Friday, November 29, 2019

ഈറം


ഈറൻ ഭൂമിയിൽ  കുഞ്ഞു സുഷിരങ്ങളുണ്ടാക്കി മൺഗോപുരങ്ങൾ മെനയുന്ന മണ്ണിരകളുടെ സ്നേഹാർദ്രമായ 'ഈറം'. അതാണ് രാജേഷ് മേനോന്റെ 'ഈറം'. 

മറ്റൊരാൾക്കു വേണ്ടി പ്രകാശമാകാൻ കഴിയുക എന്നതാണ്‌  രാജേഷിന്റെ ചെറിയ ചെറിയ കുറിപ്പുകളിൽ തെളിയുന്ന പ്രാർത്ഥനകൾ. ആ പ്രകാശം ഹൃദയത്തിലേക്കിറങ്ങി ആത്മാവിനെ തൊടുന്നു. ചിന്തയെ പ്രകോപിപ്പിക്കുന്നു...  ആത്യന്തികമായി മനുഷ്യനെ അറിയാനും ഭൂമിയിലെ സർവ്വചരാചരങ്ങളെയും സ്നേഹിക്കാനും പ്രേരിപ്പിക്കുന്ന ദിനസരിക്കുറിപ്പുകളാണവ...  

ഒപ്പമുള്ള മനുഷ്യനെ തിരിച്ചറിയാത്തതാണ് ജീവിതമെങ്കിൽ അതെന്തു ജീവിതമെന്ന് രാജേഷ് നമ്മെ വ്യാകുലപ്പെടുത്തുന്നു. ഒപ്പം തന്നെ വയ്യാതായ വളർത്തുപൂച്ചയുടെ ഛർദ്ദിലുകൾ കോരിയെടുക്കാൻ വേണ്ടി മാത്രം രണ്ടുമാസത്തോളം വീടുവിട്ടു പുറത്തിറങ്ങാതിരുന്ന ഉഷച്ചേച്ചിയിലൂടെ (ഓ.വി. ഉഷ) ഉറവ വറ്റാത്ത കാരുണ്യങ്ങളെയും രാജേഷ് കാണിച്ചു തരുന്നത് ജീവിതമാണ് സംസ്ക്കാരം എന്നു വായനക്കാരനെ ഓർമ്മപ്പെടുത്താൻ തന്നെയാണ്. 

വലിയ ആൾക്കൂട്ടത്തിന്റെ നടുവിൽ ആയിരം ആകാശസൗഹൃദങ്ങൾക്കു താഴെ തികച്ചും ഒറ്റപ്പെട്ട മനുഷ്യരാണ് നാമോരുരുത്തരുമെന്ന് രാജേഷ് വിരൽചൂണ്ടുന്നു. ഒപ്പമുള്ള ഒരു കവി തലേന്ന് എഴുതിയ കവിത, അയാളുടെ മരണക്കുറിപ്പായിരുന്നുവെന്ന് ഒപ്പം കിടന്നുറങ്ങിയ ആൾ പോലും അറിയാതെ പോവുകയും മരണമറിഞ്ഞ അടുത്ത നിമിഷത്തിൽ അതേക്കുറിച്ചു ആയിരം സൈബർ കുറിപ്പുകൾ, കവിതകൾ ഇറങ്ങുകയും ചെയ്യുന്നു എന്ന കാലത്തിന്റെ വൈരുധ്യത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 

പുസ്തകം അയച്ചുകിട്ടിയപ്പോൾ എനിക്കുണ്ടായ ആശ്ചര്യം, ആദ്യവായനയിൽ ഞാനും ഉൾപ്പെട്ടിരിക്കുന്നു എന്നതാണ്.



എന്തൊരു എഴുത്താണിത് കൂട്ടുകാരാ... നിലാവിൽ അലിഞ്ഞ്... ഭൂമിയെ പുണർന്ന്... പുഴയായൊഴുകി... വായനക്കാരിൽ സ്നേഹത്തിന്റെ നനവായി പടരട്ടെ 'ഈറം'.

ആർദ്രമായ ഈ കുഞ്ഞുകുഞ്ഞു മൺഗോപുരങ്ങൾ 128 പേജുകളിലായി മെനഞ്ഞെടുത്തിരിക്കുന്നത്   ആപ്പിൾ ബുക്സാണ്. വില 130 രൂപ.




Wednesday, November 13, 2019

Remembrance Day (അനുസ്‍മരണാദിനം)




നവംബർ11 കാനഡയും മറ്റു കോമൺവെൽത്ത് രാജ്യങ്ങളും അനുസ്‍മരണാദിനമായി (Remembrance Day) ആചരിക്കുന്നു. ഇവിടെയിതിനെ പോപ്പി ഡേ എന്നും പറയുന്നു. ലോകയുദ്ധങ്ങളിൽ പങ്കെടുത്ത് വീരചരമം പ്രാപിച്ചവരെ അനുസ്‌മരിക്കുന്ന ദിവസമാണിന്ന്. ഒന്നാം ലോക മഹായുദ്ധം പതിനൊന്നാം മാസം, പതിനൊന്നാം ദിവസം, പതിനൊന്നാം മണിക്കൂറിൽ ഔദ്യോഗികമായി യുദ്ധവിരാമം നടത്തിയതിന്റെ ഓർമ്മ കൂടിയാണ് ഈ ദിവസം.


ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം മാഡം ഇ ഗറിൻ എന്ന ഫ്രഞ്ച് വനിതയാണ് ഫ്രാൻസിൽ പോപ്പി ചെടികൾ വളർത്തുന്നതിനും അതിന്റെ പൂക്കൾ വിൽക്കുന്നതിനും മുൻകൈ എടുത്തത്. അവ വിറ്റു കിട്ടുന്ന പണം മുറിവേറ്റ സൈനികരുടെ ചികിത്സയ്ക്കും സഹായത്തിനുമായി അവർ ഉപയോഗിച്ചു. ആദ്യത്തെ വിളവ് 1921 ൽ കാനഡയിലാണ്‌ വിതരണം ചെയ്തത്. അന്നു മുതൽ,  കാനഡയിൽ  റിമംബറൻസ് ഡേ ആചാരത്തിന്റെ ഭാഗമായി പോപ്പികൾ ഉപയോഗിച്ചു വരുന്നു. നവംബർ ഒന്നു മുതൽ തന്നെ പേപ്പറിലും തുണിയിലുമുണ്ടാക്കിയ പോപ്പികളും സംഭാവനാപ്പെട്ടികളും കടകളിലും ഓഫീസുകളിലും മറ്റും പ്രത്യക്ഷമാകും. ഈ പോപ്പികൾ ഉടുപ്പിലും ബാഗിലുമെല്ലാം  കുത്തിവെച്ച്  സ്മരണ പുതുക്കുന്നു.  സൈനികരുടെ സഹായനിധിയിലേക്കുള്ളതാണ് ആ പണം. 
യുദ്ധത്തിൽ മുറിവേറ്റു വീണ സൈനികരുടെ രക്തത്താൽ ചുവന്ന രണഭൂമിയിൽ വിരിഞ്ഞുവന്നതായതു കൊണ്ടാണത്രേ പോപ്പിക്ക് ഇത്ര കടുംചുവപ്പ് നിറമായതെന്നാണ് സൈനികർക്കിടയിൽ പ്രചരിച്ചിരുന്ന ഒരു കഥ.  അതെന്തായാലും ആ രണഭൂമിയിൽ ആകെ മുളച്ചതും വളർന്നതും പോപ്പിച്ചെടികൾ മാത്രമാണ്. അതിനാലാണ് പോപ്പിപ്പൂക്കളെ അനുസ്മരണാദിനത്തിന്റെ അടയാളമായി സ്വീകരിച്ചത്. ഒരിക്കൽ പുഷ്പിച്ചാൽ, നശിച്ചു പോകുകയും ചെയ്യും ഈ ചെടി. 


ബ്രിട്ടന്റെ ഭാഗമായിരുന്നതിനാൽ കാനഡയും ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിരുന്നു. യുദ്ധഭൂമിയിലെ കാഴ്ചകളിൽ വേദനിച്ച് റോയൽ കനേഡിയൻ ആർമിയുടെ മെഡിക്കൽ സേനാവിഭാഗത്തിലെ ലഫ്റ്റനൻ്റ് കേണൽ ജോൺ  മക്രേ എഴുതിയ കവിത:



   In Flanders Fields the poppies blow
Between the crosses, row on row,

 That mark our place; and in the sky
The larks, still bravely singing, fly

Scarce heard amid the guns below.

(ബെൽജിയം, ഫ്രാൻസ്, നെതർലാൻഡ്‌സ് എന്നിവ ചേർന്ന തെക്കുപടിഞ്ഞാറൻ പ്രവിശ്യയാണ് ഫ്ലാണ്ടേഴ്‌സ് എന്നറിയപ്പെടുന്നത്. ഒന്നാം ലോക മഹായുദ്ധത്തിലെ പ്രധാനപ്പെട്ട ഒരു രണഭൂമിയായിരുന്നു ഫ്ലാണ്ടേഴ്‌സ്. )


ഓട്ടവയിലെ യുദ്ധസ്മാരകത്തിനടുത്തായി ഒരു ചെറിയ സ്‌മാരകശില കൂടിയുണ്ട്. അജ്ഞാതനായ സൈനികന്റെ ഭൗതികാവശിഷ്ടം അടക്കം  ചെയ്തയിടത്താണ് ആ സ്മാരകശില കുടികൊള്ളുന്നത്.  എല്ലാ യുദ്ധങ്ങളിലും ജീവത്യാഗം ചെയ്ത കാനഡക്കാരായ എല്ലാ സൈനിക വിഭാഗങ്ങളിലെയും പോരാളികളെ പ്രതിനിധീകരിക്കുന്നു ആ സ്‌മാരകശില. 

വെള്ളപോപ്പികളും ഇവിടെ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. സമാധാനത്തിന്റെ പ്രതീകമാണല്ലോ വെള്ളനിറം. വെള്ളനിറത്തിലെ പോപ്പികൾ ഉപയോഗിക്കാൻ തുടങ്ങിയത് 1933 മുതലാണ്. സമാധാനം മാത്രമല്ല, നിറപ്പകിട്ടാർന്ന ആഘോഷമായി റിമംബറൻസ് ഡേ മാറാതിരിക്കാനുള്ള ഓർമ്മപ്പെടുത്തലുമാണ്.  കൂടാതെ, യുദ്ധത്തിൽ വിധവകളായ സ്ത്രീകളോടുള്ള ഐക്യപ്പെടൽ കൂടിയാണത്. 




"Lest we forget"




Related Posts Plugin for WordPress, Blogger...