Thursday, April 8, 2010

കാലത്തിന്റെ കല്‍പ്പടവുകളിലൂടെ....



ദീപാരാധനയും തൊഴുതു പ്രസാദവും വാങ്ങി പടിക്കെട്ടുകള്‍ ഇറങ്ങുമ്പോഴാണ്, പൊട്ടിച്ചിരിയോടെ ഒരു പെണ്‍കുട്ടി പടിക്കെട്ടുകള്‍ ഓടിക്കയറി വരുന്നത് കണ്ടത്. പതിനാലോ പതിനഞ്ചോ വയസു തോന്നിക്കുന്ന, ശ്രീത്വവും കുസൃതിത്തരവും കളിയാടുന്ന മുഖം. ഒരു നിമിഷം അവളെ തന്നെ നോക്കി പടിക്കെട്ടില്‍ നിന്നു പോയി. പൊടുന്നനെ ഉള്ളിലൊരു പിടച്ചില്‍! മെല്ലെ പടിക്കെട്ടിനു സമീപമുള്ള അരഭിത്തിയില്‍ ഇരുന്നു.

പെണ്‍കുട്ടിയുടെ പിന്നാലെ, ഒരു ആണ്‍കുട്ടിയും മുന്നിലൂടെ ഓടിപ്പോകുന്നതു പോലെ.....

പട്ടുപാവാടയുടുത്തു, മുടി രണ്ടായി മെനഞ്ഞിട്ട ഒരു പെണ്‍കുട്ടിയും അവളുടെ ഒപ്പം എത്താന്‍ ഓടുന്ന ഒരു ആണ്‍കുട്ടിയും.താനും തന്റെ കുഞ്ഞാറ്റയും ! ആദ്യം ഓടി മുകളില്‍ എത്തുമ്പോള്‍ അവളുടെ സന്തോഷം കാണാന്‍ മനപ്പൂര്‍വം തോറ്റുകൊടുക്കുന്നു എന്നു എന്റെ കുഞ്ഞാറ്റ ഒരിക്കലും അറിഞ്ഞിരുന്നില്ല.

എന്നും അവളുടെ സന്തോഷമായിരുന്നല്ലോ തനിക്കു വലുത്.തനിക്കു മാത്രമല്ല,അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും എല്ലാം....


എന്നിട്ടും എന്റെ കുഞ്ഞാറ്റ...  എന്തിനാണവള്‍ ഞങ്ങളോട് ഇങ്ങിനെ ചെയ്തത്? ഒരു വാക്ക്, ഈ കുഞ്ഞേട്ടനോടെങ്കിലും പറഞ്ഞു കൂടായിരുന്നോ അവള്‍ക്ക്?

കുഞ്ഞാറ്റയുടെ ഒരിഷ്ടത്തിനും ഏട്ടന്‍ എതിരല്ലായിരുന്നല്ലോ....


പുസ്തകങ്ങളോടുള്ള വാവയുടെ ഇഷ്ടം അറിഞ്ഞു എന്നും പുസ്തകങ്ങള്‍ കൊണ്ട് തരുമായിരുന്നല്ലോ ഈ ഏട്ടന്‍. അതിനു സ്നേഹത്തോടെയാണെങ്കിലും അമ്മ ശാസിക്കുമ്പോള്‍ മുത്തശ്ശി പറയും, 
"വാവക്ക്,കുട്ടനല്ലാതെ വേറെ ആരാ അമ്മിണി പുസ്തകങ്ങള്‍ വാങ്ങി കൊടുക്കുന്നത്....."

"ഉം...എല്ലാവരും കൂടെ കൊഞ്ചിച്ചോളൂ വാവയെ,ഞാന്‍ ഒന്നും പറഞ്ഞില്ല" 
പുഞ്ചിരിയോടെ അമ്മ തിരിഞ്ഞു നടക്കുമ്പോള്‍, കുഞ്ഞാറ്റ കണ്ണിറുക്കി ചിരിക്കും.അമ്മയുടെ പുറകെ പോകും. ല്‍പ്പസമയത്തിനുള്ളില്‍ രണ്ടാളുടെയും ചിരി കേള്‍ക്കാം.

ആ കുഞ്ഞാറ്റയാണ്, ഒരുനാള്‍ ആരോടും പറയാതെ വീട് വിട്ടു പോയത്. കോളേജില്‍ നിന്നും വരുന്ന പതിവ് സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോഴാണ്,അമ്മ ബാങ്കിലേക്ക് ഫോണ്‍ ചെയ്തത്.

"അവള്‍ ഉടനെ എത്തും, അമ്മ വിഷമിക്കാതിരിക്കൂ. ഞാന്‍ പോയി നോക്കി വരാം" 


അമ്മയെ ആശ്വസിപ്പിച്ചെങ്കിലും തന്റെ ഉള്ളിലും വേവലാതിയായിരുന്നു. ഉടനെ ബാങ്കില്‍ നിന്നും ഇറങ്ങി. ബൈക്കുമെടുത്ത്‌ കോളേജില്‍ ചെന്നപ്പോള്‍, അവിടം ശൂന്യം. ഒരു കുഞ്ഞിനെപ്പോലും കാണാനില്ല. വാച്ചുമാനോട് അന്വേഷിച്ചപ്പോള്‍, കോളേജിനു യൂണിവേഴ്സ്സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ ട്രോഫി ലഭിച്ചതിനാല്‍ അന്നു ഉച്ച കഴിഞ്ഞു അവധിയായിരുന്നു എന്നു പറഞ്ഞു. വാവക്കു എന്തു പറ്റിക്കാണും, ഈശ്വരന്മാരെ എന്റെ കുഞ്ഞാറ്റയെ കാത്തുകൊള്ളണേ.... ഉള്ളില്‍ നിറയെ ആ ഒരു പ്രാര്‍ത്ഥന മാത്രം.

ഇനി ഒരുപക്ഷെ,ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ പോയിട്ടുണ്ടാകുമോ?  പറയാതെ എവിടെയും പോകുന്ന കുട്ടിയല്ല.  എന്നാലും, ഒന്നന്വേഷിക്കുക തന്നെ. അറിയാവുന്ന കൂട്ടുകാരികളുടെ വീട്ടിലേക്കൊക്കെ ഒന്നു പോയാലോ? എന്തായാലും ഗൗരിയുടെ വീട്ടില്‍ പോയി നോക്കാം ആദ്യം.  കുഞ്ഞാറ്റയുടെ അടുത്ത കൂട്ടുകാരിയല്ലേ,  ഗൗരി അറിയാതെ,  ഗൗരിയുടെ കൂടെയല്ലാതെ കുഞ്ഞാറ്റ എവിടേക്കും പോകാറില്ലല്ലോ.

ഗൗരിയുടെ അമ്മ വീട്ടു മുറ്റത്തു ചെടികള്‍ നനച്ചു നില്‍ക്കുന്നു. തന്നെ കണ്ടതും, അമ്മ സാരിത്തുമ്പില്‍ കൈ തുടച്ചു കൊണ്ട് അടുത്തേക്ക് വന്നു.

"വാ കുട്ടാ, എന്തൊക്കെയുണ്ട് വിശേഷം, ഈ വഴി വന്നിട്ട് കുറച്ചായല്ലോ, ബാങ്കീന്ന് വരുന്ന വഴിയാണോ, ഞാന്‍ ചായ എടുക്കാം,കുട്ടന്‍ ഇരിക്ക് ട്ടോ." 
അമ്മ അകത്തേക്കു നടക്കുകയും ക്ഷണിക്കുകയും എല്ലാം കൂടെയായിരുന്നു.

"ഗൗരി എവിടെ അമ്മെ?കാണുന്നില്ലല്ലോ"  


തന്റെ ഉള്ളിലെ വിഷമം മറച്ചു വച്ചു അമ്മയോടു കുശലം ചോദിച്ചു. 

"ഗൗരീ, ഇതാ കുട്ടന്‍ വിളിക്കുന്നു നിന്നെ" 

അമ്മ പറയുന്നത് കേട്ടപ്പോള്‍ ഉള്ളൊന്നാളി. അപ്പോള്‍ കുഞ്ഞാറ്റ ഇവിടെയും ഇല്ല. മുറിയിലേക്ക് വന്ന ഗൗരിയുടെ മുഖത്ത് കരച്ചിലിന്റെ ഭാവം.

"മോളെ ഗൗരീ, കുഞ്ഞാറ്റ എവിടെ? എന്തു പറ്റി എന്റെ കുഞ്ഞാറ്റക്ക് ?" 
അവളെ കണ്ടതും വെപ്രാളത്തോടെ ചോദിച്ചു.

"അത് കുഞ്ഞേട്ടാ,അവള്‍ ഇന്ന് ....." ബാക്കി പറയാനാവാതെ ഗൗരി നിന്നു വിക്കി.
 
"പറയ്‌ മോളെ,കുഞ്ഞാറ്റ എവിടെ?"

"അവള്‍ ഇന്ന് ജോസിന്റെ കൂടെ പോയി " ഗൗരി പെട്ടന്ന് പറഞ്ഞു. 


"ജോസോ,ആരാ അത്, അതെന്തിനാ അയാളുടെ കൂടെ പോയത്, അങ്ങിനെ ഒരു പേര് വാവ പറഞ്ഞു കേട്ടിട്ടില്ലല്ലോ, ഒരിക്കല്‍ പോലും.....അവളുടെ എല്ലാ കൂട്ടുകാരെയും ഈ ഏട്ടനു അറിയാം, പിന്നെ ഇതാരാണീ ജോസ്?"


ചായയുമായി വന്ന അമ്മ കണ്ടത്, പൊട്ടിത്തകര്‍ന്ന പോലെ നില്‍ക്കുന്ന എന്നെയും അടക്കിപ്പിടിച്ചു കരയുന്ന ഗൗരിയേയും, കാരണമറിയാതെ പകച്ചു പോയ അമ്മയുടെ തോളില്‍  മുഖമര്‍ത്തി ഗൗരി വാവിട്ടു കരഞ്ഞു.

"വാവ ജോസിനോടൊപ്പം പോയീ അമ്മെ "എന്നു പറഞ്ഞു.

അതോടെ സര്‍വ നിയന്ത്രണങ്ങളും വിട്ടു പോയി തനിക്ക്, കസേരയിലേക്ക് വീണു പൊട്ടിക്കരഞ്ഞു. ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് സമനില വീണ്ടെടുത്തത്.

"അത് അമ്മയാവും ഗൗരീ, നീ ഫോണ്‍ എടുക്ക്"

"ഉം..ഉം ഇല്ല...ഉം" മുക്കിയും മൂളിയും അവള്‍ എന്തൊക്കെയോ പറഞ്ഞു.എന്നിട്ട് ഉടനെ വീട്ടിലേക്കു ചെല്ലാന്‍ തന്നോട് പറഞ്ഞു.

അച്ഛനോടും അമ്മയോടും എന്തു പറയും എന്ന വേവലാതിയോടെ, വീട്ടിലേക്കു തിരിച്ചു. അവിടെയെത്തിയപ്പോള്‍ ആരും ഒന്നും അറിഞ്ഞിട്ടില്ല എന്നു തോന്നി. ഉമ്മറത്ത്‌ തന്നെ ഉണ്ടായിരുന്നു മൂന്നാളും. എന്റെ കൂടെ കുഞ്ഞാറ്റയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച പോലെയായിരുന്നു അമ്മയുടെ ദേഷ്യം. എന്നാല്‍ വാവയെ കാണാതെ വന്നപ്പോള്‍, അവരെല്ലാം ആകെ പരിഭ്രമിച്ചു. അവള്‍, ഗൗരിയുടെ വീട്ടില്‍ ഉണ്ടെന്നു വെറുതെ ഒരു കള്ളം പറഞ്ഞു, വീട്ടിനകത്തേക്ക്‌ കയറി.

പിന്നാലെ വന്ന അമ്മ പറഞ്ഞു, "ഒരു ജോസ് നിന്നെ വിളിച്ചു,വന്നാല്‍ ഉടനെ തിരിച്ചു വിളിക്കാന്‍ പറഞ്ഞു നമ്പര്‍ തന്നിട്ടുണ്ട്.എന്തോ അത്യാവശ്യമാണത്രേ"

ഉടനെ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു."ഹലോ" അങ്ങേ തലയ്ക്കല്‍ ഒരു അപരിചിത ശബ്ദം.

"ജോസിനെ കിട്ടുമോ"എന്ന എന്റെ അന്വേഷണത്തിന്, "കുഞ്ഞേട്ടനല്ലേ, ഞാന്‍ ജോസ് ആണ്" എന്ന മറുപടി അമ്പരപ്പുണ്ടാക്കിയില്ല.

"എന്റെ കുഞ്ഞാറ്റ".....കൂടുതല്‍ പറയാനായില്ല, വിതുമ്പിപ്പോയി അപ്പോഴേക്കും.

"ഇവിടെയുണ്ട്,കൊടുക്കാം, കുഞ്ഞേട്ടന്‍ ഞങ്ങളെ അനുഗ്രഹിക്കണം, ക്ഷമിക്കണം." ജോസിന്റെ വിനയത്തോടെയുള്ള സംസാരം.

"വേണ്ട, എനിക്കൊന്നും ചോദിക്കാനും പറയാനുമില്ല, എന്നാലും ഒരു വാക്ക്, അവള്‍ക്കു എന്നോടെങ്കിലും പറയാമായിരുന്നു"

കൂടുതല്‍ പറയാനാവാതെ താന്‍ ഫോണ്‍ വച്ചുകളഞ്ഞു.

"വാവക്ക് എന്താ പറ്റിയേ കുട്ടാ?" കേട്ടു നിന്ന അമ്മയും മുത്തശ്ശിയും വാവിട്ടു കരയാന്‍ തുടങ്ങി.
"ഒന്നും പറ്റിയില്ല അമ്മെ, അവള്‍ ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ജീവിക്കാന്‍ പോയി,നമ്മളെയെല്ലാം വേണ്ടെന്ന്‌ വച്ച്.... അവള്‍ പോയി. നമ്മുടെ വാവ പോയി"

ഒരു നിമിഷം പകച്ചു നിന്ന അമ്മ,പെട്ടന്ന് താഴെ വീണു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും അമ്മയെ തിരിച്ചു കിട്ടിയില്ല. അന്നു മുതല്‍ അച്ഛന്‍ ആരോടും മിണ്ടാതായി. മുറിക്കുള്ളില്‍ നിന്നും പുറത്തിറങ്ങാതെ. സ്വയം ശിക്ഷ ഏറ്റു വാങ്ങുന്ന പോലെ...താമസിയാതെ മുത്തശ്ശിയും അമ്മയുടെ പിന്നാലെ യാത്രയായി....

ജീവിതം യാന്ത്രികമായി ചലിച്ചുകൊണ്ടിരുന്ന നാളുകളില്‍,ഗൗരിയും കുടുംബവും ഒരു താങ്ങായി. ഇന്നും ഗൗരി കൂടെയുള്ളത് കൊണ്ടാണ് ജീവിക്കുന്നത്.

18 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു, തന്റെ കുഞ്ഞാറ്റയെ കണ്ടിട്ട്.!

എവിടെയായാലും അവള്‍ സുഖമായി ഇരിക്കണേ ഈശ്വരാ എന്നു തന്നെ ഇന്നും പ്രാര്‍ത്ഥന.എത്രയായാലും തന്റെ വാവയല്ലേ അവള്‍, തന്റെ മാത്രം കുഞ്ഞാറ്റ.!

വീണ്ടും ആ പെണ്‍കുട്ടിയുടെ പൊട്ടിച്ചിരി വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. ഇത്ര വേഗം തൊഴുതു വന്നോ ഈ കുട്ടി..... ഓരോന്ന് ഓര്‍ത്തിരുന്നു സമയം പോയത് അറിഞ്ഞില്ല. അടുത്ത് വന്നിരുന്ന അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പിന്നെ പതുക്കെ എണീറ്റ്‌ പടിക്കെട്ടുകള്‍ ഇറങ്ങി.
Related Posts Plugin for WordPress, Blogger...