Tuesday, August 15, 2017

കനേഡിയൻ റോക്കീസിലെ ഹിമാനിസാഹസം (രണ്ടാം ഭാഗം)



ഗൾഫ് ഫോക്കസ് മാസികയുടെ യാത്രാപംക്തിയിൽ...


അധികം വൈകാതെ ജാസ്പറിന്റെ ഇളം വെയിലിലേക്ക് ഞങ്ങളിറങ്ങി നടന്നു. ടൊറന്റോയിലെപ്പോലെ ഇവിടെ കാറ്റില്ലാത്തതിനാൽ സുഖമുള്ള ചെറിയ കുളിര്. പാതയ്ക്കപ്പുറത്ത് കാനഡയുടെ 'വിയ റെയിലിന്റെ' പച്ച ബോഗികൾ പ്രകൃതിയുടെ താളത്തിനൊത്ത് ശബ്ദമില്ലാതെ മെല്ലെ കടന്നു പോകുന്നുണ്ട്. അതിനപ്പുറവും മലനിരകളാണ്. നീല മലകൾ അരഞ്ഞാണം പോലെ ജാസ്പർ താഴ്വരയെ ചുറ്റിക്കിടക്കുന്നു. വേനൽക്കാലത്ത് വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്നുണ്ടെങ്കിലും തെരുവോരങ്ങൾ ബഹളമില്ലാതെ ശാന്തമായിരിക്കുന്നു. അധികം കടകളോ ഒന്നുമില്ല. ജിമ്മിന്റെ കടയിൽ നിന്നും ഒരു പിസ്സയും വാങ്ങി മുറിയിൽ തിരിച്ചെത്തിയപ്പോഴേക്കും ഇരുട്ടു വീണ് മാമലകൾ കാഴ്ചക്കപ്പുറത്തായി...

രാവിലെ കൊളംബിയ ഐസ് ഫീൽഡിലേക്ക് പോകാനുള്ളതിനാൽ രാത്രിയിൽ പതിവുള്ള പുസ്തകവായനയെ അധികം നീട്ടിക്കൊണ്ടു പോയില്ല. ഐസ്ഫീൽഡ് എങ്ങനെയായിരിക്കുമെന്ന് വായിച്ചും ഇൻറർനെറ്റിൽ പരതിയും കിട്ടിയ വിവരങ്ങൾ സുനീതും മോളും ചർച്ച ചെയ്യുമ്പോൾ , ഞാൻ സാന്തയുടെ ഹിമശകടത്തിൽ കേറി കൊളംബിയ ഐസ്ഫീൽഡിലൂടെ  തെന്നിനീങ്ങി ഉറക്കത്തിലെത്തിയിരുന്നു... !!

ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും രാവിലെ ആറര മണിക്ക് ജാസ്പറിലെ  കൊളംബിയ ഐസ് ഫീൽഡിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ടൂർ ഓപ്പറേറ്ററുടെ വക ഒരു ചെറിയ ജീപ്പാണ് എത്തിയത്. ജാക്കായിരുന്നു, ഞങ്ങളുടെ  ഡ്രൈവർ കം ഗൈഡ്.  സ്വയം പരിചയപ്പെടുത്തി ഞങ്ങളെയും പരിചയപ്പെടുന്നതിനിടയിൽ ഞങ്ങളെ കൂടാതെ അടുത്തൊരു ഹോട്ടലിൽ നിന്നും ദമ്പതികളായ ഡാനിയേലും ജെന്നിയും കൂടിയുണ്ടാകുമെന്ന് ഞങ്ങളെ അറിയിച്ചു. ബുദ്ധിമുട്ടിന്‌ ക്ഷമാപണവുമായി തൊട്ടടുത്തു തന്നെയുള്ള ഹോട്ടലിൽ പോയി അവരെയും കൂട്ടി, ആ കുഞ്ഞുവണ്ടി മഞ്ഞുപാടങ്ങൾ  ലക്ഷ്യമാക്കി ഓടാൻ തുടങ്ങി...

വേനൽക്കാലമായിരുന്നെങ്കിലും മഞ്ഞണിഞ്ഞ മാമലകൾക്ക് നടുവിലൂടെയായിരുന്നു യാത്ര. മഞ്ഞുരുകി ഒഴുകിവരുന്ന ചാലുകൾ മലകളിലെമ്പാടും കാണാമായിരുന്നു. വേനൽ കഠിനമാകുമ്പോൾ നദികൾ നിറഞ്ഞൊഴുകുമത്രേ.... കഠിനമായ വേനൽ എന്നാൽ 20 - 25 ഡിഗ്രി ഒക്കെയാണ് ... ചിലയിടങ്ങളിൽ ചാലുകൾ , അരുവികളായി ഒഴുകുന്നുണ്ട്.

ഇപ്പോൾ ഹഡ്സൺ ബേ കമ്പനി എന്ന പേരിൽ അറിയപ്പെടുന്ന നോർത്ത് വെസ്റ്റ് കമ്പനിയിലെ 'Jasper Hawes' ന്റെ പേരാണ് ഈ സ്ഥലത്തിന് നല്കപ്പെട്ടിരിക്കുന്നത്. 1907-ൽ ജാസ്പർ ഫോറസ്ററ് പാർക്ക് സ്ഥാപിതമായെങ്കിലും 1930 - ലാണ് ജാസ്പർ ഫോറസ്ററ് പാർക്കിന് 'നാഷണൽ പാർക്ക്' പദവി ലഭിക്കുന്നത്.  2013-ലെ കണക്കു പ്രകാരം ഏകദേശം ഇരുപതുലക്ഷം പേരാണ് ആ വർഷം ജാസ്പർ സന്ദർശിച്ചത്. Edith Cavell, Pyramid Mountain, Maligne Lake, Medicine lake , Tonquin valley തുടങ്ങിയവയും ജാസ്പറിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നുണ്ട്.

പടിഞ്ഞാറൻ മലനിരകളിലെ മഞ്ഞിന്റെ കട്ടികൂടിയ ആവരണമാണ് കൊളംബിയ മഞ്ഞുപാടങ്ങൾ. കനേഡിയൻ റോക്കീസിലെ ഏറ്റവും വലിയ ഹിമഭൂമിയാണിത്. കാനഡയിലെ മറ്റൊരു പ്രോവിൻസായ ബ്രിട്ടീഷ് കൊളംബിയയുടെ അകത്തളങ്ങളിൽ നിന്നും പസഫിക് കാറ്റ് കടത്തിക്കൊണ്ടു വരുന്ന നീർമുത്തുകളെ  കൊളംബിയ മഞ്ഞുപാടങ്ങൾക്കു ചുറ്റുമുള്ള പർവ്വതശിഖരങ്ങൾ തട്ടിയെടുത്ത് മഞ്ഞായി പൊഴിക്കുന്നു. വർഷംതോറും ഏഴു മീറ്ററോളം മഞ്ഞാണ് ഇങ്ങിനെ വീഴുന്നത്. ചെറിയ വേനല്ക്കാലത്തിൽ   ഉരുകിത്തീരാൻ കഴിയാതെ ഈ മഞ്ഞെല്ലാം അവിടെ കിടക്കും.  അങ്ങനെ ശേഖരിക്കപ്പെടുന്ന മഞ്ഞിന് മീതെ അടുത്തത് വീഴും. ചില വേനൽക്കാലത്ത് മഞ്ഞുപാളികൾ അടർന്ന് മലനിരകൾക്കിടയിലൂടെ വെളിയിലേക്കൊഴുകുന്നു. ഇവ ഹിമാനികൾ അഥവാ ഗ്ലേഷ്യർ എന്നറിയപ്പെടുന്നു.

ഉത്തരയമേരിക്കയിൽ സന്ദർശകബാഹുല്യത്തിൽ മുന്നിലാണ് അതബാസ്‌ക്ക ഗ്ലേഷ്യർ. കൊളംബിയ മഞ്ഞുപാടങ്ങളിൽ നിന്നും തുള്ളിത്തുളുമ്പി അടിത്തട്ടിലെത്തുന്ന ഗ്ലേഷ്യർ, തൂവെള്ള ചേലയുടുത്ത  ഒരു നവോഢയെപ്പോലെ കുണുങ്ങിക്കുണുങ്ങിയാണ് ഒഴുകുന്നത്. എന്നാൽ, ആഗോളതാപനത്തിന്റെ ഫലമായി അവളുടെ ചേലയുടെ വക്കും അരികുമൊക്കെ പിഞ്ഞിത്തുടങ്ങിയിരിക്കുന്നു. ഏതാണ്ട് ഒന്നര കിലോമീറ്ററോളം കീറിപ്പറിഞ്ഞ പോലെ ഉരുകിത്തീർന്നിരിക്കുന്നു... !

അടുത്തെവിടെയോനിന്ന് വെള്ളച്ചാട്ടത്തിന്റെ ആരവം കേൾക്കുന്നുണ്ടെന്ന് മോൾ കാതുകൂർപ്പിച്ചു. പിന്നെ, അതിലേക്ക് ജാക്കിന്റെ ശ്രദ്ധ ക്ഷണിച്ചു. ഉവ്വ്, സംഗതി സത്യമാണ്. അതബാസ്‌ക്ക വെള്ളച്ചാട്ടമായിരുന്നത്. ജാക്ക് , വണ്ടി അതിനടുത്തേക്കു വിട്ടു.  വെള്ളച്ചാട്ടത്തിനടുത്തേക്ക് കാട്ടിലൂടെ ഒരു കാൽപ്പാതയുണ്ട്. അടുത്തുനിന്ന് വെള്ളച്ചാട്ടം കണ്ടാസ്വദിക്കാൻ സുരക്ഷിതമായ ഇടങ്ങളും കെട്ടിത്തിരിച്ചിട്ടുണ്ട്.  പാൽനുര പോലെ പതഞ്ഞു പതഞ്ഞു വീഴുന്ന ഹൃദയം കവരുന്ന മനോഹരകാഴ്ചയിൽ മറന്നുനിന്നപ്പോൾ ജാക്ക് സമയം ഓർമ്മിപ്പിച്ചു. പാർക്കിംഗ് ലോട്ടിലെ മൂത്രപ്പുരയിലും പോയി വന്നപ്പോൾ , മനസ്സിലെ ഉന്മേഷം ശരീരത്തിലും പടർന്നു... അധികം വൈകാതെ ജാക്ക്, ഞങ്ങളെയും കൊണ്ട് യാത്ര തുടർന്നു.


   




8 comments:

  1. മനോഹരമായ എഴുത്ത്... ആശംസകള്‍ പ്രിയ എഴുത്തുകാരീ...

    ReplyDelete
  2. അടുത്ത വിശേഷങ്ങൾ വേഗം പോരട്ടെ.... ആശംസകൾ.

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. vayichutto....enjoyed the journey.....

    ReplyDelete
  5. ചെറിയ വേനല്ക്കാലത്തിൽ ഉരുകിത്തീരാൻ
    കഴിയാതെ ഈ മഞ്ഞെല്ലാം അവിടെ കിടക്കും.
    അങ്ങനെ ശേഖരിക്കപ്പെടുന്ന മഞ്ഞിന് മീതെ അടുത്തത്
    വീഴും. ചില വേനൽക്കാലത്ത് മഞ്ഞുപാളികൾ അടർന്ന് മല
    നിരകൾക്കിടയിലൂടെ വെളിയിലേക്കൊഴുകുന്നു. ഇവ ഹിമാനികൾ
    അഥവാ ഗ്ലേഷ്യർ എന്നറിയപ്പെടുന്നു...
    നന്നായിട്ടുണ്ട്...

    ReplyDelete
  6. പിഞ്ഞിതുടങ്ങിയ വെണ്പ്പട്ട്ചേലയുടുത്ത നവോഢ! എത്ര മനോഹരമായ യാത്രാവിവരണം! അക്ഷരങ്ങളിലൂടെ വരച്ചിട്ട മഞ്ഞുഭൂവിന്റെ മനോഹാരിതയിലൂടെ എന്നെ കൈപിടിച്ചു നടത്തിയ കുഞ്ഞൂ... ആശംസകൾ.

    ReplyDelete

Related Posts Plugin for WordPress, Blogger...