Tuesday, January 10, 2017

കൂടൊഴിയുന്ന വേനൽക്കിളി...

റോഡിനപ്പുറത്തുള്ള പഴയ വീട്ടിലേക്ക് കയറുമ്പോൾ  സാറയുടെ ഉള്ളിൽ അലയടിച്ച സമ്മിശ്ര വികാരങ്ങൾ സുനിതയുടെ കൈകളിൽ വിരൽപ്പാടുകളായി പതിഞ്ഞു. ക്ഷമ യാചിക്കുന്ന കണ്ണുകൾ സുനിതയുടെ നേരെ തിരിഞ്ഞതും ഒരു പുഞ്ചിരിയിൽ സാരമില്ല എന്നവൾ കണ്ണടച്ചു കാണിച്ചതും വേനൽ മഴയായി ഉള്ളിൽ പെയ്തിറങ്ങി . 

ലിവിംഗ് റൂമിന്റെ വാതിൽ കടന്നതും മുപ്പത്തഞ്ചു വർഷം മുൻപുള്ള സാറയിലേക്ക് പരകായ പ്രവേശം നടത്തിയെന്ന പോലെ പ്രസരിപ്പ് നിറഞ്ഞു. ഓരോ മുറികളിലായി കയറിയിറങ്ങി , ചുറ്റിത്തിരിഞ്ഞ്‌ ഗന്ധങ്ങളിലും കാഴ്ചകളിലുമായി ഓർമ്മകളെ തിരിച്ചു പിടിക്കാനുള്ള സാറയുടെ ശാഠ്യത്തിനു കൂട്ടായി സുനിതയെന്ന ഹോം നേഴ്സ് എപ്പോഴും കൂടെ നിന്നു. 

ബേസ്മെന്റിന്റെ പടവുകൾ ഇറങ്ങുമ്പോൾ സുനിത ശ്രദ്ധയോടെ കൈ പിടിച്ചു. എത്രയോ വട്ടം കുഞ്ഞു സാമിനോടും റോസിനോടുമൊപ്പം ഓടിയോടിയിറങ്ങിയ പടവുകൾ... ! ജോയുടെ ടൂൾ ഷെൽഫ്, തന്റെ കിച്ചൺ ഷെൽഫ്,   സാമിന്റെ സൈക്കിൾ , റോസിന്റെ പാവകൾ എല്ലാം വൃത്തിയോടെ വെച്ചിരിക്കുന്നു. സൈക്കിളിൽ മെല്ലെ തൊട്ടപ്പോൾ കുഞ്ഞു സാമിന്റെ ശബ്ദം എവിടെ നിന്നോ ഒഴുകിയെത്തി.

"മോം, എനിക്ക് ബ്ലാക്ക് ആൻഡ്‌ യെല്ലോ കളർ തന്നെ വേണം. ..."

"എന്തിനാ , ആ കളർ ? ഈ ബ്ലൂ കളറും നല്ല ഭംഗിയുണ്ടല്ലോ... ഇതു പോരെ ....? "

നോ മോം... ജെറിക്കും ഡെവനും അലനും എല്ലാം ബ്ലാക്ക് ആൻഡ് യെല്ലോ ആണ്. സോ, എനിക്കും അതു തന്നെ മതി...."

കൂട്ടുകാർക്കുള്ളത് തന്നെ വേണമെന്നുള്ള വാശിയിൽ അന്ന് രണ്ടു മൂന്നു കടകൾ കയറിയിറങ്ങിയെങ്കിലും ബ്ലാക്ക്‌ ആൻഡ്‌ യെല്ലോ കളർ കിട്ടിയപ്പോൾ സാമിന്റെ കുഞ്ഞിക്കണ്ണുകളിൽ വിടർന്ന സന്തോഷപ്പൂക്കൾ , എല്ലാ ക്ഷീണവും തീർത്തു. 

ഓരോ ജന്മദിനത്തിനും പാവക്കുട്ടികളെയും അനുസാരികളും വാങ്ങുന്നതായിരുന്നു കുഞ്ഞുന്നാളിൽ റോസിന്റെ സന്തോഷം. ഷെൽഫിൽ ഭംഗിയായി നിരത്തി വെച്ചിരിക്കുന്ന ഓരോ പാവക്കുട്ടിക്കും ഓരോരോ കഥകളാണ് പറയാനുള്ളത്. മുകളിലെ ഷെൽഫിൽ ഇരിക്കുന്ന കഴുത്തിൽ ചുവന്ന റിബ്ബൺ കെട്ടിയ വെളുത്ത കരടിക്കുഞ്ഞ് , തന്നെ നോക്കി ചിരിച്ചോ....? കയ്യെത്തിച്ച് എടുക്കാനുള്ള ശ്രമം കണ്ട് സുനിത അതെടുത്ത് കയ്യിൽ തന്നു. റോസിന്റെ പാവഭ്രമത്തിലെ  അവസാനത്തേത് .... അന്നവൾക്ക് ഒൻപത് വയസായിരുന്നു. ഈ കുഞ്ഞു കരടിക്കുട്ടിയെ മതിയെന്നവൾ പറഞ്ഞപ്പോൾ ആശ്ച്ചര്യമായിരുന്നു തനിക്ക് ... 'നമ്മുടെ മോൾ വലുതായെടോ'  എന്നൊരു കളി തന്റെ ചെവിയിൽ  പറഞ്ഞ് ജോ അന്ന് ചിരിച്ചത് ഇപ്പോഴും കാതോരത്തെന്ന പോലെ സാറയുടെ മുഖത്ത് പുഞ്ചിരി വസന്തം തീർത്തു.

മുകൾനിലയിലെ മക്കളുടെ കിടപ്പുമുറി, വാതിൽക്കൽ നിന്നും പതിവുപോലെ കണ്ണോടിച്ചു. എല്ലാം അടുക്കിലും ചിട്ടയിലും തന്നെ എന്നു കണ്ടു ആശ്വസിച്ചു സാറയിലെ അമ്മ. മെല്ലെ അകത്തു കയറി , മോളുടെ കട്ടിലിൽ ഇരുന്നു. പിങ്ക് വെൽവെറ്റ് ഷീറ്റിലെ ബാർബിയുടെ ചിത്രത്തിലൂടെ കയ്യോടിക്കുമ്പോൾ, ഇനിയൊരിക്കലും ഇങ്ങിനെയൊരു ചിത്രം നൂലുകളിൽ മെനയാൻ തനിക്കാവില്ലല്ലോ എന്നൊരു നൊമ്പരം ഹൃദയത്തിൽ തിക്കുമുട്ടിയത്, കണ്ണിലും നനവായി പടരുന്നതറിഞ്ഞു, മെല്ലെ മുറി വിട്ടിറങ്ങി....

അടുക്കളയിൽ എത്തിയപ്പോൾ,  അതിലെ കുഞ്ഞു മേശയ്ക്കരികിൽ കോഫി  മൊത്തിക്കുടിക്കുന്ന, പേപ്പർ വായിക്കുന്ന ജോ .... ഇതാ തന്റെ കോഫി എന്ന് വിളിക്കുന്ന ജോ.... അറിയാതെ കൈ നീട്ടിയോ... ? മേശയിൽ തൊട്ടു തലോടുന്ന കണ്ട്, സുനിത ചേർത്തു പിടിച്ചു കിടപ്പുമുറിയിലേക്ക് നടന്നു.

"അമ്മച്ചി ഒന്നു വിശ്രമിക്കൂ, ഞാൻ ഒരു കോഫി എടുക്കാം ..." കട്ടിലിൽ ഇരുത്തി സുനിത പുറത്തേക്കു പോയി. 

ചുറ്റും നിറയുന്ന കാഴ്ചകളെ ഒരിക്കൽ കൂടി ഹൃദയത്തിലേക്ക് നിറക്കാൻ ശ്രമിച്ചു കൊണ്ട് സാറയുടെ ക്ഷീണിച്ച കണ്ണുകൾ വെമ്പലോടെ മുറിയിലെ ഓരോ കോണിലും ഓടി നടന്നു. പതിയെ ഇടതു വശം ചരിഞ്ഞ് കട്ടിലോരത്ത് സാറ കിടന്നു. കണ്ണിൽ നിറഞ്ഞ കാഴ്ചകൾ പുറത്തേക്ക് പോകാതിരിക്കാൻ എന്ന വണ്ണം കണ്ണുകൾ പൂട്ടി.

ഒന്നിനും മാറ്റമില്ല. മക്കൾ എല്ലാം അത് പോലെ തന്നെ സൂക്ഷിച്ചിരിക്കുന്നു. ജോയുടെ ആഗ്രഹമായിരുന്നത്. തങ്ങളുടെ ആദ്യത്തെ വീട്, കുഞ്ഞുങ്ങൾ പിറന്നു വീണ വീട്... അവരുടെ കളിയും ചിരിയും കരച്ചിലും നിറഞ്ഞ വീട്... തങ്ങളുടെ സ്നേഹവും സ്വപ്നങ്ങളും നിറഞ്ഞ വീട്.... അത്, തങ്ങൾ രണ്ടുപേരും ഇല്ലാതാകുന്നതു വരെയെങ്കിലും സൂക്ഷിക്കണം എന്നായിരുന്നു ജോയുടെ ആഗ്രഹം. . സ്നേഹത്തിന്റെ ആഴക്കടലിൽ നീന്തിപ്പഠിച്ച മക്കൾക്ക് ആ ആഗ്രഹത്തിന്റെ അർത്ഥം വ്യക്തമായും മനസിലാക്കാൻ കഴിഞ്ഞത് തങ്ങളുടെ ഭാഗ്യം.  വീടുകൾ പണിത് വില്ക്കുന്ന ജോ ആദ്യം പണിത വീടും അവസാനം പണിത വീടും വില്ക്കാതെ സൂക്ഷിച്ചിരിക്കുന്നു മക്കൾ. 

ജോ, അറിയുന്നുണ്ടോ .... നേഴ്സിംഗ് ഹോമിലേക്ക് മാറ്റണം എന്ന് ഡോക്ടർമാർ സാമിനോട് പറഞ്ഞിരിക്കുന്നു. സുനിതയെ കൊണ്ട് മാത്രം ഇനി എന്റെ കാര്യങ്ങൾ നോക്കാനാവില്ലെന്ന്.... എപ്പോഴും ഡോക്ടർമാരുടെ ശ്രദ്ധ വേണമെന്ന്... മൾട്ടിപ്പിൾ മൈലോമ എന്നെ പൂർണമായും കീഴടക്കി കഴിഞ്ഞിരിക്കുന്നു ജോ... വേദനയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും താഴ്‌വാരത്തിലെ ലില്ലിപ്പൂക്കൾ എന്നെ നോക്കി സ്നേഹത്തോടെ പുഞ്ചിരിക്കുകയാണ്.... സുനിതയെ വേണമെങ്കിൽ തിരിച്ചയച്ചോളൂ എന്നു ഡോക്ടർ പറഞ്ഞതായി റോസ് പറഞ്ഞു. സ്നേഹത്തിന്റെ ആ ലില്ലിപ്പൂവിനെ ഞാൻ എങ്ങിനെ പിഴുതെറിയും ജോ... നേഴ്സിംഗ് ഹോമിൽ എന്റെ കൂടെ അവളും വേണമെന്ന് ഞാൻ പറഞ്ഞത് കേട്ടപ്പോഴാണ് മക്കൾക്കും സമാധാനമായത്. 

മെക്സിക്കോയിൽ നിന്നും റോസും ആൽബർട്ടയിൽ നിന്ന് സാമും അടിക്കടി വരുന്നുണ്ടെങ്കിലും എനിക്ക് കൂട്ട് സുനിതയല്ലേയുള്ളൂ... ഒരു വർഷമേ ആയിട്ടുള്ളൂവെങ്കിലും ആ കുട്ടി ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു. എന്റെ ശാഠ്യങ്ങൾക്കും വാശികൾക്കുമെല്ലാം പുഞ്ചിരിയോടെ വഴങ്ങുന്നു അവൾ.... ആശുപത്രിയിലെ ഡോക്ടർമാർക്കും അവളെ വലിയ കാര്യമാണ്.  പലതും ഞാൻ മറക്കുന്നു ജോ....  പക്ഷേ, എന്റെ കാര്യങ്ങൾ കൃത്യമായും ഡോക്ടറോട് പറയാനും ഉപദേശം തേടാനും സുനിത മറക്കാറില്ല. 

ഇനി നമ്മുടെ വീട്ടിൽ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് ഡോകടർ പറയുന്നു.... എപ്പോഴും ഡോക്ടർമാരുടെ ശ്രദ്ധയും പരിചരണവും വേണമത്രേ.... നാളെ കഴിഞ്ഞ് നേഴ്സിംഗ് ഹോമിലേക്ക് പോവുകയാണ്.... ഇനിയൊരു മടക്കമില്ലാത്ത യാത്ര....

"നമുക്ക് പോകണ്ടേ അമ്മച്ചീ... " കവിളിൽ തലോടിയുള്ള സുനിതയുടെ ചോദ്യം കേട്ട് കണ്ണു തുറന്നു.

"ഉം... പോകാം...."  ആ കൈകളിൽ താങ്ങി വാതിൽക്കലേക്കു നടക്കുമ്പോഴേക്ക്  ഒരു പഞ്ഞിത്തുണ്ടായി സാറ , സുനിതയുടെ തോളിലേക്ക് ചാരി..... 

------------------------------------------------------------------------------------------------------------

കൊണ്ടു പോകാനുള്ള പെട്ടികൾ ഒരുക്കുകയാണ് സുനിത. സാമും റോസും ഇന്നലെ തന്നെ എത്തിയിരിക്കുന്നു. സാറ തന്നെ സാമിന് ഇഷ്ടപ്പെട്ട ഗ്രിൽ ചെയ്ത  ചിക്കനും  വെണ്ണയും പാലും ചേർത്ത് ഉടച്ചെടുത്ത ഉരുളക്കിഴങ്ങും റോസിനു വേണ്ടി ബ്രെഡും മീനും ബേക്ക് ചെയ്തെതും ഉണ്ടാക്കി. അത്താഴ മേശ ഭംഗിയായി ഒരുക്കി എല്ലാം വിളമ്പി വെച്ചു. മക്കളും സുനിതയും സന്തോഷം അഭിനയിക്കാൻ നന്നായി പരിശ്രമിക്കുന്നത് കണ്ടിട്ടും കാണാത്ത പോലെ ഇരുന്നത് , ഈ വീട്ടിലെ തന്റെ അവസാന അത്താഴം കഴിയുന്നത്ര മനോഹരമായിരിക്കാൻ വേണ്ടിയാണ്. എന്നിട്ടും ആർക്കും തന്നെ ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങാത്ത പോലെ.... വീടിനുള്ളിൽ നിറയുന്ന നിശബ്ദതയിൽ വേദനയുടെ നിഴൽപ്പാടുകൾ ...  മക്കളും സുനിതയും ശബ്ദം താഴ്ത്തി എന്തൊക്കെയോ പറയുന്നുണ്ട്. വ്യർത്ഥമായി പോകുന്ന വാക്കുകൾ എവിടെയൊക്കെയോ തട്ടി മറിഞ്ഞു വീഴുന്നു....  ജോ വന്ന് കൈ പിടിച്ചതിന്റെ തണുപ്പ് ഇപ്പോഴും അറിയുന്നുണ്ട്.


സാറയുടെ മരുന്നുകളുമായി മുറിയിലേക്കു വന്ന സുനിത, തന്നെക്കാൾ മുൻപേ മുറിയിൽ വന്നു പോയ മരണത്തിന്റെ തണുപ്പിൽ മരവിച്ചു നിന്നു... !!

13 comments:

 1. ഒാ,ചേച്ചീ,വിഷമിച്ച്‌ പോയല്ലോ.വായന കഴിഞ്ഞപ്പോൾ നേർത്ത നൊമ്പരം!!!

  ReplyDelete
  Replies
  1. സുധീ, ആദ്യം എത്തിയതിനും അഭിപ്രായത്തിനും നന്ദിയും സ്നേഹവും...

   Delete
 2. കുഞ്ഞൂസ് മാഡം.... വായന കണ്ണ് നിറയിച്ചുവല്ലോ...... നല്ല വായന നൽകിയതിൽ നന്ദി.... ആശംസകൾ.

  ReplyDelete
 3. കഥ ഇവിടെ ആര് പറയുന്നു? തുടക്കം കഥാകൃത്തു പറയുന്നതായി. (ഉദാ:സാറയുടെ ഉള്ളിൽ അലയടിച്ച......) അത് കഴിഞ്ഞു ഉടനെ '' വേനൽ മഴയായി ഉള്ളിൽ പെയ്തിറങ്ങി'' അത് സാറ ചിന്തിക്കുന്നത് പോലെ തോന്നി. അത് പോലെ '' സുനിത ശ്രദ്ധയോടെ കൈ പിടിച്ചു. എത്രയോ വട്ടം കുഞ്ഞു സാമിനോടും ....." ആര് സുനിതയോ? സാറാ ആണ് അങ്ങിനെ ചിന്തിക്കുന്നത്. പക്ഷെ അത് വായനക്കാരനെ കൃത്യമായി മനസ്സിലാക്കിക്കാൻ കഴിഞ്ഞില്ല. കഥാകൃത്തു കഥ പറയുന്നതിന് ശേഷം കഥാപാത്രത്തിന്റെ ചിന്തയിലേക്ക് പോകുമ്പോൾഅത് വ്യക്തത വരുത്തേണ്ടി ഇരുന്നു. അത് പോലെ തിരിച്ചു പോകുമ്പോഴും. ഈ ന്യുനത കഥയുടെ ഭംഗിയെ സാരമായി ബാധിച്ചു. കഥ പറച്ചിൽ അത്ര നന്നായില്ല. അത് കൊണ്ട് തന്നെ അവസാന ഭാഗം അത്ര ഉള്ളിൽ തട്ടിയില്ല.

  ReplyDelete
  Replies
  1. വളരെ നന്ദി ബിപിൻ, പോരായ്മകൾ ചൂണ്ടിക്കാണിച്ചു തന്നതിന്... സത്യസന്ധമായ വിലയിരുത്തലിന്... ഇനിയും എഴുതുമ്പോൾ കൂടുതൽ ശ്രദ്ധ വെക്കാൻ സഹായിക്കുന്നതിന്...

   Delete
 4. ഒരു നേര്‍ത്ത നൊമ്പരം മനസ്സില്‍ വന്നു നിറയുന്നു, കഥ തീരുമ്പോള്‍.

  ReplyDelete
 5. മരണത്തിന്റെ തണുപ്പ് വായനക്കാരന്റെ മനസ്സിൽ നിറയുന്നു ..നന്നായി ആശംസകൾ

  ReplyDelete
 6. മരണം പടി കടന്ന് വന്നതിന്റെ സ്പന്ദനങ്ങൾ ..

  ReplyDelete
 7. ഹൃദയസ്പര്‍ശിയായി കഥ
  ആശംസകള്‍

  ReplyDelete
 8. ഒരു നേര്‍ത്ത നൊമ്പരം...

  ReplyDelete
 9. മനസ്സിന് സന്തോഷം നല്‍കുന്ന ഒരു കഥ തപ്പിത്തപ്പി വന്നതാ... നൊമ്പരമായി... എങ്കിലും ഒരു നല്ല കഥ വായിച്ച സുഖം.....

  ReplyDelete

Related Posts Plugin for WordPress, Blogger...