Saturday, December 27, 2014

മെലൂഹയിലെ ചിരഞ്ജീവികൾ



നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തേക്ക് വന്നിട്ടുള്ള ഒരു വിദേശിയും ഇത്രയും മഹാനായ ഒരാൾ യഥാർത്ഥത്തിൽ ഈ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടാകുമെന്ന് വിശ്വസിച്ചിട്ടുണ്ടാവില്ല.  അതൊരു ഐതിഹ്യമായിരിക്കുമെന്നും മനുഷ്യഭാവനയിൽ മാത്രമായിരിക്കും അതിന്റെ സ്ഥാനമെന്നും അവർ അനുമാനിച്ചു. നിർഭാഗ്യവശാൽ ആ വിശ്വാസം നമ്മളും സ്വീകരിച്ചു. 

പക്ഷെ, നമുക്ക് തെറ്റുപറ്റിയതാണെങ്കിലോ ...? ശിവഭഗവാൻ ഭാവനാകല്പിതമല്ലെങ്കിലോ ...? പകരം രക്തവും മാംസവുമുള്ള മനുഷ്യനായിരുന്നെങ്കിലോ...? കർമ്മം മൂലം ഈശ്വരരൂപം കൈവരിച്ച ഒരു മനുഷ്യൻ...! ആ അനുമാന കല്പനയിൽ കാല്പനികതയും ചരിത്ര യാഥാർത്ഥ്യങ്ങളും ചേർത്ത്, പൌരാണിക ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ വാക്കുകളിലൂടെ വരച്ചുവെച്ചിരിക്കുന്നതാണ്  അമീഷ് തൃപാഠിയുടെ  ശിവപുരാണത്രയം. അതിലെ   ആദ്യ പുസ്തകമാണ് 'മെലൂഹയിലെ ചിരഞ്ജീവികൾ '. 

തിബറ്റിന്റെ താഴ്വാരങ്ങളിൽ നിന്ന് മെലൂഹയുടെ സംസ്ക്കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവൻ എന്ന പച്ചയായ മനുഷ്യൻ തന്റെ കർമ്മ കാണ്ഡത്തിലൂടെ  മഹാദേവനാകുന്ന കഥയാണിത്‌.  

ടിബറ്റിലെ കൈലാസപർവ്വതത്തിന്റെ അടിവാരത്തിലെ ഗുണ എന്ന ഗോത്ര വർഗത്തിന്റെ തലവനായിരുന്ന ശിവനെ  മഹാപർവതത്തിനു അപ്പുറത്ത് നിന്നും എത്തിയ വിദേശി , മെലൂഹ എന്ന തന്റെ രാജ്യത്തേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നു. മാനസ സരോവരമെന്ന പുണ്യ തടാകത്തിനു അടുത്തു തന്നെ തങ്ങളുടെ ഗ്രാമത്തെ നിലനിർത്തുന്നതിനായി വിവിധ മല വർഗ്ഗക്കാരുമായി നിരന്തരം യുദ്ധം ചെയ്യേണ്ടി വരുന്നത് ശിവനെ വല്ലാതെ അലട്ടിയിരുന്നു. ഈ സന്ദർഭത്തിലാണ് വിദേശിയുടെ  ക്ഷണം. 

അങ്ങിനെയാണ് ശിവൻ , തന്റെ ഗോത്രത്തെയും പറിച്ചെടുത്തു മെലൂഹയിലേക്ക് യാത്രയായത്. മഹാപർവതം കയറിയിറങ്ങി കാശ്മീർ താഴ്‌വരയുടെ തലസ്ഥാനമായ ശ്രീനഗറിൽ എത്തിയപ്പോൾ ഒരു പറുദീസ പോലെ കാണപ്പെട്ട മെലൂഹയെന്ന നിർമലമായ ജീവിതഭൂമിക ശിവനെ അത്ഭുതസ്തംബനാക്കി. 

മെലൂഹയിൽ രോഗപ്രതിരോധത്തിനായി നല്കിയ സോമരസം ശിവന്റെ കഴുത്തിന്‌ തണുപ്പും നീല നിറവും നല്കുന്നു. മെലൂഹയിലെ സൂര്യവംശികളുടെ  വിശ്വാസപ്രകാരം നൂറ്റാണ്ടുകളായി അവർ കാത്തിരിക്കുന്ന രക്ഷകന്റെ അടയാളമാണത്. എന്നാൽ, ശിവൻ അതംഗീകരിക്കാൻ തയ്യാറാകുന്നില്ല. എങ്കിലും തന്നിൽ നിക്ഷിപ്തമായ കർമപഥങ്ങളിലൂടെ മുന്നോട്ടു പോകുന്ന ശിവൻ ചന്ദ്രവംശികൾക്കെതിരെ യുദ്ധം ചെയ്യുന്ന സൂര്യവംശികളെ നയിച്ച്‌ യുദ്ധം ജയിക്കുന്നു....

സൂര്യവംശികളോ ചന്ദ്രവംശികളോ ശരിയെന്ന പ്രഹേളികയിൽ കുടുങ്ങുന്ന ശിവനിലെ നന്മ മനുഷ്യനെയും സതിയിൽ അനുരക്തനാകുന്ന ശിവനെയും സുഹൃത്തുക്കൾക്ക് ആപത്തുണ്ടാകുമ്പോൾ രോഷം കൊള്ളുന്ന , പ്രതികാരദാഹിയാകുന്ന ശിവനെയും ഇവിടെ കാണാൻ കഴിയും.

മെലൂഹ എന്ന സംസ്കൃതിയുടെയും മനുഷ്യവംശത്തിന്റെയും ദേവനായി അവതരിക്കുന്ന ശിവനെ ഇതിഹാസത്തിനപ്പുറത്തേക്കു  നയിക്കുന്ന രചന വിവർത്തനത്തിന്റെ മടുപ്പിക്കുന്ന അപാകതകളില്ലാതെ വായിക്കാൻ കഴിയും. 

ശ്രീ.  രാജൻ തുവ്വര മലയാളത്തിലേക്ക് വിവർത്തനം ചെയ്ത 'ശിവപുരാണം' പൂർണ പബ്ലിക്കേഷൻസ് കോഴിക്കോടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Saturday, November 29, 2014

ആതിരയുടെ ലൈസൻസ്



സ്ഥലം, അമേരിക്കയിലെ ഒരു മലയാളിയുടെ വീട് .
സമയം, വ്യാഴാഴ്ച രാവിലെ ഏഴുമണി
സ്കൂള്‍ യൂണിഫോം അണിഞ്ഞു ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാനായി കിച്ചനിലേക്ക് വന്ന കുട്ടികളുടെ മുന്നിലേക്ക്‌ ഓരോ ഗ്ലാസ്‌ പാല്‍ നീക്കിവച്ച്, ആതിര പറഞ്ഞു,"അമ്മയ്ക്കു നാളത്തെ ടെസ്റ്റിനു പഠിക്കാനുള്ളതുകൊണ്ട്  ഇന്നൊന്നും ഉണ്ടാക്കിയില്ല."
മുഖം വീർപ്പിച്ചിട്ടാണെങ്കിലും, അമ്മയ്ക്കു ടെസ്റ്റ്‌ അല്ലേയെന്നോര്‍ത്തു കുട്ടികള്‍ പാല്‍ ഒരുവിധം കുടിച്ചുതീര്‍ത്തു.

 സമയം ഏഴര
 കുട്ടികള്‍ സ്കൂളിലേക്ക് യാത്രയായി.
ടെസ്റ്റിനു പഠിക്കാനുള്ള പുസ്തകവുമായി ആതിര ലിവിംഗ്റൂമിലേക്ക്‌ വന്നു.ഒരു നിമിഷം,കണ്ണുകള്‍ കമ്പ്യൂട്ടറിലേക്ക്...!ഉടനെ നോട്ടം പിന്‍വലിച്ചു,
"ഇല്ലാ,എനിക്ക് പഠിക്കാനുണ്ട്,നാളെ ടെസ്റ്റ്‌ ആണല്ലോ...അതുകഴിയട്ടെ"
സ്വയം പിറുപിറുത്തു. പുസ്തകത്തിൽ മുറുകെപ്പിടിച്ചുകൊണ്ടു സോഫയിലേക്കിരുന്നു. പക്ഷേ, കണ്ണുകളും മനസ്സും കമ്പ്യൂട്ടറില്‍ത്തന്നെ.
"ഒരഞ്ചു മിനിട്ട്, ഒന്നു മെയില്‍മാത്രം നോക്കിയിട്ട് പഠിക്കാനിരിക്കാം...അതില്‍ കുഴപ്പമൊന്നുമില്ല "
മനസ്സില്‍ അങ്ങനെ പറഞ്ഞുകൊണ്ട് ആതിര എണീറ്റ്‌ കമ്പ്യൂട്ടറിന്റെ മുന്നിലേക്ക്‌ വന്നു, അത് ഓണ്‍ ചെയ്തു.
ജീമെയില്‍ തുറന്നു.ധാരാളം പുതിയ ബ്ലോഗ്‌ പോസ്റ്റുകളുടെ ലിങ്കുകള്‍...!

വായാടിയുടെ പോസ്റ്റ്‌, നാട്ടില്‍ പോകുന്നു, ഇനി കുറച്ചുനാളത്തേക്ക് ബ്ലോഗില്‍ ഉണ്ടാവില്ലാന്ന്...

"യ്യോ,വായാടി, നാട്ടില്‍ പോകുന്നോ,ഒരു യാത്രാമംഗളം പറഞ്ഞേക്കാം,അതിനു അധികനേരം വേണ്ടല്ലോ" ലിങ്കില്‍ ക്ലിക്കി അവിടെപ്പോയി ഒരു കമന്റ് ഇട്ടപ്പോഴാണ് സമാധാനമായത്.

അടുത്ത ലിങ്ക് കണ്ണുകളുടെ മത്സരഫലം അറിയേണ്ടേ? എന്നു സിദ്ധിക്ക് തൊഴിയൂര്‍. ആര്‍ക്കായിരിക്കും കിട്ടിയിരിക്കുക, ആകാംക്ഷകൊണ്ട്   അതിലും ഒന്നു ക്ലിക്കി. ഹോ,ഒന്നാം സമ്മാനം ആ തെച്ചിക്കോടനാണല്ലോ കിട്ടിയത്, അങ്ങേരിതെങ്ങനെയാ എല്ലാ കണ്ണുകളും കൃത്യമായി കണ്ടുപിടിച്ചത്..? ആ, വേറെ പണിയൊന്നും കാണില്ലായിരിക്കും, കുത്തിയിരുന്നു  കണ്ടുപിടിച്ചു കാണും.(ആതിരയുടെ മനസ്സിന്റെ കോണില്‍ എവിടെനിന്നോ അസൂയ നുരകുത്തി)

ആളവന്താന്റെ സീക്രട്ട് ഫേസ്പായ്ക്ക് - എന്താണെന്നു ഒന്നു നോക്കിയേക്കാം, കൊള്ളാമെങ്കില്‍ ഒന്നു പരീക്ഷിക്കുകയും ചെയ്യാമല്ലോ.  അയ്യേ... എന്തൊരു മണ്ടിയാണാ ലീലാമ്മ. ഇതിനൊരു കമന്റ് ഇടാതെ പോകുന്നതെങ്ങിനെ...വേഗം ഒരു കമന്റ് ടൈപ്പ് ചെയ്തു അവിടെ പോസ്റ്റ്‌ ചെയ്തു.

അങ്ങിനെ ലിങ്കുകളില്‍ ക്ലിക്കുകയും കമന്റ് ഇടുകയും തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോഴാണ്, ഫോണ്‍ ബെല്ലടിച്ചത്. ഓടിച്ചെന്നെടുത്തു.അങ്ങേത്തലക്കല്‍ മനുവായിരുന്നു.

"എന്തു ചെയ്യുവാ നീ,നാളത്തെ ടെസ്റ്റിനു പ്രിപ്പയര്‍ ചെയ്തോ?"

"ഞാന്‍ പഠിക്കാനിരുന്നതാ മനൂ"

എന്നാല്‍ പഠിച്ചോളൂ, വൈകിട്ട് വരുമ്പോള്‍ 'ടേക്ക് ഔട്ട്‌ ' എന്തെങ്കിലും വാങ്ങി വരാം "

ഫോണ്‍ വച്ചിട്ട് സമയം നോക്കി,മണി പതിനൊന്ന്. സമയമുണ്ട്, ഒരഞ്ചു പത്തു മിനിട്ട് കൂടെ മതി...

പകുതിയാക്കി വച്ച സിജിജോര്‍ജിന്റെ ചാരിറ്റി ഷോപ്പ് എന്ന പോസ്റ്റിലേക്ക് തിരികെയെത്തി ആതിര.ചിരിയടക്കാന്‍ വയ്യല്ലോ ന്റെ ദൈവമേ...എങ്ങനെയാ  ഇവര്‍ക്കൊക്കെ ഇങ്ങിനെ തമാശയൊക്കെ എഴുതാന്‍ പറ്റണെ വോ?  അവിടെയും ഒരു കമന്റ് ഇട്ടു.

വീണ്ടും പോസ്റ്റുകളിലൂടെയും മറ്റും ഒന്നു ചുറ്റിതിരിഞ്ഞും ചിലവയ്ക്ക്  കമന്റ് ഇട്ടും ചിലവയെ മൈന്‍ഡ് ചെയ്യാതെയും ചിലത്, പരമ ബോര്‍ എന്നു സ്വയം പറഞ്ഞും ആതിര കമ്പ്യൂട്ടറിനു  മുന്നില്‍ ഇരുന്നു.
ഇടയ്ക്കെപ്പോഴോ ടെസ്റ്റിന്റെ കാര്യം ഓര്‍മ്മ വന്നപ്പോഴാണ് വീണ്ടും  ക്ലോക്കില്‍  നോക്കിയത്. സമയം മൂന്ന് ഇരുപതായല്ലോ , കുട്ടികള്‍  മൂന്നരക്കെത്തും. ധൃതിയില്‍ സിസ്റ്റം ഓഫാക്കി, പുസ്തകവുമെടുത്ത്‌ സോഫയിലേക്കു  ചാഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ഡോര്‍ ബെല്‍ ശബ്ദിച്ചു.

ബാഗ് സോഫയിലെക്കെറിഞ്ഞു,  ടി.വി. റിമോട്ട് കൈക്കലാക്കി കാര്‍ട്ടൂണ്‍  ചാനല്‍ തുറന്ന്  അതിനു മുന്നില്‍ ഇരുപ്പായി രണ്ടുപേരും. ജാം പുരട്ടിയ ബ്രെഡ്‌ അവര്‍ക്ക് കൊടുത്തുകൊണ്ട്   ആതിര പറഞ്ഞു,

"അമ്മക്ക് നാളെ ടെസ്റ്റ്‌ ആയതുകൊണ്ട് ഇതേയുള്ളൂ ട്ടോ...വൈകിട്ട് അച്ഛന്‍ വരുമ്പോള്‍ 'ടേക്ക് ഔട്ട്‌'കൊണ്ടുവരും."

"ടിവി വോളിയം കുറച്ചു വെക്ക്‌, ഞാന്‍ ഇതൊന്നു പഠിച്ചോട്ടെ"

വീണ്ടും പുസ്തകവുമായി സോഫയിലേക്ക് ചായുന്നതിനിടയിൽ ആതിര കുട്ടികളോട് പറഞ്ഞു. ആ കിടപ്പിൽനിന്നുണരുന്നത്  "അച്ഛന്‍ വന്നു, അച്ഛന്‍ "എന്ന കുട്ടികളുടെ ബഹളം കേട്ടാണ് .

"ഇപ്പോ കഴിക്കാന്‍ പിസ്സ, രാത്രിയിലേക്ക്‌ ചപ്പാത്തിയും ചിക്കനും വാങ്ങിയിട്ടുണ്ട്" ക്യാരിബാഗ്‌ നീട്ടിക്കൊണ്ടു മനു പറഞ്ഞു.

പിസ്സ എടുത്തു മൈക്രോവേവില്‍ വച്ചു ചൂടാക്കി കുട്ടികള്‍ക്ക് കൊടുത്തു, ഒപ്പം ആതിരയും കഴിച്ചു.

അപ്പോഴാണ് ആതിരക്കു ഒരു കാര്യം ഓര്‍മ്മ വന്നത്, നാളത്തെ ടെസ്റ്റിനു ജയിച്ചാല്‍ ലൈസന്‍സ് കാര്‍ഡിനുവേണ്ടി അവര്‍ ഫോട്ടോ എടുക്കുമല്ലോ, ഒന്നു ഫേഷ്യല്‍ ചെയ്യേണ്ടതായിരുന്നു. യ്യോ, പുരികം പോലും ഷേപ്പ് ചെയ്തിട്ടില്ല.,,,!

"മനൂ, പ്ലീസ്... എന്നെയൊന്നു  ബ്യൂട്ടിഷ്യന്റെ അടുത്ത് കൊണ്ടുപോകുമോ? പുരികം ത്രെഡ് ചെയ്യണം, അല്ലെങ്കില്‍ നാളെ ടെസ്റ്റിനു പോകാന്‍ പറ്റില്ല."

പാവം മനു, ഉടനെ ആതിരയേയും കൂട്ടി പാര്‍ലറിലേക്ക് .... പുരികം ഒക്കെ ഷേപ്പ് ചെയ്തു സുന്ദരിയായി വന്ന ആതിരക്കു വീണ്ടും ടെന്‍ഷന്‍ , നാളത്തെ ടെസ്റ്റിന് എന്താണ് എഴുതുക , താന്‍ ഒന്നും പഠിച്ചില്ലല്ലോ എന്നതും ടെന്‍ഷന്‍ കൂട്ടി....

പിറ്റേന്ന് വെള്ളിയാഴ്ച.

രാവിലെ ആറു മണി. ആതിര തലവേദനകൊണ്ട് പുളയുന്നു....

വെപ്രാളപ്പെട്ട് മനു മരുന്നെടുക്കുന്നു. ആതിരയെ ആശ്വസിപ്പിക്കുന്നു. ടെസ്റ്റിനു പോകേണ്ടന്നു പറയുന്നു. ആതിര, സുഖമായി തിരിഞ്ഞു കിടന്നുറങ്ങുന്നു.അന്നത്തെ എല്ലാ കാര്യങ്ങളും  മനു ചെയ്യുന്നു...

ആതിരയുടെ ടെസ്റ്റ്‌ ഇവിടെ അവസാനിക്കുന്നില്ല....!

( പഴയ ചില ബ്ലോഗ്ഗർ സുഹൃത്തുക്കളെയും അന്നത്തെ കൂട്ടായ്മയേയും ഇവിടെ സ്മരിക്കുന്നു )



   

 




Saturday, November 8, 2014

അപൂർണതയുടെ ഒരു പുസ്തകം



അപ്രതീക്ഷിതമായ വഴിത്തിരിവുകളും അത്ഭുതകരമായ യാദൃശ്ചികതകളും ചേർന്ന ജീവിതത്തിന്റെ പ്രതിബിംബമാണ് സൈബർ സ്പേസ്.  എന്നാൽ അവിടെ നിങ്ങളുടെ വിധിയെ നിയന്ത്രിക്കുന്നത്‌ നിങ്ങളുടെ ഉറ്റ മിത്രമാകാം, ശത്രുവാകാം, ലോകത്തിന്റെ ഏതോ കോണിലിരിക്കുന്ന ഒരജ്ഞാത വ്യക്തിയാകാം. അല്ലെങ്കിൽ സമർത്ഥനായ ഒരു ഹാക്കറുമാകാം... പ്രവീണ്‍ ചന്ദ്രന്റെ 'അപൂർണതയുടെ ഒരു പുസ്തകം എന്ന നോവൽ സൈബർ ലോകത്തെ ഹാക്കറുടെ വിസ്മയിപ്പിക്കുന്ന കഥയുമായി മലയാള നോവലിലെ ഒരു പുതിയ ചുവടുവെപ്പായി മാറുന്നു ... 

നരേന്ദ്രൻ എന്ന ടെലികോം സ്വിച്ച് എഞ്ചിനീയറുടെ ജീവിതത്തിലൂടെ സൈബർ ലോകത്തിന്റെ സ്വപ്നജാഗരങ്ങളിലേക്ക് കഥാകാരൻ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു . ഒരു ഹാക്കർ മൂലം ജീവിതം നഷ്ടമാകുന്ന പലരുടെയും കഥ... ഒപ്പം പ്രണയം ഒരാളെ ഏതൊക്കെ വഴികളിലൂടെ നടത്തുന്നുവെന്ന പ്രഹേളികയും... 

വമ്പൻ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നോക്കുന്ന നരേന്ദ്രന് സുരക്ഷാത്തകരാറിന്റെ പേരിൽ ജോലി നഷ്ടപ്പെടുന്നു. അത്, ശമ്പള പരിധി കഴിയുമ്പോഴുള്ള കമ്പനികളുടെ പൊതു അടവായി കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഉണ്ടാകുന്നത്. നരേന്ദ്രന്റെ കൂടെ ജീവിക്കുന്ന സൂസന്നയുടെ ബന്ധു വഴി അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഭുവനേശ് വെളിപ്പെടുത്തുന്ന സത്യങ്ങൾ .... യഥാർത്ഥ ജീവിതത്തെക്കാൾ അയഥാർത്ഥ ലോകത്തിൽ ജീവിക്കുന്ന സൈബർ ജീവികൾ.... യഥാർത്ഥ ജീവിതത്തെ നേരിടാനാവാതെ ജീവിതത്തിൽ നിന്നു തന്നെ ഒളിച്ചോടുന്നവർ ... പരാജയപ്പെടാൻ മക്കളെ പഠിപ്പിക്കാതിരുന്ന മാതാപിതാക്കൾ , വിജയമല്ലാതെ മറ്റൊന്നും അംഗീകരിക്കാൻ കഴിയാത്തവർ ... നഷ്ടപ്പെടുമ്പോൾ മാത്രം തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞിട്ടു എന്തു കാര്യം....?

സ്വന്തം രൂപത്തിലും വ്യക്തിത്വത്തിലും ആത്മവിശ്വാസമില്ലാതെ മുഖംമൂടിയണിഞ്ഞു സൈബർ ലോകത്തെ വ്യക്തിത്വത്തിൽ ആശ്വാസം കണ്ടെത്തുന്നവരുടെ പ്രതിനിധിയാണ് ഭുവനേശും.....   അപകർഷബോധത്തിൽ നിന്നും ഉരുത്തിരിയുന്ന വ്യക്തിത്വങ്ങൾ ...!

അതിനിടയിൽ ലോകത്ത് ഒരു ഹാക്കർക്കും തകർക്കാനാവാത്ത പ്രോഗ്രാം ഡിസൈൻ ചെയ്ത് അതു തകർക്കുന്നവർക്ക് ആ സോഫ്റ്റ്‌വെയർ സൗജന്യമെന്ന് വെല്ലുവിളിച്ച ഭുവനേശ് ആഗ്രഹിച്ചത്‌ സ്വന്തം വിധിയെത്തന്നെ കൈപ്പിടിയിലാക്കാനായിരിക്കാം.  എന്നാൽ ജീവിതം അതിന്റെ ചിപ്പിൽ ഒളിപ്പിച്ചു വെച്ച വിസ്മയങ്ങൾ ഏതു ഹാക്കറെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു....

"പ്രണയം ഡിജിറ്റൽ സ്വപ്നമായി അതിന്റെ അനശ്വര ചക്രവാളങ്ങൾ വിട്ടു ഒന്നിലേക്കും പൂജ്യത്തിലേക്കും ഒതുങ്ങാതെ സ്പർശനങ്ങൾ കൊണ്ട് വർണാഭമാക്കാം ..." എന്നു പറയുന്ന കാമുകിയോട് ... "പ്രണയം ശാശ്വതമായ കാവ്യസങ്കൽപ്പമല്ല, തൊട്ടറിയാനാവാത്ത വികാരമാണെന്ന ഓർമിപ്പിക്കലാണ് ഡിജിറ്റൽ ലോകം ചെയ്യുന്നത്.... നമ്മുടെ സങ്കല്പത്തിലാണ് അവ പ്രതിഫലിപ്പിക്കുന്നത്, യഥാർത്ഥത്തിൽ ഒന്നും എഴുതപ്പെടുന്നില്ല, ഒന്നും പൂജ്യവും ചേർന്ന ബൈനറി ശൃംഖലയിൽ നാം അവ കണ്ടെത്തുകയാണെന്ന് ....." ഓർമിപ്പിക്കുന്നു ഭുവനേശിലെ തത്വചിന്തകൻ  ....

നോവലിൽ ഉടനീളം ഇത്തരം നിരവധി കാവ്യാത്മക മുഹൂർത്തങ്ങൾ നിറഞ്ഞു നിൽക്കുന്നു...

മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച് 2014 ഓഗസ്റ്റിൽ പുറത്തിറങ്ങിയ  പ്രവീണ്‍ ചന്ദ്രന്റെ 'അപൂർണതയുടെ ഒരു പുസ്തകം' വായനയിൽ ഒരു പുതുവിസ്മയമായി.....




Monday, October 20, 2014

ഓർമകളുടെ ആകാശത്ത് തൂവിപ്പോയ ഹൃദയം

എന്നത്തേയും പോലെ രാവിലെ ഒരു കപ്പ്‌ ചായയുമായി അനി ടിവിയിലെ വാർത്തകളിലേക്ക് കണ്ണുനട്ടിരുന്നു. പ്രധാന വാർത്തകൾ കഴിഞ്ഞപ്പോൾ അലസമായി കൈ നീട്ടി മുന്നിലെ ടീപോയിയിൽ നിന്നും പത്രം എടുത്തു. 

അതിനിടയിൽ ടിവിയിൽ തെളിഞ്ഞ മുഖം, ശ്രദ്ധയെ വീണ്ടും ടിവിയിലേക്ക് തന്നെ കൊണ്ടു വന്നു...

"ഇന്ന് ഏപ്രിൽ 11, ലോകം പാർക്കിൻസണ്‍സ്   ദിനമായി ആചരിക്കുന്നു. ഈ ദിനം നമുക്ക് 'സാന്ത്വന'ത്തിലേക്ക് പോകാം....  'സാന്ത്വന' ത്തിലെ അനേകം രോഗികളിൽ  നൊമ്പരപ്പെടുത്തുന്ന ഒരു മുഖമാണ് പ്രിയയുടെത്. അപൂർവമായി മാത്രം യുവാക്കളെ ബാധിക്കുന്ന ഈ രോഗം മുപ്പതുകളിൽ എത്തുന്നതിനു  മുൻപേ പ്രിയയെ പിടികൂടിയതാണ് . ശുശ്രൂഷക്കായിട്ടാണ് കുടുംബം പ്രിയയെ 'സാന്ത്വന'ത്തിൽ ആക്കിയതെങ്കിലും പിന്നീട് ആരും ഇതുവരെ അന്വേഷിച്ചു വന്നിട്ടില്ലയെന്ന്  'സാന്ത്വന'ത്തിന്റെ നടത്തിപ്പുകാർ പറയുന്നു. എങ്കിലും വീട്ടുകാർ മുടങ്ങാതെ അവർക്കായുള്ള പണം ഇവിടെ എത്തിക്കുന്നുണ്ടെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു...  പണം മാത്രം മതിയോ രോഗശമനത്തിന് ....? കേരളത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു പ്രിയയിലേക്ക് ... പ്രിയയിലൂടെ പാർക്കിൻസണ്‍ എന്ന രോഗത്തിലേക്ക് ...  സാന്ത്വനത്തിൽ നിന്നും ക്യാമറാമാൻ സുഭാഷിനോടൊപ്പം വീണ ...."

പിന്നെയും അതേ മുഖം , ക്ഷീണിതയായ  എങ്ങുമെത്താത്ത നോട്ടവും വിറയലാർന്ന കൈകളുമായി പ്രിയ.... അല്ല, പ്രിയയുടെ ഏതോ ജന്മത്തിലെ നിഴൽ , നിമിഷങ്ങളോളം ടിവിയിൽ തങ്ങി നിന്നു ...! ക്യാമറയും വീണയും പ്രിയയിൽ നിന്നും അകന്നു പോകുമ്പോൾ , അനിയുടെ ഹൃദയതാളത്തിൽ എത്തിയിരുന്നു  പ്രിയ...

 ഓർമകളിൽ ഓളങ്ങളിളക്കി മറ്റൊരു മുഖം പതിയെ തെളിഞ്ഞു തുടങ്ങി. പുഞ്ചിരിയും കുസൃതിയും നിറഞ്ഞ മുഖം... തന്റെത് മാത്രമെന്ന് വിശ്വസിച്ചിരുന്ന പ്രിയയുടെ മുഖം...!

എപ്പോഴും പരാതികളും പരിഭവങ്ങളുമാണവൾക്ക് ... ഒരു ദിവസം കണ്ടില്ലെങ്കിൽ , 
"എന്താ പറ്റിയേ , എന്നെ മറന്നോ " എന്നൊക്കെയുള്ള പരിഭവങ്ങളുമായി മുന്നിലെത്തും. പിന്നെ കാർമേഘങ്ങൾ നിറഞ്ഞ മുഖത്ത് പാൽനിലാവ് പടർത്താൻ ഏറെ കഷ്ടപ്പെടേണ്ടി വരും. അതിലൂടെ താനനുഭവിക്കുന്ന സ്നേഹം, പ്രണയം ഒക്കെ അവൾ മനസിലാക്കിയിരുന്നില്ലേ ആവോ... ? ഇല്ലായിരിക്കും, അല്ലെങ്കിൽ അവൾക്കെങ്ങിനെ .... !

രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞെത്തിയതായിരുന്നു . 'ആര്യഭവനിൽ' നിന്നും ഊണും കഴിച്ചു വീട്ടിലേക്കു മടങ്ങുമ്പോൾ നന്നായോന്നുറങ്ങണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

മീനച്ചൂടിന്റെ അസഹ്യതയിൽ ഷർട്ട്‌ അഴിച്ച് ഹാങ്ങറിൽ തൂക്കി, കൈലിയെടുത്തു ഉടുത്തു.  ജനലുകൾ എല്ലാം തുറന്നിട്ടു. കിടക്കാനൊരുങ്ങുമ്പോഴാണ്‌ കോളിംഗ് ബെൽ അടിച്ചത്. 

പ്രിയയാവും എന്നോർത്താണ് വാതിൽ  തുറക്കാൻ പോയതും. 

കതകു തുറന്നതും സുജാത അകത്തേക്ക് കേറി സോഫയിൽ ഇരുന്നു. മൂടിക്കെട്ടിയ മുഖം കണ്ടപ്പോഴേ പന്തികേട്‌ മണത്തിരുന്നു. പ്രദീപുമായി വീണ്ടും വഴക്കുണ്ടായോ എന്തോ ...  സാവധാനം ചെന്ന് അവൾക്കെതിരെയുള്ള  സോഫയിൽ ഇരുന്നു. 

സുജാത പറയട്ടെ എന്നോർത്ത് അവളുടെ മുഖത്ത് നോക്കിയിരുന്നു . 

'എനിക്കിനി വയ്യ അനിയേട്ടാ ... " പൊട്ടിക്കരച്ചിലോടെ അവൾ പറഞ്ഞു.

പ്രദീപ്‌, എന്തക്രമമാകും ഇന്നുണ്ടാക്കിയിട്ടുണ്ടാവുക എന്ന ചിന്ത മുഴുമിക്കുന്നതിനു മുൻപേ സുജാതയിൽ നിന്നും വാക്കുകൾ തെന്നിത്തെറിച്ചു ...

"ഇത്രയും നാൾ മറ്റു സ്ത്രീകളെ കൊണ്ടുവന്നു വൃത്തികേടുകൾ കാണിക്കുന്നതേ  ഉണ്ടായിരുന്നുള്ളൂ . ഇപ്പോൾ ആണുങ്ങളേയും ... ഇന്ന് രണ്ടു പേരെ കൊണ്ട് വന്നു, കുടിയും തീറ്റയും പാട്ടും ഡാൻസും ... അതൊക്കെ സഹിക്കാം. അവസാനം, പറയാൻ അറക്കുന്നു അനിയേട്ടാ... മൂന്നു ആണുങ്ങളും ചേർന്നുള്ള രതിവൈകൃതങ്ങൾ ... " 

അറച്ചിട്ടെന്ന പോലെ സുജാത തല കുടഞ്ഞു .

നെഞ്ചു പിടഞ്ഞു, പാവം കുട്ടി ... എന്തൊക്കെയാണ് അനുഭവിക്കുക,  പ്രദീപിന്റെ കൂടെ   ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ സുജാതയിൽ നിറഞ്ഞു നിന്ന സന്തോഷം, കണ്ണുകളിലെ തിളക്കം ഒക്കെ തന്റെ ഹൃദയത്തിലും സന്തോഷം നിറച്ചിരുന്നു. എല്ലാത്തിലും അവരോടൊപ്പം നിന്നു . കിളികൾ കൂട് കൂട്ടുന്ന പോലെ കുറേശ്ശേയായി അവർ ഒരു കുടുംബം പടുത്തുയർത്തുന്നത് , ഒരു ഏട്ടന്റെ ആഹ്ലാദത്തോടെ കണ്ടു നിന്നു.  പലപ്പോഴും  അവരുടെ പ്രണയം  കണ്ടു അസൂയ പോലും തോന്നിയിട്ടുണ്ട്. എന്നിട്ടിപ്പോൾ....?

പണമുണ്ടാക്കണം , സുജാതയെ അവളുടെ വീടിനേക്കാൾ വലിയ വീട്ടിൽ  താമസിപ്പിക്കണം എന്ന് പ്രദീപ്‌ പറയുമ്പോഴൊക്കെ , " വല്യ വീടൊന്നും വേണ്ട, സന്തോഷവും സമാധാനവുമുള്ള ഒരു കൊച്ചു കിളിക്കൂട്‌ മതി നമുക്ക്" എന്ന സുജാതയുടെ മനസ് അവളോട്‌ കൂടുതൽ ഇഷ്ടം തോന്നിപ്പിച്ചു .

എത്രയും വേഗത്തിൽ പണമുണ്ടാക്കാനുള്ള വ്യഗ്രതയിൽ പ്രദീപ്‌ പല കൂട്ടുകെട്ടുകളിലും ചെന്നുപെടുന്നത് അറിയാൻ വൈകി. തന്നിൽ  നിന്നുപോലും സുജാത എല്ലാം ഒളിച്ചു വെച്ചു . ഒരിക്കൽ പാതിരാത്രിയായിട്ടും പ്രദീപ്‌ തിരിച്ചെത്താതെ വന്നപ്പോഴാണ് അവൾ തന്നെ വിളിച്ചത്. സുജാതയുടെ സ്വരത്തിലെ പരിഭ്രമം  തിരിച്ചറിഞ്ഞതിനാൽ ഉടനെ അവിടേക്ക് ചെന്നു . അപ്പോഴാണ് പ്രദീപിന്റെ വഴിവിട്ട സഞ്ചാരങ്ങൾ അറിയുന്നത് തന്നെ . 

അന്ന്, പ്രദീപിനെ തേടി പാതിരാത്രിയിലും തുറന്നിരിക്കുന്ന ബാറുകൾ തോറും കയറിയിറങ്ങി . അവസാനം അവനുമായി വീട്ടിലെത്തുമ്പോൾ നേരം പുലർന്നിരുന്നു.

"അവർ എന്ത് വേണമെങ്കിലും ചെയ്തോട്ടെ , പക്ഷേ ഒരു കാഴ്ചക്കാരിയായി എന്നെ അവിടെ പിടിച്ചു വെച്ചത് സഹിക്കാനാവുന്നില്ല അനിയേട്ടാ ... ശർദ്ദിക്കാൻ വന്നപ്പോ കണ്ണുകൾ ഇറുക്കിയടച്ചു. പെട്ടന്ന് ചൂടുള്ളതെന്തോ മുഖത്തേക്ക് ചീറ്റിത്തെറിച്ചു... ഒരു നിമിഷം കണ്ണുകൾ തുറന്നു പോയി... വയ്യ അനിയേട്ടാ ... ഇതിൽ കൂടുതൽ എനിക്ക് പറയാൻ വയ്യ ..." 

ഏങ്ങലടിച്ചു  കരയുന്ന സുജാതയുടെ തലയിൽ  കൈ നീട്ടി ഒന്നു  തലോടി . അതോടെ നിയന്ത്രണം വിട്ട  അവൾ സോഫയിൽ നിന്നും കുഴഞ്ഞു വീണു. താങ്ങിപ്പിടിച്ച തന്റെ കൈകളിൽ തൂങ്ങി മടിയിലേക്ക്  മുഖം പൂഴ്ത്തി, വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു അവൾ... 

ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതിരുന്നതിനാൽ പതിയെ അവളുടെ തലയിൽ  തലോടിക്കൊണ്ടിരുന്നു.   അവളുടെ കരച്ചിൽ കാണാൻ ശക്തിയില്ലാതിരുന്നതിനാൽ പൂട്ടിവെച്ച മിഴികളിൽ നിന്നും നനവ്‌ കവിളിലേക്കു പടർന്നതും അറിഞ്ഞിരുന്നില്ല....

"അനീ...." പ്രിയയുടെ ആക്രോശം കേട്ടാണ് കണ്ണു തുറന്നത്. അതിന്റെ ശക്തിയിൽ സുജാതയും തന്റെ മടിയിൽ  നിന്നും ഞെട്ടി പിടഞ്ഞു മാറി. 

അടുത്ത നിമിഷം, ഒരു കൊടുംകാറ്റു പോലെ പുറത്തേക്കു പാഞ്ഞു പോയ പ്രിയയുടെ പിന്നാലെ ആടിയുലഞ്ഞ്  സുജാതയും മെല്ലെ  വാതിൽ  കടന്നു.... എന്താണ് സംഭവിക്കുന്നതെന്നറിയാതെ വിറങ്ങലിച്ചു പോയ നിമിഷങ്ങൾ  ....!

അകത്തെ മുറിയിൽ  നിന്നും ഷർട്ട് എടുത്തിട്ടു പുറത്തേക്ക് ഓടുമ്പോൾ ആരുടെ പുറകെയാണ് പോകേണ്ടതെന്ന ആശയക്കുഴപ്പം മനസ്സിൽ ഉണ്ടായെങ്കിലും കാലുകൾ  ചെന്ന് നിന്നത് പ്രിയയുടെ വീട്ടിലാണ്.

"പ്രിയാ, മോളെ... ഞാൻ പറയട്ടെ , നമ്മുടെ സുജാത .... " മുഴുമിപ്പിക്കാൻ അവൾ അനുവദിച്ചില്ല .

"അതെ, സുജാത... കണ്ടു എല്ലാം... കൂടുതൽ കേൾക്കണ്ട... " 

"ഞാൻ ഒന്ന്... "

വേണ്ട, എനിക്കൊന്നും കേൾക്കണ്ട...."

"പാറൂ ...."

ഇനി എന്നെ അങ്ങിനെ വിളിക്കരുത്, നിങ്ങൾ എന്റെ ആരുമല്ല ... പൊയ്ക്കോ ... " 

തല്ലിയടക്കപ്പെട്ട കതകിനു മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ അൽപ്പനേരം നിന്നു . പൊടുന്നനെയാണ് സുജാതയെ ഓർമ വന്നത്. പ്രിയയെ പിന്നെ കാര്യം പറഞ്ഞു മനസിലാക്കാം, അവൾ ഒന്ന് തണുക്കട്ടെ ...തന്റെ പാറുവല്ലേ ... അവൾക്കു തന്നെ അറിയാമല്ലോ... 

സുജാതയെപ്പറ്റി ഓർത്തപ്പോൾ പുറത്തേക്കോടി. അക്ഷമ കൊണ്ട്,  'കിളിക്കൂട്‌' എന്ന ബോർഡിനു താഴെയുള്ള ബെല്ലിൽ വിരൽ അമർത്തിപ്പിടിച്ചു. ഇല്ല, ആരും കതകു തുറക്കുന്നില്ല.... വീടിനു ചുറ്റും നടന്നു നോക്കി, പിന്നിലെ പാതി തുറന്നു കിടന്ന ജനാലയിലൂടെ അകത്തേക്ക് കണ്ണോടിച്ചു... ആരെയും കാണുന്നില്ല.... 

വേവുന്ന മനസുമായി എങ്ങോട്ട് പോകണമെന്നറിയാതെ  വഴിയിൽ ഉഴറി നിന്നു ... പിന്നെ കാടുപിടിച്ച ചിന്തകളുമായി   എങ്ങോട്ടെന്നില്ലാതെ നടന്നു.

വീണ്ടും ബോധത്തിലേക്ക്‌ വന്നപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. സുജാതയെ എവിടെ തേടണമെന്നറിയാതെ അടുത്ത് കണ്ട കലുങ്കിൽ തളർന്നിരുന്നു ... പിന്നെ കിടന്നു ... 

ഉറങ്ങിപ്പോയെന്നറിയുന്നത്‌ പുലർച്ചെ ചന്തയിൽ പോകുന്ന പെണ്ണുങ്ങളുടെ കലപില കേട്ടുണർന്നപ്പോഴാണ് ... അവരുടെ സംസാരത്തിൽ കേട്ട റെയിൽവേ ട്രാക്കിൽ ഒരു പെണ്ണിന്റെ ശവം എന്നത് മാത്രം പിടിച്ചെടുത്ത ബുദ്ധി , അവിടെക്കോടാൻ പ്രേരിപ്പിച്ചു . 

അത് സുജാതയാവല്ലേ എന്ന പ്രാർത്ഥന ഒരു ദൈവവും കേട്ടില്ല...! 

അതിൽപ്പിന്നെ പ്രിയയെ കാണണമെന്ന് തോന്നിയില്ല ... അവളും വാശിയിൽ തന്നെയായിരുന്നു....

പിന്നെ  ഗൾഫിൽ ജോലിയുള്ളോരാൾ അവളെ കല്യാണം കഴിച്ചുവെന്ന് കേട്ടപ്പോഴും നിസ്സംഗത തന്നെയായിരുന്നു ...

വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു ... ഇപ്പോഴും പ്രിയയുടെ സ്ഥാനത്ത് പ്രിയ മാത്രം ...! 

ആർക്കും വേണ്ടെങ്കിലും തനിക്കവളെ വേണം... 

ഡയറക്റ്ററിയിൽ തപ്പി 'സാന്ത്വന'ത്തിലെ ഫോണ്‍നമ്പർ കണ്ടെത്തുമ്പോൾ ഹൃദയം അപ്പൂപ്പൻതാടി പോലെ പറന്നു തുടങ്ങിയിരുന്നു.
..........

സാവധാനം 'സാന്ത്വന''ത്തിന്റെ പടിക്കെട്ടുകൾ കേറി പ്രിയയുടെ അടുത്തെത്തുമ്പോൾ ഹൃദയം ശാന്തമായിരുന്നു.

 പ്രിയയെ നെഞ്ചോട്‌ ചേർത്ത് പിടിച്ചു , നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് അനി അവളുടെ കാതുകളിൽ മന്ത്രിച്ചു....  

"എന്നേക്കാൾ നന്നായി മറ്റാർക്കാണ് നിന്നെ അറിയാൻ കഴിയുക ന്റെ പാറൂ ... ?"  

Monday, September 15, 2014

കനലെരിയും കാലം - കൂത്താട്ടുകുളം മേരി


അമ്മ വീടിന്റെ ഉമ്മറക്കോലായിൽ വല്യമ്മാമന്റെയും സുഹൃത്തുക്കളുടെയും സംസാരത്തിലാണ് ഇടയ്ക്കിടെ കെ.ആർ എന്നും കൂത്താട്ടുകുളം മേരി എന്നുമൊക്കെ കേട്ടിട്ടുള്ളത്. അതാരെന്ന് അടുക്കളക്കെട്ടിൽ അന്വേഷിച്ചതിന് "പെണ്ണിന് വേറൊന്നും അറിയാനില്ലേ... ? " എന്ന ചോദ്യത്തോടൊപ്പം തലക്കൊരു കിഴുക്കും കിട്ടി. അവിടുന്ന് പുറത്തേക്കിറങ്ങി വെറുതെ പറമ്പിലൂടെ നടക്കുമ്പോഴും ആ പേരുകൾ മനസ്സിൽ നിറഞ്ഞു നിന്നു. ഇനിയും ചോദിക്കാൻ പറ്റിയ ഒരാളുണ്ട്, വല്യേട്ടൻ .... !  കോളേജ് വിട്ടു വരുന്നതു വരെ കാത്തിരിക്കുക തന്നെ.... 

വല്യേട്ടൻ , വളരെ ലളിതമായി പറഞ്ഞു തന്നത് ഇന്നും തെളിമയോടെ ഓർമയിലുണ്ട്... "പാവങ്ങൾക്കായി ജീവിക്കുന്ന മനുഷ്യസ്നേഹിയായ ഒരു ചേച്ചി.... " അന്നത്തെ എന്റെ കുഞ്ഞുമനസ്സിനെ തൃപ്തിപ്പെടുത്താൻ അതു ധാരാളമാണെന്ന് വല്യേട്ടന് നന്നായി അറിയാമായിരുന്നു.

കാലങ്ങൾ പോകെ വല്യമ്മാമനും വല്യേട്ടനും പറയുന്ന കഥകളിലൂടെ കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെടുമ്പോൾ രണ്ടു കെ. ആർമാരുടെയും ആരാധികയായിത്തീർന്നിരുന്നു.

രാജാവിനും രാജവാഴ്ചക്കുമെതിരെ ഒറ്റയാൾ സമരം പ്രഖ്യാപിച്ചു ക്ലാസ്സു വിട്ടിറങ്ങിയിടത്ത് നിന്നാണ് കൂത്താട്ടുകുളം മേരിയുടെ ചരിത്രം വേറിട്ടതായത്. പിന്നീട് സ്വാതന്ത്ര്യ സമരത്തിലും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ത്യാഗപൂർണമായ സാന്നിദ്ധ്യമായി.... നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയിൽ ധീരയായ ഒളിപ്രവർത്തകയായി... ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന്റെയും ജയിൽ ജീവിതത്തിന്റെയും ഇരയായി.... കെ. ആർ എന്റെയുള്ളിൽ വാനോളം വളരുകയായിരുന്നു.



കാലിന്റെ സർജറിയും ഫിസിയോതെറാപ്പിയും ഒക്കെ കഴിഞ്ഞ്, തിരികെ കാനഡക്ക് പോരാറായ സമയത്താണ് ചെന്നൈയിൽ നിന്നും പ്രിയ സുഹൃത്ത്‌ സുനിൽ കൃഷ്ണൻ  കാണാനെത്തിയത്. സുനിലിന്റെ സമ്മാനമായി ലഭിച്ചത് , 'കനലെരിയും കാലം' എന്ന കൂത്താട്ടുകുളം മേരിയുടെ തീക്ഷണമായ ജീവിതാനുഭവം രേഖപ്പെടുത്തിയ പുസ്തകമായിരുന്നു. യാദൃശ്ചികമാകാം , കൂത്താട്ടുകുളം മേരിയുടെ അന്ത്യം അതിന് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു. പഴയകാല സ്മരണകളിലൂടെ കടന്നു പോകുന്ന ദിവസങ്ങളായിരുന്നത്. വല്യേട്ടന്റെ കൂടെ ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് ഒരിക്കൽ , ഒരിക്കൽ മാത്രം കൂത്താട്ടുകുളം മേരിയെന്ന കെ. ആറിനെ കാണാൻ ഭാഗ്യം ലഭിച്ചതൊക്കെ സ്മരണകളിൽ നിറഞ്ഞ ദിവസങ്ങളായിരുന്നു....

തൊണ്ണൂറുകളിൽ പോലും  ഊർജ്ജസ്വലയായിരുന്ന , വെറുതെയിരിക്കാൻ ഇഷ്ടപ്പെടാതിരുന്ന കെ.ആറിന് ആ രണ്ടാം ബാല്യത്തിലാണ് ചിത്രരചന ഒരു ഹരമായി മാറിയത്. 2010 ഫെബ്രുവരിയിൽ എറണാകുളത്ത് തന്റെ ചിത്രപ്രദർശനം നടത്തുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടി ഒന്നാകണമെന്ന സ്വപ്നം ബാക്കി വെച്ച് 2014 ജൂണ്‍ 22 ന് കെ. ആർ എന്ന കൂത്താട്ടുകുളം മേരി ഈ ലോകത്തു നിന്നും യാത്രയായി 


Sunday, August 17, 2014

മേപ്പിളിലകളുടെ വായനക്കൂട്ടം



മെയ് നാല് ശനിയാഴ്ച

പനി, തൊണ്ടവേദന, ശ്വാസം മുട്ടൽ എല്ലാം കൂടെ കിടക്കയിൽ തളച്ചിട്ടിട്ട് രണ്ടാഴ്ചയായി...  ദ്രാവകരൂപത്തിലെ ഭക്ഷണവും ചൂടു പിടുത്തവും ഇൻഹേലറും ഒക്കെയായി ദിവസങ്ങൾ ഇഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഇന്നത്തെ വായനക്കൂട്ടത്തിൽ പങ്കെടുക്കാനാവില്ലല്ലോ എന്ന ആശങ്കയും സങ്കടവുമായി ശനിയാഴ്ച നേരം പുലർന്നു. അന്നത്തെ വായനക്കൂട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു, പതിവുപോലെ ഏതെങ്കിലും ഭക്ഷണശാലയിൽ വെച്ചല്ല, നിർമല തോമസിന്റെ ഹാമിൽട്ടണിലെ വീട്ടിൽ വെച്ചാണ്. നാട്ടിൽ പോയി വന്ന നിർമല കൊണ്ടു വന്ന നാടൻ വിഭവങ്ങളുടേയും മലയാളം പുസ്തകങ്ങളുടെയുമൊക്കെ വിവരണങ്ങൾ ഫേസ്ബുക്ക് മെസേജുകളിലൂടെ  കേട്ടറിഞ്ഞു കൊതിപിടിച്ചുള്ള കാത്തിരിപ്പാണ്. പോരാത്തതിന് 'ഗോ ബസ്' എന്നറിയപ്പെടുന്ന ഇന്റർസിറ്റി ബസിലെ ആദ്യ യാത്രയുടെ ത്രില്ലും... !



മുബിയും ജൂനയുമായി യാത്രയുടെ ഒരുക്കങ്ങൾ,  ചർച്ചകൾ ഒക്കെ ഒരാഴ്ച മുൻപേ തുടങ്ങിയിരുന്നു. അതിനിടയിലാണ് പനിയുടെ താണ്ഡവം.... വെള്ളിയാഴ്ച വൈകിട്ടു വരെ പോകും എന്ന തീരുമാനത്തിൽ ഉറച്ചു നിന്നതിനാലാവണം , ശനിയാഴ്ച കിടക്കയിൽ നിന്നും എണീക്കാൻ പോലും പറ്റാതായിപ്പോയത്.


രാവിലെ തന്നെ മുബിയെ വിളിച്ചു, " എനിക്ക് എണീക്കാൻ പോലും വയ്യല്ലോ, ന്താ പ്പോ ചെയ്യാ...? "  തൊണ്ടയിടറി , കണ്ണു നിറഞ്ഞുള്ള ചോദ്യത്തിൽ മുബിയും സെന്റിയായി,  ഗോ ബസ് എന്ന സ്വപ്നം എവിടെയൊക്കെയോ ഇടിച്ചു മറിഞ്ഞു വീഴുന്ന ശബ്ദമാണോ ഫോണിൽ കേട്ടതെന്ന സംശയത്തിൽ ഫോണിനെ തുറിച്ചു നോക്കി.

കുറച്ചു കഴിഞ്ഞപ്പോൾ , നിർമലയുടെ കോൾ, " വയ്യെങ്കിൽ കുഞ്ഞൂസ് വരേണ്ട കേട്ടോ, നമുക്ക് വേറൊരു ദിവസത്തേക്ക് മാറ്റി വെക്കാം. " സാന്ത്വനത്തിന്റെ മയിൽ‌പ്പീലി കൊണ്ട് ഫോണിലൂടെ തലോടി ആശ്വാസം കൊണ്ടു നിർമല.

ഏറെ താമസിയാതെ ജോജിമ്മയുടെ ഫോണ്‍ വിളിയുമെത്തി .... " ഞാൻ ഉണ്ടാക്കി വെച്ച മട്ടൻ ബിരിയാണി , ഇനി എന്തു ചെയ്യും, തനിയെ തിന്നേണ്ടി വരുമല്ലോ ... " മട്ടൻ ബിരിയാണിയെ ഓർത്ത് ഫോണിലൂടെ ഖേദിച്ചു .



ജൂന , ഇതുവരെ വിളിച്ചില്ലല്ലോ എന്നോർത്തിക്കുമ്പോഴാണ് വീണ്ടും മുബിയുടെ വിളിയെത്തിയത്.  പനി എന്നെ ഇന്നു കിടക്കയിൽ തളച്ചിട്ട കഥയറിയാതെ , ഗോ ബസ് എന്ന സ്വപ്നത്തിന്റെ ചിറകിലേറി പുസ്തകങ്ങളും ഫോട്ടോയെടുക്കുന്ന  പുട്ടുകുറ്റിയുമായി ജൂന , രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങി മുബിയുടെ അടുത്തെത്തിയിരിക്കുന്നു.


ഇനിയെന്ത് എന്ന ചോദ്യചിഹ്നവുമായാണ് മുബിയുടെ വിളി...! അവസാനം, മുബി തന്നെ പരിഹാരവും പറഞ്ഞു, ജൂന വന്ന സ്ഥിതിക്ക് മുബിയും ജൂനയും കൂടി ഹുസൈന്റെ കാറിൽ ഹാമിൽട്ടണിലേക്ക്   പോകാം. കുഞ്ഞേച്ചിയില്ലാതെ  രണ്ടും കൂടി ബസ്സിൽ പോയിട്ട്  പിന്നാലെ അന്വേഷിച്ചു പോകുന്നതിനെക്കാൾ നല്ലത്, കൊണ്ടു  പോയി വിടുന്നതാവും എന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഹുസൈൻ ഈ സാഹസത്തിന് ഒരുങ്ങുന്നതെന്ന് പിന്നാലെ ഹുസൈൻ ഫോണ്‍ ചെയ്തു പറഞ്ഞത് വായനാക്കൂട്ടത്തിൽ  പരസ്യമായ കുഞ്ഞു രഹസ്യം... :) പോകുന്ന വഴി എന്റെ വീട്ടിൽ വന്ന് കൊണ്ടു പോകാനുള്ള പുസ്തകങ്ങൾ ശേഖരിക്കാം. ...  കുഞ്ഞേച്ചിക്കു വേണ്ടി കൂടി മട്ടൻ ബിരിയാണി തിന്നോളാമെന്ന് അവസാന ആണിയും ചങ്കിൽ തറച്ചു കേറ്റിയാണ് മുബി ഫോണ്‍ വെച്ചത്.

ഇതിനിടെ, ഞാനറിയാതെ  അണിയറയിൽ ചില കള്ളക്കളികൾ നടക്കുന്നുണ്ടായിരുന്നു....!!

ഏതാണ്ട്, ഒമ്പതര മണിയോടെ വാതിലിൽ മുട്ടു കേട്ടു. തുറന്നപ്പോൾ മുബിയും ജൂനയും ...! മട്ടൻ ബിരിയാണിയുടെയും മറ്റു വിഭവങ്ങളുടെയും പേരിൽ കുറെയേറെ സഹതാപങ്ങൾ  ചൊരിഞ്ഞു, പുസ്തകങ്ങൾ  എടുക്കന്നതിനിടയിൽ വാതിലിൽ വീണ്ടും മുട്ടു കേൾക്കുന്നു. കൂളിംഗ് ഗ്ലാസ്‌ വെച്ച രണ്ടു പർദ്ദക്കാരികൾ സമോസയും വടയും വേണോന്നു ചോദിച്ചു കൊണ്ട്...! ഈ കച്ചവടക്കാരികൾ എങ്ങിനെ  ബിൽഡിങ്ങിൽ കേറിപ്പറ്റി എന്ന ചിന്തയോടെ ഒന്നും വേണ്ടെന്നു പറഞ്ഞു.



വാതിലടച്ചു തിരിയുന്നതിനു മുൻപേ വീണ്ടും മുട്ടുന്നത് കേട്ടു തുറന്നപ്പോൾ അതേ പർദ്ദക്കാരികൾ ...! കതകടക്കാൻ തുനിഞ്ഞപ്പോഴാണ് അവരുടെ ചിരിക്കുന്ന കണ്ണുകൾ കണ്ടത്...  നല്ല പരിചയമുള്ള, ഉള്ളിൽ  സന്തോഷം  നിറക്കുന്ന കണ്ണുകൾ  ....! നിർമലയും ജോജിമ്മയും ...!

വിശ്വസിക്കാനായില്ല, ഇത്തിരി മുൻപേ വിളിച്ച് ഇനിയൊരു ദിവസം കൂടാമെന്ന് പറഞ്ഞവർ , ഇതാ വാതിൽക്കൽ ... ! ബിരിയാണിയും മറ്റു വിഭവങ്ങളും  പുസ്തകങ്ങളും കൂടാതെ നാട്ടിൽ  നിന്നും കൊണ്ടു വന്ന തൊണ്ടവേദനക്കുള്ള ത്രിഫലചൂർണവുമായി....

അങ്ങിനെ ആകസ്മികമായി വായനക്കൂട്ടം എന്റെ ഫ്ലാറ്റിൽ ....!!

വായനക്കൂട്ടത്തിന്റെ ആദ്യ അജണ്ടയായ ചിരി അപ്പോൾ മുതൽ തുടങ്ങി  .... കുറെ പൊട്ടത്തരങ്ങൾ പറഞ്ഞ് കുറെ ചിരിച്ച് , മനസ്സിനെയും ശരീരത്തേയും സ്വതന്ത്രമാക്കി .... അങ്ങിനെ ചിരിച്ചു മറിയുന്നതിനിടയിൽ ലഘു ഭക്ഷണം...



പിന്നെ വായിച്ച പുസ്തകങ്ങളുടെ അവലോകനം, പുസ്തകങ്ങൾ കൈമാറ്റം ചെയ്യൽ .... തുടർന്ന് കാര്യമായ ഭക്ഷണം.... വീണ്ടും കുറെ ചിരി....




അന്ന് , അടുക്കള  അവരെല്ലാം കൂടെ കയ്യടക്കിയതിനാൽ, ആതിഥേയയുടെ റോൾ ഉണ്ടായിരുന്നില്ല. വൈകുന്നേരത്തെ ചായ കുടിയും കഴിഞ്ഞ് , എല്ലാവരും പിരിയുമ്പോൾ   എന്റെ പനിയും പടിയിറങ്ങിക്കഴിഞ്ഞിരുന്നു.


നല്ല പുസ്തകങ്ങളുടെ വായന മാത്രമല്ല, കാനഡയിലെ തിരക്കിട്ട ജീവിതത്തിൽ അടുത്ത കുറെ ദിവസങ്ങളിലേക്ക് വേണ്ട ഊർജ്ജവും കൂടിയാണ്  ഞങ്ങളുടെ ഈ വായനക്കൂട്ടം ഓരോ തവണയും സമ്മാനിക്കുന്നത്.  അതുകൊണ്ട് തന്നെ അധികം ഇടവേളകളില്ലാതെ ഞങ്ങൾ ഒത്തു ചേരുന്നു....  


Wednesday, February 26, 2014

നീർമിഴിപ്പൂക്കൾ - പ്രകാശനം




കണ്ണൂർ തളിപ്പറമ്പ് സീയെല്ലെസ് ബുക്ക്സ് പ്രസിദ്ധീകരിച്ച എന്റെ ചെറുകഥാസമാഹാരമാണ്  'നീർമിഴിപ്പൂക്കൾ'.  2014 ജനുവരി 19ന് തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ച് കേരള പ്രസ്സ് അക്കാദമി ഡയറക്ടർ ശ്രീ. രാജു റാഫേൽ പ്രകാശന കർമ്മം നിർവഹിച്ചു. എന്റെ അമ്മയാണ് പുസ്തകം ഏറ്റുവാങ്ങിയത്. 
                          

                        



കാലത്തിന്റെ ഇടനാഴിയിൽ കളഞ്ഞു പോയ അക്ഷരമുത്തുകൾ പെറുക്കിയെടുക്കാനുള്ള ഒരു കുഞ്ഞു ശ്രമം...  ഒച്ചപ്പാടുകൾക്കിടയിൽ സ്വയമമർന്നു പോയ അവയുടെ നിശ്വാസങ്ങൾക്ക് കാതോർത്തപ്പോൾ   നിസ്സഹായതയിലും വേദനയിലും പിടഞ്ഞു പൊഴിഞ്ഞു വീണു കിട്ടിയ  ഏതാനും മുത്തുകളാണ് ഈ  'നീർമിഴിപ്പൂക്കൾ'  

എന്റെ കഥകൾ പുസ്തകരൂപത്തിലാക്കാൻ ഉത്സാഹിച്ച, ആദ്യം മുതൽ എല്ലാ സഹായങ്ങളുമായി കൂടെ നിന്ന സീയെല്ലെസ് ബുക്ക്സിന്റെ സാരഥികളായ ചന്ദ്രൻ ചേട്ടനോടും ലീലേച്ചിയോടും ഒരുപാട് നന്ദിയും സ്നേഹവും.... 

തന്റെ തിരക്കുകൾക്കിടയിലും ഓരോ കഥകളേയും വിശകലനം ചെയ്ത് അവതാരിക തയ്യാറാക്കിയ ശ്രീ. പി. സുരേന്ദ്രനും  അതോടൊപ്പം തന്നെ ഹൃദ്യമായ ആസ്വാദനക്കുറിപ്പ്‌ എഴുതിയ ശ്രീ. ചന്തുനായർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും...

അന്നത്തെ ചടങ്ങിന് സ്നേഹത്തോടെ ഓടിയെത്തിയ എല്ലാ കൂട്ടുകാരോടും സ്നേഹം മാത്രം....





സദസ്സ് - ചില  ദൃശ്യങ്ങൾ  


ബ്ലോഗേഴ്സ് 

നീർമിഴിപ്പൂക്കൾ ഇപ്പോൾ ഇന്ദുലേഖ.കോമിൽ ലഭ്യമാണ്. അല്ലെങ്കിൽ clsbuks@gmail.com എന്ന ഐഡിയിലേക്ക് മെയിൽ ചെയ്താലും മതി. 

Related Posts Plugin for WordPress, Blogger...