Wednesday, November 10, 2021

ടൂണി

 


കാനഡയിൽ വന്നകാലം എല്ലാമൊരു പുതുമയായിരുന്നു. ആ പുതുമയിൽ നിന്നു ജീവിതത്തിലേക്കു ചേക്കേറിയ  ചില വാക്കുകളുമുണ്ട്. അതിലൊന്നാണ് ടൂണി. കേൾക്കാനും പറയാനും ഇമ്പമുള്ളൊരു വാക്ക്...! ആ കാലത്തൊരിക്കൽ സ്‌കൂളിൽ പോയി വന്ന മോൾ ടൂണിയുടെ പാട്ടു പാടി കേൾപ്പിച്ചെങ്കിലും ആകെ രണ്ടു വരിയാണ് ഓർമ്മയിൽ ഉള്ളത്. 

"Paid a Toonie  for the bus

And now I’m in a rush

I wish that it would all just stop

 I’d never have to fuss"

നിത്യജീവിതത്തിന്റെ ഭാഗമായതിനാലാവാം ഈ വരികൾ മാത്രമാണ് ഇന്നും മനസ്സിൽ നിന്നൊഴിയാതെ നില്ക്കുന്നത്.  

ശോ! ടൂണി എന്താണെന്നു പറഞ്ഞില്ലല്ലോ... നിങ്ങൾക്കും ടൂണിയുടെ കഥ കേൾക്കണ്ടേ?  

കാനഡയുടെ രണ്ടു ഡോളർ നാണയമാണ് ടൂണി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്. അതുവരെ രണ്ടു ഡോളറിന്റെ നോട്ടുകൾ ഉപയോഗിച്ചിരുന്ന കാനഡയിൽ, രണ്ടു  ഡോളർ നാണയം വന്നപ്പോൾ അരുമയോടെ അവരതിനെ 'ടൂണി' എന്നു വിളിച്ചു. ഒരു ഡോളർ നാണയത്തിന്റെ പേരായ 'ലൂണി' യോടു രണ്ട് എന്നർത്ഥമുള്ള ടൂ ചേർത്താണ് ടൂണി എന്ന പേരുണ്ടായത്. നാണയത്തിന്റെ വാൽ(tail) ഭാഗത്തു മഞ്ഞുകട്ടയിലെ ധ്രുവക്കരടിയുടെ ചിത്രവും തല (head) ഭാഗത്ത് എലിസബത്ത് II രാജ്ഞിയുടെ ചിത്രവുമാണുള്ളത്. കാനഡയിലെ എല്ലാ നാണയങ്ങളിലും തലഭാഗത്ത് എന്നും രാജ്ഞി തന്നെ! വാൽ ഭാഗത്തെ ധ്രുവക്കരടിയെ രൂപകൽപ്പന ചെയ്തത്  വൈൽഡ് ലൈഫ് ആൻഡ് ലാൻഡ്‌സ്‌കേപ്പ് ആർട്ടിസ്റ്റ് ബ്രെന്റ് ടൗൺസെന്റാണ്. രണ്ടുതരം ലോഹങ്ങളുപയോഗിച്ചാണ്  ഈ ടൂണിയെ നിർമ്മിച്ചിരിക്കുന്നത്. 

1996 ഫെബ്രുവരി 19 നാണ് രണ്ടു ഡോളർ നാണയം അന്നത്തെ  പൊതുമരാമത്തു മന്ത്രി ഡയാൻ മാർലിയോ ഔദ്യോഗികമായി പുറത്തിറക്കിയത്. റോയൽ കനേഡിയൻ മിന്റാണ് കാനഡ സർക്കാരിനു വേണ്ടി നാണയം നിർമ്മിക്കുന്നത്.  2019 ലെ കണക്കനുസരിച്ച്, ഏറ്റവുമധികം പ്രചാരമുള്ള നാണയം ടൂണിയാണത്രേ. 

ഇതിനിടയിൽ ടൂണിയിലെ ധ്രുവക്കരടിക്കു പേരിടാനുള്ള മത്സരങ്ങളും നടന്നു ... പതിനായിരങ്ങൾ പങ്കെടുത്ത മത്സരത്തിൽ നിന്നും 'ചർച്ചിൽ' എന്ന പേരാണ് തെരഞ്ഞെടുത്തത്. മാനിറ്റോബ സംസ്ഥാനത്തെ ഒരു ചെറുപട്ടണമാണ് ചർച്ചിൽ. ശരത്കാലത്ത് ഈ പ്രദേശത്തു ധാരാളമായി കാണപ്പെടുന്ന ധ്രുവക്കരടിയാണ് നാണയത്തിന്റെ വാൽ ഭാഗത്തുള്ളത്. അതിനാൽ ചർച്ചിൽ എന്ന പേര് അനുയോജ്യം തന്നെ.... 

ടൂണി ട്യുസ്‌ഡേയെപ്പറ്റി പറയാതെ എങ്ങനെയാ ടൂണിയുടെ ചരിതം  പൂർണ്ണമാവുക! കെ.എഫ്.സിയുടെ ഒരു മാർക്കറ്റിങ്ങ് തന്ത്രമായിരുന്നു ടൂണി ട്യുസ്‌ഡേ. അതായത്, ചൊവ്വാഴ്ചകളിൽ രണ്ടു ഡോളറിനു രണ്ടു വലിയ ചിക്കൻ കഷണങ്ങളും ഉരുളക്കിഴങ്ങു വറുത്തതും അടങ്ങിയ ഒരു പൊതി. ഒരു നേരത്തെ വിശപ്പടക്കാൻ അതു ധാരാളം. അന്നൊക്കെ ചൊവ്വാഴ്ചകളിൽ കെ.എഫ്.സികളിൽ ടൂണി പാക്ക് വാങ്ങാൻ നീണ്ട നിരകളാണുണ്ടായിരുന്നത്.  ഏതാണ്ട് പത്തു വർഷത്തിനു ശേഷം 2021 ജൂലൈയിൽ ഒരേ ഒരു ചൊവ്വാഴ്ച കെ.എഫ്.സി 'ടൂണി ട്യുസ്‌ഡേ' ആഘോഷിക്കുകയുണ്ടായി. 

ഈ ടൂണിക്ക്, മനോഹരമായ ഒരു വീടുമുണ്ട് ട്ടോ... 

കാംബെൽഫോഡിലെ ട്രെന്റ് നദിക്കരയിൽ പ്രകൃതിസുന്ദരമായ ഓൾഡ് മിൽ പാർക്കിലാണ്   ടൂണിയുടെ പടുകൂറ്റൻ പ്രതിമയുള്ളത്. 27 അടി ഉയരവും   18 അടി  വ്യാസവുമുള്ള ഈ സ്മാരകം 2001 ൽ നിർമ്മിച്ചതാണ്. രണ്ടു ഡോളർ നാണയത്തിന്റെ വാൽ ഭാഗത്തുള്ള ധ്രുവക്കരടിയെ  രൂപകല്പന ചെയ്ത  ബ്രെന്റ് ടൗൺസെന്റിന്റെ സ്മാരകമായാണ് ഈ പ്രതിമയുണ്ടാക്കിയത്. 

അങ്ങനെയാണ് ശാന്തമായ ഈ നദീതീരനഗരം ടൂണിയുടെ ജന്മസ്ഥലമായി അറിയപ്പെട്ടു തുടങ്ങിയത്. 

ഇക്കഥകളൊക്കെ അറിഞ്ഞപ്പോൾ ടൂണിയുടെ വീട്ടിൽപ്പോകാനും ടൂണിയെക്കാണാനും ആഗ്രഹം തോന്നുക സ്വാഭാവികമല്ലേ... അങ്ങനെ ഒരു ദിവസം  ടൂണിയുടെ വീട്ടിൽപ്പോയി. 



ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷം, 2021 ൽ ടൂണിയ്ക്കു പുതിയൊരു ഡിസൈൻ ഉണ്ടാവുകയാണ്. കാനഡ ലോകത്തിനു നല്കിയ മഹത്തായ  കണ്ടുപിടുത്തമായ 'ഇൻസുലിൻ' ന്റെ ശതാബ്ദി വർഷമാണ് 2021. 1921 ൽ ടൊറന്റോ സർവകലാശാലയിൽ നടന്ന ഇൻസുലിൻ കണ്ടുപിടിത്തത്തെ ബഹുമാനിക്കുന്ന ചിത്രങ്ങളുടെ ഒരു കൊളാഷാണ് ടൂണിയുടെ പുതിയ ഡിസൈൻ. 


https://malayalanatu.com/archives/10932



Tuesday, October 26, 2021

'മേരിയുടെ കുരിശിന്റെ വഴി' അഥവാ ജപമാല




ലോകത്തിലെ ഏറ്റവും വലിയ ജപമാലയുടെ വഴി, ഒന്റാരിയോയിലെ കിംഗ് സിറ്റിയിലാണുള്ളത്. ഒന്നര കിലോമീറ്ററാണ് ഈ ജപമാല പാതയുടെ നീളം. എണ്ണൂറ് ഏക്കറോളം വരുന്ന മേരി ലേക്ക് മൈതാനത്താണ് ഈ ജപമാലയുള്ളത്. റോമൻ കത്തോലിക്കാസഭയിലെ അഗസ്തീനിയൻ വിഭാഗക്കാരുടേതാണ് ഈ മേരി ലേക്ക് മൈതാനം. 2014 ലാണ് 'living rosary' അഥവാ ജീവനുള്ള ജപമാല മേരി ലേക്കിൽ സ്ഥാപിക്കുന്നത്. കത്തോലിക്കർ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്ന കൊന്തയാണത്. അറ്റത്തൊരു കുരിശും 59 മണികളുമാണ് ഒരു കൊന്തയിലുള്ളത്.




വലിയ പള്ളിയുടെ സമീപത്തുള്ള വഴിയിലൂടെ താഴേക്കിറങ്ങിയാൽ മേരി ലേക്ക് മൈതാനത്തു എത്താം. നിശബ്ദതയുടെ ആ താഴ്വാരത്തിൽ കുരിശാണ് ആദ്യം കാണുക. തുടർന്ന് കൊന്തയുടെ ആദ്യ അഞ്ചു മണികൾ... പിന്നെ മേരിമാതാവിന്റെ പ്രതിമയാണ്. അതിൽ നിന്നും ജപമാലയുടെ ആദ്യത്തെ പത്തുമണികൾ ഒരു വശത്തായി സ്ഥാപിച്ചിരിക്കുന്നു. അതു തീരുന്നയിടത്ത്, എതിർവശത്തായി കുരിശും അതിന്റെ നാൾവഴികൾ ചിത്രീകരിച്ച ഫലകവും. അങ്ങനെ ഓരോ പത്തുമണിയിലും കുരിശും ഫലകവും. അവസാന പത്തുമണി കഴിഞ്ഞുള്ളതിൽ ക്രിസ്തുവിന്റെ മരണമാണ് ചിത്രീകരിച്ചിരിക്കുന്നത്. അതു കഴിഞ്ഞാൽ ഒഴിഞ്ഞ കല്ലറയാണ്. ഉയിർപ്പു പെരുന്നാളിനു ആ കല്ലറ തുറക്കാറുണ്ടെന്നാണ് അവിടെ എഴുതി വെച്ചിരിക്കുന്നത്.




കുരിശിനു പിന്നിലായി 'കൃപയുടെ കപ്പേള' സ്ഥിതി ചെയ്യുന്നു. കോവിഡ് കാലമായതിനാലാകാം കപ്പേള അടച്ചിട്ടിരിക്കുകയായിരുന്നു. കപ്പേളയുടെ മുന്നിലും പള്ളിയുടെ ചുറ്റിലുമായി മേരി തടാകം പരന്നു കിടക്കുന്നു. കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന പള്ളിയുടെ ബാൽക്കണിയിൽ നിന്നുള്ള കാഴ്ചയിൽ താഴ്വാരത്തെ ജപമാലയും കപ്പേളയും മൈതാനവും തടാകവുമെല്ലാം ഒരു പെയിന്റിംഗ് പോലെ അതിമനോഹരമാണ്.


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സർ ഹെൻറി പെല്ലറ്റ് ഒന്റാരിയോയിലെ കിംഗ് സിറ്റിയിൽ കുറച്ചു സ്ഥലം വാങ്ങി ഭാര്യ മേരിയുടെ പേരിട്ടു. ആ സ്ഥലമാണ് മേരി ലേക്ക് എന്നറിയപ്പെട്ടത്. ഏതാണ്ട് എണ്ണൂറോളം ഏക്കറുള്ള ഈ സ്ഥലം പിന്നീട് അഗസ്തീനിയൻ സഭ ഏറ്റെടുക്കുകയുണ്ടായി. അതിലെ കെട്ടിടങ്ങളെ കപ്പേളയും സന്യാസമഠവും വിശ്രമജീവിത സങ്കേതങ്ങളുമായി പരിവർത്തനം ചെയ്തു. പൊതുസമൂഹവുമായി ഇടപഴകിയുള്ള മതക്രമമായിരുന്നു അഗസ്തീനിയൻ സഭക്കുണ്ടായിരുന്നത്. സന്യാസമഠം മാത്രമല്ല സ്‌കൂൾ, കോളേജ് എന്നിവയും ഗോശാലയും ക്ഷീരശാലയും ഇവിടെയുണ്ട്. കാലക്രമേണ പുതിയ കെട്ടിടങ്ങൾ വന്നുവെങ്കിലും ഇന്നും പഴയവയെ സംരക്ഷിച്ചു വെച്ചിരിക്കുന്നു.



വർഷങ്ങളായി തീർത്ഥാടകരുടെ പ്രിയ സ്ഥലമാണ് ഇവിടുത്തെ 'ഔർ ലേഡി ഓഫ് ഗ്രേസ്' ദേവാലയം. അതിലെ താരതമ്യേന പുതിയ ആകർഷണമാണ് 'ലിവിങ് റോസരി'. പ്രകൃതിസുന്ദരമായ താഴ്‌വരയിലെ ജപമാല പ്രാർത്ഥിക്കാൻ മാത്രമല്ല വെറുതെ ധ്യാനിച്ചിരിക്കാനും അനുയോജ്യമായ ഇടമാണ്.


ജപമാലയുടെ മുഴുവൻ പാതയും ഏകദേശം 1.5 കിലോമീറ്റർ നീളമുണ്ട്. ഇരുപതു ഏക്കറിലധികം കുന്നുകളും പഴയ കൃഷിയിടങ്ങളുമായി വ്യാപിച്ചു കിടക്കുന്നു ഈ പ്രദേശം. സ്നേഹത്തിന്റെയും വിശുദ്ധിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അപ്രതിരോധ്യമായ സങ്കേതമാണിത്. ടെഡ് ഹരസ്തി എന്ന കലാകാരനാണ് ഈ ജപമാല രൂപകൽപ്പന ചെയ്തത്. വലിയ കുരിശടി അതായത്, കൊന്തയിലെ കുരിശ് ജപമാലപാതയുടെ തുടക്കത്തിലാണ്. പ്രത്യേകമായി സംസ്കരിച്ച സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഈ കുരിശ് നിർമ്മിച്ചിരിക്കുന്നത്. പത്തൊൻപത് അടിയോളം നീളമുണ്ട് ഈ കുരിശിന്. പ്രശസ്ത കനേഡിയൻ ശിൽപ്പിയായ തിമോത്തി ഷ്മാൾസാണ് ഇതുണ്ടാക്കിയത്. ക്രിസ്തുവിന്റെ തലയിലെ മുൾക്കിരീടവും അതിലെ "നസ്രത്തിലെ യേശു, ജൂതന്മാരുടെ രാജാവ്" എന്ന വിശേഷണവും ടെഡ് ഹരസ്തി രൂപകൽപ്പന ചെയ്തതാണ്. ഹീബ്രു, ലാറ്റിൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ ഈ വിശേഷണം ആലേഖനം ചെയ്തിരിക്കുന്നു.


ഈ റോസരി പാതകളിലൂടെ വെറുതെ നടന്നാൽ തന്നെ മനസ്സിനൊരു ഉന്മേഷമാണ്. ചുറ്റുമുള്ള പ്രകൃതിയും പക്ഷികളും അവിടവിടെയായി ഇട്ടിരിക്കുന്ന കസേരകളും ഒരു ഉദ്യാന പ്രതീതിയാണ് നല്‌കുന്നത്‌. പാതകളിൽ അവിടവിടെയായി ഒരുപാടു പേരെ കണ്ടു. ചിലർ ഭക്തിയോടെ ജപമാല ചൊല്ലുന്നു, ചിലർ ബെഞ്ചുകളിൽ വിശ്രമിക്കുന്നു... ആരും ആരെയും ശല്യപ്പെടുത്താത്ത ബഹളങ്ങളില്ലാത്ത ശാന്തമായ ഇടം.


59 മുത്തുകൾക്കു പുറമേ, വലിയ കുരിശുപള്ളി, ചാപ്പൽ ഓഫ് ഗ്രേസ്, കുരിശിന്റെ വഴികൾ, ഫലകങ്ങൾ, ശവകുടീരം, പ്രതിമകൾ, ഒരു ജലധാര, ജപമാലയിലെ രത്നം, സ്മാരക ബെഞ്ചുകൾ, സ്മാരക മരങ്ങൾ, പൂക്കൾ എന്നിവയും ഈ ജപമാലപാതയിൽ ഉണ്ട്. ജപമാല രത്നം അഥവാ കന്യാമറിയത്തിന്റെ പ്രതിമ ജപമാല പാതയുടെ മകുടമായി നിലകൊള്ളുന്നു. ഇത് അക്ഷരാർത്ഥത്തിൽ സ്വർഗ്ഗീയ യാത്ര തന്നെ...




800 ഏക്കറിലധികം വരുന്ന മേരിലേക്ക് മൈതാനത്ത് ഒരു മഠവും റിട്രീറ്റ് സെന്ററും കൂടാതെ ധ്യാനിക്കാനോ പ്രാർത്ഥിക്കാനോ വെറുതെയിരിക്കാനോ ഒക്കെയായി തുറസ്സായ ഇടങ്ങളുമുണ്ട്.



Monday, September 27, 2021

ഗാർഡിയൻസ് ഓഫ് ദ ഡാർക്ക് സ്കൈ





ഇരുട്ട് കണ്ടിട്ട് എത്ര കാലമായിട്ടുണ്ടാകും? ഓർമ്മയിലൊക്കെ അങ്ങനെയൊന്നു പരതിയിട്ടു അറ്റമില്ലാത്ത രാത്രി പോലെ എങ്ങുമെത്താതെ പോയി. അല്ലെങ്കിൽത്തന്നെ രാത്രിയെ പേടിയല്ലേ നമുക്ക്! കഥകളിലെല്ലാം രാത്രി അല്ലെങ്കിൽ ഇരുട്ട് എന്നും പേടിപ്പിക്കുന്നതായിരുന്നു... അതിനാൽ, എപ്പോഴും ഇരുട്ടിൽ വെളിച്ചം നിറച്ചു വെച്ചു. അങ്ങനെയങ്ങനെ ഇരുട്ടിനെ മറന്നു, അല്ലെങ്കിൽ വെളിച്ചത്തിൽ ഒളിപ്പിച്ചു.

മോൾക്കു നക്ഷത്രങ്ങളുടെ കഥകൾ പറഞ്ഞു കൊടുക്കുമ്പോഴാണ് ആകാശത്തിൽ കാണാതായ നക്ഷത്രങ്ങളെക്കുറിച്ചാലോചിച്ചത്. എപ്പോഴും വെള്ളിവെളിച്ചത്തിൽ നിറഞ്ഞു നില്ക്കുന്ന നഗരാകാശത്തിൽ നിന്നും പോയ്മറഞ്ഞ നക്ഷത്രങ്ങളെ തേടാൻ തുടങ്ങിയത്.
അങ്ങനെയാണ് ഒന്റാരിയോയിലെ 'ഇരുണ്ടാകാശസംരക്ഷിതമേഖല' യെക്കുറിച്ചറിയുന്നത്. രാത്രിയും രാത്രിയാകാശവും നക്ഷത്രങ്ങളും... കൗതുകമായി നിറയാൻ തുടങ്ങി... ലോകത്തിലെ ആദ്യത്തെ 'ഇരുണ്ടാകാശസംരക്ഷിതമേഖല' യാണ് ടോറൻസ് ബാരെൻസ്. ടൊറന്റോയിൽ നിന്നും രണ്ടു മണിക്കൂർ യാത്രാദൂരത്തിൽ വിൺഗംഗ!
പ്രപഞ്ചം കണ്മുന്നിൽ നിറഞ്ഞു തെളിയുന്ന അതിമനോഹരമായ കാഴ്ചയിലേക്കാണ് ആദ്യതവണ തപ്പിത്തടഞ്ഞെത്തിയത്. ആദ്യം കിട്ടിയ പാറപ്പുറത്തു തന്നെയിരുന്നു, അല്ല, കിടന്നു. മലർന്നു കിടന്ന് നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കാണുമ്പോൾ ഉള്ളിൽ തുളുമ്പിയ സന്തോഷം, കൺപീലികളിൽ തങ്ങി നിന്നു. അത്ഭുതങ്ങളിലേക്കു കണ്ണു മിഴിച്ച മോൾ, തിരിച്ചെത്തി നക്ഷത്രപഠനങ്ങളിലേക്കു ഊളിയിട്ടു.
ഇത്തവണത്തെ യാത്ര ഹാർവെസ്റ്റ് മൂൺ ദിനത്തിലായിരുന്നു. വീണ്ടും അവിടെയെത്തിയപ്പോൾ മനസ്സു ശാന്തമായിരുന്നു. പകൽ വെളിച്ചത്തിൽ ചുറ്റുമുള്ള കാടുകളും തടാകവുമൊക്കെ കാണാനായി. സൂര്യൻ മെല്ലെമെല്ലെ തടാകത്തിനപ്പുറത്ത് മറയുന്നതും ചന്ദ്രൻ മരത്തിനു പുറകിൽ പ്രശോഭയോടെ ഉദിച്ചുയരുന്നതും ശാന്തമായിരുന്നു കണ്ടു. ഇത്തവണ ഞങ്ങൾ അവിടെ പൂർണ്ണചന്ദ്രനെയാണ് കണ്ടത്. ശരിക്കും സെപ്റ്റംബർ 20 നായിരുന്നു പൗർണ്ണമി. എങ്കിലും തലേന്നും ഒട്ടും ശോഭ കുറയാതെ നിലാവ് പരന്നൊഴുകിയിരുന്നു. സെപ്റ്റംബറിലെ പൗർണ്ണമി, വിളവെടുപ്പ് പൗർണ്ണമി എന്നാണ് കാനഡയിൽ അറിയപ്പെടുന്നത്. സൂര്യാസ്തമയത്തിനു ശേഷമാണ് നിലാവുദിക്കുന്നതെന്നു പറയുമെങ്കിലും ടോറൻസിൽ ഒരു വശത്ത് സൂര്യാസ്തമയവും മറുവശത്ത് ചന്ദ്രോദയവുമായിരുന്നു കണ്ടത്. ഒരേ സമയം, അസ്തമയസൂര്യന്റെ കുങ്കുമവർണ്ണവും നിലാവിന്റെ പൊൻശോഭയും നിറഞ്ഞ അവർണ്ണനീയ മുഹൂർത്തം! ക്യാമറയിൽ പകർത്തിയെങ്കിലും കണ്ട കാഴ്ചയോടു നീതി പുലർത്താനായില്ല ആ ചിത്രങ്ങൾക്ക്...





ഇതോടെ വസന്തകാലത്തിൽ നിന്നും ശരത്കാലത്തിലേക്കുള്ള സൂര്യയാനത്തിന്റെ തുടക്കമായി. ഈ വർഷം അത് സെപ്റ്റംബർ 22 നാണ്. അന്ന്, രാത്രിയും പകലും തുല്യനീളമായിരിക്കും.
ഈയവസരത്തിൽ തന്നെയാണ് ചൈനക്കാരുടെ പ്രസിദ്ധമായ മിഡ് - ഓട്ടം ഫെസ്റ്റിവൽ അഥവാ ശരത്ക്കാല ഉത്സവം. ചന്ദ്രന്റെ തെളിച്ചവും പൂർണ്ണതയും ഒരുമയുടെ പ്രതീകമായാണ് ചൈനക്കാർ കാണുന്നത്. പങ്കുവയ്ക്കലിനും പ്രണയത്തിനും പൊരുത്തപ്പെടുത്തലിനുമുള്ള സമയം കൂടിയാണ് അവർക്കിത്. ഈ ദിവസങ്ങളിൽ കുടുംബങ്ങൾ ഒത്തുകൂടുകയും സുഹൃത്തുക്കളെ സന്ദർശിക്കുകയും വിളക്കുകൾ കത്തിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ഈ സമയത്തെ ഒരു പ്രധാന വിഭവമാണ് മൂൺ കേക്ക്. താമരയോ പയറോ അരച്ചതും മധുരവും മധ്യത്തിൽ മുട്ടയുടെ മഞ്ഞക്കരുവും നിറച്ചതാണ് മൂൺ കേക്ക്. പേരിൽത്തന്നെയുണ്ടല്ലോ അവ ചന്ദ്രനെപ്പോലെയാണെന്ന്... ഉത്സവാഘോഷത്തിൽ പരസ്പരം കൈമാറുന്ന മധുരവും മൂൺ കേക്കു തന്നെ.
ആദ്യകാലത്തു ചൈനീസ് സുഹൃത്തുക്കൾ തന്ന മൂൺ കേക്ക് കഴിക്കാനാവാതെ വിഷമിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ, നടുവിലെ മഞ്ഞക്കരു കളഞ്ഞിട്ടു കഴിച്ചു നോക്കിയപ്പോൾ കുഴപ്പമില്ലായിരുന്നു. അതിൽത്തന്നെ, പയറു കൊണ്ടുള്ളതാണ് നമ്മുടെ രുചിമുകുളങ്ങൾക്കു പിടിച്ചത്.




സെപ്റ്റംബറിലെ പൗർണ്ണമിക്ക് കാനഡയിലെ ഗോത്രവർഗ്ഗക്കാർക്കിടയിലും ഏറെ പ്രാധാന്യമുണ്ട്. ഗോത്രവർഗ്ഗക്കാരിലെ (Native American Tribes) ഒരു വിഭാഗം യവം വിളവെടുക്കുന്നതിനാൽ ബാർലി മൂൺ എന്നു വിളിക്കുമ്പോൾ അണ്ടിപ്പരിപ്പു ശേഖരിക്കുന്ന മറ്റൊരു വിഭാഗം 'നട്ട് മൂൺ' എന്നും സെപ്റ്റംബറിലെ പൗർണ്ണമിയെ വിളിക്കുന്നു. ഉദിച്ചു വരുന്ന ചന്ദ്രൻ വളരെ വലിപ്പമുള്ളതും തിളക്കമുള്ളതും ആയതിനാൽ ചില ഗോത്രങ്ങൾ ബിഗ് മൂൺ എന്നും വിളിച്ചു.
ടോറൻസ്, 1997 മുതൽ സംരക്ഷിത മേഖലയാണെങ്കിലും ക്യാമ്പ് ഫയറും കൂടാരമുണ്ടാക്കലുമൊന്നും നിരോധിച്ചിട്ടില്ലായിരുന്നു. എന്നാൽ, വിനോദസഞ്ചാരികളുടെ തിരക്കുകളും ബഹളങ്ങളും കാരണം, കഴിഞ്ഞ വർഷം അവയൊക്ക പൂർണ്ണമായും നിരോധിച്ചു. ടോറന്സില് മനുഷ്യനിര്മ്മിതമായ വെളിച്ചങ്ങള് പാടെ മാറ്റി നിര്ത്തിയിരിക്കുകയാണ്. വഴിവിളക്കുകളോ ഫ്ലഡ് ലൈറ്റുകളോ മറ്റു കൃത്രിമ പ്രകാശങ്ങളോ ടോറൻസിൽ ഇല്ല. അവിടെ പ്രപഞ്ചമാണ് നമുക്കു വഴികാട്ടിയാകുന്നത്. ആദ്യം ഇരുട്ടില് തപ്പിത്തടയുമെങ്കിലും പെട്ടെന്നു തന്നെ കണ്ണുകൾ ആ ഇരുട്ടിനോടു പൊരുത്തപ്പെടും. പിന്നെ മറ്റെല്ലാം നിഷ്പ്രഭമാകും. ആകെയുള്ളത് നക്ഷത്രങ്ങളുടെ വെളിച്ചത്തിന്റെ വെളിച്ചം മാത്രം ... സംരക്ഷിതപ്രദേശമായതിനാൽ അടുത്തൊന്നും വീടുകളും അവയിലെ വെളിച്ചങ്ങളുമില്ല. ആ ഇരുട്ടിലും പ്രകൃതിയിലും ഇരിക്കുമ്പോഴാണ് എന്തെല്ലാം കൃത്രിമപ്രകാശങ്ങളാലാണ് നമ്മൾ ഈ പ്രപഞ്ചത്തെ മലിനപ്പെടുത്തിയിരിക്കുന്നതെന്നു ചിന്തിച്ചു പോകുന്നത്!


 https://emalayalee.com/vartha/246028


Wednesday, April 28, 2021

സ്പിരിറ്റ് ക്യാച്ചർ അഥവാ ഡ്രീം ക്യാച്ചർ

 




ഒരു വാരാന്ത്യം ചെലവഴിക്കാനായിരുന്നു ഒന്റാരിയോ പ്രവിശ്യയിലെ ബാരിയിൽ പോയത്. സിംക്കോ തടാകതീരത്തുള്ള ചെറിയ കോട്ടേജ് കഴിഞ്ഞ വർഷം ബുക്ക് ചെയ്‌തിരുന്നതാണ്. ഇനിയും ഉപയോഗപ്പെടുത്തിയില്ലെങ്കിൽ റദ്ദാക്കപ്പെടും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുതന്നെ പോകാൻ തീർച്ചപ്പെടുത്തി.  ചുറ്റിക്കറങ്ങാൻ ദൂരെയൊന്നും പോകേണ്ടതില്ലെന്നു ആദ്യമേ തീരുമാനിച്ചിരുന്നു. എങ്കിലും സ്പിരിറ്റ് ക്യാച്ചറെ കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു.  താമസസ്ഥലത്തിനടുത്തുള്ള കാഴ്ചകൾ എന്തൊക്കെയാണെന്ന് ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയതും സ്പിരിറ്റ് ക്യാച്ചറെ തന്നെ.  

ബാരിയിലെ കെം‌പെൻ‌ഫെൽറ്റ് ബേയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ശില്പമാണ് സ്പിരിറ്റ് ക്യാച്ചർ. ഈ ആത്മാവ് പിടുത്തക്കാരനെ ഡ്രീം ക്യാച്ചർ  എന്നും വിളിക്കാറുണ്ട്. ബാരിയിലെ ഈ സ്വപ്നപിടുത്തക്കാരനെ സൃഷ്ടിച്ചത് റോൺ ബെയർഡ് എന്ന ശില്പിയാണ്. ശരിക്കും ഇതുണ്ടാക്കിയത്   വാൻ‌കൂവറിൽ നടന്ന എക്‌സ്‌പോ 86 (World Exposition on Transportation and Communication)  നു വേണ്ടിയാണ്. ഇതിന്റെ നിർമ്മാണത്തിനായി COR-TEN സ്റ്റീൽ ആണുപയോഗിച്ചിരിക്കുന്നത്. ഇരുപതു  ടൺ ഭാരവും 25 മീറ്റർ (70 അടി) വീതിയും 21 മീറ്റർ (65 അടി) ഉയരവുമുള്ള  ഈ    ശിൽപമുണ്ടാക്കാൻ ആറു മാസമെടുത്തു എന്നൊക്കെയാണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. 

എക്‌സ്‌പോ 86 കഴിഞ്ഞപ്പോൾ  ടൊറൊന്റോയിലെ Helen McCrea Peacock Foundation  ഈ ശില്പം വാങ്ങുകയും  'ബാരി ഗാലറി പ്രോജക്റ്റിന്'  സംഭാവന ചെയ്യുകയും ചെയ്തു. ബാരി നഗരത്തിൽ ഒരു ആർട്ട് ഗാലറി ഉണ്ടാക്കുന്നതിന്റെ തുടക്കമായി അത്. കെം‌പെൻ‌ഫെൽറ്റ് ബേയുടെ തീരത്ത് ഈ ശിൽപം സ്ഥാപിക്കാൻ രണ്ടു ദിവസമെടുത്തു. 1987 സെപ്റ്റംബർ 12 ന് ഈ സ്പിരിറ്റ് ക്യാച്ചറെ നാടിനു സമർപ്പിച്ചു.

ഈ ശില്പത്തിന് കാറ്റിലാടുന്ന പതിനാറു തൂവലുകളുണ്ട്. കാറ്റ് വീശുമ്പോൾ ഈ തൂവലുകളുടെ ആട്ടം മനോഹരമായ കാഴ്ചയാണ്. ബാരിയിൽ ഇത് സ്ഥാപിച്ച് ഏതാനും മാസങ്ങൾക്കുശേഷം, കെം‌പെൻ‌ഫെൽറ്റ് ബേയിൽ നിന്ന് കരയിലേക്ക് വീശുന്ന പ്രവചനാതീതമായ കാറ്റിൽ  ഈ തൂവലുകൾ വീഴുമെന്ന ആശങ്കയുണ്ടായി. അതേത്തുടർന്നാണ് അഡ്വാൻസ്ഡ് എഞ്ചിനീയറിംഗിൽ പ്രഗത്ഭനായ മൈക്ക് ഡേവിസിന്റെ സഹായത്തോടെ തൂവലുകളെ ഇന്നു കാണുന്ന രീതിയിൽ  പുനർരൂപകൽപ്പന ചെയ്തത്.


സ്പിരിറ്റ് ക്യാച്ചറെയും അതിനു ചുറ്റുമുള്ള മനോഹരമായ കാഴ്ചകളെയും ക്യാമറയിലേക്കു പകർത്തുന്നതിനിടയിലാണ്  ഫോട്ടോയെടുക്കാൻ   സഹായിക്കണോ എന്നു ചോദിച്ച് ഒരു സ്ത്രീ ഞങ്ങൾക്കടുത്തേക്കു വന്നത്. സെൽഫീസ്റ്റിക്ക് എടുക്കാൻ മറന്നതിനാൽ, കുടുംബചിത്രം എടുക്കാൻ പറ്റില്ലല്ലോ എന്ന സങ്കടത്തിലേക്കാണ് ജെസ്സിക്ക എന്നു പരിചയപ്പെടുത്തിയ ആത്മാവ് ചിരിച്ചു കൊണ്ടെത്തിയത്. സന്തോഷത്തോടെ ജെസ്സിക്ക  ഒന്നുരണ്ടു ചിത്രങ്ങൾ എടുത്തു തരികയും ചെയ്തു. 

മോൾ സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ഈ ഡ്രീം ക്യാച്ചറെ ഞാൻ പരിചയപ്പെടുന്നത്. തൊടലുമർദ്ദയെയും പ്രേതങ്ങളെയും ഒക്കെ കേട്ടു പേടിസ്വപ്നങ്ങൾ കണ്ടിരുന്ന എന്റെ ബാല്യത്തിൽ നിന്നും വ്യത്യസ്തമായിരുന്നു മോളുടെ ഡ്രീം ക്യാച്ചർ. അതിലൂടെ സ്വപ്നങ്ങൾ ഫിൽറ്റർ ചെയ്തു, നല്ലവ മാത്രം കാണാമെന്ന് മോളുടെ കൂടെ ഞാനും വിശ്വസിച്ചു. ചിലപ്പോഴൊക്കെ വില്ലോഹൂപ്പും അനുസാരികളും സ്വയം ഉണ്ടാക്കി ഞങ്ങൾ സന്തോഷിക്കുകയും ചെയ്തു.   

ജെസ്സീക്കയിൽ നിന്നാണ് സ്പിരിറ്റ് ക്യാച്ചറുടെ ചില കെട്ടുകഥകൾ കേട്ടത്. അതിലൊന്ന്, ലക്കോട്ട ഗോത്രത്തിലെ ഇതിഹാസമായ ഇക്തോമി എന്ന ആത്മാവിനെക്കുറിച്ചാണ്. മികച്ച തന്ത്രജ്ഞനും ജ്ഞാനാന്വേഷിയുമാണ് ഇക്തോമി. ഒരു ദിവസം ഇക്തോമി അവന്റെ ഒരു പഴയ ആത്മീയഗുരുവിന് ചിലന്തിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും മനുഷ്യൻ കടന്നുപോകുന്ന ജീവിതചക്രങ്ങളെക്കുറിച്ച് സംസാരിക്കുകയുമുണ്ടായി. അതിനായി വിചിത്രവും പവിത്രവുമായ ഒരു ഭാഷാശൈലി സ്വീകരിച്ചു. മനുഷ്യന്റെ ജീവിതചക്രത്തെ തൂവലുകൾ, മുത്തുകൾ, കുതിരസവാരി എന്നിവയൊക്കെ ഉൾക്കൊള്ളുന്ന ഒരു ചിലന്തിവലയായിട്ടാണ് അവതരിപ്പിച്ചത്. ജീവിത വലയത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം ജീവിതചക്രത്തിൽ നല്ലതും ചീത്തയുമായ ശക്തികൾ ഉണ്ടെന്ന് ഗുരുവിനോടു  പറഞ്ഞു. നിങ്ങൾ നല്ലവയെ ശ്രദ്ധിക്കുകയാണെങ്കിൽ, നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കും, പക്ഷേ മോശം ശക്തികൾ ദോഷം ചെയ്യും.

പേടിസ്വപ്നങ്ങളിൽ നിന്നും മോശം സ്വപ്നങ്ങളിൽ നിന്നും ആളുകളെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു രക്ഷായന്ത്രം അഥവാ തകിടാണ്  ഡ്രീംകാച്ചർ. ഈ തകിട്  സാധാരണയായി ചെറിയ കുട്ടികൾക്കായി ഉപയോഗിക്കുകയും അവരുടെ തൊട്ടിലുകൾ അല്ലെങ്കിൽ കിടക്കകൾക്ക് മുകളിൽ തൂക്കിയിടുകയും ചെയ്യുന്നു. രാത്രിയിൽ നല്ലതും ചീത്തയുമായ സ്വപ്നങ്ങൾ മുറിയിൽ നിറയുമെന്നാണ് അമേരിക്കൻ ഗോത്രവർഗ്ഗക്കാർ വിശ്വസിക്കുന്നത്. ഡ്രീംകാച്ചർ ചിലന്തിവല പോലെ പ്രവർത്തിച്ചു, മോശം സ്വപ്നങ്ങളെ കുടുക്കി നല്ലവയെ അരിച്ചെടുക്കാൻ സഹായിക്കുന്നു. നല്ല സ്വപ്നങ്ങൾ തൂവലുകൾക്കിടയിലൂടെ താഴെ ഉറങ്ങുന്ന വ്യക്തിയിൽ എത്തിച്ചേരുകയും പ്രഭാതത്തിലെ സൂര്യപ്രകാശം ഡ്രീംകാച്ചറിൽ എത്തുമ്പോൾ വലയിൽ കുടുങ്ങിയ മോശം സ്വപ്നങ്ങൾ നശിക്കുകയും ചെയ്യുമത്രേ. ലക്കോട്ട ഗോത്രക്കാരുടെ ഐതിഹ്യമനുസരിച്ച് നല്ല സ്വപ്നങ്ങളും ആശയങ്ങളും ചിലന്തിവലയിൽ കുടുങ്ങുമെന്നും മോശം കാര്യങ്ങൾ അതിന്റെ കേന്ദ്രത്തിലെ ദ്വാരത്തിലൂടെ കടന്നുപോയി  എന്നെന്നേക്കുമായി ഇല്ലാതാകുമെന്നുമാണ്. മോശം സ്വപ്നങ്ങളിൽ നിന്നു മാത്രമല്ല, ഏതു തരത്തിലുള്ള ദുഷിച്ച സ്വാധീനത്തിൽ നിന്നും സംരക്ഷണം നൽകുന്ന രക്ഷായന്ത്രവുമാണ് ഈ ഡ്രീം ക്യാച്ചർ. 

ഡ്രീംകാച്ചറിന്റെ രൂപത്തിലെ ഓരോ വിഭാഗത്തിനും പ്രത്യേക അർത്ഥമുണ്ട്. വൃത്താകൃതിയിലുള്ള ചട്ടക്കൂട്  ഭൂമിദേവിയെയും ജീവിതത്തെ നിലനിർത്തുന്ന എല്ലാത്തിനെയും  പ്രതീകപ്പെടുത്തുന്നു. അതിന്റെ  ആരംഭമോ അവസാനമോ ഇല്ലാത്ത വൃത്താകൃതി ജീവിതത്തിന്റെ തുടർച്ചയായ ഒഴുക്കിനെ പ്രതിനിധീകരിക്കുന്നു. ജീവിതവൃത്തത്തെ പ്രതിനിധീകരിക്കുന്നതിനൊപ്പം, സൂര്യനും ചന്ദ്രനും ഓരോ ദിവസവും ആകാശത്തിലൂടെ സഞ്ചരിക്കുന്നതിന്റെ തുടർച്ചയായ പരിഭ്രമണവും  ഇത് പ്രതീകപ്പെടുത്തുന്നു. ചിലന്തിവലയുടെ രൂപത്തെ അനുകരിച്ച്  ഡ്രീംകാച്ചറിന്റെ വലയും ചട്ടക്കൂടിനുള്ളിലാണ് നെയ്യുന്നത്.  വലയുടെ  മധ്യഭാഗത്തുള്ള വട്ടം അതിന്റെ ഹൃദയമാണ്. അവിടെയാണ് നല്ല സ്വപ്നങ്ങളും ദർശനങ്ങളും അരിച്ചെടുക്കുന്നത്.  

ഡ്രീംകാച്ചറിന്റെ വലയിലെ ബിന്ദുക്കളുടെ എണ്ണവും പ്രധാനമാണ്. അവ  വ്യത്യസ്ത അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു. പതിമൂന്നു ബിന്ദുക്കളുള്ള   ഒരു ഡ്രീംകാച്ചർ ചന്ദ്രന്റെ പതിമൂന്നു ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നു. എട്ടു ബിന്ദുക്കൾ, അമേരിക്കൻ ഗോത്രവർഗ്ഗക്കാരുടെ  ഇതിഹാസങ്ങളിലുള്ള ചിലന്തി സ്ത്രീയുടെ പ്രതീകമാണ്.  ഏഴു ബിന്ദുക്കൾ   ഏഴു പ്രവചനങ്ങളെ സൂചിപ്പിക്കുന്നു. ആറു ബിന്ദുക്കൾ കഴുകനെയും അഞ്ചു ബിന്ദുക്കൾ നക്ഷത്രത്തെയും പ്രതിനിധീകരിക്കുന്നു.  

ചില ഡ്രീംകാച്ചറുകൾക്ക് വലയുടെ  മധ്യഭാഗത്ത് ഒരു കുരിശടയാളമുണ്ട്. അത് നാലു  പവിത്രദിശകളെ പ്രതിനിധീകരിക്കുന്നു. നിർഭാഗ്യത്തിൽ നിന്ന് സംരക്ഷണം നൽകുകയും പ്രപഞ്ചത്തിൽ നിന്ന്  ഒരാളുടെ ജീവിതത്തിലേക്ക് നല്ല മരുന്ന് എത്തിക്കുകയും ചെയ്യുന്ന ഔഷധ ചക്രം അഥവാ മെഡിസിൻ വീൽ ഡ്രീംകാച്ചറുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.

ഡ്രീംകാച്ചറുകളിലെ മൃഗങ്ങൾക്കും അർത്ഥങ്ങളുണ്ട്. ചില സംസ്കാരങ്ങൾ  മൃഗങ്ങൾ ചിലന്തിയെ പ്രതിനിധാനം ചെയ്യുന്നുവെന്നു വിശ്വസിക്കുമ്പോൾ , മറ്റുചിലത് വലയിലൂടെ കടന്നുപോകാൻ  പരാജയപ്പെട്ട നല്ല സ്വപ്നങ്ങളുടെ ശാരീരിക രൂപമാണ് മൃഗങ്ങൾ എന്നു പറയുന്നു.

ഈ സ്വപ്നപിടുത്തക്കാരനെ അന്വേഷിച്ചു പോയാൽ,  ഓജിബ്വേ (Ojibwe) ജനതയിൽ എത്തിച്ചേരും.  അവരാണത്രേ ഈ പ്രതിഭാസം ആരംഭിച്ചത്.  ക്രമേണ, മറ്റു ഗോത്രങ്ങളും ഈ ആചാരം തുടർന്നു.  അവരതിനെ  ചിലന്തി എന്നർത്ഥം വരുന്ന  'അസബികേഷിൻ' എന്നാണ് വിളിച്ചത്.  ഒജിബ്വെ ജനതയുടെ   ഇതിഹാസമനുസരിച്ച്, അസിബികാഷി എന്ന ചിലന്തിസ്ത്രീ, ഭൂമിയിലെ അവരുടെ എല്ലാ ആളുകളെയും കുട്ടികളെയും പരിപാലിച്ചുവെങ്കിലും ഗോത്രം കൂടുതൽ കൂടുതൽ വ്യാപിച്ചതോടെ എല്ലാവരേയും സംരക്ഷിക്കുന്നത് അസിബികാഷിക്കു  ബുദ്ധിമുട്ടായി.

രാത്രിയിൽ ഓരോ കുട്ടികളിലേക്കും പോയി ദുഷിച്ച സ്വാധീനങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കാൻ  കഴിയാത്തതിനാൽ, ഗോത്രത്തിലെ അമ്മമാരോടു സഹായം അഭ്യർത്ഥിച്ചു.   മോശം സ്വപ്നങ്ങളെയും പേടിസ്വപ്നങ്ങളെയും കുടുക്കാൻ ഒജിബ്വെ അമ്മമാരും മുത്തശ്ശിമാരും വളയങ്ങളിൽ വലകൾ നെയ്യുകയും ഓരോ കുട്ടിയുടെയും കട്ടിലിന് മുകളിൽ തൂക്കിയിടുകയും ചെയ്തു.

പരമ്പരാഗതമായി, ഡ്രീംകാച്ചറിന്റെ നിർമ്മാണത്തിൽ ഒരു രത്നക്കല്ല് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ, കാരണം ജീവിത വലയിൽ ഒരു സ്രഷ്ടാവ് മാത്രമേയുള്ളൂ.

ലോകമെമ്പാടുമുള്ള ആളുകൾ ഡ്രീംകാച്ചറുകളെ മനോഹരവും രസകരവുമായ വസ്തുക്കളായി കാണുന്നു. ആധുനിക തലമുറ    വിവിധ തരം വസ്തുക്കൾ കൊണ്ട്, വ്യത്യസ്ത ശൈലികളിൽ ഡ്രീംകാച്ചറുകൾ‌ നിർമ്മിക്കുന്നുണ്ട്. ഡ്രീംകാച്ചർ ഇമേജറിയും ആഭരണങ്ങളും ഇന്ന് വളരെ സാധാരണമാണ്. എന്നിരുന്നാലും, ഈ ഡ്രീംകാച്ചറുകൾ പരമ്പരാഗത ഡ്രീംകാച്ചറുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അവ പലപ്പോഴും വളരെ വലുതും വർണ്ണാഭമായതും പ്ലാസ്റ്റിക്കുകളും മറ്റു കൃത്രിമ വസ്തുക്കളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതേസമയം പരമ്പരാഗത ഡ്രീംകാച്ചറുകൾ സാധാരണയായി വളരെ ചെറുതും മരം, തുകൽ, സ്ട്രിംഗ്,  തൂവലുകൾ എന്നിവകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പല അമേരിക്കൻ  സംസ്കാരങ്ങളും വിശ്വസിക്കുന്നത് അവ വളരെയധികം വാണിജ്യവത്കരിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും അവയുടെ അർത്ഥം നഷ്ടപ്പെടുകയും ചെയ്തു എന്നാണ്.

ബാരി വാട്ടർഫ്രണ്ടിന്റെ കേന്ദ്രബിന്ദുവാണ് ഈ ശില്പം. ധാരാളം വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ടെന്നാണ് ജെസ്സിക്ക പറഞ്ഞത്. കൊറോണക്കാലമായതിനാലാവും ഞങ്ങളെക്കൂടാതെ അവിടവിടെ നിന്നു ഫോട്ടോയെടുക്കുന്ന ഒന്നുരണ്ടു പേരും കായൽത്തീരത്തു കൂടെ വ്യായാമസവാരികൾ നടത്തുന്ന ചിലരും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.  





Friday, April 2, 2021

എൻ്റെ വീടൊരു കുടിലാണോ?

 


തൻ്റെ മൂന്നു നില സൗധത്തിനെ നോക്കി
അയാൾ വ്യാകുലപ്പെട്ടു
എൻറെ വീടൊരു കുടിലാണോ?
ബാല്യത്തിൽ കിട്ടിയ ശാപം ഫലിക്കുമോ

അന്നാ മുള്ളങ്കി എറിഞ്ഞത്
മുയൽക്കുഞ്ഞനു തിന്നാനാണ്
നിങ്ങളുടെ നേരെയല്ലെന്ന്
ഞാനാണയിട്ടതല്ലേ
പിന്നെയും എന്തിനായിരുന്നു...

സമ്പാദിക്കുന്നതെല്ലാം
ചോർത്തിക്കളയുന്ന
ആ ശാപത്തെ
ഭയമാണിന്ന്

എന്റെ അന്ത്യം കുടിലിലായിരിക്കുമോ?
ശാപം ഫലിക്കുമോ?
പിന്തുടരുന്ന ഭയം

നിങ്ങൾ പറയൂ,
എന്റെ വീടൊരു കുടിലാണോ?
എനിക്കു മരിക്കാൻ നേരമായി
ഒന്നു പറയൂ,
ഇതൊരു കുടിലല്ലെന്ന്
ഞാൻ സമാധാനത്തോടെ മരിച്ചോട്ടെ....

 ജിമ്മി മാക് ഒട്ടിന്റെ ജീവിതത്തെ കവിതയാക്കിയത്. (A tribute to Jimmy Mc Ouat)

Wednesday, March 31, 2021

പെസഹാ അപ്പം




"ചേച്ചീ, ഇന്ഡ്രിയപ്പം ഉണ്ടാക്കാൻ അറിയാമോ?" അതിരാവിലെ വേവലാതിയോടെ റോളിയുടെ ഫോൺ കോൾ.

" യ്യോ, അതെന്തോന്ന്... ആ... എന്തായാലും ടെൻഷനാവാതെ, ഗൂഗിളമ്മച്ചിയല്ലേ ഉള്ളത്, നമ്മക്ക് കണ്ടുപിടിക്കാം ന്നേ ... " ചിരിയോടെ മിനി പറഞ്ഞു.

" ചേച്ചീ, തമാശ കള... എനിക്കു വേഗം ന്ന് റെസിപ്പി താ... "

നാട്ടിൽ നിന്നും ഇൻലോസ് വന്നിരിക്കുന്നതിനാൽ റോളി ഈയിടെ വളരെ ബിസിയാണ്. ഫോൺ കോളുകൾ പോലും അപൂർവ്വം. സ്നേഹമുള്ള അമ്മായിയമ്മ ആണെങ്കിലും നാടൻ വിഭവങ്ങൾ നാട്ടിലെപ്പോലെ സമൃദ്ധമായി ഉണ്ടാക്കി വിളമ്പണം എന്ന നിർബന്ധക്കാരിയും കൂടിയാണ്. മേശപ്പുറം നിറച്ചു വിഭവങ്ങൾ കാണണം.

കാനഡയിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ റോളിയും ഭർത്താവും കൂടെയാണ് ഭക്ഷണം ഉണ്ടാക്കാറ്. ഒന്നോ രണ്ടോ കറികളും ചോറോ റെഡിമേഡ് ചപ്പാത്തിയോ ഒക്കെയായി ദിവസങ്ങൾ വീടിനും ഓഫീസിനും മോളുടെ ഡേ കെയറിലുമായി ചുറ്റിത്തിരിയുകയായിരുന്നു. ആ വൃത്തത്തിലേക്കാണ് ഇഡ്ഡലിയും സാമ്പാറും തേങ്ങാ ചട്ണിയും ബ്രേക്ഫാസ്റ്റായി ഇടിച്ചു കേറി വന്നത്. കൂട്ടത്തിൽ  ചോറും മീൻകറിയും തോരനും പുളിശ്ശേരിയും അവിയൽ, കൂട്ടുകറി, പരിപ്പ്, പപ്പടം  എന്നൊക്കെയുള്ള വിവിധമാന വിഭവങ്ങളും ചാടിക്കേറിയിരുന്നത്. അത്താഴം മാത്രം ചപ്പാത്തിയും ചിക്കൻ/ ബീഫ് കറിയും സലാഡും എന്ന ഉദാരത നീട്ടി. റോളിയുടെ ദിവസങ്ങളെ ഓഫീസും അടുക്കളയും പങ്കിട്ടെടുത്തു.

 അതിനിടയിലാണ് ഈ ഇൻഡ്രിയപ്പം... !

തമാശ പറയാൻ പോലുമുള്ള മൂഡിലല്ല റോളിയെന്നു തിരിച്ചറിഞ്ഞതോടെ  മിനി ഇൻഡ്രിയപ്പത്തിന്റെ റെസിപ്പി  ഫോണിലൂടെ  കൈമാറി. വിശദമായി വാട്ട്സാപ്പ് ചെയ്യാമെന്ന മിനിയുടെ ഉറപ്പിൽ റോളി നന്ദി പറഞ്ഞ്  ധൃതിയിൽ ഫോൺ വെച്ചു. എന്നിട്ടും ഫോണും  പിടിച്ചു മിനി അങ്ങനെത്തന്നെയിരുന്നു.

 അങ്ങു ദൂരെ ഒരു നാട്ടിൻപുറവും അവിടെയുള്ള തറവാടും അവിടെ നിന്നുയരുന്ന ആരവങ്ങളും മിനിയുടെ ഓർമ്മകളിൽ തിരയടിച്ചുയർന്നു വന്നു. കരിക്കുറി പെരുന്നാൾ മുതൽ തുടങ്ങുന്ന അമ്പതു നോമ്പ്... വെള്ളിയാഴ്ചകളിലെ ഒരിക്കൽ... മീൻകറിയില്ലെങ്കിൽ ചോറു കഴിക്കാത്ത കൊച്ചുമിനിക്കു വേണ്ടി അമ്മ എന്നും കുറച്ചു മീൻകറിയുണ്ടാക്കി വെക്കുന്നത് നോമ്പുകാലത്തും ചെയ്തു പോന്നു. വലുതായപ്പോഴും നോമ്പ് നോക്കാൻ ആരും അവളെ നിർബന്ധിക്കാഞ്ഞതിനാലും സ്വയം നോമ്പെടുക്കാഞ്ഞതിനാലും  അമ്മ എന്നും മീൻകറിയുണ്ടാക്കി.

നോമ്പ് എടുത്തില്ലെങ്കിലും പെസഹാവ്യാഴാഴ്ചയിലെ പെസഹാപ്പവും പാനിയും കഴിക്കാൻ കാത്തിരിക്കുമായിരുന്നു അവൾ. വർഷത്തിലൊരിക്കൽ മാത്രം അമ്മയുണ്ടാക്കുന്ന ആ സ്പെഷ്യൽ അപ്പം. പുളിയാത്ത അപ്പം. എത്ര കെഞ്ചിയാലും മറ്റു ദിവസങ്ങളിൽ അമ്മയുണ്ടാക്കാത്ത ആ അപ്പം....

പെസഹാപ്പത്തിനൊപ്പം അമ്മയുണ്ടാക്കുന്ന പാനിയുടെ മധുരം നാവിൽ കിനിയുന്ന ഓർമ്മയിൽ മിനി നാക്കൊന്ന് നൊട്ടി നുണഞ്ഞു. ശർക്കര നീരിൽ അരിപ്പൊടി കുറുക്കി തേങ്ങാപ്പാലും ഏലക്കാപൊടിയും ചേർത്ത പാനി വെറുതെ കുടിക്കാനും കൊച്ചുമിനിക്ക് ഇഷ്ടമായിരുന്നല്ലോ.

വർഷങ്ങളായി പെസഹാപ്പം ഉണ്ടാക്കിയിട്ട്... കഴിച്ചിട്ടും...  ഇന്നു കുറച്ചുണ്ടാക്കണം. റോളിക്കും കൊടുക്കാം. റോളിയെ ഫോൺ ചെയ്തു.

"അപ്പം ണ്ടാക്കാൻ മെനക്കെടേണ്ട ട്ടോ... ഞാൻ ണ്ടാക്കി തരാം... " 

"ആവൂ, ചേച്ചീ, ഉമ്മ... ഉമ്മ... " ആശ്വാസനിശ്വാസത്തോടെ റോളി ചിരിച്ചു.

 അമ്മരുചി ഓർമ്മയിൽ നിന്ന് മുങ്ങാംകുഴിയിട്ടെടുക്കാൻ ഒരു ശ്രമം നടത്തി വിഫലമായെങ്കിലും   മിനി  അരിയും ഉഴുന്നും വെള്ളത്തിലിട്ടു. നാട്ടിലെപ്പോലെ അരയ്ക്കാൻ അമ്മിയുണ്ടായിരുന്നെങ്കിൽ എന്ന് ഗൃഹാതുരപ്പെട്ടാണ് വെളുത്തുള്ളി തൊലി പൊളിച്ചത്. പിന്നെ അരിയും ഉഴുന്നും തേങ്ങയും വെളുത്തുള്ളിയും ഉപ്പും ചേർത്ത് നന്നായി അരച്ച്,  അപ്പച്ചെമ്പിൽ വേവിക്കാൻ വെക്കുമ്പോഴും ഓർമ്മകൾ നാട്ടിലെ തറവാട്ടിൽ ചുറ്റിപ്പറ്റിത്തന്നെ നിന്നു.

വർഷങ്ങൾ എത്രയായി അമ്മയുണ്ടാക്കുന്ന ആ അപ്പം തനിക്കു നഷ്ടമായിട്ട്...! വിവാഹം കഴിച്ച് നാടുവിട്ടതോടെ പെസഹാപ്പം മാത്രമല്ല അമ്മരുചികൾ എല്ലാം തന്നെ നഷ്ടമായി... കാലപ്രവാഹത്തിൽ അമ്മയെയും...



























Sunday, January 17, 2021

കോവിഡും യാത്രയും

 



കോവിഡ് 19 മഹാമാരി മൂലം വീട്ടിൽ അടച്ചിരിക്കാൻ തുടങ്ങിയിട്ടു നാളുകളേറെയായി. അല്ല, അതിനും നാളുകൾക്കു  മുമ്പേ മുതൽ ഞാൻ വീട്ടിൽത്തന്നെയാണല്ലോ. എന്നിട്ടും അന്നൊന്നും തോന്നാതിരുന്ന ഒരു വിഷമമാണല്ലോ ഇപ്പോൾ! എന്താണെന്നു പറയാനറിയാത്ത, ഉള്ളിൽ ഊറിക്കൂടുന്ന വിഷമങ്ങൾ! ഇപ്പോൾ എല്ലാവരും വീട്ടിൽത്തന്നെയുണ്ട്, എന്നിട്ടും...!  തെളിച്ചമില്ലാത്ത പുലരികൾ... വിഷാദസന്ധ്യകൾ... പ്രതീക്ഷകൾ നഷ്ടപ്പെട്ട ദിനങ്ങൾ... ജീവിതം മാറിമറിയുന്നു...  വിഷാദത്തിലേക്കുള്ള നൂൽപ്പാലത്തിലാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഒരു മാറ്റം അനിവാര്യമായി തോന്നി.... അകലെയല്ലാത്തൊരിടത്ത്  എവിടെയെങ്കിലും ... കുറച്ചു ദിവസങ്ങളുടെ അജ്ഞാതവാസം...  എല്ലാവരിൽ നിന്നും അകന്ന്... എങ്കിലും ഈ കെട്ടകാലത്ത് അതെങ്ങനെ എന്നോർത്തിരുന്നു.  ആ ദിനങ്ങളിലൊന്നിലാണ് ക്രിസിന്റെ വിളിയെത്തിയത്. 

ഓഫീസിലെ കൂട്ടുകാരാണ് ക്രിസും ഞാൻ കുക്കു എന്നു വിളിക്കുന്ന ക്വാക്കുവും. ക്വാക്കു, വേറെ വകുപ്പിലായതിനാൽ യാത്രയിൽ മാത്രമാണ് കൂടുതൽ കാണുക. ആരെങ്കിലും ഒരാളുടെ വണ്ടിയിലാണ് ഓഫീസിലേക്കുള്ള ഞങ്ങളുടെ യാത്ര. എന്തെങ്കിലും വിശിഷ്ട വിഭവം കൊണ്ടുവന്നിട്ടുണ്ടെങ്കിൽ ചിലപ്പോഴൊക്കെ അതു പങ്കുവെയ്കാനായി ഇടവേളകളിൽ അങ്ങോട്ടോ ഇങ്ങോട്ടോ പോകും. എന്നാൽ ക്രിസും ഞാനും അടുത്തടുത്ത സീറ്റുകളിലാണ്. അതിനാൽ, കൂടുതൽ അടുപ്പം ക്രിസുമായിട്ടാണ്. വിഷാദം പൂത്തു നിറയുന്ന ദിവസങ്ങളിൽ എന്റെ മൗനം, അസ്വസ്ഥത, ദേഷ്യം എല്ലാമെല്ലാം  കാണുന്നതും സഹിക്കുന്നതും ക്രിസാണ്. അങ്ങനെയുള്ള പല ദിവസങ്ങളിലും എന്നെ തനിയെ വിടുന്ന നല്ലൊരു കൂട്ടുകാരൻ കൂടിയാണ് ക്രിസ്. ആ ദിവസങ്ങളിൽ  കഫറ്റീരിയയിൽ നിന്നും ഒരു ഹോട്ട് ചോക്ലേറ്റോ കപ്പുച്ചിനോയോ എടുത്തു കൊണ്ടു വന്നു തരാനും കുപ്പിയിൽ വെള്ളം നിറച്ചു  തരാനുമെല്ലാം ക്രിസ് കരുണയോടെ ശ്രദ്ധിക്കാറുമുണ്ട്. 

ക്രിസിന്റെ മാതാപിതാക്കൾ ടൊറന്റോയിലാണ് താമസം. മിസ്സിസോഗയിൽ നിന്നും ഏതാണ്ട് ഒരു മണിക്കൂറിൽ എത്തിച്ചേരുന്ന ദൂരത്തിലാണ് അവരുടെ വീട്. അധ്യാപകജോലിയിൽ നിന്നും വിരമിച്ച ശേഷം വിശ്രമജീവിതത്തിനായാണ് നഗരത്തിൽ നിന്നും മാറി ഉള്ളിലൊരിടത്ത് അവർ വീടു വാങ്ങിയത്.  പാചകപരീക്ഷണങ്ങൾ നടത്തിയും പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിച്ചും അവരവിടെ സ്വസ്ഥമായി കഴിയുകയാണ്. അവരുടെ നാലു മക്കളും മിസ്സിസോഗ, ബ്രാംപ്ടൺ ഭാഗങ്ങളിൽ  കുടുംബജീവിതവുമായി കഴിയുമ്പോഴും എല്ലാ വാരാന്ത്യങ്ങളും അച്ഛനമ്മമാരുടെ അടുത്തു ചെലവഴിക്കാനായി എത്തുകയും ചെയ്യും. 

എന്റെ വർത്തമാനങ്ങളിൽ  കൂടുതലും നാടും നാട്ടിലെ വീടും ബാല്യകൗമാരങ്ങളും നിറഞ്ഞു നിൽക്കുമ്പോൾ ക്രിസിനു പറയാനുണ്ടാവുക അച്ഛന്റെ പുതിയ പാചകപരീക്ഷണത്തെപ്പറ്റിയോ പുരാവസ്തുശേഖരത്തിലേക്കു വന്ന  സാധനത്തെപ്പറ്റിയോ അല്ലെങ്കിൽ അമ്മയുടെ പുതിയ പൂച്ചക്കൂട്ടിയെപ്പറ്റിയോ ചെടികളെക്കുറിച്ചോ ഒക്കെയാകും. ചിലപ്പോഴൊക്കെ അവിടുന്നുള്ള  വിഭവങ്ങൾ ഞങ്ങൾക്കായി പൊതിഞ്ഞു കൊണ്ടുവരാനും ക്രിസ് മറക്കാറില്ല.  തിങ്കളാഴ്ചകൾ അങ്ങനെ ഞങ്ങൾക്കു രണ്ടുപേർക്കും ഗൃഹാതുരതകൾ നിറഞ്ഞ ദിവസങ്ങളായി മാറും. 

കോവിഡ് - 19 മഹാമാരിയെ  നിയന്ത്രണത്തിലാക്കാൻ ലോകമെങ്ങും തത്രപ്പെടുന്നതിന്റെ ഭാഗമായി കാനഡയിലും കർശനമായ അടച്ചുപൂട്ടൽ നിലവിൽ വന്നു. അതോടെ എല്ലായിടത്തും  വീട്ടോഫീസായി. ഞങ്ങളുടെ ഓഫീസും വീട്ടിലെ മുറിയിലേക്കൊതുങ്ങി. ക്രിസിനെയും  ക്വാക്കുവിനെയും  കാണുന്നത് മീറ്റിങ്ങ് സമയത്തു കപ്യൂട്ടർ സ്‌ക്രീനിൽ മാത്രമായി. സൗഹൃദം ഫോൺവിളികളിലും മെസേജുകളിലുമായി ഒതുങ്ങിയ ദിനങ്ങൾ...  അടച്ചുപൂട്ടലിന്റെ ആദ്യദിനങ്ങളിൽ എല്ലാവരും വീട്ടിലുള്ളതിന്റെ സന്തോഷങ്ങളും തമാശകളും പങ്കു വെച്ചു. ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായി മാറിയപ്പോൾ ആഹ്ളാദങ്ങൾ പതിയെ പതിയെ വിരസതയുടെ മടുപ്പിലേക്കൊതുങ്ങിത്തുടങ്ങി. പ്രത്യേകിച്ചൊന്നും പറയാനില്ലാതെ ദിവസങ്ങൾ കൊഴിഞ്ഞു വീണു.   

മെസേജുകളുടെയും  ഫോൺ വിളികളുടെയും ദൈർഘ്യം കൂടിവന്നു. ചിലപ്പോഴൊക്കെയത് ഓഫീസ് കാര്യങ്ങൾ മാത്രമായി. അങ്ങനെയൊരു നാളിൽ  ക്രിസിന്റെ വിളിയെത്തിയത് ഒരു സുന്ദരവാഗ്ദാനവുമായിട്ടായിരുന്നു . ടൊറന്റോയിലെ വീട്ടിൽ ഒരു ഒഴിവുകാലം!  ഈ മഹാമാരിക്കാലത്തോ എന്നതിശയിച്ചപ്പോൾ ഇതൊരു സുവർണ്ണാവസരമെന്നു ക്രിസ് മോഹിപ്പിച്ചു. "അച്ഛനുമമ്മയും അവിടെയില്ലല്ലോ. വീടൊഴിഞ്ഞു കിടക്കുകയാണല്ലോ. താക്കോൽ തരാം, നീ കുറച്ചു ദിവസം അവിടെ താമസിച്ച്, ഒന്നു സ്വസ്ഥയായി വരൂ..." എന്നൊക്കെ പറഞ്ഞപ്പോഴാണ് ക്രിസിന്റെ വാട്ട്സാപ്പ് സന്ദേശങ്ങൾ ഓർമ്മ വന്നത്. അച്ഛനുമമ്മയും അച്ഛന്റെ ജന്മസ്ഥലമായ  ന്യൂഫണ്ട്ലൻഡ് (Newfoundland) പ്രവിശ്യയിലേക്കു സന്ദർശനത്തിനു പോയതാണ്. ഇടയ്ക്കിടെ അവിടെയുള്ള ബന്ധുക്കളെ കാണാൻ ഈ യാത്ര അവർക്കു പതിവുള്ളതാണ്. എന്നാൽ ഇത്തവണ കോവിഡ് കാരണം  തിരിച്ചു വരാനാവാതെ അവർ അവിടെ കുടുങ്ങിപ്പോയിരിക്കുകയാണ്. ക്രിസിന്റെ വേവലാതികൾ നിറഞ്ഞ  പല സന്ദേശങ്ങളും ഓർമ്മയിൽ തെളിഞ്ഞു വന്നു. എങ്കിലും ആ വാഗ്ദാനം സ്വീകരിക്കാൻ മടിയായിരുന്നു. എന്നാൽ ക്രിസിന്റെ സ്‌നേഹപൂർണമായ നിർബന്ധത്തിൽ മറുത്തു പറയാൻ കാരണങ്ങളില്ലാതായി.  

പിന്നെല്ലാം പെട്ടന്നായിരുന്നു. അന്നു വൈകിട്ടു തന്നെ ക്രിസ്, വീടിന്റെ താക്കോൽ കൊണ്ടുത്തന്നു. എപ്പോ വേണമെങ്കിലും പൊയ്ക്കോ, വീട് നിന്നെയും നോക്കിയിരിക്കുകയാണ് എന്നൊക്കെ പ്രോത്സാഹിപ്പിച്ചു.... നന്ദി പറയാൻ കഴിയാതെ, വാക്കുകളില്ലാതെ നിന്നപ്പോൾ  മിടുക്കിയായി വാ എന്ന്  തോളിൽത്തട്ടി. അങ്ങനെയാണ് ടൊറോന്റോയിലെ ആ മനോഹര തീരത്തേക്കുള്ള യാത്ര തുടങ്ങിയത്. 



തിരക്കു പിടിച്ച ടൊറന്റോ നഗരത്തിന്റെയൊരു കോണിൽ ശാന്തമായ ഒരിടം. ഇത്രയും വർഷത്തിനിടയിൽ ഈയിടം  എന്റെ കേൾവിയിലോ വായനയിലോ  എത്തിപ്പെട്ടിട്ടില്ലായിരുന്നു. ഏറെ ദൂരെയല്ലാതെ  പ്രശസ്തമായ സ്‌കാർബറോ ബ്ലഫ്സ് ... ഒന്റാരിയോ തടാകത്തിൽ, ടൊറന്റോയുടെ കിഴക്കൻ ബീച്ചുകൾ മുതൽ ഈസ്റ്റ് പോയിന്റ് പാർക്ക് വരെ പതിനഞ്ചു കിലോമീറ്ററോളം സ്‌കാർബറോ ബ്ലഫ്സ് നീളുന്നു. ഏതാണ്ട് പന്ത്രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഊറിവന്ന എക്കൽ നിക്ഷേപം അടിഞ്ഞുകൂടിയതിന്റെ ഫലമായി രൂപപ്പെട്ട ഭൂമിശാസ്ത്രപരമായ ഒരു സവിശേഷതയാണ് സ്കാർബറോ ബ്ലഫ്സ് എന്നാണ് ചരിത്രം പറയുന്നത്. ഒന്റാരിയോ തടാകത്തിൽ നിന്നുള്ള കാറ്റിന്റെയും ജലത്തിന്റെയും മണ്ണൊലിപ്പിന്റെയും സ്വാഭാവിക പ്രക്രിയകളാണ് അവ രൂപീകരിച്ചത്. ഈ പതിനഞ്ചു കിലോമീറ്ററിനുള്ളിൽ പതിനൊന്നോളം പാർക്കുകളുമുണ്ട്. മനുഷ്യനിർമ്മിത പാർക്കുകളേക്കാൾ പ്രകൃതിയെ കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്നതിനാൽ പാർക്ക് സന്ദർശനം ഒരെണ്ണത്തിൽ ഒതുക്കി.

അവിടെയെത്തിയ ആദ്യദിവസം മുഴുവൻ കിടന്നുറങ്ങി. ഉറങ്ങിയെണീറ്റപ്പോൾ സന്ധ്യയായി... സ്ഥലകാലബോധമില്ലാതെ കിടക്കയിലിരുന്നു ചുറ്റിനും പരതി. എവിടെയാണെന്ന ബോധം വന്നപ്പോഴാണ് ബാൽക്കണിയിലേക്കിറങ്ങിയത്. നിശബ്ദതയുടെ മേലാടയണിഞ്ഞ ഭൂമിക... അതിന്റെയറ്റത്തായി കഥ പറയാനെത്തിയ കാറ്റിനോട് കായലോളങ്ങളുടെ ചെറുമർമരം... തൊട്ടപ്പുറത്തെ വീട്ടിൽ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന മനുഷ്യരുടെ നിഴൽരൂപങ്ങൾ ജനലിലൂടെ പുറത്തേക്കു നീണ്ടു നീണ്ട് ... നേരെ മുന്നിലുള്ള പൈൻമരത്തിലൂടെ ഒളിച്ചു കളിക്കുന്ന നിലാവ്... ആഹാ...

"എത്ര മനോഹരമീ ഭൂമി
ചിത്രത്തിലെഴുതിയ പോലെ ആരോ
ചിത്രത്തിലെഴുതിയ പോലെ
ചൈത്ര സഖി വന്നു ചമയിച്ചൊരുക്കിയൊ
രാശ്രമകന്യയെ പോലെ.... "

ഓ .എൻ.വി യുടെ ഈ വരികളാണ് അപ്പോൾ മനസ്സിലും ചുണ്ടിലും നിറഞ്ഞത്.

പിറ്റേന്നു നേരം വെളുത്തത് കിളികളുടെ പാട്ടു കേട്ടാണ്. ഒന്റാരിയോ തടാകത്തിൽ അർക്കൻ ചുവന്ന രശ്മികളാൽ ചിത്രം വരയ്ക്കുന്ന മനോഹര കാഴ്‌ച...! തടാകക്കരയിലേക്കു പോകാൻ ധൃതിപ്പെട്ടു മുറിയിൽ നിന്നിറങ്ങിയത് ഒരു പൂച്ചരാജ്യത്തിലേക്കായിരുന്നു. ഇറങ്ങിയതിലും വേഗത്തിൽ തിരിച്ചു മുറിയിലേക്കു തന്നെ കയറേണ്ടി വന്നു.  ക്രിസിന്റെ അമ്മയുടെ പൂച്ചകളെപ്പറ്റി പറഞ്ഞിരുന്നെങ്കിലും ഞാനതു മറന്നു പോയിരുന്നു. തലേന്ന് ഇവരെയൊട്ടു കണ്ടതുമില്ലല്ലോയെന്ന് അതിശയപ്പെടുകയും ചെയ്തു. പിന്നെ, ധൈര്യം സംഭരിച്ച്, വീണ്ടും ഇറങ്ങിയപ്പോൾ എന്നേക്കാൾ മുൻപേ പേടിച്ചൊളിച്ചിരുന്നു അവരെന്നു മനസ്സിലാക്കി. 

പിന്നിലെ പുരയിടത്തിനറ്റത്ത് , കിഴുക്കാംതൂക്കായ ഇടം, അവിടെ അതിരിൽ നിലം പതിഞ്ഞു കിടക്കുന്ന ചെറിയ കയ്യാല... അതിനപ്പുറത്തേക്കു പോകരുതെന്നു ക്രിസ് പറഞ്ഞത് ഓർമ്മ വന്നെങ്കിലും ഒന്നെത്തി നോക്കി. ഏതാണ്ട് നൂറ്റമ്പതടി താഴ്ചയിലാണ് തടാകം. ഇറങ്ങാൻ വേറെ വഴികളൊന്നുമില്ല. കാലെടുത്തു വെച്ചാൽ, പാറയിലും മരങ്ങളിലും തട്ടിത്തെറിച്ചു നേരെ വെള്ളത്തിലെത്തും.   അതുകൊണ്ടാണ്, വീടിനു വെളിയിലേക്കിറങ്ങുമ്പോൾ പൂച്ചകൾ പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്നു ക്രിസ് പറഞ്ഞത്. അമ്മയുടെ ഓമനകളാണവർ! ഘടാഘടിയന്മാരായ രണ്ടു ആൺപൂച്ചകളും കൊഴുത്തുരുണ്ട നാലു സുന്ദരിപ്പൂച്ചകളും ചുറുചുറുക്കുള്ള നാലഞ്ചെണ്ണം വേറെയും... അവരെല്ലാവരും സമയാസമയങ്ങളിൽ നല്ല ശാപ്പാടും കഴിച്ച്, അലസമായി സോഫയിൽക്കിടന്ന് ടിവിയും കണ്ടു ഉണ്ടുറങ്ങിക്കഴിഞ്ഞ വീട്ടിലേക്കാണ് ഞാൻ അതിക്രമിച്ചെത്തിയതെന്നതിനാലാവും കാണുമ്പോഴൊക്കെ അവരെന്നെയും ഞാനവരെയും തുറിച്ചു നോക്കി കടന്നു പോയി. അവിടുന്നു പോരുന്നതു വരെയും ഞങ്ങൾ തമ്മിൽ കൂട്ടായതേയില്ല. 




വെറുതെ ബാൽക്കണിയിലിരുന്നു കാഴ്ചകൾ കണ്ടും പാട്ടു കേട്ടും  പുസ്തകം വായിച്ചും  സമയസൂചികയുടെ താളക്രമത്തിൽ ആടേണ്ടതില്ലാത്ത നർത്തനം! അങ്ങനെയങ്ങനെ സമയംപോകുന്നതിനിടയിൽ വിശപ്പു വന്നപ്പോഴാണ് അടുക്കളയിൽ കയറിയത്.  ക്രിസിന്റെ കരുതൽ അടുക്കളയിലും കണ്ടു. പാൽ, മുട്ട, റൊട്ടി, പാസ്ത... അങ്ങനെ എളുപ്പം വിശപ്പടക്കാൻ പറ്റിയതൊക്കെ അവിടെയുണ്ടായിരുന്നു. 

പിറ്റേന്നു വൈകിട്ടാണ് കുടുംബം എത്തിയത്.അപ്പോഴേക്കും  ഈ ലോകത്തിന്റെ അരങ്ങിൽ നർത്തനമാടാൻ  ഞാൻ സജ്ജയായിക്കഴിഞ്ഞിരുന്നു.   

Related Posts Plugin for WordPress, Blogger...