Tuesday, June 27, 2017

ഓൾഡ് സ്‌പൈസ് മണമുള്ള ഓർമ്മത്താൾ

                         




'Father's day' കാർഡും അച്ഛനൊരു സ്നേഹസമ്മാനവുമായിട്ടാണ് മോൾ വീട്ടിലെത്തിയത്. സമ്മാനങ്ങൾക്കു പകരമായി അച്ഛന്റെ വക ലഞ്ച് റസ്റ്റോറന്റിൽ ....  ഇക്കാലത്തെ രീതിയിൽ 'അച്ഛൻദിനം' ആഘോഷിക്കുകയാണവർ. 

അവരുടെ ആഹ്ളാദങ്ങളിൽ പങ്കുചേരുമ്പോൾ ഓർമ്മയാഴങ്ങളിൽനിന്നൊരു ഓൾഡ് സ്‌പൈസ് മണം, ചുറ്റിലും പരന്നപോലെ... അതു ഘ്രാണിച്ച് ഒരച്ഛൻ  കവിളിൽ മുഖമുരസുന്ന, മുത്തം കൊടുക്കുന്ന കുഞ്ഞായി...  

അച്ഛനെന്നും ഓൾഡ് സ്‌പൈസ് ഷേവിങ്ങ്ക്രീമും അശോകാബ്ലേഡുമാണ് ഷേവ് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. ഷേവുചെയ്തു മിനുസമാക്കിയ കവിളിൽ ഓൾഡ് സ്പൈസിന്റെതന്നെ ആഫ്റ്റർഷേവ് ലോഷനും പുരട്ടും. ദിവസം മുഴുവൻ നീണ്ടുനില്ക്കുന്ന ആ മണം, അച്ഛനെന്ന  അഭിമാനത്തിന്റെ മണം കൂടിയായിരുന്നു...!  രാവിലെയുള്ള ഈ ഷേവിങ്ങ് കാണാനായി അരമതിലിൽ കേറിയിരുന്നിട്ടുള്ള ബാല്യകാലങ്ങൾ.... ഷേവിങ്ങിനു മുൻപുള്ള ഒരുക്കങ്ങളായ മഗ്ഗിൽ വെള്ളം എടുത്തുവയ്ക്കുന്നത്, ക്രീം, റേസർ, ബ്ലേഡ് ഒക്കെയടങ്ങിയ ബാഗ് കൊണ്ടുവയ്ക്കുന്നത് ... എല്ലാം ചെയ്യാൻ അനുവദിച്ചുകിട്ടുമ്പോൾ വലിയ കുട്ടിയായി അംഗീകരിച്ചതിന്റെ അടയാളമായി ഉണ്ടാകുന്ന അഭിമാനം... അച്ഛനെന്നും അങ്ങനെയായിരുന്നു, കുട്ടികളെയും വ്യക്തികളായിത്തന്നെ അംഗീകരിച്ചു പോന്നു. ആശയങ്ങളെയും അഭിപ്രായങ്ങളെയും മാനിച്ചിരുന്നു. 

അച്ഛൻ വീട്ടിലുണ്ടാകുന്ന ദിവസങ്ങളിൽ രാവിലെതന്നെ പറമ്പിലേക്കിറങ്ങും. പണിക്കാരോടൊപ്പംനിന്ന് കിളയ്ക്കാനും മറ്റും കൂടും. അവരുടെ കൂടെ ഭക്ഷണം കഴിക്കും. അതുകണ്ടുനില്ക്കുന്ന കുട്ടികളായ ഞങ്ങളും കൂടെ കൂടും.  ആൺപെൺ വ്യത്യാസമില്ലാതെ ഞങ്ങളെക്കൊണ്ട്  എല്ലാ ജോലിയും ചെയ്യിച്ചു. എല്ലാ ജോലിക്കും അതിന്റേതായ മഹത്ത്വമുണ്ടെന്ന് സ്വയം ചെയ്തു കാണിച്ചിരുന്നു .... 

വൈകുന്നേരങ്ങൾ പ്രാർത്ഥന കഴിഞ്ഞാൽപ്പിന്നെ ഗാനമേളയാണ്. അച്ഛൻ നന്നായി   ബുൾബുളും ഓടക്കുഴലും വായിക്കും. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമെല്ലാമായി ഞങ്ങളുടെ ഗാനമേള രാത്രി മുഴുവൻ നീളും....  വഴിയിലൂടെ പോകുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ പാട്ടുകേട്ട് വീട്ടിലേക്കു കേറിവരും. എല്ലാവരെയും സ്വാഗതം ചെയ്യുന്നപോലെ ഉമ്മറവാതിൽ എപ്പോഴും തുറന്നുകിടക്കും. പാഞ്ചാലിക്കു മാത്രമല്ല, എന്റെ അമ്മയ്ക്കും അക്ഷയപാത്രം കിട്ടിയപോലെയാണ്. എത്ര പേരുണ്ടായാലും ആരൊക്കെ വന്നാലും എല്ലാവർക്കുമുള്ള ഭക്ഷണമുണ്ടാകും അമ്മയുടെ അടുക്കളയിൽ... 

മറ്റുള്ളവരുടെ സന്തോഷത്താൽ മനസ്സുനിറച്ചിരുന്ന ആ അച്ഛന്റെ  കുഞ്ഞായി... ഓർമ്മകളിൽ ഓൾഡ് സ്‌പൈസ് മണവുമായി കാനഡയിലെ അച്ഛൻദിനാഘോഷം... ! 

ആഴങ്ങളിൽനിന്നു പെറുക്കിയെടുത്ത മുത്തുകൾ കൈയിൽപ്പിടിച്ചിരുന്നപ്പോൾ പുഴയൊന്നാകെ കണ്ണിൽനിറഞ്ഞു.... പിന്നെ , ഐ.സി.യുവിലെ തണുപ്പിൽ കവിളിൽ മുഖം ചേർത്തപ്പോൾ, കൈയിൽ അമർത്തിപ്പിടിക്കാൻ ശ്രമിച്ചു  വഴുതിപ്പോയ അച്ഛനോർമ്മകൾ....! 




Related Posts Plugin for WordPress, Blogger...