Saturday, August 4, 2018

"നേരമെന്തായിക്കാണും ....? " മരുന്നുകൾ സമ്മാനിക്കുന്ന മയക്കത്തിൽ നിന്നുണരുമ്പോൾ മനസ്സിലേക്കെത്തിയ ചോദ്യം ശബ്ദമായി പുറത്തേക്കെത്തിനോക്കി. ഒരു മറുപടി ശബ്ദത്തിനായി കണ്ണുകളും കാതുകളും ചുറ്റും പരതി. ജീവിതത്തിൽ നിന്നുള്ള വിരമിക്കലിനു മുന്നോടിയായി,  ജീവിതത്തെ പറിച്ചുനട്ട 'റിട്ടയർമെന്റ് ഹോമി'ന്റെ ചുവരുകളിൽ തട്ടി വീണ തന്റെ ശബ്ദത്തെ ദയവോടെ നോക്കി റിച്ചാർഡ് കട്ടിലിൽ എണീറ്റിരുന്നു. മുറിക്കുള്ളിലെ വെളിച്ചം വൈദ്യുതിയോ സൂര്യപ്രകാശമോ എന്നു തിരിച്ചറിയാതെ പകച്ച മിഴികൾ മേശപ്പുറത്തെ ഘടികാരത്തിലേക്ക് നീണ്ടു. ആറു മണി ...! പകലോ രാത്രിയോ...? 

എണീക്കാനും ബാത്‌റൂമിൽ പോകാനും വല്ലാതെ മടി തോന്നുന്നു.... കട്ടിലിന്റെ ക്രാസ്സിയിലേക്ക് വീണ്ടും തല ചായ്ക്കുമ്പോൾ  അറിയാതെ കണ്ണുകൾ തുളുമ്പി...!


"ഇല്ല, വയ്യ ... ബാത്‌റൂമിൽ പോണം ... " വീണ്ടും എണീറ്റു . എപ്പോഴും സഹചാരിയായ വാക്കറേയും കൂട്ടി ബാത്‌റൂമിൽ പോയി വന്നു. ജനലിനടുത്തു ചെന്ന് പയ്യെ കർട്ടൻ നീക്കിയിട്ടു. എതിരെയുള്ള വീടുകളിൽ ക്രിസ്മസ് അലങ്കാരങ്ങൾ , ലൈറ്റുകൾ, റൈൻ ഡീറുകൾ, സാന്ത .....

കാഴ്ചകൾ മനസ്സു നിറക്കുന്നു, കണ്ണും....  ഒരു യുവാവും യുവതിയും മോനും പുറത്തേക്കിറങ്ങി വന്നപ്പോൾ , ഭൂതകാലത്തിൽ നിന്നും ഒരു കുടുംബം അയൽവക്കത്തെ വീട്ടിൽ പുനർജ്ജനിക്കുന്നു .... 


ഇത്തവണ വൈറ്റ് ക്രിസ്മസ് ആയിരിക്കണേ എന്നു പ്രാർത്ഥിക്കുന്ന എറിക്.... ആഗോളതാപനം ശിശിരത്തിലെ മഞ്ഞുരുക്കുന്നതിനാൽ ക്രിസ്മസിന് സാന്തക്ക് സ്ലെഡ്‌ജറിൽ വരാൻ പറ്റില്ലത്രേ... സാന്തയില്ലാതെ ക്രിസ്മസ് ഇല്ലല്ലോ... ! എറിക്കിന്റെ കുഞ്ഞു മനസ്സിന്റെ ആശ്വാസത്തിനായി ലിസയും പ്രാർത്ഥനയിൽ കൂടി. മഞ്ഞു പെയ്യുമ്പോൾ എറിക് തുള്ളിച്ചാടി.സ്ലോവേക്യയിൽ നിന്നും എട്ടു വയസുകാരന്റെ കയ്യും പിടിച്ചു കാനഡയിൽ വന്ന 'അമ്മ, മകന് വേണ്ടി മാത്രം ജീവിച്ചു മരിച്ച 'അമ്മ. എന്നെങ്കിലും ഒരിക്കൽ ഒരു തിരിച്ചു പോക്ക് സ്വപ്നം കണ്ടിരുന്നു. സ്വന്തക്കാരും ബന്ധുക്കളും ജീവിക്കുന്ന നാട്ടിലേക്ക്... അതിനിടയിൽ, നാണം കുണുങ്ങിയായ മകന് ഒരു കൂട്ടുകാരിയെ  കണ്ടുപിടിച്ചതും 'അമ്മ തന്നെ.... ലിസ, ജീവിതത്തിന് അർത്ഥവും വെളിച്ചവുമായി... 

 വർത്തമാനകാലത്തിന്റെ ചവിട്ടുപടിയിൽ നിന്ന് ആരോ വാതിലിൽ തട്ടുന്ന ശബ്ദം , ഭൂതകാലത്തിൽ നിന്നും കൈപിടിച്ചിറക്കി. റിസപ്‌ഷൻ മാനേജർ ജൂഡിത്ത് നിറഞ്ഞ ചിരിയോടെ സായാഹ്‌ന വന്ദനം പറഞ്ഞു.വർണ്ണകടലാസിൽ പൊതിഞ്ഞ ഒരു പെട്ടി  , തന്റെ കയ്യിലേൽപ്പിച്ചു , ' പാഴ്‌സലിൽ വന്ന ക്രിസ്മസ് സമ്മാനം' .ആശ്ചര്യമായിരുന്നത്, ലിസയും എറിക്കും പോയതിനു ശേഷം ഇന്നുവരെ ആരും ഒരു സമ്മാനവും തന്നിട്ടില്ല.അങ്ങനെ തരാൻ ആരുമുണ്ടായിരുന്നില്ല എന്നതാണു സത്യം. ലിസയുടെ കൂട്ടുകാരായിരുന്നു തങ്ങൾക്കു ചുറ്റുമുണ്ടായിരുന്നത്. ലിസയും എറിക്കും വാഹനാപകടത്തിൽ ഒന്നിച്ചു പടിയിറങ്ങിയപ്പോൾ കൂട്ടുകാരും ആ വഴി മറന്നു. 

"പൊതിയഴിച്ചു നോക്കൂ മിസ്റ്റർ. റിച്ചാർഡ്..."  തന്റെ അലസത കണ്ടാവാം, ജൂഡിത്ത് ഉത്സാഹിപ്പിച്ചു. പൊതിയഴിച്ചതും അവർ തന്നെ. ഒരു മാലാഖയുടെ രൂപം, ജൂഡിത്ത് കൈയിൽ തന്നു. തിരിച്ചും മറിച്ചും നോക്കി, അവരെ തിരിച്ചേൽപ്പിച്ചു. അവരതിലെ ബട്ടൺ അമർത്തിയപ്പോൾ മനോഹരശബ്ദത്തിൽ ജിങ്കിൾ ബെൽ ഗാനം അതിൽ നിന്നുയർന്നു.....

ആരാണത് അയച്ചതെന്നറിയാൻ അവർക്കായിരുന്നു കൂടുതൽ ആകാംക്ഷയെന്നു തോന്നി. പെട്ടിയിൽ നിന്നെടുത്ത കാർഡും തന്റെ മൗനാനുവാദത്തോടെ അവർ തന്നെയാണു തുറന്നത്. കഴിഞ്ഞയാഴ്ച ബില്ലടയ്‌ക്കാൻ വിളിച്ചപ്പോൾ, സംസാരിച്ച കുട്ടിയോട് അറിയാതെ മനസ്സു തുറന്നിരുന്നു. ചിലരങ്ങനെയാണ്, മനസ്സിന്റെ ഉള്ളറകൾ തുറന്നു കേറിവന്നു സ്നേഹൗഷദത്താൽ തലോടിപ്പോകും.

കാർഡിൽ നോക്കിയിരിക്കെ കണ്ണു നിറഞ്ഞതിനാലാവും, ഓർമ്മകളിൽ അലയാൻ വിട്ടു  ശുഭരാത്രി നേർന്ന് ജൂഡിത്ത് വേഗം പോയത്... !
6 comments:

 1. Good story (കഥയോ സംഭവമോ എന്ന് സംശയമുണ്ട്). ആശംസകൾ...
  .....കുറെയേറെ നാളുകൾക്കുശേഷമാണ്‌ ഞാൻ ഓൺലൈനിൽ വരുന്നത്. ഇനി എഴുത്തും വായനയും തുടരണമെന്ന് വിചാരിക്കുനു.

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും ഏറെ നന്ദി.

   Delete
 2. ഞാനും ചെറിയൊരു ഇടവേളയ്ക്കു ശേഷമാണു ഓൺലൈനിൽ വരുന്നത്. നല്ല വായന നൽകി കുഞ്ഞൂസ് മാഡം.
  കഥയോ , അനുഭവമോ എന്ന് തിരിച്ചറിയാൻ പ്രയാസം .
  ആശംസകൾ.

  ReplyDelete
 3. ചിലരങ്ങനെയാണ്, മനസ്സിന്റെ ഉള്ളറകൾ
  തുറന്നു കേറിവന്നു സ്നേഹൗഷദത്താൽ തലോടിപ്പോകും...

  ReplyDelete
 4. ഓർമ്മകൾ സമ്മാനിക്കുന്നത്........

  ReplyDelete

Related Posts Plugin for WordPress, Blogger...