Thursday, October 31, 2019

ഹാലോവീൻ


 ഇന്ന്, കാനഡയിൽ എവിടെ നോക്കിയാലും വിചിത്രമായ വസ്ത്രങ്ങളണിഞ്ഞ പുരുഷാരത്തെ കാണാം. സ്‌കൂളുകളിൽ, ഓഫിസുകളിൽ, മാളുകളിൽ എല്ലായിടത്തും മുഖത്തും ദേഹത്തും ചായങ്ങൾ കൊണ്ട് വികൃതരൂപങ്ങൾ വരഞ്ഞ്, പെയിന്ടടിച്ച രക്തരക്ഷസുകൾ... 

എല്ലാ വർഷവും ഒക്ടോബർ 31 കാനഡയിൽ ഹാലോവീൻ കൊണ്ടാടുന്നു.ഇതിന്റെ പിന്നിലെ ചരിത്രം തിരഞ്ഞു പോകുമ്പോൾ മതവിശ്വാസമാണ് കാണുന്നതെങ്കിലും ഇന്നത് മതത്തെ അതിജീവിച്ച് എല്ലാവർക്കുമുള്ള  ആഘോഷമായി മാറിയിരിക്കുന്നു.

ക്രിസ്ത്വബ്ദത്തിനു മുൻപേ യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സെൽറ്റിക്ക് മതത്തിലെ  ആഘോഷമായാണ് ഹാലോവീൻ അറിയപ്പെടുന്നത്. ഗ്രീഷ്മത്തിന്റെ അവസാനം, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള അകലം നേർത്തു വരുമെന്നും ആത്മാക്കൾ ജീവിച്ചിരിക്കുന്നവരിലേക്ക് സന്നിവേശിക്കുമെന്നും അവർ വിശ്വസിച്ചു. പഴയ സെൽറ്റിക്ക് വിശ്വാസമനുസരിച്ച്, ആത്മാക്കൾക്ക് ജീവനുള്ളവരുടെ  ലോകത്തേക്കു കടക്കാൻ കഴിയുന്ന ഒരൊറ്റ രാത്രിയാണത്രെ ഇത്... അതിനാൽ, പിശാചുക്കളുടെയും രക്തരക്ഷസുകളുടെയും വേഷം കെട്ടി ആ ആത്മാക്കളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതാണ് ഈ ആചാരം. 


സ്കോട്ട്ലാന്റുകാരുടെ കുടിയേറ്റത്തോടെയാണ് ഹാലോവീൻ കാനഡയിൽ എത്തിയതെന്നു പറയപ്പെടുന്നു. വേഷഭൂഷാദികൾ മാത്രമല്ല, ശില്പവേല ചെയ്ത മത്തങ്ങകൾ, ട്രിക് ഓർ ട്രീറ്റ് തുടങ്ങിയവയെല്ലാം ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമാണ്. 

വൈകിട്ട്, രക്ഷസിന്റെയും ആത്മാക്കളുടെയും പിശാചുക്കളുടെയുമൊക്കെ  വേഷം കെട്ടി, കുട്ടികളും ചില മുതിർന്നവരും ഓരോ വീട്ടുവാതില്ക്കലും മുട്ടിവിളിക്കും. ട്രിക് ആണോ ട്രീറ്റ് ആണോയെന്നു ചോദിക്കും. കൈ നിറയെ മിട്ടായി കൊടുത്ത് കുട്ടികളെ സന്തോഷിപ്പിച്ച്, അവരുടെ ട്രിക്കുകളിൽ നിന്നു രക്ഷപ്പെടുകയാണ് മിക്കവരും ചെയ്യുക.  




അന്നേ ദിവസം വീടുകളുടെ മുന്നിൽ മുഖത്തിന്റെ ആകൃതിയിൽ ശില്പവേല ചെയ്ത മത്തങ്ങയും അതിനുള്ളിൽ തിരിയോ വിളക്കോ തെളിച്ചതും വെയ്ക്കും.  വിളവെടുപ്പുകാലം കഴിഞ്ഞു കഠിനമായ തണുപ്പുകാലത്തിലേക്കു കടക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ വിളക്കു തെളിക്കൽ എന്നൊരു കഥയുമുണ്ട്. എന്നാൽ, നേരത്തെ പറഞ്ഞ ആത്മാക്കളെ വഴിതെറ്റിക്കാനാണെന്നും പറയപ്പെടുന്നു. ഈ മത്തങ്ങകൾ ' Jack O' lanterns' എന്നറിയപ്പെടുന്നു.

സൂര്യൻ, ഉത്തരായനത്തിൽ നിന്നും ദക്ഷിണായനത്തിലേക്കു കടക്കുന്ന ദിവസവും ഇന്നു തന്നെ. 




 


Tuesday, October 22, 2019

JLF പുസ്തകോത്സവം

ഒരു പ്രവാസിയായിരിക്കുമ്പോൾ നാട്ടിലെ ഉത്സവങ്ങൾ, ആഘോഷങ്ങൾ എല്ലാം നഷ്ടമാകുന്നുവെങ്കിലും കിട്ടുന്ന ചെറിയ ചെറിയ മേളകൾ കൊണ്ടു തൃപ്തിയടയുകയാണ് പലപ്പോഴും. നാട്ടിൽ KLF ഒന്നും പങ്കെടുക്കാനാവാതെ വിഷമിച്ചിരിക്കുമ്പോഴാണ്  ഈ വർഷത്തെ JLF(Jaipur Literary Festival)  ടൊറന്റോയിൽ വെച്ചു നടത്തപ്പെടുന്നുവെന്ന വിവരം കിട്ടുന്നത്. KLF ഇല്ലെങ്കിലെന്താ JLF ഉണ്ടല്ലോ എന്നായി ചിന്ത....  സെപ്റ്റംബർ 27 ന് ഇന്ത്യൻ ഹൈക്കമ്മീഷണർ വികാസ് സ്വരൂപ് ഉത്‌ഘാടനം ചെയ്ത JLF ന്റെ മുഖ്യ ആകർഷണം ശശി തരൂരുമായുള്ള സംവാദമായിരുന്നത്രേ. വെള്ളിയാഴ്‌ചയായതിനാൽ, ജോലി കഴിഞ്ഞെത്തുമ്പോൾ രാത്രി ഏറെ വൈകുമെന്നതിനാൽ അന്നത്തെ പരിപാടികളെല്ലാം നഷ്ടമായി. എന്നാലും അന്ന് രാത്രി തന്നെ,വായനക്കൂട്ടത്തിലെ മെസേജിലൂടെ  നിർമ്മലയും മുബിയുമൊത്ത് പോകാനുള്ള പദ്ധതിയും തയ്യാറാക്കി. രാവിലെ തന്നെ പുറപ്പെട്ടു.

പതിവുപോലെ ഞാനും മുബിയും യൂണിയൻ സ്റ്റേഷനിൽ നിർമ്മലയെ കാത്തു നിന്നു... അവിടെ നിന്നൊരുമിച്ച്, ഉത്സവം നടക്കുന്ന ഡിസ്റ്റിലറി ഡിസ്ട്രിക്ട് തെരുവിലേക്ക് നിർമ്മലയുടെ കുഞ്ഞുണ്ണി കാറിൽ കൊണ്ടുപോയാക്കി. ചെന്നിറങ്ങിയതോ, ചാട്ട്  വിഭവങ്ങളുടെ വില്പനശാലയുടെ മുന്നിലേക്ക്...

എന്തായാലും അകത്തുകേറി നോക്കിയിട്ടാവാം എന്നു തീരുമാനിച്ചു.
അകത്ത്, ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും നിറങ്ങളുടെയും  പുസ്തകങ്ങളുടെയും ഉത്സവമേളം... അറിയുന്നതും അറിയാത്തതുമായ ഒത്തിരിയേറെ ഇന്ത്യൻ എഴുത്തുകാർ നിരന്നിങ്ങനെ... കൂട്ടത്തിൽ ഇന്ത്യൻ അല്ലാത്ത കനേഡിയൻ എഴുത്തുകാരുമുണ്ട്.



The Sacred Feminine എന്ന വിഭാഗത്തിൽ  അമേരിക്കൻ ഇന്ത്യൻ എഴുത്തുകാരിയായ ചിത്ര ബാനർജി ഡിവകാറുനി തന്റെ പുതിയ നോവലിലെ സീതയെപ്പറ്റി സംസാരിച്ചു.  കനേഡിയൻ എഴുത്തുകാരിയായ വനേസ്സ സസ്സൻ യശോദര എഴുതാനുണ്ടായ സാഹചര്യങ്ങൾ വിശദീകരിച്ചു.
എന്തുകൊണ്ടോ വായനക്കാരുമായി സംവദിക്കാതെ അവരുടെ നിലപാടുകൾ മാത്രം വിശദീകരിച്ച്  ഏകപക്ഷീയമായി ചർച്ചയാവസാനിപ്പിക്കുകയാണുണ്ടായത്.



എന്നാൽ, അടുത്ത സെഷനായ 'These lands we call home' ൽ നല്ല രീതിയിൽ ചർച്ച മുന്നേറുകയുണ്ടായി. അതിൽ പങ്കെടുത്ത എഴുത്തുകാർ, അമിതാവ് കുമാർ, അനോഷ് ഇറാനി, ഗെൻ ബെനാവ്, സുകേതു മേത്ത എന്നിവരായിരുന്നു. കുടിയേറ്റക്കാർ, അവരുടെ ഭാഷാപ്രശ്നങ്ങൾ എന്നിവയൊക്കെ ചർച്ചാവിഷമായി. കൂട്ടത്തിൽ പറയട്ടെ, അനോഷ് ഇറാനിയുടെ   ചെറുകഥാപുസ്തകത്തിൽ നമ്മുടെ  കേരളവും ഉണ്ട്. ഒരു യോഗ മാസ്റ്റർ, അദ്ദേഹത്തിന്റെ ഉച്ചാരണരീതി.... :)




ഈ സെഷനുകളുടെ ഇടയിൽ ചായ കുടിക്കാനായി പുറത്തിറങ്ങുമ്പോൾ നല്ല മഴ... ചാട്ട് ശാലകൾ അടച്ചുപൂട്ടി പോയതിനാൽ, ചായ മാത്രം കിട്ടി. നല്ല അസ്സൽ ഏലക്കാച്ചായ...! കൽക്കട്ടത്തെരുവുകളിൽ മൺച്ചട്ടിയിൽ കിട്ടിയിരുന്ന ചായയുടെ സ്വാദ്...അങ്ങനെ JLF ഓർമ്മകളുടെ ഉത്സവം കൂടിയായി...!




Related Posts Plugin for WordPress, Blogger...