ശ്രീമതി.മിംലു സെന്നിന്റെ 'ബാവുൾ ജീവിതവും സംഗീതവും' വായിച്ച് കൽക്കത്തയിലേക്ക് , പ്രത്യേകിച്ച് ബാവുൾ സംഗീതമേള നടക്കുന്ന കെന്ദുളിയിലേക്ക് ഒരു യാത്ര പോകണമെന്ന് ആശിച്ചിരുന്നതാണ്. എന്നാൽ അതങ്ങിനെ നീണ്ടു നീണ്ടു പോയ്ക്കൊണ്ടിരുന്നു. പിന്നത്തേക്ക് മാറ്റി വെച്ച ആഗ്രഹങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ച ആ യാത്രയും ഓർമയിൽ നിന്നും മങ്ങി മങ്ങിപ്പോയിക്കൊണ്ടിരുന്നു. അപ്പോഴാണ് വി.മുസഫർ അഹമ്മദിന്റെ 'ഏക്താരയിലെ പാട്ടുപാലങ്ങൾ' എന്ന പുസ്തകവുമായി മുബി വരുന്നത്.
പാട്ടു പാലത്തിലൂടെ സഞ്ചരിച്ച് ഞാൻ എത്തിച്ചേർന്നത് ആറു വർഷത്തെ കൽക്കട്ട (അന്ന് കൊൽക്കൊത്ത ആയി മാറിയിരുന്നില്ല) ജീവിതത്തിലേക്കാണ്. ജീവിതാനുഭവങ്ങളുടെ ആദ്യ പാഠങ്ങളിലേക്കാണ്. കണ്ണീരും ചിരിയും ഇടചേർന്ന നാളുകളിലേക്കാണ്...
ഓർമകളുടെ പ്രവാഹത്തിന് മഴക്കാലത്തെ ഹൂഗ്ലിയെക്കാൾ വേഗമായിരുന്നു, അടിത്തട്ട് കലങ്ങി മറിഞ്ഞ് , എല്ലാം കൂടെ ഒന്നിച്ച് .... റിക്ഷാ വാലകൾ, പാൽക്കാരൻ, ജോലിക്കാരികൾ, സുഹൃത്തുക്കൾ, ബാബറി മസ്ജിദ് കലാപം, സിനിമാശാലയുടെ മുന്നിലെ കൊലപാതകം, ജീവിതം പിടിച്ചു പറിച്ചു കൊണ്ട് പോയവർ ..... എല്ലാമെല്ലാം ....
എന്നാൽ, എല്ലാത്തിനും മീതെ തെളിഞ്ഞു വന്നൊരു മുഖമാണ് കമലയുടേത്. ബംഗാളിന്റെ ഗ്രാമീണ ജീവിതത്തിന്റെ, സംഗീതത്തിന്റെ വഴികളിലൂടെ എന്നെ കൊണ്ടു പോയത് കമലയാണ്.
കൽക്കട്ടയിലെ ജീവിതകാലത്ത് വീട്ടുജോലികളിൽ സഹായിക്കാൻ വന്നിരുന്ന കമല തികച്ചും ഒരു ഗ്രാമീണ സ്ത്രീയായിരുന്നു. അവരോടു സംസാരിച്ചാണ് ബംഗാളി സംസാരിക്കാൻ പഠിച്ചത്. കാരണം, കമലക്ക് ഹിന്ദി അറിയില്ലായിരുന്നു. ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും ഭാഗ്യം തേടി കൽക്കട്ടയിൽ എത്തിയ കുടുംബത്തിലെ മരുമകളായിരുന്നു കമല. ഒരു കൌമാരക്കാരി പെണ്കുട്ടി എന്നേ അവളെ കണ്ടാൽ തോന്നൂ, എന്നാൽ 9,8,6,3,1 എന്നിങ്ങിനെ പ്രായമുള്ള അഞ്ചു മക്കളുടെ അമ്മയായിരുന്നു അന്നവൾ.... സാരിത്തലപ്പിനാൽ മുഖം മറച്ച്, അരയിൽ നിറയെ താക്കോൽക്കൂട്ടവുമായി , കാലിലെ ചിലമ്പിൽ നിന്നും സംഗീതം പൊഴിച്ചു കൊണ്ട് അവൾ വരുന്നത് കണ്ടാൽ, ഏതോ പെയിന്റിങ്ങിൽ നിന്നും ഇറങ്ങി വരികയാണെന്നേ തോന്നൂ... അവരുടെ ആദ്യ ജോലിക്കായിട്ടാണ് എന്റെയടുത്ത് എത്തിയത്. വളരെ മനോഹരമായി പാട്ടുകൾ പാടുമായിരുന്നു കമല. മിക്കതും നാടൻപാട്ടുകൾ.... അവർ പാടിയിരുന്നതിൽ ബാവുൾ ഗാനങ്ങൾ ഉണ്ടായിരുന്നോ എന്നറിയില്ല, വളരെ ഹൃദ്യമായതും കണ്ണു നിറയ്ക്കുന്നതുമൊക്കെയായിരുന്നു. അർത്ഥം അറിയില്ലെങ്കിലും അവർ പാടുന്നത് കേട്ടാൽ തന്നെ ഹൃദയം നിറഞ്ഞ് കണ്ണിലൂടെ പുറത്തേക്ക് തുളുമ്പുമായിരുന്നു. സിനിമാഗാനങ്ങൾ അല്ലായിരുന്നതിനാൽ അവളുടെ പാട്ടുകൾ ഏതായിരുന്നു എന്നു പറയാൻ കഴിയുന്നില്ല.
കണ്ണടച്ചിരുന്ന് പാട്ടു പാടി നമ്മെ കരയിപ്പിക്കുമെങ്കിലും എപ്പോഴും പ്രസന്നവതിയായിരുന്നു കമല. കമല ജോലികൾ ചെയ്യുന്നത് നോക്കി നിൽക്കുമ്പോൾ ഭക്തിപൂർവ്വം പൂജ ചെയ്യുകയാണോ എന്ന് തോന്നിപ്പോകും. ഞാൻ ഇങ്ങിനെ ബംഗാളിയും ഹിന്ദിയും കലർത്തി സംസാരിക്കുമ്പോൾ ചിരിച്ചു കൊണ്ട് തെറ്റു തിരുത്തിത്തരുന്ന ക്ഷമയുള്ള അധ്യാപികയായി മാറും അവൾ.
എന്നെ ബംഗാളി പാചകം പഠിപ്പിച്ചതും കമലയാണ്. ഉരുളക്കിഴങ്ങ് ചേർത്ത് വെച്ച മീൻ കറിയോട് കേരളത്തിൽ നിന്നു ചെന്ന എനിക്ക് ഒരുമാതിരി യ്യേ ... എന്ന മനോഭാവമായിരുന്നു. പക്ഷേ, കമല അതുണ്ടാക്കി തന്നപ്പോഴാണ് രുചിയുടെ മായാലോകം തീർക്കാൻ ഉരുളക്കിഴങ്ങിനും കഴിയുമെന്ന് തിരിച്ചറിയുന്നത്. കഷണങ്ങളാക്കിയ റൂയ് മാചറും ഉരുളക്കിഴങ്ങും ഉപ്പും മഞ്ഞളും പുരട്ടി വെച്ച് കടുകെണ്ണയിൽ പാതി വറുത്തെടുത്തു, അതേ എണ്ണയിലേക്ക് ജീരകം പൊട്ടിച്ച് കല്ലിൽ വെച്ച് അരച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് വഴറ്റി അരിഞ്ഞു വെച്ച തക്കാളിയും ഉള്ളിയും ചേർത്തു വീണ്ടും വഴറ്റി മഞ്ഞൾപ്പൊടിയും മുളകുപൊടിയും ജീരകപ്പൊടിയും ചേർത്ത് നന്നായി വീണ്ടും വീണ്ടും വഴറ്റിയെടുത്ത് പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളക്കുമ്പോൾ വറുത്തു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും മീനും ചേർത്ത് അടച്ചു വെച്ച് ചെറുതീയിൽ പാകപ്പെടുത്തിയെടുക്കുന്നതിന്റെ രുചിയോർത്ത് ഇപ്പോഴും നാവിലെ രസമുകുളങ്ങൾ തരിക്കുന്നുണ്ട്.....
ഞാൻ ഗർഭിണിയായിരുന്ന കാലത്തായിരുന്നു കമലയുടെ സ്നേഹവും ആത്മാർത്ഥതയും ഹൃദയത്തെ തൊട്ടു വിളിച്ചത്. എന്നും എന്തെങ്കിലുമൊക്കെ എനിക്കായി കൊണ്ടു വരും അവൾ. ഒന്നുമില്ലെങ്കിലും ഒരു കുഞ്ഞു പൂവെങ്കിലും വഴിയിൽ നിന്നും പറിച്ചു കൊണ്ടു വരും. വൈകുന്നേരങ്ങളിൽ നിർബന്ധിച്ചു നടക്കാൻ കൊണ്ടു പോകും. പാർക്കിലെ കുഞ്ഞുങ്ങളുടെ കളിയും ബഹളവും ഒക്കെ കണ്ട് പതിയെ ഞങ്ങൾ മടങ്ങും. അവളുടെ ഗ്രാമീണ ബംഗാളി എനിക്ക് മനസിലാകുന്നില്ല എന്നതൊന്നും കമലക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. നല്ലൊരു ശ്രോതാവിനെ കിട്ടിയ സന്തോഷമാണോ എന്തോ അവൾ ഒരുപാട് സംസാരിച്ചിരുന്നു അന്നൊക്കെ....
പ്രസവത്തിനായി അമ്മയുടെ അടുക്കലേക്ക് പോയ ഞാൻ അമ്മയുടെയും അമ്മായിയമ്മയുടേയും പരിചരണങ്ങളൊക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും അഞ്ചെട്ടു മാസങ്ങൾ കഴിഞ്ഞിരുന്നു. വന്ന ഉടനെ കമലയെയാണ് അന്വേഷിച്ചത്.
പതിവു പോലെ ചിരിച്ചു കൊണ്ട് കേറിവന്ന കമലക്ക് പക്ഷേ പറയാനുണ്ടായിരുന്നത്, ഒരുപാട് സങ്കടങ്ങളായിരുന്നു. അവളുടെ ഒമ്പതു വയസുകാരി മൂത്ത മകൾക്ക് കല്യാണാലോചന വന്നതും അതിനു സമ്മതിക്കാതെ ആ കുട്ടി വീടു വിട്ടോടിപ്പോയതും ഒക്കെ പറയുമ്പോൾ കമലയുടെ സ്വരത്തിൽ സങ്കടമില്ലായിരുന്നു. എന്നാൽ , മൂത്ത മകൾക്ക് പകരം എട്ടു വയസുകാരിയായ രണ്ടാമത്തവളെയായാലും മതിയെന്ന ചെക്കൻ വീട്ടുകാരുടെ നിർബന്ധത്തിന് ഭർത്താവും അച്ഛനും സമ്മതിച്ചത് പറയുമ്പോൾ അവൾ, വിങ്ങിപ്പൊട്ടുകയായിരുന്നു.
മക്കൾക്ക് പഠിക്കാൻ കഴിയും എന്നതായിരുന്നു കൽക്കത്തക്ക് വരുമ്പോൾ കമലയുടെയും ഭർത്താവിന്റെയും സ്വപ്നം. എന്നാൽ, അച്ഛന്റെ വരുതിയിൽ നിന്നും പുറത്തു കടക്കാൻ ഭർത്താവിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം എന്നു പറഞ്ഞ് കമല, സാരിത്തലപ്പിനാൽ കണ്ണു തുടച്ചു.
ഒക്ടോബർ 2 - ലെ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്.