിന് മലയാളം ടൈപ്പ് ചെയ്യാനുള്ള   ‘മൊഴി എന്ന സോഫ്റ്റ്‌വെയറിന്റെ ലിങ്ക് തന്ന് അത് ഇൻസ്റ്റോൾ ചെയ്താൽ മതി മലയാളത്തിൽ ടൈപ്പ് ചെയ്യാം എന്ന് മറുപടി.

മൊഴി ഇൻസ്റ്റോൾ ചെയ്ത്മലയാളത്തിൽ പരിചയപ്പെട്ടപ്പോൾ മനസ്സിൽ ഒരു കുളിർക്കാറ്റ് വീശിയ സുഖം....  പരിചയം സൌഹൃദമായി .... 

അങ്ങിനെയൊരിക്കൽ മാത്യൂസാണ് പറഞ്ഞത്,
തന്റെ സംസാരത്തിൽ മുഴുവൻ സാഹിത്യമാണല്ലോ ... തനിക്ക് എന്തെങ്കിലുമൊക്കെ എഴുതിക്കൂടെ....?"

"ഞാനോഎന്തെഴുതാൻ ....? " സംഭ്രമത്തോടെ ചോദിച്ചു.

"താൻ എന്നോട്  വിശേഷങ്ങൾ പറയുന്നത് പോലെ എഴുതൂ... ഒക്കെ ശരിയായിക്കോളും " മാത്യു സ് തന്നെ പരിഹസിക്കുന്നതാവും എന്ന തോന്നലിൽ  പറഞ്ഞതൊക്കെ അവഗണിച്ചു. 

നല്ലൊരു ശ്രോതാവ് ആയതിനാൽ മാത്യൂസിനോട് മനസ്സു തുറന്നു സംസാരിച്ചിരുന്നു. .... അതിനാൽ മാത്യുസ്  വിടാതെ കഥയെഴുതാൻ നിർബന്ധിച്ചു. അങ്ങിനെയാണ് പണ്ടെങ്ങോ കൂട് വിട്ടു പോയ കഥപ്പക്ഷി വീണ്ടും മനസ്സിന്റെ ചില്ലയിലേക്കെത്തിയത്. അവിടെ നാരും തളിരുമൊക്കെ ചേർത്ത് കൂടുണ്ടാക്കിയതും അടയിരുന്ന് കഥ മുട്ടകളെ വിരിയിപ്പിച്ചതും.

എഴുതിയ ഒരു കഥ മാത്യൂസിന് മെയിൽ ചെയ്ത് കാത്തിരുന്നു. കൊള്ളാം എന്ന ഒറ്റ വാക്കിലെ മറുപടി നിരാശപ്പെടുത്തി. ഇനി ഒന്നും എഴുതുന്നില്ല എന്ന തീരുമാനവും എടുത്തു. പിന്നെയും മാത്യൂസുമായി സംസാരിച്ചുവെങ്കിലും കഥയെപ്പറ്റി ഒന്നും മിണ്ടിയില്ല. എന്നാൽ രണ്ടാഴ്ചക്കു ശേഷം ഓണ്‍ലൈനിൽ കണ്ടപ്പോൾ,മാത്യൂസ് ചോദിച്ചു, 

 "ഇന്നത്തെ  കലാകൌമുദി കണ്ടോ " 

ഇല്ലെന്ന്  മറുപടി ടൈപ്പ് ചെയ്തയച്ചു കാത്തിരുന്നപ്പോൾ , മെയിൽ നോക്കു എന്ന മെസേജ്..... മെയിൽ തുറന്നപ്പോൾ കലാകൌമുദിയിൽ താൻ മാത്യൂസിന് അയച്ച കഥ തന്റെ പേരിൽ തന്നെ അച്ചടിച്ചു വന്നത് മാത്യൂസ്‌ സ്കാൻ ചെയ്ത് അയച്ചിരിക്കുന്നു. ആഹ്ലാദം മുഴുവൻ മഴയായി പെയ്ത് കവിളിലൂടെ ഒഴുകിയിറങ്ങി ... 

മക്കളില്ലാത്ത താൻ അന്നു മുതൽ കഥക്കുഞ്ഞുങ്ങളെ പ്രസവിച്ചു കൊണ്ടിരുന്നു. ഓരോ കഥയേയും അരുമയോടെ വളർത്തിക്കൊണ്ടു വന്നത് മാത്യൂസ് എന്ന സുഹൃത്താണ്. മാത്യൂസിന്റെ അഭിപ്രായ പ്രകാരം തന്നെയാണ് പെണ്‍പ്രവാസത്തെ ആധാരമാക്കി നോവൽ എഴുതിയതും....

മാത്യൂസിനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ.... ! 

പലപ്പോഴും ആലോചിട്ടുണ്ട്തന്റെ ജീവിതം ആ സ്വർണക്കൂട്ടിൽ ആടയാഭരണങ്ങൾ അണിഞ്ഞിരുന്നേനെ.  മാത്യുസുമായുള്ള ചങ്ങാത്തം ജീവിതത്തെ പേരറിയാത്ത വഴികളിലൂടെയാണ് കൊണ്ടു പോയത്. 

മാത്യൂസ്‌ എന്ന സൈബർ സുഹൃത്തിനെ കണ്ടുപിടിച്ച തന്റെ ഭർത്താവ് രവി, തന്റെ മേൽ ഒരു കുറ്റം കണ്ടുപിടിക്കാൻ കഴിഞ്ഞതിന്റെ അത്യാഹ്ലാദത്തിലായിരുന്നു. ചോദ്യങ്ങളോ പറച്ചിലോ ഒന്നുമുണ്ടായില്ല. ഒരു വിശദീകരണത്തിനും താനും ഒരുക്കമായിരുന്നില്ല. അല്ലെങ്കിൽത്തന്നെ വഴി പിരിഞ്ഞു പോയ മനസ്സുകൾക്ക് ഒന്നിച്ചു ചേരാൻ കഴിയുമായിരുന്നില്ല.   ആ അവസരം മുതലെടുത്ത്‌ വിവാഹമോചനത്തിന് അപേക്ഷ കൊടുക്കുകയും തന്നെ ഒരു വ്യഭിചാരിണിയായി മുദ്ര കുത്തുകയും ചെയ്തപ്പോഴും മൌനത്തെ തന്നെയാണ് കൂട്ട് പിടിച്ചത്. 

അധികം വൈകാതെ രവി തന്റെ സ്വാതന്ത്ര്യത്തിലേക്ക് ഓടിപ്പോയി. ആളൊഴിഞ്ഞ കൂട്ടിൽ നിന്നും സ്നേഹഭവനിലേക്ക് താനും .....

 പിന്നെഎഴുത്തിന്റെകഥകളുടെ ഒരു പ്രവാഹമായിരുന്നു. തുടർന്ന് നോവൽ.... ഇപ്പോഴിതാ അപ്രതീക്ഷമായി,  കേരള സാഹിത്യ അക്കാദമി അവാർഡും.... !

" ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ...... " ഇഷ്ട ഗാനത്തിന്റെ ഈരടികൾ  സെൽ ഫോൺ നിർത്താതെ പാടിക്കൊണ്ടിരുന്നു.... പുറത്ത് ഭൂമിയെ തഴുകിത്തലോടി തണുപ്പിക്കാൻ ശ്രമിക്കുന്ന വേനൽ മഴ.... നനഞ്ഞ മണ്ണിന്റെ ഗന്ധവും പേറി ആടിപ്പാടി വന്ന കാറ്റ്, ശരീരത്തിലും ഹൃദയത്തിലും പടർത്തിയ പുത്തനുണർവ് അനുരാധയുടെ ചുണ്ടുകളിൽ പുഞ്ചിരിയായി വിടർന്നു....


അഭിരാമ കഥാമഞ്ജരിയിൽ പ്രസിദ്ധീകരിച്ചത്.
Wednesday, July 13, 2016

ക്രിസ്റ്റിന - ഒരു പെണ്‍ചരിതം
ധ്വനി മാസികയിലും ഇ-മഷിയിലും  പ്രസിദ്ധീകരിച്ചത്.സ്ക്വയർ വണ്ണിലെ ഫുഡ്‌ കോർട്ടിൽ നിന്നും പുറത്തു കടക്കുമ്പോൾ ക്രിസ്റ്റീനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. തുളുമ്പിവീഴാതിരിക്കാൻ വളരെയേറെ പാടുപെടേണ്ടി വന്നെങ്കിലും ആരുടേയും ശ്രദ്ധയിൽപ്പെടാതെ പാർക്കിംഗ് ലോട്ടിൽ എത്തിപ്പെടാൻ കഴിഞ്ഞതിൽ ആശ്വസിക്കുകയായിരുന്നു . പക്ഷേ, തന്റെ കാർ എവിടെയെന്ന് കണ്ടുപിടിക്കാൻ കഴിയാതെ ബേസ്മെന്റ് പാർക്കിങ്ങിന്റെ നാലാം നിലയിൽ  കുറേ നേരം ചുറ്റിത്തിരിഞ്ഞ ശേഷമാണ് തന്റെ കാർ മൂന്നാം നിലയിലാണല്ലോ എന്നോർമ്മ വന്നത്. വീണ്ടും ലിഫ്റ്റിലൂടെ മൂന്നാം നിലയിൽ എത്തി, കാർ കണ്ടുപിടിച്ചു അകത്തു കടന്നതും ആകെ തളർന്നു പോയി,  സീറ്റിലേക്ക് ചാരിക്കിടന്നു കണ്ണടച്ചു. 

കഴിഞ്ഞു പോയ നിമിഷങ്ങൾ ഒരു തിരശീലയിലെന്ന പോലെ ഉൾക്കണ്ണിൽ തെളിഞ്ഞു ..... !

വിവാഹത്തെപ്പറ്റി സംസാരിക്കണം എന്നുറപ്പിച്ചാണ്  പീറ്ററെ കാണാൻ സ്ക്വയർ വൺ മാളിൽ എത്തിയത്. തന്നെയും കാത്തിരിക്കുന്ന അയാളെ കണ്ടപ്പോൾ മനസ്സും ശരീരവും  പ്രണയത്താൽ തരളിതമാകുന്നത് അടക്കിപ്പിടിക്കാൻ ശ്രമിച്ച് മെല്ലെ പീറ്ററിനടുത്തേക്ക്  നടന്നു.....  

കഴിഞ്ഞ ഏഴെട്ടു മാസങ്ങളിലെ പരിചയവും അടുപ്പവും കൊണ്ടാവണം,  പീറ്റർ ഇപ്പോൾ ആലിംഗനം  ചെയ്യാൻ മുതിരാറില്ല. പകരം കയ്യിൽ മെല്ലെ പിടിച്ചാണ് സ്വാഗതം ചെയ്തത്.  തന്നെ  പീറ്റർ മനസിലാക്കുന്നുവെന്ന തോന്നലിലാണ് വിവാഹത്തെപ്പറ്റി സംസാരിക്കാൻ വന്നത്. 

"കോഫി? " പീറ്ററിന്റെ ചോദ്യത്തിന് മറുപടി ഒരു പുഞ്ചിരിയിൽ നൽകി മനസ്സിനെ വീണ്ടും  ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു

ടിംസിൽ നിന്നും രണ്ടു  കപ്പ്‌ കോഫിയുമായി എത്തിയ പീറ്റർ തന്നെ സംഭാഷണവും തുടങ്ങി വെച്ചു.

"എന്തിനാണ് അത്യാവശ്യമായി കാണണം എന്നു പറഞ്ഞത്....? "

"അതു പിന്നെ, ഒന്നുമില്ല പീറ്റർ, വെറുതെ കാണണമെന്ന് തോന്നി...."

അല്ലല്ല, എന്തോ ഉണ്ട്, ധൈര്യമായി പറഞ്ഞോളൂ, ...."

"അത്, നമുക്ക് വിവാഹം കഴിച്ചാലോ പീറ്റർ?"

വാട്ട്? വിവാഹം? നമ്മൾ ഇതുവരെ ഡേറ്റിംഗ്  തുടങ്ങിയിട്ടില്ല, ഒരുമിച്ച് ഉറങ്ങിയിട്ടില്ല, പിന്നെ, എങ്ങിനെ വിവാഹത്തെപ്പറ്റി ആലോചിക്കും, തന്റെ കൂടെയുള്ള സെക്സ് എങ്ങിനെയെന്നു പോലും അറിയാതെ..... എനിക്ക് വിവാഹത്തെപ്പറ്റി ചിന്തിക്കാൻ പോലും പറ്റില്ല. "

"പീറ്റർ, ഞാൻ പറഞ്ഞതല്ലേ, ഒരു വിവാഹത്തിലൂടെ മാത്രമേ സെക്സിന് എന്റെ മനസ്സും ശരീരവും തയ്യാറാവൂ എന്ന്...! നീ എന്നെ മനസിലാക്കിയിട്ടുണ്ടാവും എന്നോർത്താണ് ഇപ്പോൾ വിവാഹക്കാര്യം പറഞ്ഞത്. ദയവായി ക്ഷമിക്കുക."

കൂടുതൽ പറയാനോ അവിടെ ഇരിക്കാനോ തോന്നിയില്ല. യാത്ര പോലും പറയാതെ വേഗം എഴുന്നേറ്റു പോന്നു.....

കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ച്, സൈഡ് വ്യൂ മിററിലൂടെ കണ്ട തന്റെ മുഖത്തേക്ക്  സൂക്ഷിച്ചു നോക്കി....  നിറഞ്ഞ മിഴികൾക്കപ്പുറം അമ്മയുടെ മുഖമാണ് അപ്പോൾ അവിടെ തെളിഞ്ഞു വന്നത്. 

അമ്മ...!
എന്തു  ചെയ്യുകയായിരിക്കും അവരിപ്പോൾ....? തന്റെ മക്കൾക്ക് ഭക്ഷണം ഉണ്ടാക്കുകയോ അവരുടെ തുണികൾ കഴുകുകയോ ആവാം. അല്ലെങ്കിൽ തല്ലു കൂടുന്ന അവരെ സ്നേഹത്തോടെ ശാസിക്കുകയാവും ...

എന്തൊക്കെ സ്വപ്നങ്ങളോടെയാണ് നൈജീരിയയിൽ നിന്നും അമ്മയെ തേടി എത്തിയത്  .തനിക്ക്  മൂന്നു വയസുള്ളപ്പോഴാണ് അച്ഛനിൽ നിന്നും പിരിഞ്ഞു അമ്മ  പോയത്. രണ്ടു വർഷങ്ങൾക്കുള്ളിൽ അച്ഛനും വേറൊരു കുടുംബമായപ്പോൾ അനാഥമായത്‌ കുഞ്ഞു ക്രിസ്റ്റിനയാണ്.അച്ഛന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ തന്നോട്  രണ്ടാനമ്മ കാണിക്കുന്ന ക്രൂരതകൾ.... വിശന്നു കരഞ്ഞുറങ്ങിയ നാളുകളെപ്പറ്റി ഓർക്കുമ്പോൾ ഇപ്പോഴും കണ്ണു നിറയുന്നല്ലോ.... അച്ഛനും മർദ്ദനം തുടങ്ങിയതോടെയാണ്‌ തന്നെ സ്വന്തം  കുഞ്ഞുങ്ങളോടൊപ്പം വളർത്താൻ അമ്മായി കൊണ്ടു പോയത്.  അവിടെ ഭക്ഷണത്തിന് കുറവുണ്ടായിരുന്നെങ്കിലും പേടിക്കാതെ കിടന്നുറങ്ങാൻ കഴിഞ്ഞിരുന്നു.  രാപ്പകൽ ജോലി ചെയ്താലും അമ്മായിയും അഞ്ചു മക്കളും താനും  അടങ്ങുന്ന വലിയ കുടുംബത്തെ പോറ്റാൻ അമ്മായി കഷ്ടപ്പെട്ടു. അതിനാൽ കുട്ടികളെ ആരെയും സ്കൂളിൽ പോലും അയക്കാൻ  അമ്മായിക്ക് കഴിഞ്ഞില്ല. ഇതിനിടെ അമ്മായി വയ്യാതെ കിടപ്പിലാവുകയും ചെയ്തു. അമ്മായിയുടെ മൂത്ത മകൻ പന്ത്രണ്ടു വയസുകാരൻ ആൽഫ്രെഡ് ചുമടെടുക്കാൻ പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കഴിഞ്ഞു പോയ ആ നാളുകളുടെ തളർന്ന മുഖം ഇപ്പോഴും കണ്ണു നനയിക്കുന്നു.  ആ കുടുംബം എങ്ങിനെയൊക്കെയോ മുന്നോട്ടു പോയി. ആൽഫ്രഡ്‌ പണിയെടുക്കാൻ പോയ സ്ഥലത്തെ ഒരു നല്ല മനുഷ്യൻ അവനെ പഠിക്കാൻ പ്രേരിപ്പിച്ചു. അങ്ങിനെ ആൽഫ്രെഡ് സ്കൂളിൽ പോകാതെ തന്നെ അദ്ദേഹത്തിൽ നിന്നും പഠനം ആരംഭിച്ചു.

താൻ പഠിക്കുന്നത്, ആൽഫ്രെഡ്   വീട്ടിൽ വന്നു സഹോദരങ്ങളേയും  പഠിപ്പിക്കും. അങ്ങിനെ ദാരിദ്ര്യത്തിനിടയിലും ഒരു മാതിരിയൊക്കെ  എഴുതാനും വായിക്കാനും പഠിച്ചു.  പറയുന്ന പോലെ എളുപ്പമല്ലായിരുന്നെങ്കിലും എഴുതാനും വായിക്കാനും കഴിയുക എന്നത്  വളരെ വലിയൊരു കാര്യം തന്നെയായിരുന്നു. 

തനിക്ക് ഏതാണ്ട് പതിനാലു വയസുള്ളപ്പോഴാണ് അമ്മായിയുടെ മരണം. അതിനു മുൻപേ എപ്പോഴോ ഒരിക്കൽ അവളുടെ അമ്മ കാനഡയിൽ ഉണ്ടെന്നു അമ്മായി പറഞ്ഞിരുന്നു. എന്നാൽ വിശദ വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു. അമ്മായിയുടെ മരണത്തിൽ  കുടുംബമാകെ  പകച്ചു പോയെങ്കിലും ആൽഫ്രെഡിന്റെ ധൈര്യത്തിൽ അവർ മുന്നോട്ടു പോകുന്നതിനിടയിലാണ് തന്നോട്  കാനഡയിൽ പോയി രക്ഷപ്പെടാൻ അവൻ ഉപദേശിക്കുന്നത്. ഒരാളെങ്കിലും രക്ഷപ്പെടുമല്ലോ എന്ന ചിന്തയായിരുന്നു അതിനു പിന്നിൽ  . എവിടെയൊക്കെയോ ഓടി നടന്ന്  അമ്മയുടെ വിലാസം കണ്ടുപിടിച്ചു കൊണ്ടു  വന്നു അവൻ. അമ്മക്ക് കത്തെഴുതി കാത്തിരുന്ന കാലത്തെ ഓർക്കുമ്പോൾ ഇപ്പോഴും ഹൃദയം വിങ്ങുകയാണ്....

അമ്മയുടെ ആദ്യ മറുപടി വന്നപ്പോൾ , തനിക്ക് അമ്മയുണ്ടെന്ന സത്യം അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം ഇപ്പോഴും മധുരിക്കുന്ന ഓർമ്മ  . കുറെ നേരത്തേക്ക് കത്ത് തുറക്കാൻ പോലുമുള്ള ധൈര്യമില്ലായിരുന്നു. ഒടുവിൽ ആൽഫ്രെഡാണ് ആ കത്തു തുറന്നത്. 

എന്നാൽ, കത്തിൽ അമ്മയ്ക്കും വേറൊരു കുടുംബം ഉണ്ടെന്നും അതിനാൽ കൂടെ കൊണ്ടു  പോകാൻ കഴിയില്ലെന്നും അമ്മ എഴുതിയത് വായിച്ചു കേട്ടപ്പോൾ ഹൃദയം നിന്നു പോയ പോലെയാണ് അനുഭവപ്പെട്ടതെന്ന് അവൾ കണ്ണീരോടെ ഓർത്തു.    എങ്കിലും ക്രിസ്റ്റിനയെ സ്പോണ്‍സർ ചെയ്യാം എന്ന അമ്മ എഴുതിയിരുന്നു. പോയി രക്ഷപ്പെടാൻ ആൽഫ്രെഡ് അടക്കമുള്ളവർ  ഉപദേശിച്ചിട്ടും മനസ്സ് പിന്തിരിഞ്ഞു നിന്നു.  നിർബന്ധം സഹിക്കാതെ വന്നപ്പോഴാണ് അർദ്ധസമ്മതം മൂളിയത്. . അങ്ങിനെ , അമ്മയുടെ സ്പോണ്‍സർഷിപ്പിൽ പതിനേഴാം വയസ്സിൽ  കാനഡയിൽ. 

അമ്മയുടെ വീട്ടിൽ ഒരാഴ്ച താമസിക്കാനേ കഴിഞ്ഞുവെങ്കിലും അമ്മക്ക് മറ്റു മൂന്നു മക്കളോടായിരുന്നു സ്നേഹം മുഴുവൻ. അമ്മയുടെ ഒരു ആലിംഗനത്തിനായി ഒരു പാടു കൊതിച്ചെങ്കിലും .... ഒന്നും കിട്ടിയില്ല. അന്നൊക്കെ തന്റെ അർദ്ധസഹോദരങ്ങളോട് അസൂയയും ദേഷ്യവുമാണുണ്ടായിരുന്നത്.  അമ്മായി പോലും ഇതിൽ കൂടുതൽ തന്നെ സ്നേഹിച്ചിരുന്നല്ലോ എന്നോർത്ത് ആരും കാണാതെ എത്ര കരഞ്ഞിരിക്കുന്നു ആ  ദിവസങ്ങളിൽ ... .!!

ഏതോ ഒരാളോടെന്ന പോലെയുള്ള അമ്മയുടെ പെരുമാറ്റം ഹൃദയത്തെ കുത്തി നോവിക്കുമ്പോഴും വീട്ടു ജോലികളിൽ  സഹായിക്കാൻ ചെന്ന തന്നെ അവർ മാറ്റി നിർത്തിയപ്പോഴും സ്നേഹത്തിനായി കൊതിച്ചു പിടയുകയായിരുന്നുവെന്ന് അവർ അറിഞ്ഞതേയില്ലല്ലോ ....! 

ഒരാഴ്ച കഴിഞ്ഞു, വേറൊരു അപ്പാർട്ട്മെന്റിലേക്ക് അമ്മ തന്നെ  മാറ്റിപ്പാർപ്പിച്ചു. ഏതോ ഗുഹയിൽ തനിച്ചകപ്പെട്ട പോലെ ആ അപ്പാർട്ട്മെന്റിൽ കിടന്നു കരഞ്ഞു തീർത്തു.ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. ആരുമില്ലാതെ, ആർക്കും വേണ്ടാതെ എന്തിന് ഇങ്ങിനെയൊരു ജന്മം... ? തന്നെ വേണ്ടായിരുന്നെങ്കിൽ ജനിച്ചപ്പോഴേ ഇല്ലാതാക്കാമായിരുന്നില്ലെ ...? നൂറു നൂറു ഉത്തരമില്ലാത്ത ചോദ്യങ്ങൾ ...! 

എന്നാൽ, ആൽഫ്രെഡിന്റെ കത്ത് ജീവിക്കണം എന്ന പ്രേരണയുണ്ടാക്കി.  അങ്ങിനെ നാളുകൾക്കു ശേഷം  പുറത്തിറങ്ങി, ജോലി അന്വേഷിക്കാൻ തുടങ്ങി. സിൻ കാർഡ്‌ കിട്ടുന്നവരെ കാഷ് ജോബ്സ് ചെയ്തു. അത്യാവശ്യത്തിനുള്ളത് മാത്രം എടുത്ത് പണം ബാക്കി ചേർത്ത് വെച്ചു. അതിനിടയിൽ കൂടെ ജോലി ചെയ്യുന്നവരിൽ നിന്നും കേട്ടറിഞ്ഞ് അഡൽറ്റ് സ്കൂളിൽ പഠിക്കാൻ ചേർന്നു. സ്വപ്രയത്നത്താൽ ഇന്നൊരു പേർസണൽ സപ്പോർട്ട് വർക്കർ ആയിത്തീരുകയും    നൈജീരിയയിലുള്ള അമ്മായിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നുണ്ട്. ... അതേ, കരഞ്ഞു തീർക്കേണ്ടതല്ല തന്റെ ജീവിതം... പീറ്റർ പോയതിൽ സങ്കടമുണ്ടെങ്കിലും താൻ ജീവിക്കും.    


തന്റെ കുഞ്ഞുങ്ങൾ പിറക്കുന്നത് വെറും സെക്സിൽ നിന്നാവില്ല, സ്നേഹത്തിൽ നിന്ന്.... അച്ഛനും അമ്മയും ചേർന്ന കുടുംബത്തിൽ നിന്നാവണം .... കെട്ടുറപ്പുള്ള ഒരു കുടുംബജീവിതത്തിൽനിന്നാല്ലാതെ   ഒരു കുഞ്ഞ് തനിക്കുണ്ടാവില്ല എന്നത് വീണ്ടും വീണ്ടും മനസ്സിൽ ഉറപ്പിച്ച്  ക്രിസ്റ്റീന കാർ സ്റ്റാർട്ട്‌ ചെയ്തു. കാറിന്റെ വേഗത അവൾ അറിഞ്ഞില്ല. മനസ്സിൽ ആർജ്ജിച്ചെടുത്ത തന്റേടം വേഗതക്കൊപ്പം ചരിക്കുകയായിരുന്നു........

Sunday, June 19, 2016

അച്ഛൻ - സ്നേഹത്തിന്റെ കുളിരും സുരക്ഷിതത്വത്തിന്റെ തണലും...എന്നും എപ്പോഴും ഫേസ്ബുക്കിൽ നിറയെ  അമ്മസ്നേഹത്തിന്റെ പോസ്റ്റുകൾ. അതിലൊരു നിഴലായിപ്പോലും തെളിയാത്ത അച്ഛൻ .... അമ്മസ്നേഹത്തിന്  അമ്മിഞ്ഞപ്പാലിന്റെ മണവും നൈർമല്യവുമാണെങ്കിൽ അച്ഛൻസ്നേഹത്തിന് സുരക്ഷിതത്വത്തിന്റെ വജ്രകാഠിന്യവും ഹൃദയത്തിന്റെ ആർദ്രതയുമാണെനിക്കെന്നും.... 

ബാല്യത്തിലെ ഓർമ്മകളിൽ വല്ലപ്പോഴും ജോലിസ്ഥലത്തുനിന്നും വന്നെത്തുന്ന അതിഥിയായിരുന്നു അച്ഛൻ. കൊട്ടാരംഅമ്പലത്തിലെ താലപ്പൊലിക്ക് വെടിക്കെട്ടു കാണാൻ കൊണ്ടുപോകാം എന്ന വാഗ്ദാനം പാലിക്കാൻ ഓടിയെത്തിയതായിരുന്നു അത്തവണ. ഈ വെടിക്കെട്ട്‌ ഞങ്ങളുടെ നാട്ടുകാരുടെ ഒരു ദൗർബല്യമാണ് . അതിൽ ജാതിമതഭേദമില്ല. ആ സമയത്താണ് മറുനാടുകളിൽ ജോലി ചെയ്യുന്നവരും മറ്റും അവധിക്കുവരുന്നതും കൂട്ടുകാരും ബന്ധുക്കളും ഒക്കെയായി ഉത്സവത്തെ ആഘോഷമാക്കിത്തീർക്കുന്നതും .... 

സ്ലേറ്റിൽ ' എനിക്ക് മുണ്ടിനീരും പനിയുമാണ് ' എന്നെഴുതിവച്ച് രാവിലെ മുതൽ അച്ഛനെ കാത്തിരിക്കുകയാണ് , ... സന്ധ്യയായപ്പോൾ ആ കാത്തിരിപ്പ് ഗേറ്റിങ്കലായി ....   അച്ഛൻ ടാക്സിയിൽ വന്നിറങ്ങിയതും കൈയിലിരുന്ന സ്ലേറ്റ് പൊക്കിക്കാണിച്ചു. വാരിയെടുത്തുമ്മ വെച്ച് 'സാരോല്യ, ന്നാലും നമുക്ക് വെടിക്കെട്ടു കാണാൻ പോകാം' എന്നുപറഞ്ഞ് എന്റെ കുഞ്ഞു മനസ്സിനെ തൊട്ടു തലോടി. രാത്രിയിൽ അച്ഛന്റെ കൈയിൽ പിടിച്ചു വെടിക്കെട്ട്‌ കാണാൻ പോയത് അഭിമാനത്തോടെയാണ്. കാരണം, മുണ്ടിനീരും പനിയും ആയതുകൊണ്ട് എന്നെ കൊണ്ടുപോവില്ലെന്ന് കസിൻസ് രാവിലെ മുതൽ എന്നെ വേവലാതിയുടെ കയത്തിലേക്ക് തള്ളിയിട്ടു വേദനിപ്പിച്ചുകൊണ്ടിരുന്നു. ഒപ്പം, വെടിക്കെട്ട്‌ കാണാൻ പോകുമ്പോൾ അവർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കളിസമാനങ്ങളുടെ വർണനകളും ഒക്കെ കണ്ണുനീരായി എന്റെ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. പക്ഷേ,  അച്ഛൻ അതെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി എനിക്കു തന്ന വാക്കു പാലിച്ചു. പിന്നെയും ഒരുപാട് ഉത്സവങ്ങൾക്ക് അച്ഛൻ കൊണ്ടുപോയിട്ടുണ്ടെങ്കിലും അന്നത്തെ ഉത്സവം ഒരു മഞ്ഞുതുള്ളി പോലെ ഹൃദയത്തിൽ പറ്റിച്ചേർന്നു നിൽക്കുന്നു.

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ , യൂറിക്ക പരീക്ഷയുടെ സബ് ജില്ല തലത്തിൽ പരീക്ഷയെഴുതാൻ എന്നെയും അനിൽകുമാറിനെയും കൂട്ടി തൃപ്പൂണിത്തുറയ്ക്ക് പോയതാണ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ആയ ട്രീസ ടീച്ചർ. ബസ് സ്റ്റാൻഡിൽ എന്നെ തനിച്ചാക്കി അനിൽകുമാറിനെയും കൊണ്ട് ടീച്ചർ എങ്ങോട്ടോ പോയി. ഇപ്പോൾ വരാമെന്നു പറഞ്ഞു പോയ ടീച്ചറെയും അനിൽകുമാറിനെയും കാണാതെ , പരിചയമില്ലാത്തിടത്ത് നിൽക്കുമ്പോൾ കരച്ചിൽ വന്നു ഉള്ളിൽ തിക്കുമുട്ടുകയായിരുന്നു. മണിക്കൂറുകളുടെ നിൽപ്പിനൊടുവിൽ അതു വഴി വന്ന ഒരു ബസ്സിൽ ഉണ്ടായിരുന്ന ഞങ്ങളുടെ മലയാളം മാഷ് , ബസ്സിൽ ഇരുന്ന് ഒറ്റയ്ക്ക് നില്ക്കുന്ന എന്നെ കാണുകയും വിളിച്ചു കേറ്റിക്കൊണ്ടു പോരുകയും ചെയ്തു. അന്ന് , കാലിലെ മുറിവ് കാരണം അച്ഛൻ ആശുപത്രിയിലായിരുന്നു. മാഷ്, നേരെ ആശുപത്രിയിലേക്കാണ് എന്നെയും കൊണ്ടു പോയത്.

അവിടെ,തൃപ്പൂണിത്തുറ സ്റ്റാൻഡിൽ എന്നെ വിട്ടിട്ടു പോയ ട്രീസടീച്ചർ .... ' എന്റെ കുഞ്ഞിനെ താ .... ' എന്ന് അവരോടു കയർക്കുന്ന അച്ഛനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു അച്ഛന്റെ സഹപാഠിയും സുഹൃത്തും കൂടിയായ ട്രീസ ടീച്ചർ.  'എന്റെ കുഞ്ഞിനെ തന്നാൽ മാത്രം മതി ' എന്ന് വീണ്ടും വീണ്ടും ഗദ്ഗധത്തോടെ പറയുന്നതും കേട്ടാണ് മാഷ് എന്നെയും കൊണ്ട് മുറിക്കകത്തു കയറുന്നത്. കണ്ടപാടെ ചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞ അച്ഛനോടൊപ്പം ഞാനും വിമ്മിക്കരഞ്ഞു കൊണ്ടിരുന്നു.

ഒരു സ്‌കൂളിൽ നിന്നും രണ്ടു കുട്ടികളെ പരീക്ഷക്കിരുത്തുകയില്ല. രണ്ടുമൂന്ന് പ്രാവശ്യം പരീക്ഷ എഴുതിച്ചിട്ടും ഒരേപോലെ മാർക്ക് കിട്ടിയതിനാൽ ആരെ തഴയും എന്ന ആശയക്കുഴപ്പത്തിലാണ് രണ്ടു പേരെയും ടീച്ചർ കൊണ്ടു പോയത്.  പിന്നെ, തിരികെ വന്ന് അനിൽക്കുമാറിന് വേണ്ടി എന്നെ ഒഴിവാക്കിയ കാര്യം അച്ഛനോടു പറയുകയായിരുന്നു അവർ . പാവപ്പെട്ട വീട്ടിലെ കുട്ടിയായ അനിൽക്കുമാറിന് അതൊരു സഹായമാകും എന്നൊക്കെ വിശദീകരിക്കാൻ ശ്രമിച്ച ടീച്ചറോട്, " എന്റെ കുഞ്ഞിന്റെ മനസ്സ് വേദനിപ്പിക്കേണ്ടായിരുന്നു, ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ മോളോട് പറഞ്ഞേനേ .... " ടീച്ചറുടെ ന്യായീകരണങ്ങൾ ചെവിക്കൊള്ളാൻ അച്ഛൻ കൂട്ടാക്കിയില്ല. അതിൽപിന്നീട്, ഒരു മത്സര പരീക്ഷയ്ക്കും അച്ഛൻ എന്നെ അയച്ചിട്ടില്ല.  അനിൽക്കുമാറിന്റെ പഠനച്ചെലവുകൾ അച്ഛൻ ഏറ്റെടുത്തത് , അനിൽക്കുമാറിനോട് എന്റെ കുഞ്ഞുമനസ്സിൽ വിദ്വേഷം ഉണ്ടാകാതിരിക്കാൻ വേണ്ടിക്കൂടിയാണ്. ഇന്നും എന്റെ നല്ലൊരു സുഹൃത്താണ് അനിൽകുമാർ.

ഇങ്ങിനെ  ഓർമ്മകളിൽ നിറയുന്ന ഒരുപാട് സംഭവങ്ങൾ....  എല്ലാത്തിലും നിറയുന്ന അച്ഛന്റെ സ്നേഹവും കരുതലും.... ചിറകിനു ബലം വരുന്നതിനു മുൻപേ കൂടു വിട്ടു പറക്കേണ്ടി വന്ന കിളിക്കുഞ്ഞിനോടുള്ള കരുതൽ എന്നും അച്ഛനുണ്ടായിരുന്നു. ആ അഭാവം നല്കുന്ന ശൂന്യതയിൽ പലപ്പോഴും അന്ധാളിച്ചു നില്ക്കുമ്പോൾ , നിനക്കാവും മോളെയെന്ന് അച്ഛൻ തോളിൽ തട്ടി ധൈര്യം പകരുന്ന തോന്നലാണ് ജീവിത പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിർത്തുന്നത് .Sunday, June 5, 2016

ഒരു പെൺരാത്രിയുടെ കഥരാത്രികളുടെ സൗന്ദര്യത്തെക്കുറിച്ച് ആണ്‍സുഹൃത്തുക്കളുടെ വർണനകൾ കേട്ടിരിക്കുമ്പോൾ എന്തുകൊണ്ട് പെണ്ണുങ്ങൾക്ക് രാത്രികൾ അന്യമാകുന്നു എന്നോർത്ത് അസ്വസ്ഥപ്പെടുമായിരുന്നു. പിന്നെ, നമ്മുടെ സമൂഹത്തിന്റെ കൊട്ടിയടക്കപ്പെട്ട വാതിലുകൾക്ക് നേരെ തുറിച്ചു നോക്കി നെടുവീർപ്പിട്ട് അടുത്ത ജന്മത്തിലെങ്കിലും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയുമെന്ന പ്രത്യാശയിൽ ആണ്‍സുഹൃത്തുക്കളോടുള്ള അസൂയയും നിറച്ചിരിക്കും. 

കാലം കടന്നു പോകെ കാനഡയിൽ എത്തിപ്പെട്ടു. എങ്കിലും ആദ്യകാലങ്ങളിൽ, വൈകുന്നേരം  ആറു മണിക്ക് മുന്നേ വീടിന്റെ സുരക്ഷിതത്വത്തിൽ അഭയം തേടുന്ന തനി മലയാളിയായി ജീവിച്ചു. 

ഒഴുക്കിലങ്ങിനെ നീന്തിപ്പോകുന്നതിനിടയിലാണ് ജിമ്മിയെ പരിചയപ്പെടുന്നത്. ആയിരത്തൊന്നു രാവുകൾ പോലെ ജിമ്മി ഒന്നൊന്നായി കഥകളുടെ ഒരു മാല കോർക്കുന്നത് അതിശയത്തോടെ കേട്ടിരുന്നു. ജിമ്മിയുടെ കഥകളിലുടനീളം രാത്രിയുടെ സൗന്ദര്യം നിറഞ്ഞു നിന്നു... ഒരു രാത്രിയെങ്കിലും സ്വന്തമാക്കണം എന്ന ആശ മാനം  മുട്ടോളം എന്റെയുള്ളിൽ  വളരുകയായിരുന്നു...!! 

അങ്ങിനെയിരിക്കെയാണ്‌ , മിസ്സിസ്സാഗ വിമൻസ് ഫോറത്തിൽ നിന്നും വരകളുടെ പെൺരാത്രി എന്ന പ്രോഗ്രാമിലേക്ക് ക്ഷണം കിട്ടുന്നത്. വരയ്ക്കാൻ അറിയില്ലെങ്കിലും ആ ക്ഷണം സ്വീകരിച്ചത് , മിസ്സിസാഗയുടെ തെരുവിൽ അപരിചിതരായ ഒരു കൂട്ടം പെണ്ണുങ്ങൾക്കൊപ്പം ഒരു രാത്രി എന്ന മോഹിപ്പിക്കുന്ന ആശയമായിരുന്നു. 

പല ഭാഷകൾ , പല വർണങ്ങൾ , പല സംസ്കാരങ്ങൾ .... എങ്കിലും തെരുവിൽ നിറഞ്ഞത് സൗഹൃദത്തിന്റെ ചിലമ്പൊലികളായിരുന്നു. ഇഷ്ടമുള്ളതെന്തും വരയ്ക്കാം. ഇഷ്ടം പോലെ തിന്നാം, കുടിക്കാം.... കൂട്ടു കൂടാം. 

രാത്രി 8 മണിയോടെ സെലിബ്രേഷൻ സ്ക്വയറിൽ എത്തിയപ്പോൾ കണ്ടത് , പരസ്പരം പരിചയപ്പെടുന്നവരുടെ തിരക്കാണ്. ആ തിരക്കിൽ അലിയാനുള്ള സങ്കോചത്തോടെ എല്ലാം കണ്ടു കൊണ്ട് ഒരു കോണിൽ ഒതുങ്ങി നിന്നു. അപ്പോഴാണ് വിടർന്ന ചിരിയുമായി ജയ്മി പരിചയപ്പെടാൻ എത്തിയത്. വളരെ പെട്ടന്ന് അപരിചിതത്വത്തിന്റെ മൂടുപടം അഴിഞ്ഞു വീഴുകയും ചിരപരിചിതരെ പോലെ വർത്തമാനത്തിലേക്ക് ഒഴുകിപ്പോകുകയും ചെയ്തു. ജയ്മി, പെൺരാത്രിയിൽ പങ്കെടുക്കുന്നത് ഇത് മൂന്നാം തവണയാണ്. അതിനാൽത്തന്നെ , കുറെ പരിചയക്കാരും ഉണ്ടായിരുന്നു. ഔദ്യോഗികമായ പരിചയപ്പെടലിനു മുന്നേ എല്ലാവരും സുഹൃത്തുക്കളായി മാറുന്ന കാഴ്ചകളായിരുന്നു എങ്ങും... ഇരുപത്തഞ്ചിനും അൻപതിനും ഇടയിൽ പ്രായമുള്ള  പതിനെട്ടു  സ്ത്രീകൾ .... ഒരു രാത്രി സ്വന്തമാക്കാൻ ആഗ്രഹിച്ചു വന്നവർ ... വരകളുടെ പെൺരാത്രിയിൽ എന്നെപ്പോലെ ആദ്യമായി വരുന്നവരും മുൻവർഷങ്ങളിൽ  വന്നവരും ഉണ്ടായിരുന്നു.  

ഔദ്യോഗികമായ പരിചയപ്പെടുത്തലും പരിപാടിയുടെ ഉത്ഘാടനവും വളരെ വേഗം കഴിഞ്ഞു. ഇഷ്ടമുള്ള ചിത്രങ്ങൾ കാൻവാസിൽ ഇഷ്ടമുള്ള പോലെ വരയ്ക്കാം, അല്ലെങ്കിൽ വരയ്ക്കുന്നവരെ സഹായിക്കാം. ആ രാത്രി മുഴുവൻ വരയ്ക്കാനും ആഘോഷിക്കാനും ഉള്ളതാക്കി മാറ്റി എല്ലാവരും.... വരയ്ക്കാൻ പഠിക്കുന്നവർ , അല്ലെങ്കിൽ ആദ്യമായി കാൻവാസും ബ്രഷും കയ്യിലെടുക്കുന്നവർ വരയ്ക്കുന്ന ചിത്രം തന്നെ ഞാനും വരയ്ക്കാൻ ശ്രമിച്ചു. അതായത്, 'മാൽഗുഡി ഡേയ്സ്' എന്ന സിനിമയിൽ അനൂപ്‌ മേനോന്റെ കഥാപാത്രം പറയുന്ന പോലെ രണ്ടു മലകൾ, അതിനു നടുവിലെ സൂര്യൻ, പുഴയിലൂടെ പോകുന്ന വഞ്ചി, കരയിൽ ഒരു തെങ്ങ്, ആകാശത്തിലൂടെ പറക്കുന്ന രണ്ടു കിളികൾ .... ഇതൊക്കെ തന്നെയായിരുന്നു എന്റെയും സൃഷ്ടികൾ....!! 

രാത്രി യാമങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ, ആഹ്ലാദത്തിമിർപ്പുകൾ കൂടി വരികയാണ്‌. പരസ്പരം ചിത്രങ്ങൾ നോക്കി പ്രോത്സാഹിപ്പിക്കുകയും ഇടയ്ക്ക് കളിയാക്കലുകളും ഒക്കെയായി കെട്ടഴിഞ്ഞ പട്ടം പോലെ പാറിപ്പറക്കുകയാണ് പെൺകൂട്ടം. കൂട്ടത്തിലുണ്ടായിരുന്ന നല്ല ചിത്രകാരികളായിരുന്നു ഇറാനിൽ നിന്നുള്ള സുബുഹിയും കൊറിയയിൽ നിന്നുള്ള ഗ്ലോറിയയും ആഫ്രിക്കയിൽ നിന്നുള്ള സ്റെഫാനിയും ...  മറ്റുള്ളവരെ സഹായിച്ചും പ്രോത്സാഹിപ്പിച്ചും അവർ എല്ലായിടത്തും ഓടി നടന്നു.  ലഹരി പകരുന്നതായിരുന്നു ആ രാത്രിയുടെ പെൺകൂട്ടായ്മ...!!

കളിയും ചിരിയും ബഹളങ്ങളും ഒക്കെയായി രാത്രി വളരുമ്പോൾ , എന്റെ മനസ്സ് ചിന്തകളുടെ ചിറകിലേറി പറക്കുകയായിരുന്നു. ഇതായിരുന്നോ ഞാൻ ആഗ്രഹിച്ച രാത്രി, അല്ല .... ഒരിക്കലുമല്ല.... ഒരു സുരക്ഷിതത്വത്തിന്റെ നടുവിലെ രാത്രിയല്ല എന്റെ സ്വപ്നത്തിൽ.... എന്റെ നാട്ടിലെ തെരുവിലൂടെ ഭയമില്ലാതെ ഇഷ്ടം പോലെ നടക്കാൻ കഴിയണം. കൂട്ടുകാരോടൊത്ത് കലുങ്കിലിരുന്നു വെടി പറയാനും പൊട്ടിച്ചിരിക്കാനും കഴിയണം. തനിയെയോ കൂട്ടുകാരോടൊപ്പമോ ബീച്ചിലും പാർക്കിലും സിനിമയ്ക്കും പോകാൻ കഴിയണം. ബസ്സിലും ട്രെയിനിലും ഭയമില്ലാതെ യാത്ര ചെയ്യാൻ കഴിയണം. ആക്രമിക്കപ്പെടുമെന്ന ഭയമില്ലാതെ ഒരു പെണ്ണായി ജീവിക്കാൻ കഴിയണം.

പക്ഷേ, കേരളത്തിൽ ജനിച്ചു വളർന്ന എനിക്ക് അതിനു കഴിയുന്നില്ല. ചെറുപ്പം മുതൽ മനസ്സിൽ വേരുപിടിച്ചു പോയ ആ ഭയം , കാനഡയിലോ ലോകത്തിന്റെ ഏതു കോണിലോ ആയാലും വിട്ടു പോകില്ല. എത്രയൊക്കെ ധൈര്യം പറഞ്ഞാലും ആ ഭയം ഈ ജന്മം മുഴുവൻ കൂടെയുണ്ടാവും. അതുപോലെ തന്നെ സംശയത്തിന്റെ നിഴൽക്കണ്ണുകൾ ഓരോ പുരുഷന്റെ നേർക്കും നീളുകയും അറിയാതെ തന്നെ ജാഗ്രത പുലർത്തുകയും ചെയ്യും.
Thursday, May 26, 2016

ഫോളോയിംഗ്...


ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഞെട്ടിയുണർന്ന കോരപ്പൻ ക്ലോക്കിൽ നോക്കിയപ്പോൾ പത്തു മണി... !!

"ആരെടാ  കൊച്ചു വെളുപ്പാൻ കാലത്ത് ,  ഒന്നുറങ്ങാൻ പോലും സമ്മതിക്കാതെ .... "

പിറുപിറുത്തു കൊണ്ട് ഫോണെടുത്തതും ഒറ്റ ശ്വാസത്തിൽ  ഹലോ, ആരാ, എന്തോ വേണം എന്നൊക്കെ കണ്ണ് തുറക്കാതെ ചോദിച്ചതും ,  വീണ്ടും ഉറക്കത്തിലേക്ക് തലയും കുത്തി വീഴാനായിരുന്നു.

"കോരപ്പാനീ ഇത്തവണത്തെ 'യരലവകണ്ടോ...? 
"ങേചിരവയോ..., അത് തെയ്യാമ്മയോട്  ചോദിക്കണം ..."
"ചിരവയല്ലയരലവ.... കോരപ്പനു കോപ്പി കിട്ടിയില്ലേ,  എന്നായിപ്പ തന്നെ ഒരെണ്ണം അയക്കാം കേട്ടോ... 

പിന്നേയ്കോരപ്പായരലവ ലോകം മുഴോനും വായിക്കണ മാസികയാണേയ് ....  കോരപ്പൻ ചില കോമഡി ഒക്കെ എയ്തുംന്ന് തെക്കേലെ മാത്തൂട്ടി റഞ്ഞാരുന്നെകോരപ്പന് വേണേൽ ഞങ്ങടെ യരലവയിലും എഴുതാൻ ചാൻസ് രാം ട്ടാ..." 

ഉറക്കം ഓടിപ്പോയ വഴിയിലേക്ക് നോക്കി കണ്ണ് മിഴിച്ചു നിന്ന കോരപ്പൻ , ഫോണിൽ കേട്ട ഡയലോഗ് ഒന്നു കൂടി മനസ്സിൽ റീവൈൻഡ് ചെയ്തു നോക്കി.

"ഏയ്ഞാൻ അത്രക്കാരനൊന്നും അല് മാഷേ... " തെയ്യാമ്മ എന്നെ തട്ടിക്കളിക്കുന്നത് ഞാൻ ഒന്ന് എഴുതിയപ്പോ ഫേസ്ബുക്കിൽ അതിനു ഇത്രത്തോളം ലൈക്കും ഷെയറും കിട്ടുമെന്ന് ഞാൻ കരുതിയതെയില്ലപ്പാ.... ആത്മഗതിക്കുന്നതിനിടയിൽ മറുപടി തെറ്റാതെ പറഞ്ഞതിൽ കോരപ്പൻ ധൃതംഗ പുളകിതനായി .

"എന്നാ പോട്ടേനീ എന്റെ ഭാര്യ ശോശാമ്മ എഴുതണ  വായിച്ചിട്ടുണ്ടോടോഅവളെയ് , ഇംഗ്ലീഷാ....എഴുതണ മുഴോൻ ഇംഗ്ലീഷാ .... ... നീ അവക്കടെ എഫ് ബീ പേജ് ഒന്ന് നോക്കണംഎന്നു വെച്ച് നീ റിക്വസ്റ്റൊന്നും അയക്കാൻ നിക്കണ്ട.... ഫ്രണ്ട് ലിസ്റ്റ് ഫുള്ളാ.... "

"നോക്കാം മാഷേ..." ഒരു മണിക്കൂർ കൂടി ഉറങ്ങാൻ കിട്ടും എന്നു മനസ്സിൽ കണക്കുകൂട്ടുന്നതിനിടയിൽ ഉറക്കെ കോട്ടുവായിട്ടു കൊണ്ട് കോരപ്പൻ അലസമായി പറഞ്ഞു.

"എന്നു വെച്ച് നീ വിഷമിക്കോന്നും വേണ്ടടാ കൊച്ചനേ.... നിനക്ക് അവളെ ഫോളോ ചെയ്യാംഅപ്പൊ എല്ലാം കാണേം കേക്കേം ചെയ്യാം ട്ടാ.... " 'ദേ, നീയിത് കേട്ടോ ദൈവമേ....  ഇവന്റെ ശോശാമ്മെ ഞാൻ ഫോളോ ചെയ്തോളാൻ.... ഈശ്വരാ, നീ വലിയവനാ, സത്യമായും വലിയവനാ.... '

ഇപ്പത്താഴെ വീഴും എന്ന പാകത്തിൽ പുറത്തേക്കു തള്ളി വന്ന കണ്ണിനെ പിടിച്ചു വെക്കാനുള്ള വെപ്രാളത്തിൽ ഫോൺ കയ്യീന്ന് പോയത് കോരപ്പൻ അറിഞ്ഞതേയില്ല.... !!

Saturday, April 16, 2016

നിഴൽയുദ്ധങ്ങൾ - പോൾ സെബാസ്റ്റ്യൻ
ചെറുപ്പത്തിൽ കോട്ടയം പുഷ്പനാഥ് , ബാറ്റൺ ബോസ് എന്നിവരുടെ കുറ്റാന്വേഷണ നോവലുകൾ മലയാളത്തിൽ വായിച്ചിരുന്നു.  വളർച്ചയുടെ പടവുകളിൽ എവിടെയോ വെച്ച് കുറ്റാന്വേഷണ ത്വര നഷ്ടപ്പെടുകയുണ്ടായി. പിന്നെ ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു പുസ്തകം കിട്ടിയാൽ വായിച്ചെങ്കിലായി,  അതും ആംഗലേയത്തിൽ ..... 

തൊണ്ടയുടെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് വായനാക്കൂട്ടം , ബ്ലോഗ്ഗർ മാണിക്യത്തിന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയത്. (അതിനെക്കുറിച്ച് പിന്നെ എഴുതാം ) അന്ന് നിർമ്മല ഒരു 'സർപ്രൈസ് ഗിഫ്റ്റ്' എനിക്കായി കരുതിയിരുന്നു. പോകാനായപ്പോഴാണ് ആ ഗിഫ്റ്റ് എനിക്കു തന്നത്. പോൾ സെബാസ്റ്റ്യൻറെ 'നിഴൽയുദ്ധങ്ങൾ' എന്ന കുറ്റാന്വേഷണ നോവൽ...!  സ്നേഹപൂർവ്വം പോൾ ഗൾഫിൽ നിന്നും കൊടുത്തയച്ചത്.... ഈ സ്നേഹത്തിന്, സമ്മാനത്തിന് നന്ദി പ്രിയ സുഹൃത്തേ... 

ദീപ എന്ന വനിതാ ഡിക്റ്ററ്റീവാണ് ഇതിലെ കേന്ദ്ര കഥാപാത്രം. നൂറു പേരുടെ ബുദ്ധിയും ശക്തിയും ജീവനും സ്വന്തമാക്കി അത്രയും പേരുടെ ബുദ്ധിയിൽ ചിന്തിക്കാനുള്ള സിദ്ധി സ്വായത്തമാക്കാൻ അതീവബുദ്ധിമാനായ ഒരു ശാസ്ത്രഞ്ജൻ നടത്തുന്ന അപകടകരമായ നീക്കങ്ങളെ മന്ത്രങ്ങളുടെയും മനശാസ്ത്രത്തിന്റെയും പിൻബലത്തിൽ ഒരു പെൺകുട്ടി പരാജയപ്പെടുത്തുന്ന കഥയാണ് പോൾ സെബാസ്റ്റ്യൻ ഈ നോവലിലൂടെ പറയുന്നത്. 

ദീപയ്ക്കുണ്ടായ ഒരു സ്വപ്നദർശനത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. പ്രപഞ്ചത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിന് എന്തോ ഭംഗം വരാൻ പോകുന്നുവെന്നായിരുന്നു  ഗുരുസ്ഥാനീയനായ ഭട്ടതിരിപ്പാട് ആ സ്വപ്നത്തെ വ്യാഖ്യാനിച്ചത്. പ്രപഞ്ചം ആവശ്യപ്പെടുന്നതെന്തോ അതു നടത്തിക്കൊടുക്കണമെന്ന് അദ്ദേഹം ദീപയെ ഉപദേശിച്ചു. ദീപക്ക് അതിനു കഴിയുമെന്ന് ആത്മീയാചാര്യനായ ശാവേലച്ചനും ദീപയെ പ്രോത്സാഹിപ്പിക്കുന്നു. 

മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതാറുള്ള ദീപയെ ചാനലുകൾ ഇടയ്ക്കിടെ ഇന്റർവ്യൂ ചെയ്യാറുണ്ടായിരുന്നു. ന്യൂമൂൺ ചാനലിൽ ഇന്റർവ്യൂവിനു വന്ന ദീപയെ ചാനലിൽ ചേരാനായി എം.ഡി ക്ഷണിക്കുന്നു. ആലോചിക്കട്ടെ എന്നു പറഞ്ഞ് ദീപയത്  നീട്ടി വെക്കുന്നു....  

ഇതിനിടെ നാട്ടിൽ നിന്നും പലരെയും കാണാതാകുന്നു.  അന്വേഷണത്തിന് , പോലീസ് ഡിക്റ്ററ്റീവ് ദീപയുടെ സഹായം തേടുന്നു.... മരിച്ചു പോയവരുടെ ത്രിമാന ചിത്രത്തിൽ നിന്നും അവരുടെ ഭൗതികാവസ്ഥ പുന: സൃഷ്ടിക്കാൻ ദീപയ്ക്കുള്ള കഴിവാണ് പോലീസിനെ അവരിലേക്കെത്തിച്ചത് . 

വാക്വം ബ്രിക്സ് അഥവാ വായു രഹിത അറകളോട് കൂടിയ കട്ടകൾ കണ്ടു പിടിച്ച വേണുഗോപാൽ എന്ന ശാസ്ത്രഞ്ജനെക്കുറിച്ച് കേട്ടറിഞ്ഞ ദീപ ചെന്നൈയിൽ എത്തി അദ്ധേഹത്തെ ഇന്റർവ്യൂ ചെയ്ത് വാക്വം ബ്രിക്സിന്റെ സാധ്യതകൾ മനസിലാക്കുന്നു. ഇതിനിടയിൽ നീരാളി ഗ്രൂപ്പ് എന്ന തീവ്രവാദ സംഘടനയാണ് ആളുകളെ തട്ടിക്കൊണ്ടു പോകുന്നതെന്ന സംശയം പോലീസിനുണ്ടാവുകയും അതിന്റെ നേതാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  

കാണാതായവരിൽ ഒരാളായ മന്ത്രിപത്നിയെ ദീപ, ചെന്നൈയിൽ വെച്ച് കാണുന്നത് അന്വേഷണത്തിന് മറ്റൊരു വഴിത്തിരിവാകുന്നു. അപ്പോഴേക്കും ചില അജ്ഞാതർ തട്ടിക്കൊണ്ടു പോയ ദീപ ഭൂമിക്കടിയിലെ കൊട്ടാരത്തിൽ എത്തിപ്പെടുന്നു. മൂവിംഗ് വാക്വം ബ്രിക്സ് ഉപയോഗിച്ച് നിർമ്മിച്ച ആ കോട്ടയിൽ നിന്നും ശബ്ദമോ വെളിച്ചമോ എക്സറേയോ ചിന്തയോ ഒന്നും പുറത്തേക്കു പോവുകയോ അകത്തേക്ക് വരികയോ ചെയ്യില്ല. മായാദാസൻ എന്ന ഭ്രാന്തൻ ശാസ്ത്രഞ്ജൻറെയാണ് ആ കോട്ട എന്നും ദീപ മനസിലാക്കി. പ്രപഞ്ച മൂലകങ്ങളെ നിയന്ത്രിക്കുന്ന അസാമാന്യശക്തിയെ കീഴ്പ്പെടുത്തുകയാണ് മായാദാസന്റെ ലക്ഷ്യം. ഓരോ പദാർത്ഥമൂലകങ്ങളെയും വേർതിരിച്ചു നിരീക്ഷിക്കാനുള്ള അറകൾ അയാളുടെ കൊട്ടാരത്തിൽ ഉണ്ടായിരുന്നു. ഈ പരീക്ഷണങ്ങളിൽ പങ്കാളിയാക്കാനാണ് ദീപയെ തട്ടിക്കൊണ്ടു വന്നത്. 

ദീപ , മായാദാസന്റെ കോട്ടയിൽ നിന്നും രക്ഷപ്പെടുമോ...? ആളുകളെ കാണാതാവുന്നതിന്റെ പിന്നിൽ ആരാണ്...? ദീപ അവരെ കണ്ടുപിടിക്കുമോ...? നിയമത്തിനു മുന്നിൽ കൊണ്ടു വരുമോ...? അതോ നിഴലുകളോടാണോ ദീപയുടെ യുദ്ധം...? ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു പോൾ സെബാസ്റ്റ്യൻറെ ' നിഴൽയുദ്ധങ്ങൾ'... !!

ആഗോളവത്ക്കരണം പ്രതിഭാശാലികളെപ്പോലും സ്വാർത്ഥരാക്കി മാറ്റുന്ന ഇന്നിന്റെ നേർക്കാഴ്ചയും വികസ്വരരാജ്യങ്ങളിലെ വിപണി കയ്യടക്കാൻ ആഗോള സാമ്രാജ്യത്വശക്തികൾ നവമാധ്യമങ്ങൾ ഉപയോഗിച്ചു നടത്തുന്ന അധിനിവേശവും വായനയെ ഉത്ക്കണ്ഠയുടെ മുൾമുനയിൽ നിർത്തുന്നു.... ആത്മജ്ഞാനത്തിന്റെ അടിത്തറയും ശാസ്ത്രത്തിന്റെ പിൻബലവും നോവലിനെ ഉദ്ദ്വേഗജനകമാക്കി തീർക്കുന്നു... കുറ്റാന്വേഷണ നോവൽ എഴുതുമ്പോൾ അവസാനം വരെ സസ്പെൻസ് നിലനിർത്തേണ്ട ജാഗ്രത  എഴുത്തുകാരന് ഉണ്ടായിരിക്കേണ്ടതാണ്. അതിൽ പോൾ വിജയിച്ചിരിക്കുന്നു....

സാധാരണ കുറ്റാന്വേഷണ നോവലുകളിൽ നിന്നും വ്യത്യസ്തമായി ദീപ എന്ന പെൺകുട്ടിയാണ് കുറ്റാന്വേഷകയായി എത്തുന്നത് എന്നതും നിഴൽയുദ്ധങ്ങളുടെ പ്രത്യേകതയാണ്. ആധുനികയുഗത്തിൽ എല്ലാ മേഖലകളിലും എന്നതു പോലെ കുറ്റാന്വേഷണ മേഖലയിലും പെൺകുട്ടികൾ കടന്നു വന്ന്  മാറ്റത്തിന്റെ മാറ്റു കൂട്ടുന്നു.

ഏറെ നാളുകൾക്കു ശേഷം, മലയാള കുറ്റാന്വേഷണ നോവൽ വായനയിലേക്ക് വീണ്ടും എത്താൻ പോൾ സെബാസ്റ്റിൻറെ 'നിഴൽയുദ്ധങ്ങൾ' പ്രേരിപ്പിക്കുന്നുണ്ട്. 

കറന്റ് ബുക്സ് തൃശൂർ പ്രസിദ്ധീകരിച്ച 'നിഴൽയുദ്ധങ്ങൾ' പോളിന്റെ രണ്ടാമത്തെ കുറ്റാന്വേഷണ നോവലാണ്‌. ഇവ കൂടാതെ വേറെയും പല കൃതികളും പോളിന്റെതായിട്ടുണ്ട്.  

ഈ പുസ്തകം താഴെയുള്ള ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാണ്.


  • http://www.indulekha.com/nizhalyudhangal-novel-paul-sebastian
  • https://keralabookstore.com/book/Nizhal-Yudhangal/6316/

Related Posts Plugin for WordPress, Blogger...