Wednesday, October 4, 2017

കവിവരകൾ പ്രകാശിതമായി !


പുലിറ്റ്സർ ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'കവിവരകൾ' എന്ന കൂട്ടായ കവിതാസമാഹാരം സെപ്റ്റംബർ 30 നു തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ചു വെളിച്ചം കണ്ട വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. ഞാൻ ഉൾപ്പെടെ 12 പേരുടെ കവിതകളാണ് ഇതിലുള്ളത്. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും സ്നേഹവും...  




വോൾട്ടേജ് 

ആറ്റുനോറ്റുണ്ടായ കണ്മണി പെൺകുഞ്ഞായതിൽ 
അമ്മയുമമ്മൂമ്മയും സന്തോഷിച്ചു 
അച്ഛനവൾ പുന്നാരമുത്തായി
 മുത്തശ്ശനോ അമ്മുക്കുട്ടിയും 

പഠനത്തിന്റെ വഴികളിൽ, അച്ഛനുമമ്മയും മുത്തശ്ശനും 
വഴികാട്ടികളായി, തിരിതെളിച്ചു മുൻപേ നടന്നു 

പടവുകളോരോന്നായി മികവോടെ 
ചവിട്ടിക്കേറിയവൾ
വീട്ടിനു വിളക്കായി തെളിഞ്ഞു നിന്നു 

പാട്ടും നൃത്തവുമായി 
ചിരിയുടെ പൂത്തിരി കത്തിച്ചവൾ 
കൂട്ടുകാരുടെ പ്രിയപ്പെട്ടവളായി 

മികവോടെ ജോലി ചെയ്ത് 
മേലധികാരികളുടെ 
പ്രശംസാപാത്രമായി 

കല്യാണപ്പട്ടികയിൽ മാത്രം 
'വോൾട്ടേജ്' കുറവെന്ന പേരിൽ 
അവളുടെ സ്ഥാനം താഴേക്കായി ...! 


പ്രണയത്തിന്റെ മതം

ചോരയുടെ  ചുവപ്പ് ഇപ്പോഴും വസ്ത്രത്തിലുണ്ട് 
അതിന്റെ മണം ചുറ്റിലുമുണ്ട് 
ഇന്നും ക്യാമറകളുടെ തിരക്കുതന്നെ 
ഇന്നലെയും മിനിയാന്നും അതങ്ങനെതന്നെ 

വലിയ വലിയ എഴുത്തുകാർ 
എന്റെ പേരിൽ കവിതകളും കഥകളും   
വികാരഭരിതരായി വേദികളിൽ
 അവതരിപ്പിക്കുന്നുണ്ടത്രേ  
മന്ത്രിമാരും പാതിരിമാരും 
കണ്ണുനിറച്ച് സഹതപിക്കുന്നുണ്ടത്രേ

ചുണ്ടും നാവും വരളുന്നു ,
 ഒരിറ്റു വെള്ളം കിട്ടിയെങ്കിൽ...!

ഞാൻ സ്നേഹിച്ചവന്, എന്നെ സ്നേഹിച്ചവന്
മതമുണ്ടെന്ന് അവർ പറഞ്ഞു 
അതാണീ ചുവപ്പായി എന്നിൽ പടർന്നിരിക്കുന്നത് 
അവന്റെ  ജീവന്റെ നിറം ...!!


ഫേസ്ബുക്ക് പ്രണയം 

 ഫേസ് ബുക്കിൽ കണ്ടുമുട്ടിയ ആദ്യ നാളുകളിൽ 
നീ പറയുന്നതിലെല്ലാം കവിത തുളുമ്പുന്നുവെന്ന് അവൻ 

എല്ലാ പ്രഭാതങ്ങളും നിന്റെ മൊഴികൾക്കായി കൊതിക്കുന്നുവെന്നും 
എല്ലാ രാത്രികളും നിന്റെ സ്വരം കേട്ടുറങ്ങാൻ മോഹമെന്നും 
അവൻ ഇൻബോക്സിൽ മെസേജുകൾ അയച്ചു 

പ്രണയത്തിന്റെ തീരാവേദനയിൽ അവന്റെ 
മെസേജുകളിൽ കണ്ണീർ തുളുമ്പിനിന്നു

ഇൻബോക്സിൽ നിന്നിറങ്ങിയ പ്രണയം 
ഹോട്ടൽമുറിയിലെ കിടക്കയിൽ 
ദാഹവും മോഹവും തീർത്തു 

പിന്നെയുള്ള പ്രഭാതങ്ങളും ഇരവുകളും 
അവന്റെ മെസേജിനായി അവൾ കാത്തിരുന്നു 

അവനോ, ഫേസ്ബുക്കിൽ അടുത്ത 
ഇരയുടെ പ്രൊഫൈൽ  തിരയുന്ന
തിരക്കിലായിരുന്നു... !!   


അമ്മദിനം 

ഇന്ന് , അമ്മ ദിനമാണത്രേ...!

മകന്റെ ചീത്ത വിളിയിൽ 
ദിവസങ്ങളുടെ ആവർത്തനം 

അടുക്കളക്കോലായിൽ  
ഗ്ലാസ്സിന്റെ വക്കിലൂടെ ട്രപ്പീസ് കളിക്കുന്ന 
ഉറുമ്പിൻകുഞ്ഞുങ്ങളെയും പേറി 
അമ്മക്കുള്ള കട്ടൻചായ 
തണുത്തു വിറങ്ങലിച്ചു  


ചുക്കിച്ചുളിഞ്ഞ  കോലത്തെ 
അമ്മയെന്നു വിളിക്കാൻ 
മറന്നു പോയ മകൻ 
' തള്ളേ '  വിളിയിലും  
ആനന്ദിക്കുന്നു   അമ്മ 
  

അമ്മ ദിനാഘോഷത്തിന് 
താജിലാണ് 'ലഞ്ച്' 
മകനും മരുമോളും ഒരുങ്ങുകയാണ്
മരുമകൾ അവിടെ കവിത വായിക്കുമത്രേ
കേൾവിക്കാരുടെ  
കണ്ണുനിറക്കുന്ന കവിത   

ഇത്തിരി കഞ്ഞി കിട്ടിയെങ്കിൽ 
എന്ന ആശയെ ഭയത്താൽ 
കുഴിച്ചു മൂടി അമ്മ 
വീടിനു പിന്നാമ്പുറത്ത് 
ചുരുണ്ടു കൂടി 

ആയുസു നീട്ടിക്കൊടുക്കുന്ന 
പെൻഷന് സർക്കാരിനു  നന്ദി

ഇന്ന് , അമ്മ ദിനമാണത്രേ ...! 





10 comments:

  1. ആശംസകള്‍ ചേച്ചി :) :)

    ReplyDelete
  2. നിത്യേന കണ്ടുംകേട്ടും വായിച്ചുംഅറിഞ്ഞും നമ്മളുടെ മനസ്സിനെ അസ്വസ്ഥരാക്കുന്ന ജീവിതക്കാഴ്‌ചകള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്കു നന്ദിയും സ്നേഹവും തങ്കപ്പേട്ടാ...

      Delete
  3. വളരെ നല്ല ശ്രമം. അഭിനന്ദനങ്ങൾ കുഞ്ഞൂസ് മാഡം.

    ReplyDelete
  4. ഹൃദയം നിറഞ്ഞ ആശംസകൾ കുഞ്ഞൂസ്.

    ReplyDelete
    Replies
    1. ഗിരിജാ, ഇവിടെ ആദ്യമാണെന്നു തോന്നുന്നല്ലോ.... സ്നേഹവും സന്തോഷവും ഈ വരവിനും അഭിപ്രായത്തിനും....

      Delete
  5. ഇന്നുള്ള പല ജീവിതക്കാഴ്‌ചകള്‍
    ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
    കവിവരികളിലെ 12 കവികൾക്കും/കവിയത്രികൾക്കും അഭിനന്ദനങ്ങൾ ...

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്കു നന്ദി മുരളീഭായ്...

      Delete

Related Posts Plugin for WordPress, Blogger...