വലിയ പള്ളിയുടെ സമീപത്തുള്ള വഴിയിലൂടെ താഴേക്കിറങ്ങിയാൽ മേരി ലേക്ക് മൈതാനത്തു എത്താം. നിശബ്ദതയുടെ ആ താഴ്വാരത്തിൽ കുരിശാണ് ആദ്യം കാണുക. തുടർന്ന് കൊന്തയുടെ ആദ്യ അഞ്ചു മണികൾ... പിന്നെ മേരിമാതാവിന്റെ പ്രതിമയാണ്. അതിൽ നിന്നും ജപമാലയുടെ ആദ്യത്തെ പത്തുമണികൾ ഒരു വശത്തായി സ്ഥാപിച്ചിരിക്കുന്നു. അതു തീരുന്നയിടത്ത്, എതിർവശത്തായി കുരിശും അതിന്റെ നാൾവഴികൾ ചിത്രീകരിച്ച ഫലകവും. അങ്ങനെ ഓരോ പത്തുമണിയിലും കുരിശും ഫലകവും. അവസാന പത്തുമണി കഴിഞ്ഞുള്ളതിൽ ക്രിസ്തുവിന്റെ മരണമാണ് ചിത്രീകരിച്ചിരിക്കുന്നത്. അതു കഴിഞ്ഞാൽ ഒഴിഞ്ഞ കല്ലറയാണ്. ഉയിർപ്പു പെരുന്നാളിനു ആ കല്ലറ തുറക്കാറുണ്ടെന്നാണ് അവിടെ എഴുതി വെച്ചിരിക്കുന്നത്.
കുരിശിനു പിന്നിലായി 'കൃപയുടെ കപ്പേള' സ്ഥിതി ചെയ്യുന്നു. കോവിഡ് കാലമായതിനാലാകാം കപ്പേള അടച്ചിട്ടിരിക്കുകയായിരുന്നു. കപ്പേളയുടെ മുന്നിലും പള്ളിയുടെ ചുറ്റിലുമായി മേരി തടാകം പരന്നു കിടക്കുന്നു. കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന പള്ളിയുടെ ബാൽക്കണിയിൽ നിന്നുള്ള കാഴ്ചയിൽ താഴ്വാരത്തെ ജപമാലയും കപ്പേളയും മൈതാനവും തടാകവുമെല്ലാം ഒരു പെയിന്റിംഗ് പോലെ അതിമനോഹരമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സർ ഹെൻറി പെല്ലറ്റ് ഒന്റാരിയോയിലെ കിംഗ് സിറ്റിയിൽ കുറച്ചു സ്ഥലം വാങ്ങി ഭാര്യ മേരിയുടെ പേരിട്ടു. ആ സ്ഥലമാണ് മേരി ലേക്ക് എന്നറിയപ്പെട്ടത്. ഏതാണ്ട് എണ്ണൂറോളം ഏക്കറുള്ള ഈ സ്ഥലം പിന്നീട് അഗസ്തീനിയൻ സഭ ഏറ്റെടുക്കുകയുണ്ടായി. അതിലെ കെട്ടിടങ്ങളെ കപ്പേളയും സന്യാസമഠവും വിശ്രമജീവിത സങ്കേതങ്ങളുമായി പരിവർത്തനം ചെയ്തു. പൊതുസമൂഹവുമായി ഇടപഴകിയുള്ള മതക്രമമായിരുന്നു അഗസ്തീനിയൻ സഭക്കുണ്ടായിരുന്നത്. സന്യാസമഠം മാത്രമല്ല സ്‌കൂൾ, കോളേജ് എന്നിവയും ഗോശാലയും ക്ഷീരശാലയും ഇവിടെയുണ്ട്. കാലക്രമേണ പുതിയ കെട്ടിടങ്ങൾ വന്നുവെങ്കിലും ഇന്നും പഴയവയെ സംരക്ഷിച്ചു വെച്ചിരിക്കുന്നു.
ജപമാലയുടെ മുഴുവൻ പാതയും ഏകദേശം 1.5 കിലോമീറ്റർ നീളമുണ്ട്. ഇരുപതു ഏക്കറിലധികം കുന്നുകളും പഴയ കൃഷിയിടങ്ങളുമായി വ്യാപിച്ചു കിടക്കുന്നു ഈ പ്രദേശം. സ്നേഹത്തിന്റെയും വിശുദ്ധിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അപ്രതിരോധ്യമായ സങ്കേതമാണിത്. ടെഡ് ഹരസ്തി എന്ന കലാകാരനാണ് ഈ ജപമാല രൂപകൽപ്പന ചെയ്തത്. വലിയ കുരിശടി അതായത്, കൊന്തയിലെ കുരിശ് ജപമാലപാതയുടെ തുടക്കത്തിലാണ്. പ്രത്യേകമായി സംസ്കരിച്ച സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഈ കുരിശ് നിർമ്മിച്ചിരിക്കുന്നത്. പത്തൊൻപത് അടിയോളം നീളമുണ്ട് ഈ കുരിശിന്. പ്രശസ്ത കനേഡിയൻ ശിൽപ്പിയായ തിമോത്തി ഷ്മാൾസാണ് ഇതുണ്ടാക്കിയത്. ക്രിസ്തുവിന്റെ തലയിലെ മുൾക്കിരീടവും അതിലെ "നസ്രത്തിലെ യേശു, ജൂതന്മാരുടെ രാജാവ്" എന്ന വിശേഷണവും ടെഡ് ഹരസ്തി രൂപകൽപ്പന ചെയ്തതാണ്. ഹീബ്രു, ലാറ്റിൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ ഈ വിശേഷണം ആലേഖനം ചെയ്തിരിക്കുന്നു.
ഈ റോസരി പാതകളിലൂടെ വെറുതെ നടന്നാൽ തന്നെ മനസ്സിനൊരു ഉന്മേഷമാണ്. ചുറ്റുമുള്ള പ്രകൃതിയും പക്ഷികളും അവിടവിടെയായി ഇട്ടിരിക്കുന്ന കസേരകളും ഒരു ഉദ്യാന പ്രതീതിയാണ് നല്‌കുന്നത്. പാതകളിൽ അവിടവിടെയായി ഒരുപാടു പേരെ കണ്ടു. ചിലർ ഭക്തിയോടെ ജപമാല ചൊല്ലുന്നു, ചിലർ ബെഞ്ചുകളിൽ വിശ്രമിക്കുന്നു... ആരും ആരെയും ശല്യപ്പെടുത്താത്ത ബഹളങ്ങളില്ലാത്ത ശാന്തമായ ഇടം.
59 മുത്തുകൾക്കു പുറമേ, വലിയ കുരിശുപള്ളി, ചാപ്പൽ ഓഫ് ഗ്രേസ്, കുരിശിന്റെ വഴികൾ, ഫലകങ്ങൾ, ശവകുടീരം, പ്രതിമകൾ, ഒരു ജലധാര, ജപമാലയിലെ രത്നം, സ്മാരക ബെഞ്ചുകൾ, സ്മാരക മരങ്ങൾ, പൂക്കൾ എന്നിവയും ഈ ജപമാലപാതയിൽ ഉണ്ട്. ജപമാല രത്നം അഥവാ കന്യാമറിയത്തിന്റെ പ്രതിമ ജപമാല പാതയുടെ മകുടമായി നിലകൊള്ളുന്നു. ഇത് അക്ഷരാർത്ഥത്തിൽ സ്വർഗ്ഗീയ യാത്ര തന്നെ...
800 ഏക്കറിലധികം വരുന്ന മേരിലേക്ക് മൈതാനത്ത് ഒരു മഠവും റിട്രീറ്റ് സെന്ററും കൂടാതെ ധ്യാനിക്കാനോ പ്രാർത്ഥിക്കാനോ വെറുതെയിരിക്കാനോ ഒക്കെയായി തുറസ്സായ ഇടങ്ങളുമുണ്ട്.
ഒന്റാരിയോയിലെ കിംഗ് സിറ്റിയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ജപമാലയുടെ വഴിയെ നന്നായി പരിചയപ്പെടുത്തി
ReplyDelete