Sunday, June 19, 2016

അച്ഛൻ - സ്നേഹത്തിന്റെ കുളിരും സുരക്ഷിതത്വത്തിന്റെ തണലും...



എന്നും എപ്പോഴും ഫേസ്ബുക്കിൽ നിറയെ  അമ്മസ്നേഹത്തിന്റെ പോസ്റ്റുകൾ. അതിലൊരു നിഴലായിപ്പോലും തെളിയാത്ത അച്ഛൻ .... അമ്മസ്നേഹത്തിന്  അമ്മിഞ്ഞപ്പാലിന്റെ മണവും നൈർമല്യവുമാണെങ്കിൽ അച്ഛൻസ്നേഹത്തിന് സുരക്ഷിതത്വത്തിന്റെ വജ്രകാഠിന്യവും ഹൃദയത്തിന്റെ ആർദ്രതയുമാണെനിക്കെന്നും.... 

ബാല്യത്തിലെ ഓർമ്മകളിൽ വല്ലപ്പോഴും ജോലിസ്ഥലത്തുനിന്നും വന്നെത്തുന്ന അതിഥിയായിരുന്നു അച്ഛൻ. കൊട്ടാരംഅമ്പലത്തിലെ താലപ്പൊലിക്ക് വെടിക്കെട്ടു കാണാൻ കൊണ്ടുപോകാം എന്ന വാഗ്ദാനം പാലിക്കാൻ ഓടിയെത്തിയതായിരുന്നു അത്തവണ. ഈ വെടിക്കെട്ട്‌ ഞങ്ങളുടെ നാട്ടുകാരുടെ ഒരു ദൗർബല്യമാണ് . അതിൽ ജാതിമതഭേദമില്ല. ആ സമയത്താണ് മറുനാടുകളിൽ ജോലി ചെയ്യുന്നവരും മറ്റും അവധിക്കുവരുന്നതും കൂട്ടുകാരും ബന്ധുക്കളും ഒക്കെയായി ഉത്സവത്തെ ആഘോഷമാക്കിത്തീർക്കുന്നതും .... 

സ്ലേറ്റിൽ ' എനിക്ക് മുണ്ടിനീരും പനിയുമാണ് ' എന്നെഴുതിവച്ച് രാവിലെ മുതൽ അച്ഛനെ കാത്തിരിക്കുകയാണ് , ... സന്ധ്യയായപ്പോൾ ആ കാത്തിരിപ്പ് ഗേറ്റിങ്കലായി ....   അച്ഛൻ ടാക്സിയിൽ വന്നിറങ്ങിയതും കൈയിലിരുന്ന സ്ലേറ്റ് പൊക്കിക്കാണിച്ചു. വാരിയെടുത്തുമ്മ വെച്ച് 'സാരോല്യ, ന്നാലും നമുക്ക് വെടിക്കെട്ടു കാണാൻ പോകാം' എന്നുപറഞ്ഞ് എന്റെ കുഞ്ഞു മനസ്സിനെ തൊട്ടു തലോടി. രാത്രിയിൽ അച്ഛന്റെ കൈയിൽ പിടിച്ചു വെടിക്കെട്ട്‌ കാണാൻ പോയത് അഭിമാനത്തോടെയാണ്. കാരണം, മുണ്ടിനീരും പനിയും ആയതുകൊണ്ട് എന്നെ കൊണ്ടുപോവില്ലെന്ന് കസിൻസ് രാവിലെ മുതൽ എന്നെ വേവലാതിയുടെ കയത്തിലേക്ക് തള്ളിയിട്ടു വേദനിപ്പിച്ചുകൊണ്ടിരുന്നു. ഒപ്പം, വെടിക്കെട്ട്‌ കാണാൻ പോകുമ്പോൾ അവർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കളിസമാനങ്ങളുടെ വർണനകളും ഒക്കെ കണ്ണുനീരായി എന്റെ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. പക്ഷേ,  അച്ഛൻ അതെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി എനിക്കു തന്ന വാക്കു പാലിച്ചു. പിന്നെയും ഒരുപാട് ഉത്സവങ്ങൾക്ക് അച്ഛൻ കൊണ്ടുപോയിട്ടുണ്ടെങ്കിലും അന്നത്തെ ഉത്സവം ഒരു മഞ്ഞുതുള്ളി പോലെ ഹൃദയത്തിൽ പറ്റിച്ചേർന്നു നിൽക്കുന്നു.

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ , യൂറിക്ക പരീക്ഷയുടെ സബ് ജില്ല തലത്തിൽ പരീക്ഷയെഴുതാൻ എന്നെയും അനിൽകുമാറിനെയും കൂട്ടി തൃപ്പൂണിത്തുറയ്ക്ക് പോയതാണ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ആയ ട്രീസ ടീച്ചർ. ബസ് സ്റ്റാൻഡിൽ എന്നെ തനിച്ചാക്കി അനിൽകുമാറിനെയും കൊണ്ട് ടീച്ചർ എങ്ങോട്ടോ പോയി. ഇപ്പോൾ വരാമെന്നു പറഞ്ഞു പോയ ടീച്ചറെയും അനിൽകുമാറിനെയും കാണാതെ , പരിചയമില്ലാത്തിടത്ത് നിൽക്കുമ്പോൾ കരച്ചിൽ വന്നു ഉള്ളിൽ തിക്കുമുട്ടുകയായിരുന്നു. മണിക്കൂറുകളുടെ നിൽപ്പിനൊടുവിൽ അതു വഴി വന്ന ഒരു ബസ്സിൽ ഉണ്ടായിരുന്ന ഞങ്ങളുടെ മലയാളം മാഷ് , ബസ്സിൽ ഇരുന്ന് ഒറ്റയ്ക്ക് നില്ക്കുന്ന എന്നെ കാണുകയും വിളിച്ചു കേറ്റിക്കൊണ്ടു പോരുകയും ചെയ്തു. അന്ന് , കാലിലെ മുറിവ് കാരണം അച്ഛൻ ആശുപത്രിയിലായിരുന്നു. മാഷ്, നേരെ ആശുപത്രിയിലേക്കാണ് എന്നെയും കൊണ്ടു പോയത്.

അവിടെ,തൃപ്പൂണിത്തുറ സ്റ്റാൻഡിൽ എന്നെ വിട്ടിട്ടു പോയ ട്രീസടീച്ചർ .... ' എന്റെ കുഞ്ഞിനെ താ .... ' എന്ന് അവരോടു കയർക്കുന്ന അച്ഛനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു അച്ഛന്റെ സഹപാഠിയും സുഹൃത്തും കൂടിയായ ട്രീസ ടീച്ചർ.  'എന്റെ കുഞ്ഞിനെ തന്നാൽ മാത്രം മതി ' എന്ന് വീണ്ടും വീണ്ടും ഗദ്ഗധത്തോടെ പറയുന്നതും കേട്ടാണ് മാഷ് എന്നെയും കൊണ്ട് മുറിക്കകത്തു കയറുന്നത്. കണ്ടപാടെ ചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞ അച്ഛനോടൊപ്പം ഞാനും വിമ്മിക്കരഞ്ഞു കൊണ്ടിരുന്നു.

ഒരു സ്‌കൂളിൽ നിന്നും രണ്ടു കുട്ടികളെ പരീക്ഷക്കിരുത്തുകയില്ല. രണ്ടുമൂന്ന് പ്രാവശ്യം പരീക്ഷ എഴുതിച്ചിട്ടും ഒരേപോലെ മാർക്ക് കിട്ടിയതിനാൽ ആരെ തഴയും എന്ന ആശയക്കുഴപ്പത്തിലാണ് രണ്ടു പേരെയും ടീച്ചർ കൊണ്ടു പോയത്.  പിന്നെ, തിരികെ വന്ന് അനിൽക്കുമാറിന് വേണ്ടി എന്നെ ഒഴിവാക്കിയ കാര്യം അച്ഛനോടു പറയുകയായിരുന്നു അവർ . പാവപ്പെട്ട വീട്ടിലെ കുട്ടിയായ അനിൽക്കുമാറിന് അതൊരു സഹായമാകും എന്നൊക്കെ വിശദീകരിക്കാൻ ശ്രമിച്ച ടീച്ചറോട്, " എന്റെ കുഞ്ഞിന്റെ മനസ്സ് വേദനിപ്പിക്കേണ്ടായിരുന്നു, ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ മോളോട് പറഞ്ഞേനേ .... " ടീച്ചറുടെ ന്യായീകരണങ്ങൾ ചെവിക്കൊള്ളാൻ അച്ഛൻ കൂട്ടാക്കിയില്ല. അതിൽപിന്നീട്, ഒരു മത്സര പരീക്ഷയ്ക്കും അച്ഛൻ എന്നെ അയച്ചിട്ടില്ല.  അനിൽക്കുമാറിന്റെ പഠനച്ചെലവുകൾ അച്ഛൻ ഏറ്റെടുത്തത് , അനിൽക്കുമാറിനോട് എന്റെ കുഞ്ഞുമനസ്സിൽ വിദ്വേഷം ഉണ്ടാകാതിരിക്കാൻ വേണ്ടിക്കൂടിയാണ്. ഇന്നും എന്റെ നല്ലൊരു സുഹൃത്താണ് അനിൽകുമാർ.

ഇങ്ങിനെ  ഓർമ്മകളിൽ നിറയുന്ന ഒരുപാട് സംഭവങ്ങൾ....  എല്ലാത്തിലും നിറയുന്ന അച്ഛന്റെ സ്നേഹവും കരുതലും.... ചിറകിനു ബലം വരുന്നതിനു മുൻപേ കൂടു വിട്ടു പറക്കേണ്ടി വന്ന കിളിക്കുഞ്ഞിനോടുള്ള കരുതൽ എന്നും അച്ഛനുണ്ടായിരുന്നു. ആ അഭാവം നല്കുന്ന ശൂന്യതയിൽ പലപ്പോഴും അന്ധാളിച്ചു നില്ക്കുമ്പോൾ , നിനക്കാവും മോളെയെന്ന് അച്ഛൻ തോളിൽ തട്ടി ധൈര്യം പകരുന്ന തോന്നലാണ് ജീവിത പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിർത്തുന്നത് .



11 comments:

  1. ഓര്‍മ്മക്കുറിപ്പ് ഹൃദ്യമായി.
    ആശംസകള്‍

    ReplyDelete
  2. മക്കള്‍ക്ക് അമ്മയോടാണ് സ്നേഹം എന്നു പറയുന്നത് വെറുതെയാണ്. എന്‍റെ കാര്യത്തില്‍ മറിച്ചാണ് ഉള്ളത്. മക്കള്‍ എന്നെ അതിയായി സ്നേഹിക്കുന്നു.

    ReplyDelete
  3. അമ്മ സ്നേഹത്തിന്റെ പോസ്റ്റുകൾക്കിടയിൽ
    അതിലൊന്നും ഒരു നിഴലായി പോലും തെളിയാത്ത അച്ഛൻ .... അമ്മസ്നേഹത്തിന് അമ്മിഞ്ഞപ്പാലിന്റെ മണവും നൈർമല്യവും
    ആണെങ്കിൽ അച്ഛൻ സ്നേഹത്തിന് സുരക്ഷിതത്വത്തിന്റെ വജ്ര
    കാഠിന്യവും ഹൃദയത്തിന്റെ ആർദ്രതയുമാണ്...

    ReplyDelete
  4. കുഞ്ഞൂസ് പറഞ്ഞത് എത്ര വാസ്തവം ആണ്. അച്ഛൻ സ്നേഹവും, കരുതലും, സുരക്ഷിതത്വവും, വാത്സല്യവും ആണ് നൽകുന്നത്. അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ ഹൃദ്യമായി എഴുതി. നന്മകൾ നേരുന്നു.

    ReplyDelete
  5. വളെരെ മനോഹരം
    അഭിനന്ദ

    ReplyDelete
  6. വളെരെ മനോഹരം
    അഭിനന്ദ

    ReplyDelete
  7. വളെരെ മനോഹരം
    അഭിനന്ദനം ...

    ReplyDelete
  8. നല്ല അനുഭവങ്ങൾ...ഓർമ്മകൾ
    പോസ്റ്റ് നന്നായി...

    ReplyDelete
  9. കരുതലിന്റെ തണലായി അച്ഛൻ ..നിറഞ്ഞ് നിൽക്കുന്നു

    ReplyDelete
  10. അച്ഛനെ കുറിച്ചുള്ള കുഞ്ഞൂസിന്റെ ഓർമകൾ. അതിനു എന്തു അഭിപ്രായം പറയാനാണ്. എഴുത്തു നന്നായി എന്നു മാത്രം പറയാം. അച്ഛൻ ഒരു മാതൃകാ പുരുഷൻ. അമ്മയോ സ്നേഹം കൊണ്ട് പുതപ്പിക്കുന്നു

    ReplyDelete

Related Posts Plugin for WordPress, Blogger...