Monday, December 31, 2018

പുതുവർഷ ഓർമ്മകൾ

നിറങ്ങളുടെയും ശബ്ദങ്ങളുടെയും വെളിച്ചങ്ങളുടെയും ആരവങ്ങൾ നിറഞ്ഞ നയാഗ്രയിലെ ഡിസംബർ സായാഹ്നം... ചുറ്റിലും പുതുവർഷത്തിന്റെ പ്രസരിപ്പും പ്രതീക്ഷകളും ആർത്തിരമ്പുന്നു. ഉത്സവലഹരിക്ക് അലുക്കുകൾ ചാർത്തുന്ന    പോലെ നേരിയതായി  മഞ്ഞു പൊഴിയുന്നുമുണ്ട് . വെടിക്കെട്ട് (ഈ ചെറുശബ്ദങ്ങളെ അങ്ങനെ വിളിക്കാൻ മരടുകാരിയായ എനിക്കു കഴിയുന്നില്ല) ശബ്ദങ്ങളായും നിറങ്ങളായും ആകാശത്തു വിരിഞ്ഞു നില്ക്കുകയും ആരവങ്ങളോടൊപ്പം പൊഴിഞ്ഞുവീഴുകയും ചെയ്യുന്നു... മനോഹരകാഴ്ചകളിൽ മിഴിനട്ടിരിക്കുമ്പോൾ മനസ്സിന്റെ മുറ്റത്തു ഓർമ്മകളുടെ മേളം പതിഞ്ഞ താളത്തിൽ കൊട്ടു തുടങ്ങിയിരുന്നു...

ഡിസംബർ മുപ്പത്തൊന്നും ജനുവരി ഒന്നും ക്രിസ്മസിനേക്കാൾ പ്രിയപ്പെട്ടതാണ് ഓർമ്മകളിൽ. ക്രിസ്മസിനു പുൽക്കൂടൊരുക്കലും നക്ഷത്രം തൂക്കലുമൊക്കെ അടുത്ത വീട്ടിലെ ചേട്ടന്മാരും കൂടി വന്നാണ് ചെയ്യുക. പിന്നെ, ക്രിസ്മസിന്റെയന്ന് അമ്മ വീട്ടിലേക്കു പോകാനുള്ള തിരക്കുമാണ്. എന്നാൽ ഡിസംബർ മുപ്പത്തൊന്ന് ഉറക്കമില്ലാത്ത ആഘോഷങ്ങളുടെ രാവാണ്. വല്യച്ഛനും കുടുംബവും ചേച്ചിയും (അച്ഛൻ പെങ്ങൾ) കുടുംബവും ചിറ്റപ്പനും കുടുംബവും എല്ലാം ഉറപ്പായും ഉണ്ടാകും. പിന്നെയും അടുത്തുതന്നെ താമസിക്കുന്ന മറ്റു കുടുംബക്കാരെല്ലാം രാവിലെ മുതൽ വന്നും പോയുമിരിക്കും. അമ്മയും നന്ദിനിയും ചേച്ചിയും ആന്റിയുമെല്ലാം പകൽ മുഴുവൻ അടുക്കളയിലും പിന്നാമ്പുറത്തുമായി മണ്ടിപ്പാഞ്ഞു നടക്കുന്നുണ്ടാകും. ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പേ ഊണുമേശയിൽ എല്ലാം എത്തിക്കേണ്ടതാണ്. ഒരു മണിക്ക് എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണമെന്നത് അച്ഛന്റെ നിർബന്ധമാണെങ്കിൽ വൃത്തിയോടെ ഇരുന്നു കഴിക്കണമെന്നത് അമ്മയുടെ  ചിട്ടയാണ്. രാവിലെ എട്ടുമണി എന്നതും രാത്രി ഒൻപതു മണിയെന്നതും  അലിഖിത നിയമമാണ്. 

പിന്നാമ്പുറം പെൺചിരികളാൽ നിറയുമ്പോൾ പടിഞ്ഞാറേ മുറ്റത്തെ രാഷ്ട്രീയവും സാഹിത്യവും തർക്കങ്ങളിൽ എത്തിയിട്ടുണ്ടാവും. ഞങ്ങൾ കുട്ടികൾ  രണ്ടിടത്തും ഓടിനടന്ന് നുള്ളുനുറുങ്ങുകൾ പെറുക്കിയെടുത്തു ഞങ്ങളുടേതായ കഥകൾ മെനഞ്ഞും അതിൽ തല്ലുപിടിച്ചും മടുക്കുമ്പോൾ വേറെ കളികൾ അന്വേഷിക്കും.  

രാത്രിയിൽ പാതിരാക്കുർബ്ബാനയ്ക്കു പോകണം എന്നൊക്കെ കരുതി ഉറങ്ങാതെയിരിക്കും. മുതിർന്നവരുടെ ചീട്ടുകളിയുടെയും അന്താക്ഷരിയുടേയും  ഗാനമേളയുടെയും ഇടയിൽ ആണെങ്കിലും അന്നുറങ്ങിപ്പോകും. അമ്മയേം നന്ദിനിയേം ചേച്ചിയേം എല്ലാം ചട്ടംകെട്ടിയിട്ടുണ്ടാകും, അഥവാ ഉറങ്ങിപ്പോയാലും വിളിക്കണമെന്ന്...!പക്ഷേ, വിളിച്ചു എന്നു  പറയുന്നതല്ലാതെ അന്നൊക്കെ പാതിരാക്കുർബാന കണ്ടിട്ടേയില്ല. (മോൾ ആ പരാതി പറയാതിരിക്കാൻ, മോളെ പൊക്കിയെടുത്തു കൊണ്ടു പോയിട്ടുണ്ട്.) 

ഉറക്കമില്ലാത്ത രാവ് എന്നൊക്കെ പറഞ്ഞാലും ഉറങ്ങിയും ഉണർന്നും പിന്നെയും ഉറങ്ങിയും ഉണർന്നും അങ്ങനെ തീരുന്ന രാവായിരുന്നു ഡിസംബർ മുപ്പത്തൊന്ന്... ജനുവരി ഒന്നാം തീയതി ശബ്ദങ്ങൾ മൂടിപ്പുതച്ചു കിടക്കുന്ന പ്രഭാതത്തിലേക്കുണരുന്നത് അച്ഛന്റെ ഉമ്മയോടെയാണ്. ഒന്നു ചിണുങ്ങി വീണ്ടും കണ്ണടയ്ക്കാൻ ശ്രമിക്കുമ്പോഴേക്കും അച്ഛന്റെ മീശ മുഖത്തുരസി ഉറക്കത്തെ പുറത്താക്കിയിട്ടുണ്ടാകും. അപ്പോഴാവും പാതിരാക്കുർബാനയ്‌ക്കു പോയില്ലല്ലോ എന്നോർത്തു കണ്ണു നിറയാനും തുടങ്ങുക. അച്ഛനും ഉറങ്ങിപ്പോയല്ലോയെന്നും നമ്മളൊരുമിച്ചാണ് പള്ളിയിൽ പോകുകയെന്നും പറഞ്ഞു കേൾക്കുമ്പോഴാണ് പിന്നെ ഒരു സമാധാനം ഉണ്ടാകുക. രാവിലെ അച്ഛന്റെയും അമ്മയുടെയും കൂടെ പള്ളിയിൽ പോയി വരുമ്പോഴേക്കും വീടുണർന്നിട്ടുണ്ടാകും. ഊണുമുറിയിലെ ചിരിച്ചീളുകൾ തൊടിയിലേക്കു  വീണുരുണ്ട് റോഡിലും എത്തുമ്പോൾ പിന്നെയോരോട്ടമാണ്. പാതിരാക്കുർബാനക്കു പോയി വന്നവരുടെ പരിഹാസത്തെ അച്ഛന്റെ കൂടെ പള്ളിയിൽ പോയിവന്ന ഗമ കൊണ്ട് കുത്തിയൊടിച്ചിടും. അപ്പോഴേക്കും പാലപ്പവും സ്റ്റ്യുവും  മേശയിൽ നിരന്നിട്ടുണ്ടാവും. വീണ്ടും കളിചിരിബഹളങ്ങളിലൂടെ സന്ധ്യയാവും. 

സന്ധ്യമുതലേ കാത്തിരിക്കുന്ന അസീസിയുടെ കരോൾ സംഘം ഞങ്ങളുടെ വീട്ടിലെത്തുമ്പോൾ രാത്രി എട്ടു മണിയൊക്കെയാകും. പള്ളിയിലെ പ്രമുഖരായ ഗായകരും വാദ്യക്കാരുമൊക്കെ അടങ്ങിയ സംഘം. അവർ കരോൾ ഗാനങ്ങളിൽ തുടങ്ങുമെങ്കിലും പിന്നെയങ്ങോട്ട് ഗാനമേള തന്നെയാണ്. അവരോടൊപ്പം ഡാൻസും പാട്ടുമായി അച്ഛനും കൂടും. മണിക്കൂറുകൾ കടന്നു പോകും. ഇതിനിടയിൽ അമ്മയും നന്ദിനിയും കൂടി എല്ലാവർക്കും ഭക്ഷണം വിളമ്പും. അസീസിയുടെ കരോൾ സംഘത്തിലെ ആളുകൾക്കു എണ്ണമുണ്ടായിരുന്നില്ല. അവരെയൊക്കെ ഊട്ടിയ അമ്മയുടെ പാത്രങ്ങൾ ഒഴിഞ്ഞതുമില്ല. വയറും മനസ്സും നിറയുന്നതോടെ പാതിരാത്രിയിൽ എപ്പോഴോ ഞങ്ങളുടെ വീട്ടിൽ വെച്ച് ആ വർഷത്തെ കരോൾ  അവസാനിക്കുകയായി.... വീണ്ടുമൊരു ജനുവരി ഒന്നിനായുള്ള കാത്തിരുപ്പ് തുടങ്ങുകയുമായി...  



Friday, September 21, 2018

ടെറി ഫോക്സ്‌ - പ്രതീക്ഷയുടെ ഓട്ടക്കാരന്‍


 


കാനഡയില്‍ തൊഴിലാളിദിനം കഴിഞ്ഞു വരുന്ന രണ്ടാമത്തെ ഞായറാഴ്ച. കനേഡിയന്‍ ജനത എല്ലാ വര്‍ഷവും കാത്തിരിക്കുന്ന ദിനം.   ടെറി  ഫോക്സ് എന്ന യുവാവ് തന്റെ 143 ദിവസത്തെ മാരത്തോണ്‍ ഓട്ടം അവസാനിപ്പിച്ച ദിവസം. വര്‍ഷങ്ങളായി ഒരു ജനത  ആ ഓട്ടം മുഴുമിപ്പിക്കാന്‍ നടത്തുന്ന ശ്രമം. അതാണ്‌ ടെറി ഫോക്സ് മാരത്തോണ്‍ ഓട്ടം. 



ആരാണീ ടെറി ഫോക്സ് എന്നാവും ല്ലേ ...? സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയും ദീര്‍ഘദൂര ഓട്ടക്കാരനും ബാസ്ക്കറ്റ്ബോള്‍ കളിക്കാരനുമായിരുന്നു ടെറി ഫോക്സ്. മറ്റേതൊരു യുവാവിനെയും പോലെ ടെറിക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങള്‍. നല്ലൊരു ബാസ്ക്കറ്റ്ബോള്‍ കളിക്കാരന്‍ ആയിത്തീരണം... എന്നാല്‍ വെറും അഞ്ചടി മാത്രമുണ്ടായിരുന്ന ടെറിക്ക് അതസാദ്ധ്യവുമായിരുന്നു. ടെറിയുടെ കോച്ചാവട്ടെ, ആ കുട്ടിയെ അത്ലറ്റിക് വിഭാഗത്തിലേക്ക് തിരിച്ചു വിടുകയും ചെയ്തു. എന്നിട്ടും ടെറി, അത്ലറ്റിക് പരിശീലനം കഴിഞ്ഞുള്ള സമയം ബാസ്ക്കറ്റ്ബോളിലെ തന്റെ പരിശീലനം തുടര്‍ന്നു. അവസാനം ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിയുന്നതിനു മുന്‍പ് സ്കൂള്‍ ടീമിന്റെ അവിഭാജ്യഘടകമായി.

1977 -ഇൽ കാലിനുണ്ടായ അസഹ്യമായ വേദനയെത്തുടർന്നാണ് ടെറിയുടെ അർബുദം ഭിഷഗ്വരന്മാർ കണ്ടെത്തുന്നത്. കീമോതെറാപ്പിയടക്കം പല ചികിത്സകളും ചെയ്‌തെങ്കിലും അവസാനം കാൽ മുറിച്ചുമാറ്റേണ്ടി വന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ ടെറി പൊരുതി. മൂന്നാമത്തെ ആഴ്ചയിൽ കൃത്രിമക്കാൽ ഉപയോഗിച്ചു നടക്കാനും അച്ഛൻറെ കൂടെ ഗോൾഫ് കളിക്കാനും തുടങ്ങി. തുടർന്ന്, വീൽച്ചെയർ ബാസ്‌ക്കറ്റ്ബോൾ പരിശീലിക്കുകയും എഡ്‌മൺഡൺ ടീമിനോടൊപ്പം മൂന്നു തവണ ദേശീയചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തു.

1980 - ല്‍ ടെറി, കാന്‍സര്‍ റിസേര്‍ച്ചിനുള്ള  ഫണ്ട്‌ ശേഖരിക്കാന്‍ വേണ്ടിയുള്ള ക്രോസ് കണ്‍ട്രി ഓട്ടം  തുടങ്ങി. കാനഡയിലെ അന്നത്തെ ഇരുപത്തിനാലുമില്യണ്‍ ജനങ്ങളില്‍ നിന്നും ഓരോ ഡോളര്‍ വീതം ശേഖരിക്കുക എന്ന പ്രതീക്ഷയോടെ തുടങ്ങിയ ആ ഓട്ടം തണ്ടര്‍ബേയില്‍ അപൂര്‍ണമായി നിര്‍ത്താന്‍ ടെറി നിര്‍ബന്ധിതനായത് ശ്വാസകോശത്തിലേക്കും കാന്‍സര്‍ പടര്‍ന്നതിനാലാണ്. അപ്പോഴേക്കും ഒരു ജനത മുഴുവനും ആ ഓട്ടക്കാരന്റെ പ്രതീക്ഷകളെ, സ്വപ്നങ്ങളെ നെഞ്ചേറ്റിക്കഴിഞ്ഞിരുന്നു. ഒന്‍പതുമാസങ്ങള്‍ക്ക് ശേഷം മരണത്തിലേക്ക് നടന്നു കയറിപ്പോഴും കാന്‍സറിനു ചികിത്സ ഉണ്ടാവും എന്ന പ്രതീക്ഷ കൈവെടിഞ്ഞിരുന്നില്ല ആ ചെറുപ്പക്കാരന്‍....
1958 ജൂലൈ 28 മുതല്‍ 1981 ജൂണ്‍ 28 വരെയുള്ള ഹൃസ്വദൂര ജീവിതമായിരുന്നു ടെറിയുടെതെങ്കിലും തന്റെ മനശക്തി കൊണ്ട് ലോക മനസ്സുകള്‍ കീഴടക്കി 60 രാജ്യങ്ങളിലെ ജനങ്ങളിലൂടെ ക്യാന്‍സറിനു വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിനായി ഇന്നും ഓടിക്കൊണ്ടിരിക്കുന്നു....    2018 സെപ്റ്റംബര്‍ 16 - നായിരുന്നു ഈ വര്‍ഷത്തെ ടെറി ഫോക്സ് ദിനം. 

Saturday, August 4, 2018

"നേരമെന്തായിക്കാണും ....? " മരുന്നുകൾ സമ്മാനിക്കുന്ന മയക്കത്തിൽ നിന്നുണരുമ്പോൾ റിച്ചാർഡിന്റെ മനസ്സിലേക്കെത്തിയ ചോദ്യം ശബ്ദമായി പുറത്തേക്കെത്തിനോക്കി. ഒരു മറുപടി ശബ്ദത്തിനായി കണ്ണുകളും കാതുകളും ചുറ്റും പരതി. ജീവിതത്തിൽ നിന്നുള്ള വിരമിക്കലിനു മുന്നോടിയായി,  ജീവിതത്തെ പറിച്ചുനട്ട 'റിട്ടയർമെന്റ് ഹോമി'ന്റെ ചുവരുകളിൽ തട്ടി വീണ തന്റെ ശബ്ദത്തെ ദയവോടെ നോക്കി റിച്ചാർഡ് കട്ടിലിൽ എണീറ്റിരുന്നു. മുറിക്കുള്ളിലെ വെളിച്ചം വൈദ്യുതിയോ സൂര്യപ്രകാശമോ എന്നു തിരിച്ചറിയാതെ പകച്ച മിഴികൾ മേശപ്പുറത്തെ ഘടികാരത്തിലേക്ക് നീണ്ടു. ആറു മണി ...! പകലോ രാത്രിയോ...? 

എണീല്ക്കാനും ബാത്‌റൂമിൽ പോകാനും വല്ലാതെ മടി തോന്നുന്നു.... കട്ടിലിന്റെ ക്രാസ്സിയിലേക്ക്  തല ചായ്ക്കുമ്പോൾ  അറിയാതെ കണ്ണുകൾ തുളുമ്പി...!


"ഇല്ല, വയ്യ ... ബാത്‌റൂമിൽ പോണം ... " വീണ്ടും എണീറ്റു . എപ്പോഴും സഹചാരിയായ വാക്കറേയും കൂട്ടി ബാത്‌റൂമിൽ പോയി വന്നു. ജനലിനടുത്തു ചെന്ന് പയ്യെ കർട്ടൻ നീക്കിയിട്ടു. എതിരെയുള്ള വീടുകളിൽ ക്രിസ്മസ് അലങ്കാരങ്ങൾ , ലൈറ്റുകൾ, റൈൻ ഡീറുകൾ, സാന്ത .....

കാഴ്ചകൾ മനസ്സു നിറക്കുന്നു, കണ്ണും....  പാതയ്ക്കപ്പുറത്തെ വീട്ടിൽ നിന്നും  ഒരു യുവാവും യുവതിയും മോനും പുറത്തേക്കിറങ്ങി വന്നപ്പോൾ, റിച്ചാർഡിന്റെ മനസ്സിൽ ഭൂതകാലത്തിൽ നിന്നും ഒരു കുടുംബം അയൽവക്കത്തെ വീട്ടിൽ പുനർജ്ജനിക്കുകയായിരുന്നു  .... 

ഇത്തവണ വൈറ്റ് ക്രിസ്മസ് ആയിരിക്കണേ എന്നു പ്രാർത്ഥിക്കുന്ന എറിക്.... ആഗോളതാപനം ശിശിരത്തിലെ മഞ്ഞുരുക്കുന്നതിനാൽ ക്രിസ്മസിന് സാന്തക്ക് സ്ലെഡ്‌ജറിൽ വരാൻ പറ്റില്ലത്രേ... സാന്തയില്ലാതെ ക്രിസ്മസ് ഇല്ലല്ലോ... ! എറിക്കിന്റെ കുഞ്ഞു മനസ്സിന്റെ ആശ്വാസത്തിനായി ലിസയും പ്രാർത്ഥനയിൽ കൂടി. മഞ്ഞു പെയ്യുമ്പോൾ എറിക് തുള്ളിച്ചാടി.

സ്ലോവേക്യയിൽ നിന്നും എട്ടു വയസുകാരന്റെ കൈയും പിടിച്ചു കാനഡയിൽ വന്ന 'അമ്മ, മകനു വേണ്ടി മാത്രം ജീവിച്ചു മരിച്ച 'അമ്മ. എന്നെങ്കിലും ഒരിക്കൽ ഒരു തിരിച്ചു പോക്ക് സ്വപ്നം കണ്ടിരുന്നു. സ്വന്തക്കാരും ബന്ധുക്കളും ജീവിക്കുന്ന നാട്ടിലേക്ക്... അതിനിടയിൽ, നാണം കുണുങ്ങിയായ മകന് ഒരു കൂട്ടുകാരിയെ  കണ്ടുപിടിച്ചതും 'അമ്മ തന്നെ.... ലിസ, ജീവിതത്തിന് അർത്ഥവും വെളിച്ചവുമായി... 

 വർത്തമാനകാലത്തിന്റെ ചവിട്ടുപടിയിൽ നിന്ന് ആരോ വാതിലിൽ തട്ടുന്ന ശബ്ദം , ഭൂതകാലത്തിൽ നിന്നും റിച്ചാർഡിനെ  കൈപിടിച്ചിറക്കി. റിസപ്‌ഷൻ മാനേജർ ജൂഡിത്ത് നിറഞ്ഞ ചിരിയോടെ സായാഹ്‌ന വന്ദനം പറഞ്ഞു.വർണ്ണകടലാസിൽ പൊതിഞ്ഞ ഒരു പെട്ടി  , റിച്ചാർഡിന്റെ കൈയിലേൽപ്പിച്ചു. 'പാഴ്‌സലിൽ വന്ന ക്രിസ്മസ് സമ്മാനം' .ആശ്ചര്യമായിരുന്നത്, ലിസയും എറിക്കും പോയതിനു ശേഷം ഇന്നുവരെ ആരും ഒരു സമ്മാനവും തന്നിട്ടില്ല. അങ്ങനെ തരാൻ ആരുമുണ്ടായിരുന്നില്ല എന്നതാണു സത്യം. ലിസയുടെ കൂട്ടുകാരായിരുന്നു തങ്ങൾക്കു ചുറ്റുമുണ്ടായിരുന്നത്. ലിസയും എറിക്കും വാഹനാപകടത്തിൽ ഒന്നിച്ചു പടിയിറങ്ങിയപ്പോൾ കൂട്ടുകാരും ആ വഴി മറന്നു. 

"പൊതിയഴിച്ചു നോക്കൂ മിസ്റ്റർ. റിച്ചാർഡ്..."  അലസത കണ്ടാവാം, ജൂഡിത്ത് ഉത്സാഹിപ്പിച്ചു. പൊതിയഴിച്ചതും അവർ തന്നെ. ഒരു മാലാഖയുടെ രൂപം, ജൂഡിത്ത് കൈയിൽ തന്നു. തിരിച്ചും മറിച്ചും നോക്കി, അവരെ തിരിച്ചേൽപ്പിച്ചു. അവരതിലെ ബട്ടൺ അമർത്തിയപ്പോൾ മനോഹരശബ്ദത്തിൽ ജിങ്കിൾ ബെൽ ഗാനം അതിൽ നിന്നുയർന്നു.....

ആരാണത് അയച്ചതെന്നറിയാൻ അവർക്കായിരുന്നു കൂടുതൽ ആകാംക്ഷയെന്നു തോന്നി. പെട്ടിയിൽ നിന്നെടുത്ത കാർഡും തന്റെ മൗനാനുവാദത്തോടെ അവർ തന്നെയാണു തുറന്നത്. കഴിഞ്ഞയാഴ്ച ബില്ലടയ്‌ക്കാൻ വിളിച്ചപ്പോൾ, സംസാരിച്ച കുട്ടിയോട് അറിയാതെ മനസ്സു തുറന്നിരുന്നു. ചിലരങ്ങനെയാണ്, മനസ്സിന്റെ ഉള്ളറകൾ തുറന്നു കേറിവന്നു സ്നേഹൗഷദത്താൽ തലോടിപ്പോകും.

കാർഡിൽ നോക്കിയിരിക്കെ കണ്ണു നിറഞ്ഞതിനാലാവും, ഓർമ്മകളിൽ അലയാൻ വിട്ടു  ശുഭരാത്രി നേർന്ന് ജൂഡിത്ത് വേഗം പോയത്... !












Sunday, July 15, 2018

കൊടകരപുരാണവും കനേഡിയൻ സായിപ്പും ...



ചാറ്റൽമഴയുടെ അലസതയും തിരക്കുകളില്ലാത്ത ശനിയാഴ്ചയുടെ  മടുപ്പുമായി ഇരിക്കുമ്പോഴാണ്, വരിസംഖ്യ അടയ്ക്കുവാനായി ഒരു കോൾ വന്നത്. വിവരങ്ങൾ ശേഖരിച്ചു, പേയ്മെന്റ് എടുക്കുന്നതിനിടയിൽ സൗഹൃദസംഭാഷണത്തിനു തുടക്കമിട്ടു. എന്റെ ഇന്ത്യൻ ചായ്‌വുള്ള ഉച്ഛാരണം കേട്ടിട്ടാവും, അങ്ങേത്തലയ്ക്കൽ ഞാൻ ഇന്ത്യയിലാണോ എന്ന സംശയം ഭാര്യയും ഭർത്താവും കൂടി പങ്കുവെക്കുന്നുണ്ടായിരുന്നു. കാനഡയിൽ എവിടെയാണു ഞാനെന്ന്  ഒന്നുകൂടി ചോദിച്ചുറപ്പിച്ചു, ഭർത്താവായ റോബർട്ട്. ടൊറന്റോയിലെ മിസ്സിസ്സാഗയിലാണെന്നു പറഞ്ഞപ്പോൾ ഭാര്യയുടെ സംശയം, അപ്പോൾ ദിവസവും പോയി വരികയാണോ എന്നായിരുന്നു.... !! 

എന്റെ മനസിലേക്കോടിയെത്തിയത്, വിശാലമനസ്ക്കന്റെ കൊടകരപുരാണമായിരുന്നു.  പൊട്ടിച്ചിരിച്ചു പോയി, അതേ, 110 എക്സ്പ്രസ്സ് ബസ്സിൽ പോയി വരും എന്നു പറഞ്ഞു. "വീട് കൊടകരേല്, കുടി ഫുജൈറേല്, ഡെയിലി പോയിവരും" എന്ന പ്രശസ്തമായ ആ പ്രസ്താവന വീണ്ടും വീണ്ടും ഓർത്തു ചിരിച്ചു.  എന്റെ അടുത്തിരുന്ന സഹപ്രവർത്തകനും ഫോണിന്റെ അങ്ങേത്തലയ്‌ക്കലുള്ളവർക്കും എന്റെ ചിരിയുടെ അർത്ഥം മനസിലായതേയില്ല... ! (കൊടകരപുരാണം അറിയാത്തവരോട് എന്തു പറയാൻ... !! ) 

--------------------------------------------------------------------------------------
കുറച്ചു ദിവസമായി സുബ്ബു വീട്ടിലുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ഒരു  ദിവസം പെഡൽ പൊട്ടിപ്പോയ സൈക്കിൾ നന്നാക്കാൻ കനേഡിയൻ ടയറിൽ കൊടുത്തിരുന്നു.   ഇന്നാണ്, അതു റെഡിയായിട്ടുണ്ടെന്നു പറഞ്ഞു വിളിച്ചത്. കേട്ടപാതി സുബ്ബു ഓടി, കനേഡിയൻ ടയറിലേക്ക് .... ഏതാണ്ടു, ഒരു മണിക്കൂറിനു ശേഷം വെറുംകൈയോടെ തിരിച്ചുവന്നു. എന്തുപറ്റിയെന്ന അന്വേഷണം, മറ്റൊരു ചിരിക്കും വകയായി. 

കനേഡിയൻ ടയറിൽ ചെന്നപ്പോൾ എല്ലാം ശരിയാക്കിയിട്ടുണ്ടെന്നു പറഞ്ഞു, ബില്ലെടുത്തു സുബ്ബുവിന്റെ കൈയിൽ കൊടുത്തു ആദ്യം. സൈക്കിൾ എവിടെ എന്നു ചോദിച്ചപ്പോൾ കാണിച്ചു കൊടുക്കുകയും ചെയ്തു. പെഡൽ ഒഴികെ എല്ലാം നന്നാക്കിയിട്ടുണ്ടത്രേ. അപേക്ഷാഫോറത്തിൽ 'ഫിക്സ് ദ പെഡൽ' എന്നെഴുതിയത് വായിക്കാൻ ആ സായിപ്പിനു അറിയില്ലായിരുന്നു എന്നതായിരുന്നു കാരണം. 

സ്വന്തം ഭാഷ, തെറ്റുകൂടാതെ എഴുതാനും വായിക്കാനും അറിയില്ലെങ്കിലും 
നമ്മളെ ഉച്ഛാരണത്തിന്റെ പേരിൽ പരിഹസിക്കുവാൻ വലിയ മിടുക്കാണ്. 


Friday, June 29, 2018

മേപ്പിൾ വീഥികളിലൂടെ ...

ബില്ലിങ് പ്രകാരമുള്ള പണം കെട്ടുന്നതിനായി ഉപഭോക്താവിനെ ഓര്മിപ്പിക്കാനാണ് ഫോണിൽ വിളിച്ചത്.   എറിക്കിനെ  കിട്ടുമോയെന്നുള്ള അന്വേഷണത്തിൽ അങ്ങേത്തലയ്ക്കൽ അടക്കിപ്പിടിച്ചൊരു പൊട്ടിക്കരച്ചിലിന്റെ ചീളുകളാണ് ഫോണിലൂടെ കേട്ടത്. ഒരു നിമിഷം എന്തു പറയണമെന്നറിയാതെ വിഷമിച്ചു, വീണ്ടും എറിക്കിനെ കിട്ടുമോയെന്നു ചോദിച്ചു. അപ്പോഴേക്കും മറ്റാരോ ഫോൺ വാങ്ങി. എറിക്ക് മരിച്ചുപോയെന്ന്  നിർവികാരതയോടെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. പതിവുപോലെ അനുശോചനം നടത്തി കാര്യത്തിലേക്കു കടക്കാനൊരുങ്ങിയതാണ്. അപ്പോഴാണ് അപ്പുറത്തു പൊട്ടിക്കരച്ചിലുകൾ ഉച്ചത്തിലായത്. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വല്ലാത്തൊരു നിശബ്ദത ഫോണിൽ നിറഞ്ഞു. അങ്ങേത്തലയ്ക്കൽ ആളുണ്ടോ എന്നറിയാനായി പതിഞ്ഞ ശബ്ദത്തിൽ ഹലോ പറഞ്ഞു. അപ്പുറത്ത് സമനില വീണ്ടെടുത്ത ആരോ ക്ഷമാപണം നടത്തി. കാര്യമന്വേഷിച്ചു.... പണമടയ്‌ക്കേണ്ട ദിവസത്തെക്കുറിച്ചു പറഞ്ഞു.

എറിക്കിന്റെ അമ്മയായിരുന്നു സംസാരിച്ചത്. ആദ്യം ഫോൺ എടുത്തത്, എറിക്കിന്റെ ഗേൾഫ്രണ്ട് ആയിരുന്നുവെന്നും അവർക്കൊരു കുഞ്ഞുണ്ടായതിന്റെ അടുത്ത ദിവസമാണ് എറിക്ക് മരിച്ചതെന്നും അമ്മ  പറഞ്ഞു.  അമ്മയും അച്ഛനും, ഭാര്യയെയും കുഞ്ഞിനെയുമായി വീട്ടിലേക്കു വരുന്നതിനു മുമ്പേ വീടു അലങ്കരിക്കാൻ വേണ്ടി പോയതാണ് എറിക്ക്. ഡ്രൈവ് വേയിൽ കാറു നിറുത്തി ഇറങ്ങുമ്പോഴേക്കും എവിടുന്നോ പാഞ്ഞു വന്നൊരു വെടിയുണ്ടയിൽ എറിക്കിന്റെ ജീവൻ പിടഞ്ഞു വീണു.  കേസന്വേഷണം നടക്കുന്നു, എന്നാലും എറിക്കിനെ തിരിച്ചു കിട്ടില്ലല്ലോ എന്ന വേദനയിൽ ആ അമ്മ പറഞ്ഞു നിർത്തുമ്പോഴും നേർത്ത കരച്ചിലിന്റെ ഒലികൾ ഫോണിലൂടെ കേൾക്കാമായിരുന്നു.... !



Related Posts Plugin for WordPress, Blogger...