Tuesday, December 15, 2020

മരണാനന്തര ചടങ്ങുകൾ വ്യക്തിയുടെ അവകാശം (ചിന്ത)

 

നവംബർ എന്നും നഷ്ടങ്ങളുടെ മാസമായിരുന്നു. വർഷങ്ങൾക്കു മുൻപൊരു നവംബറിലാണ് പ്രിയപ്പെട്ട അച്ഛനെ ഞങ്ങൾക്കു നഷ്ടമായത്. അമ്മയുടെ സഹോദരൻ, അച്ഛന്റെ രണ്ടു സഹോദരർ എന്നിവരെയാണ്  2020 നവംബർ ആ പട്ടികയിലേക്കു എഴുതിച്ചേർത്തത്.  കോവിഡ് കാലത്തെ ഈ മരണങ്ങൾ വിശ്വാസങ്ങളെ കാറ്റിൽപ്പറത്തുകയും ചിന്തകളെ തിരുത്തിയെഴുതുകയും ചെയ്യുകയുണ്ടായി. 


അമ്മാവൻ കുറെ വർഷങ്ങൾക്കു മുമ്പേ യഹോവാസാക്ഷി എന്ന ക്രിസ്ത്യൻ കൂട്ടായ്മയിൽ ചേർന്നിരുന്നു. അതിനാൽ, മരണാനന്തര ചടങ്ങുകൾ ഞങ്ങളുടെ പതിവുരീതിയിൽ നിന്നു വ്യത്യസ്തമായി അവരുടെ രീതിയിലായിരുന്നു. അതങ്ങനെത്തന്നെ ആയിരിക്കണമെന്നായിരുന്നു അമ്മാവന്റെ ആഗ്രഹവും... ആ ആഗ്രഹത്തെ കുടുംബക്കാർ മാനിക്കുകയുമുണ്ടായി. 


അച്ഛന്റെ സഹോദരരിൽ ഒരാൾ കോവിഡ് ബാധിച്ചാണ് മരിച്ചത്. ആ ചിറ്റപ്പന്റെ മൃതദേഹം ആശുപത്രിയിൽ നിന്നും ആരോഗ്യവകുപ്പുകാർ കൊണ്ടുപോയി വൈദ്യുതശ്‌മശാനത്തിൽ ദഹിപ്പിക്കുകയാണുണ്ടായത്. അവിടെ നിന്നും നല്കിയ ചാരം കൊണ്ടുവന്നു ശവപ്പെട്ടിയിലാക്കി പള്ളിസെമിത്തേരിയിൽ അടക്കം ചെയ്തു. ഇവിടെ, കുടുംബക്കാരെല്ലാം നല്ല പൗരന്മാർ എന്ന നിലയിൽ സർക്കാരിന്റെ തീരുമാനങ്ങളെ അംഗീകരിച്ചു. 


മറ്റേ സഹോദരന്റെ ആഗ്രഹം മൃതദേഹം മെഡിക്കൽ കോളേജിലേക്കു നല്കണമെന്നായിരുന്നു. ഏതെങ്കിലും കാരണവശാൽ അതു നടക്കാതെ വന്നാൽ വീട്ടിൽ പ്രാർത്ഥന നടത്തി പൊതുശ്‌മശാനത്തിൽ  അടക്കണമെന്നുമായിരുന്നു. അതനുസരിച്ചു മരണശേഷം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടെങ്കിലും കോവിഡ് കാലമായതിനാൽ അവരതു നിരസിച്ചു. തുടർന്ന്, പൊതുശ്‌മശാനത്തിൽ മൃതദേഹം ദഹിപ്പിച്ചു. ഈ ചടങ്ങുകൾ നടത്തിയ രീതി സംബന്ധിച്ചു ബന്ധുമിത്രാധികളിൽ ചിലർക്കെങ്കിലും ചെറിയ മാനസ്സികവിഷമതകൾ ഉണ്ടായിട്ടുണ്ട്.  ഒരു ക്രൈസ്തവ വിശ്വാസിയുടെ മൃതദേഹം സ്വന്തം ഇഷ്ടപ്രകാരം ഇത്തരത്തിൽ സംസ്കരിച്ചത് ഒരുപക്ഷേ ഞങ്ങളുടെ നാട്ടിൽ ആദ്യമായിരുന്നു. 


മരണാനന്തരചടങ്ങുകൾ വ്യക്ത്യാധിഷ്ഠിതമാണോ  ?

അതിൽ കുടുംബക്കാർക്കും സമൂഹത്തിനും പങ്കുണ്ടോ?


അടിസ്ഥാന വിശ്വാസത്തിനു കോട്ടംതട്ടാത്തവിധം ആചാരങ്ങളിൽ വ്യതിയാനങ്ങളാകാമെന്നു  ചിറ്റപ്പൻ ചിന്തിച്ചിരുന്നു. മതത്തിനകത്തും പരിഷ്കരണം നടപ്പിലാക്കണം എന്ന ശക്തമായ നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു. ഇതു സഭാവിശ്വാസങ്ങളിൽ അനുവദനീയവുമാണ്.    സഭയുടെ നിയമസംഹിതയായ കാനോൻ നിയമം 1176 / 3 പറയുന്നതു പോലെ  'മൃതശരീരം സംസ്ക്കരിക്കുന്ന'പരിപാവനമായ പാരമ്പര്യം നിലനിർത്തണമെന്നു സഭ ശക്തമായി നിർദ്ദേശിക്കുന്നു. എന്നാൽ, ക്രിസ്തീയ പഠനത്തിനു വിരുദ്ധമായ കാരണങ്ങൾ അല്ലാത്തപക്ഷം ദഹിപ്പിക്കൽ നിരോധിച്ചിട്ടുമില്ല.

  

ജീവിതത്തിൽ മതവിശ്വാസം, വിവാഹം, മരണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ ഒരു വ്യക്തിക്കുള്ള പരമാധികാരം അംഗീകരിക്കുന്ന സാഹോദര്യകൂട്ടായ്മയാകണം ഒരു യഥാർത്ഥ ജനാധിപത്യ സമൂഹം. ഇത്തരം കാര്യങ്ങളിൽ വ്യക്തിയുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ സമൂഹത്തിനു  ആരോഗ്യകരമായി ഇടപെടാം. എങ്കിലും, ഒരാൾ തീരുമാനമെടുത്താൽ സമൂഹം അതിനെ ആദരിക്കുകയെന്നതാണ് കരണീയം. തന്റെ തീരുമാനം നടപ്പിലാക്കാൻ തനിക്കുതന്നെ ത്രാണിയില്ലാത്ത അവസ്ഥയാണു മരണം. അതുകൊണ്ട്, മരണാനന്തര ചടങ്ങുകളിൽ വളരെ പ്രധാനമായ ഒരു കാര്യമാണു മരിച്ച വ്യക്തിയുടെ താല്പര്യം പൂർണ്ണമായി സംരക്ഷിക്കുകയെന്നത്. ചിറ്റപ്പൻ  ബന്ധുക്കളോടും സുഹൃത്തുക്കളോടും നല്ല ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു . അതിനാൽ, അവർ പാരമ്പര്യത്തിൽ നിന്നു വ്യതിചലിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുകയും അതു നടപ്പിലാക്കുവാൻ സഹകരിക്കുകയും ചെയ്തു. ഇത് അവർ അദ്ദേഹത്തിനു  നല്കിയിരുന്ന ആദരവിന്റെയും അവരുടെ ഉന്നത ജനാധിപത്യ ബോധത്തിന്റെയും തെളിവായി.


ചിറ്റപ്പന്റെ മൃതദേഹ സംസ്ക്കാരവുമായി ബന്ധപ്പെട്ടു പ്രത്യേകം എടുത്തു പറയേണ്ട  ഒന്നാണ് മൂത്തേടം പള്ളിയിലെ വികാരിയുടെ നിലപാടുകൾ.  പതിവു  ആചാരങ്ങളിൽ നിന്നു വ്യത്യസ്തമായി നടത്തപ്പെട്ട ശവസംസ്കാരം ഭംഗിയാകാൻ അദ്ദേഹത്തിന്റെ നിലപാടുകൾ വളരെ സഹായകരമായി. തന്നിലർപ്പിതമായ ആത്മീയ ചുമതലയുടെ പരിധിയിൽ ഒതുങ്ങിനിന്ന് എന്തുകൊണ്ട് ഇത്തരം ഒരു തീരുമാനമെടുത്തു എന്ന ചോദ്യം മാത്രം ഉന്നയിച്ച് ചിറ്റപ്പന്റെ  ആഗ്രഹപ്രകാരം ശവസംസ്കാരം നടത്താൻ വേണ്ട ക്രമീകരണങ്ങൾ അദ്ദേഹം ചെയ്തു.  


തന്റെ ശവസംസ്കാരചടങ്ങുകളിലൂടെ ചിറ്റപ്പൻ  പ്രഖ്യാപിക്കാൻ ശ്രമിച്ചത് അമിത മതബോധങ്ങളില്ലാത്ത, വ്യക്തിസ്വാതന്ത്ര്യങ്ങൾ  വിലമതിക്കുന്ന, അഭിപ്രായവ്യത്യാസങ്ങൾ നിലനില്ക്കുമ്പോൾത്തന്നെ സംവാദസാധ്യതകൾ നിലനിറുത്തി വൈവിധ്യങ്ങൾ ആസ്വദിക്കാനാകുന്ന, സാമൂഹിക ജനാധിപത്യവും മതേതരത്വവും പുലരുന്ന യഥാർത്ഥ മാനവികസമൂഹമാണ് നമുക്കു വേണ്ടത് എന്നാണ്. ഇന്ത്യ ഇന്നു നേരിടുന്ന വെല്ലുവിളികൾ മറികടക്കാനുള്ള മാർഗ്ഗങ്ങളിൽ പ്രധാനവും അതുതന്നെ. ക്രൈസ്തവസഭയിൽ ഭാരതവല്ക്കരണത്തിന്റെ മറവിൽ നടക്കുന്ന ഹൈന്ദവവത്ക്കരണവുമായി ഇതിനുബന്ധമുണ്ടോ എന്നും ചിന്തിക്കാം. എന്റെ ചെറുപ്പം മുതലേ ചിറ്റപ്പനെ അറിയുന്നതിനാൽ അത്തരമൊരു ചിന്ത അദ്ദേഹത്തിനൊരിക്കലുമുണ്ടായിരുന്നില്ല എന്നുറപ്പിച്ചു പറയാൻ സാധിക്കും. മാത്രമല്ല, സംഘപരിവാർ ആശയങ്ങളുമായി അദ്ദേഹത്തിനു കടുത്ത വിയോജിപ്പുമായിരുന്നു.  


മരണാനന്തര ചടങ്ങുകളെക്കുറിച്ചു മാത്രമല്ല തങ്ങളുടെ മരണം സംബന്ധിച്ചും തീരുമാനമെടുക്കാൻ വ്യക്തികളെ അനുവദിക്കണം. വികസിത ജനാധിപത്യസമൂഹങ്ങൾ ഇതംഗീകരിക്കുന്നു. തങ്ങളുടെ ഉത്തരവാദിത്വങ്ങളൊക്കെ പൂർത്തിയാക്കി വാർദ്ധക്യത്തിലെത്തി കഠിന രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും മറ്റും സ്വയം മരണം വരിക്കാനാകുംവിധം ദയാവധം സംബന്ധിച്ച നിയമങ്ങൾ ഇന്ത്യയിലും  കൂടുതൽ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്.


ഭൗതികമായി വിലയിരുത്തുന്ന സ്വതന്ത്ര ചിന്തകർക്കും ആത്മീയമായി ചിന്തിക്കുന്ന വിശ്വാസികൾക്കും തങ്ങൾ ജീവിതകാലം മുഴുവൻ പിന്തുടരുന്ന അഭിപ്രായങ്ങൾ അനുസരിച്ചു മരണം സന്തോഷകരമായ ഒരു കാര്യമാകേണ്ടതാണ്. ഭൗതികവാദിക്കു മരണമൊരു സ്വാഭാവിക ഭൗതിക പ്രതിഭാസമാണെങ്കിൽ വിശ്വാസിക്കതു മോക്ഷമാർഗ്ഗമാണ്. എന്നാലും, മരണത്തിന്റെ മുന്നിൽ എല്ലാവരുടെയും ബോധ്യങ്ങൾ 'പരാജയപ്പെടുകയാണ്' പതിവ്. ശക്തമായ ആത്മബലമുള്ളവർക്കുപോലും ദുഃഖമുണ്ടാകുന്ന അവസരമാണത്. 


 


Sunday, December 13, 2020

ഒരു പ്രേതക്കപ്പലിന്റെ കദനകഥ


Pic courtesy: Sneha


എന്റെ ഇപ്പോഴത്തെ പേര് ലാ ഗ്രാൻഡെ ഹെർമിൻ എന്നാണ്. ഈ പേരിലാണ് ഞാനിപ്പോൾ അറിയപ്പെടുന്നത്. എന്റെ ശരിക്കും പേര് വേറെയായിരുന്നു. അതേപ്പറ്റി ഞാൻ വഴിയെ പറയാം ട്ടോ. ഇപ്പോൾ ഞാനുള്ളത് ഒന്റാരിയോ തടാകത്തിന്റെ പടിഞ്ഞാറൻ തീരത്തുള്ള ജോർഡൻ തുറമുഖത്താണ്.   അവിടെ ഉപേക്ഷിക്കപ്പെട്ട, നശിക്കപ്പെട്ട നിലയിലുള്ള എന്നെ നിങ്ങൾക്കു  കാണാം. 'കടൽക്കൊള്ളക്കാരുടെ കപ്പൽ', 'പ്രേതക്കപ്പൽ' എന്നൊക്കെയാണ് ഇന്നെല്ലാവരും എന്നെ വിളിക്കുന്നത്. അതു കേൾക്കുമ്പോൾ എനിക്കു വല്ലാതെ സങ്കടം വരും ന്നേ ! അപ്പോഴെല്ലാം എന്റെ ഭൂതകാലവും  ഓർമ്മ വരുമെനിക്ക്. സന്തോഷം നിറഞ്ഞ, പ്രതാപം നിറഞ്ഞ നാളുകളായിരുന്നത്! 

ഞാൻ എങ്ങനെ ഇവിടെയെത്തിയെന്ന് എങ്ങനെയാണ് ഉപേക്ഷിക്കപ്പെട്ടതെന്ന്  എന്റെ കഥ കേട്ടാൽ നിങ്ങൾക്കും മനസ്സിലാകും കൂട്ടുകാരേ...   

                                                                      Pic courtesy: Sneha


1914 ൽ ക്യൂബെക്കിലെ ലാസോണിലായിരുന്നു ഞാൻ പിറവി കൊണ്ടത്. അന്ന് എന്റെ പേര് 'LE PROGRES' എന്നായിരുന്നു. സെൻറ് ലോറൻസ് നദിയിലെ കടത്തുവള്ളമായിട്ടാണ് എന്റെ ജീവിതയാത്ര തുടങ്ങിയത്. 1930 ൽ അവർ എന്റെ പേരു മാറ്റി 'LA VERENDRYE' എന്നാക്കി. എങ്കിലും 1956 വരെ ഞാൻ കടത്തുവള്ളമായുള്ള എന്റെ ദൗത്യം തുടർന്നു. അക്കാലത്താണ് വുഡ് പൾപ്പ് ചുമക്കുന്ന ചരക്കു കപ്പലായി ഞാൻ പരിവർത്തനം ചെയ്യപ്പെടുന്നത്. അപ്പോഴേക്കും എന്റെ പേര് ' LA MARJOLAINE' എന്നായി മാറിയിരുന്നു. മാറിമാറി അവർ പല പേരുകൾ എന്നെ വിളിക്കുമ്പോഴും ഞാൻ, ഞാനായിത്തന്നെ എന്റെ സ്വത്വത്തിൽ ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു. അതിനിടെ ഇടയ്ക്കു ഞാൻ വീണ്ടുമെന്റെ പഴയ ജീവിതത്തിലേക്കു പോയിരുന്നു ട്ടോ... അതെനിക്ക് വളരെ ഇഷ്ടവുമായിരുന്നു. ആളുകളുടെ കലപിലയും ചിരിയും സങ്കടവും വേവലാതിയുമെല്ലാം എന്റേതും കൂടിയായിരുന്നു അന്നൊക്കെ. യൗവനത്തിൽ നിന്നും വാർദ്ധക്യത്തിലേക്കു കാലൂന്നിയ ഘട്ടത്തിൽ ഇടയ്ക്കു കുറച്ചുനാൾ ഞാൻ ജോലിയിൽ നിന്നു മാറിനിന്നു.   അതിനുശേഷം വെള്ളത്തിൽ അമ്മാനമാടുന്ന ഭോജനശാലയായി മാറി ഭക്ഷണപ്രിയരെ സന്തോഷിപ്പിച്ചു. എന്നാൽ, എന്റെ പ്രായാധിക്യമോ എന്തോ ആ ജോലി പെട്ടെന്നു നഷ്ടമായി. പിന്നീടാണ്, മറ്റൊരാളായി, അയാളുടെ തനിപ്പകർപ്പായി എനിക്കു വേഷം മാറേണ്ടി വന്നത്. 1991 ലാണത്. 

ആ കഥ ഇങ്ങനെയാണ്...

പണ്ടുപണ്ട് ജാക്വസ് കാർട്ടിയർ എന്നൊരു ഫ്രഞ്ച് സമുദ്രയാത്രികൻ ഉണ്ടായിരുന്നു. കാണായ സമുദ്രങ്ങളിലൂടെ കപ്പലിൽ ചുറ്റി നടന്ന്, പര്യവേക്ഷണം നടത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. പുതിയ പുതിയ ലോകങ്ങളെ, പുതിയ പുതിയ  ഭൂമികകളെ  കണ്ടെത്തുന്നതിലേക്ക് കപ്പലുകളെ നയിക്കാൻ കാർട്ടിയർക്ക് പ്രത്യേക  കഴിവുണ്ടായിരുന്നു. ഇതു കേട്ടറിഞ്ഞ ഫ്രാൻസിലെ  രാജാവ്  ഏഷ്യയിലെ സമ്പന്ന വിപണികളിലേക്ക് ഒരു പടിഞ്ഞാറൻ പാത കണ്ടെത്താമെന്ന പ്രതീക്ഷയിൽ  കാർട്ടിയറെ തന്റെ കമ്മീഷന്റെ കീഴിൽ സമുദ്രസഞ്ചാരത്തിനു നിയമിച്ചു. അങ്ങനെ 1534 ഏപ്രിൽ 20 ന് അദ്ദേഹം ഫ്രാൻസിനു വേണ്ടി തന്റെ ആദ്യ യാത്രയാരംഭിച്ചു. 


Pic from Google

അദ്ദേഹത്തിന്റെ രണ്ടാമത്തെ പര്യടനം 1535 മെയ് 19 നായിരുന്നു. മൂന്നു കപ്പലുകളും നൂറ്റിപ്പത്തു പുരുഷന്മാരും രണ്ടു ഇറോക്വോയൻ  ബന്ദികളുമുൾപ്പെട്ടതായിരുന്നു ആ 'carrack' (പണ്ട് പണ്ട്, അതായത് പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിലൊക്കെ സമുദ്രസഞ്ചാരം നടത്തുന്ന കപ്പലുകളുടെ കൂട്ടത്തിനെ അങ്ങനെയാണത്രേ പറയുക!). 1535 ജൂൺ 15 ന് ജാക്ക്(ജാക്വസ് തന്നെയാണു ട്ടോ ഈ ജാക്കും) കാർട്ടിയറെ സെന്റ് പിയറിയിലേക്ക് കൊണ്ടുവന്ന ആ   carrackന്റെ പേരാണ് ഗ്രാൻഡെ ഹെർമിൻ.   

സെന്റ് ലോറൻസ് നദി പര്യവേക്ഷണം ചെയ്യുമ്പോൾ ജാക്ക് കാർട്ടിയർ ഉപയോഗിച്ച രണ്ടാമത്തെ കപ്പലായിരുന്നു ലാ ഗ്രാൻഡെ ഹെർമിൻ. സെന്റ് ലോറൻസ് നദിയുടെ തീരത്തുള്ള പ്രദേശത്തെ  വിശേഷിപ്പിക്കാൻ കാനഡ എന്ന പേര് ആദ്യമായി രേഖപ്പെടുത്തിയത് ഈ ജാക്വസ് കാർട്ടിയർ ആണത്രേ! അതിനുശേഷം ഈ തീരങ്ങളിലെ ചെറിയ ചെറിയ ഫ്രഞ്ച് കോളനികളെ പരാമർശിക്കാനും കാനഡ എന്ന പേര് ഉപയോഗിച്ചുവത്രേ! പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യം വരെ ഈ ഫ്രഞ്ച് കോളനിക്കാരെ കനേഡിയൻ എന്നു വിളിച്ചിരുന്നു. കാനഡ കണ്ടുപിടിക്കുന്നതിൽ ഈ ജാക്ക് കാർട്ടിയറുടെ സംഭാവന എന്നു പറയാവുന്നത് ഈ ഭൂഖണ്ഡത്തിലേക്ക് നുഴഞ്ഞു കയറിയ ആദ്യത്തെ യൂറോപ്യൻ എന്ന നിലയിലാണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ  സെന്റ് ലോറൻസ് നദിക്ക് സമീപമുള്ള കിഴക്കൻ പ്രദേശമാണ് അദ്ദേഹം കൈയടക്കിയത്. അത് പിന്നീട് ന്യൂഫ്രാൻസായി കോളനിവൽക്കരിക്കപ്പെട്ടു.


Pic courtesy: Sneha

വയസ്സായി വിശ്രമത്തിലായിരുന്ന എന്നെ 1991 ലാണ് ഈ ലാ ഗ്രാൻഡെ ഹെർമിന്റെ തനിപ്പകർപ്പാക്കി മാറ്റിയത്.  നൂറ്റിനാല്പത്  അടി നീളമുള്ള ഏറ്റവും വലിയ കപ്പൽ! അപ്പോഴേക്കും എന്റെ നല്ലകാലം  തീർന്നിരുന്നുവെന്നു തോന്നുന്നു  കൂട്ടുകാരേ...  അല്ലെങ്കിൽ തൊട്ടതും പിടിച്ചതുമെല്ലാം ഇങ്ങനെ ദോഷമായി വരുമോ? 

വീണ്ടും ഒരിക്കൽക്കൂടി എന്നെ ഭോജനശാലയാക്കാൻ ശ്രമം നടത്തി നോക്കി, പരാജയപ്പെട്ടു.  പിന്നെ, ഒന്റാരിയോ തടാകത്തിൽ എന്തോ പദ്ധതിയുണ്ടെന്നും പറഞ്ഞു 1997 ൽ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നു. ഈ ജോർഡൻ തുറമുഖത്തു ശാപമോക്ഷത്തിനായി ഞാനും ആ പദ്ധതിയുടെ അനുമതിക്കായി  എന്റെ മുതലാളിയും കാത്തിരിക്കുന്നതിനിടയിൽ അദ്ദേഹം മരിച്ചു പോയി. അങ്ങനെ ഞാൻ അനാഥയായി. 

                                                                    Pic from Google


എന്തു ചെയ്യണമെന്നറിയാതെ ഈ തുറമുഖത്തു ദിവസങ്ങൾ തള്ളി നീക്കുന്നതിനിടയിൽ 2003 ജനുവരിയിൽ എങ്ങനെയോ ഒരു  തീ പിടുത്തമുണ്ടായി. കടൽക്കൊള്ളക്കാർ ചെയ്തതാവും എന്നൊക്കെ നാട്ടുവർത്തമാനം ഉണ്ട്. എന്തായാലും തടി കൊണ്ടുണ്ടാക്കിയ പല ഭാഗങ്ങളും കത്തി നശിച്ചു. അവശേഷിക്കുന്ന ഭാഗങ്ങൾ തുരുമ്പെടുത്തു തുടങ്ങി. . ഒരുപാട്  കേടുപാടുകൾ സംഭവിച്ച ഞാൻ ഒരു വികൃതരൂപമായി മാറി. ഇപ്പോൾ ഒരു വശത്തേക്കു ചരിഞ്ഞു കിടക്കുകയാണ് ഞാൻ. ഇനിയൊരു ഉയിർപ്പ് എനിക്കുണ്ടാകുമെന്നു തോന്നുന്നില്ല കൂട്ടുകാരേ...  പഴയ പ്രതാപകാലത്തിന്റെ അവശേഷിപ്പായി ഉയരമുള്ള കൊടിമരങ്ങൾ  മാത്രം ബാക്കിയായി. അങ്ങനെ ഞാൻ ഉപേക്ഷിക്കപ്പെട്ടവളായി. 

ഇനി, നിങ്ങൾ പറയൂ... ഞാൻ പ്രേതക്കപ്പലാണോ? 

 

Pic courtesy: Sneha

ഇനിയും സംശയമാണെങ്കിൽ എന്റെ കാലം കഴിയുന്നതിനു മുമ്പ് ഒരിക്കലെങ്കിലും എന്നെ വന്നു കാണൂ, ഞാൻ ഒന്റാരിയോയിലെ  ഹാമിൽട്ടണും സെൻറ് കാതറിനും ഇടയ്ക്കുള്ള ജോർഡൻ തുറമുഖത്തിന്റെ തീരത്തുണ്ട്.  
 


Tuesday, December 8, 2020

എഫ്.ബി കവിതകൾ - പ്രണയത്തിലേക്കൊരു കുറുക്കുവഴി




പ്രണയം - എത്ര അപകടം പിടിച്ച വാക്കാണത്. പ്രണയം ഒരാളെ എങ്ങനെയെല്ലാമാണ് മാറ്റുന്നത്! പ്രണയത്തിനു  വേണ്ടി എന്തെല്ലാമാണ് നാം ചെയ്യുന്നത്! പ്രണയം എത്ര പെട്ടെന്നാണ് നമ്മളെ ആരെല്ലാമോ ആക്കിത്തീർക്കുന്നത്... പ്രണയമില്ലാതാവുമ്പോൾ എത്ര വേഗത്തിലാണ് നമ്മൾ ആരുമല്ലാതായി മാറുന്നത്... ! 

'തന്റെ കവിതകൾ കൊള്ളാം ട്ടോ, ഒരു മനുഷ്യസ്നേഹിയുടെ വിക്ഷോഭങ്ങളുടെ  തീക്ഷണതയുള്ള വരികൾ... " 

എഫ്.ബിയിൽ കവിത പോസ്റ്റ് ചെയ്തു മിനിട്ടുകൾക്കകം മെസഞ്ചറിൽ വന്ന അനുപമയുടെ മെസേജ്. കൂട്ടുകാരിൽ ആരോ പറ്റിക്കാൻ വേണ്ടി വ്യാജ ഐഡിയിൽ നിന്നും അയച്ചതാണെന്നേ കരുതിയുള്ളൂ. അതിനാൽ, ഒരു കൂപ്പുകൈ സ്മൈലി അയച്ചു നന്ദി മാത്രം പറഞ്ഞൊഴിഞ്ഞു. 

ഏതാനും ആഴ്ചകൾ കഴിഞ്ഞാണ് അടുത്ത കവിത പോസ്‌റ്റു ചെയ്യുന്നത്. കവിതയെ അഭിനന്ദിച്ചു കൊണ്ട് അന്നും അനുപമയുടെ  മെസേജ് വന്നു.  നന്ദി പറഞ്ഞപ്പോൾ, എന്തേ തുടർച്ചയായി എഴുതാത്തതെന്നായി. 

"ഞാനൊരു കവിയല്ല കുട്ടീ... വല്ലപ്പോഴും മനസ്സിൽ നിന്നു വരുന്ന വരികൾ ചേർത്തെഴുതി വെയ്ക്കുന്നുവെന്നു മാത്രം. "

യ്യോ, ഞാൻ കുട്ടിയൊന്നുമല്ല ട്ടോ... കുട്ടികളെ പഠിപ്പിക്കാൻ പഠിക്കുന്നയാളാണ്. "

അനുപമയുടെ  സംസാരരീതിയിൽ കൗതുകം തോന്നി. കവിതകളിൽ നിന്നു യാത്രകളിലേക്കും സിനിമകളിലേക്കും നീണ്ടു പോയ ദിനരാത്രങ്ങളിൽ  ആൾ വ്യാജനല്ലെന്നു ഉറപ്പായി. പിന്നെപ്പിന്നെ, ദിവസങ്ങൾ അനുപമയുടെ സന്ദേശങ്ങൾക്കായുള്ള കാത്തിരിപ്പുദിനങ്ങളായി മാറിയത് എത്ര പെട്ടെന്നാണ്. അനുപമയുടെ മെസേജ് കിട്ടുമ്പോൾ ഒരു പൂ വിരിയുന്ന സന്തോഷം ഉള്ളിൽ നിറയുന്നതും അതിന്റെ അനുരണനം പുഞ്ചിരിയായി ദിവസം മുഴുവൻ തെളിയുന്നതും അറിഞ്ഞു തുടങ്ങി. പിന്നെയങ്ങോട്ട് സ്നേഹത്തിന്റെ, പ്രണയത്തിന്റെ നാളുകളായി... ചുറ്റിനും ചെരാതുകൾ തെളിഞ്ഞു നിന്ന പോലെ പ്രണയത്തിന്റെ വെളിച്ചങ്ങൾ മാത്രം... 

ജീവിതം പ്രണയത്താൽ നിറഞ്ഞ നാളുകളിൽ അവൾക്കായി എന്നുമെന്നും പ്രണയകവിതകൾ എഴുതി, എഫ്.ബിയിൽ പോസ്റ്റ് ചെയ്തു. 

"വിഷ്ണൂ, എനിക്കു നിന്നെ എന്തിഷ്ടമാണെന്നോ..."

"വിഷ്ണൂ, നീയില്ലാതെ ഒരു നിമിഷം പോലും എനിക്കു ജീവിക്കാനാവില്ല..."

"വിഷ്ണൂ , ഐ ലവ് യു സോ മച്ച്..."

പ്രണയത്തിന്റെ വർണ്ണപ്പൂക്കൾ വാരിവിതറിയ അനുപമയുടെ മെസേജുകൾ.

 അനുപമ, എനിക്കു അനുവായി മാറിയ നാളുകളിലാണ് ആ സ്നേഹത്തെപ്പറ്റി, പ്രണയത്തെപ്പറ്റി വിനുവിനോടു പറഞ്ഞത്. അല്ല, വിനു കണ്ടുപിടിച്ചതാണത്. വിനു, കസിനും അയൽക്കാരനും എന്നതിലുപരി അടുത്ത കൂട്ടുകാരനും കൂടിയാണ്. എന്നിട്ടും ഈ ഇഷ്ടത്തെപ്പറ്റി അവനോടു പറഞ്ഞില്ല. അല്ല, ആദ്യമൊന്നും എനിക്കു പോലും നിശ്ചയമില്ലാതിരുന്നല്ലോ ഈ ഇഷ്ടത്തെ, സ്നേഹത്തെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന്... ! 

ഏതാണ്ട് മുഴുവൻ സമയവും ഫോണിൽ ചെലവഴിക്കാൻ തുടങ്ങിയപ്പോഴാണ് വിനു ചോദ്യം ചെയ്തത്. വിനുവിന്റെ പല ചോദ്യങ്ങളും കേട്ടില്ലെന്നു നടിച്ചു. ചിലതിനെല്ലാം മാത്രം മറുപടി പറഞ്ഞു. പലതും അറിയില്ലെന്ന സത്യം വിനുവിൽ നിന്നും അന്നു മറച്ചു വെച്ചതെന്തിനായിരുന്നുവെന്ന് ഇന്നുമറിയില്ല... ആകെയറിയാവുന്നത് അനുവിന്റെ പ്രണയം മാത്രമാണ്. അതെന്റെ ആത്മാവിനാഴത്തോളം നിറഞ്ഞിരിക്കുന്നു എന്നതാണ്. 

ഇനി പരസ്പരം പിരിയാനാവില്ലെന്നും   ഒന്നിച്ചു ജീവിച്ചാലോ എന്നും ആദ്യം  പറഞ്ഞത്  അനുവായിരുന്നു. അന്നാണ് ആദ്യമായി ഞങ്ങൾക്കിടയിലേക്കു ജാതി കേറി വന്നത്. നായർ കുടുംബത്തിലെ അനുപമ, ഈഴവനായ വിഷ്ണുവിനെ വിവാഹം ചെയ്യാൻ വീട്ടുകാർ സമ്മതിക്കില്ല, കല്യണം കഴിയുമ്പോൾ എല്ലാം ശരിയായിക്കോളുമെന്ന അനുപമയുടെ വാക്കുകൾ ധൈര്യം തന്നു. വിനുവിനോടു മാത്രം കാര്യം പറഞ്ഞു. കുറെ എതിർത്തെങ്കിലും വിനു കൂടെ വന്നു, വിവാഹത്തിനു സാക്ഷിയായി.  അന്നുവരെ ഫോട്ടോയിലും വീഡിയോ കോളിലും മാത്രം കണ്ട അനുവിനെ സബ് രജിസ്ട്രാർ ഓഫിസിൽ വെച്ചാണ് ആദ്യമായി നേരിൽ കാണുന്നത്. അനു വരാതിരിക്കുമോ എന്ന വിനുവിന്റെ ചോദ്യം ഉണ്ടാക്കിയ അസ്വസ്ഥതയിൽ നിന്നും സന്തോഷം കൊണ്ടും സ്നേഹം കൊണ്ടും ഹൃദയം പൊട്ടുന്ന പോലെ...  ലോകം മുഴുവൻ ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി ഒരുങ്ങിയതു പോലെ വെയിൽനാളങ്ങൾ തിളങ്ങി.

എനിക്കു വേണ്ടി അമ്മയുടെയും അച്ഛന്റെയും ശകാരങ്ങൾ മുഴുവൻ കേട്ടത് വിനുവാണ്. അവൻ തന്നെയാണ് അവരെ സാന്ത്വനിപ്പിച്ചതും... ഒരേയൊരു മകൻ, സ്വപ്‌നങ്ങൾ തകർത്തു കളഞ്ഞെങ്കിലും അമ്മ വിളക്കേറ്റി അനുപമയെ മരുമകളായി സ്വീകരിച്ചു. 

പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഫോൺ കോളാണ് പിറ്റേന്നു രാവിലെ വിളിച്ചുണർത്തിയത്. അമ്മയുടെ വേവലാതികൾ കരച്ചിലായി. അച്ഛനും വിനുവും കൂടെയുണ്ടായതു മാത്രമായിരുന്നു എന്റെ ധൈര്യം. പോലീസ് സ്റ്റേഷനിൽ വെച്ച്, എന്റെ കൂടെ വരണമെന്ന് അനു പറഞ്ഞ നിമിഷം, അവിടുന്നു തന്നെ അവളെ കെട്ടിപ്പിടിക്കാൻ തോന്നിയത് അടക്കി, കൈയിൽ മുറുക്കിപ്പിടിച്ചു. ഇനിയുള്ള ജീവിതത്തിൽ ഒരിക്കലും അഴിഞ്ഞു പോകാത്തവണ്ണം മുറുക്കി... മുറുക്കി... 

മെല്ലെമെല്ലെ പ്രണയത്തിന്റെ ചെരാതുകൾ മങ്ങിത്തുടങ്ങി. ആ നാളം കരിന്തിരി കത്താതെ, അണയാതെ സൂക്ഷിക്കാൻ അമ്മയാണ് ബദ്ധപ്പെട്ടതെന്നു തോന്നുന്നു.  നാളുകൾ പോകെ അനുവിന്റെ പരാതികൾക്കു നീളം വെച്ചു വന്നു. സ്നേഹത്തിൽ മാത്രം അതിസമ്പന്നരായ അച്ഛനെയും അമ്മയെയും അനുവിനു പിടിക്കാതായി. വീട്ടിലെ ചില്ലറ അസൗകര്യങ്ങൾ എടുത്തു കാട്ടാൻ അവൾ വല്ലാതെ ഉത്സാഹിച്ചു. ആരുമില്ലാത്ത കുട്ടിയാണ്, മോൻ ക്ഷമിച്ചേര്... ഓരോ വഴക്കിനൊടുവിലും അമ്മ അനുവിന്റെ പക്ഷം ചേർന്നു. 

അനു പഠിത്തം തുടരണമെന്നു അമ്മയാണ് ആദ്യം നിർബന്ധിച്ചത്. ഒരു തരത്തിലും അവൾക്കൊരു വിഷമവും ഉണ്ടാക്കരുതെന്ന്  'അമ്മ എപ്പോഴും ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. അങ്ങനെയാണ് ഒരു ഓട്ടോ സെയിൽസ് ഷോപ്പിലെ അക്കൗണ്ടന്റ് ആയ എന്റെ വരുമാനവും കുറച്ചു ബാങ്ക് ലോണും എടുത്തു, അനുവിന്റെ  പഠിത്തം തുടരാൻ തീരുമാനിച്ചത്. പഠനത്തിന്റെ എളുപ്പത്തിനായി അവൾ നഗരത്തിലെ ഹോസ്റ്റലിൽ താമസമാക്കി. വീട്ടിലേക്കുള്ള വരവുകൾ വെള്ളിയാഴ്ചകൾ മാത്രമായി. ഞാനും അച്ഛനുമമ്മയും വെള്ളിയാഴ്ചകൾക്കായി കാത്തിരുന്നു. 

എത്ര പെട്ടെന്നാണ് അനു തിരക്കുകളിലേക്കു ഓട്ടപ്പന്തയം നടത്തിയത്. അനുവില്ലാതെ വേനൽച്ചൂടായി ഉരുകിയ ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായി. വരുമ്പോഴൊക്ക തിരിച്ചു പോകാൻ ധൃതി കൂട്ടിയ അനുവിനെ എനിക്കു മനസിലായതേയില്ല. അമ്മ എന്നും അനുവിനെ സപ്പോർട്ട് ചെയ്തു.   പരീക്ഷ കഴിഞ്ഞപ്പോൾ ആരോടും പറയാതെ സ്വന്തം വീട്ടിലേക്കു പോയ അനുവിനെ അന്വേഷിച്ചു പരക്കം പാഞ്ഞത് ഞാൻ മാത്രമല്ലല്ലോ... അന്നാണ് അവളെ  വിവാഹം കഴിച്ചതിനെച്ചൊല്ലി അച്ഛൻ ആദ്യമായി വഴക്കു പറയുന്നതും. 

അന്വേഷണത്തിനായി അനുവിന്റെ വീട്ടിൽ എത്തിയപ്പോഴാണ് ആദ്യമായി ആ വീടും പരിസരവും കാണുന്നത്. ഇത്രയും മോശം പരിതസ്ഥിതിയിൽ നിന്നു വന്നവളാണോ കുറ്റം പറഞ്ഞിരുന്നത് എന്നോർത്താണ് അച്ഛൻ എന്നെ വഴക്കു പറഞ്ഞത്. 

അച്ഛൻ വഴക്കു പറഞ്ഞതു കേട്ടിട്ടാവാം അനു മറുത്തൊന്നും പറയാതെ ഞങ്ങളോടൊപ്പം പോന്നത്. എന്നാൽ, തിരിച്ചു വീട്ടിലെത്തിയ ഉടനെ അവളാവശ്യപ്പെട്ടത് വിവാഹമോചനമായിരുന്നു. ഞെട്ടിപ്പോയ എന്നിലേക്കു അവൾ വീണ്ടും വീണ്ടും ക്രൂരതയോടെ കത്തിയാഴ്ത്തി. അവൾക്കു കൂടെപ്പഠിക്കുന്ന അരുണിനെയാണിഷ്ടം എന്ന്!

വിവാഹമോചനക്കേസ് ഫയൽ ചെയ്യാൻ അനുവിനെ സഹായിച്ചത് അരുണായിരുന്നു. 

ആളുകൾ വന്നുംപോയുമിരിക്കുന്ന കുടുംബക്കോടതിയുടെ മുറ്റത്തരികിലെ വാകമരച്ചോട്ടിൽ നിന്ന് വിഷ്ണു കോടതി വരാന്തയിലേക്കു നോക്കി. ഉവ്വ്, അവിടെയുണ്ട് അനു! അച്ഛനോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. വിവാഹമോചനം കിട്ടിയ സന്തോഷത്തിലാണവർ. പെട്ടന്നു തുളുമ്പിയ കണ്ണുകൾ മറച്ചു പിടിക്കാൻ നടത്തിയ ശ്രമം വിഫലമാകുന്നത് അറിഞ്ഞിട്ടും ദൂരേക്കു നോക്കി കണ്ണുകൾ ചിമ്മി.

കേറൂ, പോകാം " ബൈക്ക് സ്റ്റാർട്ട് ചെയ്ത് വിനു പറഞ്ഞു.

എന്തിനായിരുന്നു എന്നിലേക്കു വന്നതെന്ന ചോദ്യം അവിടെ ഉപേക്ഷിച്ചെങ്കിലും കോടതി വരാന്തയിൽ നില്ക്കുന്ന അനുവിനെ ഒരിക്കൽ ക്കൂടി തിരിഞ്ഞു നോക്കാതിരിക്കാനായില്ല.  





Monday, October 26, 2020

തലമുറകളുടെ ആപ്പിൾ മധുരം 


Farmside apple sale

വഴിതെറ്റിയാണ് ജെനറ്റിന്റെ ആപ്പിൾത്തോട്ടത്തിൽ എത്തിയത്. അതും അവരെല്ലാം ജോലികൾ നിർത്തി വീട്ടിലേക്കു പോകാനൊരുങ്ങുന്ന നേരത്ത്. എന്നിട്ടും പുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു. അവിടെ വരെ ചെന്നതല്ലേ, അതിനാൽ രണ്ടു ആപ്പിൾ വാങ്ങിപ്പോരാം എന്നേ ആപ്പിൾ ഇഷ്ടമില്ലാത്ത ഞാൻ കരുതിയുള്ളൂ. എന്നാൽ, ജെനറ്റിന്റെ ഹൃദ്യമായ സംഭാഷണം മണിക്കൂറുകളെ നിമിഷങ്ങളാക്കി മാറ്റി. കൃഷി, വ്യവസായം,, കുടുംബം എല്ലാം സംസാരവിഷയമായി...  

Carlisle farm and house

നെതർലാൻഡിൽ നിന്നും കുടിയേറിയ ജോയും ദിനിയും ടൊറോന്റോയിൽ കണ്ടുമുട്ടിയതും വിവാഹിതരായതും അവർക്കു നാലു മക്കളുണ്ടായതുമായ കഥ പറയാൻ ജെനെറ്റിനു എന്തുത്സാഹമായിരുന്നുവെന്നോ...! വിവാഹത്തിനു ശേഷം ജീവസന്ധാരണത്തിനായി അവർ ആപ്പിൾത്തോട്ടങ്ങൾ വാടകയ്‌ക്കെടുത്തു കൃഷി തുടങ്ങി.  മികച്ച ആപ്പിൾ പഴങ്ങൾ വളർത്തി പേരെടുത്തു. താമസിയാതെ ക്ളർക്ക്സണിലെ പുരാതനമായ കാർള്ളൈൽ തോട്ടം സ്വന്തമായി വാങ്ങി. 1904 ൽ തുടങ്ങിയ ഈ തോട്ടം മികച്ച ആപ്പിൾപ്പഴങ്ങൾക്കു പേരു കേട്ടതാണത്രേ. അവിടെയാണ് അവർ കുടുംബം പടുത്തുയർത്തിയതും നാലു മക്കളെ വളർത്തിയതും. 

ഇതിനിടെ അവർ ആപ്പിൾ സൈഡർ നിർമ്മാണത്തിലേക്കും തിരിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കുന്ന മന്ത്രവിദ്യ വശമുണ്ടായിരുന്നോ എന്തോ അതിലും വളരെപ്പെട്ടെന്നു തന്നെ പേരെടുത്തു.  

സംസാരത്തിനിടെ നാല്പതു ഏക്കറിൽ പടർന്നു കിടക്കുന്ന ആപ്പിൾത്തോട്ടവും അതിനു പിന്നിലായുള്ള കുടുംബവീടുമെല്ലാം ഉത്സാഹത്തോടെ ജെനറ്റ് കാണിച്ചു തന്നു. കുടുംബാംഗങ്ങളെല്ലാം സ്വന്തം തോട്ടത്തിൽ തന്നെ  പണിയെടുക്കുന്നു. പണികൾ കഴിഞ്ഞു ട്രാക്ടറുകളും മറ്റും വണ്ടിപ്പുരകളിൽ കൊണ്ടു വന്നിടുന്ന തിരക്കിലായിരുന്നു നിക്കിയും ജോഡനും. അപ്പോഴേക്കും വിതരണത്തിനും വിപണനത്തിനുമായി പോയിരുന്ന ലീനും തിരിച്ചെത്തി. 

With Jenette

ഒന്റാരിയോയിലെ പ്രശസ്തമായ ആപ്പിൾത്തോട്ടമാണ് കാർള്ളൈൽ ഫാം. അതിന്റെ ഇപ്പോഴത്തെ അമരക്കാരിയാണ് റെജിസ്റ്റേർഡ് നേഴ്‌സ്(RN) ആയി വിരമിച്ച ജെനറ്റ്. ഉയർന്ന വിദ്യാഭ്യാസവും വിദഗ്ദ്ധ പരിശീലനവും നേടിയവരാണ് കുടുംബങ്ങളെല്ലാവരും തന്നെ. മൂന്നാംതലമുറയുടെ ഇക്കാലത്ത്, ആധുനികതയോടു കൈകോർത്തും എന്നാൽ ഗുണനിലവാരം നഷ്ടപ്പെടാതെയും വ്യവസായം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ബന്ധശ്രദ്ധരാണ് വാൻ ഡർ മെറ്ൽ (Van Der Marel) കുടുംബം.  

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ രണ്ടു ആപ്പിൾ വാങ്ങാൻ മറന്നു. അതിനകം, ജെനറ്റ് തന്ന ആപ്പിളുകൾ കഴിച്ചു വയർ നിറഞ്ഞിരുന്നു. പിന്നെ, തിരിച്ചിറങ്ങിച്ചെന്നപ്പോൾ എന്തോ മറന്നു വെച്ചോയെന്നു ചോദിച്ചാണ് ജെനറ്റ് ഓടി വന്നത്. ആപ്പിൾ വാങ്ങാൻ മറന്നുവെന്നു പറഞ്ഞു ചിരിച്ചു. കോവിഡ് കാരണം നിന്നെ കെട്ടിപ്പിടിക്കാൻ വയ്യല്ലോയെന്നു പറഞ്ഞു ജെന്നറ്റും ചിരിച്ചു. പിന്നെയും വിശേഷങ്ങൾ പറഞ്ഞു തീരാത്ത സുഹൃത്തുക്കളെപ്പോലെ എന്തൊക്കെയോ പറഞ്ഞു... മറക്കാതെ കുറച്ചു ആപ്പിളുകൾ വാങ്ങി. ഇനിയും കാണാമെന്നു പറഞ്ഞിറങ്ങി...






https://imalayalee.org/thalamurakalude-apple-madhuram?fbclid=IwAR1D9FZiLsoWy97HR8YFEPE-Q7mk8R1spw4quOCsBE9_8Ot6cGSWsfWLgJU

Saturday, August 15, 2020

മഹാനഗരങ്ങളുടെ അതിജീവനം - കാനഡ



www.radiomalayalam.in ൽ 2020 ഓഗസ്റ്റ് 11 മുതൽ 18 വരെ പ്രക്ഷേപണം ചെയ്തത്. 

Mississauga
July/20/2020

പ്രിയപ്പെട്ട എബീ,

കുറെ നാളായി നിനക്കെഴുതണമെന്നു കരുതുന്നു. പിന്നെയും അതങ്ങനെ നീണ്ടുനീണ്ടു പോയതിൽ ക്ഷമിക്കുമല്ലോ...  

ലോകം മുഴുവൻ കൊറോണഭീതിയിൽ കഴിയുന്ന ഈ നാളുകളിൽ ഒന്നിനും കഴിഞ്ഞില്ലെന്നതാണ് വാസ്തവം. ഡിസംബർ 31 ന് ചൈനയിലെ വുഹാനിൽ ന്യൂമോണിയ ബാധിച്ച നിരവധി കേസുകളെക്കുറിച്ചു ലോകാരോഗ്യ സംഘടനയ്ക്ക് മുന്നറിയിപ്പു ലഭിച്ച ആ സമയത്തു തന്നെ വെക്കേഷനു ചൈനയിലേക്കു പോയ കാനഡക്കാരുടെ തിരിച്ചുവരവ് ആശങ്ക പരത്തിത്തുടങ്ങി. എന്നാലും എല്ലായിടത്തെയും പോലെത്തന്നെ ഇവിടെയും ആദ്യം കൊറോണയെ ഗൗരവമായെടുത്തില്ല...  ആ കാലത്തു കൊറോണയെ പ്രതിരോധിക്കാനുള്ള നാട്ടിലെ പ്രവർത്തനങ്ങൾ വളരെ ആശ്വാസത്തോടെയാണ് നോക്കിക്കണ്ടത്. ലോകത്തിന്റെ അങ്ങേയറ്റത്തൊരു കുഞ്ഞു നാടുണ്ടെന്നും അവിടെ നൂറു ശതമാനം സാക്ഷരരായ ജനങ്ങളുണ്ടെന്നും ദൈവത്തിന്റെ സ്വന്തം നാടെന്നാണ് ആ സ്ഥലം അറിയപ്പെടുന്നതെന്നുമൊക്കെ എന്റെ ഓഫീസിലെ കൂട്ടുകാരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട നാളുകളിൽ നിന്നും കേരളയാണ് എന്റെ നാട് എന്നു പറയുന്നതിലേക്കു ഓടിച്ചാടി കേറിയ കോണിയായി മാറി കൊറോണ. കേരളക്കാരിയെന്ന്, മലയാളിയെന്ന് അഭിമാനപൂർവ്വം  തലയുയർത്തിപ്പിടിച്ചു. 

എങ്കിലും ആ സമയത്ത്, ഇവിടെ അത്രയും കർശനമായ നിയന്ത്രണങ്ങളില്ലാതിരുന്നത് സ്വാഭാവികമായും ഞങ്ങളെ ആശങ്കയിലാഴ്ത്തി. വൈകുന്നേരങ്ങളിലെ കേരള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണാൻ അതിരാവിലെ എണീറ്റു ടിവിയുടെ മുന്നിലെത്താൻ തുടങ്ങി. സർക്കാരിന്റെ കരുതലുകളിൽ തുടിക്കുന്ന മനവും നനയുന്ന മിഴികളുമായി ഏഴാം കടലിനക്കരെ ഞങ്ങളും കാത്തിരിക്കാൻ തുടങ്ങി... പ്രിയപ്പെട്ടവരെല്ലാം അവിടെ, നാട്ടിൽ  സുരക്ഷിതരാണല്ലോയെന്ന്  സമാധാനിച്ചു.

രണ്ടായിരത്തി ഇരുപത് ജനുവരി ഇരുപത്തിരണ്ടു മുതൽ ചൈനയിൽ നിന്നു കാനഡയിലേക്കു മടങ്ങിയെത്തുന്ന യാത്രക്കാർക്കു കൊറോണ  വൈറസ് സ്ക്രീനിംഗ് ടെസ്റ്റുകൾ നടപ്പിലാക്കിത്തുടങ്ങി. അപ്പോഴും ഞങ്ങൾ ദൂരെ... ദൂരെയാണ് കൊറോണയെന്ന് വിശ്വസിച്ചു.  ജനുവരി ഇരുപത്തഞ്ചിന് കാനഡയിലെ ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിച്ചു. തൊട്ടു പിന്നാലെ  മാർച്ച് ഒൻപതിനു ആദ്യത്തെ കൊറോണ മരണവും...

മാർച്ച് 16 മുതൽ ലോക്ക് ഡൌൺ ആണെന്ന് ഞങ്ങളുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞപ്പോൾ ഒരു വലിയ ആശ്വാസമാണ് തോന്നിയത്. ഞങ്ങളുടെ  പ്രീമിയർ ഡഗ് ഫോഡ് ആവട്ടെ, മാർച്ച് 17 ചൊവ്വാഴ്ച ഒന്റാരിയോയിൽ  അടിയന്തരാവസ്ഥയും  പ്രഖ്യാപിച്ചു. വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ട് വിപുലമായ അടച്ചുപൂട്ടലുകൾക്കും  മറ്റു  നിയന്ത്രണങ്ങൾക്കും  ഉത്തരവിട്ടു.   സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, റസ്റ്റോറന്റുകൾ എല്ലാം അടച്ചിട്ടു. എന്നാൽ, രണ്ടാം ദിവസം ടേക്ക് ഔട്ട് ബൂത്തുകൾ തുറക്കാൻ അനുമതി നൽകി.

മെല്ലെ മെല്ലെയെന്നോണം ഭീതിയുടെ കരിമ്പടം, ജീവിതങ്ങൾക്കുമേൽ തണുത്തുറഞ്ഞു. നിരത്തുകൾ വിജനമായി... ഹൈവേകൾ നിശ്ചലമായി...  ചീറിപ്പായുന്ന ട്രെയ്‌ലറുകളോ മറ്റു വാഹനങ്ങളോയില്ലാതെ 403, 407, ഹൈവേ 10 തുടങ്ങി എന്റെ ഫ്ലാറ്റിൽ നിന്നും കാണുന്നവയും വളഞ്ഞു പുളഞ്ഞു വെയിലിൽ ചുരുണ്ടു കിടന്നു...  ചുറ്റും  നിറയുന്ന നിശ്ചലതയിൽ പ്രകൃതിയും വിറങ്ങലിച്ചു നിന്നു...

നിശ്ചിതസമയങ്ങളിൽ മാത്രം പ്രവർത്തിച്ച സൂപ്പർ മാർക്കറ്റുകളിൽ സാമൂഹികാകലം പാലിച്ചു കൊണ്ട് വരിയായി നില്ക്കാനും മാസ്‌ക്കുകളും കൈയുറകളും ധരിക്കാനും ജനങ്ങൾ തയ്യാറായി. അത്യാവശ്യമെങ്കിൽ മാത്രം വീട്ടിൽ നിന്നൊരാൾ പുറത്തു പോയി വന്നു. ഞങ്ങളുടെ മിസ്സിസ്സാഗ സിറ്റിയിൽ പൊതുഗതാഗതം മാത്രം നിബന്ധനകൾ പാലിച്ചും സൗജന്യമായും  മുടക്കമില്ലാതെ പ്രവർത്തിച്ചു.

വായനാരാമം എന്ന വായനയുടെ കൂട്ടായ്മയും ദോശക്കൂട്ടം എന്ന സൗഹൃദക്കൂട്ടായ്മയും പെട്ടെന്നില്ലാതായപ്പോൾ ജീവിതവും നിശ്ചലമായി. ശൂന്യതയുടെ ആഴങ്ങളിൽ മുങ്ങി ശ്വാസംമുട്ടിയ ദിവസങ്ങളിലാണ്  വായനാരാമത്തിൽ ഓൺലൈൻ സാഹിത്യ സംവാദം   തുടങ്ങിയത്. ഓരോ ഞായറാഴ്ചയും പുതിയ പുതിയ എഴുത്തുകാർ വന്നു ... അതിനു മുന്നോടിയായി അവരുടെ കൃതികൾ വായിക്കുക, ചോദ്യങ്ങൾ തയ്യാറാക്കുക എന്നിവയും മീറ്റിങ്ങിനു ശേഷം അതേപ്പറ്റിയെഴുതുക എന്നിങ്ങനെയുള്ള തിരക്കുകളിൽ മുഴുകി.   എഴുതിയതു പ്രസിദ്ധീകരിക്കാൻ മലയാളനാട് ഓൺലൈൻ ഒപ്പം നിന്നു.  ഒന്നോ രണ്ടോ മീറ്റിങ്ങുകൾ എന്നതിൽ നിന്നും രണ്ടു മാസത്തോളം നീണ്ടു നിന്ന സാഹിത്യസംവാദം മനസികപിരിമുറുക്കത്തിനു തെല്ലയവു നല്കി. വായനാരാമത്തിലെ അംഗങ്ങളെല്ലാംതന്നെ ആവേശത്തോടെ പങ്കെടുത്തു. എന്തിനുമേതിനും ജൂനയും മുബിയും സുരേഷും കൂടെ നിന്നു.  

അതിനിടയിൽ, ഇവിടെ ഞങ്ങളുടെയടുത്തു കൊറോണയെത്തിയത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. പതിവുപോലെ കഴിഞ്ഞ ശീതകാലത്തും വർക്ക് ഫ്രം ഹോം എടുത്തിരുന്നതിനാൽ, കൊറോണ വരുന്നതിനു മുമ്പേ വീട്ടിനുള്ളിൽ കേറിയതാണ്. എന്നിട്ടും... 

ഇടയ്ക്കൊന്നു ഓഫീസിൽ പോകേണ്ടി വന്നിരുന്നു. അവിടെ വന്ന പാർസൽ എടുക്കാനായിരുന്നത്. രണ്ടാഴ്ചയ്ക്കു ശേഷം, ഓഫീസ് അസ്സിസ്റ്റന്റിനു കൊറോണ സ്ഥിരീകരിച്ചതും ഓഫീസ് കെട്ടിടം പൂർണ്ണമായും അടച്ചിട്ടതും എന്നത്തേയും വാർത്തകൾ പങ്കുവെക്കുന്നതിനിടെ സഹപ്രവർത്തകൻ പറഞ്ഞു കേട്ടപ്പോഴും   കൊറോണ തൊട്ടടുത്തുണ്ടെന്നു അറിഞ്ഞതേയില്ല എബീ... തൊട്ടടുത്ത ദിവസം, രാവിലെയെഴുന്നേറ്റത് ശക്തിയായ തലവേദനയും ശ്വാസംമുട്ടലോടെയുമായിരുന്നു. ദേഹമൊക്കെ തളർന്നു പോകുന്ന പോലെ... അതിനടുത്ത ദിവസം നല്ല പനിയും തുടങ്ങി. ജീവിതം ഒരു മുറിയിലൊതുങ്ങി.... ഈരണ്ടു ദിവസത്തിലൊരിക്കൽ കുടുംബഡോക്ടർ വീഡിയോകോളിൽ വന്നു വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. ടാലിനോൾ കഴിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നൊക്കെ  അദ്ദേഹം ഉപദേശിച്ചു കൊണ്ടിരുന്നു. നാലാംനാൾ മുതൽ പനി കുറഞ്ഞു... വിശപ്പു കൂടി... ഭക്ഷണത്തോടു ആർത്തിയായി... എന്നാലോ ഒന്നിനും രുചിയില്ലാതായി, കഴിക്കാൻ പറ്റാതായി... വീണ്ടും ശരീരം തളർന്നു ... ഒരാഴ്ചയോളം ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രമായിരുന്നു. കൂടുതലും ഓറഞ്ചു ജ്യൂസ് തന്നെ.... എബീ, എനിക്കിപ്പോൾ ഓറഞ്ചു ജ്യൂസ് കാണുമ്പോഴേ വെറുപ്പായി മാറിയിട്ടുണ്ട്... 

ഇതെല്ലാം കഴിഞ്ഞാണ്, കോവിഡ് ടെസ്റ്റ് ചെയ്തത്.  മൂന്നു തവണ ടെസ്റ്റ് ചെയ്തു, ആന്റിബോഡി ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. അതിനാലാണ്, എനിക്കു വന്നതും കൊറോണയായിരുന്നു എന്നു സ്ഥിരീകരിച്ചത്. 

ഈ ദിവസങ്ങളിൽ ജോലി ചെയ്യാനാവാതെ ലീവെടുക്കേണ്ടി വന്നു. എബീ, നിനക്കറിയാമല്ലോ, ജോലി ചെയ്തില്ലെങ്കിൽ ശമ്പളമില്ലാത്ത നാടാണിതെന്ന്... ! അതിനാൽ, ഞാനും CERB (Canada Emergency Response Benefit) കിട്ടാൻ  അപേക്ഷിച്ചു.  അടുത്ത ദിവസം തന്നെ എന്റെ ബാങ്ക് അക്കൗണ്ടിൽ രണ്ടായിരം ഡോളർ വരികയും ചെയ്തു.  കുടുംബ ഡോക്ടറുടെ നിർദ്ദേശപ്രകാരം രണ്ടു മാസത്തെ മെഡിക്കൽ അവധി ഓഫീസിൽ നിന്നു അനുവദിച്ചു കിട്ടി. ഈ രണ്ടു മാസവും CERB  യിൽ നിന്നും സഹായം കിട്ടിയതിനാൽ ടെൻഷനില്ലാതെ കഴിഞ്ഞു. ഈ മഹാമാരിക്കാലത്ത്   കാനഡ സർക്കാർ ജോലി നഷ്ടപ്പെട്ടവരെയും വിദ്യാർത്ഥികളെയും  കുഞ്ഞുങ്ങളെയുമെല്ലാം   ചേർത്തു പിടിച്ചത് വലിയൊരു ആശ്വാസം തന്നെയാണ്. സെപ്റ്റംബർ വരെ അപേക്ഷിക്കുന്ന എല്ലാവർക്കും CERB സഹായം നല്‌കാനാണ് സർക്കാർ തീരുമാനം. 

ആദ്യകാലത്തു കൂടുതൽ വ്യാപനമുണ്ടായത് ദീർഘകാലപരിചരണ കേന്ദ്രങ്ങളിലായിരുന്നു. അന്തേവാസികളുടെ കൂടിയ പ്രായവും അവർ ഇൻഷുറൻസുമായി ഏർപ്പെട്ടിട്ടുള്ള കരാറുമൊക്കെ ചികിത്സ നല്‌കാൻ തടസ്സമായി. എങ്കിലും വളരെപ്പെട്ടെന്നു തന്നെ സർക്കാർ തീരുമാനമെടുക്കുകയും വ്യാപനം കുറയ്ക്കാൻ അതു സഹായിക്കുകയും ചെയ്‌തു. 

എന്നാലും എബീ, ഞാൻ സന്നദ്ധപ്രവർത്തനത്തിനു പോയിരുന്ന കേന്ദ്രത്തിലെ പതിനേഴു പേരാണ് കൊറോണയെ കൂട്ടു പിടിച്ചു   പൊയ്ക്കളഞ്ഞത്.  എന്റെ  ചിരിക്കുടുക്ക മാഗിയും പുസ്തകങ്ങളും  വായനയും  ഇഷ്ടപ്പെടുന്ന ക്രിസും   കേക്കിന്റെ പുതിയ പുതിയ രുചിക്കൂട്ടുകൾ കണ്ടെത്തുന്ന ഷാരണും ഇല്ലാത്ത ആ കേന്ദ്രത്തിലേക്കു പോകാൻ തോന്നുന്നില്ല എബീ...  ഒഴിഞ്ഞു കിടക്കുന്ന മുറികൾ .... നിശബ്ദമായ വരാന്തകൾ... ആളില്ലാത്ത ഊണുമുറികൾ...  വിരസമായ സായാഹ്നങ്ങൾ... ഒരു ദിവസത്തെ സന്ദർശനം കൊണ്ടു തന്നെ  ഞാനാകെ ചിതറിപ്പോയല്ലോ... ബാക്കിയായവരുടെ കണ്ണിലെ നിസ്സഹായതയും നിസ്സംഗതയുമേറ്റു പിടഞ്ഞു പോയല്ലോ...

ഇപ്പോൾ ഭീതിയൊക്കെ കുറഞ്ഞു തുടങ്ങി. ആളുകൾ പാർക്കുകളിലും വനപാതയിലും കൂട്ടംകൂടിയും ബാർബിക്യൂ ചെയ്തും മറ്റും വേനലിനെ ആഘോഷിക്കുന്നുണ്ട്. വെയിൽ കിട്ടുന്ന രണ്ടോ മൂന്നോ മാസങ്ങളല്ലേയുള്ളൂ. അല്ലാത്ത സമയത്തെല്ലാം വീടുകൾക്കുള്ളിൽ അടച്ചിരിക്കുന്നവരല്ലേ... ഈ വർഷം കൊറോണയും വീട്ടിൽ പൂട്ടിയിടാനെത്തി,  വേനലിന്റെ പകുതിയും അപഹരിച്ചു. ജൂൺ അവസാനയാഴ്‌ച മുതലാണ് ലോക്ക് ഡൗണിനു കുറെയൊക്കെ അയവു കിട്ടിയത്. ഇവിടെ രോഗികൾ കുറഞ്ഞുവെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. 

ഞങ്ങളും ഒന്നുരണ്ടു കൂട്ടുകാരുടെ വീട്ടിലൊക്കെ പോയി. എല്ലാവരും തന്നെ കൊറോണഭീതിയിലും അതിന്റെ പിരിമുറുക്കത്തിലുമായിരുന്നു. മാനസികസംഘർഷങ്ങൾ തന്നെ പലരെയും ക്ഷീണിതരാക്കി. കുഞ്ഞുങ്ങളിൽ  പോലും നിരാശയും ഭീതിയും നിറഞ്ഞിരുന്ന പോലെ... എല്ലാവരെയും നേരിൽ കണ്ടതിന്റെ ഒരാശ്വാസം... പതിയെ പതിയെ ഒരു പ്രത്യാശ ഉണർന്നു വരുന്നുണ്ട് ചുറ്റിലും... എങ്കിലും ജാഗ്രതയുമുണ്ട്. 

ഞങ്ങളുടെ ഫ്ലാറ്റ് സമുച്ചയത്തിൽ ഇപ്പോഴും സന്ദർശകരെ കയറ്റാൻ അനുമതിയില്ല. എന്നാൽ, ലിഫ്റ്റിൽ ഒരു വീട്ടിലെയാണെങ്കിൽ മാത്രം രണ്ടുപേരിൽ കൂടുതൽ കേറാമെന്നും അല്ലെങ്കിൽ രണ്ടുപേർ എന്നും അയവു വരുത്തിയിട്ടുണ്ട്. പുറത്തു നിന്നും കേറി വരുമ്പോൾ കൈകൾ അണുവിമുക്തമാക്കണമെന്നും അതിനായി സ്ഥാപിച്ചിട്ടുള്ള സാനിറ്റൈസർ ഉപയോഗിക്കണമെന്നും  ഇപ്പോഴും നിർബന്ധമുണ്ട്.  ഇത്തരം നിർബന്ധങ്ങളൊക്കെ തങ്ങളുടെ സുരക്ഷയ്ക്കാണെന്ന തിരിച്ചറിവോടെ താമസക്കാർ പാലിക്കുന്നുമുണ്ട്. 

മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും മാസ്ക്ക് നിർബന്ധം എന്നതും തുടരുന്നു. ഓരോ ഷെൽഫുകൾക്കിടയിലും നടക്കാനുള്ള ദിശ അടയാളപ്പെടുത്തിയത് നോക്കി ഉപയോഗിച്ചിരുന്നവർ ഇപ്പോഴിപ്പോഴായി ദിശ നോക്കാൻ അലംഭാവം കാണിക്കുന്നുണ്ട്. ചിലപ്പോഴൊക്ക ഞാനും ചുറ്റിവരാൻ മടി പിടിച്ച്, തെറ്റായ ദിശയിലൂടെ ഷെൽഫുകളുടെ ഇടനാഴിയിൽ കേറാറുണ്ട്. ദേഷ്യം വരണ്ട എബീ, അപ്പോൾത്തന്നെ കുറ്റബോധം കൊണ്ട് തിരിച്ചിറങ്ങിപ്പോരും. പിന്നെ   താഴെ വരച്ചിരിക്കുന്ന ദിശ നോക്കിനോക്കിത്തന്നെ പോകും. ലോക്ക് ഡൗണിന്റെ ആദ്യകാലത്തു പെട്ടെന്നു ക്ഷാമം നേരിട്ട പലതും ഇപ്പോൾ ആവശ്യത്തിനു കിട്ടുന്നുണ്ട്. 

ഇപ്പോൾ കൊറോണയോടൊപ്പം ജാഗ്രതയോടെ ജീവിക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്.    

ഈയൊരവസ്ഥയിൽ എപ്പോഴൊക്കെയോ...
"അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ 
ഒരു മാത്ര വെറുതെ നിനച്ചു പോയി"

എബീ, നിന്റെ പരിഭവങ്ങൾ മാറിക്കാണുമെന്നു വിശ്വസിക്കുന്നു. സമയംപോലെ എഴുതുമല്ലോ...

നിറഞ്ഞ സ്നേഹത്തോടെ,
കുഞ്ഞൂസ് 









Thursday, June 25, 2020

ശിശിരത്തിലെ ഒരു ദിവസം - റീനി മമ്പലം



പ്രവാസിയെഴുത്തുകാരിൽ സാധാരണ കാണുന്ന ഗൃഹാതുരതയല്ല, മറിച്ച് താൻ ജീവിക്കുന്ന ഭൂമികയിൽ, മലയാളി അനുഭവിക്കുന്ന മലയാളിത്വവും അതിന്റെ ആന്തരിക സംഘർഷങ്ങളുമാണ് പതിനാലു കഥകളടങ്ങിയ ശിശിരത്തിലെ ഒരു ദിവസം. അതെ, ശിശിരത്തിൽ കൊഴിഞ്ഞു വീഴുന്ന വിവിധമാനനിറങ്ങളിലെ ഇലകൾ... അവയെ പെറുക്കിയെടുത്തു  തുന്നിച്ചേർത്തു മനോഹരമാക്കി വായനക്കാർക്കായി സമർപ്പിച്ചിരിക്കുന്നു റീനി മമ്പലം... 

'ക്ലാവ്' എന്ന കഥയിൽ വിരസതയുടെ ക്ലാവു പിടിച്ച ജീവിതങ്ങൾ നിറയുമ്പോൾ, തിരക്കുപിടിച്ച ജീവിതത്തെപ്പറ്റി അതിന്റെ നിരർത്ഥകതയെപ്പറ്റി വായനക്കാരനും ഒരു തത്വജ്ഞാനിയാകും. പ്രണയമായാലും മക്കളോടുള്ള സ്നേഹമായാലും യാന്ത്രികമായ ആവർത്തനങ്ങൾ...   മഞ്ഞു പോലെ ഉറഞ്ഞു പോയ, പഴകി തിളക്കം നഷ്ടപ്പെട്ടു പോയ വികാരങ്ങൾ... 

പുതിയ ഭൂമികയിൽ ജനിച്ചു വളർന്ന രണ്ടാം തലമുറയെ പഴയ തൊഴുത്തിൽ കെട്ടിയിടാനാഗ്രഹിക്കുന്ന മാതാപിതാക്കളെയാണ് ' കോക്കനട്ട്' എന്ന കഥയിൽ റീനി വരച്ചിടുന്നത്. പ്രോം ഡാൻസിനു പോകാനാനുവാദം ചോദിക്കുന്ന മകളോട്‌ ആൺകുട്ടികളുടെ കൂടെ നൃത്തം ചെയ്യാൻ പോകേണ്ടയെന്നു വിലക്കുന്ന ഡാഡി... സഹോദരന് ആ വിലക്കുകളില്ലാത്തതെന്തെന്ന് ചോദിക്കുന്ന മകൾക്കു മുന്നിൽ അയാൾക്കു മറുപടിയില്ലാതാവുന്നുമുണ്ട്. തന്റെ ചെറിയ ലോകത്തിൽ വന്മതിൽ തീർത്ത്, കുടുംബത്തെ അതിനുള്ളിൽ സൂക്ഷിക്കാനാഗ്രഹിക്കുന്ന... ഇനിയും തന്റെ മലയാളി സത്വത്തിൽ നിന്നും പുറത്തു വരാൻ കഴിയാത്ത ഒരച്ഛന്റെ ആത്മസംഘർഷങ്ങൾ ലളിതമായും മനോഹരമായും ആവിഷ്‌ക്കരിച്ചിരിക്കുന്നു. 

വിവാഹമോചനം നേടിയ അല്ലെങ്കിൽ വേർപെട്ടു താമസിക്കുന്ന  മാതാപിതാക്കൾ ഉള്ള കുട്ടികളുടെ മാനസികനിലയെപ്പറ്റി എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയൊരു ചിന്തയ്ക്കും കൂടി വഴിയൊരുക്കുന്നു ' കുറ്റവാളിയുടെ ഭാര്യയും മകളും' എന്ന കഥ. കൂട്ടുകാരിക്കു അച്ഛനുമമ്മയും കൂടെയുള്ളതും അവർ, അവളെ സ്നേഹിക്കുന്നതും  അവൾക്കു വേണ്ടതൊക്കെ കൊടുക്കുന്നതും അസൂയയോടെ നോക്കിക്കാണുന്ന ഒരു കുട്ടിയാണ് സാറ. വാരാന്ത്യങ്ങളിൽ അച്ഛനോടൊപ്പവും മറ്റു ദിവസങ്ങളിൽ അമ്മയോടൊപ്പവും കഴിയേണ്ടി വരുന്ന പത്തു വയസ്സുകാരി.... കൂട്ടുകാരിക്കു അച്ഛനില്ലാതാക്കണമെന്ന ചിന്തയിലേക്കു അവളെയെത്തിക്കുന്നത് സ്വന്തം അരക്ഷിതാവസ്ഥ തന്നെയാണ്... അതിനായി തെരഞ്ഞെടുത്തതാവട്ടെ ഏറ്റവുമെളുപ്പമുള്ള പീഢനം എന്ന കഥയും... 

മനുഷ്യനിൽ  പ്രകൃതി എന്തൊക്കെയാണു നിറച്ചിരിക്കുന്നതെന്ന് ആർക്കും പ്രവചിക്കാനാവില്ലല്ലോ. പ്രപഞ്ചം നമുക്കായി നിശ്ചയിച്ച വഴികളിലൂടെ നാം നടന്നു തീർക്കുന്നതാണല്ലോ ജീവിതം. എന്നാൽ വേലികെട്ടി തിരിച്ച്, അതിനുള്ളിൽ അകപ്പെട്ടു പോകുന്ന ചില ജീവിതങ്ങളുമുണ്ട്. വളരെ അപൂർവ്വം പേർക്കു മാത്രമേ അതിൽ നിന്നും പുറത്തു കടക്കാനാവൂ. അങ്ങനെ പുറത്തു കടന്ന ഗീതയുടെ കഥയാണ് 'തിരഞ്ഞെടുക്കപ്പെട്ടവർ' . സ്വവർഗ്ഗത്തിൽപ്പെട്ടവരോടാണ് അവൾക്കിഷ്ടം... അല്ല, പ്രകൃതി അതാണവളിൽ നിറച്ചു വെച്ചിരിക്കുന്നത്.  എന്നിട്ടും പൊതുസമൂഹത്തിന്റെ ഇച്ഛയാൽ അവൾ കുടുംബജീവിതം നയിക്കുകയും അമ്മയാവുകയും ചെയ്യുന്നുണ്ട്. നാളുകൾ കടന്നു പോകവേ വിവാഹമോചനം നേടി പ്രകൃതി നിശ്ചയിച്ച വഴികളിലൂടെ അവൾക്കു പോകാനായത് അമേരിക്ക നല്‌കുന്ന സുരക്ഷിതത്വം കൊണ്ടാണെന്നും കഥ പറഞ്ഞു വെയ്ക്കുന്നുണ്ട്. 

പ്രണയം, എത്ര സുന്ദരമാണത്... ഏതു പ്രായത്തിലായാലും പ്രണയം ഒരാളെ എത്ര ഊർജ്ജസ്വലമാക്കുമെന്നും ജീവിതത്തെ നിറമുള്ളതാക്കുമെന്നും പലപ്പോഴായി കണ്ടും കേട്ടും നാം അറിഞ്ഞിട്ടുള്ളതാണ്. ഒരു പളുങ്കുപാത്രം പോലെയാണ് പ്രണയാതുരമായ മനസ്സ്. സൂക്ഷിച്ചില്ലെങ്കിൽ സ്വന്തം ജീവിതം മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവിതങ്ങളും ചിന്നിച്ചിതറും. എന്നാൽ, വിവേകത്തോടെയുള്ള ഇടപെടലുകളും തിരിച്ചറിവുകളും ഉടഞ്ഞു പോകാവുന്ന ജീവിതങ്ങളെ കൈക്കുമ്പിളിൽ ചേർത്തു പിടിക്കുന്നു. അങ്ങനെയൊരു ചേർത്തു പിടിക്കലാണ് ' വേനലിൽ ഒരു മഴ' യിലൂടെ കടന്നു പോകുമ്പോൾ വായനക്കാരനും അനുഭവപ്പെടുന്നത്. സ്നേഹനിധിയായ അമ്മയെ വേദനിപ്പിക്കാതെ, പ്രിയപ്പെട്ട അയൽവക്കക്കാരൻ അങ്കിളിനെ നോവിക്കാതെ എത്ര ലളിതമായാണ് നീതു ആ ചുഴിയിൽ നിന്നും എല്ലാവരെയും കരകയറ്റുന്നത്... 

'ബേബിസിറ്റർ' കഥയുടെ പേരുപോലെ മാധുര്യമുള്ളതോ ആശ്വാസം നല്കുന്നതോ അല്ല. വളരെ ചെറുപ്പത്തിലെ ലൈംഗികമായി പീഢിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ കഥയാണത്. അവൾ, ജീവിതകാലം മുഴുവൻ പേറേണ്ടി വരുന്ന മാനസികസംഘർഷങ്ങളും അതവളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതും ഒരു ആന്തലോടെ മാത്രമേ വായിച്ചു പോകാൻ കഴിയൂ.  അവളെ ചികിത്സിക്കുന്ന സൈക്യാട്രിസ്റ്റിൻ്റെ ഭാഗത്തു  നിന്നുള്ള കാഴ്ചപ്പാടുകളും വായനക്കാരനെ മാനസികസംഘർഷത്തിൽ ആഴ്ത്തുന്നു.

അൽഷിമേഴ്‌സ്, ജീവിതതാളം തെറ്റിച്ച ഒരു കുടുംബത്തിന്റെ കഥയാണ് 'ശിശിരത്തിലെ ഒരു ദിവസം'. പഴയതു മാത്രം ഓർമ്മയുള്ള വീട്ടമ്മയെ ഞായറാഴ്ചകളിൽ ഹോംസിൽ പോയി കാണുന്ന ഭർത്താവ്... ഒരിക്കൽ തിരിച്ചറിയുന്ന സത്യങ്ങൾ... ജീവിതമെന്നത് ഒരു പ്രഹേളിക തന്നെയെന്നു വായനക്കാരെയും ഓർമ്മിപ്പിക്കുന്നു.

വ്യത്യസ്തങ്ങളായ പതിനാലു പ്രമേയങ്ങൾ ജീവിതമൂല്യങ്ങളിലൂന്നി പറഞ്ഞു വെച്ചിരിക്കുന്ന കഥകൾ... വായന തീരുമ്പോഴും കൂടെ പോരുന്ന കഥാപാത്രങ്ങൾ... നോർക്ക അവാർഡുജേതാവായ റീനി മമ്പലം അമേരിക്കൻ മലയാളി ജീവിതത്തെ പശ്ചാത്തലമാക്കിയെഴുതിയ കഥകൾ...

പ്രസാധകർ: ന്യൂ ബുക്ക്‌സ്
വില: Rs.110.00

https://www.manoramaonline.com/literature/bookreview/2020/06/08/sisirathile-oru-divasam-book-by-reeni-mambalam.html


























































Related Posts Plugin for WordPress, Blogger...