Monday, September 27, 2021

ഗാർഡിയൻസ് ഓഫ് ദ ഡാർക്ക് സ്കൈ





ഇരുട്ട് കണ്ടിട്ട് എത്ര കാലമായിട്ടുണ്ടാകും? ഓർമ്മയിലൊക്കെ അങ്ങനെയൊന്നു പരതിയിട്ടു അറ്റമില്ലാത്ത രാത്രി പോലെ എങ്ങുമെത്താതെ പോയി. അല്ലെങ്കിൽത്തന്നെ രാത്രിയെ പേടിയല്ലേ നമുക്ക്! കഥകളിലെല്ലാം രാത്രി അല്ലെങ്കിൽ ഇരുട്ട് എന്നും പേടിപ്പിക്കുന്നതായിരുന്നു... അതിനാൽ, എപ്പോഴും ഇരുട്ടിൽ വെളിച്ചം നിറച്ചു വെച്ചു. അങ്ങനെയങ്ങനെ ഇരുട്ടിനെ മറന്നു, അല്ലെങ്കിൽ വെളിച്ചത്തിൽ ഒളിപ്പിച്ചു.

മോൾക്കു നക്ഷത്രങ്ങളുടെ കഥകൾ പറഞ്ഞു കൊടുക്കുമ്പോഴാണ് ആകാശത്തിൽ കാണാതായ നക്ഷത്രങ്ങളെക്കുറിച്ചാലോചിച്ചത്. എപ്പോഴും വെള്ളിവെളിച്ചത്തിൽ നിറഞ്ഞു നില്ക്കുന്ന നഗരാകാശത്തിൽ നിന്നും പോയ്മറഞ്ഞ നക്ഷത്രങ്ങളെ തേടാൻ തുടങ്ങിയത്.
അങ്ങനെയാണ് ഒന്റാരിയോയിലെ 'ഇരുണ്ടാകാശസംരക്ഷിതമേഖല' യെക്കുറിച്ചറിയുന്നത്. രാത്രിയും രാത്രിയാകാശവും നക്ഷത്രങ്ങളും... കൗതുകമായി നിറയാൻ തുടങ്ങി... ലോകത്തിലെ ആദ്യത്തെ 'ഇരുണ്ടാകാശസംരക്ഷിതമേഖല' യാണ് ടോറൻസ് ബാരെൻസ്. ടൊറന്റോയിൽ നിന്നും രണ്ടു മണിക്കൂർ യാത്രാദൂരത്തിൽ വിൺഗംഗ!
പ്രപഞ്ചം കണ്മുന്നിൽ നിറഞ്ഞു തെളിയുന്ന അതിമനോഹരമായ കാഴ്ചയിലേക്കാണ് ആദ്യതവണ തപ്പിത്തടഞ്ഞെത്തിയത്. ആദ്യം കിട്ടിയ പാറപ്പുറത്തു തന്നെയിരുന്നു, അല്ല, കിടന്നു. മലർന്നു കിടന്ന് നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കാണുമ്പോൾ ഉള്ളിൽ തുളുമ്പിയ സന്തോഷം, കൺപീലികളിൽ തങ്ങി നിന്നു. അത്ഭുതങ്ങളിലേക്കു കണ്ണു മിഴിച്ച മോൾ, തിരിച്ചെത്തി നക്ഷത്രപഠനങ്ങളിലേക്കു ഊളിയിട്ടു.
ഇത്തവണത്തെ യാത്ര ഹാർവെസ്റ്റ് മൂൺ ദിനത്തിലായിരുന്നു. വീണ്ടും അവിടെയെത്തിയപ്പോൾ മനസ്സു ശാന്തമായിരുന്നു. പകൽ വെളിച്ചത്തിൽ ചുറ്റുമുള്ള കാടുകളും തടാകവുമൊക്കെ കാണാനായി. സൂര്യൻ മെല്ലെമെല്ലെ തടാകത്തിനപ്പുറത്ത് മറയുന്നതും ചന്ദ്രൻ മരത്തിനു പുറകിൽ പ്രശോഭയോടെ ഉദിച്ചുയരുന്നതും ശാന്തമായിരുന്നു കണ്ടു. ഇത്തവണ ഞങ്ങൾ അവിടെ പൂർണ്ണചന്ദ്രനെയാണ് കണ്ടത്. ശരിക്കും സെപ്റ്റംബർ 20 നായിരുന്നു പൗർണ്ണമി. എങ്കിലും തലേന്നും ഒട്ടും ശോഭ കുറയാതെ നിലാവ് പരന്നൊഴുകിയിരുന്നു. സെപ്റ്റംബറിലെ പൗർണ്ണമി, വിളവെടുപ്പ് പൗർണ്ണമി എന്നാണ് കാനഡയിൽ അറിയപ്പെടുന്നത്. സൂര്യാസ്തമയത്തിനു ശേഷമാണ് നിലാവുദിക്കുന്നതെന്നു പറയുമെങ്കിലും ടോറൻസിൽ ഒരു വശത്ത് സൂര്യാസ്തമയവും മറുവശത്ത് ചന്ദ്രോദയവുമായിരുന്നു കണ്ടത്. ഒരേ സമയം, അസ്തമയസൂര്യന്റെ കുങ്കുമവർണ്ണവും നിലാവിന്റെ പൊൻശോഭയും നിറഞ്ഞ അവർണ്ണനീയ മുഹൂർത്തം! ക്യാമറയിൽ പകർത്തിയെങ്കിലും കണ്ട കാഴ്ചയോടു നീതി പുലർത്താനായില്ല ആ ചിത്രങ്ങൾക്ക്...





ഇതോടെ വസന്തകാലത്തിൽ നിന്നും ശരത്കാലത്തിലേക്കുള്ള സൂര്യയാനത്തിന്റെ തുടക്കമായി. ഈ വർഷം അത് സെപ്റ്റംബർ 22 നാണ്. അന്ന്, രാത്രിയും പകലും തുല്യനീളമായിരിക്കും.
ഈയവസരത്തിൽ തന്നെയാണ് ചൈനക്കാരുടെ പ്രസിദ്ധമായ മിഡ് - ഓട്ടം ഫെസ്റ്റിവൽ അഥവാ ശരത്ക്കാല ഉത്സവം. ചന്ദ്രന്റെ തെളിച്ചവും പൂർണ്ണതയും ഒരുമയുടെ പ്രതീകമായാണ് ചൈനക്കാർ കാണുന്നത്. പങ്കുവയ്ക്കലിനും പ്രണയത്തിനും പൊരുത്തപ്പെടുത്തലിനുമുള്ള സമയം കൂടിയാണ് അവർക്കിത്. ഈ ദിവസങ്ങളിൽ കുടുംബങ്ങൾ ഒത്തുകൂടുകയും സുഹൃത്തുക്കളെ സന്ദർശിക്കുകയും വിളക്കുകൾ കത്തിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ഈ സമയത്തെ ഒരു പ്രധാന വിഭവമാണ് മൂൺ കേക്ക്. താമരയോ പയറോ അരച്ചതും മധുരവും മധ്യത്തിൽ മുട്ടയുടെ മഞ്ഞക്കരുവും നിറച്ചതാണ് മൂൺ കേക്ക്. പേരിൽത്തന്നെയുണ്ടല്ലോ അവ ചന്ദ്രനെപ്പോലെയാണെന്ന്... ഉത്സവാഘോഷത്തിൽ പരസ്പരം കൈമാറുന്ന മധുരവും മൂൺ കേക്കു തന്നെ.
ആദ്യകാലത്തു ചൈനീസ് സുഹൃത്തുക്കൾ തന്ന മൂൺ കേക്ക് കഴിക്കാനാവാതെ വിഷമിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ, നടുവിലെ മഞ്ഞക്കരു കളഞ്ഞിട്ടു കഴിച്ചു നോക്കിയപ്പോൾ കുഴപ്പമില്ലായിരുന്നു. അതിൽത്തന്നെ, പയറു കൊണ്ടുള്ളതാണ് നമ്മുടെ രുചിമുകുളങ്ങൾക്കു പിടിച്ചത്.




സെപ്റ്റംബറിലെ പൗർണ്ണമിക്ക് കാനഡയിലെ ഗോത്രവർഗ്ഗക്കാർക്കിടയിലും ഏറെ പ്രാധാന്യമുണ്ട്. ഗോത്രവർഗ്ഗക്കാരിലെ (Native American Tribes) ഒരു വിഭാഗം യവം വിളവെടുക്കുന്നതിനാൽ ബാർലി മൂൺ എന്നു വിളിക്കുമ്പോൾ അണ്ടിപ്പരിപ്പു ശേഖരിക്കുന്ന മറ്റൊരു വിഭാഗം 'നട്ട് മൂൺ' എന്നും സെപ്റ്റംബറിലെ പൗർണ്ണമിയെ വിളിക്കുന്നു. ഉദിച്ചു വരുന്ന ചന്ദ്രൻ വളരെ വലിപ്പമുള്ളതും തിളക്കമുള്ളതും ആയതിനാൽ ചില ഗോത്രങ്ങൾ ബിഗ് മൂൺ എന്നും വിളിച്ചു.
ടോറൻസ്, 1997 മുതൽ സംരക്ഷിത മേഖലയാണെങ്കിലും ക്യാമ്പ് ഫയറും കൂടാരമുണ്ടാക്കലുമൊന്നും നിരോധിച്ചിട്ടില്ലായിരുന്നു. എന്നാൽ, വിനോദസഞ്ചാരികളുടെ തിരക്കുകളും ബഹളങ്ങളും കാരണം, കഴിഞ്ഞ വർഷം അവയൊക്ക പൂർണ്ണമായും നിരോധിച്ചു. ടോറന്സില് മനുഷ്യനിര്മ്മിതമായ വെളിച്ചങ്ങള് പാടെ മാറ്റി നിര്ത്തിയിരിക്കുകയാണ്. വഴിവിളക്കുകളോ ഫ്ലഡ് ലൈറ്റുകളോ മറ്റു കൃത്രിമ പ്രകാശങ്ങളോ ടോറൻസിൽ ഇല്ല. അവിടെ പ്രപഞ്ചമാണ് നമുക്കു വഴികാട്ടിയാകുന്നത്. ആദ്യം ഇരുട്ടില് തപ്പിത്തടയുമെങ്കിലും പെട്ടെന്നു തന്നെ കണ്ണുകൾ ആ ഇരുട്ടിനോടു പൊരുത്തപ്പെടും. പിന്നെ മറ്റെല്ലാം നിഷ്പ്രഭമാകും. ആകെയുള്ളത് നക്ഷത്രങ്ങളുടെ വെളിച്ചത്തിന്റെ വെളിച്ചം മാത്രം ... സംരക്ഷിതപ്രദേശമായതിനാൽ അടുത്തൊന്നും വീടുകളും അവയിലെ വെളിച്ചങ്ങളുമില്ല. ആ ഇരുട്ടിലും പ്രകൃതിയിലും ഇരിക്കുമ്പോഴാണ് എന്തെല്ലാം കൃത്രിമപ്രകാശങ്ങളാലാണ് നമ്മൾ ഈ പ്രപഞ്ചത്തെ മലിനപ്പെടുത്തിയിരിക്കുന്നതെന്നു ചിന്തിച്ചു പോകുന്നത്!


 https://emalayalee.com/vartha/246028


4 comments:

  1. എത്ര മനോഹരമായാണ് വർണ്ണിച്ചിരിക്കുന്നത്. ഓരോ കാഴ്ചകളും നേരിട്ട് കാണുന്നതുപോലെ. വളരെ നല്ല എഴുത്ത്. അതെ സത്യം തന്നെയാണ്. പ്രപഞ്ചത്തിന്റെ വെളിച്ചത്തെ കൃത്രിമ വെളിച്ചങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു. ഒരുപാട് വർഷങ്ങൾക്ക് മുൻപ് വീട്ടിൽ കറണ്ട് പോകുമ്പോൾ വീടിന്റെ മുൻവശത്തെ കനാൽ റോഡിൽ കയറി നിൽക്കുമായിരുന്നു. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവും വെളിച്ചവും ആസ്വദിച്ചിരുന്നു. ഇപ്പോൾ അത് സാധിക്കുന്നില്ല. പ്രകൃതിയിൽ നിന്നും ദൂരേക്ക് മാറിപോയപോലെ. ഈ അനുഭവം എന്നെ വല്ലാതെ സ്വാധീനിക്കുന്നു. പ്രകൃതിയോട് പ്രകൃതിയിലേക്ക് ഇറങ്ങാൻ ഇണങ്ങിചേരാൻ എല്ലാവർക്കും കഴിയട്ടെ. നന്നായി എഴുതി.... 👏👏👏👏👏👏👏👏
    ആശംസകൾ

    ReplyDelete
    Replies
    1. പണ്ട്, എന്റെ ചെറുപ്പത്തിലും ഇരുണ്ട ആകാശവും നക്ഷത്രങ്ങളുമൊക്കെ നിറയെ കണ്ടിരുന്നു.
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ധ്രുവ്!

      Delete
  2. വളരെ നല്ല വർണ്ണനയും കാഴ്ച്ചവട്ടങ്ങളും

    ReplyDelete

Related Posts Plugin for WordPress, Blogger...