Sunday, August 22, 2010

ആദ്യത്തെ ഉരുള - ഒരോണസ്മൃതി!


റ്റി. വി. യില്‍ തിരുവോണപ്പരിപാടികള്‍ അനൗണ്‍സ്    ചെയ്യുന്നു... ഇന്നു രാവിലെ എട്ടു മണിക്ക് ...

‘ഇന്നു രാവിലെയോ?’ ... ഓഹ് ... നാട്ടില്‍ നേരം പുലര്‍ന്നിരിക്കുന്നു!

നാട്ടിലിപ്പോള്‍ കുട്ടികള്‍ തിരുവോണ  ദിവസത്തെ പൂക്കളമൊരുക്കുന്ന തിരക്കിലാവും. അമ്മയും ആന്റിയുമൊക്കെ രാവിലെതന്നെ അടുക്കളയില്‍ കയറിയിട്ടുണ്ടാവും.

ഇപ്പോള്‍  വാവ എന്തെടുക്കുകയാവും? വാവയും ഓര്‍ക്കുന്നുണ്ടാകുമോ കളിച്ചും, ചിരിച്ചും, കലഹിച്ചും, പിന്നെയും ഇണങ്ങിയും ഒക്കെക്കഴിഞ്ഞ ആ പഴയ ഓണക്കാലങ്ങള്‍?

ഓര്‍മ്മകള്‍ ഒരുപാടു പിന്നോട്ടു പോയി...

നേരം വെളുത്തുവരുന്നതേയുള്ളു. പ്ലാവിന്റെ ഇലകള്‍ക്കിടയിലൂടെ ഊര്‍ന്നു വീഴുന്ന സൂര്യരശ്മികള്‍ മുറ്റത്തെ പഞ്ചാരമണലില്‍ കൊച്ചുകൊച്ചു വട്ടങ്ങള്‍ തീര്‍ത്തു. മുറ്റത്തെ ചെമ്പരത്തിപ്പൂവുകളില്‍ പുലര്‍മഞ്ഞ് തിളങ്ങി. ദൂരെയെവിടെയോ ഒരു കുയില്‍ ഈണത്തില്‍ പാടി. കാക്കകള്‍ ഓണക്കുരവയിടാന്‍ തുടങ്ങി.

രാത്രിയില്‍ വിരുന്നവന്ന കുട്ടികളൊക്കെ തന്റെ മുറിയില്‍ത്തന്നെയായിരുന്നു കിടന്നത്. ചിങ്ങക്കുളിരിന്റെ സുഖത്തില്‍  പുതച്ചു മൂടി ഉറങ്ങുമ്പോഴാണ് അമ്മ വന്നു വിളിച്ചത്,

‘ കുട്ടാ, പൂ പറിക്കുകയും, പൂക്കളമിടുകയും ഒന്നും ചെയ്യുന്നില്ലേ ഇന്ന്?’

ദിവാകരമാമന്റെ മകന്‍ ഗോപനും ഓമനയാന്റിയുടെ മകന്‍ നന്ദനും മകള്‍ ദീപയും അപ്പോഴേക്കും ചാടിയെഴുന്നേറ്റു കഴിഞ്ഞു. എല്ലാവരും കൂടി പറമ്പിലെ കുളക്കരയിലേക്കു നടക്കുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു,

‘കുട്ടികളേ, ആ പടിയൊക്കെ വഴുക്കിക്കിടക്കുകയാ, സൂക്ഷിക്കണേ...’

വെള്ളത്തിനു നല്ല തണുപ്പ്, വേഗം കുളികഴിഞ്ഞുവന്ന് പുത്തനുടുപ്പുകളുമൊക്കെയിട്ട് എല്ലാവരും പൂ പറിക്കാനിറങ്ങി. തൊടിയിലൊക്കെ നിറയെ തുമ്പപ്പൂക്കളും, കാട്ടുറോസയും, കമ്മല്‍പ്പൂവും ചിരിച്ചു നിന്നു...  വേലിയില്‍ നിറയെ പൂത്തുനില്‍ക്കുന്ന ചെമ്പരുത്തി, മുറ്റത്തെ ചെടികളില്‍ ചെത്തിയും, പിച്ചിയും, ജമന്തിയും....

എല്ലാവരും കൂടി പൂക്കളമിട്ടു കഴിഞ്ഞപ്പോഴാണ് വാവ കണ്ണുംത്തിരുമ്മി എഴുന്നേറ്റു വന്നത്. പൂക്കളം കണ്ടതോടെ വാവയുടെ മട്ടു മാറി.

"പൂക്കളം കൊള്ളാമോ കുഞ്ഞാറ്റേ ...?" 

നന്ദന്റെ ചോദ്യംകേട്ടു തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത്, നിറഞ്ഞുവന്ന കണ്ണുകള്‍  കൈപ്പുറം കൊണ്ടു തുടയ്ക്കുന്ന വാവയെയാണ്.

‘ഞാന്‍ കുഞ്ഞേട്ടനോട് മിണ്ടൂല്ലാ... എന്നേ കൂട്ടാതെ പൂക്കളമിട്ടില്ലേ?’

‘അത് പിന്നെ... വാവേ, രാവിലെ ഒത്തിരി തണുപ്പായത് കൊണ്ടല്ലേ?’

‘ഉം... വേണ്ട, കുഞ്ഞേട്ടന്‍ വാവയേ കളിപ്പിക്കുകയാ...’

മുറ്റത്ത് പുലരിവെയില്‍ പരന്നു തുടങ്ങിയിരുന്നു. സ്വര്‍ണനിറമുള്ള ഓണത്തുമ്പികള്‍ പാറിപ്പറക്കാന്‍ തുടങ്ങി.

‘വാവക്ക് ഏട്ടന്‍ ആ ഓണത്തുമ്പിയെ പിടിച്ചു  തരാല്ലോ ’

‘എനിക്കു വേണ്ടാ’

വാവ ചിണുങ്ങിക്കൊണ്ട് അകത്തേക്കു പോയി, അടുക്കളയുടെ മൂലക്ക് മുഖവും വീര്‍പ്പിച്ചിരുന്നു.

‘എന്തിനാ കുട്ടാ ഈ കൊച്ച് മുഖവും വീര്‍പ്പിച്ചിരിക്കുന്നേ?’ അമ്മ വിളിച്ചു  ചോദിച്ചു.

ഓടി അടുക്കളയിലേക്കു ചെന്നു, വാവ അപ്പോഴും വാശിയില്‍ തന്നെ...

‘നോക്ക്, വാവയെ ഏട്ടന്‍ ഊഞ്ഞാലാ‍ട്ടി തരട്ടേ?’

വാവ പൊടുന്നനെ തലയുയര്‍ത്തി, ആ കണ്ണുകള്‍ തിളങ്ങി.

‘കുഞ്ഞേട്ടന്‍ വാവയെ മടിയിലിരുത്തി ആട്ടാമോ?

‘പിന്നെ വേറേ ആരേയാ കുഞ്ഞേട്ടന്‍ മടിയിലിരുത്തുക?’

മുറ്റത്തു കുട്ടികളെല്ലാം ചേര്‍ന്ന് ഓരോ കളികള്‍ തുടങ്ങിയപ്പോഴേക്കും വാവ അങ്ങോട്ടു വന്നു. തിളങ്ങുന്ന പട്ടുപാവാടയും ബ്ലൗസും ഇട്ട്, മുടിയൊക്കെ രണ്ടായി പിന്നി, വാലിട്ടു കണ്ണെഴുതി സുന്ദരിക്കുട്ടിയായി....

ദീപക്ക് ഓലപ്പമ്പരം ഉണ്ടാക്കി കൊടുക്കുന്നതു  കണ്ടുകൊണ്ടാണ് വാവ വന്നത്. ഒരു നിമിഷം ആ മുഖം ഒന്നിരുണ്ടു! പിന്നെ അവള്‍ കൈയിൽ പിടിച്ചുവലിച്ചു,

‘കുഞ്ഞേട്ടാ എന്നെ ഊഞ്ഞാലാട്ടി താ...’

വാവയേയും മടിയില്‍വച്ച് ഊഞ്ഞാലില്‍ ഇരിക്കുമ്പോള്‍ അവള്‍ പറഞ്ഞു,

‘കുഞ്ഞേട്ടാ, പതുക്കേ ആടാവൂ... വാവക്ക് പേടിയാ ട്ടോ.’

കളിയും ചിരിയുമായി നേരംപോയത് അറിഞ്ഞതേയില്ല. ആന്റി വന്നു  വിളിച്ചു,

‘ഇനി കുട്ടികളൊക്കെ കൈയും കാലും മുഖവും ഒക്കെ കഴുകി ഊണു കഴിക്കാന്‍ വന്നേ...’

തളത്തില്‍ വിരിച്ചിട്ട പായയുടെ അടുത്ത് നിരനിരയായി ഇട്ട തൂശനിലകള്‍. ഓരോരുത്തരായി ഇലകള്‍ക്കടുത്ത് ഇരിപ്പിടം പിടിച്ചപ്പോള്‍ ഒരു അവകാശം പോലെ വാവ തന്റെ അടുത്തുതന്നെ ഇരുന്നു. അമ്മയും അച്ഛനും  ആന്റിയും ചേര്‍ന്ന് എല്ലാം വിളമ്പി. പരിപ്പും പപ്പടവും നെയ്യും ചേര്‍ത്ത് ആദ്യത്തെ ഉരുള ഉരുട്ടി, കണ്ണിമക്കാതെ നോക്കിയിരിക്കുന്ന വാവ, അവളുടെ അവകാശം... മെല്ലെ ചേര്‍ത്തുപിടിച്ച് ആദ്യത്തെ ഉരുള വാവയുടെ വായിലേക്കു വച്ചു കൊടുത്തു.

‘ഉം, കുഞ്ഞേട്ടന്റെ ഉരുള കിട്ടാനാ അടുത്തിരുന്നത്   അല്ലേ?’ ആന്റിയുടെ ചിരിയോടെയുള്ള ചോദ്യം.

വാവയുടെ മുഖത്ത് നാണം കലര്‍ന്ന ചിരി...

ഫോണിന്റെ ബീപ് ബീപ്‌ ശബ്ദമാണ് ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്. ആരുടെയോ ഓണാശംസകളാണ്.

വെറുതെ ഓര്‍ത്തു, ഇപ്പോഴും വാവ കാത്തിരിക്കുന്നുണ്ടാവുമോ, ഏട്ടന്റെ ഉരുളക്കായി...? തന്റെ വാവ അറിയുന്നുണ്ടാവുമോ ഓരോ ഓണക്കാലത്തും ഈ കുഞ്ഞേട്ടന്‍ അവള്‍ക്കായി ആദ്യത്തെ ഉരുള മാറ്റി വെക്കാറുണ്ടെന്ന്...!!




58 comments:

  1. ഓരോ ഓണത്തിനും കുഞ്ഞനിയത്തിക്കായി ഉരുള ഉരുട്ടിക്കാത്തിരിക്കുന്ന ഒരേട്ടന്‍, മനസ്സ് കണ്ട് അതുണ്ട് തൃപ്തിയാവുന്ന ഒരനിയത്തി; പുണ്യം പോലെ ഒരു ബന്ധം.

    ഓണാശംസകള്‍.

    ReplyDelete
  2. ഹൃദ്യം..മനോഹരം..

    @@
    എല്ലാവര്‍ക്കും കണ്ണൂരാന്‍ കുടുംബത്തിന്റെ ഓണാശംസകള്‍.

    ***

    ReplyDelete
  3. നന്നായിരിക്കുന്നു :)
    ഓണാശംസകള്‍

    ReplyDelete
  4. പ്രിയ സുഹൃത്തേ ഹൃദയം നിറഞ്ഞഓണാശംസകള്‍..

    ReplyDelete
  5. ഓണാശംസകള്‍!ഓണമായിട്ടെങ്കിലും നാട്ടില്‍ വരാമായിരുന്നില്ലെ കുഞ്ഞൂസെ?.ഇനി എന്നാണാവോ?.കുഞ്ഞൂസിനും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും,പ്രത്യേകിച്ച് മിന്നു മോളുടെ ഓണാശംസകള്‍!(കൂടെ വരാന്‍ പോകുന്ന ചെറിയ പെരുന്നാളിന്റെയും, അഡ്വാന്‍സായി!)

    ReplyDelete
  6. നല്ല ഓണസ്മരണ.കുഞ്ഞൂസ് വളരെ ഹൃദ്യമായിട്ട് എഴുതി ...

    സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും സാഹോദര്യവും നിറഞ്ഞ
    ഒരു നല്ല പൊന്നോണം ആശംസിക്കുന്നു!!!!!

    ReplyDelete
  7. മനോഹരമായ സ്മരണ....

    ഓണാശംസകള്‍ നേരുന്നു കുഞ്ഞൂസ്

    ReplyDelete
  8. പ്രിയ കുഞ്ഞൂ..

    എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

    ReplyDelete
  9. കുഞ്ഞൂസെ .....ഇതുപോലൊരു കുഞ്ഞനിയത്തിയാവാന്‍ ഭാഗ്യം ചെയ്യണം.വളരെ ഹൃദ്യമായ ശൈലി,പിന്നെ മനസ്സില്‍ തട്ടി നില്‍ക്കുന്ന ഓര്‍മ്മകള്‍ .എനിക്കും എന്റെ ഓര്‍മ്മകള്‍ വാക്കുകളിലേക്ക് ഇതുപോലെ പകര്‍ത്താന്‍ സാധിച്ചെങ്കില്‍ എന്നു ഞാന്‍ ഓര്‍ക്കാറുണ്ട്, കുഞ്ഞൂസിന്റെ ഓരൊ കഥകള്‍ക്കു ശേഷം.എല്ലാവരെയും അവരുടെ ബാല്യത്തിലേക്കും എവിടെയോ കൈവിട്ടു പോയ ജീവതത്തിലേക്കും തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍ , വാക്കുകള്‍ ,ചിന്താശകലങ്ങള്‍ .......തിരുവോണാശംസകള്‍ കുഞ്ഞൂസിനും കുടുംബത്തിനും.

    ReplyDelete
  10. ഓണാശംസകള്‍ നേരുന്നു...

    ReplyDelete
  11. "വെറുതെ ഓര്‍ത്തു, ഇപ്പോഴും വാവ കാത്തിരിക്കുന്നുണ്ടാവുമോ, ഏട്ടന്റെ ഉരുളക്കായി? തന്റെ വാവ അറിയുന്നുണ്ടാവുമോ ഓരോ ഓണക്കാലത്തും ഈ കുഞ്ഞേട്ടന്‍ അവള്‍ക്കായി ആദ്യത്തെ ഉരുള മാറ്റി വെക്കാറുണ്ടെന്ന്?"
    ഈ വരികള്‍ ശരിക്കും ഈ കാലഘട്ടത്തില്‍ നമ്മള്‍ അറിയാതെ തന്നെ ചോദിച്ചു പോകും .ഗതാകാലത്തില്‍ കൊഴിഞ്ഞു വീണ കാലത്തെ കുറിച്ച് ..
    എന്റെയും ഓണാശംസകള്‍

    ReplyDelete
  12. കുഞ്ഞാറ്റ

    നല്ല പേര്. മനോജ് കെ ജയന്റെ മകളുടെ പേരും ഇതുതന്നെയാണെന്നു തോന്നുന്നു
    :-)

    ReplyDelete
  13. തിരുവോണത്തിന്റെ മധുരത്തില്‍ ഇന്ന് തന്നെ കമന്റ്‌ എഴുതണം എന്ന് തോന്നി... എനിക്ക് ഏറ്റവും ഇഷ്ടപെട്ട, എന്നാല്‍ ഒരിക്കലും സംഭവിക്കാതെ പോയ ആ ബന്ധത്തിന്റെ കഥയുമായി ദാ കുഞ്ഞൂസ് വീണ്ടും വന്നു.
    ഒരു കൊച്ചു സഹോദരി വേണമെന്ന് എന്നും ആഗ്രഹിച്ചു, പിന്നെ ഒരു മകള്‍ മതി എന്നായി,,,,,, രണ്ടും നടന്നില്ല....ഇപ്പൊ നാട്ടുകാരുടെ വാവയേയും എടുത്തു നടക്കുന്നു...കുഞ്ഞൂസിന്റെ വാവയെ ഞാനും ഒന്ന് കൊഞ്ചിക്കട്ടെ

    ReplyDelete
  14. നല്ലൊരു ഓണസ്മൃതി. നന്ദി കുഞ്ഞൂസ് .

    ReplyDelete
  15. ഓണത്തിന്റന്ന് പഴയ തിരുവോണസ്മരണകളിലേക്ക് കൊണ്ടുപോയി കുഞ്ഞനിയത്തിക്ക് കുഞ്ഞൂരുള ഉരുട്ടിക്കൊടുക്കുന്ന ചേട്ടന്റെ സ്നേഹവാത്സ്യങ്ങൾ ,കുഞ്ഞൂസ് ഒട്ടും തനിമനഷ്ട്ടപ്പെടാതെ വിവരിച്ചിരിക്കുന്നു..കേട്ടൊ.
    ഒപ്പം കുഞ്ഞൂസിനും,കുടുംബത്തിനും ഓണാശംസകളും നേരുന്നു.

    ReplyDelete
  16. എന്‍റെയും ഓണാശംസകള്‍

    ReplyDelete
  17. ഹൃദ്യം!

    ഓണാശംസകൾ!

    ജയൻ, ലക്ഷ്മി, കുഞ്ഞാറ്റ, കുഞ്ഞുണ്ണി

    http://www.jayandamodaran.blogspot.com/

    ReplyDelete
  18. നമ്മെഎല്ലാം പഴയ ഓണകാലത്തിലേക്കെ കൊണ്ട്പോയ കുഞ്ഞെച്ചീക്കി അഭിനന്തങ്ങള്‍

    ReplyDelete
  19. പഴയ ഓര്‍മ്മകള്‍ മധുരം നല്‍കുന്നു.
    മധുരമാക്കി എഴുതി.

    ഓണാശംസകള്‍.

    ReplyDelete
  20. മനോഹരസ്മൃതികള്‍!ലളിതാഖ്യാനം.
    ഓണാശംസകള്‍!

    ReplyDelete
  21. നല്ല കഥ,കുഞ്ഞൂസെ, മനസ്സ് പുറകോട്ടു പോയീ.സഹോദരന്മാരില്ലേലും....ഉണ്ണുമ്പോള്‍ ഉരുള ഉരുട്ടി തന്നിരുന്ന അഛനെ....
    അതിനു പകരമായി വര്ഷ ത്തിലൊരിക്കല്‍ ഇപ്പോള്‍ ഒരുരുള പിണ്ഡമുരുട്ടി കൊടുക്കുന്നു......

    ReplyDelete
  22. നല്ല ഓണസ്മരണ..
    ഹൃദയം നിറഞ്ഞ ഓണാശംസകള്‍..!!

    ReplyDelete
  23. കുഞ്ഞെച്ചീ... ഇഷ്ട്ടപ്പെട്ടേ....

    ReplyDelete
  24. “ദീപക്ക് ഓലപ്പമ്പരം ഉണ്ടാക്കി കൊടുക്കുന്നത് കണ്ടുകൊണ്ടാണ് വാവ വന്നത്. ഒരു നിമിഷം ആ മുഖം ഒന്നിരുണ്ടു! പിന്നെ അവള്‍ കയ്യില്‍ പിടിച്ചു വലിച്ചു “
    ++ ഏറെ കാലം ഓര്‍മ്മിക്കാനുള്ള സുന്ദര സ്മൃതികള്‍ തന്നെ. എനിക്ക് വളരെ ഇഷ്ടമായി കുഞ്ഞൂസേ.
    ഇനിയും എഴുതൂ ഇത്തരം ടച്ചിങ്ങ് സ്റ്റോറീസ്

    ReplyDelete
  25. ഓലപ്പമ്പരത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഞാന് എന്റെ കഴിഞ്ഞ പോസ്റ്റില് അതിനെ പറ്റി എഴുതാന് മറന്ന കാര്യം ഓര്‍മ്മ വന്നത്.

    ഞാന് രണ്ട് തവണ വായിച്ചു ഈ പോസ്റ്റ്. ഇത്തരം പോസ്റ്റുകള് ഇടക്ക് വായിക്കാന് രസമാണ്.

    മനസ്സില് തോന്നുന്നതൊക്കെ എഴുതിവെക്കൂ. എന്റെ കുഞ്ഞിപ്പെങ്ങളെ.

    ഓണാശംസകള്

    ReplyDelete
  26. മനോഹരം!
    ഓണാശംസകൾ.

    ReplyDelete
  27. ഓണം ഇപ്പോഴും ഒരു കാത്തിരുപ്പല്ലേ. മനോഹരമായി ആ സ്നേഹ ബന്ധം വിവരിച്ചു കാട്ടിയിരിക്കുന്നു.

    ReplyDelete
  28. കുഞ്ഞൂസ്.... വളരെ നന്നായി എഴുതി.... ഓരോ വരികള്‍ക്കും നല്ല ഭംഗി.....ഓണാശംസകള്‍.

    ReplyDelete
  29. കുഞ്ഞേട്ടനോടും വാവയോടുമൊപ്പം ഓണാഘോഷങ്ങള്‍ പങ്കു വെക്കാനെത്തിയ എല്ലാ കൂട്ടുകാര്‍ക്കും ഹൃദയപൂര്‍വമായ ഓണാശംസകള്‍ നേരുന്നു, ഒപ്പം നന്ദിയും!

    ReplyDelete
  30. മരിക്കാത്ത ഓര്‍മ്മകള്‍ . മധുരിക്കുന്ന ഓര്‍മ്മകള്‍
    എഴുത്തിലും ശര്‍ക്കര വരട്ടിയുടെ മധുരവും സ്വാദും

    ReplyDelete
  31. ക്ഷമിക്കണം കുഞ്ഞൂസ്..ഒരല്പം വൈകി.better late than never എന്നാണല്ലോ..
    അകലത്തിരിക്കുന്ന എന്റെ പ്രിയ കൂട്ടുകാരിക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

    ReplyDelete
  32. ഓണാശംസകള്‍!

    ഓണക്കഥ വളരെ വളരെ ഇഷ്ടമായി..

    ഇനിയും നല്ല നല്ല കഥകള്‍ എഴുതൂ..

    ആശംസകള്‍!

    ReplyDelete
  33. ഓര്‍മകളോടികളിക്കുന്ന ഒരു പോസ്റ്റ്.വായിച്ചു തീര്‍ന്നപ്പോള്‍ കണ്ണു നിറഞ്ഞിരുന്നത് എന്തിനെന്നറിയില്ല.വൈകി എന്നറിയാം എന്നാലും ഈ കുഞ്ഞൂന് ഇരിക്കട്ടെ ഒരു ഓണാശംസ.

    ReplyDelete
  34. ആദ്യമായിട്ടാണ് ഇവിടെ....this reminded me of my childhood,my കുഞ്ഞേട്ടന്‍...
    nice
    wishes
    joe

    ReplyDelete
  35. നനുത്ത സുന്ദരമായ ഓർമക്കുറിപ്പ്! അവസാനം മനസ്സ് വ്യാകുലപ്പെട്ടു. ആശംസകൾ!

    ReplyDelete
  36. ഹൃദ്യമായിരിക്കുന്നു....ആശംസകൾ

    ReplyDelete
  37. ഓണക്കഥ നന്നായിരിയ്ക്കുന്നു.
    ആശംസകള്‍!!

    ReplyDelete
  38. ഓണാശംസകള്‍..അടുത്ത വര്‍ഷത്തേക്...

    ReplyDelete
  39. അവതരണ ഭംഗി കൊണ്ട് വാവ മനസ്സില്‍ പതിഞ്ഞ ഒരു ചിത്രമായി. കാണാന്‍ വൈകി എങ്കിലും ആശംസകള്‍

    ReplyDelete
  40. നമുക്ക് എത്ര ജരാനരകൾ ബാധിച്ചാലും ഓർമ്മകൾക്ക് എന്നും പച്ചപ്പ് തന്നെയാവും. ഇത്തരം ഗൃഹാതുരത്വം നിറഞ്ഞ ഗ്രാമത്തിന്റെ ജീവിത സ്നേഹചിത്രങ്ങൾ വായിക്കുമ്പോൾ എനിക്ക് വല്ലാതെ കുറ്റബോധം തോന്നാറുണ്ട്. എല്ലാവരും നല്ലതിൽ നിന്നെല്ലാം ഓടിയൊളിക്കുകയാണല്ലോ. എവിടെയ്ക്കെന്നറിയാതെ. ഒരു കഥയായി വായിച്ചാൽ ശരാശരി എന്നു പറയേണ്ടി വരും. ആത്മാംശം നിറഞ്ഞ ഒരു അനുഭവമായി വാ‍യിക്കുമ്പോൾ ആർദ്രത നിറഞ്ഞ ഒരു ലോകം പതിയെ കണ്ണ്ണിനു മുൻപിൽ വിടർന്നു വരും. നല്ലത് കുഞ്ഞൂസേ.

    ReplyDelete
  41. നല്ല കിടിലന്‍ ഡിസൈന്‍ :)

    ReplyDelete
  42. എഴുത്ത് ഒന്നും കാണുന്നില്ലല്ലോ..?


    ആശംസകള്‍..!

    ReplyDelete
  43. വൈകി വന്ന വായനക്കാരനാണേ..
    കഥ ഇഷ്ടപ്പെട്ടു .ഭാവുകങ്ങള്‍ .
    ഞാനും ഒരു കുഞ്ഞു ബ്ലോഗു എഴുതുന്നുണ്ട്
    മരുഭുമികളിലൂടെ
    അവിടേയ്ക്ക് സ്വാഗതം ..
    പുതിയ രചനകള്‍ വരുമ്പോള്‍ വീണ്ടും കാണാം ...

    ReplyDelete
  44. Aadyathe Urula...!

    Manoharam, Ashamsakal...!!!

    ReplyDelete
  45. കഥ വളരെയധികം ഇഷ്ടമായി
    വനിതക്ക് അയച്ചു കൊടുക്കുക

    ReplyDelete
  46. so nice to read it! I LOVE SO much to follow your blog.

    ReplyDelete
  47. കുഞ്ഞൂസ്സെ, ഞാന്‍ വൈകി വന്ന ഒരതിഥിയാണ്. ഇന്നാണ് ഈ ഓണക്കഥ വായിച്ചത്. ഒരു അനുഭവം വായിക്കുന്നതു പോലെ തോന്നി. ആശംസകള്‍.

    ReplyDelete
  48. your blog is outstanding........nice design..color...and superb writing............keep it up madam........

    ReplyDelete
  49. എനിക്ക് വളരെ ഇഷ്ടമായി

    ReplyDelete
  50. നന്നായിട്ടുണ്ട്.............
    .

    ReplyDelete
  51. ഓണാശംസകള്‍..(ഇത്തിരി വൈകിയാലെന്താ? )

    ReplyDelete

Related Posts Plugin for WordPress, Blogger...