Thursday, February 5, 2026

ഒറ്റപ്പെട്ട First Nation-ന്റെ മൗനദുരന്തം

 



കാനഡയെ പലപ്പോഴും “വികസിത രാഷ്ട്രം” എന്ന പേരിലാണ് ലോകം വിളിക്കുന്നത്. സാങ്കേതിക മുന്നേറ്റങ്ങളും സാമൂഹിക സുരക്ഷയും മനുഷ്യാവകാശങ്ങളും എല്ലാം ചേർന്ന ഒരു മാതൃകാരാജ്യമെന്ന പ്രതിഛായ! എന്നാൽ ആ തിളക്കമുള്ള വാക്കുകൾക്കടിയിൽ മറഞ്ഞിരിക്കുന്ന യാഥാർത്ഥ്യം വീണ്ടും പുറത്തുവന്നിരിക്കുകയാണ് — 

കാഷെചെവൻ (Kashechewan) First Nation എന്ന ആദിവാസി സമൂഹത്തിൽ നിന്നുള്ള വാർത്തകളിലൂടെ... 

ഒന്റാരിയോയുടെ വടക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ ചെറുഗ്രാമത്തിൽ, കുടിവെള്ളത്തിൽ ക്രിപ്‌ടോസ്പോറിഡിയം എന്ന അപകടകരമായ പാരസൈറ്റിനെ  കണ്ടെത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സാധാരണയായി ശുദ്ധജല സംവിധാനങ്ങളിലെ പരാജയങ്ങളുമായി ബന്ധപ്പെട്ടു  കാണുന്ന ഈ രോഗാണു, മലിനജലത്തിലൂടെ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിച്ച് ശക്തമായ വയറിളക്കം, ഛർദ്ദി, നിർജ്ജലീകരണം  തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും ഇതിന്റെ പ്രധാന ഇരകളാണ്.

ഇവിടെ സംഭവിച്ചിരിക്കുന്നത് ഒരു ആരോഗ്യ അടിയന്തരാവസ്ഥ മാത്രമല്ല, അതൊരു  മനുഷ്യത്വ പ്രതിസന്ധിയാണ്.

ഈ 21-ആം നൂറ്റാണ്ടിലും ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നിനുള്ളിൽ തന്നെ, ഒരു സമൂഹം “വെള്ളം കുടിക്കാമോ?” എന്ന അടിസ്ഥാനചോദ്യം ചോദിക്കേണ്ടിവരുന്നത് എങ്ങനെ ന്യായീകരിക്കാം? ഇത് സാങ്കേതിക പരിജ്ഞാനത്തിന്റെ അഭാവം കൊണ്ടല്ല; മറിച്ച്, പതിറ്റാണ്ടുകളായി തുടരുന്ന അവഗണനയുടെ ഫലമാണ്.

ഈ പ്രതിസന്ധിയുടെ ഇപ്പോഴത്തെ ഏറ്റവും ഭീതിജനകമായ വശം മറ്റൊന്നാണ്: ആരോഗ്യപ്രവർത്തകർ ഗ്രാമം വിട്ടുപോകുന്നു... നഴ്സുമാരും അടിയന്തര ചികിത്സാസംഘങ്ങളും ഗ്രാമം വിട്ടൊഴിഞ്ഞു. അവരുടെ സുരക്ഷയും ആരോഗ്യവും തന്നെ അപകടത്തിലാകുന്ന സാഹചര്യമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഒരു സമൂഹം രോഗബാധിതമാകുമ്പോൾ, അവരെ രക്ഷിക്കേണ്ടവർ തന്നെ പോകുമ്പോൾ, അവിടെ ഉണ്ടാകുന്നത്  ഒറ്റപ്പെടലാണ്. എന്നാൽ, കാഷെചെവൻ  ഒരു ഒറ്റപ്പെട്ട  സംഭവമല്ല. കാനഡയിലെ അനേകം ആദിവാസി സമൂഹങ്ങൾ വർഷങ്ങളായി സുരക്ഷിതമായ  കുടിവെള്ളത്തിനായി പോരാടിക്കൊണ്ടിരിക്കുകയാണ്. അടിയന്തരാവസ്ഥകൾ വരുമ്പോൾ മാത്രം ശ്രദ്ധ നേടുകയും, പിന്നീട് വീണ്ടും മറക്കപ്പെടുകയും ചെയ്യുന്ന ഒരു പതിവ് ചരിത്രം. വികസനം എല്ലാവർക്കും ഒരുപോലെ എത്തുന്നു എന്ന അവകാശവാദം ഇവിടെ പൂർണ്ണമായും പൊളിയുന്നു.

വീട് എന്നത് വെറുമൊരു കെട്ടിടമല്ല. അത് ഓർമ്മകളാണ്, സംസ്കാരമാണ്, തലമുറകളുടെ ബന്ധമാണ്. ഒരു സമൂഹത്തെ അവിടുന്ന് പിഴുതെറിയുന്നത്, അവരെ ശരീരത്തിൽ നിന്ന് വേർപെടുത്തുന്നതുപോലെയാണ്.

വികസനം അളക്കേണ്ടത് ആകാശചുംബികളായ കെട്ടിടങ്ങളിലോ സാമ്പത്തിക കണക്കുകളിലോ അല്ല. ഏറ്റവും അവഗണിക്കപ്പെട്ടവരുടെ  ജീവിത നിലവാരത്തിലാണ് ഒരു രാജ്യത്തിന്റെ യഥാർത്ഥ പുരോഗതി തെളിയുന്നത്. 

Kashechewan First Nation ഇന്ന് നമ്മളോട് ചോദിക്കുന്നത് ഒരു ലളിതമായ ചോദ്യമാണ്:

“നിങ്ങൾ പറയുന്ന വികസനം ഞങ്ങളിലേക്കും എത്തുമോ?”

ആ ചോദ്യം കേൾക്കാനും, അതിന് ഉത്തരമാകാനും നാം തയ്യാറാകുമ്പോഴാണ്  ഒരു “വികസിത രാഷ്ട്രം” എന്ന പദത്തിന് യഥാർത്ഥ യോഗ്യത നേടുന്നത്. 

കുടിവെള്ളം ഒരു അവകാശമാണ്... ഔദാര്യമല്ല. 
അത് ലഭിക്കാത്ത ഓരോ ദിവസവും, ഒരു സമൂഹം പതുക്കെ വിഷം കുടിക്കുകയാണ് — ശരീരത്തിൽ മാത്രമല്ല, ആത്മാവിലും...


Friday, March 7, 2025

1909 ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ വനിതാദേശീയകമ്മിറ്റി സംഘടിപ്പിച്ച സ്ത്രീകളുടെ വോട്ടവകാശത്തിനായുള്ള ഒരു പരിപാടിയിൽ നിന്നാണ് അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഉത്ഭവം. വോട്ടവകാശം ഉൾപ്പെടെ സ്ത്രീകൾക്കുള്ള അവകാശങ്ങൾക്കായി പ്രചാരണം നടത്തിയ ആയിരക്കണക്കിനു വോട്ടവകാശവാദികളുടെ പ്രവർത്തനങ്ങളാണ് ഇതിനു  പ്രചോദനം. 

 
1910-ൽ കോപ്പൻഹേഗനിൽ നടന്ന സോഷ്യലിസ്റ്റ് സ്ത്രീകളുടെ രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തിൽ, ജർമ്മൻ സോഷ്യലിസ്റ്റ് വനിതാ സെക്രട്ടേറിയറ്റിന്റെ പ്രസിഡന്റ് ക്ലാര സെറ്റ്കിൻ, വോട്ടവകാശം ആവശ്യപ്പെടുന്നതിനായി എല്ലാ വർഷവും ആഘോഷിക്കുന്ന ഒരു വനിതാദിനം വേണമെന്നു  നിർദ്ദേശിച്ചു. അന്നവിടെ സന്നിഹിതരായ 17 രാജ്യങ്ങളിലെ പ്രതിനിധികൾ ഈ നിർദ്ദേശം ഏകകണ്ഠമായി അംഗീകരിച്ചു. 

അങ്ങനെ 1911 മാർച്ച് 19ന് ജർമ്മനി, ഓസ്ട്രിയ, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആദ്യമായി അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു, 

1913ലും 1914ലും യൂറോപ്പിലെയും റഷ്യയിലെയും സ്ത്രീകൾ ഫെബ്രുവരി അവസാനത്തിലും മാർച്ച് തുടക്കത്തിലും യുദ്ധത്തിൽ പ്രതിഷേധിക്കാനും മറ്റു  സ്ത്രീകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും റാലികൾ നടത്തി. 

1977-ൽ ഐക്യരാഷ്ട്രസഭ പാസാക്കിയ ഒരു പ്രമേയത്തിലാണ്       മാർച്ച് 8  ലോകത്തിലെ എല്ലാ രാജ്യങ്ങളും സ്ത്രീകളുടെ അവകാശങ്ങളും ലോകസമാധാനവും ആഘോഷിക്കുന്നതിനായി നീക്കിവയ്ക്കാൻ തീരുമാനിച്ചത്. അങ്ങനെ മാർച്ച് 8 പല രാജ്യങ്ങളിലും   വനിതാദിനമായി മാറി. 

എല്ലാ വർഷവും മാർച്ച് 8ന് ആചരിക്കുന്ന അന്താരാഷ്ട്ര വനിതാദിനത്തിൽ  വിവിധ മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങളെ ആഘോഷിക്കുന്നു. ലിംഗസമത്വത്തിനായി വാദിക്കുന്നതിനും ലോകമെമ്പാടുമുള്ള സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടുന്നതിനുമുള്ള ഒരു വേദിയായി  പ്രവർത്തിക്കുന്നു. 

ഈ വർഷത്തെ പ്രമേയം "ശാക്തീകരിക്കുക, പ്രചോദിപ്പിക്കുക, ഉയർത്തുക" എന്നതാണ്. നമ്മുടെ ചുറ്റുമുള്ള സ്ത്രീകളെ ഉയർത്താനും, അവർക്ക് അഭിവൃദ്ധി പ്രാപിക്കാനും വിജയിക്കാനും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും ഇതു  നമ്മെ പ്രേരിപ്പിക്കുന്നു. 

സ്ത്രീകളെ ശാക്തീകരിക്കുക എന്നതിനർത്ഥം അവർക്ക് സ്വന്തം ജീവിതത്തിന്റെ ചുമതല ഏറ്റെടുക്കാനുള്ള ഉപകരണങ്ങൾ, വിദ്യാഭ്യാസം, ആത്മവിശ്വാസം എന്നിവ നൽകുക എന്നതാണ്.... സുരക്ഷിതമായ ഒരിടം ഉണ്ടാവുക എന്നതാണ്... 

വിദ്യാഭ്യാസമുണ്ടായിട്ടും ഒരു ജോലി കിട്ടാതെ, ആത്മവിശ്വാസം തകർന്നു രണ്ടു കുട്ടികളുമായി ആത്മഹത്യ ചെയ്യേണ്ടി വന്ന ഷൈനി എന്ന വനിതയ്ക്കായി, അമ്മയ്ക്കായി കണ്ണീരഞ്ജലിയോടെ  ഈ ദിനം സമർപ്പിക്കുന്നു.... 

ഷൈനിയെപ്പോലുള്ള മറ്റു സ്ത്രീകൾക്കായി സമൂഹത്തിനു എന്താണ് ചെയ്യാൻ കഴിയുക എന്നതും ഈ ദിനത്തിൽ ചർച്ചയാവേണ്ടതാണ്. 


Related Posts Plugin for WordPress, Blogger...