Tuesday, April 4, 2017

അമ്മയുടുപ്പ്


കുട്ടികളിൽ ആർക്കെങ്കിലും അസുഖമാവുമോ ...!

നാനൂറ്റി മൂന്ന് ഹൈവേയിലൂടെ അതിവേഗം കാറോടിക്കുമ്പോൾ , ഫോണിലൂടെ കേട്ട പീറ്ററിന്റെ ശബ്ദത്തിലെ നോവായിരുന്നു ലിസ്സിന്റെ മനസ്സിൽ ....

'ഒന്നിവിടെ വരെ വരാൻ ബുദ്ധിമുട്ടാവുമോ ' പീറ്ററിന്റെ ചോദ്യത്തിലെ വേവലാതിയുടെ തിരിച്ചറിവിൽ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം . വസന്തത്തിന്റെ തുടക്കത്തിൽ കരിഞ്ഞു പോയൊരു തായ് വൃക്ഷമായിരുന്നു  പീറ്റർ .... !

ബബിതയുടെ മരണശേഷം, പീറ്റർ കുട്ടികളിലേക്ക് ഒതുങ്ങിക്കൂടുകയായിരുന്നു. അവരുടെ വിവാഹവാർഷികദിനത്തിലായിരുന്നു നിശബ്ദമായി, ക്ഷണിക്കാത്ത അതിഥിയായി മരണം  ആ വീട്ടിലേക്കു വന്നത്.

എല്ലാ സുഹൃത്തുക്കളെയും പാർട്ടിക്കു  ക്ഷണിച്ചിരുന്നു. ബബിതയും പീറ്ററും നവദമ്പതികളെപ്പോലെയും മൂന്നു കുഞ്ഞുങ്ങൾ ചിത്രശലഭങ്ങളായും  അവിടെയാകെ പാറി നടന്നു. പാർട്ടിക്കു മുമ്പേതന്നെ കുടുംബ ചിത്രമെടുക്കാൻ ഏർപ്പാടാക്കിയിരുന്നു. താനവിടെയെത്തുമ്പോൾ വിവിധ പോസിലുള്ള കുടുംബചിത്രങ്ങളുടെ അവസാന ഘട്ടമെത്തിയിരുന്നു. അഭിപ്രായങ്ങൾ പറഞ്ഞും കളിയാക്കിയും പൊട്ടിച്ചിരിയുടെ ഉത്സവം തീർത്തു കൂട്ടുകാർ...  ദമ്പതികളുടെ ഉത്‌സാഹവും പ്രസരിപ്പും ചുറ്റുമുള്ളവരിലേക്കും പകർന്നാടിയിരുന്നു...

പാർട്ടി കഴിഞ്ഞു, ശുഭരാത്രിയും നേർന്ന് വീട്ടിലെത്തുന്നതിനു മുൻപേ, പീറ്ററിന്റെ കോൾ,

'ബബിതക്ക് ഒരു വല്ലായ്മ, പാരാമെഡ് എത്തിയിട്ടുണ്ട്. അവർ അവളെ  ക്രെഡിറ്റ് വാലി ആശുപത്രിയിലേക്കാണ് കൊണ്ടു പോകുന്നത് ...."

ധൃതിയിൽ വണ്ടി തിരിച്ച് ആശുപത്രിയിൽ എത്തുമ്പോൾ അത്യാഹിതവിഭാഗത്തിൽ ബബിതയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഐ.ഡി കാർഡ് കാണിച്ച് അകത്തു കയറുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.... ! മരണ വാർത്ത പീറ്ററിനെ അറിയിക്കാനുള്ള കെല്പുണ്ടായിരുന്നില്ല തനിക്ക്...

പോലീസ് വാഹനത്തിന്റെ സൈറണും ലൈറ്റും കണ്ടാണ് പരിസര ബോധത്തിലേക്ക് വന്നത്. അപ്പോഴേക്കും അവർ മുന്നിൽ കടന്നു  മാർഗ്ഗതടസ്സം ചെയ്തിരുന്നു. ഹൈവേയിൽ നിന്നും പുറത്തു കടന്ന് ഹൊറൊന്റാറിയോ റോഡിലാണ് താനെന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്. തുളുമ്പിയൊഴുകിയ കണ്ണുകൾ തുടച്ച് , താനൊരു ഡോക്ടർ ആണെന്ന ഐഡന്റിറ്റി കാർഡ് കാണിച്ചു നോക്കി. എന്നിട്ടും സ്പീഡ് ടിക്കറ്റ് എഴുതി തന്ന്, കൂടെ കുറച്ച് ഉപദേശവും തന്നാണ് അവർ പോകാൻ അനുവദിച്ചത്.

ബബിതയുടെ വീട്ടിൽ എത്തുമ്പോൾ, പതിവു പോലെ കുട്ടികൾ ഓടി വന്നില്ല. ആശങ്കയോടെ ഒരു നിമിഷം, വാതിൽക്കൽ നിന്നു, പിന്നെ പതിയെ മുൻവാതിൽ തള്ളി നോക്കി. പൂട്ടപ്പെടാത്ത വാതിലിലൂടെ അകത്തു കയറിയപ്പോൾ കണ്ടത്, കുഞ്ഞു മിഷേലിനെ മടിയിൽ വെച്ചിരിക്കുന്ന പീറ്ററിനോട് ചേർന്നിരിക്കുന്ന ജൊവാനെയും തറയിൽ മുട്ടുകുത്തി മിഷേലിന്റെ മുഖത്തോടു മുഖംചേർത്തുവെച്ചിരിക്കുന്ന സീനയെയും ആണ്. ആന്തലോടെ ഓടിച്ചെന്നു കുഞ്ഞുമിഷേലിനെ വാരിയെടുത്തു. പനിയോ മറ്റോ ആയിരിക്കുമെന്നാണ് കരുതിയത്. എന്നാൽ, കുഞ്ഞിനു കുഴപ്പമൊന്നുമില്ലെന്ന് കണ്ട ആശ്വാസത്തോടെ ജൊവാനെയും സീനയെയും അടുത്തേക്ക് വിളിച്ചു. ചേർത്തു് പിടിച്ചപ്പോൾ ആ കുഞ്ഞിക്കണ്ണുകൾ തുളുമ്പി .

'രാവിലെ പാല് കുടിച്ചോ? എന്താ കഴിച്ചത്...? " ഒന്നുമില്ലെന്ന് സീന ചുമൽകുലുക്കി.

കുഞ്ഞു മിഷേലിനേയും എടുത്തു നേരെ അടുക്കളയിലേക്ക് നടന്നു. അപ്പോഴും പീറ്റർ ഈ ലോകത്തൊന്നുമല്ല എന്നു തോന്നി. ആദ്യം കുഞ്ഞുങ്ങൾക്ക് ഭകഷണം കൊടുക്കട്ടെ. എന്നിട്ടാവാം പീറ്ററോട് സംസാരിക്കുന്നത്. ബ്രഡ് ടോസ്റ് ചെയ്ത്, പാലും ചൂടാക്കി കുട്ടികൾക്കു നല്കുന്നതിനിടയിൽ കോഫി മേക്കറിൽ കോഫിയുണ്ടാക്കി പീറ്ററിനും കൊടുത്തു. കുട്ടികളെ കഴിപ്പിച്ച് തിരിച്ചു വരുമ്പോഴും കോഫിയും കയ്യിൽ പിടിച്ചു പീറ്റർ ഒരേയിരുപ്പാണ് .


തിരിച്ചു വന്ന ജൊവാനും സീനയും പീറ്ററിന്റെ ഇരുവശത്തുമായി ഇരുന്നു. ഇടയ്ക്കിടെ പപ്പയെ നോക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ട് രണ്ടാളുടെയും...

'കുട്ടികളെ വിഷമിപ്പിക്കാതെ പീറ്റർ...' പീറ്റർ ഇങ്ങിനെയിരുന്നാൽ അവർക്ക് ആരാണ് ഭക്ഷണം കൊടുക്കുക....? ആരാണ് ആശ്വസിപ്പിക്കുക...? "

'പീറ്റർ.... ശബ്ദമുയർത്തി വിളിച്ചപ്പോൾ ഒരു ഞെട്ടലോടെ പീറ്റർ കണ്ണുകളുയർത്തി.

 'ആ കോഫി കുടിക്കു... തണുത്തുവെങ്കിൽ ചൂടാക്കാം, അല്ലെങ്കിൽ വേറെ കോഫി എടുക്കാം.... "

അതൊന്നും ശ്രദ്ധിക്കാതെ പീറ്റർ ഒറ്റവലിക്ക് അത് കുടിച്ചു തീർത്ത് , മിഷേലിനായി തന്റെ നേർക്ക് കൈനീട്ടി. ആ കൈകളിൽ മിഷേലിനെ വെച്ചു കൊടുത്തപ്പോൾ നെഞ്ചോടു ചേർത്തു പിടിച്ചു തുരുതുരെ ഉമ്മ വെച്ചു. അത് കണ്ട് ജോവാനും സീനയും കുഞ്ഞു മിഷേലിന്റെ കൈകളിൽ ഉമ്മ വെച്ചു.

'പീറ്റർ....' ഒന്നും മനസിലാകാതെ താൻ  വിളിച്ചു.

മിഴികൾ നിറഞ്ഞൊഴുകുന്നതിനിടയിൽ വിതുമ്പലോടെ പീറ്റർ പുലമ്പി, 'ഇവളെ , അവർ കൊണ്ടു പോവുകയാണ്.... ഇന്ന് അവർ വരും. എനിക്ക് താങ്ങാൻ പറ്റുന്നില്ല. അതാ ലിസിനെ  വിളിച്ചത്. ..."

ആര് കൊണ്ട് പോകുന്നു....? എന്തിന്... എവിടേക്ക്...? ചോദ്യങ്ങൾ ആർത്തലച്ചു പെയ്തപ്പോൾ.... പീറ്റർ നിശബ്ദനായി.

പിന്നെ പറഞ്ഞു, 'അച്ഛനായ എനിക്ക് ഈ കുഞ്ഞു വാവയെ നോക്കാൻ പറ്റില്ലെന്ന് .... അമ്മയുടെ സ്നേഹം വേണം ന്ന് ... അത് കൊണ്ട് സർക്കാർ കൊണ്ടു പോവുകയാണ്... ഭാഗ്യമുള്ള ഏതോ ഒരമ്മ എന്റെ കുഞ്ഞിനെ വളർത്തും.... എന്റെ കുഞ്ഞിന്റെ കളിചിരികൾ കാണും... അവളുടെ വളർച്ചയിൽ കൂടെയുണ്ടാകും. ഈ അച്ഛൻ, ഭാഗ്യദോഷി.... ഓരോ രാജ്യത്തെ നിയമങ്ങൾ .... !"

കാനഡ സർക്കാരിന്റെ വളർത്തു കുടുംബത്തെപ്പറ്റി, വളർത്തമ്മയെപ്പറ്റി നന്നായി അറിയാമെങ്കിലും തന്റെ ബബിതയുടെ കുഞ്ഞിനെ അവർ കൊണ്ടു പോകുന്നുവെന്ന് കേട്ടപ്പോൾ പതറിപ്പോയി. ഒന്നര വയസുള്ള മിഷേലിനെ നോക്കാൻ ഒരമ്മ വേണമെന്ന സർക്കാർ തീരുമാനത്തിൽ നിസ്സഹായനാണ് പീറ്ററും...

എന്ത് പറയണമെന്നറിയാതെ ആ മൗനസാഗരത്തിലേക്ക് ഒരു തുള്ളിയായി വീണലിഞ്ഞു. പൊടുന്നനെയാണ്, വാതിലിൽ മുട്ട് കേട്ടത്. പതിയെ പോയി വാതിൽ തുറന്നു. അകത്തു വന്ന അവർ, സ്വയം പരിചയപ്പെടുത്തി. നിയമവശങ്ങൾ പറഞ്ഞു.

ഒന്നും കേൾക്കാൻ നിൽക്കാതെ പീറ്റർ അകത്തേക്കു നടന്നു. അവരോടു സംസാരിക്കുമ്പോൾ തൊണ്ടയിടറാതിരിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.

അവർ തന്ന പേപ്പറുകളുമായി പീറ്ററിനടുത്തെത്തി, ഒപ്പിട്ടു വാങ്ങി. ഒപ്പം കുഞ്ഞു മിഷേലിനേയും... മിഷേലിന്റെ തനിച്ചുള്ളതും അവരോടൊപ്പമുള്ളതുമായ കുറച്ചു ചിത്രങ്ങൾ അവർ തന്നെ എടുത്തു. അവരുടെ കൈകളിലേക്ക് മിഷേലിനെ ഏൽപ്പിക്കുമ്പോൾ അടക്കിപ്പിടിച്ച കരച്ചിൽ പൊട്ടിത്തകർന്ന് ചീളുകളായി ചിതറി വീണു.....

അപ്പോഴും നടക്കുന്നതെന്തെന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്ന ജൊവാനും സീനയും മിഷേലിനേയുമെടുത്ത് പുറത്തേക്കിറങ്ങിയ അവരുടെ പിന്നാലെ ഓടിച്ചെന്നെങ്കിലും മിഷേലിനേയും കൊണ്ട് ആ വണ്ടി മുന്നോട്ടു നീങ്ങിക്കഴിഞ്ഞിരുന്നു.... !17 comments:

 1. കുഞ്ഞൂസേ, പരിചിതമായ വഴികള്‍. നോവിക്കുന്ന കാഴ്ചകള്‍. ഇനിയും എഴുതൂ.

  ReplyDelete
 2. എനിക്ക് ഇത് അപരിചിതമായ ഒരു നടപടിയാണ്.! പിറ്റേറിനെപ്പോലെ ഞാനും ഏതാണ്ട് മരവിച്ച ഒരു മനസ്സോടെ, നിര്നിമേഷയായി നിൽക്കുന്നു. . . . ജീവിതം വെച്ചുനീട്ടുന്ന സമ്മാനങ്ങൾ കുഞ്ചുസെ😍. ഇനിയും വേദനകൾ ഇല്ലാതെ ഉള്ള സന്തോഷങ്ങൾ ആയ രണ്ടു മക്കളെ പീറ്റർ എങ്ങനെ വളർത്തി എന്ന് തുടർന്നെഴുതു

  ReplyDelete
  Replies
  1. നന്ദി സപ്നാ , എഴുതാൻ ശ്രമിക്കാം.

   Delete
 3. ഇതെന്നാ നടപടിയാ?കഷ്ടം തന്നെ.ഒരോരോ നിയമങ്ങൾ!!പീറ്ററും ലിസ്സും തമ്മിലുള്ള ബന്ധം എന്നാ??കുഞ്ഞിനെ തിരികെ കിട്ടാനുള്ള മാർഗ്ഗം ഇവർ സൃഷ്ടിയ്ക്കുമോ??

  ReplyDelete
  Replies
  1. അങ്ങനെയൊന്ന് പ്രതീക്ഷിക്കാനാവില്ലെങ്കിലോ സുധീ...?

   Delete
 4. നന്നായിരിക്കുന്നു. വിദേശത്താണ്‌ കഥ എന്ന് കൂടുതൽ സൂചനകൾ ആവാമായിരുന്നു :)

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി സാബു .... എഴുതി ചേർത്തിട്ടുണ്ട്.

   Delete
 5. പാശ്ചാത്യ നിയമങ്ങളുടെ
  നൊമ്പരമുണ്ടാക്കുന്ന നേർ കാഴ്ച്ചകൾ ...

  ReplyDelete
  Replies
  1. അതെ മുരളി ഭായ്... കാഴ്ചകൾ നൊമ്പരങ്ങൾ .... !

   Delete
 6. Replies
  1. കുട്ടികളുടെ കാര്യങ്ങളിൽ സർക്കാർ വളരെ ശ്രദ്ധിക്കുന്നു മാഷെ... ചിലതൊക്കെ നമുക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്.

   Delete
 7. നമ്മുടെ കുട്ടികൾ നമ്മുടെ കുട്ടികളല്ല , അതാണ് പരിഷ്കൃത സമൂഹത്തിന്റെ നീതി.

  ReplyDelete
 8. കഥ വായിച്ചിട്ടെന്താ എഴുതേണ്ടത്ന്നറിയില്ല ചേച്ചി..

  ReplyDelete
 9. കുഞ്ഞുസ് അവർ നൽകുന്ന സംരക്ഷണം
  ആണ് ശരി എന്ന് അവർ വിശ്വസിക്കുന്നു.
  ചില നിയമങ്ങളുടെ സ്വഭാവം അങ്ങനെയാണ്.
  അത് കൊണ്ടല്ലേ പല കോടതികളിലും സത്യത്തിനു
  വിലയില്ല വികാരങ്ങൾക്കു സ്ഥാനം ഇല്ല നാം
  തിരിച്ചു അറിയുന്നത്...

  കഥ വായിച്ചു കുറെ സമയം പീറ്ററിനെ ഓർതിരുന്നു.
  അത് തന്നെ ആണു കഥയുടെ വിജയം..അഭിനന്ദനങ്ങൾ.
  സപ്ന പറഞ്ഞതു പോലെ വീണ്ടും ഒന്ന് എഴുതൂ.പീറ്ററിന്റെ
  അടുത്ത ജീവിത ഘട്ടം..

  ReplyDelete
 10. കുട്ടികളുടെ സംരക്ഷണം ആണ് പ്രധാനമെങ്കിലും ഇതൊരു മനഃസാക്ഷിയില്ലാത്ത നിയമം പോലെ.

  ReplyDelete

Related Posts Plugin for WordPress, Blogger...