Wednesday, November 13, 2019

Remembrance Day (അനുസ്‍മരണാദിനം)




നവംബർ11 കാനഡയും മറ്റു കോമൺവെൽത്ത് രാജ്യങ്ങളും അനുസ്‍മരണാദിനമായി (Remembrance Day) ആചരിക്കുന്നു. ഇവിടെയിതിനെ പോപ്പി ഡേ എന്നും പറയുന്നു. ലോകയുദ്ധങ്ങളിൽ പങ്കെടുത്ത് വീരചരമം പ്രാപിച്ചവരെ അനുസ്‌മരിക്കുന്ന ദിവസമാണിന്ന്. ഒന്നാം ലോക മഹായുദ്ധം പതിനൊന്നാം മാസം, പതിനൊന്നാം ദിവസം, പതിനൊന്നാം മണിക്കൂറിൽ ഔദ്യോഗികമായി യുദ്ധവിരാമം നടത്തിയതിന്റെ ഓർമ്മ കൂടിയാണ് ഈ ദിവസം.


ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം മാഡം ഇ ഗറിൻ എന്ന ഫ്രഞ്ച് വനിതയാണ് ഫ്രാൻസിൽ പോപ്പി ചെടികൾ വളർത്തുന്നതിനും അതിന്റെ പൂക്കൾ വിൽക്കുന്നതിനും മുൻകൈ എടുത്തത്. അവ വിറ്റു കിട്ടുന്ന പണം മുറിവേറ്റ സൈനികരുടെ ചികിത്സയ്ക്കും സഹായത്തിനുമായി അവർ ഉപയോഗിച്ചു. ആദ്യത്തെ വിളവ് 1921 ൽ കാനഡയിലാണ്‌ വിതരണം ചെയ്തത്. അന്നു മുതൽ,  കാനഡയിൽ  റിമംബറൻസ് ഡേ ആചാരത്തിന്റെ ഭാഗമായി പോപ്പികൾ ഉപയോഗിച്ചു വരുന്നു. നവംബർ ഒന്നു മുതൽ തന്നെ പേപ്പറിലും തുണിയിലുമുണ്ടാക്കിയ പോപ്പികളും സംഭാവനാപ്പെട്ടികളും കടകളിലും ഓഫീസുകളിലും മറ്റും പ്രത്യക്ഷമാകും. ഈ പോപ്പികൾ ഉടുപ്പിലും ബാഗിലുമെല്ലാം  കുത്തിവെച്ച്  സ്മരണ പുതുക്കുന്നു.  സൈനികരുടെ സഹായനിധിയിലേക്കുള്ളതാണ് ആ പണം. 
യുദ്ധത്തിൽ മുറിവേറ്റു വീണ സൈനികരുടെ രക്തത്താൽ ചുവന്ന രണഭൂമിയിൽ വിരിഞ്ഞുവന്നതായതു കൊണ്ടാണത്രേ പോപ്പിക്ക് ഇത്ര കടുംചുവപ്പ് നിറമായതെന്നാണ് സൈനികർക്കിടയിൽ പ്രചരിച്ചിരുന്ന ഒരു കഥ.  അതെന്തായാലും ആ രണഭൂമിയിൽ ആകെ മുളച്ചതും വളർന്നതും പോപ്പിച്ചെടികൾ മാത്രമാണ്. അതിനാലാണ് പോപ്പിപ്പൂക്കളെ അനുസ്മരണാദിനത്തിന്റെ അടയാളമായി സ്വീകരിച്ചത്. ഒരിക്കൽ പുഷ്പിച്ചാൽ, നശിച്ചു പോകുകയും ചെയ്യും ഈ ചെടി. 


ബ്രിട്ടന്റെ ഭാഗമായിരുന്നതിനാൽ കാനഡയും ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിരുന്നു. യുദ്ധഭൂമിയിലെ കാഴ്ചകളിൽ വേദനിച്ച് റോയൽ കനേഡിയൻ ആർമിയുടെ മെഡിക്കൽ സേനാവിഭാഗത്തിലെ ലഫ്റ്റനൻ്റ് കേണൽ ജോൺ  മക്രേ എഴുതിയ കവിത:



   In Flanders Fields the poppies blow
Between the crosses, row on row,

 That mark our place; and in the sky
The larks, still bravely singing, fly

Scarce heard amid the guns below.

(ബെൽജിയം, ഫ്രാൻസ്, നെതർലാൻഡ്‌സ് എന്നിവ ചേർന്ന തെക്കുപടിഞ്ഞാറൻ പ്രവിശ്യയാണ് ഫ്ലാണ്ടേഴ്‌സ് എന്നറിയപ്പെടുന്നത്. ഒന്നാം ലോക മഹായുദ്ധത്തിലെ പ്രധാനപ്പെട്ട ഒരു രണഭൂമിയായിരുന്നു ഫ്ലാണ്ടേഴ്‌സ്. )


ഓട്ടവയിലെ യുദ്ധസ്മാരകത്തിനടുത്തായി ഒരു ചെറിയ സ്‌മാരകശില കൂടിയുണ്ട്. അജ്ഞാതനായ സൈനികന്റെ ഭൗതികാവശിഷ്ടം അടക്കം  ചെയ്തയിടത്താണ് ആ സ്മാരകശില കുടികൊള്ളുന്നത്.  എല്ലാ യുദ്ധങ്ങളിലും ജീവത്യാഗം ചെയ്ത കാനഡക്കാരായ എല്ലാ സൈനിക വിഭാഗങ്ങളിലെയും പോരാളികളെ പ്രതിനിധീകരിക്കുന്നു ആ സ്‌മാരകശില. 

വെള്ളപോപ്പികളും ഇവിടെ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. സമാധാനത്തിന്റെ പ്രതീകമാണല്ലോ വെള്ളനിറം. വെള്ളനിറത്തിലെ പോപ്പികൾ ഉപയോഗിക്കാൻ തുടങ്ങിയത് 1933 മുതലാണ്. സമാധാനം മാത്രമല്ല, നിറപ്പകിട്ടാർന്ന ആഘോഷമായി റിമംബറൻസ് ഡേ മാറാതിരിക്കാനുള്ള ഓർമ്മപ്പെടുത്തലുമാണ്.  കൂടാതെ, യുദ്ധത്തിൽ വിധവകളായ സ്ത്രീകളോടുള്ള ഐക്യപ്പെടൽ കൂടിയാണത്. 




"Lest we forget"




4 comments:

  1. ചോപ്പില്മുങ്ങി വായിച്ചങ്ങ് തീർത്തു.കണ്ണിനുപ്പറ്റണില്ല്യ!
    പോപ്പിവിശേഷം നന്നായി.
    ആശംസകൾ

    ReplyDelete
  2. ബ്രിട്ടൻകാർക്കിപ്പോഴും പോപ്പിഡെയ്ക്ക് ഒറിജിനൽ പൂക്കൾ വേണമെന്ന്വല്ലാത്ത പിടി വാശിയാണ് അതുകൊണ്ട് കടലാസ് പൂക്കൾ വെക്കുന്നവരെ ഞങ്ങളൊക്കെ ഡ്യൂക്ലി സായിപ്പ് .മദാമ്മയായി കണക്കുകൂട്ടുന്നു

    ReplyDelete
  3. ചേച്ചി..പോപ്പിക്ക് പുറകിലെ ചോരക്കണക്ക് അറിയില്ലായിരുന്നു കേട്ടോ..
    നന്നായെഴുതി
    ലെറ്റർ ബാക്ക്ഗ്രൗണ്ട് കോണ്ട്രസ്റ്റ് ഒന്ന് മാറ്റി പിടിക്കണോ..

    ReplyDelete
  4. ഫോളോ ചെയ്തിട്ടുണ്ട്

    ReplyDelete

Related Posts Plugin for WordPress, Blogger...