Saturday, November 29, 2014

ആതിരയുടെ ലൈസൻസ്



സ്ഥലം, അമേരിക്കയിലെ ഒരു മലയാളിയുടെ വീട് .
സമയം, വ്യാഴാഴ്ച രാവിലെ ഏഴുമണി
സ്കൂള്‍ യൂണിഫോം അണിഞ്ഞു ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാനായി കിച്ചനിലേക്ക് വന്ന കുട്ടികളുടെ മുന്നിലേക്ക്‌ ഓരോ ഗ്ലാസ്‌ പാല്‍ നീക്കിവച്ച്, ആതിര പറഞ്ഞു,"അമ്മയ്ക്കു നാളത്തെ ടെസ്റ്റിനു പഠിക്കാനുള്ളതുകൊണ്ട്  ഇന്നൊന്നും ഉണ്ടാക്കിയില്ല."
മുഖം വീർപ്പിച്ചിട്ടാണെങ്കിലും, അമ്മയ്ക്കു ടെസ്റ്റ്‌ അല്ലേയെന്നോര്‍ത്തു കുട്ടികള്‍ പാല്‍ ഒരുവിധം കുടിച്ചുതീര്‍ത്തു.

 സമയം ഏഴര
 കുട്ടികള്‍ സ്കൂളിലേക്ക് യാത്രയായി.
ടെസ്റ്റിനു പഠിക്കാനുള്ള പുസ്തകവുമായി ആതിര ലിവിംഗ്റൂമിലേക്ക്‌ വന്നു.ഒരു നിമിഷം,കണ്ണുകള്‍ കമ്പ്യൂട്ടറിലേക്ക്...!ഉടനെ നോട്ടം പിന്‍വലിച്ചു,
"ഇല്ലാ,എനിക്ക് പഠിക്കാനുണ്ട്,നാളെ ടെസ്റ്റ്‌ ആണല്ലോ...അതുകഴിയട്ടെ"
സ്വയം പിറുപിറുത്തു. പുസ്തകത്തിൽ മുറുകെപ്പിടിച്ചുകൊണ്ടു സോഫയിലേക്കിരുന്നു. പക്ഷേ, കണ്ണുകളും മനസ്സും കമ്പ്യൂട്ടറില്‍ത്തന്നെ.
"ഒരഞ്ചു മിനിട്ട്, ഒന്നു മെയില്‍മാത്രം നോക്കിയിട്ട് പഠിക്കാനിരിക്കാം...അതില്‍ കുഴപ്പമൊന്നുമില്ല "
മനസ്സില്‍ അങ്ങനെ പറഞ്ഞുകൊണ്ട് ആതിര എണീറ്റ്‌ കമ്പ്യൂട്ടറിന്റെ മുന്നിലേക്ക്‌ വന്നു, അത് ഓണ്‍ ചെയ്തു.
ജീമെയില്‍ തുറന്നു.ധാരാളം പുതിയ ബ്ലോഗ്‌ പോസ്റ്റുകളുടെ ലിങ്കുകള്‍...!

വായാടിയുടെ പോസ്റ്റ്‌, നാട്ടില്‍ പോകുന്നു, ഇനി കുറച്ചുനാളത്തേക്ക് ബ്ലോഗില്‍ ഉണ്ടാവില്ലാന്ന്...

"യ്യോ,വായാടി, നാട്ടില്‍ പോകുന്നോ,ഒരു യാത്രാമംഗളം പറഞ്ഞേക്കാം,അതിനു അധികനേരം വേണ്ടല്ലോ" ലിങ്കില്‍ ക്ലിക്കി അവിടെപ്പോയി ഒരു കമന്റ് ഇട്ടപ്പോഴാണ് സമാധാനമായത്.

അടുത്ത ലിങ്ക് കണ്ണുകളുടെ മത്സരഫലം അറിയേണ്ടേ? എന്നു സിദ്ധിക്ക് തൊഴിയൂര്‍. ആര്‍ക്കായിരിക്കും കിട്ടിയിരിക്കുക, ആകാംക്ഷകൊണ്ട്   അതിലും ഒന്നു ക്ലിക്കി. ഹോ,ഒന്നാം സമ്മാനം ആ തെച്ചിക്കോടനാണല്ലോ കിട്ടിയത്, അങ്ങേരിതെങ്ങനെയാ എല്ലാ കണ്ണുകളും കൃത്യമായി കണ്ടുപിടിച്ചത്..? ആ, വേറെ പണിയൊന്നും കാണില്ലായിരിക്കും, കുത്തിയിരുന്നു  കണ്ടുപിടിച്ചു കാണും.(ആതിരയുടെ മനസ്സിന്റെ കോണില്‍ എവിടെനിന്നോ അസൂയ നുരകുത്തി)

ആളവന്താന്റെ സീക്രട്ട് ഫേസ്പായ്ക്ക് - എന്താണെന്നു ഒന്നു നോക്കിയേക്കാം, കൊള്ളാമെങ്കില്‍ ഒന്നു പരീക്ഷിക്കുകയും ചെയ്യാമല്ലോ.  അയ്യേ... എന്തൊരു മണ്ടിയാണാ ലീലാമ്മ. ഇതിനൊരു കമന്റ് ഇടാതെ പോകുന്നതെങ്ങിനെ...വേഗം ഒരു കമന്റ് ടൈപ്പ് ചെയ്തു അവിടെ പോസ്റ്റ്‌ ചെയ്തു.

അങ്ങിനെ ലിങ്കുകളില്‍ ക്ലിക്കുകയും കമന്റ് ഇടുകയും തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോഴാണ്, ഫോണ്‍ ബെല്ലടിച്ചത്. ഓടിച്ചെന്നെടുത്തു.അങ്ങേത്തലക്കല്‍ മനുവായിരുന്നു.

"എന്തു ചെയ്യുവാ നീ,നാളത്തെ ടെസ്റ്റിനു പ്രിപ്പയര്‍ ചെയ്തോ?"

"ഞാന്‍ പഠിക്കാനിരുന്നതാ മനൂ"

എന്നാല്‍ പഠിച്ചോളൂ, വൈകിട്ട് വരുമ്പോള്‍ 'ടേക്ക് ഔട്ട്‌ ' എന്തെങ്കിലും വാങ്ങി വരാം "

ഫോണ്‍ വച്ചിട്ട് സമയം നോക്കി,മണി പതിനൊന്ന്. സമയമുണ്ട്, ഒരഞ്ചു പത്തു മിനിട്ട് കൂടെ മതി...

പകുതിയാക്കി വച്ച സിജിജോര്‍ജിന്റെ ചാരിറ്റി ഷോപ്പ് എന്ന പോസ്റ്റിലേക്ക് തിരികെയെത്തി ആതിര.ചിരിയടക്കാന്‍ വയ്യല്ലോ ന്റെ ദൈവമേ...എങ്ങനെയാ  ഇവര്‍ക്കൊക്കെ ഇങ്ങിനെ തമാശയൊക്കെ എഴുതാന്‍ പറ്റണെ വോ?  അവിടെയും ഒരു കമന്റ് ഇട്ടു.

വീണ്ടും പോസ്റ്റുകളിലൂടെയും മറ്റും ഒന്നു ചുറ്റിതിരിഞ്ഞും ചിലവയ്ക്ക്  കമന്റ് ഇട്ടും ചിലവയെ മൈന്‍ഡ് ചെയ്യാതെയും ചിലത്, പരമ ബോര്‍ എന്നു സ്വയം പറഞ്ഞും ആതിര കമ്പ്യൂട്ടറിനു  മുന്നില്‍ ഇരുന്നു.
ഇടയ്ക്കെപ്പോഴോ ടെസ്റ്റിന്റെ കാര്യം ഓര്‍മ്മ വന്നപ്പോഴാണ് വീണ്ടും  ക്ലോക്കില്‍  നോക്കിയത്. സമയം മൂന്ന് ഇരുപതായല്ലോ , കുട്ടികള്‍  മൂന്നരക്കെത്തും. ധൃതിയില്‍ സിസ്റ്റം ഓഫാക്കി, പുസ്തകവുമെടുത്ത്‌ സോഫയിലേക്കു  ചാഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ഡോര്‍ ബെല്‍ ശബ്ദിച്ചു.

ബാഗ് സോഫയിലെക്കെറിഞ്ഞു,  ടി.വി. റിമോട്ട് കൈക്കലാക്കി കാര്‍ട്ടൂണ്‍  ചാനല്‍ തുറന്ന്  അതിനു മുന്നില്‍ ഇരുപ്പായി രണ്ടുപേരും. ജാം പുരട്ടിയ ബ്രെഡ്‌ അവര്‍ക്ക് കൊടുത്തുകൊണ്ട്   ആതിര പറഞ്ഞു,

"അമ്മക്ക് നാളെ ടെസ്റ്റ്‌ ആയതുകൊണ്ട് ഇതേയുള്ളൂ ട്ടോ...വൈകിട്ട് അച്ഛന്‍ വരുമ്പോള്‍ 'ടേക്ക് ഔട്ട്‌'കൊണ്ടുവരും."

"ടിവി വോളിയം കുറച്ചു വെക്ക്‌, ഞാന്‍ ഇതൊന്നു പഠിച്ചോട്ടെ"

വീണ്ടും പുസ്തകവുമായി സോഫയിലേക്ക് ചായുന്നതിനിടയിൽ ആതിര കുട്ടികളോട് പറഞ്ഞു. ആ കിടപ്പിൽനിന്നുണരുന്നത്  "അച്ഛന്‍ വന്നു, അച്ഛന്‍ "എന്ന കുട്ടികളുടെ ബഹളം കേട്ടാണ് .

"ഇപ്പോ കഴിക്കാന്‍ പിസ്സ, രാത്രിയിലേക്ക്‌ ചപ്പാത്തിയും ചിക്കനും വാങ്ങിയിട്ടുണ്ട്" ക്യാരിബാഗ്‌ നീട്ടിക്കൊണ്ടു മനു പറഞ്ഞു.

പിസ്സ എടുത്തു മൈക്രോവേവില്‍ വച്ചു ചൂടാക്കി കുട്ടികള്‍ക്ക് കൊടുത്തു, ഒപ്പം ആതിരയും കഴിച്ചു.

അപ്പോഴാണ് ആതിരക്കു ഒരു കാര്യം ഓര്‍മ്മ വന്നത്, നാളത്തെ ടെസ്റ്റിനു ജയിച്ചാല്‍ ലൈസന്‍സ് കാര്‍ഡിനുവേണ്ടി അവര്‍ ഫോട്ടോ എടുക്കുമല്ലോ, ഒന്നു ഫേഷ്യല്‍ ചെയ്യേണ്ടതായിരുന്നു. യ്യോ, പുരികം പോലും ഷേപ്പ് ചെയ്തിട്ടില്ല.,,,!

"മനൂ, പ്ലീസ്... എന്നെയൊന്നു  ബ്യൂട്ടിഷ്യന്റെ അടുത്ത് കൊണ്ടുപോകുമോ? പുരികം ത്രെഡ് ചെയ്യണം, അല്ലെങ്കില്‍ നാളെ ടെസ്റ്റിനു പോകാന്‍ പറ്റില്ല."

പാവം മനു, ഉടനെ ആതിരയേയും കൂട്ടി പാര്‍ലറിലേക്ക് .... പുരികം ഒക്കെ ഷേപ്പ് ചെയ്തു സുന്ദരിയായി വന്ന ആതിരക്കു വീണ്ടും ടെന്‍ഷന്‍ , നാളത്തെ ടെസ്റ്റിന് എന്താണ് എഴുതുക , താന്‍ ഒന്നും പഠിച്ചില്ലല്ലോ എന്നതും ടെന്‍ഷന്‍ കൂട്ടി....

പിറ്റേന്ന് വെള്ളിയാഴ്ച.

രാവിലെ ആറു മണി. ആതിര തലവേദനകൊണ്ട് പുളയുന്നു....

വെപ്രാളപ്പെട്ട് മനു മരുന്നെടുക്കുന്നു. ആതിരയെ ആശ്വസിപ്പിക്കുന്നു. ടെസ്റ്റിനു പോകേണ്ടന്നു പറയുന്നു. ആതിര, സുഖമായി തിരിഞ്ഞു കിടന്നുറങ്ങുന്നു.അന്നത്തെ എല്ലാ കാര്യങ്ങളും  മനു ചെയ്യുന്നു...

ആതിരയുടെ ടെസ്റ്റ്‌ ഇവിടെ അവസാനിക്കുന്നില്ല....!

( പഴയ ചില ബ്ലോഗ്ഗർ സുഹൃത്തുക്കളെയും അന്നത്തെ കൂട്ടായ്മയേയും ഇവിടെ സ്മരിക്കുന്നു )



   

 




31 comments:

  1. പാവം തലവേദന വന്നതോണ്ടല്ലേ ടെസ്റ്റ്‌ എഴുതാഞ്ഞത്.... അല്ലാതെ പഠിക്കാഞ്ഞിട്ടൊന്നും അല്ലാട്ടോ... :) :)

    ReplyDelete
  2. അമ്മയും ഒരു കുട്ടിയല്ലേ?

    ReplyDelete
  3. വല്യ ടെൻഷനുകൾ അതിനിടയിലെ കുഞ്ഞു പ്രശ്നങ്ങൾ

    ReplyDelete
  4. സമയമില്ല...എല്ലാം ഓടിപ്പിടഞ്ഞാണ്...അതിനിടയില്‍ ഏതു വേണം ഏത് വേണ്ട എന്ന്‍ തീരുനിക്കാന്‍ പ്രയാസമാക്കുന്നു പ്രതീക്ഷകള്‍...

    ReplyDelete
  5. വായാടി
    തൊഴിയൂര്‍
    ആളവന്താന്‍
    സിജി ജോര്‍ജ്

    അവരൊക്കെ നവയൌവനത്തില്‍ ആയിരുന്നപ്പോഴാണ് ഒരു ശിശുവായി ഞാന്‍ ബ്ലോഗുലകത്തിലേയ്ക്ക് വന്നത്. അതുകൊണ്ട് തന്നെ പഴയ പേരുകളൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സുഖനൊമ്പരം!!

    ReplyDelete
  6. നന്നായി ...എനിയ്ക്കിപ്പോ എന്‍റെ സ്കൂള്‍ കോളേജ് കാലം ഓര്‍മ്മ വരുന്നു ...

    ReplyDelete
  7. അത്ഭുതം! ഇതെങ്ങനെ കുഞ്ഞു അറിഞ്ഞു???!!!

    ReplyDelete
    Replies
    1. അത്ഭുതം..! ഗിരിജയെങ്കിലും അത് ചോദിച്ചല്ലോ.... :)

      Delete
  8. ആതിരയുടെ കാര്യം എന്തായോ എന്തോ...?
    പിന്നെ ഒരു കാര്യം ആ പഴയ ബ്ലോഗര്‍ വായാടി എവിടെപ്പോയി ഒളിച്ചു...?

    ReplyDelete
    Replies
    1. പലരെയും കാണുന്നില്ല റോസിലീ ... :(

      Delete
  9. മിനിഞ്ഞാന്ന് തന്നെ വായിച്ചതായിരുന്നു. അഭിപ്രായം കുറിക്കും നേരല്ലേ ഒരുമെയില്‍! വേഗം അങ്ങോട്ടോടി.പിന്നെ FBയില്‍‍ കടന്നു...മറ്റു ഗ്രൂപ്പുകളിലൂടെ സഞ്ചാരം.........എന്തുപറയുന്നു.അപ്പോ ബ്ലോഗുകാര്യാ വിട്ടു...
    എല്ലാര്‍ക്കും പറ്റൂലോ.........അതാണ്ടായേ......
    ആശംസകള്‍

    ReplyDelete
  10. ടെസ്റ്റിന്‌ പഠിച്ചില്ലെങ്കിലും പുരികം ത്രെഡ് ചെയ്യാൻ സമയം കണ്ടെത്തി. ഇതിനെയാണ്‌ ആത്മവിശ്വാസം എന്നുപറയുന്നത്.

    ReplyDelete
  11. ഈ ആതിരയ്ക്ക് എല്ലാ‍വരുടേയും ഛായ തന്നെ ...!
    എന്തായാലും ആതിര കാരണം ആ പഴയ മുഖങ്ങളെല്ലാം
    ഓർമ്മ വന്നു.സിജോ ഇന്നലെയും കൂ‍ടി വിളിച്ചിരുന്നു..

    ReplyDelete
  12. പാവം ഒരു അമേരിക്കാൻ മലയാളി വീട്ടമ്മയുടെ കഷ്ടപ്പാടുകൾ…!

    ReplyDelete
  13. ഹ..ഹ..ഹ..
    ഇങ്ങിനെയാ അമേരിക്കയിൽ എല്ലാരും ടെസ്റ്റിനു ഇരിക്കുന്നതല്ലേ..?
    കുഞ്ഞൂസ് പഴയ പേരുകൾ ഓർമിപ്പിച്ചപ്പോൾ ആ സുന്ദര ദിനങ്ങൾവല്ലാതെ മിസ്സ്‌ ചെയ്യുന്നു..
    പ്രത്യേകിച്ച് വായാടിയെ..

    ReplyDelete
  14. “വായാടി”നാട്ടിൽ പോകുന്നു എന്നു വായിച്ചപ്പോൾ തന്നെ പോസ്റ്റിന്റെ ഡേറ്റ് നോക്കെണ്ടി വന്നു. രീപോസ്റ്റാണെന്നു കരുതി വായിച്ചു.
    നന്നായി ആശംസകൾ

    ReplyDelete
  15. ചിലപ്പോഴൊക്കെ തലവേദന അനുഗ്രഹമായി മാറാറുണ്ട്‌. ടെസ്റ്റുകളും അനുഗ്രഹമായി മാറാറുണ്ട്‌:))

    (പണ്ട്‌ നാടകമൽസരത്തിന്‌ ചേർന്നിട്ട്‌ സമയമായപ്പോൾ ഒരു തലവേദന...തലവേദനയല്ലേ സാരമാക്കേണ്ട, അഭിനയിച്ചില്ലേ നമ്മുടെ പേരു നാറും എന്ന്‌ കൂട്ടുകാരു പറഞ്ഞപ്പോൾ...മറ്റൊന്നും ആലോചിക്കാതെ ഒന്നു കറങ്ങി വീണു. അങ്ങനെ തലകറക്കവും അനുഗ്രഹമായി.)

    ReplyDelete
  16. പരമ ബോർ എന്ന് പറയാൻ ഞാൻ ഒന്നും ഇപ്പൊ എഴുതാറി ല്ലല്ലോ എന്ന് ഓർത്തു പോയി പക്ഷെ

    "പഴയ ചില ബ്ലോഗ്ഗർ സുഹൃത്തുക്കളെയും അന്നത്തെ കൂട്ടായ്മയേയും ഇവിടെ സ്മരിക്കുന്നു " മുനപത്തെ കാര്യമാണ് എന്ന് കണ്ടപ്പോൾ സമാധാനമായത് :)

    ReplyDelete
  17. എത്രയെത്ര ആതിരമാർ ലൈസൻസ് കിട്ടാതെ ഇരിയ്ക്കുന്നു.

    ReplyDelete
  18. ഇതെങ്ങനെ എന്നെപ്പോലെ തന്നെ. ഈ ആതിര ഇപ്പോൾ എവിടെയാ? എഫ്ബി യിലും, ബ്ലോഗിലും ഒക്കെ തുടക്കക്കാരി. അതുകൊണ്ടാവും എന്റെയീ തലവേദന. കുറേക്കഴിയുമ്പോൾ മാറുമായിരിക്കും. എന്തായാലും ഇന്നു രാവിലത്തെ തലവേദനക്ക് അല്പം ആശ്വാസം. വായിക്കാൻ രസമായിരുന്നു.

    ReplyDelete
  19. കുഞ്ഞേച്ചി... രസായിരിക്കുന്നു...

    ReplyDelete
  20. "വായാടി തൊഴിയൂര്‍ ആളവന്താന്‍ സിജി ജോര്‍ജ് അവരൊക്കെ നവയൌവനത്തില്‍ ആയിരുന്നപ്പോഴാണ് ഒരു ശിശുവായി ഞാന്‍ ബ്ലോഗുലകത്തിലേയ്ക്ക് വന്നത്. അതുകൊണ്ട് തന്നെ പഴയ പേരുകളൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സുഖനൊമ്പരം"!! Reply.Ajith chettan

    കലാ വല്ലഭൻ പറഞ്ഞ പോലെ ഒന്ന് കൂടി പോയി
    കുഞ്ഞുസിന്റെ പോസ്റ്റ്‌ ഡേറ്റ് നോക്കി.പഴയ
    പോസ്റ്റ്‌ വല്ലതും ആണോന്നു.ആതിരയെക്കാൾ
    ഈ പോസ്റ്റ്‌ ഓർമിപ്പിച്ചത് പഴയ ബ്ലോഗ്‌ സുഹൃത്തുക്കളെ
    ആണ്.ഞാൻ എന്റെ പൊടി പിടിച്ച ബ്ലോഗിൽ പോയി
    പഴയ കമന്റുകൾ ഒക്കെ ഒന്ന് വായിച്ചു വന്നു.ഒരു
    വല്ലാത്ത missing feeling :(

    നന്നായി enjoy ചെയ്തു വായിച്ചു കുഞ്ഞുസേ ഈ പോസ്റ്റ്‌ .
    ആതിരക്കു ഇപ്പൊ ലൈസൻസു കൊടുക്കണ്ട.രണ്ടു മൂന്നു
    പോസ്റ്റ്‌ കൂടി ഇട്ടിട്ടു മതി കുഞ്ഞുസ് :)

    ReplyDelete
  21. വളരെ നന്നായിരിക്കുന്നു എഴുത്ത്... കുഞ്ഞൂസിന് കൃസ്തുമസ്സ് & ന്യൂ ഇയര്‍ ആശംസകള്‍

    ReplyDelete
  22. ആ പോസ്റ്റുകളുടെ ഒക്കെ ലിങ്കും കൂടി ഇങ്ങ് തന്നിരുന്നെങ്കിൽ ഞാനും കൂടി വായിച്ചേനെ.
    എന്നാലും ആതിര കൊള്ളാം ആള്, എല്ലാ മാസവും റ്റെസ്റ്റ് ഒപ്പിച്ചാ മതിയല്ലൊ കെട്ടിയോനെ പറ്റിക്കാൻ :)

    ReplyDelete
  23. അതെ....അന്നത്തെ ആ മഹാന്മാർ ഒക്കെ സ്കൂട്ടായോ?

    ReplyDelete
  24. ഈ ബ്ലോഗ്ഗിൽ ആദ്യമാണ്...ബ്ലോഗ്ഗുലഗത്തിലും പുതിയാളാണ് ഞാൻ.., പിന്നെ കമ്പ്യൂട്ടറിനു മുന്നിൽ എത്തിയാൽ ഞാനും ഇങ്ങനെയൊക്കെ തന്നെ..പിന്നെ ചുറ്റുമുള്ളതൊന്നും ഓർമയുണ്ടാവില്ല...

    ആശംസകൾ...

    ReplyDelete
  25. ആതിര ഇനിയും ടെസ്റ്റ്‌ എഴുതുമോ ? എഴുതിയാൽ തന്നെ , ആ ടെസ്റ്റ്‌ പാസ്സാകുമോ ? .... ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങൾ മറ്റൊരു പോസ്റ്റിൽ പ്രതീക്ഷിച്ചു കൊണ്ട്....

    ReplyDelete
  26. കൊള്ളാം...മനുവിനെ പോലൊരു ഭർത്താവിനെ കിട്ടിയ ആതിര ജീവിതത്തിലെ പ്രധാന ടെസ്റ്റ് പാസായിരിക്കുന്നു...

    ReplyDelete
  27. കൊള്ളാം...മനുവിനെ പോലൊരു ഭർത്താവിനെ കിട്ടിയ ആതിര ജീവിതത്തിലെ പ്രധാന ടെസ്റ്റ് പാസായിരിക്കുന്നു...

    ReplyDelete

Related Posts Plugin for WordPress, Blogger...