Monday, August 20, 2012

സ്വാതന്ത്ര്യവീഥിയിലെ കെടാവിളക്കുകള്‍




         ഐതിഹാസികവും  ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതും അത്യപൂര്‍വ്വവുമായ പോരാട്ടങ്ങള്‍ കൊണ്ട് ഉജ്ജ്വലവുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ധീരനായകരെക്കുറിച്ചും അവരുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളെക്കുറിച്ചും സംക്ഷിപ്തമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം. മഹാരഥന്മാരുടെ ധീരോദാത്തമായ സ്മരണയിലൂടെ, ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ അനേകായിരം ധീരദേശാഭിമാനികള്‍ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാണിത്.   'കേരള ടൈംസ്‌ ' ദിനപത്രത്തില്‍ ഒരു വര്‍ഷം നീണ്ടുനിന്ന ലേഖന പരമ്പരയുടെ പുസ്തകരൂപമാണ് 'സ്വതന്ത്ര വീഥിയിലെ കെടാവിളക്കുകള്‍ ' എന്ന ഈ കൃതി .ഈ പരമ്പരക്ക് സ്വതന്ത്ര സുവര്‍ണ ജൂബിലി അവാര്‍ഡ്‌ , നെഹ്‌റു സ്മൃതി അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്.  

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തോട് പടപൊരുതാന്‍ ഭാരത ജനതയ്ക്ക് ആയുധമായുണ്ടായിരുന്നത് അവരുടെ ആത്മധൈര്യവും ജീവനെ വിലമതിക്കാത്ത പോരാട്ട വീര്യവുമായിരുന്നു. 1857 മെയ്‌ 10 ന്‌ മീററ്റിലാരംഭിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രഥമ ദിനം തുടങ്ങി 1947 ആഗസ്റ്റ്‌ 14 അര്‍ദ്ധരാത്രി വരെയുള്ള ഐതിഹാസികമായ പോരാട്ടത്തിലുടനീളം ഈ വീര്യം ചോര്‍ന്നു പോകാതെ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതും അത്ഭുതം തന്നെ.അഹിംസയുടെ തേരിലേറി എന്തിനേയും സഹിച്ചും ത്യജിച്ചും രാജ്യത്തിന്റെ മുഖ്യധാര, ഗാന്ധിജിയുടെ നേതൃത്വത്തില്‍ മുന്നേറിയപ്പോള്‍  യുവത്വത്തിന്റെ ഊര്‍ജ്ജസ്വലമായ മുന്നേറ്റത്തില്‍ അതിവിപ്ളവത്തിന്റെയും സായുധ പോരാട്ടത്തിന്റെയും പാതയില്‍ മുന്നേറിയ യുവനിരയുടെ ശക്തി കണ്ടു ബ്രിട്ടന്‍ ഞെട്ടിവിറച്ചു. ഈ രണ്ടു ധാരകളും സമന്വയിച്ചപ്പോള്‍ ഭാരതം ലോക ചരിത്രത്തില്‍ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു.    

ആത്മാഭിമാനത്തിന്റെ തിലകക്കുറിയായ ലോകമാന്യ ബാലഗംഗാധര തിലക്, ഇന്നും മുഴങ്ങുന്ന ഗര്‍ജ്ജനമായ ലാലാ ലജ്പത് റായ്, സ്വാതന്ത്ര്യ ദാഹത്തിന്റെ ജ്വലിതസാക്ഷ്യമായ ഗോപാല കൃഷ്ണ ഗോഖലെ , താളം പിഴയ്ക്കാത്ത ത്യാഗ ഗാഥയുടെ ദേശ്ബന്ധു സി.ആര്‍ . ദാസ് , ആത്മധീരതയുടെ മാണിക്യമായ പണ്ഡിറ്റ്‌. മോത്തിലാല്‍ നെഹ്‌റു, ദേശീയതയുടെ നീതിബോധം ഉണര്‍ത്തിയ സുരേന്ദ്ര നാഥ് ബാനര്‍ജി , ഇംഗ്ലീഷ് മനസ്സിലെ ഭാരതീയതയായ ഡോ:ആനി ബസന്റ്, ക്രാന്തദര്‍ശിയായ കര്‍മധീരന്‍ എന്നറിയപ്പെടുന്ന മഹാദേവ് ഗോവിന്ദ റാണാ ദേ  ,  അഭിമാനസാഗരത്തിന്റെ ആദ്യ നായകന്‍ ദാദാ ബായ് നവറോജി, ഹിന്ദു-മുസ്ലിം മൈത്രിയുടെ ധീരനായ പ്രവാചകന്‍ ബദരുദ്ദീന്‍ തയാഭ്ജി, ധീരതയുടെ ആള്‍രൂപമായി സര്‍ ഫിറോസ്‌ ഷാ മേഹ്ത്ത, മഹേതിഹാസത്തിന്റെ പ്രാരംഭകന്‍ ഡബ്ല്യു .സി.ബാനര്‍ജി,   നിര്‍ഭയനായിരുന്ന നേതാവ് സര്‍  സി.ശങ്കരന്‍ നായര്‍ , മൈത്രിയുടെ പ്രചാരകന്‍ മൌലാന മുഹമ്മദ്‌ അലി, ദേശീയതയുടെ വാനമ്പാടിയായ സരോജിനി നായിഡു, വിപ്ളവ ഗാഥയുടെ ജപ കീര്‍ത്തനം - ശ്രീ അരബിന്ദോ ഘോഷ്, തുറന്ന മനസ്സുള്ള പണ്ഡിതന്‍ വിത്തല്‍ ഭായ് പട്ടേല്‍ , അനശ്വരാവേശത്തിന്റെ ഗീതാകാരന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി , മതസൌഹാര്‍ദ്ദത്തിന്റെ മന്ത്രധ്വനികളുയര്‍ത്തി മൌലാന അബ്ദുല്‍ കലാം ആസാദ് ,  വിദ്യാഗംഗാതന്‍ പുണ്യപ്രവാഹമായി പണ്ഡിറ്റ്‌ മദന്‍മോഹന്‍ മാളവ്യ തുടങ്ങിയ ആദര്‍ശധീരരായ കര്‍മയോഗികളുടെ ജീവിതത്തിലൂടെയുള്ള ഒരു തീര്‍ഥയാത്രയായി  ഓരോ അദ്ധ്യായങ്ങളും....

രാജ്യസ്നേഹികള്‍ 'രാജന്‍ ബാബു' എന്ന്‌ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഡോ. രാജേന്ദ്ര പ്രസാദ്‌ , ദേശീയതയുടെ വിപ്ളവഭാഷ്യമായ വിപിന്‍ ചന്ദ്രപാല്‍ , ദാര്‍ശനിക പ്രതിഭയുടെ പ്രഭാപൂരമായി വിളങ്ങിയ വി.എസ് , ശ്രീനിവാസ ശാസ്ത്രി , മഹേതിഹാസത്തിന്റെ പിതാമഹന്‍ എ. ഓ . ഹ്യൂം , സാമൂഹ്യസേവനത്തിനു പുതിയ മാനം നല്‍കിയ സിസ്റ്റര്‍ . നിവേദിത , കര്‍മയോഗത്തിന്റെ നിസ്വാര്‍ത്ഥഭാഷ്യമായ സര്‍ . ദിന്‍ഷാവാച്ചാ, വര്‍ഗീയതക്കെതിരെ പോരാടിയ വൈദ്യന്‍ ഹക്കിം അജ്മല്‍ ഖാന്‍ , ദേശപ്രിയനായ ബംഗാളി ബാബു സെന്‍ ഗുപ്ത , ഭിന്നതയുടെ കൊടുമുടികളില്‍ മദ്ധ്യസ്ഥതയുടെ മഞ്ഞുകണമായി തേജ് ബഹാദൂര്‍ സപ്രു , സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഏടുകളില്‍ ജനലക്ഷങ്ങള്‍ 'രാജാജി' എന്ന്‌ ആദരപൂര്‍വ്വം വിളിച്ചിരുന്ന സി. രാജഗോപാലാചാരി , ധീരനായ പത്രപ്രവര്‍ത്തകന്‍ ജി. സുബ്രമണ്യ അയ്യര്‍ , സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ , അതിര്‍ത്തി ഗാന്ധിയായ ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ ,കൊടുംകാറ്റിന്റെ മാറ്റൊലിയെന്ന് വിശേഷിപ്പിക്കുന്ന നേതാജി സുഭാഷ്‌ ചന്ദ്ര ബോസ്.... അങ്ങിനെ ഇന്ത്യയുടെ മുക്തിക്കായി പോരാടിയ ധീരയോധാക്കളുടെ ജീവിതം വളരെ ലളിതമായി വിവരിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍ ...  

ഗാന്ധിജിയും നെഹ്രുവും ഇന്നത്തെ തലമുറയ്ക്ക് കൂടുതല്‍ സുപരിചിതരായതിനാല്‍ അവരെ ഒരു ലേഖനത്തില്‍ ഒതുക്കാന്‍ കഴിയാത്തത് കൊണ്ടുമാണ് ഈ പരമ്പരയില്‍ ഉള്‍ക്കൊള്ളിക്കാത്തതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. എന്നാല്‍ , ഇവരുടെ സജീവ സാന്നിദ്ധ്യം മിക്ക ലേഖനങ്ങളിലും നമുക്ക് കാണാവുന്നതാണ്.

സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുന്ന നാം മഹാശയരായ സ്വാതന്ത്ര്യ സമരനായകരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നും ഏറെ ദൂരെയാണ് എന്നത് വാസ്തവം തന്നെ. ഈ പുസ്തകത്തിന്‌ പ്രൌഡമായൊരു അവതാരിക എഴുതിയ ജസ്റ്റീസ് . വി. ആര്‍ . കൃഷ്ണയ്യരും നമ്മെ ഓര്‍മപ്പെടുത്തുന്നതും അത് തന്നെയാണ്.    മഹാശയരായിരുന്ന അന്നത്തെ തലമുറയുടെ സമര്‍പ്പണ മനോഭാവവും ത്യാഗബുദ്ധിയും ആദര്‍ശശുദ്ധിയും കറയറ്റ രാജ്യ സ്നേഹവും പുതുതലമുറയ്ക്ക് കാണിച്ചു കൊടുക്കുകയെന്ന  ലക്ഷ്യവും ഈ പുസ്തകം നിറവേറ്റട്ടെ. 


27 comments:

  1. ദേശസ്‌നേഹം പുതുതലമുറയ്ക്കു പകരാനുതകുന്ന നല്ല രചനകള്‍ ഇക്കാലത്ത് അത്യാവശ്യം തന്നെ. ഈ പരിചയപ്പെടുത്തലിന് നന്ദി...

    ReplyDelete
  2. പരിചയപ്പെടുത്തിയതിനു നന്ദി.

    പലതും വായിക്കണം എന്നുണ്ടെങ്കിലും നടക്കാതെ പോകുന്നു.

    ReplyDelete
  3. പലതും അറിയാനോ ഉള്‍ക്കൊള്ളാനോ ശ്രമിക്കാത്തത് ഇന്നിന്റെ ഒരു കുഴപ്പം പോലെ ആയിരിക്കുന്നു.
    പരിചയപ്പെടുത്തല്‍ ഉചിതം.

    ReplyDelete


  4. പ്രവാസത്തിന്റെ , സമയലഭ്യത വല്ലാതെ
    നശിപ്പിച്ച് കളയുന്നുണ്ട് വായനയേ ...
    ഒരു പുസ്തകം തീരാന്‍ തന്നെ മാസങ്ങളെടുക്കുന്നു ...!
    ഗ്രന്ഥകാരാന്‍ ചൂണ്ടീ കാട്ടിയ ഒന്ന് വല്ലാതെ ഇഷ്ടമായീ ..
    തന്റെ പരിധകള്‍ക്കുള്ളിലോ , വരികള്‍ക്കുള്ളിലൊ
    നില നിര്‍ത്താന്‍ കഴിയാത്ത സമസ്യയാണ് രാഷ്ട്രപിതാവും നെഹ്രറൂന്ന്
    പറയുമ്പൊഴും അദ്ധേഹം കേട്ടു പതം വന്ന ഒന്നിനേ സമര്‍ദ്ധമായീ
    സമന്വയിപ്പിച്ച് പുതു രീതികള്‍ തേടുന്നുണ്ടാകാം ..
    വായിക്കാന്‍ ഇഷ്ടാണ് ഇതുപൊലെയുള്ള വരികള്‍ ..
    നല്ല പകര്‍ത്തപെടല്‍ ..

    ReplyDelete
  5. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. മണ്‍മറഞ്ഞുപോയ ജനുസ്

    ReplyDelete
  7. ചരിത്രത്താളുകള്‍ മറിയുമ്പോള്‍...
    കുഞ്ഞേച്ചി, പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  8. നന്നായിരിക്കുന്നു.. പ്രത്യേകിച്ച് ദേശസ്നേഹത്തെ ക്കുറിച്ച് മലയാളികള്‍ സംസാരിക്കുന്നതു തന്നെ കുറവാണ്...ഇപ്പൊ എന്താ, കഥ എഴുത്തൊക്കെ മാറ്റിവച്ചു ബുക്ക് റിവ്യൂ, അവയവദാനം തുടങ്ങിയ കാര്യങ്ങള്‍ ആണല്ലോ :-)
    വീ ആര്‍ കൃഷ്ണയ്യരുടെ അവതാരികയിലെ പ്രധാന പോയിന്റുകള്‍ കൂടെ എഴുതാമായിരുന്നു

    ReplyDelete
  9. പരിചയപ്പെടുത്തിയതിനു നന്ദി. ഈ പുസ്തകം കിട്ടുകയണേല്‍ വായിക്കാം !

    ReplyDelete
  10. ഈ പരിചയപ്പെടുത്തല്‍ അസ്സലായി.. ഇതില്‍ പറയുന്ന പല മഹാന്മാരുടെയും ചരിത്രം ഗദ്ഗദ കണ്ടത്തോടെ മാത്രമേ വായിക്കുവാന്‍ കഴിയൂ.. കാരണം അവര്‍ ഈ ദേശത്തെ അത്ര കണ്ടു സ്നേഹിചിരുന്നൂ.. ആശംസകളോടെ..

    ReplyDelete
  11. നന്നായി ഈ പരിചയപ്പെടുത്തൽ.നന്ദി.

    ReplyDelete
  12. കുഞ്ഞുസ്‌ ,നന്നായി ഈ കുറിപ്പ്.നന്ദി

    ReplyDelete
  13. മുൻപൊക്കെ പത്രമാധ്യമങ്ങൾ വളരെ കുറവാണെങ്കിലും അതിലൂടെ അറിഞ്ഞത് മഹാന്മാരുടെ നല്ലനല്ല ജീവിതവും ത്യാഗങ്ങളും ആയിരുന്നു. എന്നാലിന്ന് മാധ്യമങ്ങളെല്ലാം കച്ചവടവൽക്കരിച്ചപ്പോൾ പൊതുജനത്തിന് അറിയാനായി ഉള്ളത് വെറും ചെളിവാരി എറിയൽ മാത്രമാണ്.

    ReplyDelete
  14. എനിക്ക് ചരിത്രം വായന വളരെ ഇഷ്ടമാണ് ആന്റി .എന്റെ കയ്യില്‍ കുറെ മഹാന്മാരുടെ ഫോടോസഹിതമുള്ള ലേഖനങ്ങളുണ്ട്.

    ReplyDelete
  15. നമ്മുടെ മഹാന്മാരായ സ്വാതന്ത്ര്യസമരനായകരുടെ സ്വപ്നങ്ങളിലെ ഇന്ത്യാക്കാരനാവാൻ നമുക്കു കഴിഞ്ഞിട്ടുണ്ടോ? ദേശസ്നേഹം, അതിന്റെ സമഗ്രമായ ഭാവത്തിൽ, പുതിയ തലമുറ ഉൾക്കൊള്ളുന്നുണ്ടൊ? വായന തന്നെ മറഞ്ഞു കൊണ്ടിരിക്കുന്ന ദശാസന്ധിയിൽ ഇത്തരം വിചാരങ്ങൾ പ്രസക്തം. നന്ദി, ഈ പരിചയപ്പെടുത്തലിന്‌.

    ReplyDelete
  16. കാലയവനികക്കുള്ളില്‍ മറഞ്ഞു പോയവര്‍ , ഇന്ത്യന്‍ മനസ്സുകളില്‍ നിന്നും മാഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. നല്ലൊരു പരിചയപ്പെടുത്തല്‍ ...

    ReplyDelete
  17. ഇവിടെയിപ്പോള്‍ ഇതൊക്കെ വായിക്കുന്നതാര്. പുതിയ തലമുറയെല്ലാം ഇംഗ്ലീഷ് എഴുത്തുകാരുടെ പുറകെയാണ്. ചിലപ്പോള്‍ നമ്മളെ പോലെയുള്ളവര്‍ വാങ്ങി വായിക്കുമായിരിക്കും. പിള്ളേര് സ്കൂള്‍ തലത്തിലെങ്ങാനും ഇവരെ പറ്റിയുള്ള കാര്യങ്ങള്‍ പഠിച്ചെങ്കിലായി. അവരൊക്കെ അന്ന് എത്ര കഷ്ടപ്പെട്ടു നേടിയ സ്വാതന്ത്ര്യം ഇന്നിവിടെ അമേരിക്കയുടെ മുമ്പില്‍ അടിയറവെച്ച് കാണിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ ലജ്ജ തോന്നുന്നു.
    പരിചയപ്പെടുത്തലിനു നന്ദി കുഞ്ഞൂസെ... ഓണാശംസകള്‍ ,

    ReplyDelete
  18. പ്രിയ കുഞ്ഞൂസ് ക്ഷമിക്കണം.നല്ലതിരക്കിലാതുകാരണം ഇന്നാണ് ഇതു വായിക്കാൻ കഴിഞ്ഞത്.ഇനി ഇവിടെ പരിചയപ്പെടുത്തിയ കുറിപ്പിലെ ആക്ഷേപം പറഞ്ഞോട്ടേ. “ 1857 മെയ്‌ 10 ന്‌ മീററ്റിലാരംഭിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രഥമ ദിനം തുടങ്ങി 1947 ആഗസ്റ്റ്‌ 14 അര്‍ദ്ധരാത്രി വരെയുള്ള ഐതിഹാസികമായ പോരാട്ടത്തിലുടനീളം ഈ വീര്യം ചോര്‍ന്നു പോകാതെ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതും അത്ഭുതം തന്നെ.അഹിംസയുടെ തേരിലേറി എന്തിനേയും സഹിച്ചും ത്യജിച്ചും രാജ്യത്തിന്റെ മുഖ്യധാര, ഗാന്ധിജിയുടെ നേതൃത്വത്തില്‍ മുന്നേറിയപ്പോള്‍ “ ഈ പറഞ്ഞത് നല്ലതെറ്റാണ്.
    സ്വാതന്ത്ര്യസമരത്തിന്റെ ഏതാണ്ടൊക്കെ പകുതിയിൽയേറെ കാലങ്ങൾ കഴിയുമ്പോളാണ് ഗാന്ധി ഇന്ത്യയിലേക്ക് വരുന്നത് . ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന വർഗ്ഗിയവാദത്തിനു തുടക്കാ‍രൻ കൂടിയാണ് ഗാന്ധിയെന്നു പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. ഗാന്ധിയെന്നും സവർണവർഗ്ഗ ചിന്തഗതിക്കാരനായിരുന്നു. 1893 മുതല്‍ 1914 വരെ സൗത്താഫ്രിക്കയില്‍ ഉണ്ടായിരുന്ന ഗാന്ധി, അവിടുത്തെ കറുത്ത വർഗ്ഗക്കാർക്കു വേണ്ടി പോരാടി എന്ന് സ്കൂളിൽ പാഠിപ്പിക്കുന്നത് ഒരു തെറ്റായപാഠമാണ് .കാരണം സൗത്താഫ്രിക്കൻ സർക്കാർ ഇന്ത്യക്കാർക്ക് വെള്ളക്കാരോടൊപ്പം തീവണ്ടിയിൽ സഞ്ചരിക്കനുള്ള സ്വാതന്ത്യം അനുവദിച്ചപ്പോൾ 'ഇന്ത്യന്‍ ഒപ്പീനിയൻ' എന്ന സ്വന്തം പത്രത്തില്‍ ഗാന്ധി ഇങ്ങനെ എഴുതി "Thanks to the Court's decision, only clean Indians or colored people other than Kaffirs, can now travel in the trains." Clean Indians എന്നതുകൊണ്ട് ഗാന്ധി ഉദ്ദേശിച്ചത് സവർണ്ണരായ ഇന്ത്യക്കാർ എന്നു മാത്രമാണന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ നിന്നും വ്യക്തമാണ്‌.‌ അതായത് ഗാന്ധിക്ക് ഇന്ത്യക്കരെപോലും വർഗ്ഗീകരിച്ച് വിവേചനത്തോടെ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യൻ ചരിത്രം പ്രത്യേകിച്ച് ഇന്ത്യൻസ്വാതന്ത്ര്യസമരചരിത്രം എത്രത്തോളം ചരിത്രത്തെ വളച്ചൊടിക്കാൻ കഴിയും എന്നതിന്റെ പ്രഥമ ഉദകരമാണ്. അഹിംസയുടെ വക്താവായിരുന്ന, സത്യാഗ്രഹമെന്ന പുതിയ സമരമുറ ലോകത്തിനു കാട്ടിതന്ന ഗാന്ധിക്ക് രണ്ടുതവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്‌ പേരു നിർദ്ദേശിച്ചങ്കിലും അതു കിട്ടാതെ പോയത് ഹിംസയുടെ പേരിലന്നത് വിരോധാഭാസമായ് തോന്നാം. സ്വജന പക്ഷപാതവും, സവർണ്ണ മേധാവിത്വവും അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. മുസ്ളീം പെൺകുട്ടിയെ സ്നേഹിച്ച സ്വന്തം മകനെ, നീ ഗാന്ധിയുടെ മകാനാണന്നു പറഞ്ഞ് അതിൽ നിന്നു പിന്തിരിപ്പിക്കുകയും, ശൈശവ വിവാഹത്തെ എതിർത്തിരുന്ന ഗാന്ധി ചെറുമകന്റെ കാര്യത്തിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ശൈശവ വിവാഹം നടത്തികൊടുക്കയും ചെയ്തു. ലണ്ടനിൽ വിവാഹിതരായ ഇന്ദിരാ ഗാന്ധിയേയും ഫിറോസിനെയും അടിയന്തിരമായ് ഇന്ത്യയിൽ വിളിച്ചു വരുത്തി, ഫിറോസ് എന്ന പാഴ്സിയുവാവിനെ ഫിറോസ് ഗാന്ധിയായ് അഭിഷേകം ചെയ്ത് ബ്രാഹ്മണ മതാചാര പ്രകാരം വിവാഹം നടത്തിയതും ഗാന്ധിയുടെ പക്ഷപാതപരവും സവർണ്ണ മേധവിത്വപരവുമായ ചെയ്‍വനകളായ് കാണാതെ തരമില്ല.
    ജോസഫ് ലെലി വെൽഡ് രചിച്ച “ഗ്രേറ്റ് സോൾ” മഹാത്മഗാന്ധി അന്റ് ഹിസ്ട്രഗിൾ വിത്ത് ഇന്ത്യ എന്നപുസ്തകം ഇന്ത്യയിൽ നിരോധിച്ച് വിദേശങ്ങളിൽ ആ പുസ്തകം കിട്ടും വായിക്കണം പഠിച്ചതെറ്റുകൾ തിരുത്താനും ചരിത്രമറിയാനും കഴിയും.

    ReplyDelete
  19. ഈ കുറിപ്പ് നന്നായി

    ReplyDelete
  20. ഈ പരിചയപ്പെറ്റുത്തൽ നന്നായിട്ടുണ്ട് കുഞ്ചൂസെ.... വായിച്ചു ഇഷ്ടപ്പെട്ടു, ഇതു ഞാൻ റ്റ്വീറ്റും ചെയ്തിട്ടുണ്ട്.

    ReplyDelete
  21. പരിചയപ്പെടുത്തലിന് ആശംസകൾ...

    ReplyDelete
  22. ഇതെന്നോ..
    വായിച്ചു പൊയിരുന്നൂ‍ൂ....

    അഭിപ്രായിച്ചിരുന്നില്ല..അല്ലേ

    ReplyDelete
  23. ഈ പരിചപ്പെടുത്തലിന്ന് നന്ദി

    ReplyDelete

Related Posts Plugin for WordPress, Blogger...