Saturday, August 20, 2016

ഹൃദയത്തിലേക്ക് തുറന്ന സൗഹൃദവാതിൽ




'ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. സ്ത്രീ പ്രവാസത്തെ ആസ്പദമാക്കി ശ്രീമതി. അനുരാധമേനോൻ എഴുതിയ ' ചിറകില്ലാത്ത പറവകൾ' നോവൽ വിഭാഗത്തിലും, ശ്രീ.രഘുറാമിന്റെ "അക്കരപ്പച്ചകൾ' ലേഖന വിഭാഗത്തിലും ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായി'. ടിവിയിൽ വാർത്ത വായന തുടർന്നുകൊണ്ടിരുന്നു.....

അനുരാധ മേനോൻ ആഹ്ലാദത്തോടെ ഫോണിൽ മാത്യൂസിനെ വിളിച്ചു. 

"താങ്ക്സ്താങ്ക്സ് ഫോർ എവരിതിങ്ങ് .... എന്നെ ഞാനാക്കിയതിന് .... എന്നിലെ എന്നെ തിരിച്ചറിയാൻ സഹായിച്ചതിന്.... എല്ലാത്തിനും നന്ദി മാത്യൂസ്.... "

"ഏയ്എന്തായിത്... തന്റെ കഴിവ് സാഹിത്യ ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതിൽ എനിക്കെന്തിനു നന്ദി....?"

"അതല്ലമാത്യുസ്നീയില്ലായിരുന്നെങ്കിൽ.... ഞാനിന്നും സ്വർണക്കൂട്ടിലെ പക്ഷിയായിനാല് ചുവരുകൾക്കുള്ളിൽ .... "

ഡോണ്ട് ബി സില്ലി അനൂ , കാലം തനിക്കായി കരുതി വെച്ച ചിലതുണ്ട് ,. അതിന് ഞാനൊരു നിമിത്തമായെങ്കിൽ ഐ ആം പ്രൌഡ് ഓഫ് ഇറ്റ്‌ ...."

അപ്പുറത്തു നിറയുന്ന നിശബ്ദത അനുരാധയുടെ അടക്കിപ്പിടിച്ച തേങ്ങലാവുമെന്നു മനസിലാക്കിമാത്യൂസ് ഫോൺ കട്ട് ചെയ്തു. 

മനസ്സിൽ നിറയുന്ന ഓർമകളുടെ വേലിയേറ്റത്തിൽ അനുരാധ സോഫയിലേക്ക് ചാരി കണ്ണടച്ചു....

'ഹായ്ഹൌ ആർ യു ....?
ഐ തിങ്ക്‌  യു ആർ ബിസിസൊ സീ യു ലേറ്റർ ....'

ഫേസ്ബുക്കിലെ ചാറ്റിൽ വന്ന മെസേജ് സാധാരണയെന്നപോലെ അവൾ അവഗണിച്ചു.

ഏതാനും ദിവസങ്ങൾക്കു ശേഷം വീണ്ടും ഒരു ഹായ് വിളി.... മൈൻഡ് ചെയ്യാതിരുന്നാൽ തനിയെ ഒഴിഞ്ഞു പോകുമെന്ന് അനുഭവം.... മൗനം പാലിച്ചു.

ആഴ്ചകൾക്കു ശേഷം ഓണ്‍ലൈനിൽ വന്നപ്പോൾ വീണ്ടും അയാളുടെ ഹായ് മെസേജ് .... 
മറുപടിയായി ഹായ്, ഹൌ ആർ യു?’ എന്നു ടൈപ്പ് ചെയ്ത് അയച്ചപ്പോൾ ആളുടെ ലക്ഷ്യം എന്തെന്ന് മനസിലാക്കലായിരുന്നു ഉദ്ദേശ്യം. 

"മലയാളിയാണല്ലോമലയാളത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടോ എന്ന ചോദ്യം മലയാള ലിപികളിൽ ....

"സന്തോഷമേയുള്ളൂ" എന്ന് മംഗ്ലീഷിൽ ടൈപ്പ് ചെയ്തതിന് മലയാളം ടൈപ്പ് ചെയ്യാനുള്ള   ‘മൊഴി എന്ന സോഫ്റ്റ്‌വെയറിന്റെ ലിങ്ക് തന്ന് അത് ഇൻസ്റ്റോൾ ചെയ്താൽ മതി മലയാളത്തിൽ ടൈപ്പ് ചെയ്യാം എന്ന് മറുപടി.

മൊഴി ഇൻസ്റ്റോൾ ചെയ്ത്മലയാളത്തിൽ പരിചയപ്പെട്ടപ്പോൾ മനസ്സിൽ ഒരു കുളിർക്കാറ്റ് വീശിയ സുഖം....  പരിചയം സൌഹൃദമായി .... 

അങ്ങിനെയൊരിക്കൽ മാത്യൂസാണ് പറഞ്ഞത്,
തന്റെ സംസാരത്തിൽ മുഴുവൻ സാഹിത്യമാണല്ലോ ... തനിക്ക് എന്തെങ്കിലുമൊക്കെ എഴുതിക്കൂടെ....?"

"ഞാനോഎന്തെഴുതാൻ ....? " സംഭ്രമത്തോടെ ചോദിച്ചു.

"താൻ എന്നോട്  വിശേഷങ്ങൾ പറയുന്നത് പോലെ എഴുതൂ... ഒക്കെ ശരിയായിക്കോളും " മാത്യു സ് തന്നെ പരിഹസിക്കുന്നതാവും എന്ന തോന്നലിൽ  പറഞ്ഞതൊക്കെ അവഗണിച്ചു. 

നല്ലൊരു ശ്രോതാവ് ആയതിനാൽ മാത്യൂസിനോട് മനസ്സു തുറന്നു സംസാരിച്ചിരുന്നു. .... അതിനാൽ മാത്യുസ്  വിടാതെ കഥയെഴുതാൻ നിർബന്ധിച്ചു. അങ്ങിനെയാണ് പണ്ടെങ്ങോ കൂട് വിട്ടു പോയ കഥപ്പക്ഷി വീണ്ടും മനസ്സിന്റെ ചില്ലയിലേക്കെത്തിയത്. അവിടെ നാരും തളിരുമൊക്കെ ചേർത്ത് കൂടുണ്ടാക്കിയതും അടയിരുന്ന് കഥ മുട്ടകളെ വിരിയിപ്പിച്ചതും.

എഴുതിയ ഒരു കഥ മാത്യൂസിന് മെയിൽ ചെയ്ത് കാത്തിരുന്നു. കൊള്ളാം എന്ന ഒറ്റ വാക്കിലെ മറുപടി നിരാശപ്പെടുത്തി. ഇനി ഒന്നും എഴുതുന്നില്ല എന്ന തീരുമാനവും എടുത്തു. പിന്നെയും മാത്യൂസുമായി സംസാരിച്ചുവെങ്കിലും കഥയെപ്പറ്റി ഒന്നും മിണ്ടിയില്ല. എന്നാൽ രണ്ടാഴ്ചക്കു ശേഷം ഓണ്‍ലൈനിൽ കണ്ടപ്പോൾ,മാത്യൂസ് ചോദിച്ചു, 

 "ഇന്നത്തെ  കലാകൌമുദി കണ്ടോ " 

ഇല്ലെന്ന്  മറുപടി ടൈപ്പ് ചെയ്തയച്ചു കാത്തിരുന്നപ്പോൾ , മെയിൽ നോക്കു എന്ന മെസേജ്..... മെയിൽ തുറന്നപ്പോൾ കലാകൌമുദിയിൽ താൻ മാത്യൂസിന് അയച്ച കഥ തന്റെ പേരിൽ തന്നെ അച്ചടിച്ചു വന്നത് മാത്യൂസ്‌ സ്കാൻ ചെയ്ത് അയച്ചിരിക്കുന്നു. ആഹ്ലാദം മുഴുവൻ മഴയായി പെയ്ത് കവിളിലൂടെ ഒഴുകിയിറങ്ങി ... 

മക്കളില്ലാത്ത താൻ അന്നു മുതൽ കഥക്കുഞ്ഞുങ്ങളെ പ്രസവിച്ചു കൊണ്ടിരുന്നു. ഓരോ കഥയേയും അരുമയോടെ വളർത്തിക്കൊണ്ടു വന്നത് മാത്യൂസ് എന്ന സുഹൃത്താണ്. മാത്യൂസിന്റെ അഭിപ്രായ പ്രകാരം തന്നെയാണ് പെണ്‍പ്രവാസത്തെ ആധാരമാക്കി നോവൽ എഴുതിയതും....

മാത്യൂസിനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ.... ! 

പലപ്പോഴും ആലോചിട്ടുണ്ട്തന്റെ ജീവിതം ആ സ്വർണക്കൂട്ടിൽ ആടയാഭരണങ്ങൾ അണിഞ്ഞിരുന്നേനെ.  മാത്യുസുമായുള്ള ചങ്ങാത്തം ജീവിതത്തെ പേരറിയാത്ത വഴികളിലൂടെയാണ് കൊണ്ടു പോയത്. 

മാത്യൂസ്‌ എന്ന സൈബർ സുഹൃത്തിനെ കണ്ടുപിടിച്ച തന്റെ ഭർത്താവ് രവി, തന്റെ മേൽ ഒരു കുറ്റം കണ്ടുപിടിക്കാൻ കഴിഞ്ഞതിന്റെ അത്യാഹ്ലാദത്തിലായിരുന്നു. ചോദ്യങ്ങളോ പറച്ചിലോ ഒന്നുമുണ്ടായില്ല. ഒരു വിശദീകരണത്തിനും താനും ഒരുക്കമായിരുന്നില്ല. അല്ലെങ്കിൽത്തന്നെ വഴി പിരിഞ്ഞു പോയ മനസ്സുകൾക്ക് ഒന്നിച്ചു ചേരാൻ കഴിയുമായിരുന്നില്ല.   ആ അവസരം മുതലെടുത്ത്‌ വിവാഹമോചനത്തിന് അപേക്ഷ കൊടുക്കുകയും തന്നെ ഒരു വ്യഭിചാരിണിയായി മുദ്ര കുത്തുകയും ചെയ്തപ്പോഴും മൌനത്തെ തന്നെയാണ് കൂട്ട് പിടിച്ചത്. 

അധികം വൈകാതെ രവി തന്റെ സ്വാതന്ത്ര്യത്തിലേക്ക് ഓടിപ്പോയി. ആളൊഴിഞ്ഞ കൂട്ടിൽ നിന്നും സ്നേഹഭവനിലേക്ക് താനും .....

 പിന്നെഎഴുത്തിന്റെകഥകളുടെ ഒരു പ്രവാഹമായിരുന്നു. തുടർന്ന് നോവൽ.... ഇപ്പോഴിതാ അപ്രതീക്ഷമായി,  കേരള സാഹിത്യ അക്കാദമി അവാർഡും.... !

" ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ...... " ഇഷ്ട ഗാനത്തിന്റെ ഈരടികൾ  സെൽ ഫോൺ നിർത്താതെ പാടിക്കൊണ്ടിരുന്നു.... പുറത്ത് ഭൂമിയെ തഴുകിത്തലോടി തണുപ്പിക്കാൻ ശ്രമിക്കുന്ന വേനൽ മഴ.... നനഞ്ഞ മണ്ണിന്റെ ഗന്ധവും പേറി ആടിപ്പാടി വന്ന കാറ്റ്, ശരീരത്തിലും ഹൃദയത്തിലും പടർത്തിയ പുത്തനുണർവ് അനുരാധയുടെ ചുണ്ടുകളിൽ പുഞ്ചിരിയായി വിടർന്നു....


അഭിരാമ കഥാമഞ്ജരിയിൽ പ്രസിദ്ധീകരിച്ചത്.




16 comments:

  1. checheeeeeseeeeeeee kalakkittoooooooooo ahsmsakal

    ReplyDelete
  2. അഭിരാമകഥാമഞ്ജരിയിൽ വന്ന " ഹൃദയത്തിലേക്ക് തുറന്ന സൗഹൃദവാതിൽ " വായിച്ചു ഏറെ ഇഷ്ടവുമായി. ആശംസകൾ കുഞ്ഞൂസ്.

    ReplyDelete
  3. കുഞ്ഞൂസേച്ചീ,

    നല്ല കഥ.ഇഷ്ടായി.

    സ്വർണ്ണകൂട്ടിൽ നിന്നും പറക്കാനാവുന്നത്ര ഉയരങ്ങളിലേയ്ക്കുള്ള പ്രയാണം അനുരാധയ്ക്ക്‌ കഴിഞ്ഞത്‌ മാത്യൂസിന്റെ ഓൺലൈൻ ഹെൽപ്‌ കൊണ്ടാണെങ്കിൽ യഥാർത്ഥജീവിതത്തിലും അങ്ങനെ തന്നെ ആയിരുന്നെങ്കിൽ എന്ന് വായനകഴിഞ്ഞാപ്പോൾ തോന്നിപ്പോയി.

    ReplyDelete
  4. സുധിയേ... അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ... :)

    കഥ കൊള്ളാട്ടോ കുഞ്ഞൂസ്‌...

    ReplyDelete
  5. കഥ പകുതി കഴിഞ്ഞപ്പോൾ എല്ലാം പറഞ്ഞു തീർക്കാനുള്ള ഒരു വ്യഗ്രത പോലെ തോന്നി. തുടക്കത്തിലെ കഥ പറയുന്ന രീതി തന്നെ മാറി. "മക്കളില്ലാത്ത താൻ ......" തുടങ്ങിയവ അനുരാധയുടെ ചുറ്റുപാട് വായനക്കാർക്കു മനസ്സിലാക്കാൻ വേണ്ടി ആണെന്നുള്ള കൃത്രിമത്വം നില നിൽക്കുന്നു. അത് പോലെ രവിയുമായുള്ള വേർപാടും പെട്ടെന്ന് പറഞ്ഞു. കഥ കൊള്ളാം.

    ReplyDelete
  6. കുഞ്ഞൂസിനെ പോലെ ഒരാൾ ഈ കഥ പരിചയപ്പെടുത്തേണ്ടിയിരുന്നില്ല ,,,,
    ആദ്യന്തം കൃത്രിമത്വം മുഴച്ചു നിൽക്കുന്ന പോലെ തോന്നി ,,

    ReplyDelete
  7. കഥകൊള്ളാം. എളുപ്പം തീര്‍ന്നുപോയതുപോലെ

    ReplyDelete
  8. കഥ കൊള്ളാം..സുധി പറഞ്ഞതു പോലെ ഓൺ ലൈൻ സൗഹൃദങ്ങൾ ശരിക്കും ഇങ്ങനെ കളങ്കം അറ്റതാവട്ടെ എന്നാണു പ്രാർഥന..

    കഥ ചെറിയതാവണം എന്നു നിർബന്ധം ഉള്ളതു പോലൊരു
    തോന്നൽ വായനയിൽ വരുന്നുണ്ട് കേട്ടോ..ഒരു പക്ഷേ പഴയ
    കാര്യങ്ങൾ ഇത്രയൊക്കെ ചിന്തിച്ചാൽ മതിയെന്നുള്ള അനുരാധയുടെ
    മനസിന്റെ വിഷമവും ആവാം അല്ലേ ?!അഭിനന്ദനങ്ങൾ കുഞ്ഞുസ്.

    ReplyDelete
  9. ഹൃദയത്തിലേക്ക് തുറന്ന സൗഹൃദവാതിൽ

    ReplyDelete
  10. പെട്ടെന്ന് തീര്‍ന്ന പോലെ തോന്നി.എന്നാലും കൊള്ളാം.അഭിനന്ദനങ്ങള്‍.

    ReplyDelete
  11. സൌഹൃദമായാലും പൊള്ളയായ ഒരു സംസ്ക്കാരം നിലനില്‍ക്കുന്നിടത്തോളം ശീലങ്ങള്‍ മാറത്ത മനുഷ്യനില്‍ സംശയം അവസാനിക്കില്ല. ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ പുറത്ത് വരാന്‍ ഒരു സൌഹൃദസഹായി പലപ്പോഴും ആവശ്യമാണ്‌, പ്രത്യേകിച്ചും കാശുണ്ടാക്കുക ജീവിക്കുക എന്ന ജീവിതം ആകുമ്പോള്‍. പെട്ടെന്ന് തീര്‍ക്കുക എന്ന ചിന്തയോടെ എഴുതിയതായി എനിക്കും തോന്നി.

    ReplyDelete
  12. ഹ്രൃദയസ്പർശിയായിട്ടുണ്ട്. നന്നായി എഴുതിയിട്ടുമുണ്ട്.

    ReplyDelete
  13. മെയിൽ ഇന്നാണ് കണ്ടത് പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട് . സൈബർ ലോകത്തും നല്ല സുഹൃത്തുക്കൾ ഉണ്ടെന്നുള്ളതിനു തെളിവാണ് ഈ പോസ്റ്റ്...

    ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു

    ReplyDelete
  14. ആത്മാര്‍ത്ഥതയോടെയുള്ള പ്രോത്സാഹനം സര്‍ഗ്ഗപ്രതിഭകളെ വളര്‍ത്തുമെന്നത് തീര്‍ച്ചയാണ്........
    നല്ല കഥ
    ആശംസകള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...