Saturday, November 8, 2014

അപൂർണതയുടെ ഒരു പുസ്തകം



അപ്രതീക്ഷിതമായ വഴിത്തിരിവുകളും അത്ഭുതകരമായ യാദൃശ്ചികതകളും ചേർന്ന ജീവിതത്തിന്റെ പ്രതിബിംബമാണ് സൈബർ സ്പേസ്.  എന്നാൽ അവിടെ നിങ്ങളുടെ വിധിയെ നിയന്ത്രിക്കുന്നത്‌ നിങ്ങളുടെ ഉറ്റ മിത്രമാകാം, ശത്രുവാകാം, ലോകത്തിന്റെ ഏതോ കോണിലിരിക്കുന്ന ഒരജ്ഞാത വ്യക്തിയാകാം. അല്ലെങ്കിൽ സമർത്ഥനായ ഒരു ഹാക്കറുമാകാം... പ്രവീണ്‍ ചന്ദ്രന്റെ 'അപൂർണതയുടെ ഒരു പുസ്തകം എന്ന നോവൽ സൈബർ ലോകത്തെ ഹാക്കറുടെ വിസ്മയിപ്പിക്കുന്ന കഥയുമായി മലയാള നോവലിലെ ഒരു പുതിയ ചുവടുവെപ്പായി മാറുന്നു ... 

നരേന്ദ്രൻ എന്ന ടെലികോം സ്വിച്ച് എഞ്ചിനീയറുടെ ജീവിതത്തിലൂടെ സൈബർ ലോകത്തിന്റെ സ്വപ്നജാഗരങ്ങളിലേക്ക് കഥാകാരൻ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു . ഒരു ഹാക്കർ മൂലം ജീവിതം നഷ്ടമാകുന്ന പലരുടെയും കഥ... ഒപ്പം പ്രണയം ഒരാളെ ഏതൊക്കെ വഴികളിലൂടെ നടത്തുന്നുവെന്ന പ്രഹേളികയും... 

വമ്പൻ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നോക്കുന്ന നരേന്ദ്രന് സുരക്ഷാത്തകരാറിന്റെ പേരിൽ ജോലി നഷ്ടപ്പെടുന്നു. അത്, ശമ്പള പരിധി കഴിയുമ്പോഴുള്ള കമ്പനികളുടെ പൊതു അടവായി കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഉണ്ടാകുന്നത്. നരേന്ദ്രന്റെ കൂടെ ജീവിക്കുന്ന സൂസന്നയുടെ ബന്ധു വഴി അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഭുവനേശ് വെളിപ്പെടുത്തുന്ന സത്യങ്ങൾ .... യഥാർത്ഥ ജീവിതത്തെക്കാൾ അയഥാർത്ഥ ലോകത്തിൽ ജീവിക്കുന്ന സൈബർ ജീവികൾ.... യഥാർത്ഥ ജീവിതത്തെ നേരിടാനാവാതെ ജീവിതത്തിൽ നിന്നു തന്നെ ഒളിച്ചോടുന്നവർ ... പരാജയപ്പെടാൻ മക്കളെ പഠിപ്പിക്കാതിരുന്ന മാതാപിതാക്കൾ , വിജയമല്ലാതെ മറ്റൊന്നും അംഗീകരിക്കാൻ കഴിയാത്തവർ ... നഷ്ടപ്പെടുമ്പോൾ മാത്രം തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞിട്ടു എന്തു കാര്യം....?

സ്വന്തം രൂപത്തിലും വ്യക്തിത്വത്തിലും ആത്മവിശ്വാസമില്ലാതെ മുഖംമൂടിയണിഞ്ഞു സൈബർ ലോകത്തെ വ്യക്തിത്വത്തിൽ ആശ്വാസം കണ്ടെത്തുന്നവരുടെ പ്രതിനിധിയാണ് ഭുവനേശും.....   അപകർഷബോധത്തിൽ നിന്നും ഉരുത്തിരിയുന്ന വ്യക്തിത്വങ്ങൾ ...!

അതിനിടയിൽ ലോകത്ത് ഒരു ഹാക്കർക്കും തകർക്കാനാവാത്ത പ്രോഗ്രാം ഡിസൈൻ ചെയ്ത് അതു തകർക്കുന്നവർക്ക് ആ സോഫ്റ്റ്‌വെയർ സൗജന്യമെന്ന് വെല്ലുവിളിച്ച ഭുവനേശ് ആഗ്രഹിച്ചത്‌ സ്വന്തം വിധിയെത്തന്നെ കൈപ്പിടിയിലാക്കാനായിരിക്കാം.  എന്നാൽ ജീവിതം അതിന്റെ ചിപ്പിൽ ഒളിപ്പിച്ചു വെച്ച വിസ്മയങ്ങൾ ഏതു ഹാക്കറെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു....

"പ്രണയം ഡിജിറ്റൽ സ്വപ്നമായി അതിന്റെ അനശ്വര ചക്രവാളങ്ങൾ വിട്ടു ഒന്നിലേക്കും പൂജ്യത്തിലേക്കും ഒതുങ്ങാതെ സ്പർശനങ്ങൾ കൊണ്ട് വർണാഭമാക്കാം ..." എന്നു പറയുന്ന കാമുകിയോട് ... "പ്രണയം ശാശ്വതമായ കാവ്യസങ്കൽപ്പമല്ല, തൊട്ടറിയാനാവാത്ത വികാരമാണെന്ന ഓർമിപ്പിക്കലാണ് ഡിജിറ്റൽ ലോകം ചെയ്യുന്നത്.... നമ്മുടെ സങ്കല്പത്തിലാണ് അവ പ്രതിഫലിപ്പിക്കുന്നത്, യഥാർത്ഥത്തിൽ ഒന്നും എഴുതപ്പെടുന്നില്ല, ഒന്നും പൂജ്യവും ചേർന്ന ബൈനറി ശൃംഖലയിൽ നാം അവ കണ്ടെത്തുകയാണെന്ന് ....." ഓർമിപ്പിക്കുന്നു ഭുവനേശിലെ തത്വചിന്തകൻ  ....

നോവലിൽ ഉടനീളം ഇത്തരം നിരവധി കാവ്യാത്മക മുഹൂർത്തങ്ങൾ നിറഞ്ഞു നിൽക്കുന്നു...

മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച് 2014 ഓഗസ്റ്റിൽ പുറത്തിറങ്ങിയ  പ്രവീണ്‍ ചന്ദ്രന്റെ 'അപൂർണതയുടെ ഒരു പുസ്തകം' വായനയിൽ ഒരു പുതുവിസ്മയമായി.....




22 comments:

  1. പുതുമയുള്ള കഥ.
    എന്തായാലും വായിക്കണം

    ReplyDelete
  2. നന്നായി ഇത്രയും ഭംഗിയായി പുസ്തകത്തെ കുറിച്ച് പറഞ്ഞത്. പ്രണയ സങ്കല്പ്പത്തിനെ കുറിച്ചുള്ള കഥാപാത്രത്തിന്റെ ധാരണയും പുസ്തകത്തിലെ കാവ്യ മുഹൂര്ത്തങ്ങളെ കുറിച്ചുള്ള കുഞ്ഞൂസിന്റെ വിവരണവും എത്രയും വേഗം പുസ്തകം വാങ്ങാൻ പ്രേരിപ്പിക്കുന്നു. വായിക്കുമെങ്കിൽ ഞാൻ ആദ്യായിട്ടാകും ഈ എഴുത്തുകാരനെ അറിയുക. ഇത്തരം പുസ്തക പരിചയം പ്രശസനീയം തന്നെ.

    ReplyDelete
  3. അടുത്ത തലമുറകഥകള്‍ വെര്‍ച്ച്വല്‍ വേള്‍ഡിലെ ഇമോഷണല്‍ ആസ്‌പെക്ട്‌സ് അടിസ്ഥാനമാക്കിയായിരിക്കും എന്നും കരുതാം അല്ലേ... നല്ല പരിചയപ്പെടുത്തല്‍.

    ReplyDelete
  4. പുതിയ പ്രമേയം, രസമുണ്ട്

    ReplyDelete
  5. നന്നായി ഈ പരിചയപ്പെടുത്തൽ

    ReplyDelete
  6. ഇത്തരം പരിചയപ്പെടുത്തലുകൾ വായനയെ നില നിർത്തും. ആശംസകൾ

    ReplyDelete
  7. പരിചയപ്പെടുത്തല്‍ നന്നായി.

    ReplyDelete
  8. നന്നായി ..പരിചയപ്പെടുത്തിയതിനു നന്ദി ...!

    ReplyDelete
  9. വായിച്ചില്ല.... വായിക്കാം ചേച്ചി :) :)

    ReplyDelete
  10. പ്രഷറും ഷുഗറുമൊക്കെ ചെക്ക് ചെയ്താൽ ഉള്ള സമാധാനം പോയിക്കിട്ടും, അതോണ്ട് ചെക്കീയ്യണ്ടാന്ന് ചില കാർന്നോന്മാർ വാശിപിടിക്കും.
    അതേ കാരണത്താൽ............ചെറുത് ഈ പുസ്തകം വായിക്കില്യ ;)

    ReplyDelete
  11. പരിചയപ്പെടുത്തല്‍ നന്നായി

    ReplyDelete
  12. പുസ്തകം പരിചയപ്പെടുത്തിയത് നന്നായി.
    ആശംസകള്‍

    ReplyDelete
  13. കുഞ്ഞൂസ് ഞങ്ങളെക്കൊണ്ട് കുറേ പുസ്തകങ്ങൾ വായിപ്പിച്ചേ അടങ്ങൂ അല്ലേ? :)

    ReplyDelete
  14. വായനയിൽ ഒരു പുതുവിസ്മയമായി തന്നെ
    ഈ പുസ്തകത്തെ പരിചയപ്പെടുത്തിയിരിക്കുന്നൂ..

    ReplyDelete
  15. വായിച്ചില്ല. പരിചയപ്പെടുത്തിയതിന്‌ നന്ദി...

    ReplyDelete
  16. നല്ല അവലോകനം. പുസ്തകം വാങ്ങാൻ പ്രേരിപ്പിക്കുന്നൂ.... ആശംസകൾ കുഞ്ഞൂസ്

    ReplyDelete
  17. നാം ജീവിക്കുന്ന ലോകത്തിന്‌ എത്ര അടരുകളാണ്‌ ? സാധാരണമെന്ന് കരുതുന്ന ഒരു ജീവിതത്തിലേക്ക്‌ അസാധാരണമായ ചില അടരുകൾ കടന്നുവരുമ്പോൾ എന്തെല്ലാം സംഭവിക്കുന്നു. സ്നേഹവും വെറുപ്പും വിരക്തിയും പ്രതികാരവും കൂടിക്കുഴഞ്ഞ്‌ നാം നിസ്സഹായരാകുന്നു. നിസ്സഹായമായ നിസ്സാരതയിൽ പ്രണയവും സ്നേഹവും പോലെ പ്രകാശപൂർണ്ണമായ ചില വികാരങ്ങൾ ചിതറിപ്പോകുന്നത്‌ അസഹനീയമാണ്‌. ആ അസഹനീയത കുഞ്ഞൂസിന്‌ തൊടാനായതിൽ സന്തോഷം. പ്രവീൺ ചന്ദ്രൻ

    ReplyDelete
  18. പുസ്തകം വായിക്കാൻ തോന്നുന്നു ഈ പരിചയപ്പെടുത്തൽ വായിച്ചിട്ട്. വായനാലിസ്റ്റിലേക്ക് ഒരെണ്ണം കൂടി ചേർത്ത് വയ്ക്കാൻ പ്രേരിപ്പിച്ചതിനു നന്ദി;സ്നേഹം.

    ReplyDelete
  19. പുസ്തകം വാങ്ങാം .. വായിക്കാം .നന്ദി

    ReplyDelete
  20. റീഡുന്നുണ്ട് :) പരിചയപ്പെടുത്തിയതിനു നന്ദി

    ReplyDelete
  21. കുഞ്ഞൂസിന്റെ കുറിപ്പ് കുഞ്ഞാണെങ്കിലും മനോഹരം..വായിപ്പിക്കാന്‍ ഇതുമതി. പുസ്തകം പ്രകാശനത്തിനു മുന്നേ വായിക്കാനായെങ്കിലും അഭിപ്രായം എഴുത്തുകാരനെ അറിയിക്കാനായെങ്കിലും കുറിപ്പെഴുതണമെന്ന് ആഗ്രഹിച്ചിട്ട് ഇന്നേവരെ സാധിക്കാത്തതിലുള്ള വിഷമം കൂടി പങ്കുവെക്കട്ടെ...

    ReplyDelete

Related Posts Plugin for WordPress, Blogger...