Saturday, February 27, 2010

കുഞ്ഞേട്ടനായി ഒരര്‍ച്ചന..!!!

തറയില്‍ അമരുന്ന ഷൂസിന്റെ ശബ്ദം കേട്ടാണ് കണ്ണുകള്‍ പതുക്കെ തുറന്നത്. ഹോ....തല പൊട്ടിപ്പൊളിയുന്ന വേദന, കണ്ണില്‍ നിന്നും തീ പാറുന്നപോലെ.... അതിനിടയിലും കണ്ടു, രാജേട്ടന്റെ കനപ്പിച്ച മുഖം...!! മനപ്പൂര്‍വം പനി വരുത്തി വച്ചതുപോലെ, ദേഷ്യത്തില്‍ എന്തൊക്കെയോ പറയുന്നു. എന്താണെന്നു വ്യക്തമാകുന്നില്ല.


"എനിക്കു ഇന്ന് മീറ്റിംഗ് ഉള്ളതാ എന്നറിഞ്ഞു കൂടെ, ഒരു ചായ ഇട്ടിട്ടു പോയി കിടന്നു കൂടെ, അല്ലേലും ഒരാവശ്യത്തിനും ഉപകരിക്കില്ല"

പരാതികളുടെ എണ്ണം നീളുന്നു. പതുക്കെ എണീക്കാന്‍ ശ്രമിച്ചു, പക്ഷെ വയ്യ..പറ്റുന്നില്ല...

ഇനി
എന്തെങ്കിലുമാകട്ടെ , പറയാനുള്ളതൊക്കെ പറഞ്ഞോട്ടെ, ഇന്ന് തീരെ വയ്യ..

അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യപ്പെട്ടു നടക്കുന്നുണ്ട്... ഇന്നലെ ഞാന്‍ തേച്ചു വച്ച  വസ്ത്രങ്ങള്‍ ആണിട്ടിരിക്കുന്നത്. കാലില്‍ കിടന്നു തിളങ്ങുന്ന ഷൂസും ഇന്നലെ ഞാന്‍‍ പോളിഷ് ചെയ്തു വച്ചിരുന്നവ തന്നെയല്ലേ.????


അദ്ദേഹത്തിന്റെ ബ്രീഫ്കേസും ഇന്നലെ തന്നെ റെഡിയാക്കി വച്ചിരുന്നല്ലോ. ഒരു കാര്യത്തിനും ഒരിക്കലും മുടക്കം വരുത്തിയിട്ടില്ല. ഇന്നു തനിക്കു വയ്യാഞ്ഞിട്ടാണെന്നു പോലും ഓര്‍ക്കുന്നില്ലല്ലോ.... പനിയും ഉള്ളിലെ വേദനയും..... തുളുമ്പുന്ന കണ്ണുനീര്‍ കാണാതിരിക്കാന്‍ തിരിഞ്ഞു കിടന്നു കണ്ണടച്ചു.

ഒരിറ്റു കണ്ണുനീര്‍ തലയിണയിലേക്കടര്‍ന്നു വീണു.

പലപ്പോഴും സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ട്, തനിക്കൊരസുഖം വരുന്നതും രാജേട്ടന്‍ കൂടെയിരുന്നു ശുശ്രുഷിക്കുന്നതും ഒക്കെ. അതൊരു സുഖമുള്ള സ്വപ്നമായിരുന്നു തനിക്കെന്നും. എന്നാല്‍ ഇന്നോ, എന്തിനെന്നറിയാതെ ചുണ്ടുകള്‍ വിതുമ്പിപ്പോയി.... വാതില്‍ വലിച്ചടക്കുന്ന ശബ്ദം കേട്ടു, രാജേട്ടന്‍ പോയിക്കാണും, തന്നോട് പറയാതെ....!

"നിക്കു വേണ്ട കുഞ്ഞേട്ടാ..."

"അങ്ങിനെ പറഞ്ഞലെങ്ങിനെയാ, എന്റെ കുഞ്ഞാറ്റയുടെ ഉവ്വാവ് മാറേണ്ടേ, എന്നിട്ട് വേണ്ടേ മിടുക്കിയായിട്ടു സ്കൂളില്‍ പോകാന്‍...."

ഒരു ആറുവയസുകാരിയെ നെഞ്ചോടു ചേര്‍ത്ത് വച്ചു, പൊടിയരിക്കഞ്ഞി കോരിക്കൊടുക്കുന്ന പത്തുവയസുകാരന്‍, ഓരോന്നുപറഞ്ഞു കഞ്ഞിയും മരുന്നും കഴിപ്പിക്കുന്ന കുഞ്ഞേട്ടന്‍..... അമ്മാവന്റെ സംരക്ഷണയില്‍ കഴിയുന്ന അനാഥരായ അവര്‍, പരസ്പരം തുണയായി ഒരു ജീവനായി....
"കുഞ്ഞേട്ടാ....കുഞ്ഞേട്ടാ...."

തന്റെ നെഞ്ചിലേക്ക് ചാഞ്ഞുറങ്ങുന്ന കുഞ്ഞാറ്റയെ ചേര്‍ത്തുപിടിച്ചു ആ ഏട്ടന്‍.


"മേം സാബ്" ആരോ കുലുക്കി വിളിച്ചു. "ഡോക്ടറെ വിളിക്കണോ, ഈശ്വരാ, നല്ല പനിയുണ്ടല്ലോ..."


ഓ, ഷംല, ഇവള്‍ എപ്പോള്‍ എത്തി?ഒന്നും അറിഞ്ഞില്ലല്ലോ.... രാജേട്ടന്‍ വാതില്‍ അടക്കാതെ ചെയിന്‍ ഇട്ടിട്ടാവും പോയത്. പനിയുടെ ചൂടില്‍ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടാവണം, അതാവും അവള്‍ ഭയന്നത്.

"ഒന്നും വേണ്ട ഷംലാ.... ഞാന്‍ കിടക്കട്ടെ" "എന്നാ ഞാന്‍ പനിക്കഷായം ഉണ്ടാക്കി കൊണ്ട് വരാം" അവള്‍ തിരിഞ്ഞു അടുക്കള ഭാഗത്തേക്കു നടന്നു.

ഇവള്‍ക്ക് തോന്നുന്ന അനുകമ്പ പോലും,രാജേട്ടനില്ലാതെ പോയല്ലോ....

തന്റെ കുഞ്ഞേട്ടന്‍ അടുത്തുണ്ടായിരുന്നെങ്കില്‍.... 

ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു....ഉള്ളം വിങ്ങുന്നു.

13 comments:

 1. കുഞ്ഞൂസ്,, itho kadhayo sambhavamo?... ethayalum orunimisham onnu vithumbhi. :(

  ReplyDelete
 2. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലൊരു നൊമ്പരം

  ReplyDelete
 3. സാധാരണ കുടുംബജീവിതത്തില്‍ നിന്നൊരേട്,കുഞ്ഞൂസ് ഇനിയും എഴുതണം.നല്ല ശൈലിയാണ്. അഭിനന്ദനങ്ങള്‍!

  ReplyDelete
 4. അതെ, മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്...

  ReplyDelete
 5. വായിച്ചു .. ശരിക്കും മുഷ്ടി ചുരുട്ടിപ്പോയി ....365 ദിവസവും 24 മണിക്കുറും സ്ഥിരതയുള്ള തൊഴില്‍ ആണു ഭാര്യാപദവി, അവിടെ എത്ര വര്‍ഷത്തെ എക്സ്പിരിയന്‍സ് ആയാലും ഇന്‍‌ക്രിമിന്റില്ല, ബോണസ്സില്ല, ജോബ് വെല്‍ ഡണ്‍ കോബ്ലിമെന്റില്ല, എന്നാല്‍ 364 ദിവസവും കൃത്യമായി ചെയ്ത ഒരു ജോലിയില്‍ വീഴ്ചവന്നാല്‍ അത് പൊറുക്കാനാവാത്ത തെറ്റ് തന്നെ. ഭര്‍ത്താവിനു ജലദോഷം വന്നാല്‍ വിക്സ് ഇട്ട് ആവി പിടിക്കണം മരുന്ന് വേണം വീട്ടില്‍ റ്റിവി, പാട്ട്, കുട്ടികളുടെ ശബ്ദം/ കരച്ചില്‍ ഒന്നും പാടില്ല എന്തിനു ലൈറ്റ് പോലും ഇടരുത്, പ്രത്യേകം ഭക്ഷണം എല്ലാം ഉണ്ടാവണം .. എന്നാല്‍ ഭാര്യക്ക് ആണു പനി വന്നെതെങ്കില്‍ അത് അശ്രദ്ധ .. സാധിക്കുമെങ്കില്‍ കൂട്ടുകാരന്റെ വീട്ടില്‍ പോയി ഭാര്യക്ക് സുഖമില്ലത്ത വിഷമം മാറ്റാന്‍ രണ്ട് സ്മാള്‍ വീശാം .. എന്നാലും കുഞ്ഞാറ്റേ .... :)

  ReplyDelete
 6. മനോഹരമായ അവതരണം.
  ഇഷ്ടായി.

  ReplyDelete
 7. സങ്കടം തോന്നുന്നു.ഇങ്ങനെയെത്ര കുഞ്ഞാറ്റമാര്‍‍.:(

  ReplyDelete
 8. കുഞ്ഞാറ്റയുടെ വേദന മാത്രം കാണാതെ ..കുഞ്ഞേട്ടന്റെ നിസ്സഹായത കൂടിക്കാണൂ ..മനസ്സിലാക്കൂ..!

  ReplyDelete
 9. നന്നായി എഴുതി-പല വീട്ടമ്മമാരും അവഗണിയ്ക്കപ്പെടുന്നു-സേവനം അവരുടെ കടമയായി മാറുന്നു.

  ReplyDelete
 10. നന്നായിട്ടുണ്ട്...!!
  ഇഷ്ടായി....

  ReplyDelete
 11. ഞാന്‍ ഈ കഥ വായിക്കാന്‍ താമസിച്ചത് നന്നായി ..
  ഏതിനും ഒരു നിമിത്തം കാണുമല്ലോ ..ഈ വേദന
  അറിയുന്നവര്‍ക്ക് ഒരു തീരാ നൊമ്പരം ആണ് ...
  ഇവിടെ വരുന്ന സുഹൃത്തുക്കള്‍ എന്‍റെ ലോകം ഒന്ന്
  കാണുക.അവിടെ കാണാം വെറുതെ ഒരു ഭര്‍ത്താവ് ..

  ReplyDelete
 12. വായിച്ചവയില്‍ അധികവും നൊമ്പരങ്ങള്‍ ആണല്ലോ കുഞ്ഞൂസേ...

  നൊമ്പരങ്ങള്‍ പറയാനും വേണം നല്ല ഭാവന.
  കഥ നന്നായി പറഞ്ഞു. സാധാരണ ജീവിതത്തില്‍ നിന്നൊരേട്.

  ReplyDelete

Related Posts Plugin for WordPress, Blogger...