Showing posts with label കാനഡ. Show all posts
Showing posts with label കാനഡ. Show all posts

Thursday, September 7, 2023

ജംബോ - ലോകത്തിന്റെ വാത്സല്യഭാജനം

 

 (ഫയൽ ചിത്രം) 


എന്റെ പേര് ജംബോ. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ആനയാണ് ഞാൻ. ഒരു ആനയ്‌ക്ക് ലോകത്തിന്റെ മുഴുവൻ മനസ്സിൽ   ഇടംപിടിക്കാൻ കഴിയുമെന്ന് ആരെങ്കിലും കരുതിയതാണോ? അതങ്ങനെ ഒരു നിയോഗം പോലെ എന്റെ ജീവിതത്തിൽ സംഭവിച്ചു. അതുപോലെ മരണത്തിലും... ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞെങ്കിലും ഇന്നും ആളുകൾ എന്നെപ്പറ്റിയും  എന്റെ മരണത്തെപ്പറ്റിയും പല കഥകളും പറയുന്നുണ്ട്.   

ഞാൻ, അന്നത്തെ ഒരു സൂപ്പർ സ്റ്റാറായിരുന്നു കേട്ടോ. എന്റെ ജീവിതകഥ കേൾക്കാൻ താല്പര്യമുണ്ടെങ്കിൽ വരൂ... അൽപ്പസമയം നമുക്കൊന്നിച്ചു ചെലവഴിക്കാം. 

ആഫ്രിക്കയിൽ ജനിച്ച ഞാൻ എങ്ങനെയാണ് കാനഡയിൽ  എത്തിയതെന്നു ആദ്യം പറയാം ല്ലേ... 1860 ൽ സുഡാനിലാണ് എന്റെ ജനനം. ആഫ്രിക്കയിൽ ജനിച്ചെങ്കിലും എന്റെ അച്ഛനെയോ അമ്മയെയോ കണ്ട ഓർമ്മയെനിക്കില്ല. പല കൈകൾ മറിഞ്ഞു എന്റെ ചെറുപ്പത്തിൽ തന്നെ ഞാൻ ലണ്ടനിൽ എത്തിപ്പെട്ടിരുന്നു. ബാല്യവും കൗമാരവുമെല്ലാം അവിടെയായിരുന്നു. അവിടെയും എനിക്കു സ്വന്തക്കാരോ ബന്ധുക്കളോ ആരുമുണ്ടായിരുന്നില്ല. എങ്കിലും ഞാൻ വളർന്നു. അതാണല്ലോ പ്രകൃതി നിയമവും. 

പല മുതലാളിമാരുടെ കൂടെയായിരുന്നു ലണ്ടനിലെ എന്റെ ജീവിതം.  അവർ എനിക്കു വേണ്ട ഭക്ഷണവും ശുശ്രുഷയും തരുന്നുണ്ടായിരുന്നു. അതിനനുസരിച്ചുള്ള ജോലികളും എന്നെക്കൊണ്ടു ചെയ്യിച്ചിരുന്നു. എന്നാലും ഞാൻ സന്തോഷവാനായിരുന്നു. ഞാൻ  ഏറ്റവും സന്തോഷത്തോടെ ജീവിച്ച ഒരു കാലമായിരുന്നു ലണ്ടനിലെ കാഴ്ചബംഗ്ലാവിലെ സവാരിക്കാരനായി ജോലി ചെയ്തിരുന്ന നാളുകൾ. അവിടെ മനുഷ്യക്കുട്ടികൾക്കു വേണ്ടിയായിരുന്നു എന്നെ ഉപയോഗിച്ചിരുന്നത്. നിങ്ങളെപ്പോലുള്ള കുട്ടികളോടൊപ്പം കഴിഞ്ഞ ആ കാലമായിരുന്നു സന്തോഷത്തിന്റെ വർണ്ണപ്പീലിക്കാലമായി ഞാനെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നത്. അങ്ങനെ വളർന്നു വളർന്നു ഏകദേശം 12 അടി ഉയരവും 7 ടൺ ഭാരവുള്ള ഒത്തൊരു ആനയായി. അന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ആനയാണ് ഞാനെന്നു പലരും പറഞ്ഞു. 


അങ്ങനെയിരിക്കുമ്പോഴാണ് എന്നെപ്പറ്റി കേട്ടറിഞ്ഞ ബാർണ്ണം എന്ന സർക്കസ് ഉടമ കാനഡയിൽ നിന്നും എന്നെത്തേടി എത്തിയത്. നല്ലൊരു തുക എന്റെ മുതലാളിക്കു കൊടുത്തിട്ടാണ് അദ്ദേഹം എന്നെ സ്വന്തമാക്കിയത്. 1882 ലാണ് എന്നെ കാനഡായിലേക്കു കൊണ്ടു വരുന്നത്. എന്നെക്കൊണ്ടു പോകാനുള്ള കൂടു പണിയാൻ രണ്ടാഴ്ച എടുത്തു എന്നൊക്കെ അതിശയത്തോടെ പലരും പറയുന്നത് ഞാനും കേൾക്കുന്നുണ്ടായിരുന്നു. കാനഡയിലേക്കു പോരുന്ന അന്ന് ലണ്ടൻ നിവാസികൾ തന്ന യാത്രയയപ്പ് ഞാൻ ഒരിക്കലും മറക്കില്ല. അവർ എന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്നതിന്റെ സാക്ഷ്യമായിരുന്നു ആ യാത്രയയപ്പ്. ഇന്നും അതോർക്കുമ്പോൾ സന്തോഷം കൊണ്ട് എന്റെ മനസ്സും കണ്ണും നിറയും.  


ബാർണ്ണത്തിന്റെ സർക്കസ് കമ്പനിയിലായിരുന്നു എനിക്കു ജോലി. പതിയെ കാനഡയിലും എന്നെ ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങി.  കാനഡയെയും അവിടുത്തെ ആളുകളെയും ഞാനും ഇഷ്ടപ്പെട്ടു. അപ്പോഴേക്കും പി.ടി ബർണത്തിന്റെ " ഗ്രേറ്റസ്റ്റ് ഷോ ഓൺ എർത്ത്" എന്ന സർക്കസ് പരിപാടി, അന്നുവരെയുള്ള സർക്കസ് ചരിത്രത്തിലെ ഒരു വലിയ അധ്യായമായി മാറിയിരുന്നു. ആ പരിപാടിയിലെ പ്രധാന ആകർഷണം ഞാനായിരുന്നു എന്നതിൽ എനിക്കും സന്തോഷമുണ്ട്.  


ഇവിടെ എനിക്കു ചില കൂട്ടുകാരെയൊക്കെ കിട്ടി ട്ടോ. ടോം തമ്പ് എന്ന കുട്ടിയാനയോടായിരുന്നു കൂടുതൽ അടുപ്പം. എന്തും പറയാവുന്ന വിശ്വസിക്കാവുന്ന കൂട്ടുകാരൻ എന്നൊക്കെ നിങ്ങൾ പറയില്ലേ.. അതു പോലെയുള്ള കൂട്ടുകാരനാണവൻ. എവിടെയും ഞങ്ങൾ ഒന്നിച്ചായിരുന്നു. ഞങ്ങളുടെ പരിശീലകനായ മാത്യു സ്കോട്ടും ഞങ്ങളുമായി നല്ല സ്നേഹത്തിലായിരുന്നു. അദ്ദേഹം എപ്പോഴും ഞങ്ങളെ സ്നേഹത്തോടെ ചേർത്തു പിടിച്ചു. 


മെല്ലെ മെല്ലെ കാനഡയിലെ ജീവിതം ആസ്വദിച്ചു തുടങ്ങി. കാനഡയുടെ വിവിധ ഭാഗങ്ങളിൽ സർക്കസുമായി ചുറ്റിക്കറങ്ങി. പോകുന്നയിടത്തെല്ലാം ആളുകളുടെ പ്രത്യേകിച്ചു കുട്ടികളുടെ സ്നേഹം ഒരുപാട് സന്തോഷം നൽകി.  ജീവിതം അങ്ങനെ ശാന്തസുന്ദരമായി മുന്നോട്ടു പോകുകയായിരുന്നു. 


1885 സെപ്റ്റംബർ 15 ലെ ആ രാത്രി എന്റെ ജീവിതത്തിലെ ശപിക്കപ്പെട്ട ദിവസമായിരുന്നുവെന്നു പറയാം. അന്നാണ് സെന്റ് തോമസ് നഗരത്തിൽ സർക്കസ് കളിക്കാനായി ഞാനും എന്റെ സുഹൃത്തുക്കളും എത്തുന്നത്. റെയിൽവേ ട്രാക്കിനു അടുത്തു തന്നെയായിരുന്നു ഞങ്ങളുടെ കൂടാരം. അതെന്താണെന്നു വെച്ചാൽ, ഞങ്ങളെയൊക്കെ സർക്കസിനു കൊണ്ടുവരാനും കൊണ്ടുപോകാനുമുള്ള സൗകര്യത്തിനാണ് സർക്കസ് കൂടാരം എപ്പോഴും തീവണ്ടിപ്പാതയ്ക്കു അരികിലാക്കുന്നത്. അതിനുള്ള അനുമതിയും റയിൽവേയിൽ   നിന്നും ബാർണം നേടിയിരുന്നു.  


(ഫയൽ ചിത്രം)

അന്നു രാത്രി ഒമ്പതരയോടെ സർക്കസു കഴിഞ്ഞു ഞാനും  ടോം തമ്പും ഞങ്ങളുടെ പരിശീലകനായ  മാത്യു സ്കോട്ടിനോടൊപ്പം കൂടുകളിലേക്കു മടങ്ങുകയായിരുന്നു. പെട്ടെന്നാണ് ഒരു ചരക്കു തീവണ്ടി പാഞ്ഞു വരുന്നത് സ്‌കോട്ട്  കണ്ടത്.  അപകടസാധ്യത മനസ്സിലാക്കിയ അദ്ദേഹം ഞങ്ങളെ ട്രാക്കിന്റെ അരികിലൂടെ താഴേക്കു  തള്ളി നീക്കാൻ ശ്രമിച്ചു. എന്താണു സംഭവിക്കുന്നതെന്ന് ആദ്യം എനിക്കു മനസിലായതേയില്ല. വീണ്ടും അദ്ദേഹം ഉച്ചത്തിൽ  കൂടാരത്തിലേക്കു ഓടാൻ ഞങ്ങളോടു പറഞ്ഞു. അതു  കേട്ടതും എന്തോ ആപത്തു വരുന്നെന്നു തിരിച്ചറിഞ്ഞ ഞാനും ടോമും ഓടാൻ തുടങ്ങി.  


പിന്നിലായിപ്പോയ ടോമിനെ അപ്പോഴേക്കും അടുത്തെത്തിയ തീവണ്ടി ഇടിച്ച് തെറിപ്പിച്ചിരുന്നു. തൊട്ടടുത്ത നിമിഷത്തിൽ തന്നെ എന്റെ കാലുകളുടെ പിന്നിലായി ആ തീവണ്ടി  ശക്തമായി ഇടിച്ചതിനാൽ ഞാൻ മുട്ടു  കുത്തി വീണു. അസഹ്യമായ വേദനയാൽ എന്റെ നിലവിളി അത്യുച്ചത്തിലായിരുന്നുവത്രേ. പ്രാണൻ പിടയുന്ന വേദനയിൽ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.  എന്നെ ഇടിച്ചു വീഴ്ത്തിയതോടെ തീവണ്ടിയും  പാളം തെറ്റുകയുണ്ടായി. കണ്ടു നിന്നവർ പറഞ്ഞത് രണ്ടു തീവണ്ടികൾ കൂട്ടി മുട്ടുന്നത് പോലെ ശക്തമായിരുന്നു ആ ഇടി എന്നാണ്.    


എനിക്ക് മാരകമായി പരിക്കു പറ്റിയിരുന്നു. ഒന്നനങ്ങാൻ പോലുമാവാതെ ആ തീവണ്ടിപ്പാളത്തിൽ കിടക്കുമ്പോൾ മാത്യു സ്കോട്ടിനെയും ടോം തമ്പിനെയും അവസാനമായി ഒന്നു കൂടി  കാണാനായി ആഗ്രഹിച്ചു... അങ്ങ് ദൂരെയായി വീണു കിടക്കുന്ന  ടോമിനെക്കണ്ടു ഹൃദയം നുറുങ്ങിപ്പോയി. അവന്റെ അടുത്തേക്ക് ഓടിച്ചെല്ലാൻ ആഗ്രഹിച്ചെങ്കിലും അതിനു കഴിയാത്ത നിസ്സഹായാവസ്ഥയിൽ മനസ്സ് വിങ്ങി. എന്നെ കെട്ടിപ്പിടിച്ചു കരയുന്ന സ്‌കോട്ടിനെ ആശ്വസിപ്പിക്കാനായി തുമ്പിക്കൈ കൊണ്ട് അദ്ദേഹത്തെ ആലിംഗനം ചെയ്യാനേ എനിക്കപ്പോൾ കഴിഞ്ഞുള്ളൂ. എന്നത്തേയും പോലെ അദ്ദേഹം സ്നേഹത്തോടെ  തുമ്പിക്കൈയിൽ മെല്ലെ തലോടി. കഴിഞ്ഞ പതിനാലു വർഷങ്ങളായി എന്നോടൊപ്പമുള്ള ആ സ്നേഹത്തണലിൽ തന്നെ ഞാൻ എന്റെ അവസാന ശ്വാസവും അർപ്പിച്ചു.   


എന്റെ മൃതദേഹവുമായി ബർണ്ണത്തിന്റെ സർക്കസ് ടീം കാനഡയിലെമ്പാടും പര്യടനം നടത്തിയപ്പോൾ   എന്നെ സ്നേഹിക്കുന്ന ജനങ്ങളെല്ലാം അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു. പിന്നീട് എന്റെ അസ്ഥികൂടം ന്യൂയോർക്ക് സിറ്റിയിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലേക്കു സംഭാവന ചെയ്തു. 


ഇന്നും, ഒന്റാരിയോ സെന്റ് തോമസിലെ നിവാസികൾ അവരുടെ പട്ടണത്തിന്റെ ചരിത്രത്തിലെ മായാത്ത ഭാഗമായി എന്നെയും കണക്കാക്കുന്നു. 1985-ൽ പട്ടണത്തിന്റെ പ്രവേശന കവാടത്തിനടുത്ത് അവർ എന്റെ വലിയൊരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.  ഇന്നും ഒരുപാടാളുകൾ എന്നെ കാണാൻ അവിടെ എത്തുന്നുണ്ട്. 


ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള ചർച്ച ഇന്നും തുടരുന്നുണ്ട്.  









Tuesday, February 28, 2023

ബനാറസ് ചരിത്രവീട്

  






കാനഡയും ബനാറസുമായി എന്താണു ബന്ധം? പേരിലെ ആ  കൗതുകമാണ് അതന്വേഷിച്ചു പോകാനുണ്ടായ പ്രചോദനം. 

നമുക്കെല്ലാം അറിയുന്ന പോലെ ഉത്തരേന്ത്യയിലെ ഗംഗാനദിയുടെ തീരത്തുള്ള ഒരു നഗരമാണല്ലോ ബനാറസ്. ഹിന്ദുമതവും ജൈനമതവും ബുദ്ധമതവും ഒരു പോലെ പവിത്രമായി കരുതുന്ന നഗരമാണിത്. ഹിന്ദു മതത്തിന്റെയും  ജൈനമതത്തിന്റെയും ഏഴു പുണ്യ നഗരങ്ങളിൽ ഒന്നാണ് വാരാണസി അഥവാ ബനാറസ്. ബനാറസ് ഹിസ്റ്റോറിക് ഹൗസിന്റെ നിർമാതാവും ഉടമയുമായ എഡ്ഗർ നീവ് ഒരു യാത്രാപ്രേമിയായിരുന്നു. അദ്ദേഹം തന്റെ യാത്രയിൽ കണ്ടിഷ്ടപ്പെട്ട ബനാറസിന്റെ ഓർമ്മയ്ക്കായിട്ടാണ്  തന്റെ വീടിനു ആ പേര് നല്കിയത്. അക്കാലത്തൊക്കെ  അങ്ങനെ പേരിടുന്നത് ഒരു പതിവായിരുന്നുവത്രേ. 

165 വർഷത്തിലേറെ  പഴക്കമുള്ളതും ജോർജിയൻ ശൈലിയിലുള്ളതുമായ  എസ്റ്റേറ്റാണ് ബനാറസ് ഹിസ്റ്റോറിക് ഹൗസ്. നാലു തലമുറകളുടെ ചരിത്രമുറങ്ങുന്ന ഈ വീട്ടിൽ  ഒരു പ്രദർശന ഗാലറിയുണ്ട്.  അവരുടെ കുടുംബ സ്വത്തുക്കളാണ് പ്രധാനമായും  അവിടെ  പ്രദർശിപ്പിച്ചിരിക്കുന്നത്‌. 

1835 ലായിരുന്നു എഡ്ഗർ ഈ വീടുണ്ടാക്കിയത്.  ഏറെ  താമസിയാതെ അതു ക്യാപ്റ്റൻ ഹാരിസിനു വിൽക്കുകയുണ്ടായി. പിന്നീട് തലമുറകളോളം ഹാരിസ് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ എസ്റ്റേറ്റ്. ഹാരിസ്, സയേഴ്സ് കുടുംബത്തിലെ നാലു തലമുറകൾ ഇവിടെ താമസിച്ചിരുന്നു. 1857 ലാണ് ഇന്നു കാണുന്ന രൂപത്തിൽ 'ബനാറസ്' നിർമ്മിക്കപ്പെട്ടത്. 1977 ൽ  ക്യാപ്റ്റൻ ഹാരിസിന്റെ കൊച്ചുമക്കളാണ് വീടും അതിലെ സാധനങ്ങളും മിസ്സിസോഗ ചരിത്രസംരക്ഷണ വകുപ്പിനു സംഭാവന  ചെയ്തത്. 1995  ലാണ് ഈ മ്യൂസിയം പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.

ജോർജിയൻ ശൈലിയിലുള്ള വാസ്തുവിദ്യയാണ് ബനാറസിൽ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം വരാന്തയും ബാൽക്കണിയും പോലുള്ള പ്രാദേശിക ഘടനകളും ഇതിൽ ചേർത്തിരിക്കുന്നു.  1835-ൽ നിർമ്മിച്ച  ഭവനത്തിന്റെ  ഭാഗമാണെന്നു വിശ്വസിക്കപ്പെടുന്ന നീളമുള്ള ഒറ്റനില കെട്ടിടവും  ദീർഘചതുരാകൃതിയിലുള്ള രണ്ടു  നിലകളുള്ള കെട്ടിടവും ചേർന്നതാണ്  പ്രധാന വീട്. ആദ്യത്തെ  കെട്ടിടം ഒരു തീപിടുത്തത്തിൽ നശിച്ചതിനാൽ വീണ്ടും പണിതതാണ് ഇപ്പോഴത്തെ  പ്രധാന കെട്ടിടം. വീടിന്റെ  മുൻഭാഗത്ത് വീതിയിൽ ഒരു തുറന്ന വരാന്തയുണ്ട്. അന്നത് പുതുമയുള്ള ഒരു വാസ്തുവിദ്യാസവിശേഷതയായിരുന്നുവത്രേ. മുൻവശത്തെ പ്രവേശന കവാടത്തിനു  മുകളിൽ ഒരു ചെറിയ ബാൽക്കണിയുമുണ്ട്. ജനലുകളും അവയുടെ ഷട്ടറുകളും മേൽക്കൂരയിലുള്ള ചിമ്മിനികളും ആദ്യകാലം മുതലുള്ളവയാണെന്നു കരുതപ്പെടുന്നു. 

പ്രധാന വീടിനെ ചുറ്റി പിന്നാമ്പുറത്തു എത്തിയാൽ അവിടെ പല വലിപ്പത്തിലുള്ള ഔട്ട്ഹൗസുകൾ കാണാം. അവ, പലതരം സംഭരണശാലകൾ ആയിരുന്നിരിക്കണം.  

നഗരത്തിനുള്ളിൽ തന്നെയുള്ള ബനാറസ് എസ്റ്റേറ്റ് മിസ്സിസോഗയുടെ കാർഷിക ഭൂതകാലത്തിലേക്കുള്ള ഒരു പ്രധാന കണ്ണി കൂടിയാണ്. നഗരത്തിനു നടുവിലായിട്ടു പോലും ഈ പ്രദേശത്തെ ചരിത്ര സ്മാരകമായി സംരക്ഷിക്കുകയാണ്. 

ചരിത്രങ്ങൾ സംരക്ഷിക്കപ്പെടണം, എന്നാലേ ഒരു രാജ്യവും അതിലെ ജനങ്ങളും കടന്നു പോയ വഴികളും ജീവിതവും പിന്നാലെ വരുന്ന തലമുറകൾക്കു കണ്ടറിയാൻ സാധിക്കുകയുള്ളൂ. ഇന്നത്തെ രീതിയിലേക്കു തങ്ങൾ എങ്ങനെ എത്തിയെന്നറിയാൻ... ആദരപൂർവ്വം അവയെ കാത്തു സൂക്ഷിക്കാൻ... അഭിമാനപൂർവ്വം അവയെ സംരക്ഷിക്കാൻ... പുതുതലമുറ പഠിക്കാൻ നമ്മൾ അവയെ സംരക്ഷിക്കുക തന്നെ വേണം.

മിസ്സിസോഗയിലും ഒന്റാരിയോയുടെ മറ്റു ഭാഗങ്ങളിലുമായി  അനേകം ചരിത്രസ്മാരകങ്ങൾ ഉണ്ട്. ഈ വർഷത്തെ വേനൽക്കാലം അത്തരം ചരിത്രങ്ങളിലൂടെയുള്ള യാത്രകളായിരുന്നു. 




Wednesday, January 25, 2023

ചിത്രയും ഷാ ഫെസ്റ്റിവലും

വേനൽക്കാലം, യാത്രകളുടെയും കാഴ്ചകളുടെയും വസന്തകാലം കൂടിയാണ്. അങ്ങനെയൊരു കാഴ്ചയുടെ അരങ്ങായിരുന്നു ഷാ ഫെസ്റ്റിവൽ. 





ഫെസ്റ്റിവൽ തിയേറ്റർ, റോയൽ ജോർജ്ജ് തിയേറ്റർ, ജാക്കി മാക്സ് വെൽ  സ്റ്റുഡിയോ തിയേറ്റർ എന്നിങ്ങനെ മൂന്നു വ്യത്യസ്ത തീയറ്ററുകളിലായിട്ടാണ് ഷാ ഫെസ്റ്റിവൽ  നാടകങ്ങൾ നടത്തുന്നത്. ഈ തിയേറ്ററുകളെ കൂടാതെ രണ്ടു ഔട്ട്ഡോർ വേദികളുമുണ്ട്. 

1962-ൽ, ഒന്റാറിയോയിലെ നയാഗ്ര-ഓൺ-ദി-ലേക്കിൽ, അഭിഭാഷകനും നാടകകൃത്തുമായ ബ്രയാൻ ഡോഹെർട്ടി (Brian Doherty) ഐറിഷ് നാടകകൃത്ത് ബെർണാഡ് ഷായുടെ സൃഷ്ടികളോടുള്ള തന്റെ പ്രണയത്തെ ഒരു വേനൽക്കാല നാടകോത്സവമാക്കി മാറ്റിയതാണ് ഷാ ഫെസ്റ്റിവൽ. ആദ്യ കാലത്ത് ബർണാഡ് ഷായുടെ സൃഷ്ടികൾ മാത്രമായിരുന്നു ഈ ഉത്സവത്തിൽ അരങ്ങേറിയിരുന്നത്. പിന്നീട് ക്രിസ്റ്റഫർ ന്യൂട്ടണും ജാക്കി മാക്സ് വെല്ലും  ചേർന്നു മാറ്റങ്ങൾ വരുത്തി. 

 1973 ൽ നയാഗ്ര-ഓൺ-ദി-ലേക്കിലെ  ഫെസ്റ്റിവൽ തിയേറ്റർ ഔദ്യോഗികമായി തുറന്നത് എലിസബത്ത് രാജ്ഞിയാണ്.  ഇന്ദിരാഗാന്ധി, പിയറി എലിയറ്റ് ട്രൂഡോ തുടങ്ങിയവരും ഉദ്‌ഘാടന പരിപാടികളിൽ അന്നു പങ്കെടുത്തിരുന്നു.  പ്രശസ്ത കനേഡിയൻ വാസ്തുശില്പിയായ റൊണാൾഡ് തോം രൂപകൽപന ചെയ്ത ഫെസ്റ്റിവൽ തിയേറ്റർ ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടി. അത്,  വലിയ തോതിലുള്ള പ്രദർശനങ്ങൾ നടത്താൻ ഷാ ഫെസ്റ്റിവലിനെ  പ്രാപ്തമാക്കി. 

ബർണാഡ്ഷായുടെ കാലഘട്ടത്തിൽ വിസ്മരിക്കപ്പെട്ട സ്ത്രീ നാടകകൃത്തുക്കൾ എഴുതിയ കൃതികൾ ഉൾപ്പെടെ നിരവധി നാടകങ്ങൾ ഷാ ഫെസ്റ്റിവലിൽ അരങ്ങേറി. കാനഡയിലെ പ്രശസ്തരായ നാടകകൃത്തുക്കളുടെ കൃതികളും  കനേഡിയൻ ക്ലാസിക്കുകളും ഇവിടെ അവതരിപ്പിക്കാറുണ്ട്. 

ഷാ ഫെസ്റ്റിവലിലെ ഒരു അരങ്ങായ റോയൽ ജോർജ്ജ് തിയേറ്ററിൽ കിംബർലി റാംപർസാദ് സംവിധാനം ചെയ്ത 'ചിത്ര' എന്ന നാടകമായിരുന്നു ഞങ്ങൾ ഈ വർഷം കണ്ടത്. 

ടാഗോറിന്റെ ഈ നാടകത്തിലൂടെ മണിപ്പൂരിലെ രാജാവിന്റെ മകളായ ചിത്രാംഗദയെ നമുക്ക് പരിചയപ്പെടുത്തുന്നു. ആണ്മക്കളില്ലാത്തതിനാൽ, ഒരു ആൺകുട്ടിയായി ചിത്രയെ വളർത്തുകയും ഒരു യോദ്ധാവിനു വേണ്ട കലകളൊക്കെ അഭ്യസിപ്പിക്കുകയും ചെയ്തു.  രാജകുമാരിയും യോദ്ധാവുമായ  ചിത്രാംഗദയും പാണ്ഡവരിലെ മഹാനായ യോദ്ധാവ് അർജ്ജുനനും കണ്ടുമുട്ടുന്ന മനോഹരമായ കഥയാണ് ചിത്ര എന്ന ഏകാങ്കനാടകം 

നമ്മുടെ  ഇതിഹാസമായ മഹാഭാരതത്തിലെ ഒരു കഥയെ ആസ്പദമാക്കി രബീന്ദ്രനാഥ ടാഗോറാണ്  ഈ നാടകം എഴുതിയത്. 1892 ൽ ബംഗാളിയിലാണ് ഇതെഴുതപ്പെട്ടത്.  അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച 1913 ലാണ് അദ്ധേഹം ഈ നാടകം ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്.  

ഒരു ആൺകുട്ടിയെപ്പോലെ വളർന്നു വന്ന രാജകുമാരിയായിരുന്നു ചിത്രാംഗദ. അർജ്ജുനനെ കണ്ടുമുട്ടുന്ന ചിത്രാംഗദ, ജീവിതത്തിൽ ആദ്യമായി ഒരു പുരുഷനെ പ്രണയിക്കാൻ തുടങ്ങുന്നു. അർജ്ജുനനോടുള്ള  സ്നേഹത്താൽ ഞെരിഞ്ഞമർന്ന അവൾ, പന്ത്രണ്ടു വർഷത്തെ ബ്രഹ്മചര്യത്തിന്റെ പവിത്രമായ പ്രതിജ്ഞയെടുത്ത അർജ്ജുനന്റെ ശ്രദ്ധ ആകർഷിക്കുന്നതിനായി തന്നെ സുന്ദരിയാക്കാൻ ദേവന്മാരോട് അപേക്ഷിക്കുന്നു. പ്രണയത്തിന്റെ ദൈവവും  വസന്തകാലത്തിന്റെ ദൈവവും അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയും അവളെ അഭൗമസൗന്ദര്യമുള്ള ഒരു സൃഷ്ടിയാക്കി മാറ്റുകയും ചെയ്യുന്നു.

ചിത്രയെ കണ്ടതോടെ അർജ്ജുനൻ, തന്റെ പ്രതിജ്ഞകൾ മറക്കുന്നു. അതു ചിത്രയെ പരിഭ്രാന്തയാക്കുന്നു. അവളുടെ സങ്കല്പത്തിലുള്ള അർജ്ജുനൻ ഇതായിരുന്നില്ല. അത്, ഉയർന്ന ചിന്താഗതിയുള്ളതും അതിനോടു നീതി പുലർത്തുന്നവനുമായ ഒരാളായിരുന്നു .  ദേവന്മാരാകട്ടെ, ഒരു വർഷം നീ അവനോടൊപ്പം ജീവിക്കൂ എന്നും അതിനു ശേഷം നിന്നെയവൻ ശ്രദ്ധിക്കില്ലെന്നും അവളോടു  പറയുന്നു. 

സൗന്ദര്യം വ്യക്തിത്വത്തിന്റെ  ഒരു ഭാഗം മാത്രമാണെന്ന് അർജുനൻ മനസ്സിലാക്കുന്നു. താൻ പോരാളിയായ രാജകുമാരിയാണെന്നു  ചിത്ര സ്വയം വെളിപ്പെടുത്തുമ്പോൾ, "പ്രിയപ്പെട്ടവളേ, എന്റെ ജീവിതം നിറഞ്ഞിരിക്കുന്നു" എന്നു  മാത്രമേ അർജുനനു പറയാനാകുന്നുള്ളൂ. 

ഗംഭീരവും ലളിതവുമായതും വിവിധ തലങ്ങളുള്ളതുമായ സെറ്റിൽ ചടുലമായതും സ്പഷ്ടമായതുമായ സംഭാഷണങ്ങളിലൂടെ കഥ വികസിക്കുമ്പോൾ പ്രേക്ഷകർ ശ്വാസമടക്കി പിടിച്ചിരിക്കുകയായിരുന്നു. നിശബ്ദനർത്തകരുടെ ചലനങ്ങളിലൂടെ ചിത്രാംഗദയുടെ മനോവ്യാപാരങ്ങളും വികാരങ്ങളും കാഴ്ചക്കാരിലേക്കു ഒഴുകിയെത്തുന്നു. അതിനോടു  ചേർന്നു പോകുന്ന പ്രകാശസംവിധാനവും കൂടിയായപ്പോൾ ഒരു മണിക്കൂർ കടന്നു പോയതറിഞ്ഞതേയില്ല. യഥാർത്ഥപ്രണയത്തിന്റെ മോഹിപ്പിക്കുന്ന ഒരു കവിത പോലെ സുന്ദരമായ ഒരനുഭവമായിരുന്നു ചിത്ര എന്ന നാടകം! 




കിംബർലി റാംപർസാദിന്റെ  സംവിധാനവും നൃത്ത  സംവിധാനവും അഭിനന്ദനർഹമാണ്. ഒരു സംഭാഷണമോ ചലനമോ പോലും അധികപ്പറ്റായി ഉണ്ടായിരുന്നില്ല. ആൻഡ്രൂ ലോറിയുടെ അർജ്ജുനൻ, നമ്മുടെ ഭാവനയിലെ അർജ്ജുനനെ തൃപ്തിപ്പെടുത്തുന്നതു തന്നെ. കേന്ദ്ര കഥാപാത്രമായ ചിത്രയായി ഗബ്രിയേല സുന്ദർ സിംഗ് രംഗത്തു നിറഞ്ഞു നിന്നു. 

നാടകം കഴിഞ്ഞു പുറത്തൊരു ഹാളിൽ സംവിധായകനും അഭിനേതാക്കളും പ്രേക്ഷകരുമായി മുഖാമുഖവും ഉണ്ടായിരുന്നു. മഹാഭാരതകഥയായതു കൊണ്ടാകാം, എനിക്കു സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല.  എന്നാൽ, പലരും ആ കഥയുടെ മൂലകഥയൊക്കെ അന്വേഷിക്കുന്നുണ്ടായിരുന്നു. 

അവിടുന്നിറങ്ങുമ്പോൾ മുന്നിലെത്തിയ ചിത്രയോടു (ഗബ്രിയേല സുന്ദർ സിംഗ്) ചെറുകുശലങ്ങൾ നടത്തുകയും  അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തതു കൂടാതെ കുറച്ചു ചിത്രങ്ങളും എടുത്തു മനോഹരമായ ഒരു ദിവസത്തിന്റെ ഓർമ്മയിലേക്കു ചേർത്തു വെച്ചു.

https://emalayalee.com/vartha/281017



  


Tuesday, May 31, 2022

Inukshuk (ഇനുക്ക് ഷൂക്ക് )

 

                                                               Pic by Sneha              


കാനഡയിലെ ആദിവാസികളിൽ ഒന്നായ ഇന്യുട്ട് ഗോത്രവർഗ്ഗക്കാരുടെതാണ് ഇനുക്ഷുക്  എന്ന കല്ലു പ്രതിമകൾ. മനുഷ്യന്റെ കഴിവിൽ പ്രവർത്തിക്കുന്നത് എന്നാണത്രേ 'ഇനുക്ഷുക്'  എന്നതിനർത്ഥം. ആദിമകാലത്ത് കരയിലും കടലിലുമുള്ള യാത്രക്കാർക്കു വഴികാട്ടിയായിരുന്നു ഇവ. ഇനുക്ഷുക്  പ്രധാനമായും കല്ലുകൾ ഒന്നിനു മേലെ ഒന്നായി അടുക്കി വെച്ചുണ്ടാക്കുന്നതാണ്. അവയെ തമ്മിൽ യോജിപ്പിക്കാൻ സിമന്റോ പശയോ ഒന്നും ഉപയോഗിക്കുന്നില്ല. 

Inukshuk എന്ന വാക്ക് Inuktitut ലെ രണ്ടു അടിസ്ഥാന പദങ്ങളിൽ നിന്നാണു  വന്നത്. Inuk ഒരു വ്യക്തിയെ പരാമർശിക്കുന്നു. suk എന്നാൽ പകരക്കാരൻ എന്നാണർത്ഥം. ആർട്ടിക് പ്രദേശത്തെ അവയുടെ ഉപയോഗത്തിന് അനുയോജ്യമായ ഒരു വിവരണം തന്നെ.

ഇനുക്ഷുക് പല ആകൃതിയിലുമുണ്ടെങ്കിലും കൂടുതലും മനുഷ്യാകൃതിയിലാണ് കാണപ്പെടുന്നത്. മനുഷ്യാകൃതിയിലുള്ള ഈ ഘടനകളെ  ഇനുൻഗ്വാട്ട് അല്ലെങ്കിൽ ഇനുൻഗുവാക്ക് എന്നാണ് ഇന്യൂട്ടുകാർ  വിളിക്കുന്നത്. റോഡുകളോ ദിശാഅടയാളങ്ങളോ ഇല്ലാതിരുന്ന കാലത്തു ഇവയെ മാർഗ്ഗദർശികളാക്കിയിരുന്നു. ഇനുൻഗ്വാട്ടുകളുടെ ഒരു കൈയുടെ വലുപ്പവ്യത്യാസത്തിൽ ദിശയും വഴിയും മനസ്സിലാക്കാൻ കഴിയുമായിരുന്നുവത്രേ. 




ആദിമകാലത്ത് മൃഗങ്ങളെ വേട്ടയാടാനും ഇനുക്ഷുക് ഉപയോഗിച്ചിരുന്നു. ഇന്യൂട്ടുകളുടെ ഇഷ്ടവിഭവമായിരുന്ന 'Caribou' എന്ന കലമാനിനെ കൂട്ടത്തോടെ പിടിക്കാൻ ഇവ ഉപയോഗപ്പെടുത്തിയിരുന്നു. ഇൻക്സ്യൂട്ടിന്റെ (ഇനുക്ഷുകിന്റെ ബഹുവചനം) ഒരു മതിലുണ്ടാക്കി അതിലൂടെ സ്ത്രീകൾ അവയെ ഓടിച്ചു കൊണ്ടു വരികയും പുരുഷന്മാർ  ഇനുക്ഷുകിനു പുറകിൽ മറഞ്ഞിരുന്ന് അമ്പെയ്യുകയും ചെയ്താണ് മാനുകളെ പിടിച്ചിരുന്നത്. 

ഒരു പിരമിഡിന്റെ ആകൃതിയിൽ ഉണ്ടാക്കുന്ന  ഇനുക്ഷുകിനെ വിലയേറിയ സാധനങ്ങളും ഭക്ഷ്യവിഭവങ്ങളും സൂക്ഷിക്കാനും അവർ ഉപയോഗിച്ചിരുന്നു. കൂടാതെ, കത്തുകളും സമ്മാനങ്ങളും കൈമാറാനുള്ള ഒരു തപാൽപ്പെട്ടിയായും ഇവയെ ഉപയോഗപ്പെടുത്തിയിരുന്നു.  

ഇന്യൂട്ട് സംസ്ക്കാരത്തിൽ ഇനുൻഗ്വാട്ടുകളുടെ (മനുഷ്യാകൃതിയിൽ ഉണ്ടാക്കിയവ) പങ്ക് ആത്മീയമാണ്. വിശുദ്ധസ്ഥലങ്ങളെ അടയാളപ്പെടുത്താനാണ് ഇനുൻഗ്വാട്ട് ഉപയോഗിക്കുന്നത്. 

Pic by Manikyam 


ഇന്യൂട്ടുകൾ ഇന്ന് ആധുനിക  ജീവിതശൈലി സ്വീകരിച്ചിട്ടുണ്ടെങ്കിലും  അവരുടെ പൈതൃകത്തിന്റെ അടയാളമായി ഇനൂക്ഷുക് സംരക്ഷിക്കുന്നു. അവരുടെ വിശ്വാസപ്രകാരം  ഇനുക്ഷുക് നശിപ്പിക്കാൻ പാടില്ല എന്നാണ്. ഇന്യൂട്ട് വർഗ്ഗക്കാരുടെ പ്രധാന പ്രദേശമായ നുനാവുട്ട് പ്രവിശ്യയുടെ കൊടിയടയാളവും  ഇനുക്ഷുക് തന്നെ. അവിടുത്തെ ബാഫിൻ ദ്വീപിൽ നൂറോളം  ഇനുക്ഷുക്കളുണ്ട്. അതിനാൽ കാനഡ, ബാഫിൻ ദ്വീപിനെ ദേശീയചരിത്രപ്രദേശമായി സംരക്ഷിക്കുന്നു. രണ്ടായിരത്തിപ്പത്തിലെ വാൻകൂവർ ഒളിമ്പിക് ഗെയിംസിനു പ്രചോദനമായി കാനഡ ഉപയോഗിച്ചതും ഒരു  ഇനുക്ഷുക്  ആയിരുന്നു.      

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇനുക്ഷുക് കാനഡയിൽ ഒന്റാരിയോ പ്രവിശ്യയിലെ ഷോംബർഗിലാണുള്ളത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം  11.377 മീറ്റർ ഉയരവും 8 മീറ്റർ വീതിയും 8200 കിലോ ഭാരവുമുള്ള ഈ  ഇനുക്ഷുക് ഓൾസ്റ്റോൺ പ്രോഡക്ട്സിലെ ശ്രീ. ജോസ് മെലോ സൃഷ്ടിച്ചതാണ്. 

Pic by Mubi 


ഇപ്പോൾ സന്ദർശകാനുമതിയില്ലെങ്കിലും ഹൈവേ ON - 27 ലൂടെ പോകുമ്പോൾ ഈ   ഇനുക്ഷുക് കാണാനാകും


Wednesday, November 10, 2021

ടൂണി

 


കാനഡയിൽ വന്നകാലം എല്ലാമൊരു പുതുമയായിരുന്നു. ആ പുതുമയിൽ നിന്നു ജീവിതത്തിലേക്കു ചേക്കേറിയ  ചില വാക്കുകളുമുണ്ട്. അതിലൊന്നാണ് ടൂണി. കേൾക്കാനും പറയാനും ഇമ്പമുള്ളൊരു വാക്ക്...! ആ കാലത്തൊരിക്കൽ സ്‌കൂളിൽ പോയി വന്ന മോൾ ടൂണിയുടെ പാട്ടു പാടി കേൾപ്പിച്ചെങ്കിലും ആകെ രണ്ടു വരിയാണ് ഓർമ്മയിൽ ഉള്ളത്. 

"Paid a Toonie  for the bus

And now I’m in a rush

I wish that it would all just stop

 I’d never have to fuss"

നിത്യജീവിതത്തിന്റെ ഭാഗമായതിനാലാവാം ഈ വരികൾ മാത്രമാണ് ഇന്നും മനസ്സിൽ നിന്നൊഴിയാതെ നില്ക്കുന്നത്.  

ശോ! ടൂണി എന്താണെന്നു പറഞ്ഞില്ലല്ലോ... നിങ്ങൾക്കും ടൂണിയുടെ കഥ കേൾക്കണ്ടേ?  

കാനഡയുടെ രണ്ടു ഡോളർ നാണയമാണ് ടൂണി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്. അതുവരെ രണ്ടു ഡോളറിന്റെ നോട്ടുകൾ ഉപയോഗിച്ചിരുന്ന കാനഡയിൽ, രണ്ടു  ഡോളർ നാണയം വന്നപ്പോൾ അരുമയോടെ അവരതിനെ 'ടൂണി' എന്നു വിളിച്ചു. ഒരു ഡോളർ നാണയത്തിന്റെ പേരായ 'ലൂണി' യോടു രണ്ട് എന്നർത്ഥമുള്ള ടൂ ചേർത്താണ് ടൂണി എന്ന പേരുണ്ടായത്. നാണയത്തിന്റെ വാൽ(tail) ഭാഗത്തു മഞ്ഞുകട്ടയിലെ ധ്രുവക്കരടിയുടെ ചിത്രവും തല (head) ഭാഗത്ത് എലിസബത്ത് II രാജ്ഞിയുടെ ചിത്രവുമാണുള്ളത്. കാനഡയിലെ എല്ലാ നാണയങ്ങളിലും തലഭാഗത്ത് എന്നും രാജ്ഞി തന്നെ! വാൽ ഭാഗത്തെ ധ്രുവക്കരടിയെ രൂപകൽപ്പന ചെയ്തത്  വൈൽഡ് ലൈഫ് ആൻഡ് ലാൻഡ്‌സ്‌കേപ്പ് ആർട്ടിസ്റ്റ് ബ്രെന്റ് ടൗൺസെന്റാണ്. രണ്ടുതരം ലോഹങ്ങളുപയോഗിച്ചാണ്  ഈ ടൂണിയെ നിർമ്മിച്ചിരിക്കുന്നത്. 

1996 ഫെബ്രുവരി 19 നാണ് രണ്ടു ഡോളർ നാണയം അന്നത്തെ  പൊതുമരാമത്തു മന്ത്രി ഡയാൻ മാർലിയോ ഔദ്യോഗികമായി പുറത്തിറക്കിയത്. റോയൽ കനേഡിയൻ മിന്റാണ് കാനഡ സർക്കാരിനു വേണ്ടി നാണയം നിർമ്മിക്കുന്നത്.  2019 ലെ കണക്കനുസരിച്ച്, ഏറ്റവുമധികം പ്രചാരമുള്ള നാണയം ടൂണിയാണത്രേ. 

ഇതിനിടയിൽ ടൂണിയിലെ ധ്രുവക്കരടിക്കു പേരിടാനുള്ള മത്സരങ്ങളും നടന്നു ... പതിനായിരങ്ങൾ പങ്കെടുത്ത മത്സരത്തിൽ നിന്നും 'ചർച്ചിൽ' എന്ന പേരാണ് തെരഞ്ഞെടുത്തത്. മാനിറ്റോബ സംസ്ഥാനത്തെ ഒരു ചെറുപട്ടണമാണ് ചർച്ചിൽ. ശരത്കാലത്ത് ഈ പ്രദേശത്തു ധാരാളമായി കാണപ്പെടുന്ന ധ്രുവക്കരടിയാണ് നാണയത്തിന്റെ വാൽ ഭാഗത്തുള്ളത്. അതിനാൽ ചർച്ചിൽ എന്ന പേര് അനുയോജ്യം തന്നെ.... 

ടൂണി ട്യുസ്‌ഡേയെപ്പറ്റി പറയാതെ എങ്ങനെയാ ടൂണിയുടെ ചരിതം  പൂർണ്ണമാവുക! കെ.എഫ്.സിയുടെ ഒരു മാർക്കറ്റിങ്ങ് തന്ത്രമായിരുന്നു ടൂണി ട്യുസ്‌ഡേ. അതായത്, ചൊവ്വാഴ്ചകളിൽ രണ്ടു ഡോളറിനു രണ്ടു വലിയ ചിക്കൻ കഷണങ്ങളും ഉരുളക്കിഴങ്ങു വറുത്തതും അടങ്ങിയ ഒരു പൊതി. ഒരു നേരത്തെ വിശപ്പടക്കാൻ അതു ധാരാളം. അന്നൊക്കെ ചൊവ്വാഴ്ചകളിൽ കെ.എഫ്.സികളിൽ ടൂണി പാക്ക് വാങ്ങാൻ നീണ്ട നിരകളാണുണ്ടായിരുന്നത്.  ഏതാണ്ട് പത്തു വർഷത്തിനു ശേഷം 2021 ജൂലൈയിൽ ഒരേ ഒരു ചൊവ്വാഴ്ച കെ.എഫ്.സി 'ടൂണി ട്യുസ്‌ഡേ' ആഘോഷിക്കുകയുണ്ടായി. 

ഈ ടൂണിക്ക്, മനോഹരമായ ഒരു വീടുമുണ്ട് ട്ടോ... 

കാംബെൽഫോഡിലെ ട്രെന്റ് നദിക്കരയിൽ പ്രകൃതിസുന്ദരമായ ഓൾഡ് മിൽ പാർക്കിലാണ്   ടൂണിയുടെ പടുകൂറ്റൻ പ്രതിമയുള്ളത്. 27 അടി ഉയരവും   18 അടി  വ്യാസവുമുള്ള ഈ സ്മാരകം 2001 ൽ നിർമ്മിച്ചതാണ്. രണ്ടു ഡോളർ നാണയത്തിന്റെ വാൽ ഭാഗത്തുള്ള ധ്രുവക്കരടിയെ  രൂപകല്പന ചെയ്ത  ബ്രെന്റ് ടൗൺസെന്റിന്റെ സ്മാരകമായാണ് ഈ പ്രതിമയുണ്ടാക്കിയത്. 

അങ്ങനെയാണ് ശാന്തമായ ഈ നദീതീരനഗരം ടൂണിയുടെ ജന്മസ്ഥലമായി അറിയപ്പെട്ടു തുടങ്ങിയത്. 

ഇക്കഥകളൊക്കെ അറിഞ്ഞപ്പോൾ ടൂണിയുടെ വീട്ടിൽപ്പോകാനും ടൂണിയെക്കാണാനും ആഗ്രഹം തോന്നുക സ്വാഭാവികമല്ലേ... അങ്ങനെ ഒരു ദിവസം  ടൂണിയുടെ വീട്ടിൽപ്പോയി. 



ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷം, 2021 ൽ ടൂണിയ്ക്കു പുതിയൊരു ഡിസൈൻ ഉണ്ടാവുകയാണ്. കാനഡ ലോകത്തിനു നല്കിയ മഹത്തായ  കണ്ടുപിടുത്തമായ 'ഇൻസുലിൻ' ന്റെ ശതാബ്ദി വർഷമാണ് 2021. 1921 ൽ ടൊറന്റോ സർവകലാശാലയിൽ നടന്ന ഇൻസുലിൻ കണ്ടുപിടിത്തത്തെ ബഹുമാനിക്കുന്ന ചിത്രങ്ങളുടെ ഒരു കൊളാഷാണ് ടൂണിയുടെ പുതിയ ഡിസൈൻ. 


https://malayalanatu.com/archives/10932



Tuesday, October 26, 2021

'മേരിയുടെ കുരിശിന്റെ വഴി' അഥവാ ജപമാല




ലോകത്തിലെ ഏറ്റവും വലിയ ജപമാലയുടെ വഴി, ഒന്റാരിയോയിലെ കിംഗ് സിറ്റിയിലാണുള്ളത്. ഒന്നര കിലോമീറ്ററാണ് ഈ ജപമാല പാതയുടെ നീളം. എണ്ണൂറ് ഏക്കറോളം വരുന്ന മേരി ലേക്ക് മൈതാനത്താണ് ഈ ജപമാലയുള്ളത്. റോമൻ കത്തോലിക്കാസഭയിലെ അഗസ്തീനിയൻ വിഭാഗക്കാരുടേതാണ് ഈ മേരി ലേക്ക് മൈതാനം. 2014 ലാണ് 'living rosary' അഥവാ ജീവനുള്ള ജപമാല മേരി ലേക്കിൽ സ്ഥാപിക്കുന്നത്. കത്തോലിക്കർ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്ന കൊന്തയാണത്. അറ്റത്തൊരു കുരിശും 59 മണികളുമാണ് ഒരു കൊന്തയിലുള്ളത്.




വലിയ പള്ളിയുടെ സമീപത്തുള്ള വഴിയിലൂടെ താഴേക്കിറങ്ങിയാൽ മേരി ലേക്ക് മൈതാനത്തു എത്താം. നിശബ്ദതയുടെ ആ താഴ്വാരത്തിൽ കുരിശാണ് ആദ്യം കാണുക. തുടർന്ന് കൊന്തയുടെ ആദ്യ അഞ്ചു മണികൾ... പിന്നെ മേരിമാതാവിന്റെ പ്രതിമയാണ്. അതിൽ നിന്നും ജപമാലയുടെ ആദ്യത്തെ പത്തുമണികൾ ഒരു വശത്തായി സ്ഥാപിച്ചിരിക്കുന്നു. അതു തീരുന്നയിടത്ത്, എതിർവശത്തായി കുരിശും അതിന്റെ നാൾവഴികൾ ചിത്രീകരിച്ച ഫലകവും. അങ്ങനെ ഓരോ പത്തുമണിയിലും കുരിശും ഫലകവും. അവസാന പത്തുമണി കഴിഞ്ഞുള്ളതിൽ ക്രിസ്തുവിന്റെ മരണമാണ് ചിത്രീകരിച്ചിരിക്കുന്നത്. അതു കഴിഞ്ഞാൽ ഒഴിഞ്ഞ കല്ലറയാണ്. ഉയിർപ്പു പെരുന്നാളിനു ആ കല്ലറ തുറക്കാറുണ്ടെന്നാണ് അവിടെ എഴുതി വെച്ചിരിക്കുന്നത്.




കുരിശിനു പിന്നിലായി 'കൃപയുടെ കപ്പേള' സ്ഥിതി ചെയ്യുന്നു. കോവിഡ് കാലമായതിനാലാകാം കപ്പേള അടച്ചിട്ടിരിക്കുകയായിരുന്നു. കപ്പേളയുടെ മുന്നിലും പള്ളിയുടെ ചുറ്റിലുമായി മേരി തടാകം പരന്നു കിടക്കുന്നു. കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന പള്ളിയുടെ ബാൽക്കണിയിൽ നിന്നുള്ള കാഴ്ചയിൽ താഴ്വാരത്തെ ജപമാലയും കപ്പേളയും മൈതാനവും തടാകവുമെല്ലാം ഒരു പെയിന്റിംഗ് പോലെ അതിമനോഹരമാണ്.


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സർ ഹെൻറി പെല്ലറ്റ് ഒന്റാരിയോയിലെ കിംഗ് സിറ്റിയിൽ കുറച്ചു സ്ഥലം വാങ്ങി ഭാര്യ മേരിയുടെ പേരിട്ടു. ആ സ്ഥലമാണ് മേരി ലേക്ക് എന്നറിയപ്പെട്ടത്. ഏതാണ്ട് എണ്ണൂറോളം ഏക്കറുള്ള ഈ സ്ഥലം പിന്നീട് അഗസ്തീനിയൻ സഭ ഏറ്റെടുക്കുകയുണ്ടായി. അതിലെ കെട്ടിടങ്ങളെ കപ്പേളയും സന്യാസമഠവും വിശ്രമജീവിത സങ്കേതങ്ങളുമായി പരിവർത്തനം ചെയ്തു. പൊതുസമൂഹവുമായി ഇടപഴകിയുള്ള മതക്രമമായിരുന്നു അഗസ്തീനിയൻ സഭക്കുണ്ടായിരുന്നത്. സന്യാസമഠം മാത്രമല്ല സ്‌കൂൾ, കോളേജ് എന്നിവയും ഗോശാലയും ക്ഷീരശാലയും ഇവിടെയുണ്ട്. കാലക്രമേണ പുതിയ കെട്ടിടങ്ങൾ വന്നുവെങ്കിലും ഇന്നും പഴയവയെ സംരക്ഷിച്ചു വെച്ചിരിക്കുന്നു.



വർഷങ്ങളായി തീർത്ഥാടകരുടെ പ്രിയ സ്ഥലമാണ് ഇവിടുത്തെ 'ഔർ ലേഡി ഓഫ് ഗ്രേസ്' ദേവാലയം. അതിലെ താരതമ്യേന പുതിയ ആകർഷണമാണ് 'ലിവിങ് റോസരി'. പ്രകൃതിസുന്ദരമായ താഴ്‌വരയിലെ ജപമാല പ്രാർത്ഥിക്കാൻ മാത്രമല്ല വെറുതെ ധ്യാനിച്ചിരിക്കാനും അനുയോജ്യമായ ഇടമാണ്.


ജപമാലയുടെ മുഴുവൻ പാതയും ഏകദേശം 1.5 കിലോമീറ്റർ നീളമുണ്ട്. ഇരുപതു ഏക്കറിലധികം കുന്നുകളും പഴയ കൃഷിയിടങ്ങളുമായി വ്യാപിച്ചു കിടക്കുന്നു ഈ പ്രദേശം. സ്നേഹത്തിന്റെയും വിശുദ്ധിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അപ്രതിരോധ്യമായ സങ്കേതമാണിത്. ടെഡ് ഹരസ്തി എന്ന കലാകാരനാണ് ഈ ജപമാല രൂപകൽപ്പന ചെയ്തത്. വലിയ കുരിശടി അതായത്, കൊന്തയിലെ കുരിശ് ജപമാലപാതയുടെ തുടക്കത്തിലാണ്. പ്രത്യേകമായി സംസ്കരിച്ച സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഈ കുരിശ് നിർമ്മിച്ചിരിക്കുന്നത്. പത്തൊൻപത് അടിയോളം നീളമുണ്ട് ഈ കുരിശിന്. പ്രശസ്ത കനേഡിയൻ ശിൽപ്പിയായ തിമോത്തി ഷ്മാൾസാണ് ഇതുണ്ടാക്കിയത്. ക്രിസ്തുവിന്റെ തലയിലെ മുൾക്കിരീടവും അതിലെ "നസ്രത്തിലെ യേശു, ജൂതന്മാരുടെ രാജാവ്" എന്ന വിശേഷണവും ടെഡ് ഹരസ്തി രൂപകൽപ്പന ചെയ്തതാണ്. ഹീബ്രു, ലാറ്റിൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ ഈ വിശേഷണം ആലേഖനം ചെയ്തിരിക്കുന്നു.


ഈ റോസരി പാതകളിലൂടെ വെറുതെ നടന്നാൽ തന്നെ മനസ്സിനൊരു ഉന്മേഷമാണ്. ചുറ്റുമുള്ള പ്രകൃതിയും പക്ഷികളും അവിടവിടെയായി ഇട്ടിരിക്കുന്ന കസേരകളും ഒരു ഉദ്യാന പ്രതീതിയാണ് നല്‌കുന്നത്‌. പാതകളിൽ അവിടവിടെയായി ഒരുപാടു പേരെ കണ്ടു. ചിലർ ഭക്തിയോടെ ജപമാല ചൊല്ലുന്നു, ചിലർ ബെഞ്ചുകളിൽ വിശ്രമിക്കുന്നു... ആരും ആരെയും ശല്യപ്പെടുത്താത്ത ബഹളങ്ങളില്ലാത്ത ശാന്തമായ ഇടം.


59 മുത്തുകൾക്കു പുറമേ, വലിയ കുരിശുപള്ളി, ചാപ്പൽ ഓഫ് ഗ്രേസ്, കുരിശിന്റെ വഴികൾ, ഫലകങ്ങൾ, ശവകുടീരം, പ്രതിമകൾ, ഒരു ജലധാര, ജപമാലയിലെ രത്നം, സ്മാരക ബെഞ്ചുകൾ, സ്മാരക മരങ്ങൾ, പൂക്കൾ എന്നിവയും ഈ ജപമാലപാതയിൽ ഉണ്ട്. ജപമാല രത്നം അഥവാ കന്യാമറിയത്തിന്റെ പ്രതിമ ജപമാല പാതയുടെ മകുടമായി നിലകൊള്ളുന്നു. ഇത് അക്ഷരാർത്ഥത്തിൽ സ്വർഗ്ഗീയ യാത്ര തന്നെ...




800 ഏക്കറിലധികം വരുന്ന മേരിലേക്ക് മൈതാനത്ത് ഒരു മഠവും റിട്രീറ്റ് സെന്ററും കൂടാതെ ധ്യാനിക്കാനോ പ്രാർത്ഥിക്കാനോ വെറുതെയിരിക്കാനോ ഒക്കെയായി തുറസ്സായ ഇടങ്ങളുമുണ്ട്.



Related Posts Plugin for WordPress, Blogger...