Wednesday, December 16, 2009

കറുപ്പും വെളുപ്പും



അവധിക്കാലം എന്നും ആഹ്ലാദകരമാണ്.മനസിനും ശരീരത്തിനും ഉത്സാഹം തോന്നുന്ന, ഉണര്‍വു തരുന്ന നാളുകള്‍ ...!
പതിവുപോലെ നാട്ടിലെത്തിയതിന്റെ അടുത്ത ദിവസം പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ അഖില,അനിയത്തിയുടെ മകള്‍ ചോദിച്ചു,
"വലിയമ്മ എങ്ങോട്ടാ, ഞാനും വരട്ടെ ?"

"വലിയമ്മയുടെ കൂടെ പോയാല്‍ നീ കുഴഞ്ഞു പോകത്തെയുള്ളൂ. അമ്മ,വഴിയില്‍ കാണുന്ന കാക്കയോടും പൂച്ചയോടും വരെ കുശലം പറഞ്ഞിട്ടേ വരൂ …യു ഫീല്‍ ബോര്‍ "

എന്നെക്കാള്‍ മുന്പേ മോള്‍ പറഞ്ഞ മറുപടി കേട്ടു വെറുതെ പുഞ്ചിരിച്ചു.

ചേച്ചി എങ്ങോട്ടാ, ഡ്രോപ്പ് ചെയ്യണോ എന്നു അനിയന്‍ ചോദിച്ചപ്പോഴും വേണ്ടാന്നു പറഞ്ഞു. നാട്ടിലെ വഴികളിലൂടെ, ഇളംകാറ്റുമേറ്റു പരിചയക്കാരോട് കുശലവും ചോദിച്ചു നടക്കുന്നതിന്റെ സുഖം വണ്ടിയില്‍ പോയാല്‍ കിട്ടില്ലല്ലോ.

ഡോക്ടര്‍ അങ്കിളിനെ കാണണം. അങ്കിളിനു വേണ്ടി വാങ്ങിയ സ്റ്റെത്തും  മറ്റും കിറ്റില്‍ എടുത്തു വയ്ക്കുന്നത് കണ്ടപ്പോള്‍ കൂടെ വരണമെന്ന് അഖിലമോള്‍ക്ക് നിര്‍ബന്ധം. അതു കൊണ്ട് അവളെയും കൂട്ടി, അമ്മയോട് യാത്രയും പറഞ്ഞിറങ്ങി.

അവിടവിടെ കുണ്ടും കുഴിയുമായ ടാറിട്ട റോഡിലൂടെ നടക്കുമ്പോള്‍ പഴയ മണല്‍വഴിയായിരുന്നു മനസ്സില്‍ . ഒരുവശത്തു പാടവും മറുവശത്തു വിശാലമായ പറമ്പുകളും അതിരിടുന്ന വീതിയുള്ള നടപ്പാത. വളവില്‍ നിന്നിരുന്ന നിറയെ കായ്ചിരുന്ന വാളന്‍പുളിമരവും അതിനപ്പുറത്തായി ഉണ്ടായിരുന്ന വലിയ കുളവും ഇന്നോര്‍മ്മ മാത്രം. ആ പുളിമരത്തിന്റെ ചുവട്ടില്‍ എപ്പോഴും കുട്ടികളുടെ ബഹളമായിരിക്കും.ആണ്‍കുട്ടികള്‍ കല്ലെറിഞ്ഞു പുളി വീഴ്ത്തുകയും പെണ്‍കുട്ടികള്‍ അതു പെറുക്കിയെടുത്ത് പങ്കു വയ്ക്കുന്നതും... എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ... ആ കുളത്തില്‍ ഉത്സവകാലത്ത് ആനകളെ കുളിപ്പിക്കുന്നതും, അതു കാണാന്‍ ചുറ്റും കൂടിയ കുട്ടികളുടെ ആര്‍പ്പുവിളിയും ഇപ്പോഴും കാതോരത്ത് കേള്‍ക്കുന്നതു പോലെ… ഓരോ വരവിലും മാറുന്ന ഗ്രാമത്തിന്റെ മുഖച്ഛായ  വ്യക്തമാകുന്നു. പരിഷ്ക്കാരത്തോടൊപ്പം മാറിയ ജീവിതശൈലി എന്റെ ഗ്രാമത്തെയും മാറ്റിക്കൊണ്ടിരിക്കുന്നു.

 വഴിയില്‍ പല പരിചയക്കാരെയും കണ്ടു. അവരുടെയൊക്കെ സ്നേഹത്തിനു മുന്നില്‍ കുറച്ചു നിമിഷങ്ങള്‍  . ഗ്രാമീണതയുടെ നിഷ്കളങ്കത ഇനിയും അന്യം നിന്നിട്ടില്ല എന്നറിയുന്നതിന്റെ ഒരാഹ്ലാദം മനസ്സില്‍ ..! അഖിലമോള്‍ , ഇടയ്ക്കിടെ കൈയില്‍ പിടിച്ചുവലിച്ചു കൊണ്ടിരുന്നതു കൊണ്ട്, പലരോടും ചെറിയ കുശലാന്വേഷണങ്ങള്‍ മാത്രം.

മൈതാനത്തിനടുത്തുള്ള വായനശാലയുടെ മുന്നില്‍ എത്തിയപ്പോള്‍ ,വെറുതെയൊന്നു അകത്തു കേറണമെന്ന് തോന്നി. അതിന്റെ ശോച്യാവസ്ഥ കണ്ടപ്പോള്‍ വളരെ വിഷമമായി. ഇപ്പോഴത്തെ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും വായനശാല വേണ്ടാതായിരിക്കുന്നു. എല്ലാത്തിനും ഇന്റര്‍നെറ്റ്‌ മതി എന്ന അവസ്ഥയാണല്ലോ. വായനശാലയുടെ പ്രധാന ഹാളില്‍ പത്രം മറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന ഒന്നുരണ്ടു വൃദ്ധരെയല്ലാതെ, ആരെയും കാണാനില്ല ….!! പുസ്തകങ്ങള്‍ പൊടിപിടിച്ചും, ചിതല്‍ കേറിയും ആകെ നാശമായി കിടക്കുന്നു. ബുക്ക്‌ഷെല്‍ഫുകളുടെ നീണ്ട ഇടനാഴികളിലൂടെ നടന്നപ്പോള്‍ , മനസ് കൌമാരത്തിലേക്ക് ഓടിപ്പോയി. ഈ ഇടനാഴികള്‍ക്ക് എന്തെല്ലാം കഥകളാണ് പറയാനുണ്ടാവുക? പഴയ വൃത്തിയും വെടിപ്പുമുള്ള, മനോഹരമായ വായനശാല ഒരു നിമിഷം മനസ്സില്‍ തെളിഞ്ഞു വന്നു. രാജകീയ പ്രൌഡിയോടെ നിന്നിരുന്ന ഈ വായനശാലയും വിദൂരമായ ഓര്‍മ മാത്രമായി തീരുമോ ???

പൊടികൊണ്ടുള്ള തുമ്മല്‍ അസഹ്യമായപ്പോള്‍ പുറത്തേക്കിറങ്ങി.അഖിലമോള്‍ കലപിലാന്നു എന്നെ വഴക്കു പറഞ്ഞുകൊണ്ടിരുന്നു. അവള്‍ക്കറിയില്ലല്ലോ, ഒരുകാലത്തു വലിയമ്മയുടെയൊക്കെ പ്രിയപ്പെട്ട സ്ഥലമായിരുന്നു ആ വായനശാലയെന്ന്.

വായനശാലയിലേക്കു കയറുമ്പോള്‍ ,മൈതാനത്തില്‍ അവിടവിടെയായി കൊച്ചുകൊച്ചു കൂട്ടങ്ങള്‍ ഉണ്ടായിരുന്നു. വെടിപറഞ്ഞും മറ്റും സായാഹ്നം ചിലവഴിക്കുന്ന ചെറു സംഘങ്ങള്‍ , അതും പഴയതുപോലെയില്ല. മലയാളിയുടെ സായാഹ്നങ്ങളും ടിവിയുടെ മുന്നിലേക്ക്‌ മാറിയെങ്കിലും ചിലരെല്ലാം ഇപ്പോഴും ആ മൈതാനത്തില്‍ വരുന്നു. കാറ്റുകൊള്ളാനും, കൂട്ടുകാരോടൊത്തുകൂടാനും. ഒരുപക്ഷെ അടുത്ത അവധിക്കാല ത്ത് ഈ കാഴ്ചയും അന്യമാകുമോ എന്തോ....

പെട്ടെന്ന് മൈതാനത്തില്‍ നിന്നും ആളൊഴിഞ്ഞു പോയതുപോലെ. എന്തുപറ്റിയെന്നതിശയത്തോടെ നോക്കുമ്പോള്‍ , മൈതാനത്തിനു എതിര്‍വശത്ത് ഒരു ബൈക്ക് മാത്രം നില്‍ക്കുന്നത് കണ്ടു.ഒന്നും മനസിലായില്ലെങ്കിലും മൈതാനം മുറിച്ചുകടന്ന് ഡോക്ടര്‍ അങ്കിളിന്റെ ഡിസ്പെന്‍സറിയിലേക്ക് നടന്നു. കൂട്ടത്തില്‍ ഒരു രഹസ്യം പറഞ്ഞോട്ടെ. ഈ ഡോക്ടര്‍ അങ്കിളിന്റെ ഡിസ്പെന്‍സറി, പണ്ടുമുതലേ വളരെ പ്രിയപ്പെട്ട ഒരിടമാണ്. കാരണമെന്തെന്നോ, ഹോമിയോഡോക്ടറായ അങ്കിളിന്റെ ഡിസ്പെന്‍സറിയിലെ പഞ്ചാര ഗുളികകള്‍ ...!!! ഇന്നും അതൊരു വീക്നെസ് ആണേ ….. അതിനുവേണ്ടി തന്നെയാ അഖിലമോളും എന്നോടൊപ്പം കൂടിയിരിക്കുന്നത്.

ബൈക്കിനടുത്തെത്തിയപ്പോള്‍ ഒരു നിമിഷം അതിശയിച്ചുപോയി, തമ്പി …!!! എന്റെ കൂടെ സ്കൂളില്‍ പഠിച്ചിരുന്ന,എന്റെ പഴയ ചങ്ങാതി.ഏഴാം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ ടീച്ചറായ, അവന്റെ അമ്മയുടെ സ്ഥലംമാറ്റം കാരണം ഞങ്ങളുടെ സ്കൂളില്‍ നിന്നും പോയ തമ്പി.ഇപ്പോഴിവിടെ...??യാദൃശ്ചികമായി കണ്ടതിന്റെ ഒരു അമ്പരപ്പോടെ ഞാന്‍ ചോദിച്ചു .

"എന്നെ മനസ്സിലായോ തമ്പിക്ക്?"

"രാജി ദൂരേന്നു വരുന്നതു കണ്ടപ്പോഴേ മനസിലായി.എന്നാല്‍ രാജി എന്നെ തിരിച്ചറിയില്ലന്നാണ് കരുതിയത്‌"

"തമ്പി ഇപ്പോഴെവിടെയാ,എന്തു ചെയ്യുന്നു, ടീച്ചര്‍ക്ക്‌ സുഖാണോ, ടീച്ചര്‍ ഇപ്പോഴെവിടെയാ?"

പ്രതീക്ഷിക്കാതെ കണ്ടതിന്റെ സന്തോഷംകൊണ്ട് തുരുതുരാന്നു ഞാന്‍ ചോദിച്ചുകൊണ്ടിരുന്നു.

തമ്പി, സാവധാനം ഓരോന്നിനും മറുപടി പറഞ്ഞു.അമ്മ ഇപ്പോള്‍ അനിയന്റെ കൂടെ മലപ്പുറത്താണ്‌ എന്നും തമ്പിക്ക് ഇവിടെ ബിസിനസ്‌ ആണെന്നുമൊക്കെ....കുടുംബത്തെപ്പറ്റി ചോദിച്ചപ്പോള്‍ ,ബിസിനസ് ‌ തിരക്കുകാരണം സമയം കിട്ടിയില്ലന്നു പറഞ്ഞു.

"ഇത്രയ്ക്കു ബിസിയാണോ, എന്തു ബിസിനസാണത്‌?"

"നല്ല ലാഭമുള്ള ബിസിനസാണ് രാജി...രാജി ഇപ്പോഴെവിടെയാ, ഇതു മോളാണോ?"

"അല്ല, ഇതെന്റെ വലിയമ്മയാ" അഖിലമോളുടെ ഉത്തരം ഞങ്ങളില്‍ ചിരിയുണര്‍ത്തി.

"എന്റെ വിശേഷങ്ങള്‍ ഒക്കെ പറയാം. തമ്പി വീട്ടിലേക്കു വാ... അമ്മക്കൊക്കെ നിന്നെ കാണുമ്പോള്‍ വലിയ സന്തോഷമാകും"ഞാന്‍ നിര്‍ബന്ധിച്ചു.

"പിന്നെ ഒരിക്കല്‍ വരാം രാജി.എന്നെ ഈ കോലത്തില്‍ കണ്ടാല്‍ രാജിയുടെ അമ്മ വഴക്കു പറയും."

"ശരിയാ, ശരിയാ....ഒരു ഗുണ്ടാസ്റ്റൈല്‍ ഉണ്ടിപ്പോള്‍ നിന്നെകണ്ടാല്‍ "

അവന്റെ നീട്ടിവളര്‍ത്തിയ മുടിയിലേക്കും പിണച്ചു കെട്ടിവച്ചിരിക്കുന്ന ഷര്‍ട്ടിലേക്കും  നോക്കികൊണ്ടു ഞാന്‍ പറഞ്ഞു.അവന്‍ വെറുതെ പുഞ്ചിരിച്ചു.

"ആ ചിരിക്കു മാത്രം ഒരു വ്യത്യാസവുമില്ല കേട്ടോ"

ഞാന്‍ അവനെ ആശ്വസിപ്പിച്ചു. വീട്ടിലേക്കു വരാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ സമ്മതിച്ചു.

 "എന്നാല്‍  ‍, ഞാന്‍ ഈ കിറ്റൊന്നു അങ്കിളിനു കൊടുത്തിട്ടു വരാം.എന്നിട്ട് നമുക്കൊന്നിച്ചു പോകാം.ഒരു മിനിറ്റ്, പെട്ടെന്ന് വരാം"

"അപ്പോഴേക്കും ഞാന്‍ ഈ മുടിയൊന്നു വെട്ടിയിട്ടു വരാം. അമ്മയുടെ വഴക്കു കേള്‍ക്കേണ്ടല്ലോ"

പഴയ കാര്യങ്ങള്‍ ഓര്‍ത്തുകൊണ്ട്‌ അവന്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചു.

"മുടി വെട്ടിയിട്ടു നീ അങ്കിളിന്റെ ഡിസ്പെന്‍സറിയിലേക്ക് വാ.ഞങ്ങള്‍ അവിടെ കാണും"

ശരി എന്നും പറഞ്ഞു ബാര്‍ബര്‍ഷോപ്പിലേക്ക് നടന്ന തമ്പി, അടുത്തുള്ള ബേക്കറിയില്‍ കയറി ഐസ്ക്രീമും വാങ്ങി ഡിസ്പെന്‍സറിയിലേക്ക് നടക്കുന്ന ഞങ്ങള്‍ക്ക് കൊണ്ടുവന്നു തന്നു.

"ഹോ, ഈ തമ്പിയുടെ ഒരു കാര്യം"ഞാന്‍ പറഞ്ഞു.

"താങ്ക്‌യു അങ്കിള്‍ "അഖിലമോളുടെ വക.

“വേഗം വരണേ ….”ഞാന്‍ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു …..
  ഡിസ്പെന്‍സറിയില്‍ ചെന്നപ്പോള്‍ അങ്കിളിനു തിരക്ക്. പതുക്കെ അകത്തെ മുറിയില്‍ കേറി. ഐസ്ക്രീം തിന്നു തീര്‍ത്തു ആദ്യം.പിന്നെ ഞാനും മോളും കൂടെ പഞ്ചാരഗുളിക തപ്പി. അതും തിന്നുകൊണ്ടിരുന്നപ്പോള്‍  അങ്കിള്‍ വന്നു. കിറ്റ്‌ അങ്കിളിനെ ഏല്‍പ്പിച്ചു. വിശേഷങ്ങള്‍ പറയുകയും പഞ്ചാരഗുളിക നുണയുകയും എല്ലാം കൂടെയായിരുന്നു.

പെട്ടെന്ന് പുറത്തു നിന്നും വിസില്‍ശബ്ദവും ബഹളവും മറ്റും കേട്ടു.എന്താണെന്നറിയാന്‍ വേഗമോടി വരാന്തയിലിറങ്ങി. അപ്പോള്‍ കണ്ടതു വിലങ്ങു വച്ചു പോലീസ് ജീപ്പില്‍ ഇരിക്കുന്ന തമ്പി...!!! എന്റെ മുന്നിലൂടെ ആ ജീപ്പ് ഇരമ്പിപ്പാഞ്ഞു പോകുമ്പോഴും നടന്നതെന്താണെന്ന് മനസിലായില്ല.പിന്നെ ഡോക്ടര്‍ അങ്കിള്‍ വിശദീകരിച്ചു, ഇവിടുത്തെ പതിനെട്ടര കമ്പനി എന്ന ഗുണ്ടാസംഘത്തിന്റെ തലവന്‍ ആണെന്നും പോലീസ് അവനെത്തേടി നടക്കുകയാണെന്നും….മറ്റും മറ്റും….

എനിക്കെന്റെ കാതുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല….!!! ഏറ്റവും മിടുക്കനായ കുട്ടി എന്ന് സ്കൂളിലെ അധ്യാപകര്‍ വിശേഷിപ്പിച്ചിരുന്ന, ക്ലാസിലെ ഏറ്റവും സൌമ്യനും ശാന്തനുമായിരുന്ന, എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന തമ്പി തന്നെയോ ഈ ഗുണ്ടയായ തമ്പി?

എല്ലാ സന്തോഷവും പെട്ടെന്ന് അണഞ്ഞതുപോലെ...വിഷാദം മൂടിയ മനസുമായി വീട്ടിലേക്കു മടങ്ങുമ്പോള്‍  , ഈ കൂടിക്കാഴ്ച വേണ്ടായിരുന്നു എന്നു പോലും തോന്നി. അഖിലമോളുടെ സംശയങ്ങള്‍ക്കു മറുപടി പറയാന്‍ വിഷമിച്ചു. ദൂരെ മൈതാനത്തിന്റെ കോണില്‍ തമ്പിയുടെ ബൈക്ക് കണ്ണീര്‍പ്പാടയിലൂടെ അവ്യക്തമായപ്പോഴും, മനസ്സില്‍ പഴയ മിടുക്കനായ തമ്പിയായിരുന്നു....

22 comments:

  1. ഗ്രാമത്തിന്റെ വിവരങ്ങള്‍ വായിച്ച് സന്തോഷിച്ചു തുടങ്ങിയതായിരുന്നു, മനസ്സ്. തമ്പിയെ കുറിച്ചുള്ള വിവരണം വന്നപ്പോള്‍ പഴയ ഒരു സൌഹൃദത്തിന്റെ ഊഷ്മളതയും.

    പക്ഷേ പോസ്റ്റിന്റെ അവസാനത്തോടെ തമ്പി എന്ന കഥാപാത്രം ഒരു നോവായി മാറി.
    പോസ്റ്റ് നന്നായി.

    ReplyDelete
  2. ശരിയാ,ശ്രീ പറഞ്ഞപോലെ തുടക്കത്തില്‍ തോന്നിയ സന്തോഷം അവസാനം നൊമ്പരമായിത്തീര്‍ന്നു.ഗ്രാമീണ പശ്ചാത്തലം വിവരിച്ചത് അസ്സലായി.ഇന്നു വായനശലയെവിടെ? വായനയെവിടെ?

    ReplyDelete
  3. വായിച്ചിടത്തോളം, "ഞാന്‍" കഥ പറയുന്ന രീതിയാണ് ഉപയോഗിക്കുന്നത് അല്ലെ.
    ആ ശൈലി ഒന്ന് മാറ്റി നോക്കൂ. (ഞാനും അതിനുള്ള ശ്രമത്തിലാ)
    കൂടുതല്‍ പേര്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാക്കുന്നു ഈ ശൈലി. പ്രത്യേകിച്ചും സ്ത്രീകള്‍ കഥ പറയുമ്പോള്‍.
    പഴമയുടെ ഓര്‍മകളിലേക്ക് തെളിച്ചു കൊണ്ടു പോയി ഈ കഥ.
    പക്ഷെ മനസ്സില്‍ നൊമ്പരമായി അവശേഷിപ്പിച്ചു തമ്പി. (അതാണീ കഥയുടെ ജയം)
    വളരെ സാവധാനം സുന്ദരവും ലളിതവുമായി പറഞ്ഞു മനസിലെക്കെതിച്ചു. ഒടുവില്‍ പ്രതീക്ഷിക്കാത്ത അന്ത്യം.
    നന്നായി. ഇനിയും കൂടുതല്‍ നല്ല കഥകള്‍ പിറക്കട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  4. കാലവും മനുഷ്യരും മാറി പോയി...

    ReplyDelete
  5. വളരെ സന്തോഷത്തോടെ ആണ് വായിച്ചു തുടങ്ങിയത്..ഇങ്ങിനി വരാത്തവണ്ണം മണ്‍മറഞ്ഞു പോയ ഒരു ഗതകാലസ്മരണ അയവിറക്കിവരുമ്പോള്‍ ദാണ്ടെ ഒരു തമ്പി..ഇന്നിന്റെ യാഥാര്‍ത്ഥ്യം...നാട്ടില്‍ അവശേഷിക്കുന്ന ഉശിരുള്ള ചെറുപ്പക്കാര്‍ പലരും ഇപ്പോള്‍ ഗുണ്ടകളോ അല്ലെങ്കില്‍ അവരുടെ പടയോ...ഇത് ഇന്നിന്റെ ബാക്കി പത്രം..എഴുത്ത് ഉശിരന്‍ ആയി..ആശംസകള്‍..

    ReplyDelete
  6. ഒരു പഴയ സ്കൂള്‍ ഫോട്ടോയിലെ സഹപാഠികളെ തേടിയിരങ്ങിയപ്പോള്‍ അനുഭവിച്ച അതെ ഞെട്ടല്‍ ...

    ReplyDelete
  7. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം ചിലരുടെ ജീവിതം മാറ്റി മറിക്കുമ്പോഴും മനസ്സിന്റെ ഉള്ളില്‍ സൂക്ഷ്ക്കുന്ന ചെറു തരി സ്നേഹം പല ബാല്യ കാല സൌഹൃടങ്ങളുടെയും നേട്ടം ആണ്....ആ പഴയ സുഹൃത്തിന്റെ മനസ്സ് തുറന്നു കാണിക്കുന്നതില്‍ കഥ വിജയിച്ചിട്ടുണ്ട് കുഞ്ഞുസ്‌ അഭിനന്ദനങ്ങള്‍...ഗ്രാമത്തിലൂടെ യുള്ള നടത്തം ശരിക്കും ഫീല്‍ ചെയ്തു...നാട്ടില്‍ ചെല്ലുമ്പോള്‍ പലപ്പോഴും ആഗ്രച്ചിട്ടും 'നടക്കാന്'‍ പറ്റാത്ത കാര്യമായി മാറി ഇപ്പോള്‍ ഈ നടപ്പ്..!!!

    ReplyDelete
  8. നമ്മുടെ നാട്ടിലെ സാഹചര്യങ്ങള്‍ ആരെയൊക്കെ എന്തൊക്കെ ആക്കി മാറ്റുമെന്ന് പറയാന്‍ ആവില്ലല്ലേ ! ആ സഹപാഠിയുടെ മനസ്സില്‍ ഇപ്പോഴും പഴയ സൗഹൃദം ഉണ്ടെന്നു എഴുത്തില്‍ നിന്നും മനസിലാവുന്നു... പഴയ മിടുക്കനായ തമ്പിയുടെ ഇപ്പോഴത്തെ അവസ്ഥ വായിച്ചിട്ട് സങ്കടം തോന്നുന്നുണ്ട് കുഞ്ഞേച്ചി...

    ReplyDelete
  9. പഴമയുടെ നിഷ്കളങ്കതയില്‍ അഭിരമിക്കുന്ന
    കഥാപാത്രം ..
    നഗരവല്കരണം ആക്രമിച്ച ഗ്രാമത്തിന്റെ പുതുക്കാഴ്ചകള്‍ ..യുവതയുടെ മാറിയ മനോഭാവം
    തമ്പി ..
    പതിനെട്ടരക്കമ്പനി :)
    എനിക്കും ഈ ഗ്രാമം അറിയാം ,,കഥാപാത്രങ്ങളും .:).

    ReplyDelete
  10. മനുഷ്യന്റെ തിരക്കും ആര്‍ത്തിയും കുത്തിനിറച്ച ഗ്രാമങ്ങള്‍ ചിലയിടത്ത് ചിതല്‍ അരിച്ചത് പോലെ ആയിത്തീര്‍ന്നിരിക്കുന്നു. പഴയത് പൂര്‍ണ്ണമായും നശിച്ചും നശിപ്പിച്ചും...എന്റെ ഗ്രാമത്തിലെ ഒരു ലൈബ്രറി എനിക്ക് ഓര്‍മ്മവേക്കുമ്പോള്‍ മുതല്‍ ഞാന്‍ കണ്ടു വളര്‍ന്ന ലൈബ്രറി ഇന്നത് വലിയ പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത്‌ കാണുമ്പോള്‍ അഭിമാനം തോന്നുന്നു. പണ്ട് ഞങ്ങള്‍ വീടുകള്‍ തോറും കയറി ഇറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് വായനക്ക് നല്‍കിയിരുന്ന ഒരു ഓല ഷെഡ്‌ ആയിരുന്നെങ്കില്‍ ഇന്നത് രണ്ടു നിലയുള്ള ഇരുപതിനായിരത്തിനടുത്ത് പുസ്തകങ്ങള്‍ ഉള്ള നല്ലൊരു ഗ്രാമീണ ലൈബ്രറി ആയി മാറി. ഞാന്‍ ഇപ്പോള്‍ അവിടെ ചെല്ലുമ്പോള്‍ പുസ്തകങ്ങള്‍ മാറി എടുക്കാനുള്ള കുട്ടികളുടെ തിരക്ക്‌ ഇപ്പോള്‍ കാണുമ്പോള്‍ വായന മരിച്ചു എന്ന് പലയിടത്തും നിന്ന് ഉയരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് തോന്നാറുണ്ട്.
    ഈ ലൈബ്രറിയിലെ അനുഭവം വെച്ച് വായന കൂടി എന്നാണ് എനിക്ക് തോന്നിയത്‌.
    പോസ്റ്റ്‌ വായിച്ചപ്പോള്‍ ഞാനും പതിയെ ഓര്‍മ്മകളിലേക്ക് പോയി. നാട് വിട്ട് നില്‍ക്കുമ്പോള്‍ നാട്ടിലെ മാറ്റങ്ങള്‍ വഴി വഴിയായി മനസ്സിലാക്കാന്‍ നമുക്കാതെ വരുന്ന ഒരു കുറവ് കൂടി സംഭവിക്കുന്നുണ്ട്. തമ്പിയെ, അവന്റെ പഴയ ഭാവങ്ങള്‍ ഒന്നും ഓര്‍ക്കാന്‍ കഴിയാത്ത ഒരു കൂട്ടത്തിനു നടുക്ക് നമ്മുടെ ഓര്‍മ്മയിലുള്ളത് മാത്രമായി കാണേണ്ടി വരുമ്പോള്‍ സംഭവിച്ചിരിക്കുന്ന മാറ്റം നമ്മെ അത്ഭുതപ്പെടുത്തുന്നു. കൊട്ടേഷനും ഗുണ്ടയും അടങ്ങിയതാണ് ഇന്നെന്നു നമുക്ക്‌ അംഗീകരിക്കാന്‍ നമ്മുടെ പഴമനസ്സുകള്‍ക്ക് പ്രയാസം തന്നെ.
    വളരെ മനോഹരമായി ഒതുക്കിയുള്ള അവതരണം ഇഷ്ടായി.

    ReplyDelete
  11. വായനശാലയുടെ പ്രധാന ഹാളില്‍ പത്രം മറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന ഒന്നുരണ്ടു വൃദ്ധരെയല്ലാതെ, ആരെയും കാണാനില്ല ….!! പുസ്തകങ്ങള്‍ പൊടിപിടിച്ചും, ചിതല്‍ കേറിയും ആകെ നാശമായി കിടക്കുന്നു. ബുക്ക്‌ഷെല്‍ഫുകളുടെ നീണ്ട ഇടനാഴികളിലൂടെ നടന്നപ്പോള്‍ , മനസ് കൌമാരത്തിലേക്ക് ഓടിപ്പോയി. ഈ ഇടനാഴികള്‍ക്ക് എന്തെല്ലാം കഥകളാണ് പറയാനുണ്ടാവുക?


    KADHAYAAYAALUM ANUBHAVAMAAYALUM
    EE PARANJATHU STHYAM..

    NANNAYIRIKKUNNU :)

    ReplyDelete
  12. പക്ഷെ ഇതിലൊരു സന്ദേശം ഒളിച്ചിരിപ്പില്ലേ.
    സ്നേഹപൂര്‍വ്വമായ ഒരു ഇടപെടല്‍ ആരുടേയും മനസ്സില്‍ ഒരു ആര്‍ദ്രത വരുത്തുമെന്ന്.
    അല്ലെങ്കില്‍ അമ്മയെ കാണാം എന്ന് പറഞ്ഞപ്പോള്‍ രൂപത്തില്‍ വരെ ഒരു മാറ്റം തമ്പി ആഗ്രഹിച്ചതെന്തിനു...?
    എല്ലാവരും അങ്ങിനെ അല്ലായിരിക്കാം.
    നാട്ടു വിശേഷങ്ങളിലൂടെ വന്നു മറ്റൊരു വിശേഷം പറഞ്ഞ ഈ കുറിപ്പ് നന്നായി .

    ReplyDelete
  13. പഴയ പോസ്റ്റായിരുന്നു അല്ലേ.. കഥയുടെ ഒഴുക്കിനിടയില്‍ വെച്ച് തന്നെ ക്ലൈമാക്സ് കിട്ടിയിരുന്നു. ഇതുപോലുള്ള ഒട്ടേറെ തമ്പിമാര്‍ നമുക്ക് ചുറ്റുമുണ്ട്.

    ReplyDelete
  14. കുറേ കാലമായി കുഞ്ഞൂസിന്റെ വീട്ടിലേക്ക് വന്നിട്ട്, എനിക്ക് ഇപ്പോള്‍ വായന കുറവാ, എഴുത്തുമാത്രം, എഴുതിയത് പോലും വായിച്ചുനോക്കാതെ പോസ്റ്റുന്നു...

    തമ്പിയുടെ ലോകം മുഴുവനും വായിച്ചോ എന്നോര്‍മ്മയില്ല, കുഞ്ഞൂസിന്റെ എഴുത്തിന്റെ പരിചയവും ശൈലിയും എല്ലാര്‍ക്കും ഇഷ്ടം, എനിക്കും.

    എന്റെ മനസ്സില്‍ ഒരു പാട് എഴുതാനുള്ള വിഷയങ്ങള്‍ ഓടി ഓടി വരുന്നു.പക്ഷെ അച്ചുകള്‍ നിരത്താനുള്ള സാങ്കേതിക തടസ്സം എന്റെ എഴുത്തുകളെ കടിഞ്ഞാണിടുന്നു.

    എന്റെ അപ്പൂപ്പന് രണ്ട് ഭാര്യമാരുണ്ടായിരുന്നു. എനിക്ക് ബ്ലോഗ് എഴുത്ത് നന്നായി അറിയാവുന്ന ഒരു പെണ്ണിനെ കെട്ടിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷെ എന്റെ ഇപ്പോള്‍ നിലവിലുള്ള പെണ്ണ് സമ്മതിക്കുന്നില്ല.

    ഞാന്‍ അവളൊട് പറഞ്ഞും, അവള്‍ക്ക് ഡറ്റാപ്രോസസ്സിങ്ങ് കുറവുള്ള സമയത്ത് നമുക്ക് തൈലം തേച്ചുതരാനും, കുളിക്കാന്‍ വെള്ളം ചൂടാക്കിത്തരാനും ഒക്കെ ഒരു സഹായിയാവില്ലെ അവള്‍.

    ReplyDelete
  15. നല്ല ഗ്രാമന്തരീക്ഷം. നന്നായി അവതരിപ്പിച്ചു.

    ReplyDelete
  16. മാറ്റങ്ങള്‍ ഇങ്ങനെയും !!! അല്ലേ? ഇതൊരു പഴയ പോസ്റ്റ്‌ ആണല്ലോ? പുതിയ പോസ്റ്റ്‌ എവിടെ?

    ReplyDelete
  17. ചില ജീവിതങ്ങൾ ഇങ്ങനേയും...നല്ലൊരു കഥ ചേച്ചീ

    ReplyDelete
  18. ഒരികല്‍ കൂടി ...വായിച്ചു എന്ന് പറയുന്നതിനു പകരം ഒരികല്‍ കൂടി ഓര്‍മ്മിപ്പിച്ചു

    ReplyDelete
  19. കുഞ്ഞൂസ്, താങ്കളുടെ ഈ അനുഭവം എന്റെ ഉള്ളില്‍ ഒരു ചിന്താശകലമായി കടന്നുകൂടിയിട്ട് കുറെ നാളായി. ഈ ഗുണ്ടകള്‍ ഗുണ്ടകളായി ജനിച്ചുവീഴുന്നവര്‍ അല്ലല്ലോ. അവര്‍ക്കും ഉണ്ടായിരുന്നു മോണ കാട്ടി ചിരിച്ചുകൊണ്ട് കുറുമ്പ് കാട്ടുന്ന ശൈശവം, നിഷ്കളങ്കമായ ബാല്യം, സ്വപ്നങ്ങള്‍ നിറഞ്ഞ ഒരു കൌമാരം. ഒന്നിരുട്ടി വെളുക്കുമ്പോഴേക്കുമല്ല ആരും ഗുണ്ടകളാകുന്നത്. പിന്നെയെവിടെയാണ്, എങ്ങനെയാണ് ഈ transition നടക്കുന്നത്? ഇതാണ് എന്റെ ചിന്ത. നോവുന്ന ഈ അനുഭവം പങ്ക് വച്ചതിന് നന്ദി!

    ReplyDelete
  20. ഇതൊരു നോവായല്ലോ കുഞ്ഞൂസ്സ്.

    ReplyDelete
  21. കുഞ്ഞൂസ് ചേച്ചി..ഈ നാട്ടു വിശേഷങ്ങള്‍ കേട്ടപ്പോള്‍ ശരിക്കും നാട്ടില്‍ പോയ പോലെ. എനിക്കും തമ്പി എന്ന പേരില്‍ ഒരു സുഹൃത്ത് ഉണ്ട്.. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്തോ ഒരു പേടി..ഇന്നത്തെ തലമുറയില്‍ എത്ര പേരിങ്ങനെ..

    അന്നൊരിക്കല്‍ ചേച്ചി എന്‍റെ ഒരു പോസ്റ്റ്‌ വായിച്ച ശേഷം എന്നോടിങ്ങനെ പറഞ്ഞു .-""നല്ല എഴുത്തിനു ആശംസകള്‍ .... കൂടെ ഇച്ചിരി അസൂയയും, രാത്രിയില്‍ അങ്ങിനെ നാട്ടിലെ വഴികളിലൂടെ നടക്കുന്നത് ഒത്തിരി സ്വപ്നം കണ്ടിട്ടുണ്ട്...പക്ഷേ.... ഇവിടെ ആ സങ്കടം ഇല്ലെങ്കിലും, നാട്ടില്‍ എന്നാണാവോ അങ്ങിനെയൊരു കാലം ഉണ്ടാവുക...? പെണ്‍കുട്ടികള്‍ക്ക് സ്വതന്ത്രമായി അങ്ങിനെ നിലാവില്‍ നടക്കാന്‍ കഴിയുക...?""

    അന്ന് ഞാന്‍ അതിനു ചെറിയ ഒരു മറുപടിയും എഴുതി..ചേച്ചിയുടെ ആ ചോദ്യം എന്നെ " ചില നിലാക്കാഴ്ച്ചകള്‍' എന്ന അനുഭവ കഥ എഴുതാന്‍ നിര്‍ബന്ധിച്ചു. അതിനു നന്ദിയുണ്ട് ട്ടോ.


    ഇപ്പോഴാണ് നേരിട്ട് നന്ദി പറയാന്‍ സമയം കിട്ടിയത്.

    ReplyDelete

Related Posts Plugin for WordPress, Blogger...