Sunday, June 5, 2016

ഒരു പെൺരാത്രിയുടെ കഥ







രാത്രികളുടെ സൗന്ദര്യത്തെക്കുറിച്ച് ആണ്‍സുഹൃത്തുക്കളുടെ വർണനകൾ കേട്ടിരിക്കുമ്പോൾ എന്തുകൊണ്ട് പെണ്ണുങ്ങൾക്ക് രാത്രികൾ അന്യമാകുന്നു എന്നോർത്ത് അസ്വസ്ഥപ്പെടുമായിരുന്നു. പിന്നെ, നമ്മുടെ സമൂഹത്തിന്റെ കൊട്ടിയടക്കപ്പെട്ട വാതിലുകൾക്ക് നേരെ തുറിച്ചു നോക്കി നെടുവീർപ്പിട്ട് അടുത്ത ജന്മത്തിലെങ്കിലും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയുമെന്ന പ്രത്യാശയിൽ ആണ്‍സുഹൃത്തുക്കളോടുള്ള അസൂയയും നിറച്ചിരിക്കും. 

കാലം കടന്നു പോകെ കാനഡയിൽ എത്തിപ്പെട്ടു. എങ്കിലും ആദ്യകാലങ്ങളിൽ, വൈകുന്നേരം  ആറു മണിക്ക് മുന്നേ വീടിന്റെ സുരക്ഷിതത്വത്തിൽ അഭയം തേടുന്ന തനി മലയാളിയായി ജീവിച്ചു. 

ഒഴുക്കിലങ്ങിനെ നീന്തിപ്പോകുന്നതിനിടയിലാണ് ജിമ്മിയെ പരിചയപ്പെടുന്നത്. ആയിരത്തൊന്നു രാവുകൾ പോലെ ജിമ്മി ഒന്നൊന്നായി കഥകളുടെ ഒരു മാല കോർക്കുന്നത് അതിശയത്തോടെ കേട്ടിരുന്നു. ജിമ്മിയുടെ കഥകളിലുടനീളം രാത്രിയുടെ സൗന്ദര്യം നിറഞ്ഞു നിന്നു... ഒരു രാത്രിയെങ്കിലും സ്വന്തമാക്കണം എന്ന ആശ മാനം  മുട്ടോളം എന്റെയുള്ളിൽ  വളരുകയായിരുന്നു...!! 

അങ്ങിനെയിരിക്കെയാണ്‌ , മിസ്സിസ്സാഗ വിമൻസ് ഫോറത്തിൽ നിന്നും വരകളുടെ പെൺരാത്രി എന്ന പ്രോഗ്രാമിലേക്ക് ക്ഷണം കിട്ടുന്നത്. വരയ്ക്കാൻ അറിയില്ലെങ്കിലും ആ ക്ഷണം സ്വീകരിച്ചത് , മിസ്സിസാഗയുടെ തെരുവിൽ അപരിചിതരായ ഒരു കൂട്ടം പെണ്ണുങ്ങൾക്കൊപ്പം ഒരു രാത്രി എന്ന മോഹിപ്പിക്കുന്ന ആശയമായിരുന്നു. 

പല ഭാഷകൾ , പല വർണങ്ങൾ , പല സംസ്കാരങ്ങൾ .... എങ്കിലും തെരുവിൽ നിറഞ്ഞത് സൗഹൃദത്തിന്റെ ചിലമ്പൊലികളായിരുന്നു. ഇഷ്ടമുള്ളതെന്തും വരയ്ക്കാം. ഇഷ്ടം പോലെ തിന്നാം, കുടിക്കാം.... കൂട്ടു കൂടാം. 

രാത്രി 8 മണിയോടെ സെലിബ്രേഷൻ സ്ക്വയറിൽ എത്തിയപ്പോൾ കണ്ടത് , പരസ്പരം പരിചയപ്പെടുന്നവരുടെ തിരക്കാണ്. ആ തിരക്കിൽ അലിയാനുള്ള സങ്കോചത്തോടെ എല്ലാം കണ്ടു കൊണ്ട് ഒരു കോണിൽ ഒതുങ്ങി നിന്നു. അപ്പോഴാണ് വിടർന്ന ചിരിയുമായി ജയ്മി പരിചയപ്പെടാൻ എത്തിയത്. വളരെ പെട്ടന്ന് അപരിചിതത്വത്തിന്റെ മൂടുപടം അഴിഞ്ഞു വീഴുകയും ചിരപരിചിതരെ പോലെ വർത്തമാനത്തിലേക്ക് ഒഴുകിപ്പോകുകയും ചെയ്തു. ജയ്മി, പെൺരാത്രിയിൽ പങ്കെടുക്കുന്നത് ഇത് മൂന്നാം തവണയാണ്. അതിനാൽത്തന്നെ , കുറെ പരിചയക്കാരും ഉണ്ടായിരുന്നു. ഔദ്യോഗികമായ പരിചയപ്പെടലിനു മുന്നേ എല്ലാവരും സുഹൃത്തുക്കളായി മാറുന്ന കാഴ്ചകളായിരുന്നു എങ്ങും... ഇരുപത്തഞ്ചിനും അൻപതിനും ഇടയിൽ പ്രായമുള്ള  പതിനെട്ടു  സ്ത്രീകൾ .... ഒരു രാത്രി സ്വന്തമാക്കാൻ ആഗ്രഹിച്ചു വന്നവർ ... വരകളുടെ പെൺരാത്രിയിൽ എന്നെപ്പോലെ ആദ്യമായി വരുന്നവരും മുൻവർഷങ്ങളിൽ  വന്നവരും ഉണ്ടായിരുന്നു.  

ഔദ്യോഗികമായ പരിചയപ്പെടുത്തലും പരിപാടിയുടെ ഉത്ഘാടനവും വളരെ വേഗം കഴിഞ്ഞു. ഇഷ്ടമുള്ള ചിത്രങ്ങൾ കാൻവാസിൽ ഇഷ്ടമുള്ള പോലെ വരയ്ക്കാം, അല്ലെങ്കിൽ വരയ്ക്കുന്നവരെ സഹായിക്കാം. ആ രാത്രി മുഴുവൻ വരയ്ക്കാനും ആഘോഷിക്കാനും ഉള്ളതാക്കി മാറ്റി എല്ലാവരും.... വരയ്ക്കാൻ പഠിക്കുന്നവർ , അല്ലെങ്കിൽ ആദ്യമായി കാൻവാസും ബ്രഷും കയ്യിലെടുക്കുന്നവർ വരയ്ക്കുന്ന ചിത്രം തന്നെ ഞാനും വരയ്ക്കാൻ ശ്രമിച്ചു. അതായത്, 'മാൽഗുഡി ഡേയ്സ്' എന്ന സിനിമയിൽ അനൂപ്‌ മേനോന്റെ കഥാപാത്രം പറയുന്ന പോലെ രണ്ടു മലകൾ, അതിനു നടുവിലെ സൂര്യൻ, പുഴയിലൂടെ പോകുന്ന വഞ്ചി, കരയിൽ ഒരു തെങ്ങ്, ആകാശത്തിലൂടെ പറക്കുന്ന രണ്ടു കിളികൾ .... ഇതൊക്കെ തന്നെയായിരുന്നു എന്റെയും സൃഷ്ടികൾ....!! 

രാത്രി യാമങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ, ആഹ്ലാദത്തിമിർപ്പുകൾ കൂടി വരികയാണ്‌. പരസ്പരം ചിത്രങ്ങൾ നോക്കി പ്രോത്സാഹിപ്പിക്കുകയും ഇടയ്ക്ക് കളിയാക്കലുകളും ഒക്കെയായി കെട്ടഴിഞ്ഞ പട്ടം പോലെ പാറിപ്പറക്കുകയാണ് പെൺകൂട്ടം. കൂട്ടത്തിലുണ്ടായിരുന്ന നല്ല ചിത്രകാരികളായിരുന്നു ഇറാനിൽ നിന്നുള്ള സുബുഹിയും കൊറിയയിൽ നിന്നുള്ള ഗ്ലോറിയയും ആഫ്രിക്കയിൽ നിന്നുള്ള സ്റെഫാനിയും ...  മറ്റുള്ളവരെ സഹായിച്ചും പ്രോത്സാഹിപ്പിച്ചും അവർ എല്ലായിടത്തും ഓടി നടന്നു.  ലഹരി പകരുന്നതായിരുന്നു ആ രാത്രിയുടെ പെൺകൂട്ടായ്മ...!!

കളിയും ചിരിയും ബഹളങ്ങളും ഒക്കെയായി രാത്രി വളരുമ്പോൾ , എന്റെ മനസ്സ് ചിന്തകളുടെ ചിറകിലേറി പറക്കുകയായിരുന്നു. ഇതായിരുന്നോ ഞാൻ ആഗ്രഹിച്ച രാത്രി, അല്ല .... ഒരിക്കലുമല്ല.... ഒരു സുരക്ഷിതത്വത്തിന്റെ നടുവിലെ രാത്രിയല്ല എന്റെ സ്വപ്നത്തിൽ.... എന്റെ നാട്ടിലെ തെരുവിലൂടെ ഭയമില്ലാതെ ഇഷ്ടം പോലെ നടക്കാൻ കഴിയണം. കൂട്ടുകാരോടൊത്ത് കലുങ്കിലിരുന്നു വെടി പറയാനും പൊട്ടിച്ചിരിക്കാനും കഴിയണം. തനിയെയോ കൂട്ടുകാരോടൊപ്പമോ ബീച്ചിലും പാർക്കിലും സിനിമയ്ക്കും പോകാൻ കഴിയണം. ബസ്സിലും ട്രെയിനിലും ഭയമില്ലാതെ യാത്ര ചെയ്യാൻ കഴിയണം. ആക്രമിക്കപ്പെടുമെന്ന ഭയമില്ലാതെ ഒരു പെണ്ണായി ജീവിക്കാൻ കഴിയണം.

പക്ഷേ, കേരളത്തിൽ ജനിച്ചു വളർന്ന എനിക്ക് അതിനു കഴിയുന്നില്ല. ചെറുപ്പം മുതൽ മനസ്സിൽ വേരുപിടിച്ചു പോയ ആ ഭയം , കാനഡയിലോ ലോകത്തിന്റെ ഏതു കോണിലോ ആയാലും വിട്ടു പോകില്ല. എത്രയൊക്കെ ധൈര്യം പറഞ്ഞാലും ആ ഭയം ഈ ജന്മം മുഴുവൻ കൂടെയുണ്ടാവും. അതുപോലെ തന്നെ സംശയത്തിന്റെ നിഴൽക്കണ്ണുകൾ ഓരോ പുരുഷന്റെ നേർക്കും നീളുകയും അറിയാതെ തന്നെ ജാഗ്രത പുലർത്തുകയും ചെയ്യും.








22 comments:

  1. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ ചൊല്ല്.
    പുരുഷനായാലും, സ്ത്രീയായാലും അതാണ്‌ സ്ഥിതി.
    കൊച്ചിലേ വളര്‍ത്തിക്കൊണ്ടുവന്ന ഭയം,ആചാരങ്ങള്‍,അടിമത്തമനോഭാവം എന്നിവയെല്ലാം ആ ആള്‍
    വളര്‍ന്നാലും,ഉയരങ്ങളിലെത്തിയാലും ഉള്ളിന്‍റെയുള്ളില്‍ കിടന്ന് അസ്വസ്ഥത സൃഷ്ടിക്കുമെന്നതാണ് വാസ്തവം.
    ആശംസകള്‍

    ReplyDelete
    Replies
    1. ഭയം കുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടുന്നതാണ്, പ്രത്യേകിച്ചും പെൺകുഞ്ഞുങ്ങളിൽ .... ആ രീതി മാറണം . അതു പോലെ പെണ്ണ് ആണിന്റെ കളിപ്പാട്ടമല്ലെന്ന് ആൺകുട്ടികൾക്കും ചൊല്ലിക്കൊടുക്കേണ്ടതാണ്.

      Delete
  2. നമ്മുടെ നാടും മാറുമായിരിക്കും എന്ന് പ്രത്യാശിക്കാം

    ReplyDelete
    Replies
    1. മാറും, കുഞ്ഞുങ്ങളായിരിക്കുമ്പോഴേ നല്ലത് ചൊല്ലിക്കൊടുത്തു അവരെ വളർത്തിയെടുത്താൽ നമ്മുടെ നാട് തീർച്ചയായും 'ദൈവത്തിന്റെ സ്വന്തം നാടായി' മാറും.

      Delete
  3. ചേച്ചി പറഞ്ഞത് പോലെ, സ്ത്രീകൾക്ക് രാത്രി പുറത്തിറങ്ങാൻ വേണ്ടി സംഘടിപ്പിക്കുന്ന പരിപാടികൾ എല്ലാം കൃത്രിമത്വം ഉളവാക്കും. അവ രാത്രി ജീവിതത്തെ പരിചയപ്പെടുത്തുകയും സുരക്ഷ നല്കുകയും ചെയ്യുമെങ്കിലും ഒരു പരോൾ പോലെയേ കാണാനൊക്കൂ. പുരുഷനെ പോലെ സ്ത്രീയും തുല്യസ്വാതന്ത്ര്യം അനുഭവിക്കുമ്പോൾ മാത്രമാണ് ആ സമൂഹം ജ്ഞാനോദയം നേടുന്നുള്ളൂ.

    ReplyDelete
    Replies
    1. അതെ കൊച്ചു ഗോവിന്ദാ, സ്ത്രീയും പുരുഷനും തുല്യരാണെന്ന ബോധം കുഞ്ഞായിരിക്കുമ്പോൾ തന്നെ കുട്ടികളിൽ വളർത്തിയെടുക്കണം ....

      Delete
  4. ശീലിച്ചു പോയതുകൊണ്ടാണ് അങ്ങിനെ തോന്നുന്നത്. ക്രമേണ മാറ്റിയെടുക്കാവുന്ന മാന്നസീകാവസ്ഥയാണത്.

    ReplyDelete
    Replies
    1. ശീലിച്ചതല്ല, അടിച്ചേൽപ്പിക്കപ്പെട്ടതാണ്. ആ മാനസികാവസ്ഥ മാറണമെങ്കിൽ നമ്മുടെ സമൂഹത്തിന്റെ മനസ്സു മാറണം....

      വരുംതലമുറയെങ്കിലും ഭയമില്ലാതെ ജീവിക്കാൻ ഇടയാകട്ടെ ....

      Delete
  5. അത്രയൊക്കെ മോശമാണോ ചേച്ചീ നമ്മുടെ നാട്‌!?!?!
    എല്ലാം ശരിയാകുമായിരിക്കും.

    ReplyDelete
    Replies
    1. നമ്മുടെ നാട് മോശമല്ല സുധീ.... സ്ത്രീയെ അമ്മയായി , ദേവിയായി ഒക്കെ കാണുന്ന മഹത്തായ പൈതൃകമുള്ള സംസ്ക്കാരമായിരുന്നു ഭാരതത്തിന്റെത്. ഇടയ്ക്കെവിടെയോ പിഴച്ചു, നന്നാവും, നന്നാക്കാൻ നമുക്ക് ശ്രമിക്കാം.... അടുത്ത തലമുറയെങ്കിലും ഭയമില്ലാതെ ജീവിക്കട്ടെ....

      Delete
  6. ഇങ്ങിനെ ഒരു സാഹചര്യം ഉടലെടുക്കാൻ കാരണങ്ങൾ പലതാണ്. ഒന്നാമതു തുടക്കത്തിലേ പെൺ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത്. നീ പെണ്ണാണ് സൂക്ഷിക്കുക. അത് ഭാരതീയാചാരത്തിന്റെ തുടർച്ച യാകാം. ഒതളങ്ങയുടെ കാലഘട്ടത്തിൽ നിന്നും പഠിച്ച പാഠം. അതിൽ നിന്നും മുക്തി നേടാനാകാതെ വളർന്ന പെൺകുട്ടികൾ. ഇന്നത്തെ സ്ത്രീകളും .

    എന്തിനും പുരുഷനെ ആശ്രയിക്കുന്ന രീതിയാണ് മറ്റൊരു കാരണം. അവനിൽ സുരക്ഷ തേടുന്ന മാനസികാവസ്ഥ.

    പ്രധാനമായത് രാതിയിൽ സംഭവിക്കാൻ പോകുന്നതിന്റെ പേടിയും ആകുലതയും ആണ്. ആ പേടിയാണ് മനസമാധാനമായിട്ടു ഒരു രാതി പുറത്തു കഴിക്കാൻ പെണ്ണിനെ പ്രാപ്തമാക്കാത്തത്. ആക്രമണം: അത് മാറുന്നതാണ്.

    ഒരു സംഭോഗത്തിന് ശേഷം പൊടിയും തട്ടി ആണ് എണീറ്റ്‌ പോകുന്നതിന്റെ ലാഘവത്തോടെ എണീറ്റ്‌ പോകാൻ സ്ത്രീയ്ക്ക്പെണ്ണിന് കഴിയാതെ വരുന്നതാണ് കാരണം. ആ പേടിയാണ് സന്ധ്യക്ക്‌ ശേഷം മുറിക്കകത്ത് കഴിയാൻ സ്ത്രീയെ പ്രേരിപ്പിക്കുന്നത്.

    ReplyDelete
    Replies
    1. ആ പേടിയും ആകുലതയും എങ്ങിനെ ഉണ്ടായി....? അങ്ങിനെയുള്ള സംഭവങ്ങൾ നിത്യേന കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അല്ലേ....? അതില്ലാതാക്കാൻ സമൂഹത്തിനേ കഴിയൂ.... കഴിയണം.... അടുത്ത തലമുറയെങ്കിലും ഭയമില്ലാതെ ജീവിക്കട്ടെ...

      Delete
  7. ഓരോ നാടിനും ഓരോ ശീലങ്ങളുണ്ട്‌. കാർന്നോന്മാരായി പരിപാലിച്ച് കൊണ്ടുവരുന്ന ശീലങ്ങൾ. അതിൽ നിന്നും ഒളിച്ചോടുന്നതുകൊണ്ടാണ് ദുശ്ശീലങ്ങൾ സ്വപ്നം കാണുന്നത് ....

    ReplyDelete
  8. ഓരോ നാടിനും ഓരോ ശീലങ്ങളുണ്ട്‌. കാർന്നോന്മാരായി പരിപാലിച്ച് കൊണ്ടുവരുന്ന ശീലങ്ങൾ. അതിൽ നിന്നും ഒളിച്ചോടുന്നതുകൊണ്ടാണ് ദുശ്ശീലങ്ങൾ സ്വപ്നം കാണുന്നത് ....

    ReplyDelete
  9. കേരളത്തിൽ ജനിച്ചു വളർന്ന എനിക്ക് അതിനു കഴിയുന്നില്ല. ചെറുപ്പം മുതൽ മനസ്സിൽ വേരുപിടിച്ചു പോയ ആ ഭയം , കാനഡയിലോ ലോകത്തിന്റെ ഏതു കോണിലോ ആയാലും വിട്ടു പോകില്ല. എത്രയൊക്കെ ധൈര്യം പറഞ്ഞാലും ആ ഭയം ഈ ജന്മം മുഴുവൻ കൂടെയുണ്ടാവും. അതുപോലെ തന്നെ സംശയത്തിന്റെ നിഴൽക്കണ്ണുകൾ ഓരോ പുരുഷന്റെ നേർക്കും നീളുകയും അറിയാതെ തന്നെ ജാഗ്രത പുലർത്തുകയും ചെയ്യും.‘

    ഈ ഭയം തന്നെയാണ് നമ്മുടെയൊക്കെ ഒരു ശാപം

    ReplyDelete
  10. ശരിയാണ് കുഞ്ഞൂസ്, ഈ നാടു തരുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വവും അമൂല്യമെന്ന് ഞാനും തിരിച്ചറിയുന്നു. പെയിന്‍റ് ചെയ്ത പടം എവിടെ?

    ReplyDelete
  11. "സ്ത്രീകൾക്കും നിർഭയരായി ഏതു പാതിരാത്രിയിലും ഇറങ്ങി നടക്കാൻ പറ്റുന്ന ഒരു കാലം ". അങ്ങനെയൊരു കാലംവരുമെന്ന് ആശിക്കാം .

    ReplyDelete
  12. ഭരണവും നാട്ടിലെ നിയമങ്ങളും കര്‍ക്കശമായാല്‍ കുഞ്ഞൂസ് ആശിക്കുന്ന ആ ദിനം വരും.പെണ്‌കുട്ടിയെ ജീവനോടെ കുഴിച്ചുമൂടിയ ഒരു രാജ്യമായിരുന്നു സൌദിഅറേബ്യ.ഇസ്ലാമില്‍ സ്ത്രീക്ക് അനുവദനീയമായ എല്ലാ സ്വാതന്ത്ര്യവും ഇന്നവര്‍ അനുഭവിക്കുന്നു.

    ReplyDelete
    Replies
    1. അതെ, അങ്ങിനെ പ്രതീക്ഷിക്കാം ല്ലേ, വരുംതലമുറയെങ്കിലും ഭയമില്ലാതെ ജീവിക്കട്ടെ....

      Delete
  13. പേടിയൊക്കെ അവിടെ നിക്കട്ടെ, അന്ന് വരച്ച ചിത്രം കാണാന്‍ ഞാന്‍ വരുന്നുണ്ട്...

    ReplyDelete
    Replies
    1. അന്ന്, ഞാൻ പറഞ്ഞതല്ലേ.... അപ്പൊ വന്നില്ലല്ലോ...

      Delete
  14. പേടിയൊക്കെ അങ്ങ് മാറ്റിവച്ചേക്ക്...ഇതൊക്കെ പഠിച്ചും ശീലിച്ചും വന്നതുകൊണ്ടുമാത്രമുള്ള പ്രശ്നമാണ്‌. സമൂഹം ഒന്നടങ്കം മാറുന്ന സുവർണ്ണകാലത്തിനായി കാത്തിരിക്കരുത്. സമൂഹം കുറെയൊക്കെ മാറും. അതുകൊണ്ടായില്ല. നമ്മൾ മാറണം. കേൾക്കേണ്ടതുമാത്രം കേട്ടാൽ മതി. Be happy for your loved ones who ever they are, don't be panic about the thoughts and words of your enemies.

    ReplyDelete

Related Posts Plugin for WordPress, Blogger...