Tuesday, December 15, 2020

മരണാനന്തര ചടങ്ങുകൾ വ്യക്തിയുടെ അവകാശം (ചിന്ത)

 

നവംബർ എന്നും നഷ്ടങ്ങളുടെ മാസമായിരുന്നു. വർഷങ്ങൾക്കു മുൻപൊരു നവംബറിലാണ് പ്രിയപ്പെട്ട അച്ഛനെ ഞങ്ങൾക്കു നഷ്ടമായത്. അമ്മയുടെ സഹോദരൻ, അച്ഛന്റെ രണ്ടു സഹോദരർ എന്നിവരെയാണ്  2020 നവംബർ ആ പട്ടികയിലേക്കു എഴുതിച്ചേർത്തത്.  കോവിഡ് കാലത്തെ ഈ മരണങ്ങൾ വിശ്വാസങ്ങളെ കാറ്റിൽപ്പറത്തുകയും ചിന്തകളെ തിരുത്തിയെഴുതുകയും ചെയ്യുകയുണ്ടായി. 


അമ്മാവൻ കുറെ വർഷങ്ങൾക്കു മുമ്പേ യഹോവാസാക്ഷി എന്ന ക്രിസ്ത്യൻ കൂട്ടായ്മയിൽ ചേർന്നിരുന്നു. അതിനാൽ, മരണാനന്തര ചടങ്ങുകൾ ഞങ്ങളുടെ പതിവുരീതിയിൽ നിന്നു വ്യത്യസ്തമായി അവരുടെ രീതിയിലായിരുന്നു. അതങ്ങനെത്തന്നെ ആയിരിക്കണമെന്നായിരുന്നു അമ്മാവന്റെ ആഗ്രഹവും... ആ ആഗ്രഹത്തെ കുടുംബക്കാർ മാനിക്കുകയുമുണ്ടായി. 


അച്ഛന്റെ സഹോദരരിൽ ഒരാൾ കോവിഡ് ബാധിച്ചാണ് മരിച്ചത്. ആ ചിറ്റപ്പന്റെ മൃതദേഹം ആശുപത്രിയിൽ നിന്നും ആരോഗ്യവകുപ്പുകാർ കൊണ്ടുപോയി വൈദ്യുതശ്‌മശാനത്തിൽ ദഹിപ്പിക്കുകയാണുണ്ടായത്. അവിടെ നിന്നും നല്കിയ ചാരം കൊണ്ടുവന്നു ശവപ്പെട്ടിയിലാക്കി പള്ളിസെമിത്തേരിയിൽ അടക്കം ചെയ്തു. ഇവിടെ, കുടുംബക്കാരെല്ലാം നല്ല പൗരന്മാർ എന്ന നിലയിൽ സർക്കാരിന്റെ തീരുമാനങ്ങളെ അംഗീകരിച്ചു. 


മറ്റേ സഹോദരന്റെ ആഗ്രഹം മൃതദേഹം മെഡിക്കൽ കോളേജിലേക്കു നല്കണമെന്നായിരുന്നു. ഏതെങ്കിലും കാരണവശാൽ അതു നടക്കാതെ വന്നാൽ വീട്ടിൽ പ്രാർത്ഥന നടത്തി പൊതുശ്‌മശാനത്തിൽ  അടക്കണമെന്നുമായിരുന്നു. അതനുസരിച്ചു മരണശേഷം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടെങ്കിലും കോവിഡ് കാലമായതിനാൽ അവരതു നിരസിച്ചു. തുടർന്ന്, പൊതുശ്‌മശാനത്തിൽ മൃതദേഹം ദഹിപ്പിച്ചു. ഈ ചടങ്ങുകൾ നടത്തിയ രീതി സംബന്ധിച്ചു ബന്ധുമിത്രാധികളിൽ ചിലർക്കെങ്കിലും ചെറിയ മാനസ്സികവിഷമതകൾ ഉണ്ടായിട്ടുണ്ട്.  ഒരു ക്രൈസ്തവ വിശ്വാസിയുടെ മൃതദേഹം സ്വന്തം ഇഷ്ടപ്രകാരം ഇത്തരത്തിൽ സംസ്കരിച്ചത് ഒരുപക്ഷേ ഞങ്ങളുടെ നാട്ടിൽ ആദ്യമായിരുന്നു. 


മരണാനന്തരചടങ്ങുകൾ വ്യക്ത്യാധിഷ്ഠിതമാണോ  ?

അതിൽ കുടുംബക്കാർക്കും സമൂഹത്തിനും പങ്കുണ്ടോ?


അടിസ്ഥാന വിശ്വാസത്തിനു കോട്ടംതട്ടാത്തവിധം ആചാരങ്ങളിൽ വ്യതിയാനങ്ങളാകാമെന്നു  ചിറ്റപ്പൻ ചിന്തിച്ചിരുന്നു. മതത്തിനകത്തും പരിഷ്കരണം നടപ്പിലാക്കണം എന്ന ശക്തമായ നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു. ഇതു സഭാവിശ്വാസങ്ങളിൽ അനുവദനീയവുമാണ്.    സഭയുടെ നിയമസംഹിതയായ കാനോൻ നിയമം 1176 / 3 പറയുന്നതു പോലെ  'മൃതശരീരം സംസ്ക്കരിക്കുന്ന'പരിപാവനമായ പാരമ്പര്യം നിലനിർത്തണമെന്നു സഭ ശക്തമായി നിർദ്ദേശിക്കുന്നു. എന്നാൽ, ക്രിസ്തീയ പഠനത്തിനു വിരുദ്ധമായ കാരണങ്ങൾ അല്ലാത്തപക്ഷം ദഹിപ്പിക്കൽ നിരോധിച്ചിട്ടുമില്ല.

  

ജീവിതത്തിൽ മതവിശ്വാസം, വിവാഹം, മരണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ ഒരു വ്യക്തിക്കുള്ള പരമാധികാരം അംഗീകരിക്കുന്ന സാഹോദര്യകൂട്ടായ്മയാകണം ഒരു യഥാർത്ഥ ജനാധിപത്യ സമൂഹം. ഇത്തരം കാര്യങ്ങളിൽ വ്യക്തിയുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ സമൂഹത്തിനു  ആരോഗ്യകരമായി ഇടപെടാം. എങ്കിലും, ഒരാൾ തീരുമാനമെടുത്താൽ സമൂഹം അതിനെ ആദരിക്കുകയെന്നതാണ് കരണീയം. തന്റെ തീരുമാനം നടപ്പിലാക്കാൻ തനിക്കുതന്നെ ത്രാണിയില്ലാത്ത അവസ്ഥയാണു മരണം. അതുകൊണ്ട്, മരണാനന്തര ചടങ്ങുകളിൽ വളരെ പ്രധാനമായ ഒരു കാര്യമാണു മരിച്ച വ്യക്തിയുടെ താല്പര്യം പൂർണ്ണമായി സംരക്ഷിക്കുകയെന്നത്. ചിറ്റപ്പൻ  ബന്ധുക്കളോടും സുഹൃത്തുക്കളോടും നല്ല ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു . അതിനാൽ, അവർ പാരമ്പര്യത്തിൽ നിന്നു വ്യതിചലിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുകയും അതു നടപ്പിലാക്കുവാൻ സഹകരിക്കുകയും ചെയ്തു. ഇത് അവർ അദ്ദേഹത്തിനു  നല്കിയിരുന്ന ആദരവിന്റെയും അവരുടെ ഉന്നത ജനാധിപത്യ ബോധത്തിന്റെയും തെളിവായി.


ചിറ്റപ്പന്റെ മൃതദേഹ സംസ്ക്കാരവുമായി ബന്ധപ്പെട്ടു പ്രത്യേകം എടുത്തു പറയേണ്ട  ഒന്നാണ് മൂത്തേടം പള്ളിയിലെ വികാരിയുടെ നിലപാടുകൾ.  പതിവു  ആചാരങ്ങളിൽ നിന്നു വ്യത്യസ്തമായി നടത്തപ്പെട്ട ശവസംസ്കാരം ഭംഗിയാകാൻ അദ്ദേഹത്തിന്റെ നിലപാടുകൾ വളരെ സഹായകരമായി. തന്നിലർപ്പിതമായ ആത്മീയ ചുമതലയുടെ പരിധിയിൽ ഒതുങ്ങിനിന്ന് എന്തുകൊണ്ട് ഇത്തരം ഒരു തീരുമാനമെടുത്തു എന്ന ചോദ്യം മാത്രം ഉന്നയിച്ച് ചിറ്റപ്പന്റെ  ആഗ്രഹപ്രകാരം ശവസംസ്കാരം നടത്താൻ വേണ്ട ക്രമീകരണങ്ങൾ അദ്ദേഹം ചെയ്തു.  


തന്റെ ശവസംസ്കാരചടങ്ങുകളിലൂടെ ചിറ്റപ്പൻ  പ്രഖ്യാപിക്കാൻ ശ്രമിച്ചത് അമിത മതബോധങ്ങളില്ലാത്ത, വ്യക്തിസ്വാതന്ത്ര്യങ്ങൾ  വിലമതിക്കുന്ന, അഭിപ്രായവ്യത്യാസങ്ങൾ നിലനില്ക്കുമ്പോൾത്തന്നെ സംവാദസാധ്യതകൾ നിലനിറുത്തി വൈവിധ്യങ്ങൾ ആസ്വദിക്കാനാകുന്ന, സാമൂഹിക ജനാധിപത്യവും മതേതരത്വവും പുലരുന്ന യഥാർത്ഥ മാനവികസമൂഹമാണ് നമുക്കു വേണ്ടത് എന്നാണ്. ഇന്ത്യ ഇന്നു നേരിടുന്ന വെല്ലുവിളികൾ മറികടക്കാനുള്ള മാർഗ്ഗങ്ങളിൽ പ്രധാനവും അതുതന്നെ. ക്രൈസ്തവസഭയിൽ ഭാരതവല്ക്കരണത്തിന്റെ മറവിൽ നടക്കുന്ന ഹൈന്ദവവത്ക്കരണവുമായി ഇതിനുബന്ധമുണ്ടോ എന്നും ചിന്തിക്കാം. എന്റെ ചെറുപ്പം മുതലേ ചിറ്റപ്പനെ അറിയുന്നതിനാൽ അത്തരമൊരു ചിന്ത അദ്ദേഹത്തിനൊരിക്കലുമുണ്ടായിരുന്നില്ല എന്നുറപ്പിച്ചു പറയാൻ സാധിക്കും. മാത്രമല്ല, സംഘപരിവാർ ആശയങ്ങളുമായി അദ്ദേഹത്തിനു കടുത്ത വിയോജിപ്പുമായിരുന്നു.  


മരണാനന്തര ചടങ്ങുകളെക്കുറിച്ചു മാത്രമല്ല തങ്ങളുടെ മരണം സംബന്ധിച്ചും തീരുമാനമെടുക്കാൻ വ്യക്തികളെ അനുവദിക്കണം. വികസിത ജനാധിപത്യസമൂഹങ്ങൾ ഇതംഗീകരിക്കുന്നു. തങ്ങളുടെ ഉത്തരവാദിത്വങ്ങളൊക്കെ പൂർത്തിയാക്കി വാർദ്ധക്യത്തിലെത്തി കഠിന രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും മറ്റും സ്വയം മരണം വരിക്കാനാകുംവിധം ദയാവധം സംബന്ധിച്ച നിയമങ്ങൾ ഇന്ത്യയിലും  കൂടുതൽ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്.


ഭൗതികമായി വിലയിരുത്തുന്ന സ്വതന്ത്ര ചിന്തകർക്കും ആത്മീയമായി ചിന്തിക്കുന്ന വിശ്വാസികൾക്കും തങ്ങൾ ജീവിതകാലം മുഴുവൻ പിന്തുടരുന്ന അഭിപ്രായങ്ങൾ അനുസരിച്ചു മരണം സന്തോഷകരമായ ഒരു കാര്യമാകേണ്ടതാണ്. ഭൗതികവാദിക്കു മരണമൊരു സ്വാഭാവിക ഭൗതിക പ്രതിഭാസമാണെങ്കിൽ വിശ്വാസിക്കതു മോക്ഷമാർഗ്ഗമാണ്. എന്നാലും, മരണത്തിന്റെ മുന്നിൽ എല്ലാവരുടെയും ബോധ്യങ്ങൾ 'പരാജയപ്പെടുകയാണ്' പതിവ്. ശക്തമായ ആത്മബലമുള്ളവർക്കുപോലും ദുഃഖമുണ്ടാകുന്ന അവസരമാണത്. 


 


2 comments:

  1. "മരണാനന്തര ചടങ്ങുകളെക്കുറിച്ചു മാത്രമല്ല തങ്ങളുടെ മരണം സംബന്ധിച്ചും തീരുമാനമെടുക്കാൻ വ്യക്തികളെ അനുവദിക്കണം." ചിന്തനീയം... 

    ReplyDelete
  2. നമ്മൾ എന്ത് തീരുമാനിച്ചാലും നാട്ടിൽ ഇടവക സമൂഹമാണ് പല മരണാന്തര ഏർപ്പാടുകൾക്ക് അതുപോലെ ചെയ്യുവാൻ നിർബന്ധിക്കുന്നത്

    ReplyDelete

Related Posts Plugin for WordPress, Blogger...