Saturday, September 23, 2017

കനേഡിയൻ റോക്കീസിലെ ഹിമാനി സാഹസം (മൂന്നാം ഭാഗം)
ഗ്ലേഷ്യറിന്റെ താഴ്വാരത്തുള്ള ഡിസ്‌കവറി സെന്ററിൽ ഞങ്ങൾ എത്തുമ്പോൾ ഏതാണ്ട് എട്ടര മണിയായി. അവിടെയുള്ള ഫുഡ് കോർട്ടിൽ നിന്ന് പ്രാതലും കഴിച്ചുവന്ന ഞങ്ങളെ ഒരു ഗൈഡ് അകത്തേക്കു കൂട്ടിക്കൊണ്ടുപോവുകയും ബസിൽ കേറാനുള്ള ലൈനിൽ നിർത്തുകയും ചെയ്തു. ആ കുഴലിലൂടെ നടക്കുമ്പോൾ ഒരു പെരുമ്പാമ്പിന്റെ വയറ്റിലൂടെ പോകുന്ന പോലെ തോന്നി. പുറത്തെത്തിയ ഞങ്ങൾ കണ്ടത് നിരനിരയായിക്കിടക്കുന്ന കുറെ ബസുകളാണ്‌. യാത്രക്കാർ, നിരയായി ഒരു ബസിൽ കയറുകയും അത് നിറഞ്ഞു കഴിയുമ്പോൾ അടുത്ത ബസിൽ കയറുകയും ചെയ്തു കൊണ്ടിരുന്നു. അതോടൊപ്പം, ബസുകൾ പോവുകയും വരികയും ചെയ്യുന്നുമുണ്ട്. അത്രയേറെ ആളുകൾ യാത്രയ്ക്കായി അവിടെ ഉണ്ടായിരുന്നെങ്കിലും ഒരു തരത്തിലുമുള്ള തിരക്കോ ബഹളമോ ഇല്ലായിരുന്നു.  ഡിസ്ക്കവറി സെന്ററിൽ നിന്നു, ' ഐസ് എക്‌സ്‌പ്ലോറർ' എന്ന പ്രത്യേകവാഹനത്തിൽ കേറാനായി അടിവാരംവരെ എത്തിക്കാനുള്ളതാണ് ഈ ബസുകൾ. ഹിമപ്പരപ്പുകളിൽ ഓടിക്കാനുള്ള സംവിധാനങ്ങൾ ഉള്ളതാണ് 'ഐസ് എക്‌സ്‌പ്ലോറർ'. ഇതിന്റെ ഭീമമായ ടയറുകൾ ഐസിൽ സുരക്ഷിതമായ യാത്രയ്ക്കു സഹായിക്കുന്നു. ഏകദേശം അമ്പതുപേർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്നതാണ് 'ഐസ് എക്‌സ്‌പ്ലോറർ'. അടിവാരത്തിലെത്തിയ ഞങ്ങളെക്കാത്ത് ഒരു 'ഐസ് എക്‌സ്‌പ്ലോറർ ' കിടപ്പുണ്ടായിരുന്നു. വരിവരിയായി യാത്രക്കാരെല്ലാം കേറിക്കഴിഞ്ഞപ്പോൾ ഡ്രൈവറായ ലൂയീസും ഗൈഡ് കാരലിനും സ്വയം പരിചയപ്പെടുത്തുകയും യാത്രയെപ്പറ്റി വിശദീകരിക്കുകയും ചെയ്തു. 

വേനൽക്കാലത്തിന്റെ അവസാനത്തിലെ ഓഗസ്റ്റിലായിരുന്നു ഞങ്ങളുടെ യാത്ര. സൂര്യപ്രകാശം തട്ടി തിളങ്ങുന്ന മലയടിവാരങ്ങളിൽ നിന്നും ഉയർന്നുപൊങ്ങുന്ന മഞ്ഞിൻപടലങ്ങൾ ആകാശത്തെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ കള്ളനും പോലീസും കളിക്കുന്നു..... കാഴ്ചകൾ കണ്ടങ്ങനെയിരിക്കുമ്പോൾ, ലൂയിസിന്റെ ശബ്ദം മൈക്കിലൂടെ മുഴങ്ങി, "എല്ലാവരും ഇടതുവശത്തേക്കു ശ്രദ്ധിക്കുക. അവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള കോണിഫറസ്‌ മരങ്ങളും പൈൻ മരങ്ങളും കാണാം. അവയുടെ കമ്പുകളും ഇലകളും ഒരു വശത്തേക്കു മാത്രം വളരുന്നു. സ്ഥിരമായി കാറ്റടിച്ചും മഞ്ഞുവീണും അവ അങ്ങനെയായി മാറിയതാണ്." ഞങ്ങളുടെ ഇരിപ്പിടം വലതുവശത്തായിപ്പോയതിനാൽ ഇടതുവശത്തെ ജനൽചതുരം നൽകിയ കാഴ്‌ചകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അപ്പോഴേക്കും അടുത്ത   അറിയിപ്പെത്തി, " നമ്മൾ , ഗ്ലേഷ്യറിലേക്ക് പ്രവേശിക്കാൻ പോവുകയാണ്, അതിനു മുൻപായി ടയറുകൾ വൃത്തിയാക്കാനായി ഒരു ചെറിയ അരുവിയിലേക്ക് ഇറങ്ങുകയാണ് നമ്മൾ...." പെട്ടന്ന്, ബസിനകം നിശബ്ദമായി. എല്ലാവരും ഒരു നിമിഷം ശ്വാസമടക്കിപ്പിടിച്ച പോലെ.... ബസ്, മെല്ലെ അരുവിയിൽ ഇറങ്ങിക്കയറി, കടന്നുവന്ന പാതകളിലെ അഴുക്കുകൾ കഴുകിക്കളഞ്ഞ് ഗ്ലേഷ്യറിലേക്കു പ്രവേശിച്ചു. ഇനിയുള്ള യാത്ര, ഗ്ലേഷ്യറിനു മുകളിലൂടെയാണ്... 


ഐസ് എക്‌സ്‌പ്ലോറർ മെല്ലെയുരുളുകയാണ്. ചുറ്റും ഹിമപ്പരപ്പുമാത്രം. ഏതോ സ്വപ്നലോകത്തിലെന്നപോലെ ഒഴുകിപ്പോയി നിരപ്പായ ഒരിടത്ത് വണ്ടി നിറുത്തുമ്പോൾ, "അരമണിക്കൂർ സമയമുണ്ട്. അധികദൂരം പോകരുത്. അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശത്തിനു പുറത്തുപോകരുത്...." എന്നൊക്കെ ലൂയീസ് എല്ലാവർക്കും ചില മുന്നറിയിപ്പുകൾ  നൽകി.

മെല്ലെ ഗ്ലേഷ്യറിലേക്ക്.... ആയിരക്കണക്കിനു വർഷങ്ങളിൽ ശേഖരിക്കപ്പെട്ടിട്ടുള്ള മഞ്ഞുപാളികളുടെ  മുകളിലൂടെയാണ് നടക്കുന്നതെന്ന ഓർമ്മയിൽ ദേഹമാകെ ഒരു തരിപ്പ് പടർന്നു കയറി. ശൈത്യത്താൽ ഉറച്ചതെങ്കിലും എപ്പോൾ വേണമെങ്കിലും വിള്ളലുകൾ ഉണ്ടാകാമെന്ന അറിയിപ്പുകൾ പലയിടത്തും കണ്ടിരുന്നെങ്കിലും ഹിമപരപ്പിന്റെ  മാസ്മരികത, അതെല്ലാം പിന്നിൽത്തള്ളി മുന്നോട്ടു നടക്കാൻ മോഹിപ്പിച്ചു.....  ആ ഭാഗങ്ങളിലൂടെ വേലികെട്ടിത്തിരിച്ചിരിക്കുന്നിടം വരെ നടന്നു.... അവിടെ, മഞ്ഞുരുകി  ഒഴുകിവരുന്ന ഒരു ചാലിൽ നിന്ന് ആളുകൾ കുപ്പിയിൽ വെള്ളം ശേഖരിക്കുകയും കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളും ഒരു കുപ്പിയിൽ വെള്ളമെടുത്തു കുടിച്ചു. കുറച്ചു വെള്ളം കൈയിൽ കരുതുകയും ചെയ്തു. ഇത്, ലോകത്തിലെ ഏറ്റവും ശുദ്ധമായ വെള്ളമാണെന്നും ജീവന്റെ ജലമാണെന്നും  പറയപ്പെടുന്നു. 

പത്തുപതിനഞ്ചു മിനിറ്റുകൾ അവിടെ ചെലവഴിച്ചശേഷം മടങ്ങിപ്പോരുമ്പോൾ മനസ്സിന്റെ ക്യാൻവാസിൽ  നിറങ്ങളൊഴിഞ്ഞ് , മഞ്ഞിന്റെ വെണ്മയും തണുപ്പും മാത്രമായി.....  !

തിരിച്ചു ഡിസ്ക്കവറി സെന്ററിൽ എത്തിയപ്പോൾ അടുത്ത ആകർഷണമായ സ്കൈവാക്കിലേക്കുള്ള ബസ് യാത്രക്കാർക്കായി കാത്തുനില്പ്പുണ്ടായിരുന്നു. ആകാശനടത്തംകൂടി കഴിഞ്ഞിട്ടുവരുന്നതാണ് നല്ലതെന്നു ജാക്ക് നിർദ്ധേശിച്ചതിനാൽ അങ്ങനെയാവാമെന്നു ഞങ്ങളും തലകുലുക്കി, ബസിൽ കയറി. ബസിൽ ഇരിക്കുമ്പോഴേ കണ്ടിരുന്നു ആ ആകാശപാത... അവിടേക്കു പ്രവേശിക്കുന്നതിനു മുൻപേ ഒരു വഴികാട്ടി അതിന്റെ പ്രത്യേകതകൾ വിവരിച്ചു തന്നു. Sunwapta വാലിയിലൂടെ  ഏതാണ്ട് നാനൂറു മീറ്റർ വരുന്ന ഈ നടത്തത്തിൽ ആറു താവളങ്ങൾ ഉണ്ടെന്നും പാറക്കെട്ടുകൾക്കു മീതെ  918 അടി ഉയരത്തിൽ ഗ്ലാസ്സു കൊണ്ടുള്ള ഒരു തട്ടിലൂടെ മുപ്പത്തഞ്ചു മീറ്റർ നടത്തമുണ്ടെന്നുമൊക്കെ പറഞ്ഞിട്ട്, ഒരു ഓഡിയോ ഉപകരണം ഓരോരുത്തർക്കുമായി തന്നു. എന്തെങ്കിലും സംശയമുണ്ടെങ്കിൽ വിളിക്കാനായിരുന്നത്. അഞ്ചു ഭാഷകളിലായി റെക്കോർഡ് ചെയ്യപ്പെട്ട വിവരണങ്ങളാണ് അതിലുണ്ടായിരുന്നത്.  

ഓഡിയോയിലെ വിവരണങ്ങളും കേട്ടു ഞങ്ങൾ നടന്നു തുടങ്ങി. Sunwapta വാലിയുടെ ചരിത്രവും പ്രകൃതിവിവരണവുമായി തുടങ്ങി അവിടെയുള്ള ജീവജാലങ്ങൾ, മരങ്ങൾ, ഫോസ്സിൽസ് എന്നിവയെപ്പറ്റിയെല്ലാം അതിൽ വിശദമായി പറയുന്നുണ്ട്. താവളങ്ങൾ ഓരോന്നായി പിന്നിട്ട്, ഗ്ലാസ്സുകൊണ്ടുള്ള ആകാശപാതയിലേക്ക് കേറുമ്പോൾ ഹൃദയമിടിപ്പ് കൂടിയ പോലെ... താഴേക്കു നോക്കാൻ ഒരു ഭയം ... കാഴ്ചയിൽ അങ്ങുദൂരെ വരണ്ട പാറക്കെട്ടുകൾ, ഉണങ്ങിയ മരങ്ങൾ.... കാഴ്ച അവ്യക്തമാകുന്ന പോലെ.... മുൻപേ പോയ ഒരു ചൈനക്കാരൻ പയ്യൻ, നടക്കാൻ ഭയന്ന് നിലത്തിരുന്നു വാവിട്ടുകരയുന്നു....   അതുകൂടി കണ്ടപ്പോൾ ഒന്നുകൂടി ഭയമായി. എങ്കിലും കൈവരിയിൽ പിടി മുറുക്കി, പതിയെ നടന്നു .... ഏതാനും അടി നടന്നു കഴിഞ്ഞപ്പോൾപ്പിന്നെ ധൈര്യമായി... മോളാകട്ടെ, ആദ്യത്തെ കാൽവയ്‌പ്പിൽ ഭയന്നെങ്കിലും, പിന്നെ വേഗത്തിലും ഓടിയും യു ആകൃതിയിലുള്ള ഈ ആകാശപാതയിൽ രണ്ടുവട്ടം ചുറ്റി വന്നു...

2014 മെയ് മാസത്തിലാണ് ഈ ആകാശപാത, സന്ദർശകർക്കായി തുറന്നു കൊടുത്തത്. ഓഗസ്റ്റ് മാസത്തിൽ ഞങ്ങൾ ചെല്ലുമ്പോഴും അനുബന്ധജോലികൾ നടക്കുന്നുണ്ട്. എപ്പോഴും സജ്ജമായ സുരക്ഷാസേനയും ജാഗ്രതയോടെ അവിടെയുണ്ട്.

തിരികെ ബസിൽ കയറി , വീണ്ടും ഡിസ്ക്കവറി സെന്ററിലേക്ക്.... അവിടുന്നു ഉച്ചഭക്ഷണവും കഴിഞ്ഞ്, ജസ്പാറിന്റെ താഴ്വരയിലെ ഞങ്ങളുടെ താമസസ്ഥലത്തേക്കു മടക്കയാത്ര...  കൊളമ്പിയയിലെ മഞ്ഞുപാടങ്ങൾ വിവിധങ്ങളായ നിറങ്ങളിൽ, ഭാവങ്ങളിൽ യാത്രയിലുടനീളം ഞങ്ങളോടൊപ്പം ഒഴുകി....


  

9 comments:

 1. നന്നായിട്ടുണ്ടു്

  ReplyDelete
 2. 'കൊളമ്പിയയിലെ മഞ്ഞുപാടങ്ങൾ വിവിധങ്ങളായ
  നിറങ്ങളിൽ, ഭാവങ്ങളിൽ യാത്രയിലുടനീളം ഞങ്ങളോടൊപ്പം ഒഴുകി...'

  ഒരു നല്ല യാത്രാനുഭവം നന്നായി അവതരിപ്പിച്ചിരിക്കുന്നു

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി മുരളീഭായ്...

   Delete
 3. മഞ്ഞിനൊരു മാന്ത്രികതയുണ്ട്.കൊടുംതണുപ്പു ആരോഗ്യകരമല്ല എന്നറിഞ്ഞിട്ടും ആരേയും തൊടാനും തലോടാനും പ്രേരിപ്പിക്കുന്ന മാന്ത്രികത. മഞ്ഞുമലകളിൽ തണുത്തു തണുത്തു പൊള്ളാൻ ഞാനും കൊതിക്കാറുണ്ട്, തണുപ്പ് ദൂരെയുള്ള വഴിയിൽ കൂടിപ്പോകുന്നതു കൂടി അസഹ്യമാണ് എനിക്കെങ്കിലും. നല്ല യാത്രക്കുറിപ്പു കുഞ്ഞൂ. വിവിധനിറങ്ങളും ഭാവങ്ങളും ഉള്ള കൊളംബിയൻമഞ്ഞുപാടങ്ങളുടെ വശ്യമായ സൗന്ദര്യവലയത്തിലാണ് ഇതു വായിച്ചു തീർന്നപ്പോളേയ്ക്കും ഞാൻ എന്നു തോന്നാനുള്ള കാരണം ഈ കുളിരുന്ന വായനാനുഭവം മാത്രമാകുന്നു.

  ReplyDelete
 4. വിവരണം നന്നായി
  ആശംസകള്‍

  ReplyDelete

Related Posts Plugin for WordPress, Blogger...