Monday, December 31, 2018

പുതുവർഷ ഓർമ്മകൾ

നിറങ്ങളുടെയും ശബ്ദങ്ങളുടെയും വെളിച്ചങ്ങളുടെയും ആരവങ്ങൾ നിറഞ്ഞ നയാഗ്രയിലെ ഡിസംബർ സായാഹ്നം... ചുറ്റിലും പുതുവർഷത്തിന്റെ പ്രസരിപ്പും പ്രതീക്ഷകളും ആർത്തിരമ്പുന്നു. ഉത്സവലഹരിക്ക് അലുക്കുകൾ ചാർത്തുന്ന    പോലെ നേരിയതായി  മഞ്ഞു പൊഴിയുന്നുമുണ്ട് . വെടിക്കെട്ട് (ഈ ചെറുശബ്ദങ്ങളെ അങ്ങനെ വിളിക്കാൻ മരടുകാരിയായ എനിക്കു കഴിയുന്നില്ല) ശബ്ദങ്ങളായും നിറങ്ങളായും ആകാശത്തു വിരിഞ്ഞു നില്ക്കുകയും ആരവങ്ങളോടൊപ്പം പൊഴിഞ്ഞുവീഴുകയും ചെയ്യുന്നു... മനോഹരകാഴ്ചകളിൽ മിഴിനട്ടിരിക്കുമ്പോൾ മനസ്സിന്റെ മുറ്റത്തു ഓർമ്മകളുടെ മേളം പതിഞ്ഞ താളത്തിൽ കൊട്ടു തുടങ്ങിയിരുന്നു...

ഡിസംബർ മുപ്പത്തൊന്നും ജനുവരി ഒന്നും ക്രിസ്മസിനേക്കാൾ പ്രിയപ്പെട്ടതാണ് ഓർമ്മകളിൽ. ക്രിസ്മസിനു പുൽക്കൂടൊരുക്കലും നക്ഷത്രം തൂക്കലുമൊക്കെ അടുത്ത വീട്ടിലെ ചേട്ടന്മാരും കൂടി വന്നാണ് ചെയ്യുക. പിന്നെ, ക്രിസ്മസിന്റെയന്ന് അമ്മ വീട്ടിലേക്കു പോകാനുള്ള തിരക്കുമാണ്. എന്നാൽ ഡിസംബർ മുപ്പത്തൊന്ന് ഉറക്കമില്ലാത്ത ആഘോഷങ്ങളുടെ രാവാണ്. വല്യച്ഛനും കുടുംബവും ചേച്ചിയും (അച്ഛൻ പെങ്ങൾ) കുടുംബവും ചിറ്റപ്പനും കുടുംബവും എല്ലാം ഉറപ്പായും ഉണ്ടാകും. പിന്നെയും അടുത്തുതന്നെ താമസിക്കുന്ന മറ്റു കുടുംബക്കാരെല്ലാം രാവിലെ മുതൽ വന്നും പോയുമിരിക്കും. അമ്മയും നന്ദിനിയും ചേച്ചിയും ആന്റിയുമെല്ലാം പകൽ മുഴുവൻ അടുക്കളയിലും പിന്നാമ്പുറത്തുമായി മണ്ടിപ്പാഞ്ഞു നടക്കുന്നുണ്ടാകും. ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പേ ഊണുമേശയിൽ എല്ലാം എത്തിക്കേണ്ടതാണ്. ഒരു മണിക്ക് എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണമെന്നത് അച്ഛന്റെ നിർബന്ധമാണെങ്കിൽ വൃത്തിയോടെ ഇരുന്നു കഴിക്കണമെന്നത് അമ്മയുടെ  ചിട്ടയാണ്. രാവിലെ എട്ടുമണി എന്നതും രാത്രി ഒൻപതു മണിയെന്നതും  അലിഖിത നിയമമാണ്. 

പിന്നാമ്പുറം പെൺചിരികളാൽ നിറയുമ്പോൾ പടിഞ്ഞാറേ മുറ്റത്തെ രാഷ്ട്രീയവും സാഹിത്യവും തർക്കങ്ങളിൽ എത്തിയിട്ടുണ്ടാവും. ഞങ്ങൾ കുട്ടികൾ  രണ്ടിടത്തും ഓടിനടന്ന് നുള്ളുനുറുങ്ങുകൾ പെറുക്കിയെടുത്തു ഞങ്ങളുടേതായ കഥകൾ മെനഞ്ഞും അതിൽ തല്ലുപിടിച്ചും മടുക്കുമ്പോൾ വേറെ കളികൾ അന്വേഷിക്കും.  

രാത്രിയിൽ പാതിരാക്കുർബ്ബാനയ്ക്കു പോകണം എന്നൊക്കെ കരുതി ഉറങ്ങാതെയിരിക്കും. മുതിർന്നവരുടെ ചീട്ടുകളിയുടെയും അന്താക്ഷരിയുടേയും  ഗാനമേളയുടെയും ഇടയിൽ ആണെങ്കിലും അന്നുറങ്ങിപ്പോകും. അമ്മയേം നന്ദിനിയേം ചേച്ചിയേം എല്ലാം ചട്ടംകെട്ടിയിട്ടുണ്ടാകും, അഥവാ ഉറങ്ങിപ്പോയാലും വിളിക്കണമെന്ന്...!പക്ഷേ, വിളിച്ചു എന്നു  പറയുന്നതല്ലാതെ അന്നൊക്കെ പാതിരാക്കുർബാന കണ്ടിട്ടേയില്ല. (മോൾ ആ പരാതി പറയാതിരിക്കാൻ, മോളെ പൊക്കിയെടുത്തു കൊണ്ടു പോയിട്ടുണ്ട്.) 

ഉറക്കമില്ലാത്ത രാവ് എന്നൊക്കെ പറഞ്ഞാലും ഉറങ്ങിയും ഉണർന്നും പിന്നെയും ഉറങ്ങിയും ഉണർന്നും അങ്ങനെ തീരുന്ന രാവായിരുന്നു ഡിസംബർ മുപ്പത്തൊന്ന്... ജനുവരി ഒന്നാം തീയതി ശബ്ദങ്ങൾ മൂടിപ്പുതച്ചു കിടക്കുന്ന പ്രഭാതത്തിലേക്കുണരുന്നത് അച്ഛന്റെ ഉമ്മയോടെയാണ്. ഒന്നു ചിണുങ്ങി വീണ്ടും കണ്ണടയ്ക്കാൻ ശ്രമിക്കുമ്പോഴേക്കും അച്ഛന്റെ മീശ മുഖത്തുരസി ഉറക്കത്തെ പുറത്താക്കിയിട്ടുണ്ടാകും. അപ്പോഴാവും പാതിരാക്കുർബാനയ്‌ക്കു പോയില്ലല്ലോ എന്നോർത്തു കണ്ണു നിറയാനും തുടങ്ങുക. അച്ഛനും ഉറങ്ങിപ്പോയല്ലോയെന്നും നമ്മളൊരുമിച്ചാണ് പള്ളിയിൽ പോകുകയെന്നും പറഞ്ഞു കേൾക്കുമ്പോഴാണ് പിന്നെ ഒരു സമാധാനം ഉണ്ടാകുക. രാവിലെ അച്ഛന്റെയും അമ്മയുടെയും കൂടെ പള്ളിയിൽ പോയി വരുമ്പോഴേക്കും വീടുണർന്നിട്ടുണ്ടാകും. ഊണുമുറിയിലെ ചിരിച്ചീളുകൾ തൊടിയിലേക്കു  വീണുരുണ്ട് റോഡിലും എത്തുമ്പോൾ പിന്നെയോരോട്ടമാണ്. പാതിരാക്കുർബാനക്കു പോയി വന്നവരുടെ പരിഹാസത്തെ അച്ഛന്റെ കൂടെ പള്ളിയിൽ പോയിവന്ന ഗമ കൊണ്ട് കുത്തിയൊടിച്ചിടും. അപ്പോഴേക്കും പാലപ്പവും സ്റ്റ്യുവും  മേശയിൽ നിരന്നിട്ടുണ്ടാവും. വീണ്ടും കളിചിരിബഹളങ്ങളിലൂടെ സന്ധ്യയാവും. 

സന്ധ്യമുതലേ കാത്തിരിക്കുന്ന അസീസിയുടെ കരോൾ സംഘം ഞങ്ങളുടെ വീട്ടിലെത്തുമ്പോൾ രാത്രി എട്ടു മണിയൊക്കെയാകും. പള്ളിയിലെ പ്രമുഖരായ ഗായകരും വാദ്യക്കാരുമൊക്കെ അടങ്ങിയ സംഘം. അവർ കരോൾ ഗാനങ്ങളിൽ തുടങ്ങുമെങ്കിലും പിന്നെയങ്ങോട്ട് ഗാനമേള തന്നെയാണ്. അവരോടൊപ്പം ഡാൻസും പാട്ടുമായി അച്ഛനും കൂടും. മണിക്കൂറുകൾ കടന്നു പോകും. ഇതിനിടയിൽ അമ്മയും നന്ദിനിയും കൂടി എല്ലാവർക്കും ഭക്ഷണം വിളമ്പും. അസീസിയുടെ കരോൾ സംഘത്തിലെ ആളുകൾക്കു എണ്ണമുണ്ടായിരുന്നില്ല. അവരെയൊക്കെ ഊട്ടിയ അമ്മയുടെ പാത്രങ്ങൾ ഒഴിഞ്ഞതുമില്ല. വയറും മനസ്സും നിറയുന്നതോടെ പാതിരാത്രിയിൽ എപ്പോഴോ ഞങ്ങളുടെ വീട്ടിൽ വെച്ച് ആ വർഷത്തെ കരോൾ  അവസാനിക്കുകയായി.... വീണ്ടുമൊരു ജനുവരി ഒന്നിനായുള്ള കാത്തിരുപ്പ് തുടങ്ങുകയുമായി...  2 comments:

  1. ആ ഓർമ്മകളിലേക്ക് ഞാനും കൂടെ വന്നു. എത്ര സന്തോഷകരമായ ദിനങ്ങൾ ... എത്ര മനോഹരമായ വരികളിലൂടെയാണ് കുഞ്ഞൂസ് മാഡം ആ കാലങ്ങളെ ഓർത്തെടുത്തത്. ആശംസകൾ.

    ReplyDelete
  2. ഓർമ്മകൾക്കെന്തു സുഗന്ധം
    ആശംസകൾ

    ReplyDelete

Related Posts Plugin for WordPress, Blogger...