1909 ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ വനിതാദേശീയകമ്മിറ്റി സംഘടിപ്പിച്ച സ്ത്രീകളുടെ വോട്ടവകാശത്തിനായുള്ള ഒരു പരിപാടിയിൽ നിന്നാണ് അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഉത്ഭവം. വോട്ടവകാശം ഉൾപ്പെടെ സ്ത്രീകൾക്കുള്ള അവകാശങ്ങൾക്കായി പ്രചാരണം നടത്തിയ ആയിരക്കണക്കിനു വോട്ടവകാശവാദികളുടെ പ്രവർത്തനങ്ങളാണ് ഇതിനു പ്രചോദനം.
1910-ൽ കോപ്പൻഹേഗനിൽ നടന്ന സോഷ്യലിസ്റ്റ് സ്ത്രീകളുടെ രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തിൽ, ജർമ്മൻ സോഷ്യലിസ്റ്റ് വനിതാ സെക്രട്ടേറിയറ്റിന്റെ പ്രസിഡന്റ് ക്ലാര സെറ്റ്കിൻ, വോട്ടവകാശം ആവശ്യപ്പെടുന്നതിനായി എല്ലാ വർഷവും ആഘോഷിക്കുന്ന ഒരു വനിതാദിനം വേണമെന്നു നിർദ്ദേശിച്ചു. അന്നവിടെ സന്നിഹിതരായ 17 രാജ്യങ്ങളിലെ പ്രതിനിധികൾ ഈ നിർദ്ദേശം ഏകകണ്ഠമായി അംഗീകരിച്ചു.
അങ്ങനെ 1911 മാർച്ച് 19ന് ജർമ്മനി, ഓസ്ട്രിയ, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആദ്യമായി അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു,
1913ലും 1914ലും യൂറോപ്പിലെയും റഷ്യയിലെയും സ്ത്രീകൾ ഫെബ്രുവരി അവസാനത്തിലും മാർച്ച് തുടക്കത്തിലും യുദ്ധത്തിൽ പ്രതിഷേധിക്കാനും മറ്റു സ്ത്രീകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും റാലികൾ നടത്തി.
1977-ൽ ഐക്യരാഷ്ട്രസഭ പാസാക്കിയ ഒരു പ്രമേയത്തിലാണ് മാർച്ച് 8 ലോകത്തിലെ എല്ലാ രാജ്യങ്ങളും സ്ത്രീകളുടെ അവകാശങ്ങളും ലോകസമാധാനവും ആഘോഷിക്കുന്നതിനായി നീക്കിവയ്ക്കാൻ തീരുമാനിച്ചത്. അങ്ങനെ മാർച്ച് 8 പല രാജ്യങ്ങളിലും വനിതാദിനമായി മാറി.
എല്ലാ വർഷവും മാർച്ച് 8ന് ആചരിക്കുന്ന അന്താരാഷ്ട്ര വനിതാദിനത്തിൽ വിവിധ മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങളെ ആഘോഷിക്കുന്നു. ലിംഗസമത്വത്തിനായി വാദിക്കുന്നതിനും ലോകമെമ്പാടുമുള്ള സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടുന്നതിനുമുള്ള ഒരു വേദിയായി പ്രവർത്തിക്കുന്നു.
ഈ വർഷത്തെ പ്രമേയം "ശാക്തീകരിക്കുക, പ്രചോദിപ്പിക്കുക, ഉയർത്തുക" എന്നതാണ്. നമ്മുടെ ചുറ്റുമുള്ള സ്ത്രീകളെ ഉയർത്താനും, അവർക്ക് അഭിവൃദ്ധി പ്രാപിക്കാനും വിജയിക്കാനും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും ഇതു നമ്മെ പ്രേരിപ്പിക്കുന്നു.
സ്ത്രീകളെ ശാക്തീകരിക്കുക എന്നതിനർത്ഥം അവർക്ക് സ്വന്തം ജീവിതത്തിന്റെ ചുമതല ഏറ്റെടുക്കാനുള്ള ഉപകരണങ്ങൾ, വിദ്യാഭ്യാസം, ആത്മവിശ്വാസം എന്നിവ നൽകുക എന്നതാണ്.... സുരക്ഷിതമായ ഒരിടം ഉണ്ടാവുക എന്നതാണ്...
വിദ്യാഭ്യാസമുണ്ടായിട്ടും ഒരു ജോലി കിട്ടാതെ, ആത്മവിശ്വാസം തകർന്നു രണ്ടു കുട്ടികളുമായി ആത്മഹത്യ ചെയ്യേണ്ടി വന്ന ഷൈനി എന്ന വനിതയ്ക്കായി, അമ്മയ്ക്കായി കണ്ണീരഞ്ജലിയോടെ ഈ ദിനം സമർപ്പിക്കുന്നു....
ഷൈനിയെപ്പോലുള്ള മറ്റു സ്ത്രീകൾക്കായി സമൂഹത്തിനു എന്താണ് ചെയ്യാൻ കഴിയുക എന്നതും ഈ ദിനത്തിൽ ചർച്ചയാവേണ്ടതാണ്.
No comments:
Post a Comment